മക്കൾ യാത്ര പോയിട്ട് ഒരു മാസമായി. അരികില്ലേലും എന്നും കിനാവിൽ വരാറുണ്ട് രണ്ട് പേരും. ചിലപ്പോയൊക്കെ ഒത്തിരി നേരം താലോലിക്കും. ആശുപത്രിയിൽ നിന്ന് ഒരു നോക്ക് കാണാനേ പറ്റിയൊള്ളു, എന്നാലും ൻ്റെ മക്കളുടെ മുഖം മായാതെ കിടപ്പുണ്ട്.
ആശുപത്രിയിൽ നിന്ന് രണ്ട് പൈതങ്ങളേയും ഏറ്റുവാങ്ങിയത്, റോഡിൽ വാഹനം നിർത്തി നെഞ്ചോട് ചേർത്തുപിടിച്ച് വീട്ടിലേക്ക് നടന്നത്, തവനൂർ പള്ളിപറമ്പിലെ ആറടി മണ്ണിലേക്ക് ഇറക്കിവെക്കുമ്പോൾ നിറകണ്ണുകളോടെ മുത്തം നൽകിയത്… ഇല്ല, ഒന്നും മറന്നിട്ടില്ല. മറക്കാൻ പറ്റില്ല, ൻ്റെ പൊന്നോമനകളുടെ ഓർമകൾ കെടാതെ സൂക്ഷിക്കണം. അതിലൂടെ ‘ക്രൂരന്മാർക്ക്’ മറക്കാനാകാത്ത ഓർമകൾ സമ്മാനിക്കണം. അവരുടെ നെഞ്ചെരിയണം.
ഇന്ന് അവർ രണ്ടാളും ഉണ്ടായിരുന്നെങ്കിൽ എന്ത് സന്തോഷമായിരുന്നു. കുഞ്ഞു മിഴികൾ ചിമ്മുന്നതും, പാല് കുടിക്കുന്നതും, ഉമ്മച്ചിയേയും ഉപ്പച്ചിയേയും നോക്കി ചിരിക്കുന്നതും.. അങ്ങനെ ഓരോ ദിവസവും അവർ വളരുന്നതും കാത്തിരിക്കാമായിരുന്നു. ഇന്ന് പ്രിയപ്പെട്ടവൾ തനിച്ച് കിടപ്പാണ്. ഉറക്കമുണർന്നാൽ അവൾ അറിയാതെ പരതി നോക്കും. മക്കളെങ്ങാനും അടുത്തുണ്ടോയെന്ന്. 10 മാസത്തോളം വേദന സഹിച്ചത് അവർക്ക് വേണ്ടിയായിരുന്നല്ലൊ.
പരാതിയുമായി ഒരു മാസക്കാലം നടന്നു. കൊലയാളികൾക്കെതിരെ ചെറുവിരലനക്കാൻ ആർക്കുമായിട്ടില്ല. എന്നാലും പിറകോട്ടില്ല. പ്രതികരിക്കാനുള്ള കരുത്തുണ്ട്. എൻ്റെ മക്കൾക്ക് വേണ്ടി തെരുവിലിറങ്ങുകയാണ്. അധികാരികൾക്ക് മുന്നിലേക്ക് വരുന്നുണ്ട്. കൂടെ പ്രിയപ്പെട്ടവളും ഉണ്ടാകും. വണക്കം പറഞ്ഞ് കാല് നക്കാനല്ല. കണക്ക് പറഞ്ഞ് നീതി തേടാൻ.
മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രണ്ട് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ ഒരു കുടുംബം വ്യാഴാഴ്ച വീട്ടിലേക്ക് വരുന്നുണ്ട്. സമാന അനുഭവമുള്ള മറ്റു ചിലരുമായും സംസാരിച്ചിട്ടുണ്ട്. എല്ലാവരേയും ചേർത്തുപിടിച്ച് സമര രംഗത്തിറങ്ങും.
വിശദമായി അറിയ്ക്കാം. പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടാകണം.
