Home Latest ഓഹ്! പുതിയ ഭാര്യയ്ക്ക് വേണ്ടി ഇനി എന്തൊക്കെയാണാവോ കൊണ്ട് വന്നേക്കുന്നത്.. Part – 2

ഓഹ്! പുതിയ ഭാര്യയ്ക്ക് വേണ്ടി ഇനി എന്തൊക്കെയാണാവോ കൊണ്ട് വന്നേക്കുന്നത്.. Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ശാലിനി മുരളി

അച്ഛന്റെ നവവധു – ഭാഗം രണ്ട്

“അച്ഛൻ ഇപ്പോൾ വിളിച്ചു ചോദിച്ചതേയുള്ളൂ നിങ്ങൾ എത്തിയോ എന്ന്..”

ഒന്നും പറയാതെ അവരെ കടന്നകത്തേക്ക് പോകുമ്പോൾ ഒരു തിരസ്ക്കരണത്തിന്റെ വേദന അവരിലുണ്ടായോ.. ശ്രദ്ധിച്ചില്ല.

കുളിച്ചു വരുമ്പോൾ മേശപ്പുറത്ത് എന്തൊക്കെയോ പുതിയ വിഭവങ്ങൾ നിരത്തി വെച്ചിരിക്കുന്നു!
ഹരിക്കുട്ടൻ ആർത്തിയോടെ ചാടിക്കയറി കസേരയിൽ സ്ഥാനം പിടിച്ചത് കണ്ട് വിലക്കാനാഞ്ഞതും അവർ അപേക്ഷയുടെ സ്വരത്തിൽ യാചിച്ചു..

“അരുത് മോളെ.മോൻ കഴിക്കട്ടെ.
നിങ്ങൾക്ക് വേണ്ടി ഇതെല്ലാം ഉണ്ടാക്കി ഞാൻ കാത്തിരിക്കുവായിരുന്നു ഇതുവരെ.. എന്നോടുള്ള ദേഷ്യം ഈ ഭക്ഷണത്തോട് കാട്ടരുതേ..”

പിന്നെ ഒന്നും പറയാൻ തോന്നിയില്ല.അല്ലെങ്കിലും അവർ ഈ വീട്ടിൽ വന്നതിനു ശേഷം ഒരു ശബ്ദം പോലും ഞങ്ങളുടെ നാവിൽ നിന്നുതിർന്നിട്ടില്ലല്ലോ !!

അച്ഛൻ അന്ന് പതിവിലും വൈകിയാണ് എത്തിയത്.അതുവരെ ഞങ്ങൾ മുറിക്കുള്ളിൽ ഹോം വർക്ക് ചെയ്‌തും വായിച്ചും കഴിച്ചു കൂട്ടി.

ഇടയ്ക്ക് ചേച്ചി മുറിക്ക് പുറത്തിറങ്ങിയപ്പോൾ അവർ ജനാലയിലൂടെ ഇരുട്ടിലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു..

അച്ഛൻ വരാൻ വൈകിയതിന്റെ കാരണം മനസ്സിലായത് ഒരു ഓട്ടോയിൽ നിറയെ സാധനങ്ങളുമായി വന്നിറങ്ങിയപ്പോളാണ്.

ഓഹ്! പുതിയ ഭാര്യയ്ക്ക് വേണ്ടി ഇനി എന്തൊക്കെയാണാവോ കൊണ്ട് വന്നേക്കുന്നത്..

ഹരിക്കുട്ടൻ അച്ഛന്റെ പിന്നാലെ പോകുന്നത് കണ്ടപ്പോൾ രോഷം തോന്നി.നാണമില്ലാത്തവൻ!!

അന്ന് അടുക്കള നിറയെ സാധനങ്ങൾ കൊണ്ട് നിറഞ്ഞു.അച്ഛന് ഇഷ്ടമില്ലാത്തത് വരെ വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്.
അമ്മൂമ്മ പറഞ്ഞത് ഓർത്തു.ആരുമില്ലാത്ത ആളെന്ന സഹതാപം കൊണ്ടാവും..

