Home Latest എന്റെ കൈകൾ ആയാളുടെ കരുത്തിൽ ഞെരിച്ചപ്പോൾ വേദനകൊണ്ട് പുളഞ്ഞു ഞാനാ കൈകൾ കുടഞ്ഞെറിഞ്ഞു…

എന്റെ കൈകൾ ആയാളുടെ കരുത്തിൽ ഞെരിച്ചപ്പോൾ വേദനകൊണ്ട് പുളഞ്ഞു ഞാനാ കൈകൾ കുടഞ്ഞെറിഞ്ഞു…

0

നിനക്കായ്….

രചന : ലില്ലി ലില്ലി

“”ഇതൊരു കല്യാണവീടാണ്… നിനക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല…
സത്യത്തിൽ നിന്നെപ്പോലെ ഉള്ളതിനെ ഒക്കെ കാണുന്നതേ എനിക്ക് വെറുപ്പാ….

പണത്തിന്റെ അഹങ്കാരത്തിൽ ചുണ്ടിൽ ചായവും തേച്ചു നാല് മുഴം തുണീം ഉടുത്ത് നീയീ നാട്ടിൻ പുറത്ത് വന്ന് കാണിക്കുന്ന കോപ്രായങ്ങൾ ഇന്നത്തോടെ നിർത്തിക്കോണം…””

അയാളുടെ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന കോപത്തിന്റെ തരികൾ എന്നിലേക്ക് വീണപ്പോൾ നെഞ്ചിന്റെ ആഴങ്ങളിൽ എവിടെയോ ഒരു നോവ് വീണുടഞ്ഞു….

“”നിർത്തടോ…ഇനി ഒരു വാക്ക് മിണ്ടിയാൽ…
ശേ…തനിക്ക് ഇത്രയും ചീപ്പ് മെന്റാലിറ്റിയായിരുന്നോ…””

“”തർക്കുത്തരം പറയുന്നോടീ…ഇറങ്ങിക്കോണം ഈ നിമിഷം നീയ്..””

എന്റെ കൈകൾ ആയാളുടെ കരുത്തിൽ ഞെരിച്ചപ്പോൾ വേദനകൊണ്ട് പുളഞ്ഞു ഞാനാ കൈകൾ കുടഞ്ഞെറിഞ്ഞു…

“”തന്റെ അനിയത്തി അതായത് എന്റെ കൂട്ടുകാരി, അവൾ ക്ഷണിച്ചിട്ടാ ഞാൻ വന്നത്… അവള് പറയട്ടെ പോകാൻ…ആ നിമിഷം മൈഥിലി ഈ വീടിന്റെ പടിയിറങ്ങും…””

അവഗണിക്കപ്പെട്ടതിന്റെ വേദനമേൽ മണ്ണെറിഞ്ഞു ഞാൻ വീറോടെ പുറത്തേക്ക് നടന്നു…

ഓർമ്മകൾ ചില മാസങ്ങൾക്കു പിന്നിലേക്ക് സഞ്ചരിച്ചപ്പോൾ തന്റേടിയും വഴക്കാളിയുമെന്ന് മുദ്രകുത്തപ്പെട്ട എന്റെ കണ്ണുകൾ ആദ്യമായി കണ്ണീരണിഞ്ഞു…

കലഹങ്ങൾക്ക് മേൽ കലഹം സൃഷ്ടിച്ചു ജീവിച്ച അച്ഛനും അമ്മയും ഒരിക്കൽ വേർപിരിഞ്ഞപ്പോൾ തനിച്ചായിപ്പോയൊരു ബാല്യമായിരുന്നു എനിക്ക്…
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിയായിരുന്ന എനിക്ക് ഹോസ്റ്റലിന്റെ ചുവരുകളായിരുന്നു കൂട്ടിനുണ്ടായിരുന്നത്..

മുബൈയിൽ ജനിച്ചു വളർന്ന ഞാൻ എം ബി എ ചെയ്യാൻ ആദ്യമായി കേരളത്തിലേക്ക് പറിച്ചു നട്ടപ്പോൾ സ്വന്തം നാടിന്റെ മണവും രുചിയും എന്നിൽ പുതിയ അനുഭൂതി ആയിരുന്നു..

ഒറ്റപ്പെടലിന്റെ വേദനയാകാം എല്ലാവരോടും ദേഷ്യമാണെനിക്ക്…ആരോടും മുഖം നോക്കാതെയുള്ള പെരുമാറ്റവും എന്റേതായ ജീവിത രീതിയും മൈഥിലി എന്നും എല്ലാവർക്കും അഹങ്കാരിയും താന്തോന്നിയുമായിരുന്നു…

ഇറുകിയ ജീൻസും, സ്ലീവ്‌ലെസ് ടോപ്പും പിന്നിലേക്ക് പറന്നുലയുന്ന അഴിച്ചിട്ട നീണ്ട മുടിയിഴകളുമായി ക്യാമ്പസ്സിലേക്ക് ബുള്ളറ്റിൽ വന്നിറങ്ങിയപ്പോൾ എന്തോ അത്ഭുതം കണ്ടപോലെ ഓരോരുത്തരുമെന്നെ മിഴിച്ചു നോക്കി നിൽക്കുന്നത് ഞാനന്ന് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു…

സീനിയേഴ്സിനോടുള്ള കൂസലില്ലാത്ത സമീപനവും, ക്യാമ്പസ്സിനുള്ളിലെ മറ്റു ചില നിസ്സാര പ്രശ്ങ്ങളും വഴക്കിലും അടിയിലും സസ്‌പെഷനിലും കലാശിച്ചപ്പോൾ സ്വന്തം ക്ലാസ്സിൽ പോലും ഞാനൊരു അധികപ്പറ്റാകാൻ അധികം സമയം വേണ്ടിവന്നില്ല…

സൗഹൃദങ്ങളൊന്നും ഇല്ലായിരുന്നു എനിക്ക്..
അവ തേടി ചെല്ലാനും എന്റേതായി നിർമ്മിച്ച ലോകത്ത് നിന്നും പുറത്തേക്ക് ചാടാനും ഞാൻ മടിച്ചു…ഒന്നിനും വേണ്ടിയും മാറാത്ത എന്റെ മനസ്സിനോട് പലപ്പോഴും ഞാൻ സ്വയം കലഹിക്കുമായിരുന്നു…

പഠനത്തിൽ എന്നും മുന്നിലായിരുന്ന എന്നോട് അധ്യാപകർക്കെല്ലാം എന്നെ ഇഷ്ടമായിരുന്നുവെങ്കിലും പ്രൊജക്റ്റുകളും സെമിനാറുകളും മറ്റും നന്നായി ഞാനുഴപ്പിയപ്പോൾ അവരും കയ്യൊഴിഞ്ഞു…