എൻ.സി ഷെരീഫ്
9744783068
#കൊന്നതാണ്
സുപ്രഭാതം ഞായർ പ്രഭാതം
കരള്‍ പറിയുന്നൊരു വേദന വിങ്ങുന്നുണ്ട് ഉള്ളിലിപ്പോഴും. ഒന്നാര്‍ത്തു കരയണമെന്നുണ്ട്. പക്ഷേ കരഞ്ഞു കൂടാ..രണ്ട് കണ്മണികളുറങ്ങിയൊരു ഗര്‍ഭപാത്രത്തിന്റെ മുറിവുണങ്ങാതെ ഒരുത്തി കിടപ്പുണ്ടകത്ത്. കണ്ടുകൂട്ടിയ കിനാവുകളുടെ ഉറക്കത്തില്‍ നിന്ന് ഉണര്‍ച്ചയിലേക്ക് കണ്‍തുറക്കും മുമ്പ് നിലച്ചുപോയ മിടിപ്പുകളുടെ നോവിന്റെ തളര്ച്ചയിലണവള്. ഇക്ക കരയല്ലേ..ഇക്ക തളരല്ലേന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോഴും ഞാന്‍ കാണുന്നുണ്ട് കീറിമുറിച്ച വേദനയേക്കാള്‍ അവളെ കാര്‍ന്നുകൊണ്ടിരിക്കുന്ന തീരാനോവ് അവളുടെ കണ്‍കോണുകളില്‍ പിടയുന്നത്.
കഴിഞ്ഞ ശിശുദിനത്തില്‍ കല്യാണം..വിവാഹ വാര്‍ഷികത്തിന് മൊഞ്ചേറ്റാന്‍ രണ്ട് കണ്മണികള്
2019 നവംബര്‍ 14ന് ശിശു ദിനത്തിലായിരുന്നു ഞങ്ങളുടെ വിവാഹം. ഒന്നാം വിവാഹ വാര്‍ഷികത്തിന് മൊഞ്ചേറ്റാന്‍ രണ്ടു കണ്മണികള് കൂടെയുണ്ടാവും. അവള് എപ്പോഴും പറയാറുണ്ടായിരുന്നു. വിവാഹ വാര്‍ഷികത്തിന് തമ്പുരാന് തന്ന സമ്മാനമാണ് ഈ കണ്മണികളെന്ന്.
2019 മാര്‍ച്ച് 29നായിരുന്നു നിക്കാഹ്. അവളുടെ കഴുത്തില്‍ മഹര്‍ ചാര്‍ത്തി മണിക്കൂറുകള്‍ക്കകം അവളേയും കൂട്ടി ഞാന്‍ ചെന്നത് എന്റെ ഇഷ്ട സ്ഥാപനമായ കാവനൂര്‍ മജ്മഅ യതീംഖാനയിലേക്കായിരുന്നു. അവിടെയുള്ള അനാഥ മക്കള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്കി അവരുടെ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. പിന്നീട് ഒരുപാട് യാത്രകള്‍. പുണ്യസ്ഥലങ്ങള്‍. അങ്ങിനെ ഏതോ ഒരുപ്രാര്ത്ഥനയില് കിട്ടിയ നിധികളായിരുന്നിരിക്കാം അവര്‍.