അന്ന് എല്ലാവരും ഒത്ത് ഭക്ഷണം കഴിക്കുമ്പോൾ ആണ് അച്ഛൻ ഞങ്ങളുടെ നേർക്ക് ഒരു ചോദ്യമെറിഞ്ഞത്.

“അമ്മൂമ്മ എന്താ പറഞ്ഞത്..”

ഓഹോ അതും അച്ഛനെ വിളിച്ചു പറഞ്ഞിരിക്കുന്നു.ആരെയും വിശ്വസിക്കാൻ കൊള്ളില്ല.എന്തൊരു ലോകം ആണിത്!
അമ്മ ഇല്ലാതായാൽ പിന്നെ ആരുമില്ല ഒരു ശരണത്തിന്!

അച്ഛൻ വിടാൻ ഭാവമില്ല..

“എന്റെ മക്കളുടെ സംശയവും
ദേഷ്യവുമൊക്കെ മാറിയോ ?”

അവരുടെ മുൻപിൽ വെച്ച് ആ ചോദ്യത്തിന്റെ മറുപടി കൊടുക്കാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു.
അപ്പോൾ അവരെ കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ പോയത് കൈയോടെ പിടിച്ചു എന്നുള്ള ഭാവമായിരുന്നൊ അച്ഛന്റെ മുഖത്ത് ?
ഒന്നും അറിയില്ലല്ലോ.
ഒരുപക്ഷെ തോന്നുന്നതാവും..

അന്ന് വാതിൽ ചാരാൻ തുടങ്ങുമ്പോഴാണ് അച്ഛൻ വേഗം മുറിയിലേക്ക് കടന്നു വന്നത്.

“എനിക്ക് നിങ്ങളോട് മൂന്നുപേരോടുമായി കുറച്ചു കാര്യങ്ങൾ പറയാനുണ്ട്..”

മുഖവുര ആർക്ക് വേണ്ടിയുള്ളതാണെന്ന് പറയാതെ തന്നെ പിടികിട്ടി.

“ഞാൻ നിങ്ങളോട് പറയാതെയാണ് നിർമ്മലയെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നത് എന്നത് ശരി തന്നെ.
ഇവിടേക്ക് എന്ന് പറഞ്ഞാൽ ഇതുവരെ നമ്മുടെത് മാത്രമായിരുന്ന ജീവിതത്തിലേക്ക്.
ആരുമില്ലാത്ത ഒരു സ്ത്രീക്ക് ഒരു ജീവിതം കൊടുക്കാൻ മാത്രമല്ല അങ്ങനെ ചെയ്തത് നിങ്ങൾ വളർന്നു വരികയാണ്.അച്ഛനെപ്പോഴും കൂട്ടിരിക്കാൻ പറ്റില്ല.ഈ സമയത്ത് അമ്മയുടെ സ്ഥാനത്തു നിൽക്കാൻ ഒരാള് വേണം.
അത് ഞാൻ നിഷേധിച്ചിട്ടും എന്നെക്കൊണ്ട് എല്ലാവരും കൂടി സമ്മതിപ്പിച്ചതായിരുന്നു.
പിന്നെ നിർമ്മലയെക്കുറിച്ച് കേട്ടപ്പോൾ ഒരു സഹതാപം കൂടി തോന്നിയെന്നതാണ് സത്യം.
എന്റെ മക്കൾ അവളോട് ദുർമുഖം കാട്ടുന്നത് ഇനിയെങ്കിലും ഉപേക്ഷിക്കണം.എനിക്കുറപ്പുണ്ട് അവൾക്ക് ഒരിക്കലും ഒരു രണ്ടാനമ്മയുടെ പോര് എടുക്കാൻ ആവില്ലെന്ന്.മക്കളെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്നെനിക്ക് നിങ്ങളുടെ അമ്മയുടെ ഫോട്ടോക്ക് മുൻപിൽ വെച്ച് ഉറപ്പ് തന്നിട്ടുണ്ട്.അത് പോരേ..”