ഏറെ നാളുകൾ മാറ്റമില്ലാതെ പിന്നിട്ടു…

ക്ലാസ്സ്‌ മുറിയുടെ ഏറ്റവും പിന്നിലായുള്ള ബഞ്ചിന്റെ മൂലയിലായി,
ഇരുണ്ട കവിളിൽ നുണക്കുഴി വിരിയുന്ന ആ പാവം പെണ്ണിനെ എന്നാണ് ഞാൻ ശ്രദ്ധിച്ചു തുടങ്ങിയതെന്ന് അറിയില്ല…

ആദ്യ വർഷം അവസാനിച്ചിട്ടും എല്ലാവരും ഒറ്റപ്പെടുത്തി ആരോടും മിണ്ടാതെ സ്വയം തന്റെ ലോകത്തേക്ക് ഒതുങ്ങി ജീവിക്കുന്ന ഒരുവൾ… രോഹിണി…

പലപ്പോഴും കൂട്ടമായി എല്ലാവരും അവളെ കളിയാക്കുന്നതും നിസ്സാര കാര്യങ്ങൾക്ക് അവളോട് ദേഷ്യപ്പെട്ടുന്നതുമൊക്ക കാണുമ്പോൾ ഒരു വഴക്കിന് കാരണമാകാതെ എന്നിലുയരുന്ന അമർഷം ഞാനടക്കി വച്ചു…

അധ്യാപകർ പലപ്പോഴും ക്ലാസിനു വെളിയിലാക്കുമ്പോൾ നിറകണ്ണുകളോടെ തലകുനിച്ചു പുറത്തേക്ക് നടക്കുന്ന അവളെ പരിഹാസപാത്രമാക്കി എല്ലാവരും ചിരിച്ചാലും എനിക്ക് ചിരിവരില്ലായിരുന്നു…

നെറ്റിയിൽ ചന്ദനവും എണ്ണ തേച്ചു മിനുക്കിയ നീണ്ട മുടിയിഴകളും കരിമഷിയെഴുതിയ കണ്ണുകളും…. മുഖഐശ്വര്യം നിറഞ്ഞവൾ…ഇരുണ്ട നിറത്തിൽ നൂറഴകുള്ളവൾ… ഒരു പാവം മിണ്ടാപ്പൂച്ച…

ഒറ്റയ്ക്കിരുന്നു ആഹാരം കഴിക്കുന്നവൾ…
ഏകാകിയായി ലൈബ്രറിയുടെ മൂലയിൽ ഒതുങ്ങുന്നവൾ….
കോളേജ് ഡേയ്ക്കും ഇലക്ഷനും ഓണം സെലിബ്രേഷനുമൊന്നും കോളേജിൽ വരാത്തവൾ…
എനിക്കവൾ വീണ്ടും വീണ്ടും അത്ഭുതമായി തോന്നിത്തുടങ്ങി…ഇടയ്ക്കെപ്പോഴോ അവളുടെ സൗഹൃദം ഞാൻ ആഗ്രഹിച്ചെങ്കിലും അവളിലേക്ക് ഞാനത് തേടി ചെന്നില്ല…

ഒരിക്കൽ ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞ് എല്ലാവരും ക്ലാസ്സിൽ ഇരിക്കുന്ന സമയം…

ക്ലാസ്സിലെ ഓരോരുത്തർക്കും അവളെന്തോ ഇൻവിറ്റേഷൻ കാർഡ് കൊടുക്കുന്നത് ഞാൻ നോക്കിയിരുന്നു…

അവളുടെ ഏട്ടന്റെ വിവാഹമാണെന്ന്…
കോളേജിൽ നിന്നും പത്ത് കിലോമീറ്റർ ദൂരത്തിലുള്ള ഒരു ഗ്രാമപ്രദേശത്താണ് അവളുടെ വീടെന്ന്…എല്ലാവരും തീർച്ചയായും വരണമെന്ന്…

മടിച്ചു മടിച്ചു ചിരിയോടെ അവൾ എല്ലാവരുടെയും അടുത്തേക്ക് ചെന്നത് പറയുമ്പോൾ തികഞ്ഞ അവജ്ഞയും പുച്ഛവും പലരുടെയും മുഖങ്ങളിൽ ഉരുണ്ടുകൂടുന്നത് ഞാനറിഞ്ഞു…
ആ നിമിഷങ്ങളിൽ എന്തോ എല്ലാവരോടും വല്ലാതെ ദേഷ്യം തോന്നിയെനിക്ക്…

എനിക്കടുത്തേക്കും അവൾ നീട്ടിയൊരെണ്ണം… എഴുനേറ്റ് നിന്ന് ചിരിയോടെ അത് വാങ്ങി ഞാൻ തുറന്ന് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ വിടരുന്നത് ഞാനറിഞ്ഞു…

“”തീർച്ചയായും ഞാൻ ഉണ്ടാകും രോഹിണി..
കല്യാണത്തിന് മാത്രമല്ല രണ്ട് ദിവസം മുന്നേ ഞാൻ അങ്ങെത്തും…. എന്തെ സമ്മതമാണോ രോഹിണിക്ക്…””

ആ കണ്ണുകൾ വിടരുന്നതും അത്യധികം സന്തോഷത്തോടെ അവൾ തലകുലുക്കുന്നതും ഞാൻ നോക്കി നിന്നുപോയി…

‘”ഫ്രണ്ട്‌സ്””

എന്റെ കൈകൾ അവൾക്ക് മുന്നിലേക്ക് ഞാൻ നീട്ടിയപ്പോൾ അത്ഭുതത്തോടെ അവളും ആ കൈകൾ ചേർത്തുവച്ചപ്പോൾ ഞാൻ മുറുക്കെ പിടിച്ചു…. മങ്ങിയ മുഖത്തോടെ പലരും ഞങ്ങളെ നോക്കുന്നത് ഞാനറിഞ്ഞു എങ്കിലും എന്റെ ബാഗുമെടുത്ത് ഞാൻ അവസാന ബഞ്ചിലേക്ക് നടന്നു ചെന്ന് അവൾക്ക് അരികിലേക്ക് എന്റെ സ്ഥാനം മാറ്റി…

