Home Latest ജഗ് വാങ്ങി വെള്ളമെടുക്കാൻ അകത്തേക്ക് പോകുമ്പോൾ ചങ്ക് ഒരൊന്നന്നര സ്പീഡിൽ ടിക് ടിക് അടിച്ചു…

ജഗ് വാങ്ങി വെള്ളമെടുക്കാൻ അകത്തേക്ക് പോകുമ്പോൾ ചങ്ക് ഒരൊന്നന്നര സ്പീഡിൽ ടിക് ടിക് അടിച്ചു…

0

രചന : Sumayya Beegum T. A

ചേച്ചി ഇത്തിരി വെള്ളം തരുമോ?

മഴയിൽ കുതിർന്ന വിറക് തീ പിടിക്കാതെ പുകഞ്ഞു കണ്ണ് നീറ്റുമ്പോൾ ഉമ്മറത്ത് നിന്നും ആരോ വിളിക്കുന്ന കേട്ടു.

കണ്ണ് അമർത്തി തുടച്ചു പാറി കിടന്ന ചുരുണ്ട മുടി മാടിയൊതുക്കി നൈറ്റി ശരിയാക്കി വാതിലിനടുത്തേക്ക് ചെന്നതും ഷോക്കടിച്ച പോലെ നിന്നു.

അയ്യോ !ഇങ്ങേരോ? ഇതെന്താ ഇവിടെ?

എന്നെ കണ്ടതും മൂപ്പരുടെ മുഖം കടലാസ് പോലെ വിളറി വെളുത്തു.

കുറച്ചു നേരം എന്തുപറയണം എന്ന് അറിയാതെ നിൽകുമ്പോൾ മുറ്റത്തു കൂട്ടിൽ കിടന്ന ജിമ്മി ഉറക്കെ കുരച്ചു.

ആ കുര കേട്ട് ചമ്മൽ മറച്ചു അയാളെന്നെ നോക്കി ഒരു ചിരി ചിരിച്ചു.

ഞാൻ ഒരല്പം ഗൗരവത്തോടെ ചോദിച്ചു എന്ത് വേണം?

ഒന്നും വേണ്ട.

പിന്നെ?

ഒന്നുമില്ല.

അപ്പോഴാണ് അയാളുടെ കയ്യിൽ ഇരിക്കുന്ന ജഗ് കണ്ണിൽ പെട്ടത്.

കയ്യിൽ ഇരിക്കുന്ന ജഗ് പിന്നെ കാണിക്കാൻ കൊണ്ട് വന്നതാണോ?

അതല്ല വെള്ളം വേണമായിരുന്നു.

അയാളെ ഞാൻ ഒന്നു നോക്കി. ആഹാ മനോഹരമായ കോലം. ചെളി പറ്റിയ ഷർട്ടും കൈലിയും.

അപ്പുറത്തെ പണിതു കൊണ്ടിരിക്കുന്ന വീടിന്റെ പുതിയ പണിക്കാരൻ ആവും.

കയ്യിൽ നിന്നും ജഗ് വാങ്ങി വെള്ളമെടുക്കാൻ അകത്തേക്ക് പോകുമ്പോൾ ചങ്ക് ഒരൊന്നന്നര സ്പീഡിൽ ടിക് ടിക് അടിച്ചു.

ജഗ് അവിടെ വെച്ച് ഓടിപോയി കണ്ണാടിയിൽ നോക്കി മുടി ചീകി ഇച്ചിരി പൗഡർ ഇട്ടു.

ശോ ഇന്ന് ചുരിദാർ ഇട്ടാൽ മതിയാരുന്നു ഇതിപ്പോ സുധിയേട്ടൻ കളിയാക്കുന്ന പോലെ ഒരു കിളവി മാതിരിയുണ്ട്.

ജഗ്ഗിൽ വെള്ളമെടുത്തു കൊടുക്കുമ്പോൾ ഒരല്പം ഗർവോടെ ഞാൻ ആ മുഖത്തേക്ക് ഒന്ന് നോക്കി.

മൂപ്പര് ഇടം വലം നോക്കാതെ വെള്ളവുമായി ഒറ്റ പോക്കായിരുന്നു.

ഉച്ചയ്ക്ക് സുധിയേട്ടൻ ഉണ്ണാൻ വന്നപ്പോൾ ചോറിൽ മൂപ്പർക്ക് ഏറെ ഇഷ്ടമുള്ള അയല വറുത്തത് എടുത്തു വെച്ച് കൊടുത്തിട്ട് മെല്ലെ പറഞ്ഞു.

അതേ ഞാൻ ഇന്നൊരാളെ കണ്ടു.

ആരെ?

എന്റെ പഴയ സൂപ്പർ ഹീറോയെ.

ആര് നിന്റെ ആ പഴയ മണിയടിക്കാരനെയോ ണിം ണിം.

ഒന്നുപോ, അയാൾ കിളി അല്ല കണ്ടക്ടർ അല്ലാരുന്നോ?

എന്നിട്ട് എവിടെ?

അപ്പുറത്തുണ്ട്.

