രചന : ആമി
“കൂടുതൽ അടുപ്പം വേണ്ടാട്ടോ ആമിയേ…. റീനു ഒരു ട്രാൻസ്ജെൻഡർ ആണ്. “എന്ന് ഹരിത ടീച്ചർ എന്തോ സംസാരിച്ചു കൊണ്ടു ഞങ്ങൾ ഇരുന്നപ്പോൾ പറഞ്ഞപ്പോൾ ഞാൻ അത്ഭുതത്തോടെ ടീച്ചറെ നോക്കി.
“അതെ, ആമി പുതിയ ടീച്ചർ അല്ലേ അതുകൊണ്ട് പറഞ്ഞു എന്ന് ഉള്ളൂ “എന്ന് പറഞ്ഞു ഹരിത ടീച്ചർ ക്ലാസ്സിലേക്ക് പോയി. പെട്ടെന്നാണ് റീനു സ്റ്റാഫ് റൂമിലേക്ക് കയറി വന്നത്. നല്ല ഭംഗിയുള്ള മുഖവും, നല്ല ഭംഗിയുള്ള രൂപവും, പിന്നിയിട്ട മുടിയും ഒക്കെ അവൾക്കു ഉണ്ട്. ആരും പറയില്ല അവളൊരു ട്രാൻസ്ജെന്റർ ആണെന്ന്. ഓടി വന്നു അവൾ എന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു.
“ടീച്ചർ…. എന്റെ വീട് ഇവിടെ അടുത്താണ്. ഞാൻ അച്ഛനോട് പറഞ്ഞു സ്കൂളിൽ പുതിയ ടീച്ചർ വന്നു എന്ന് “അവളത് പറഞ്ഞപ്പോൾ മുഖത്ത് ചിരി വരാതെ ഞാൻ വിളറി ഇരുന്നു. അവൾ സ്കൂളിൽ കുട്ടികളെ ഡാൻസ് പഠിപ്പിക്കാൻ വരുന്ന ടീച്ചർ ആയിരുന്നു. കണ്ടാൽ നല്ല ഭംഗിയുള്ള ഒരു പെണ്ണ്.
“റീനു…. ഇന്ന് ക്ലാസ്സിൽ ആണ് പ്രാക്ടീസ്. എനിക്ക് കുറച്ചു നോട്ട് എഴുതാൻ ഉണ്ട് പിന്നീട് കാണാം നമുക്ക് “എന്ന് പറഞ്ഞു ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റതും റീനു ഒന്നും മിണ്ടാതെ ഇരുന്നു. ക്ലാസ്സിലേക്ക് പോകുമ്പോളും എന്റെ മനസ്സിൽ അവളുടെ രൂപം ആയിരുന്നു. എത്ര സ്നേഹമുള്ള പെണ്ണാണ് അവൾ. അവൾ എന്നോട് കൂട്ട് കൂടാൻ ആഗ്രഹിച്ചിരുന്നു എന്ന് എനിക്ക് തോന്നി. എന്നും സ്കൂൾ വിട്ടു പോകുമ്പോൾ അവളോടൊപ്പം ആണ് ഞാൻ വഴിയിലേക്ക് നടക്കുന്നത്. അന്ന് അവൾ എന്നെ കാത്തു നിൽക്കാതെ പോയിരുന്നു. വീടെത്തിയതും മനസ്സ് അസ്വസ്ഥമായി തോന്നി. ഞാൻ അവളെ ഫോണിൽ വിളിച്ചു.
“ടീച്ചർ വിഷമിക്കേണ്ട കേട്ടോ… ഞാൻ ഒരു ട്രാൻസ്ജെൻഡർ ആണെന്ന് ആരോ ടീച്ചറോട് പറഞ്ഞിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി…. എന്റെ കുഴപ്പം അല്ല ടീച്ചർ ഞാൻ ഇങ്ങനെ ആയത്. എനിക്കും ജീവിക്കണം എന്റെ ജീവിതം… ആര് ഇല്ലേലും എന്റെ കഴിവുകൾ കൊണ്ടു ഞാൻ ജീവിക്കും. “എന്ന് പറഞ്ഞു റീനു കോൾ കട്ട് ചെയ്തു. സങ്കടത്താൽ ഞാൻ ഇരുന്നു. പിറ്റേന്ന് സ്കൂളിൽ എത്തിയതും ഞാൻ അവളെ ചേർത്തു പിടിച്ചു പറഞ്ഞു.
“നീ എന്റെ കണ്ണിൽ പെണ്ണാണ്…. നിന്റെ മനസ്സിലും പ്രവർത്തിയിലും നീ പെണ്ണാണ്….ആ ഒരു അടുപ്പം മതി എനിക്ക്. നീ ആണാണോ പെണ്ണാണോ ആണും പെണ്ണും അടങ്ങിയതാണോ എന്നൊന്നും എനിക്ക് ഇനി അറിയേണ്ട… നിനക്ക് നല്ലൊരു മനസ്സ് ഉണ്ട് അതാണ് നിന്റെ ഐഡന്റിറ്റി “എന്ന് ഞാൻ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
ആമി