അവിടൊരു പുതിയ സൗഹൃദം തുടങ്ങുകയായിരുന്നു…സൗഹൃദത്തിന്റെ ബലം ഞാനറിയുകയായിരുന്നു… ഗ്രാമങ്ങളുടെ നന്മയും തനിമയും ആവോമുള്ള നിഷ്കളങ്കയായിരുന്നു രോഹിണി…
വീട്ടിൽ നിന്നും അവളുടെ അമ്മയുണ്ടാക്കിയ ഭക്ഷണം എന്നെ തീറ്റിക്കാൻ അവൾക്കൊരു പ്രത്യേക മിടുക്കാണ്…

ബുള്ളറ്റിൽ എനിക്കൊപ്പം കറങ്ങാൻ അവളും ഉണ്ടാകുമെങ്കിലും അവൾക്ക് പേടിയാണ്…
പലപ്പോഴും അവൾക്ക് വേണ്ടി പലരോടും ഞാൻ വഴക്കിടുമ്പോഴും വാദിക്കുമ്പോഴും പേടിയോടെ എന്റെ കൈകളിൽ അവൾ മുറുക്കെ പിടിക്കും…

ചില ദിവസങ്ങൾകൊണ്ട് സ്വഭാവത്തിൽ നേരെ വിപരീതങ്ങൾ ആയിരുന്ന ഞങ്ങൾ മനസ്സുകൊണ്ട് ഒരുപാട് അടുത്തു….

എല്ലാവരും ഞങ്ങളുടെ സൗഹൃദം നോക്കി നിൽക്കുമ്പോൾ ഞാൻ പുച്ഛത്തോടെ നോട്ടമെറിയും…രോഹിണി അതുകാൺകേ നിറഞ്ഞു ചിരിച്ചുകൊണ്ട് എന്റെ കൈകളിൽ കോർത്തു പിടിക്കും…

ഏട്ടന്റെ വിവാഹത്തിന് രണ്ട് ദിവസം മുന്നേ ലീവ് എടുത്തു ഞാനാ ഗ്രാമത്തിലേക്ക് ചെല്ലാൻ അവൾക്കായിരുന്നു എന്നേക്കാൾ നിർബന്ധം…

വയലേലകളും തെങ്ങിൻതോപ്പുകളും തോടും കുളങ്ങളും കടന്നു ആ മൺപാതയിലൂടെ എന്റെ ബുള്ളറ്റ് ആ വലിയ വീടിന്റെ പടിപ്പുരയിൽ എത്തി നിന്നതും ഞാൻ അന്തിച്ചുപോയി…

പിന്നിൽ നിന്നും എന്റെ ബാഗും കയ്യിൽ പിടിച്ചു രോഹിണി എന്നെ ചിരിയോടെ തോണ്ടി വിളിച്ചപ്പോളാണ് ഞാനുണർന്നത്…

വലിയ മുറ്റവും, കുളവും, കാവും തൊടിയുമൊക്കെയുള്ള, വലിയൊരു തറവാട്…

“”ഇതാണോ നിന്റെ വീട്… “”

“”എന്റെ വീടല്ല ഞങ്ങളുടെ വീടാ…നിനക്ക് ഇഷ്ടമാകുമോ എന്നറീല്ല…കൂട്ടുകുടുംബമാ…
എല്ലാവരും സ്നേഹമുള്ളവരാ… നിനക്ക് ഒരു കുറവും വരില്ലാട്ടോ ഇവിടെ… “”

ചിരിയോടെ അവളത് പറയുമ്പോൾ കുടുബബന്ധങ്ങളുടെയും സ്നേഹത്തിന്റെയും ആഴവും പരപ്പും എന്തെന്നറിയാതെ അലയുന്നൊരു മനസ്സാണെനിക്കെന്ന് അവളോട് വിളിച്ചുപറയാൻ തോന്നി…

എന്റെ കൈകളിൽ കോർത്തുപിടിച്ചവൾ നടക്കാനൊരുങ്ങിയതും ബുള്ളറ്റിന്റെ ശബ്ദം കേട്ടാണെന്നു തോന്നുന്നു എല്ലാവരും ഉമ്മറത്തേക്ക് വന്നു…

ഒരു കല്യാണവീടിന്റെ എല്ലാ ബഹളങ്ങളും നിറഞ്ഞൊരിടം ആദ്യമായി കാണുന്നപോലെ ഓരോന്നിലേക്കും എന്റെ കണ്ണുകൾ ഒഴുകിപരന്നു…

എല്ലാവരും എന്റെ കോലവും ബുള്ളറ്റും ഒക്കെ കണ്ടിട്ടാണെന്ന് തോന്നുന്നു അത്ഭുതത്തോടെ എന്നെ നോക്കിയപ്പോൾ അവൾ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി…. ആദ്യത്തെ ഞെട്ടൽ വിട്ടുമാറിയപ്പോൾ മുത്തശ്ശി വാത്സല്യത്തോടെ എന്റെ കൈകളിൽ പിടിച്ചു ഒരു അതിഥിയെ പോലെ അകത്തേക്ക് കയറ്റിയപ്പോൾ ഇത്തവണ ഞാനാണ് കൂടുതൽ ഞെട്ടിയത്….

രോഹിണിക്ക് മുത്തശ്ശിയുടെ നിറമാണ് കിട്ടിയതെന്ന് ഞാനറിഞ്ഞു…

എല്ലാവരാലും തഴയപ്പെട്ടിരുന്ന അവൾ ഒരു വീട്ടിലുള്ള എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു എന്ന് ഞാനറിഞ്ഞു… ആ തറവാട്ടിലെ ഏക പെൺതരി…ഒരുപാട് ഏട്ടന്മാരുടെ അനുജത്തി…
എല്ലാവർക്കും അവളോടുള്ള വാത്സല്യവും സ്നേഹവും കണ്ടപ്പോൾ എന്തോ മനസ്സ് നിറയുന്നു… അനുഭവിച്ചില്ലേലും ദൂരെ മാറി നിന്ന് കണ്ണ് നിറച്ചു ഞാൻ കണ്ടു…

രോഹിണിയുടെ അമ്മ എന്നെ ചേർത്തു നിർത്തി…നെറുകയിൽ തഴുകി…

അവൾക്ക് രണ്ട് ഏട്ടന്മാർ ആണ്…
അർജുൻ എന്ന വല്യേട്ടനും…
ശബരി എന്ന അപ്പുഏട്ടനും…

വല്യേട്ടൻ ഡോക്ടർ ആണെന്ന്…
ആളുടെ കല്യാണമാണ് നടക്കാൻ പോകുന്നതെന്ന്…

അവരുടെ അച്ഛൻ കഴിഞ്ഞ ചില വർഷങ്ങൾക്ക് മുന്നേ മരിച്ചെന്നും ആളുടെ സ്വന്തമായിരുന്ന വലിയൊരു വർക്ഷോപ്പ് ഇപ്പോൾ നോക്കി നടത്തുന്നത് മെക്കാനിക്കൽ എൻജിനീറിങ്ങ് കഴിഞ്ഞ അപ്പുവേട്ടൻ ആണെന്നും അവൾ എന്നോട് പറഞ്ഞു…

കൂട്ടത്തിൽ ആളെ ഒന്ന് സൂക്ഷിച്ചോളാനും മുൻശുണ്ഠിക്കാരനും അല്പം വെത്യസ്തൻ ആണെന്നും അവളെന്നെ കള്ളച്ചിരിയോടെ ഓർമ്മിപ്പിച്ചപ്പോൾ ഞാൻ മനസ്സിലാകാത്ത പോലെ നിന്നുകൊണ്ട് ആളെ മാത്രം ഇവിടെ കണ്ടില്ലല്ലോ എന്ന് ഞാനോർത്തു…

അമ്മാവന്മാരും അമ്മായിമാരും അവരുടെ മക്കളും ഒക്കെയായി എന്ത് രാസമായാണെന്നോ അവിടം…. അമ്മാവന്മാർ നല്ല ഫ്രണ്ട്‌ലി ആണ്… പെൺകുട്ടികളോട് അവർക്കു വല്ലാത്ത വാത്സല്യമാണെന്ന് ചുരുങ്ങിയ സമയം കൊണ്ട് ഞാനറിഞ്ഞു…

മുറ്റത്തുള്ള വലിയ കർപ്പൂരമാവിൽ എനിക്കായി അവർ ഊഞ്ഞാല് കെട്ടിത്തന്നു…

മൂത്ത അമ്മാവന്റെ വെറ്റിലച്ചെല്ലത്തിൽ നിന്നും വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും കൂട്ടി മുറുക്കി നാവു ചുവപ്പിക്കാൻ പഠിച്ചപ്പോൾ മുത്തശ്ശിയുടെ സ്നേഹശകാരം കേട്ട് ഞാൻ രോഹിണിയുടെ കൈപിടിച്ചു കോണിപ്പടികളിലൂടെ മുകളിലേക്കോടി…

എനിക്കെന്തോ പുതുജീവൻ വച്ചപോലെ… എങ്ങും സ്നേഹം കൊണ്ട് പൊതിഞ്ഞു പിടിക്കുന്നൊരു സ്‌നേഹവീട്… അറിയാതെ കൊതിച്ചുപോകുന്നു അവരിലൊരാളായി ജനിച്ചിരുന്നെങ്കിലെന്ന്…

അടഞ്ഞു കിടന്ന ഒരു മുറിയുടെ വാതിലിൽ മെല്ലെ തൊട്ടപോളത് അകത്തേക്ക് മലർക്കെ തുറന്നുപോയി…. ഉള്ളിൽ കാവി മുണ്ടുടുത്ത് കുളി കഴിഞ്ഞു മൂളിപ്പാട്ടോടെ തല ചീകുന്ന ഒരു ചെറുപ്പക്കാരനെ കാൺകെ ഞാൻ നോക്കി നിന്നതും ആള് മുഖം തിരിച്ചു എന്നിലേക്ക് നോക്കിയതും ഒരുമിച്ചായിരുന്നു…

പിരികം ഉയർത്തി… നീയാരാ എന്ന് ചോദിക്കുന്ന ആ മുഖത്ത് ഗൗരവമായിരുന്നെങ്കിലും
ഇതുവരെ ആരും നോക്കാത്ത പോലെ എന്റെ മുഖത്തേക്ക് ആ മിഴികൾ ഉറച്ചു നിൽക്കുന്നതും
ആ കണ്ണുകളുടെ ആഴങ്ങളിലേക്ക് സ്വയം പിടഞ്ഞു വീഴുന്നത് പോലെ തോന്നിയെനിക്ക്…

ഏറെ നേരമെങ്ങനെ കോർത്തു നിന്നതും വേഗമാ കണ്ണുകൾ എന്നെ സർവ്വം ഉഴിഞ്ഞു കൊണ്ട് എനിക്കടുത്തേക്ക് വരുന്നത് കണ്ടപ്പോൾ വേഗം ഞാൻ പുറത്തേക്കിറങ്ങി…

വലിയൊരൊച്ചയോടെ വാതിലയാൾ വലിച്ചടച്ചപ്പോൾ ഇതെന്ത് സാധനം എന്ന ആത്മഗതം പൂണ്ടു ഞാൻ രോഹിണിയെ തിരഞ്ഞു… അവളുടെ അപ്പുവേട്ടൻ ആണതെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു…

അവിടെയുള്ള മണ്ണും മരങ്ങളും മണങ്ങളും
പോലും എനിക്ക് പുതുമ നിറഞ്ഞതായിരുന്നു…

പട്ടണത്തിന്റ പരിഷ്‌കൃത ലോകം മാത്രം പരിചിതമായ എനിക്ക് ഇവിടം സ്വർഗ്ഗമായിരുന്നു…കൗതുകമായിരുന്നു..

വീടിന്റെ പിന്നിലായുള്ള വലിയ മാവിലേക്ക് ഞാൻ ഓരോ ചില്ലയും ചവിട്ടി കയറി മുകളിലെ പഴുത്ത മാമ്പഴങ്ങൾ പൊട്ടിച്ചു നിലത്തേക്കിട്ടപ്പോൾ ആശ്ചര്യത്തോടെ മാവിൻ ചുവട്ടിൽ രോഹിണിയും ഏട്ടന്മാരും അമ്മായിമാരും എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു….

“”ഹോ ഈ വീട് ഒന്നുണർന്നു മോളേ നീ വന്നപ്പോൾ..””