അച്ഛന്റെ സ്വരം അല്പം ഇടറിയോ..
ഒരു വല്ലാത്ത നിശബ്ദത അവിടെയാകെ വട്ടം ചുറ്റി. ഹരിക്കുട്ടന്റെ കൂർക്കം വലി മാത്രം ഒരു താരാട്ട് പോലെ ഉയരുന്നുണ്ട്..
അച്ഛൻ എപ്പോഴാണ് മുറി വിട്ടു പോയതെന്ന് ഒരു പിടിയും കിട്ടിയില്ല.

തലേന്ന് രാത്രിയിൽ ഉറങ്ങാൻ വൈകിയതിന്റെ ക്ഷീണം അത്രയ്ക്കും അധികമായിരുന്നു!

ഓരോ ദിവസങ്ങൾ കഴിയുംതോറും അച്ഛന്റെ മുഖത്തെ തെളിച്ചം കൂടിക്കൂടി വരുന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു..
ഒരു പുരുഷന് തുണയായി ഒരു സ്ത്രീ കൂടിയേ കഴിയൂ എന്ന് അമ്മൂമ്മ അന്ന് പറഞ്ഞത് ഇതായിരിക്കുമോ ?
പക്ഷെ അതിലും വലിയൊരു കള്ളത്തരം ഞങ്ങൾ കണ്ട് പിടിച്ചത് ഏറെ വൈകിയായിരുന്നു..

ഹരിക്കുട്ടൻ കൂറ് മാറിയത് അറിയാൻ കുറച്ചു വൈകിപ്പോയി.
ഞങ്ങൾ കാണാതെ അവൻ അച്ഛന്റെ മുറിയിൽ പോകാറുള്ളതും അടുക്കളയിൽ അവന് സ്പെഷ്യലായി കിട്ടിയിരുന്ന ജിലേബിയും ഒക്കെ വെളിച്ചത്തു കൊണ്ട് വരാൻ കുറച്ചു പാടുപെടേണ്ടി വന്നു.
എന്നിട്ടും ഒന്നുമറിയാത്തത് പോലെ
അവൻ ഞങ്ങളുടെ കൂടെ ചേർന്ന് നല്ല പിള്ള ചമഞ്ഞിരുന്നു!

ദിവസങ്ങളും മാസങ്ങളും കടന്ന് പോയത് അറിഞ്ഞില്ല.
നിസ്സഹകരണം അതെ പോലെ നിലനിർത്തി ഞങ്ങൾ രണ്ട് പേരും പോരാളികളെ പ്പോലെ നിലകൊണ്ടപ്പോഴേക്കും കൂറ് മാറിയ ഹരിക്കുട്ടനെ ഞങ്ങളുടെ ലിസ്റ്റിൽ നിന്ന് ഞാൻ തൂത്തു വാരി കളഞ്ഞിരുന്നു.

അവനിപ്പോൾ ചെറിയമ്മ ഇല്ലാതെ ഒരു കാര്യവുമില്ല എന്നായിരിക്കുന്നു. എതിർ പക്ഷത്തു മൂന്നുപേരായത് എന്നെയും ചേച്ചിയെയും ചില്ലറയല്ല ക്ഷീണിപ്പിച്ചത്.
പക്ഷെ ഞങ്ങൾ ഞങ്ങളുടെ മനസ്സിനോട് തന്നെയായിരുന്നു പോരാടിക്കൊണ്ടിരുന്നതെന്ന് അറിയാൻ ഒരുപാട് വൈകിപ്പോയി.
അങ്ങോട്ട് കാണിച്ച അകൽച്ച ഒരിക്കലും തിരിച്ചിങ്ങോട്ട് ഇല്ലാത്തതായിരുന്നു ഞങ്ങളെ തളർത്തിയതും..