#വാങ്ങിവെച്ചു_കുഞ്ഞുടുപ്പു_മുതൽ_കിടക്കവരെ
മൂന്നുമാസമായപ്പോഴാണ് രണ്ടു കുട്ടികളാണെന്നറിയുന്നത്. വീട്ടുകാര്‍ക്കൊക്കെ ഇത്തിരി ടെന്‍ഷനുണ്ടായിരുന്നു. ഞങ്ങളാണേല്‍ ഒത്തിരി സന്തോഷത്തിലും. കിനാക്കൂട നിറക്കാനുള്ള തത്രപ്പാടായിരുന്നു പിന്നെ. ഉള്ളിലൊരു ജീവന് തുടിക്കുന്നു എന്നറിയുന്നതു മുതല്‍ കണ്ടു തുടങ്ങുന്നതല്ലേ നമ്മള് കിനാവുകള്‍. ഇതൊരാളായിരുന്നില്ലല്ലോ രണ്ടു പേര്. റൂമിലേക്ക് രണ്ടു ഊഞ്ഞാല് തൊട്ടിലുകള്‍ വാങ്ങണമെന്ന് പറഞ്ഞുവെച്ചു. താഴത്തെ നിലയില്‍ വേറെ തൊട്ടില്കെട്ടണം. (അവള്‍ക്ക് അടുക്കളയില്‍ നിന്നു കാണാന്‍ പാകത്തില്‍). ഒരുപോലത്തെ കുഞ്ഞുടുപ്പുകള്‍..ഒരു പോലത്തെ കളിപ്പാട്ടങ്ങള്‍…ലോക്ഡൗണ്‍ ആയാല്‍ പ്രയാസപ്പെടുമെന്ന് കരുതി കുട്ടികള്‍ക്കുള്ള ഉടുപ്പുകളും വിരിപ്പുകളും നേരത്തെ തന്നെ ഒരുക്കിവച്ചു. വൈറസിനെ തുരത്താന്‍ പ്രത്യേകം അലക്കി ഉണക്കി സൂക്ഷിച്ചു ( പക്ഷെ, ചില മനുഷ്യ വൈറസുകളെ തുരത്തുന്നിടത്ത് ഞാന്‍ തോറ്റുപോയി).
പുറത്തിറങ്ങിയാല്‍ കാണുന്ന ഓരോന്ന് ചൂണ്ടിക്കാണിച്ച് അവള് വാചാലയാവും. ആ ഉടുപ്പ് നമ്മുടെ കുട്ടികള്‍ക്ക് നന്നായി ചേരും. ആ വാച്ച് വാങ്ങി വെച്ചാലൊ കുട്ടികള്‍ക്ക് പ്രായമാകുമ്പോള്‍ ഉപയോഗിക്കാലൊ, ഓല് ചോദിക്കുന്നതെല്ലാം വാങ്ങി കൊടുക്കണം. ഒരു കുറവും വരുത്തരുത്. കുട്ടികളെ കൂട്ടി ട്രിപ്പ് പോകണമെന്നു വരെ പറഞ്ഞിരുന്നു അവള്. ബൈക്കില്‍ പറ്റൂലല്ലൊ, കാര്‍ വാങ്ങാം, ഇങ്ങള് ഡ്രൈവ് ചെയ്യുമ്പോള്‍ രണ്ട് കുട്ടികളേയും എനിക്ക് പിടിക്കാന്‍ കഴിയുമൊ?. അങ്ങിനെ എന്തെല്ലാം.
രണ്ടോമനകള്‍ ഒന്നിച്ചു ചിരിക്കുന്നതിന്റെ, കളിക്കുന്നതിന്റെ, കുറുമ്പു കാട്ടുന്നതിന്റെ, കരയുന്നതിന്റെ, മുള്ളുന്നതിന്റെ, അപ്പിയിടുന്നതിന്റെ… ഒന്നിച്ച് സ്കൂളിലേക്ക് പടിയിറങ്ങുന്നതിന്റെ… മനുഷ്യന് അങ്ങനെയാണല്ലോ…എത്രയൊക്കെ വേണ്ടെന്നു കരുതിയാലും നമ്മുടെ കിനാക്കളങ്ങ് ഏഴാകാശങ്ങള്ക്കുമപ്പുറത്തേക്ക് പറന്നുയരും.
#മുറിഞ്ഞു_പോയ_ആശ
വളര്‍ത്തണം അലിവോലുന്ന മനുഷ്യരായി
മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാന്‍ മനസ്സുള്ളവരായി അവരെ വളര്‍ത്തണമെന്നായിരുന്നു ആശ. ആണാണെങ്കില്‍ ഹുദവിയും പെണ്ണാണെങ്കില്‍ വഫിയ്യയും ആക്കണം. പൊതുരംഗത്ത് ഇറങ്ങി ആളുകള്‍ അറിയപെടുന്ന സേവകരായി അവര്‍ വളരണം.
കുട്ടികള്‍ക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ തന്നെ പേരിടണമെന്ന് അവള്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. (എന്റെ പെങ്ങളുടെ മൂന്ന് കുട്ടികള്‍ക്കും പേരിട്ടത് പാണക്കാട് നിന്നായിരുന്നു). തങ്ങളാണ് ഞങ്ങളുടെ നിക്കാഹിന് കാര്‍മികത്വം വഹിച്ചിരുന്നതും.
#ജീവന_തണുത്തുറഞ്ഞ_മണിക്കൂറുകൾ
ഇന്നും ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു നിസ്സഹായവസ്ഥയിലേക്ക് വഴുതിപ്പോവും. ഞാന്‍ തോറ്റു പോയല്ലോ തമ്പുരാനേ എന്നോര്‍ത്തു പോയ നിമിഷങ്ങള്‍. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഫോണ്‍വിളികളായും യാത്രകളായും അലഞ്ഞ നിമിഷങ്ങള്‍. അള്ളാ..എന്ന് മനമുരുകിയ മണിക്കൂറുകള്‍. മനുഷ്യന് എത്ര നിസ്സഹായനാണെന്ന് വീണ്ടും വീണ്ടും തിരിച്ചറിഞ്ഞ ആ നിമിഷങ്ങള്‍..വേദനയാല്‍ പുളയുന്ന നല്ലപാതി. അവള്ക്കുള്ളിലുറങ്ങുന്ന എന്റെ ജീവന്. തിരസ്ക്കരിക്കുന്ന മാലാഖമാര്‍…എന്നാലും എന്റെ കുഞ്ഞുങ്ങളെ എനിക്ക് കിട്ടുമെന്ന നേരിയ പ്രതീക്ഷയുണ്ടായിരുന്നു…
#മനുഷ്യത്വം_കണ്ണടച്ചപ്പോൾ.
ഭൂമിയിലെ മാലാഖമാരേ നിങ്ങള്‍ കൊന്നു കളഞ്ഞത് രണ്ട് മനുഷ്യജീവനുകളെയായിരുന്നു
ഓരോ മനുഷ്യ ജീവന്റെയും വില എണ്ണിപ്പറഞ്ഞ് പ്രതിജ്ഞയെടുത്ത് തൂവെള്ളയണിഞ്ഞിറങ്ങിയവര് ഒരു നിമിഷം കണ്ണടച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് ഇങ്ങനെ ആകാശങ്ങളും കടന്നുയര്ന്ന കിനാക്കളുടെ കൊട്ടാരമാണ്. ഇത് കേവലം ഒരാളുടെ മാത്രം പ്രശ്നമല്ല. ആയിരങ്ങളിലെ നെഞ്ചിലെ നെരിപ്പോടുകളില്‍ ആശങ്കയുടെ, ഭീതിയുടെ തീയാണ് ഈ അവഗണനയും ഭൂമിയിലേക്ക് പിറന്നു വീഴും മുമ്പേ കരിഞ്ഞുപോയ ജീവനുകളും കൊളുത്തിയിരിക്കുന്നത്.
#ഇനി_സുബർകത്തിൽ_കാണാം
ഏത് പരീക്ഷണ ഘട്ടത്തിലും ദൈവവിശ്വാസിക്ക് ആശ്വസിക്കാന്‍ ഒരത്താണിയുണ്ടല്ലോ. പടച്ച തമ്പുരാന്. അവന് ഞങ്ങളെ കൈവിടില്ല. അവള് സഹിച്ച വേദനക്കും അവളുടെ ഉള്ളിലെരിയുന്ന സങ്കടങ്ങളുടെ നെരിപ്പോടിനും പകരമായി അവന് ഞങ്ങള്‍ക്കിനിയും സമ്മാനങ്ങള്‍ തരും. പിന്നെ അവന്റെ സുബര്ക്കത്തേപ്പില് ഞങ്ങളുടെ മാലാഖമാരുണ്ടാവും..ഞങ്ങളെ കാത്ത്..
എൻ.സി ഷെരീഫ്
9744783068