എന്റെ കവിളിൽ പിച്ചി അർജുനേൻ അത് പറയുമ്പോൾ കള്ള കുശുമ്പോടെ രോഹിണിയും തന്റെ ഏട്ടന്റെ കൈകളിൽ കോർത്തു പിടിക്കുന്നത് ഞാൻ നോക്കി നിന്നു…

ഏട്ടന്മാർക്കൊപ്പം ചേർന്നു നിന്ന് തോളിലൂടെ കയ്യിട്ട് ഞാൻ പല പോസിൽ സെൽഫികൾ വാരി വിതറി…

ഇടയ്ക്കെപ്പോഴോ ഇഷ്ടമില്ലാതെ പുച്ഛത്തോടെ എന്നിലേക്ക് നീളുന്ന രണ്ട് കണ്ണുകൾ ആദ്യമായി അപ്പോഴാണ് ശ്രദ്ധിച്ചുതുടങ്ങിയത്…

ഒന്നിനും കൂടാതെ അവിടെയും ഇവിടെയും തിരക്കഭിനയിച്ചു നിൽക്കുന്ന അപ്പു ഏട്ടനെ…
ആൾക്ക് ഞാൻ വന്നത് ഇഷ്ടമില്ലാത്ത പോലെ… എന്തോ മനസ്സൊന്നു കൊളുത്തി വലിക്കുന്നു…. ഒരുപാട് സ്നേഹത്തിനിടയിൽ ഒരാൾ നൽകുന്ന അവഗണ നമ്മൾക്ക് സഹിക്കാൻ കഴിയാതെ വരുന്ന പോലെ…

അടുക്കളയിലെ പാചകത്തിൽ ഞാനും ഒപ്പം കൂടിയപ്പോൾ അമ്മായിമാരെല്ലാം എന്നെ ഒരുമിച്ചു ഊട്ടി.. എന്റെ കഥകൾ ചോദിച്ചറിഞ്ഞപ്പോൾ സ്നേഹത്തോടെ നീയും എന്റെ മോളല്ലേ എന്ന് പറഞ്ഞു അമ്മ എന്റെ നെറുകയിൽ ചുമ്പിച്ചപ്പോൾ അറിയാതെ കണ്ണുകൾ ഒന്ന് നിറഞ്ഞ പോലെ…

മുറ്റത്തുകൂടി അമ്മായിമാരെ എല്ലാം ഇരുത്തി ഞാൻ ബുള്ളറ്റിൽ ഒരു റൗണ്ട് അടിച്ചപ്പോൾ,
“”എന്റെ മോളേ ഈ നാട്ടിൽ ഇതൊക്കെ പുതിയതാ… പെൺപിള്ളേരൊക്കെ ഒത്തിരി മാറി… ല്ലേ.. “” എന്നും പറഞ്ഞു മുത്തശ്ശി മൂക്കത്ത് വിരൽ വച്ചു…

മുറ്റത്തെ പന്തൽ പണിക്ക് വന്ന ഏട്ടന്മാർക്കൊപ്പം അവരെ സഹായിക്കാനും അവർക്കൊപ്പം തമാശ പറഞ്ഞു ചിരിക്കാനും എന്ത് രാസമാണെന്നോ…ഗ്രാമീണതയുടെ നിഷ്കളങ്കത നിറഞ്ഞവർ…

ചിലപ്പോഴൊക്കെ അവർ കൗതുകത്തോടെ എന്റെ പ്രവർത്തിയെ നോക്കി നിൽക്കുമ്പോൾ എനിക്ക് ജാള്യത തോന്നും…

ഇടയ്ക്കെപ്പോഴോ വീണ്ടും എന്നിലേക്ക് പതിക്കുന്ന അപ്പുവേട്ടന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്ന ദേഷ്യത്തിന്റെ കാരണം അറിയാതെ ഞാൻ വലഞ്ഞു…

“”ഞാൻ വന്നത് അപ്പുവേട്ടന് ഇഷ്ടം ആയില്ലേ പെണ്ണേ…””

“”എന്താണെന്ന് അറീല്ലടീ സത്യത്തിൽ ആള് ഇങ്ങനെ അല്ല… ഇവിടെ എല്ലാരുടെയും സീമന്ത പുത്രനാ…ഈ സമയം ഇവിടെ തലതിരിച്ചു വയ്‌ക്കേണ്ട ആളാ…ഹാ നീ അത് കാര്യമാക്കണ്ട മോളേ… “”

എന്തോ രോഹിണിയുടെ വാക്കുകൾ വീണ്ടും എന്നിൽ ആശങ്ക പടർത്തി…. ഞാനൊരു അധികപ്പറ്റായിപ്പോയോ ഇവരുടെ ഇടയിലെന്ന കുറ്റബോധം എന്നെ അലട്ടിക്കൊണ്ടിരുന്നു…

പുറമെ എത്ര വലിയ തന്റേടി എന്ന് കാട്ടിയാലും ഇവിടേക്ക് എത്തിയപ്പോൾ, ഇവരുടെയെല്ലാം സ്നേഹം പകർന്നു കിട്ടുമ്പോൾ ഞാനെന്ന പെണ്ണിൽ തളം കെട്ടി നിന്ന ആഗ്രഹങ്ങളും ഇഷ്ടങ്ങളും വികാരങ്ങളുമെല്ലാം അറിയാതെ പുറത്തേക്ക് ഒഴുകി വരുന്നത് ഞാനറിഞ്ഞു…

രോഹിണിയുടെ വിവാഹം പണ്ടേ പറഞ്ഞു വച്ചതാണെന്ന്..മുറച്ചെറുക്കനാണെന്ന്… അവളുടെ ഉണ്ണിയേട്ടൻ…
എസ് ഐ സെലെക്ഷൻ കിട്ടി ട്രെയിനിങ്ങും കഴിഞ്ഞ് വന്നിരിക്കുകയാ ആള് ആദ്യ പോസ്റ്റിംഗ് പാലക്കാട്‌ ആണെന്ന്…
പഠിത്തം കഴിഞ്ഞാൽ അവളുടെ കല്യാണം ആണെന്നും ഉണ്ണിയേട്ടന് എത്രയും വേഗം കല്യാണം നടത്താൻ ആഗ്രഹമാണെന്നുമൊക്കെ നാണത്തോടെയവൾ പറഞ്ഞപ്പോൾ ഞാനവളെ ഇക്കിളി ആക്കി ചിരിപ്പിച്ചു…

ആള് അവളോട് ഭയങ്കര സ്നേഹമാണെന്ന്… അവളുടെ കുറുമ്പും കുസൃതിയുമെല്ലാം ആസ്വദിക്കുന്ന അവളെ അവളായി കണ്ടു സ്നേഹിക്കുന്ന ഒരാൾ…
ഞാനും ആളോട് സംസാരിച്ചു…
ഒരു ഏട്ടനെ പോലെ നല്ല സ്നേഹമുള്ള മനുഷ്യൻ…അവളോടുള്ള സ്നേഹവും കരുതലും കുഞ്ഞു കുറുമ്പും പ്രണയവും ഒക്കെ കാണുമ്പോൾ മനസ്സങ്ങനെ നിറയും ഒപ്പം അവളുടെ മനസ്സ് പോലൊരാളെ ദൈവം കൂട്ടിച്ചേർത്തല്ലോ എന്നോർക്കും…

വീണ്ടും എല്ലാം മറന്നു രോഹിണിക്കൊപ്പം ഞാൻ തൊടിയിലേക്ക് ഇറങ്ങി നടന്നു…

കുളപ്പടവിൽ എത്തിയതും മുന്നും പിന്നും നോക്കിയില്ല ഒരു മുങ്ങൽ വിധഗ്‌ദയെ പോലെ കുളത്തിലേക്ക് ഞാൻ എടുത്ത് ചാടുന്നത് കാൺകെ ഞെട്ടിത്തരിച്ചു നിൽക്കുന്ന രോഹിണിയെ ഞാൻ വകവച്ചില്ല…അവൾ എന്തൊക്കെയോ വിളിച്ചു കൂകുന്നു… എനിക്ക് നീന്തൽ അറിയില്ല എന്ന പേടിയാകുമതെന്ന് ഞാനോർത്തു….

ഒരു റൗണ്ട് നീന്തി കുളിച്ചു ഞാൻ കരയിൽ കയറിയതും കുളപ്പടവിന്റെ ചുറ്റിനുമായി തുറസ്സായ സ്ഥലത്ത് പലയിടത്തായി കൂടി നിൽക്കുന്നവർ നഞ്ഞൊട്ടിയ എന്റെ അഴകളവുകൾ നോക്കുന്നതോ ആ കണ്ണുകളിൽ വിടരുന്ന ഭാവമോ ഞാനറിഞ്ഞില്ല…

രോഹിണി ആധിയോടെ ഓടി വന്നെന്റെ കൈ പിടിച്ചു വലിച്ചപ്പോഴാണ് ചുറ്റിനും കൂടി നിന്ന് കാഴ്ച കാണുന്ന തൊടിയിലെ പണിക്കാരെയും വഴിയാത്രക്കാരെയുമൊക്കെ ഞാൻ കാണുന്നത്…

രോഹിണിയെന്റെ കൈപിടിച്ച് വേഗത്തിൽ വീട്ടിലേക്ക് നടക്കുമ്പോൾ കാര്യങ്ങളുടെ പൂർണ്ണരൂപമെനിക്ക് പിടികിട്ടി… വേണ്ടായിരുന്നു എന്ന് തോന്നിപ്പോയെനിക്ക്…

കോപത്താൽ ചുവന്നു തുടുത്ത മുഖത്തോടെ എന്നിലേക്ക് നോട്ടമെറിയുന്ന അപ്പുവേട്ടന്റെ കണ്ണുകൾ വീണ്ടുമെന്നെ തളർത്തുകയായിരുന്നു…

അടുത്ത നിമിഷം എന്റെ കൈത്തണ്ടയിൽ ആ കൈകൾ മുറുകി… ആളുടെ മുറിയിലേക്ക് എന്നെയും കൈപിടിച്ചു നടന്നതും അടർന്നു മാറാനായില്ലെനിക്ക്…
പക്ഷേ പിന്നീടുള്ള ആളുടെ വാക്കുകേട്ടെന്റെ നെഞ്ച് വിങ്ങി…

ഇവിടെ നിന്നും ഈ നിമിഷം ഇറങ്ങണമെന്ന്…
എന്റെ അഴിഞ്ഞാട്ടം നിർത്തണമെന്ന്…
പണത്തിന്റെ അഹങ്കാരമാണെനിക്കെന്ന്…
എന്നോട് വെറുപ്പാണെന്ന്…

ദേഷ്യത്തോടെ ആളുടെ വാക്കുകളിൽ വെന്തെരിയുന്നത് ഞാനറിഞ്ഞു…
ആ കൈകൾ കുടഞ്ഞെറിഞ്ഞ് വേഗത്തിൽ ഞാനാ മുറി വിടുമ്പോൾ “”രോഹിണി…”” എന്നയാൾ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു …

അപ്പുവേട്ടന്റെ ശബ്ദം ഉയർന്നതും അവൾ ചെറിയെ പേടിയോടെ ആൾക്കരികിലേക്ക് ചെല്ലുന്നത് പുറത്തെ ബാൽക്കണിയുടെ ജനലിനു മറവിലൂടെ ഞാൻ നോക്കി നിന്നു….

“”ഇപ്പം, ഈ നിമിഷം അവളെ…നിന്റെ കൂട്ടുകാരിയെ ഇവിടുന്ന് പറഞ്ഞു വിട്ടോണം…
നിനക്ക് കൂട്ടുകൂടാൻ വേറാരെയും കിട്ടീലെ…
അവളെ പോലെ…. “”

“”മതി അപ്പുവേട്ടൻ ഇനി ഒരു വാക്ക് അവളെ പറ്റി പറയരുത്..””

ആള് പറഞ്ഞവസാനിപ്പിക്കും മുന്നേ രോഹിണിയുടെ ശബ്ദം അതിന് കുറുകെ ദേഷ്യത്തോടെ മുഴങ്ങുന്നത് ഞാനറിഞ്ഞു…

“”അവൾ ആരാണെന്നും എന്താണെന്നും കുറച്ചു ദിവസം കൊണ്ട് ഞാനറിഞ്ഞതാ…

കണ്ടില്ലേ…അറുപതോളം കുട്ടികളുള്ള എന്റെ ക്ലാസ്സിൽനിന്ന് എത്ര പേര് വന്നു ഈ കല്യാണവീട്ടിലേക്ക്…ആളാം പ്രതി കുറി കൊടുത്ത് ക്ഷണിച്ചതാ ഞാൻ… എന്നിട്ട് ആരേലും വന്നോ…

വേറൊരു കാര്യമറിയോ ഏട്ടന്…
എല്ലാവരും ഈ കറുമ്പിയെ രൂപം കൊണ്ട് അളന്ന് ഒറ്റപ്പെടുത്തിയപ്പോൾ ഹൃദയം കൊണ്ട് ചേർത്തു പിടിച്ചവളാ എന്റെ മൈഥിലി…

അവളോളം സ്നേഹമുള്ളവളെ കരുതലുള്ളവളെ ഞാനെങ്ങും കണ്ടിട്ടില്ല ഏട്ടാ… കൂട്ടുകാരിക്കപ്പുറം ഒരു കൂടെപ്പിറപ്പിനെ പോലെയാ എനിക്കവള്…

വീട്ടിൽ മാത്രമാ ഏട്ടാ ഞാൻ നിങ്ങളുടെ എല്ലാം രാജകുമാരി… പുറത്ത് ഞാൻ വെറും… “”

ഒരു വിങ്ങലോടെ തുടർന്ന് പറയാനാകാതെയവൾ മുഖം പൊത്തുന്നത് കാൺകെ എന്നിലും വേദന നിറഞ്ഞു..പാവം…

അടുത്ത നിമിഷം അപ്പുവേട്ടന്റെ കണ്ണുകൾ കുറുകുന്നതും അവളെ ആ നെഞ്ചിലേക്ക് ചേർത്ത് നിർത്തി നെറുകയിൽ ചുണ്ടമർത്തുന്നതും ഞാൻ നോക്കി നിന്നുപ്പോയി…

ആ കണ്ണുകൾ വാതിലിനു വെളിയിലേക്ക് കുറ്റബോധത്തോടെ ആരെയോ തിരയുന്നത് ഞാനറിഞ്ഞു…

“”ഒരാളുടെ വസ്ത്രധാരണമോ പ്രവർത്തിയോ കൊണ്ട് വിലയിടുന്ന ആളല്ല അപ്പുവേട്ടനെന്ന് എനിക്കറിയാം…
പക്ഷേ മൈഥിലി, അവളോട് മാത്രം എന്താ ഏട്ടനിത്രേം ദേഷ്യം…
സത്യം പറയണം…കാരണമില്ലാതെ ആരെയും നോവിക്കുന്നൊരാളല്ല എന്റെ ഏട്ടൻ… “”

അപ്പുവേട്ടനിൽ നിന്നും അടർന്നു മാറി അവൾ ചോദിച്ചതും അല്പനേരം അവിടം മൗനം നിറഞ്ഞു…പിന്നെ ഒരു ചിരിയോടെ ആള് പറയാൻ തുടങ്ങുമ്പോൾ ആ വിടർന്ന ചിരിയിലേക്ക് എന്റെ കണ്ണുകൾ പാറി വീണു ഒപ്പം ആ കാരണം അറിയാനും…

“”ഒറ്റവാക്കിൽ പറഞ്ഞാൽ എനിക്ക് അവളെ ഒത്തിരി ഇഷ്ടമാണ്… എന്നുവച്ചാൽ നമ്മൾ തേടി നടന്നന്നൊരാൾ പെട്ടന്ന് കണ്മുന്നിൽ വന്നത് പോലെ…

തുറന്ന് ചോദിച്ചില്ലെങ്കിലും അവളെ എനിക്ക് വേണമെന്ന് സ്വന്തമാക്കണമെന്ന് ആഗ്രഹം തോന്നിപ്പോകുവാടീ…എന്നുവച്ചാൽ മുടിഞ്ഞ പ്രേമം…. “”

കള്ളച്ചിരിയോടെ ആളത് പറഞ്ഞു തീർന്നതും എന്റെ ഹൃദയം ഒരു മുഴക്കത്തോടെ പൊട്ടിയടരുന്നത് ഞാനറിഞ്ഞു…

രോഹിണിയും ഞെട്ടലിൽ നിന്നും മോചിതയായിരുന്നില്ല…

“”അവളോടുള്ള എന്റെ സ്വാർത്ഥതയാ ദേഷ്യമായത്… ചെക്കന്മാരെ ഒക്കെ കെട്ടിപ്പിടിച്ചു സെൽഫി എടുക്കുന്നു പണിക്കാരോടൊക്കെ ഓവർ ഫ്രണ്ട്ഷിപ് കാണിക്കുന്നു…
അതൊക്കെ കണ്ടപ്പോൾ ആ സ്വാർത്ഥത അങ്ങ് കൂടിപ്പോയി… എനിക്കറിയാം അത് ഒരുമാതിരി ചീപ്പ് പൊസ്സസ്സീവെൻസ് ആണെന്ന്…

എങ്കിലും ഓരോ നിമിഷവും അവൾ ഈ വീട്ടിൽ ഉണ്ടാക്കിയെടുക്കുന്ന സ്വാധീനം…. എല്ലാവരോടുമുള്ള സ്നേഹം, അടുപ്പം…
അതിനപ്പുറം അവളെ ഞാൻ അർഹിക്കുന്നുണ്ടോ എന്ന കുറ്റബോധം…

എല്ലാം കൂടി ഭ്രാന്ത് പിടിച്ചു പോയി… കാരണം ലൈഫിൽ ആദ്യമായി ഉണ്ടാകുന്ന ഫീലിംഗ്സ് ആണേ… അപ്പോൾ അത് കണ്ട്രോൾ ചെയ്യാനും പറ്റീല്ല…. “”

ആളുടെ വാക്കുകൾക്ക് മുന്നിൽ നിശ്ചലമായിപ്പോയി ഞാനും… അറിയില്ലെനിക്ക് എന്ത് ചെയ്യണമെന്ന്… ആ അർഹത എനിക്കുണ്ടോ എന്ന ചോദ്യമായിരുന്നു എന്നിലാദ്യം ഉയർന്നത്…

“”പിന്നെ കുളക്കടവിൽ അവളെ എല്ലാരും അങ്ങനെ നോക്കിയപ്പോൾ എന്റെ കണ്ട്രോൾ വിട്ട് പോയി… കാരണം അവൾ എന്റെ പെണ്ണല്ലിയോ…””

എന്നിലും പേരറിയാത്ത വികാരങ്ങളും ആഗ്രഹങ്ങളും അണപൊട്ടുന്നത് ഞാനറിഞ്ഞു…

“”എന്റെ അപ്പുവേട്ടാ… പക്ഷേ ഈ കള്ള കാമുകൻ അല്പം കൂടുതൽ കഷ്ടപ്പെടേണ്ടി വരും…ആറ്റം ബോംബിനു കയ്യും കാലും വച്ചതാ അവൾ… നടുവൊടിയും മോനെ… .””

കള്ളച്ചിരിയോടെ അപ്പുവേട്ടന്റെ താടിയിലവൾ മെല്ലെ വലിച്ചു…

“” പിന്നെ അവളെന്റെ നാത്തൂനായി ഈ കുടുംബത്തിൽ വന്നാൽ ഏറ്റവും സന്തോഷം എനിക്കാ ഏട്ടാ… എന്റെ ഏട്ടന് അവളെക്കാൾ നല്ലൊരു പെണ്ണിനെ കിട്ടില്ല…

ഹാ പിന്നെ, ഇനി അവളെ വേദനിപ്പിച്ചാൽ എന്റെ തനി ഗുണം അറിയും…. വേഗം പോയി കാലു പിടിച്ചിട്ടായാലും അവളെ ഇവിടെ നിർത്തിക്കോണം…അല്ലേൽ ആര് പറഞ്ഞാലും കേൾക്കില്ല… അവൾ പോകും…””