ഈശ്വര ഈ വീട്ടിലോ? വഞ്ചകി.

ഓഹ് അല്ല.

അവിടെ അപ്പുറത്തെ വീട്ടിൽ ആ കട്ടയും മണലും ചുമക്കുന്നത് അയാളാണ്.

അവൾ ചൂണ്ടിയ അപ്പുറത്തെ പറമ്പിലേക്ക് ജനൽ വഴി നോക്കുമ്പോൾ കണ്ടു ഒരു കാലത്ത് തന്റെ പ്രിയതമയുടെ സൂപ്പർ ഹീറോയെ.

സത്യം പറയെടി ഇന്ന് ഉച്ചയ്ക്ക് എന്നെ ഊട്ടിയിട്ട് അയാളുമായി ഒളിച്ചോടാൻ വല്ല പ്ലാനും ഉണ്ടോ?

ദേ തോന്ന്യാസം പറഞ്ഞാൽ ഉണ്ടല്ലോ? പൂതി മനസിലിരിക്കട്ടെ. ഞാൻ എങ്ങും ആരുടെയും കൂടെ പോകില്ല.

നല്ല പ്രായത്തിൽ അങ്ങേര് എന്നെ മൈൻഡ് ചെയ്തിട്ടില്ല പിന്നെ അല്ലേ ഇപ്പോൾ.

അയ്യോ അന്ന് അയാൾ നിന്നെ മൈൻഡ് ചെയ്യാതിരുന്നതിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് ഞാൻ ആണ്.

ഒന്നൂടെ ട്രൈ ചെയ്തു നോക്കടി. ഞാൻ വേണേൽ രണ്ടുപേർക്കുമുള്ള വണ്ടിക്കൂലി തരാം.

എന്നെ പറ്റി അങ്ങനെയാണല്ലേ നിങ്ങടെ വിചാരം പണ്ടത്തെ ഓരോന്നും പറഞ്ഞു കേൾപ്പിച്ച ഞാൻ പൊട്ടി. അല്ലേലും നിങ്ങൾക്കിപ്പോ അങ്ങനെ ഒക്കെ തോന്നും.

നിറഞ്ഞു വന്ന കണ്ണുകളുമായി തിരിഞ്ഞു അടുക്കയിലേക്ക് പോകാൻ തുടങ്ങിയവളെ പിടിച്ചു മടിയിലിരുത്തി.

നീ ചോറുണ്ടോ?

ഇല്ല.

എന്നാ വാ നമുക്ക് ഒരുമിച്ചു കഴിക്കാം.

ഞാൻ ഇപ്പോൾ രാവിലത്തെ കഴിച്ചതേയുള്ളു പിന്നെ മതി.

ഇങ്ങോട്ട് നോക്കടി പിള്ളേർ കഴിച്ചോ?

കഴിച്ചു.
അപ്പൊ മീൻ തീർന്നു.

ശരിയല്ലേ?

അവൾ ഒന്നും മിണ്ടാതെ അവനോടു ചേർന്നിരുന്നു.

ഇന്നലെ വാങ്ങിയ അരകിലോ മീൻ കൊണ്ടു ഇന്ന് ഉച്ചയ്ക്ക് കൂടി വിളമ്പിയപ്പോഴേ മനസിലായി നീ കഴിച്ചിട്ടില്ലന്നു.

ഒരു കിലോ മീൻ തിന്നാലും തികയാത്തവൾ മീൻ ഇല്ലാതെ ചോറുണ്ണാനൊക്കെ പഠിച്ചോ ?

കളിയാക്കണ്ട. ഓരോ മനുഷ്യർ ഒരു നേരം പോലും കഴിഞ്ഞു കൂടാൻ നിവർത്തിയില്ലാതെ വിഷമിക്കുമ്പോൾ മീൻ ഇല്ലാതെ ചോറുണ്ണാൻ ഒക്കെ എന്നെ കൊണ്ടു പറ്റും.

അത് പറഞ്ഞവളെ കൂടുതൽ ചേർത്ത് പിടിച്ചു അവൻ തുടർന്നു.

സ്വന്തമായി ഒരു പരിപാടി തുടങ്ങി പച്ച പിടിച്ചു വന്നപ്പോൾ ആണ് നശിച്ച കോവിഡ് എല്ലാം താറുമാറാക്കിയത്. എന്നാലും ടെൻഷൻ ആവണ്ടടി. എല്ലാം പഴയ പോലെ ആകും ഒരല്പം സമയമെടുക്കും അതുവരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.

അത് എന്നോട് സുധിയേട്ടൻ പ്രത്യേകം പറയണോ?

എന്നാ മോൾ വാ തുറന്നെ.

ഒരു ഉരുള ചോറ് മീൻ കൂട്ടി വായിൽ വെച്ച് കൊടുക്കുമ്പോൾ അവളുടെ ചിരി കാണാൻ ഏഴഴക് ആയിരുന്നു.

കൊതിച്ചി പാറു.

അയ്യടാ ചോറ് തന്നതിനല്ല ഈ കൈ കൊണ്ടു താലി കെട്ടി കൂടെ കൂടിയതിന്റെ ചിരിയാണ് കണ്ടത് കേട്ടോ.

വൈകുന്നേരം അഞ്ചാറ് ഗ്ലാസിൽ കടും കാപ്പിയുമായി അപ്പുറത്തെ പണി സ്ഥലത്തേക്ക് ചെന്നപ്പോൾ സൂപ്പർ ഹീറോ വീണ്ടും ചമ്മി.

കാപ്പി.

ചോദിച്ചില്ലല്ലോ വേണ്ടാരുന്നു അയാൾ മുഖത്ത് നോക്കാതെ അവളോട്‌ പറഞ്ഞു.

ഓഹ് വേണമെങ്കിൽ കുടിച്ചാൽ മതി.

വർഗീസ് ചേട്ടോ കാപ്പി.

അവൾ മേസ്തിരിയെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

അനുമോൾ വന്നോ ഞാൻ ഓർത്തു കടും കാപ്പിക്ക് ടൈം ആയല്ലോ കണ്ടില്ലല്ലോ എന്ന്. വർഗീസ് വന്നു കാപ്പി വാങ്ങി.

ജാടയിട്ടു നിൽക്കുന്ന ഹീറോയെ നോക്കി അവൾ പറഞ്ഞു.

ഈ കാപ്പി എന്റെ ഔദാര്യം ഒന്നുമല്ല. ഈ വീടിന്റെ ഓണർ ചേച്ചി കാപ്പി പൊടിയും പഞ്ചാരയും ഏല്പിച്ചിട്ടുണ്ട്. അവര് തന്നില്ലേലും ഞാൻ കൊണ്ടു വന്നു കൊടുക്കും. ഇതൊക്കെ ഒരു മര്യാദ അല്ലേ എന്റെ കെട്യോനും വേറെ സ്ഥലത്തു പോയി ജോലി ചെയ്യുന്ന ആളാണ്.

ദാ എടുത്തോ?

എടുത്തു കുടിക്ക് സരോജേ.

മടിച്ചു മടിച്ചു അയാൾ കാപ്പി എടുത്തു കുടിച്ചു.

സന്ധ്യ ആയപ്പോൾ കുളിച്ചുവന്നു നനഞ്ഞ മുടി തുമ്പു കെട്ടികൊണ്ടു അവൾ മുറ്റത്തു നിൽകുമ്പോൾ പാത്രങ്ങൾ തരാനായി അയാൾ വന്നു.
പാത്രവും ഗ്ലാസുകളും കൊടുക്കുന്നതിനിടയ്ക്കു അയാൾ അവളോട് ചോദിച്ചു.

എന്നോട് തനിക്ക് ദേഷ്യമുണ്ടോ?

എന്തിനു, എനിക്കൊരു ദേഷ്യവുമില്ല.

അന്ന് ചേട്ടൻ ഭയങ്കര ഗ്ലാമർ ആയിരുന്നല്ലോ? ഒരുപാട് ഫാൻസും അപ്പോ പിന്നെ നമ്മളെ ഒക്കെ ഒഴിവാക്കി വിട്ടതിൽ സങ്കടം ഒന്നും തോന്നിയില്ല.

ഇപ്പൊ ബസിൽ പോകുന്നില്ലേ?

ഇല്ല നിർത്തി. ആകെപ്പാടെ ഒന്നോ രണ്ടോ യാത്രക്കാർ കാണും. കയ്യിൽ ഇരിക്കുന്ന പൈസ എടുത്തു ഡീസൽ അടിച്ചു വേണം ഓടാൻ. മുതലാളിക്കും നമ്മൾക്കും നഷ്ടം. അതുകൊണ്ട് വേണ്ടാന്ന് വെച്ചു.

രണ്ടുമൂന്നു മാസം വെറുതെ ഇരുന്നപ്പോൾ കടം കൂടിയായി. ജീവിക്കാൻ എന്തേലും പണിയില്ലാതെ പറ്റില്ലല്ലോ അതോണ്ട് വർഗീസ് ചേട്ടനൊപ്പം കൂടി. ഭാര്യ കഴിഞ്ഞയാഴ്ച പ്രസവിച്ചു. മോളാണ്. ആശുപത്രിയിൽ പോക്കൊക്കെ ആയതുകൊണ്ട് ആണ് പണിക്ക് കഴിഞ്ഞ ദിവസങ്ങളിൽ വരാതിരുന്നത്.

ആ അനു എന്നാണ്‌ തന്റെ പേര് അല്ലേ?

അതേ പക്ഷേ നിങ്ങൾ കൂട്ടുകാർ പണ്ട് കളിയാക്കി വിളിച്ചിരുന്ന ഇരട്ട പേരൊക്കെ ഇനിയും വിളിച്ചാൽ മതി.

സോറി അങ്ങനെ ഒന്നും പറയരുത് കേട്ടോ അന്നത്തെ പോലെ അല്ല ഇപ്പൊ താൻ സുന്ദരിയായി.

അന്നത്തെ കോലം കണ്ടു ഇഷ്ടപ്പെട്ടു കെട്ടിയ സുധിയേട്ടