വീണ്ടും ഒരു മഴക്കാലത്ത് Part – 1
രചന : Tina
യാത്രക്കാരെയും വഹിച്ചു കൊണ്ടുള്ള KSRTC ബസ് പാലക്കാട് നിന്നും യാത്ര തിരിചിട്ട് നേരം ഏറെ ആയിരുന്നു. ഉച്ച തിരിഞ്ഞ സമയം ആണെങ്കിലും അന്തരീക്ഷം കാർമേഘം മൂടി കെട്ടി ഇരുണ്ടു നിന്നു. ചെറുതായി ചാറ്റൽ മഴ പൊടിയുന്നതും നോക്കി പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു കൊണ്ട് വിൻഡോ സീറ്റിൽ ഇരിക്കുകയായിരുന്നു മഹി. മഴത്തുള്ളികളോടൊപ്പം ഭൂതകാലത്തിലെ ഓർമകളും അവനിലേക്ക് പെയ്തിറങ്ങി.
8 വർഷങ്ങൾ.. പിറന്നു വളർന്ന നാട് വിട്ട് ഒരു തരം ഒളിച്ചോട്ടം.. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ദേശാടനകിളിയെ പോലെ പറന്നു നടന്ന വർഷങ്ങൾ. ആരോടൊക്കെയോ ഉള്ള വാശി തീർക്കും പോലെ സ്വയം വേദനിപ്പിച്ചുകൊണ്ട് ഊരും പേരും അറിയാത്ത നാടുകളിൽ പോലും യാത്ര ചെയ്തു കൊണ്ടിരുന്നു. എന്നിട്ടും ഇതിനിടയിൽ ഒരു തവണ പോലും നാട്ടിലേക്ക് വന്നിട്ടില്ല.. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല… മനഃപൂർവം തന്നെയാണ്…
താൻ തിരികെ വരാൻ പലരും ആഗ്രഹിക്കുന്നുണ്ട് എന്നറിയാമെങ്കിലും അതൊക്കെ കണ്ടില്ലന്നു നടിച്ചു..ഒരു തരം വാശിയായിരുന്നു എല്ലാവരോടും. പക്ഷെ തോറ്റു പോയത് മീരയുടെ മുന്നിലാണ്..വല്യേട്ടന്റെ സ്ഥാനത്തു താൻ ഇല്ലെങ്കിൽ അവളുടെ കല്യാണം നടക്കില്ലെന്നുള്ള വാശിക്ക് മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു. ഒരു നീണ്ട കാലയളവിന് ശേഷം പിറന്ന മണ്ണിലേക്ക് വീണ്ടും തിരിച്ചെത്തുന്നു..!
മഴയുടെ ശക്തി മെല്ലെ മുറുകി വന്നു. ജനലിൽ നിന്നും മുഖത്തേക്ക് തെറിക്കുന്ന മഴത്തുള്ളികളെ തുടച്ചു പോലും മാറ്റാതെ മഴയുടെ താളം കേട്ടു കണ്ണുകൾ ഇറുക്കെ അടച്ചു അവൻ സീറ്റിലേക്ക് ചാരി ഇരുന്നു.
” ആ ഷട്ടർ ഒന്ന് ഇട്ടേ .. ദേഹത്തേക്ക് വെള്ളം തെറിക്കുന്നു ”
അടുത്തിരുന്ന ആൾ ചെറിയൊരു നീരസത്തോടെ പറഞ്ഞു. ഉടനെ തന്നെ അവൻ ഷട്ടർ താഴ്ത്തി. ചെറിയൊരു മുറുമുറുപ്പോടെ അടുത്തിരുന്ന ആൾ ഫോണിലേക്ക് മുഖം പൂഴ്ത്തി .
മഹി വീണ്ടും ബാഗ് നെഞ്ചോട് ചേർത്ത് പിടിച്ചു പിൻസീറ്റിലേക്ക് ചാരിയിരുന്നു.
ആനവണ്ടി യാത്രക്കാരെയും വഹിച്ചു കൊണ്ട് വളവു തിരിഞ്ഞു മുന്നോട്ടേക്ക് യാത്ര തുടർന്നു. ഓരോ സ്റ്റോപ്പുകൾ കഴിയും തോറും യാത്രക്കാരുടെ എണ്ണവും കൂടി കൂടി വരുന്നുണ്ടായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് തുടങ്ങിയ യാത്രയുടെ ക്ഷീണത്തോടൊപ്പം മഴയുടെ തണുപ്പും ബസിലെ ഇരുട്ടും കൂടിയായപ്പോൾ മഹി മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.
ഉറക്കത്തിനിടയിൽ മൂടൽ മഞ്ഞു പോലെ അവ്യക്തമായി അവനൊരു സ്വപ്നം കണ്ടു..
പുൽമേട്ടിലൂടെ പിന്തിരിഞ്ഞു നടക്കുന്ന ഒരു പെൺകുട്ടി.ഓരോ പുൽനാമ്പിനെയും നോവിക്കാതെ ശ്രദ്ധയോടെ നടന്നു പോകവേ ഇടയ്ക്ക് അവൾ തിരിഞ്ഞു നോക്കി. അവളുടെ ചുണ്ടിലൊരു മന്ദഹാസമുണ്ട്. മഹിയോട് തന്റെ കൂടെ വരാൻ കൈ കൊണ്ട് ആംഗ്യം കാട്ടിയ ശേഷം അവൾ വീണ്ടും പിന്തിരിഞ്ഞു നടന്നു..അവൾക്കൊപ്പം നടന്നെത്താൻ ശ്രമിച്ചിട്ടും കാലുകൾക്ക് വേഗത കിട്ടാത്തത് പോലെ അവനു തോന്നി… മെല്ലെ മെല്ലെ അവൾ ദൂരെക്ക് മായുന്നതായി കണ്ടതും തന്റെ മുഖത്തേക്ക് വെള്ളം തെറിക്കുന്നത് പോലെ അവനു തോന്നി.
അവൻ അയാസപ്പെട്ട് കണ്ണ് വലിച്ചു തുറക്കാൻ ശ്രമിച്ചു. നെറ്റി ചുളിച്ചു കൊണ്ട് കണ്ണുകൾ തുറന്നതും തന്റെ നേർക്ക് നീണ്ടു വന്ന കരിനീല കണ്ണുകളെയാണ് മഹി കണ്ടത്. തന്റെ തൊട്ടടുത്ത സീറ്റിൽ ഒരു പെൺകുട്ടി ഇരിക്കുന്നു.
” മുഖത്തേക്ക് വെള്ളം വീണോ മാഷേ… സോറി…. കുടയിൽ നിന്ന് അറിയാതെ തെറിച്ചതാ ”
നനഞ്ഞ കുട മടക്കി വെച്ചുകൊണ്ട് അവൾ പറഞ്ഞു.
ഉറക്കം തടസപ്പെട്ടതിൽ തെല്ലു ദേഷ്യം തോന്നിയെങ്കിലും അവനൊന്നും മിണ്ടിയില്ല. നേരത്തെ അടുത്തിരുന്ന ആൾ എഴുന്നേറ്റു പോയോ..അയാൾ പോയതും അടുത്ത് മറ്റൊരാൾ വന്നിരുന്നതുമൊന്നും താൻ അറിഞ്ഞതെ ഇല്ല.. ബസ് എവിടെ വരെ എത്തി എന്നും അറിയില്ല… തനിക്ക് ഇറങ്ങേണ്ടുന്ന സ്റ്റോപ്പ് കഴിഞ്ഞിട്ടുണ്ടാകുമോ.. അവൻ മെല്ലെ ഷട്ടർ ഉയർത്താൻ ശ്രമിച്ചതും മഴ വെള്ളം ശക്തിയായി മഹിയുടെയും ആ പെൺകുട്ടിയുടെയും ദേഹത്തേക്ക് തെറിച്ചു.
” ഓ.. നാശം..”.മഹി പിറുപിറുത്തുകൊണ്ട് വേഗം തന്നെ ഷട്ടർ താഴ്ത്തിയിട്ടു. പുറത്തു മഴ തിമിർത്തു പെയ്യുകയാണ്
” സോറി….. ”
ദേഹത്തേക്ക് തെറിച്ച വെള്ളം കൈ കൊണ്ടു തുടക്കുന്നതിനിടയിൽ അവൻ ആ പെൺകുട്ടിയോട് പറഞ്ഞു.
” അത് സാരമില്ല മാഷേ. അറിയാതെ അല്ലെ. ” അവൾ പുഞ്ചിരിച്ചു.
സ്ഥലം എവിടെ വരെ എത്തിയെന്നു അവളോട് ചോദിക്കണമെന്ന് കരുതിയെങ്കിലും ഉള്ളിലൊരു മടി തോന്നിയത് കൊണ്ടവൻ മിണ്ടാതെ ഇരുന്നു.
” ഇതിപ്പോ തിരുവാഴിയോട് കഴിഞ്ഞതേ ഉള്ളു. ” അവൻ ചോദിക്കാതെ തന്നെ അവൾ പറഞ്ഞു.
” മാഷ് ലാസ്റ്റ് സ്റ്റോപ്പിലേക്ക് ആകും അല്ലെ.. ഒന്ന് രണ്ടു സ്റ്റോപ്പ് കൂടി കഴിഞ്ഞാൽ എനിക്ക് ഇറങ്ങാനുള്ള സ്ഥലം ആയി.തിരുമുല്ലപ്പള്ളി ”
തനിക്കും അവിടെ തന്നെയാണ് ഇറങ്ങേണ്ടതെങ്കിലും മറുപടിയായൊരു മൂളൽ മാത്രം നൽകിക്കൊണ്ട് മഹി വീണ്ടും സീറ്റിലേക്ക് ചാഞ്ഞു. കണ്ണുകൾ ഇറുകെ അടച്ചു വീണ്ടുമവൻ ഉറങ്ങാൻ നോക്കി.. മുറിഞ്ഞു പോയ സ്വപ്നത്തിന്റെ ബാക്കി കാണാനൊരു വിഫലശ്രമം നടത്തി. ദൂരെ നിന്നു തന്നെ നോക്കി പുഞ്ചിരിക്കുന്ന അവളുടെ അടുത്തേക്കെത്താൻ, അവളുടെ കൈ പിടിച്ചു ആ പുൽമേടുകളിൽ അലഞ്ഞു നടക്കാൻ തീവ്രമായി കൊതിച്ചു കൊണ്ടു പറ്റില്ലെന്നറിഞ്ഞിട്ടും വീണ്ടുമവൻ നിദ്രയിലേക്ക് വീഴാൻ കൊതിച്ചു കൊണ്ടിരുന്നു.
അതിനു ഭംഗമെന്നോണം ബസിൽ നിറഞ്ഞ കലപില ശബ്ദങ്ങളും മഴയുടെ ഇരമ്പലും അവനെ ആസ്വസ്ഥനാക്കി. സ്കൂൾ വിട്ട് കുട്ടികൾ കയറിയതിന്റെ തിരക്കും ബഹളവുമാണ് ബസ് നിറയെ.അവൻ വാച്ചിലേക്ക് നോക്കി. സമയം നാലര കഴിഞ്ഞിരിക്കുന്നു.ഇനിയും ഉറങ്ങാൻ കഴിയില്ലെന്ന് മനസിലാക്കി അവൻ വെറുതെ കണ്ണുകൾ അടച്ചു ഇരുന്നു.
” മാഷേ… ഈ ബാഗൊന്നു മടിയിലേക്ക് വെക്കാമോ ” ഏതോ കുട്ടിയുടെ സ്കൂൾ ബാഗ് തന്റെ നേർക്ക് നീട്ടികൊണ്ട് അടുത്തിരുന്ന പെൺകുട്ടി ചോദിച്ചതും വേണ്ടന്ന് പറയാനാണ് തോന്നിയത്. എന്നാൽ അതിനു മുൻപ് തന്നെ അവൾ ബാഗ് മടിയിലേക്ക് വെച്ചിരുന്നു.
ഒന്ന് രണ്ടു ബാഗുകൾ തന്റെ മടിയിലും വെച്ചുകൊണ്ട് സ്കൂൾ കുട്ടികളോട് സംസാരിക്കുന്ന അവളെ കാൺകെ ചെറിയൊരു അരിശം ഉള്ളിൽ തോന്നി. എങ്കിലും ഒന്നും മിണ്ടാതെ ഇരുന്നു. പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു ഓൺ ചെയ്തു. ഗാലറി ഓപ്പൺ ചെയ്തു കുറച്ചു നേരം ഫോട്ടോസ് കണ്ടുകൊണ്ടിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട ഒരു മധ്യവയസ്ക്കനുമായി ചേർന്നെടുത്ത ഫോട്ടോയിൽ അവന്റെ കണ്ണുകൾ തടഞ്ഞു നിന്നു. വിരസമായ യാത്രയ്ക്കിടെ വെറുതെ ഒന്ന് സംസാരിച്ചു പോയതാണ് അയാളോട്. ആൾ പിന്നെ വിട്ടില്ല… വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും പെട്ടന്ന് തന്നെ അവനോട് കൂട്ടായി. സ്റ്റേഷനിൽ ഇറങ്ങി യാത്ര പറഞ്ഞു പിരിയാൻ നേരം ഇനിയും കാണണമെന്ന് പറഞ്ഞു ഫോൺ നമ്പർ ഉൾപ്പെടെ തന്നിട്ടാണ് പോയത്..
ചാർജ് തീരാറായതും ഫോൺ വീണ്ടും പോക്കറ്റിലേക്ക് തന്നെ വെച്ചുകൊണ്ട് അവൻ വീണ്ടും സീറ്റിലേക്ക് ചാരിയിരുന്നു.
“തിരുമുല്ലപ്പള്ളി ” കണ്ടക്റ്റർ ഉറക്കെ വിളിച്ചു പറഞ്ഞതും കയ്യിരുന്ന ബാഗുകൾ കുട്ടികളെ ഏല്പിച്ചു കൊണ്ടു അടുത്തിരുന്ന പെൺകുട്ടി എഴുന്നേൽക്കുന്നത് കാൺകെ പിന്നാലെ മഹിയും തന്റെ ബാഗ് എടുത്തുകൊണ്ടു എഴുന്നേറ്റു.
പുറത്തു മഴ തുള്ളിക്കൊരു കുടം എന്ന പോലെ നിർത്താതെ പെയ്യുകയാണ് .ബസിൽ നിറഞ്ഞു നിന്നിരുന്ന ആളുകളെ വകഞ്ഞു മാറ്റിക്കൊണ്ട് പുറത്തേക്ക് ഇറങ്ങവേയാണ് തന്റെ കയ്യിൽ കുട ഇല്ലല്ലോ എന്നവൻ ഓർത്തത്. തെല്ലും താമസിയാതെ ബാഗും തോളത്തിട്ട് മഴയെ വക വെയ്ക്കാതെയവൻ ഓടിയിറങ്ങി അടുത്ത് കണ്ട കടയിലേക്ക് കയറി. ഇട്ടിരുന്ന ഷർട്ട് ഒന്ന് ശക്തിയായി കുടഞ്ഞുകൊണ്ട് അവൻ വരാന്തയിൽ നിൽപ്പുറപ്പിച്ചു.
കഴിഞ്ഞ രാത്രി മുതലുള്ള യാത്രയും ഉറക്കം നഷ്ടപ്പെട്ടതിലുള്ള ക്ഷീണവും എല്ലാം അവനെ അവശനാക്കിയിരുന്നു. മഹിയ്ക്ക് വല്ലാത്ത ദാഹം തോന്നി. കയ്യിൽ കരുതിയിരുന്ന വെള്ളവും തീർന്നിരിക്കുന്നു. കുറച്ചു നേരം കൂടി അവിടെ നിന്ന ശേഷം തൊട്ടടുത്തായി ഉള്ള ചായക്കടയിലേക്ക് അവൻ കയറി.
” ആരാ ഈ വരുന്നേ.. മഹി കുഞ്ഞു അല്ലെ… ” അവനെ കണ്ടതും അത്ഭുതത്തോടെ ചായക്കട നടത്തുന്ന നാരായണൻ എണീറ്റു നിന്നു.
” എത്ര നാളായി കുഞ്ഞേ നിന്നെ കണ്ടിട്ട് ” അതിശയം നിറഞ്ഞ കണ്ണുകളോടെ അയാൾ അവനെ നോക്കി നിന്നു
” നാരായണേട്ടാ.. എനിക്ക് കടുപ്പത്തിലൊരു ചായ വേണം.. ” അവൻ പുറത്തെ ബെഞ്ചിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു.