രോഹിണിയുടെ വാക്കുകൾ എന്റെ മനസ്സിൽ എവിടെയോ കുളിരണിയുന്നൊരു ഭാവം പകർന്നെങ്കിലും എന്നെ തിരയാൻ വേഗത്തിൽ ചിരിയോടെ പടവുകൾ ഇറങ്ങുന്ന അപ്പുവേട്ടനെ ഞാൻ നോക്കി നിന്നു….ചുണ്ടിൽ ഒരു ചിരിയോടെ…

പെട്ടെന്നെന്തോ അല്പനേരം ഈ തിരക്കുകളിൽ നിന്നും മാറി നിൽക്കണമെന്ന് തോന്നിയെനിക്ക്…പുറത്തേക്കിറങ്ങിയതും എന്നെ തേടി അവിടെ എല്ലാം ചുറ്റിത്തിരിയുന്ന അപ്പുവേട്ടനെ ഞാൻ ചിരിയോടെ നോക്കിക്കൊണ്ടു ഒളിഞ്ഞു നിന്നു…

മൃദുല വികാരങ്ങൾ ആദ്യമായി എന്നെ പൊതിയുന്നത് ഞാനറിഞ്ഞു…അപ്പുവേട്ടനും ഈ കുടുംബവും എന്റെ സ്വന്തമാക്കാൻ അറിയാതെ ഞാനും മോഹിക്കുന്നത് പോലെ…

വേഗം പുറത്തേക്ക് ഇറങ്ങി ബുള്ളെറ്റിൽ കയറി ഇരുന്നതും അതിൽ തന്നെ വച്ചിരുന്ന താക്കോൽ അവിടെ ഇല്ല എന്ന് ഞാനറിഞ്ഞു…

അൽപനേരം ഞാനങ്ങനെ ഇരുന്നു…. തൊട്ടു പിന്നിലായി ആരോ വന്നിരുന്നതും താക്കോലുമായി മുന്നിലേക്ക് ഒരു കൈ നീണ്ടു വന്നതും ഞാനറിഞ്ഞു….

നിറയെ രോമമുള്ള ആ കൈത്തണ്ടയിലെ ചരടുകൾക്ക് മീതെയുള്ള വെള്ളിവളയിലേക്ക് നോക്കിയപ്പോൾ ആരാണതെന്ന് ഞാനറിഞ്ഞു…

“”എടുക്ക്..നമുക്കൊരു ചിന്ന റൈഡ് പോകാം.. “”

കാതിനടുത്തേക്ക് ആ നിശ്വാസം വന്നതും ഞാൻ അനങ്ങിയില്ല…

ആള് തന്നെ മുന്നോട്ടാഞ്ഞ് എന്നിലേക്ക് ചേർന്നിരുന്നുകൊണ്ട് ഇരു വശങ്ങളിലൂടെയും കയ്യിട്ട് ഹാന്റിലിൽ പിടിച്ചപ്പോൾ ഞാനൊന്ന് പൊള്ളി പിടഞ്ഞു…

“”എന്നോട് ക്ഷമിച്ചൂടെ പെണ്ണെ…””

കാതോരം വീണ്ടുമാ ശ്വാസം പതിച്ചപ്പോൾ എതിർക്കാനാകാതെ ഞാനിരുന്നുപോയി…

അമ്പലക്കുളത്തിന്റെ പടവുകളിൽ ആൾക്കൊപ്പം ഞാനിരുന്നു…

ഇലച്ചാർത്തുകളിൽ ഒളിച്ചിരുന്ന വെളിച്ചം ഇടയ്ക്കിടയ്ക്ക് ഞങ്ങളിലേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു…

“”കൂടെ കൂട്ടിക്കോട്ടെ ഞാൻ എന്റെ ജീവിതത്തിലേക്ക്…

പ്രേമിച്ച് നടക്കനല്ല എന്റെ ഭാര്യയായി എന്റെ മക്കളുടെ അമ്മയായി….അങ്ങനെ അങ്ങനെ… “”

കുസൃതി ചിരിയോടെ എന്റെ കൈകൾ കവർന്നു കൊണ്ട് അപ്പുവേട്ടനത് പറഞ്ഞതും ഞാൻ തലയുയർത്താതെ നിന്നു പോയി…കണ്ണുകൾ അറിയാതെ നിറയുന്നു…

എന്റെ താടിയിൽ മെല്ലെ പിടിച്ചു മുഖം ഉയർത്തിയപ്പോൾ ആൾ നിറഞ്ഞ കണ്ണുകളിലേക്ക് ആശങ്കയോടെ നോക്കുന്നതും ആ മുഖം മങ്ങുന്നതും ഞാനറിഞ്ഞു…
എനിക്ക് സമ്മതമല്ലെന്ന് തോന്നിയ പോലെ മെല്ലെ നിരാശ്ശയോടെ പിന്നിലേക്ക് മാറാൻ തുടങ്ങും മുന്നേ ആ നെഞ്ചിലേക്ക് ഞാൻ തലചായ്ച്ചു…

പൂർണ്ണ സമ്മതത്തോടെ…

ആ കൈകൾ എന്നെ പൊതിയുന്നതും നെറുകയിൽ അധരങ്ങൾ പതിയുന്നതും ഞാനറിഞ്ഞു…അല്പനേരം അങ്ങനെ ആ നെഞ്ചിലെ ചൂടിൽ ആ കരവലയത്തിൽ ഞാൻ ചേർന്നു നിന്നു…

“”ആഹാ….നല്ല ആചാരം….ഏട്ടനേക്കാൾ മുന്നേ അനിയൻ കെട്ടുമെന്ന് തോന്നുന്നു…
അതേ…അല്പം ഒളിയും മറയുമൊക്കെ ആവാം..””

ഉണ്ണിയേട്ടനൊപ്പം ഞങ്ങൾക്കരികിലേക്ക് വന്ന രോഹിണിയുടെ ശബ്ദം കേൾക്കെ ജാള്യതയോടെ ഞങ്ങൾ അടർന്നു മാറി…
പക്ഷേ ആളുടെ ചുണ്ടിൽ ഒരു കള്ളചിരിയാണ്…

“”ആടീ നീ പോയി അമ്മയോട് വിളക്കെടുത്ത് വയ്ക്കാൻ പറ.. ഞാൻ ഇന്ന് തന്നെ ഇവളെ കെട്ടും നോക്കിക്കോ… “”

എന്നെ ചേർത്തു പിടിച്ചു അപ്പുവേട്ടനത് പറയുമ്പോൾ ചിരികളുയർന്നു…

അന്നവിടെയൊരു പ്രണയകാലത്തിന്റെ തുടക്കമായിരുന്നു…

©ലില്ലി 💕

LEAVE A REPLY

Please enter your comment!
Please enter your name here