എല്ലാം സമയാസമയം റെഡിയായിരുന്നു. എന്തെങ്കിലും കാരണം തിരക്കി പോരടിക്കാൻ തക്കം പാർത്തിരുന്ന എന്റെ ശക്തിയും അതോടെ ക്ഷയിച്ചു തുടങ്ങി.

ഒരിക്കൽ സ്കൂളിൽ പോകാൻ ഒരുങ്ങി വന്നപ്പോൾ ശൂന്യമായ തീൻമേശ കണ്ട് എനിക്ക് അരിശം വന്നു.
ഇതെന്താ ഇന്നിവിടെ ഒന്നും ഉണ്ടാക്കിയില്ലേ..
അടുക്കളയിൽ രാവിലത്തെ കാപ്പി മാത്രം ചൂടാറി കിടപ്പുണ്ട്!

അച്ഛന്റെ മുറിയിലേക്ക് എത്തിനോക്കിയപ്പോൾ കട്ടിലിൽ പുതച്ചു മൂടികിടക്കുന്ന ഹരിക്കുട്ടന്റെ ചെറിയമ്മയെ കണ്ട് ശബ്ദം വല്ലാതെ ഉയർന്നുപോയി..

അതുകേട്ടതും പിടഞ്ഞെഴുന്നേൽക്കാൻ തുടങ്ങിയ അവർ അയ്യോ എന്ന് പറഞ്ഞു കൊണ്ട് കട്ടിലിലേക്ക് തന്നെ വീണു.
ചേച്ചി സംശയത്തോടെ എന്നെയൊന്നു നോക്കി. അടുത്തേക്ക് ചെല്ലാനോ എന്നുള്ള സന്ദേഹമുണ്ട് ആ നോട്ടത്തിൽ എന്ന് പിടികിട്ടി..

എന്തെങ്കിലും വയ്യാഴിക ആയിരിക്കുമോ.
അച്ഛനെ അവിടെയെങ്ങും കണ്ടില്ല..
അച്ഛൻ ഓഫീസിൽ പോയിട്ടില്ല എന്നുറപ്പാണ്. പിന്നെ ഈ അച്ഛൻ ഇതെവിടെ പോയി ??
ഹരിക്കുട്ടനെ വിളിച്ചു രഹസ്യമായി അന്വേഷിച്ചു..

“എന്താടാ നിന്റെ ചെറിയമ്മയ്ക്ക്..
അച്ഛൻ എവിടെ പോയതാ..??”

അച്ഛൻ ചെറിയമ്മയെ ഹോസ്പിറ്റലിൽ കൊണ്ടോവാൻ വണ്ടി വിളിക്കാൻ പോയതാ ചെറിയമ്മയ്ക്ക്‌ തീരെ വയ്യ. പനിയാണെന്നാ അച്ഛൻ പറഞ്ഞത്.. ”

വീണ്ടും മുറിയുടെ വാതിൽക്കൽ വരെ പോയി നോക്കി. അനക്കം കേട്ടാവണം വെള്ളം വെള്ളം എന്നവർ പിറുപിറുക്കുന്നത് കേട്ട് ചേച്ചി അടുക്കളയിലേക്ക് പോയി ചൂട് വെള്ളവുമായി അവരുടെ മുന്നിൽ ചെന്നു നിന്നു.

അതുകണ്ട് ആർത്തിയോടെ ഗ്ലാസ്സിലേക്ക് നോക്കിയ അവർ തലയുയർത്താനൊരു ശ്രമം നടത്തി. അതുകണ്ട് ചേച്ചി മെല്ലെ അവരുടെ തല ഉയർത്തി വെള്ളം ചുണ്ടോട് അടുപ്പിച്ചു കൊടുത്തു.

നന്ദി നിറഞ്ഞ ഒരു നോട്ടം ചേച്ചിക്ക് നേരെ നീട്ടി അവർ വീണ്ടും പുതപ്പിലേക്ക് ചുരുണ്ടു കൂടി..

നല്ല ചൂടുണ്ട് കേട്ടോ..
ചിലപ്പോൾ അഡ്മിറ്റ് ആക്കിയേക്കും..
അച്ഛൻ വണ്ടിയുമായി വന്ന് അവരെ പതിയെ എഴുന്നേൽപ്പിച്ച് ഒരു ഷാൾ അലമാരയ്ക്കുള്ളിൽ നിന്ന് എടുത്തു ചുമലിലൂടെ പുതപ്പിച്ചു മെല്ലെ വണ്ടിയിലേക്ക് കയറ്റി.

“കഴിക്കാനുള്ളത് മേശപ്പുറത്തു കൊണ്ട് വെച്ചിട്ടുണ്ട്. കഴിച്ചിട്ട് സ്കൂളിൽ പൊക്കോ. ഉച്ചക്ക് ഞാൻ എന്തെങ്കിലും വാങ്ങി കൊണ്ട് തരാം ”

ഓട്ടോയിൽ നിന്ന് തല പുറത്തേക്കിട്ടാണ് അച്ഛനതു പറഞ്ഞത്.
അപ്പോഴും അച്ഛന് ഞങ്ങളിലുള്ള കരുതൽ കണ്ട് മനസ്സ് നിറഞ്ഞു പോയ സമയമായിരുന്നത്!
അമ്മയില്ലാത്ത കുറവ് ഇതുവരെ ഞങ്ങൾ അറിയാതിരുന്നത് അച്ഛന്റെ ഈ കരുതൽ കൊണ്ട് മാത്രമായിരുന്നുവല്ലോ..

വൈകുന്നേരം തിരികെ വീട്ടിൽ എത്താൻ വല്ലാത്തൊരു തിടുക്കമായിരുന്നു..

ഹരിക്കുട്ടൻ അച്ഛന്റെ മുറിയിലേക്കാണ് ആദ്യം പോയത്.കണ്ണടച്ചുറങ്ങുന്ന ചെറിയമ്മയുടെ നെറ്റിയിൽ അവൻ കുഞ്ഞ് കൈകൾ കൊണ്ട് മെല്ലെ തലോടി.. ഹാവൂ ചൂട് കുറഞ്ഞിട്ടുണ്ട്. ചെറിയമ്മയെ ഡോക്ടറ് കുത്തിവെച്ചിട്ടുണ്ടാവും..
പാവം ചെറിയമ്മ !
വേദനിച്ചു കാണും..

അവൻ മെല്ലെ പിന്തിരിയാൻ തുടങ്ങിയതും നിർമ്മല ആ കൈകൾ ചേർത്തു പിടിച്ചു.

“മോൻ വന്നോ.ചെറിയമ്മ മൂന്ന് പേർക്കും
പലഹാരം ഉണ്ടാക്കിവെച്ചിട്ടുണ്ട്.ഉച്ചയ്ക്ക് കടപ്പലഹാരം അല്ലേ കഴിച്ചത്.. കുളിച്ചിട്ട് വേഗം വന്ന് വയറു നിറയെ കഴിച്ചോ..”

ഞാൻ മേശപ്പുറത്തേക്ക് നോക്കിയപ്പോൾ പതിവ് പോലെ എന്തൊക്കെയോ അടച്ചു വെച്ചിട്ടുണ്ട്.പനിയായിട്ടും ഇതൊക്കെ എങ്ങനെ ചെയ്തു!!
ചേച്ചിയും അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു!

തുടരും…

ശാലിനി മുരളി ✍️

LEAVE A REPLY

Please enter your comment!
Please enter your name here