” അതിനെന്താ ഇപ്പൊ എടുക്കാമല്ലോ ” അയാൾ ധൃതിയിൽ അകത്തേക്ക് കയറി അല്പം നേരത്തിനു ശേഷം ചായയുമായി അവനരികിൽ എത്തി. അവൻ ചായ കുടിക്കുന്നതും നോക്കി അതിശയത്തോട് കൂടി തന്നെ അയാൾ നിൽപ്പുറപ്പിച്ചു. തന്നോട് എന്തൊക്കെയോ ചോദിക്കാനും പറയാനും ഉണ്ടെന്ന് അയാളുടെ മുഖത്തു നിന്നും മഹിക്ക് വ്യക്തമായിരുന്നു.
” ഏഴെട്ടു വർഷത്തിന് മേലെ ആയി അല്ലെ ഇവിടേക്ക് വന്നിട്ട് ” നാരായണൻ സംശയത്തോടെ മഹിയെ നോക്കി.
” 8വർഷം കഴിഞ്ഞു ” അവൻ പറഞ്ഞു .
” ഇതിപ്പോ മീര കുഞ്ഞിന്റെ കല്യാണം ആയതു കൊണ്ടാകും അല്ലെ വന്നത്. ”
” മം.. അതെ ” അവൻ ചായ കുടിച്ചു കൊണ്ട് മറുപടി നൽകി.
” എന്തായാലും വന്നല്ലോ… അത് മതി..” അയാൾ അവനരികിലുള്ള കസേരയിലേക്ക് ഇരുപ്പുറപ്പിച്ചു.
നാരായണേട്ടനോട് ഓരോന്നു സംസാരിച്ചു ഇരിക്കുന്നതിനിടയിലാണ് റോഡിനരികിലുള്ള തേക്കിൻ മരത്തിനു ചുവട്ടിലായി ഒരു നായ് കുട്ടി കിടക്കുന്നത് മഹി കണ്ടത്. ജനിച്ചിട്ട് വെറും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളെന്നു തോന്നുന്നു. മഴയുടെ ശബ്ദത്തിന് ഇടയിൽ അതിന്റെ കരച്ചിൽ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു. മഴയിൽ നനഞ്ഞു കുതിർന്നുള്ള അതിന്റെ കിടപ്പും മുഖത്തെ ദയനീയതയും കാണവേ അവനിൽ കനിവ് നിറഞ്ഞു.
” അത് ചത്തു പോകത്തെ ഉള്ളെന്നാ കുഞ്ഞേ തോന്നുന്നേ ”
അവന്റെ നോട്ടം കണ്ടുകൊണ്ട് നാരായണേട്ടൻ പറഞ്ഞു. പക്ഷെ അവനു എന്തോ അതിനോടൊരു അനുകമ്പ തോന്നി.
” കുടയുണ്ടെങ്കിലൊരെണ്ണം ഇങ്ങേടുത്തെ.. ഞാനൊന്ന് നോക്കിയിട്ട് വരാം ” അവൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. നാരായണേട്ടന്റെ കയ്യിൽ നിന്ന് കുടയും വാങ്ങി പുറത്തേക്കിറങ്ങാൻ തുനിയവേ അവൻ കാണുന്നത് കുറച്ചു മുൻപ് ബസിൽ വെച്ച് കണ്ട പെൺകുട്ടി ആ മരത്തിനടുത്തേക്ക് പോകുന്നതാണ്. മഴയെ വക വെയ്ക്കാതെ അവളോടി ചെന്ന് ആ നായ്കുട്ടിയെ എടുത്തു മാറോടു ചേർത്തുപിടിച്ചു കൊണ്ട് തിരികെ ഓടിയെത്തി. ചായക്കടയുടെ അരികിലേക്ക് നീങ്ങി നിന്നുകൊണ്ട് അവളതിനെ നെഞ്ചോടടക്കി പിടിച്ചു.
” ആഹാ മോളായിരുന്നോ…. മഴയത്തു നിന്നത് കൊണ്ട് ആളാരാണെന്നു മനസിലായില്ല ” അവളെ കണ്ടതും നാരായണേട്ടൻ പുറത്തേക്ക് ഇറങ്ങി.
” അവിടെ നിന്ന് നനയാതെ ഇങ്ങോട്ട് കയറി നിക്ക് മോളെ ” അയാൾ അവളോട് പറഞ്ഞു.
” നാരായണേട്ടാ.. കുറച്ചു പാൽ ചൂടാക്കി തരണേ.. ഇവന് കൊടുക്കാനാ.. ” അവൾ ചുരിദാറിന്റെ ഷോൾ എടുത്തു നായ് കുട്ടിയുടെ ദേഹം തുടച്ചു കൊടുക്കുന്നതിനിടയിൽ അയാളോട് പറഞ്ഞു.
” ദേ ഇപ്പൊ തരാം.. മോൾക്ക് ചായ എടുക്കട്ടെ.. ”
” ചായ വേണ്ട.. നാലഞ്ചു പരിപ്പുവട പൊതിഞ്ഞെടുത്തോ.. വീട്ടിൽ ഞാൻ വരുന്നതും കാത്തു കുറച്ചു പേരുണ്ട് ” അവൾ വരാന്തയിൽ ഇട്ടിരുന്ന ബെഞ്ചിലേക്ക് ഇരുന്നു കൊണ്ട് മറുപടി നൽകി.
മഹി ബെഞ്ചിനു എതിർവശത്തായി ഇരുന്നു ചായ കുടിക്കുന്നതിനോടൊപ്പം അവളെയും ആ നായ്കുട്ടിയേയും നിരീക്ഷിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് അവൾ മഹിയെ ശ്രദ്ധിച്ചത്.
” മാഷിന് ഇവിടെ ആയിരുന്നോ ഇറങ്ങേണ്ടിയിരുന്നത്.. ”
” മം.. ” മറുപടിയായി അവനൊന്നു മൂളി
” ഇവിടെ എങ്ങും കണ്ട പരിചയം ഇല്ലല്ലോ…അടുത്താണോ വീട്..”
” അടുത്താണ് ” അവൻ അലക്ഷ്യമായി മറുപടി നൽകിയെങ്കിലും ശ്രദ്ധ മുഴുവൻ ആ നായ് കുട്ടിയ്ക്ക് മേൽ ആയിരുന്നു
” നാട്ടിൽ ഇല്ലായിരുന്നോ.. ” അവൾ വീണ്ടും ചോദിച്ചു.
” അല്ല… അടുത്ത കാലത്തൊന്നും ഈ മുഖം ഇവിടെ കണ്ടതായി ഓർക്കുന്നില്ല.. അതുകൊണ്ട് ചോദിച്ചതാ ” അവനിൽ നിന്ന് മറുപടിയൊന്നും കിട്ടാതെ ആയപ്പോൾ അവൾ തന്നെ പറഞ്ഞു.
മഹി മെല്ലെ പുറത്തേക്ക് തന്റെ നോട്ടം മാറ്റി.അപ്പോഴേക്കും നാരായണേട്ടൻ ഒരു ചെറിയ പാത്രത്തിൽ പാൽ കൊണ്ട് വന്നു അവൾക്ക് മുന്നിലായി വെച്ചു. കൈകൊണ്ടു ചൂട് നോക്കിയ ശേഷം അവളതു നായ്കുട്ടിയുടെ നാവിലേക്ക് ഇറ്റിച്ചു കൊടുത്തു. മെല്ലെ ശ്രദ്ധയോടെ അവളാ പാല് മുഴുവൻ അതിനെക്കൊണ്ട് കുടിപ്പിക്കുന്നത് മഹി കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു.
പാൽ കുടിച്ച ശേഷം നായ്കുട്ടി കണ്ണുകൾ ചിമ്മിയടച്ചു അവളെ നോക്കി. ചുരിദാറിന്റെ ഷോൾ കൊണ്ട് അതിനെ വീണ്ടുമവൾ തന്നോട് ചേർത്ത് പൊതിഞ്ഞു പിടിച്ചിരുന്നു.
” പാല് കുടിച്ചപ്പോ ആള് ഉഷാറായാല്ലോ ” അവൾ നായ്ക്കുട്ടിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
” മഹികുഞ്ഞ് ഇതിനെ എടുക്കാനായി ഇറങ്ങിയപ്പോഴേക്കും മോൾ പോയി എടുത്തു കഴിഞ്ഞിരുന്നു ” നാരായണേട്ടൻ പറഞ്ഞതും അവളുടെ നോട്ടം മഹിക്ക് നേരെ എത്തിയിരുന്നു.
” മോൾക്ക് ഇത് ആരാണെന്ന് അറിയാമോ ” അയാൾ മഹിയെ ചൂണ്ടികൊണ്ട് അവളോട് ചോദിച്ചു.
“അവൾ ഇല്ലന്ന് തലയാട്ടി.
“ഇത് മേലെപ്പാട്ടെ കുഞ്ഞാണ്.. അവിടുത്തെ സുഭദ്രമ്മയുടെ മകൻ.. മഹാദേവൻ..” ചായ ഗ്ലാസും എടുത്തു കൊണ്ട് അകത്തേക്ക് കയറുന്നതിനിടയിൽ അയാൾ പറഞ്ഞു.
“മം…” രണ്ടു നിമിഷം അവനെ നോക്കിയതിനു ശേഷം അവളൊന്നു അമർത്തി മൂളി. പിന്നെ മഴ പെയ്യുന്നത് നോക്കി പുറത്തേക്ക് കണ്ണുംനട്ട് ഇരുന്നു.
സമയം കടന്ന് പോയ്കൊണ്ടേ ഇരുന്നു.അല്പനേരം കൂടി കനത്തു പെയ്ത ശേഷം മഴയ്ക്ക് ചെറിയൊരു ശമനം കണ്ടു.
” നാരായണേട്ടാ… ഇനിയും ഇരുന്നാൽ വൈകും..ഞാൻ ഇറങ്ങുവാണെ ” അവൾ അകത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.
” എങ്കിൽ പിന്നെ മോള് പൊയ്ക്കോ… മഴയ്ക്കും അല്പം കുറവുണ്ട്.. ഇനിയും നിന്നാൽ നേരം ഇരുട്ടും. ” പരിപ്പുവട ഒരു പൊതിഞ്ഞെടുത്തു അവളുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് അയാൾ പറഞ്ഞു.
അതും വാങ്ങി ബാഗിലെക്ക് ഇട്ടുകൊണ്ട് ഒരു കയ്യാൽ നായ് കുട്ടിയേയും എടുത്തു കൊണ്ട് അവൾ മെല്ലെ ഇറങ്ങി.
“മാഷ് വരുന്നോ.. ഞാനും ആ വഴിക്കാ..വെറുതെ നനയേണ്ട ” പുറത്തേക്കിറങ്ങി കുട നിവർത്തിക്കൊണ്ട് അവൾ ചോദിച്ചു.
“ഇല്ല ”
കയ്യിൽ കുടയില്ലാതെ അവിടം വരെ പോകണമെന്നത് ഓർതെങ്കിലും അവളോട് അങ്ങനെ പറയാനാണ് തോന്നിയത്.
” ചെല്ല് കുഞ്ഞേ… ഇനിയിപ്പോ ചാറ്റൽ മഴ നനയാൻ നിൽക്കേണ്ട ”
ഒന്ന് മടിച്ചു നിന്നെങ്കിലും നാരായണേട്ടൻ കൂടി നിർബന്ധിച്ചപ്പോ അവളോടൊപ്പം പോകാൻ തന്നെ മഹി തീരുമാനിച്ചു.
നനഞ്ഞു കിടക്കുന്ന മൺപാതയിലൂടെ ഒരു കുടയിലേറി അവളോടൊപ്പം മഹി നടന്നു. പോകുന്ന വഴിയിലുടനീളം അവളെന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ടായിരുന്നെങ്കിലും മഹി അതൊന്നും കേൾക്കുന്നു കൂടി ഉണ്ടായിരുന്നില്ല. ഇടവഴിയിലൂടെ നടക്കുമ്പോഴും അവന്റെ കണ്ണുകൾ ചുറ്റുമുള്ള ഓരോ കാഴ്ചകളെയും ഒപ്പിയെടുക്കുകയായിരുന്നു. അവിടെ വന്ന ഓരോ മാറ്റങ്ങളെയും സസൂക്ഷ്മമം നിരീക്ഷിച്ചുകൊണ്ട് അവൻ നടന്നു. ഇടവഴിയും പിന്നിട്ടു അമ്പലക്കുളത്തിന് അടുത്ത് എത്തിയപ്പോഴേക്കും അവിടം ആദ്യമായി കാണുന്നത് പോലെ അവൻ കണ്ണുകൾ വിടർത്തി നോക്കി നിന്നു.
” എന്താ മാഷേ ഒന്നിറങ്ങാൻ തോന്നുന്നോ ” അവൾ കുസൃതിയായി ചിരിച്ചു കൊണ്ട് ചോദിച്ചു
” ഈ മാഷേ എന്നുള്ള വിളിയൊന്നു നിർത്താമോ… എനിക്ക് ഇഷ്ടമല്ല അത് ” മഹി സ്വല്പം ദേഷ്യത്തിൽ അവളെ നോക്കി.
” പിന്നെന്താ വിളിക്കേണ്ടത് ”
” മഹി എന്ന് വിളിച്ചോളൂ… എല്ലാവരും അങ്ങനെയാ വിളിക്കാറുള്ളത്.. ” അവൻ കുളത്തിലേക്ക് കണ്ണ് നട്ടുകൊണ്ട് പറഞ്ഞു
” ആയിക്കോട്ടെ.. ” അവൾ ചിരിച്ചു.
അപ്പോഴേക്കും മഴ തോർന്നു തുടങ്ങിയിരുന്നു. വീണ്ടും അവർ നടന്നു തുടങ്ങി.
വലിയൊരു ആൽമരത്തിനു മുന്നിലായി വഴി രണ്ടായി പിരിയുന്നുണ്ട്. അവിടുന്ന് ഇടത്തേക്കുള്ള വഴിയേ കയറിയാൽ മേലെപ്പാട്ടേക്ക് എത്തുകയായി. അങ്ങോട്ടേക്കുള്ള വഴി അടുക്കും തോറും ഉള്ളിൽ എന്തോ ഒരു വല്ലായ്ക തോന്നുന്നത് മഹി അറിയുന്നുണ്ടായിരുന്നു.ദൂരെ നിന്ന് തന്നെ തല നീട്ടി അവൻ അവിടെയ്ക്ക് നോക്കിക്കൊണ്ടിരുന്നു.
“മാഷ്…. അല്ല മഹി പൊയ്ക്കോളുമല്ലോ…. ഞാനിനി ഇങ്ങോട്ടേക്കാ.. ” ആദ്യം വിളിച്ചത് തിരുത്തി അവൾ വലതു വശത്തെ വഴിയിലേക്ക് നോക്കികൊണ്ട് പറഞ്ഞു.
” മം… Thanks ” അവളോട് പറഞ്ഞുകൊണ്ട് ഒരിക്കൽ കൂടി ആ നായ് കുട്ടിയെ നോക്കിയ ശേഷം അവൻ ഇടതു വശത്തേക്കുള്ള വഴിയിലേക്ക് കയറി.
ഒന്ന് ചിരിച്ചുകൊണ്ട് അവൾ മറുപാതയിലൂടെ വേഗത്തിൽ നടന്നു.
ഒന്ന് രണ്ട് ചുവട് നടന്നതും എന്തോ ആലോചിച്ചിട്ടെന്നപോലെ മഹി നിന്നു.
“അതെ തന്റെ പേരെന്താ..”
അവൻ പിന്നിൽ നിന്ന് വിളിച്ചു ചോദിച്ചു.
” ഗാഥ ” ഒന്ന് പിന്തിരിഞ്ഞു നിന്ന് അവൾ ഉറക്കെ പറഞ്ഞു. ശേഷം ആ ഒറ്റയടി പാതയിലൂടെ നടന്നു ദൂരേക്ക് പോയി.
” ഗാഥ ” ആ പേര് വെറുതെ ഉരുവിട്ടുകൊണ്ട് വളവ് തിരിഞ്ഞു അവനും മുന്നോട്ടേക്ക് നടന്നു.
( തുടരും )
Written by : Tina Tnz & Bradley Bibin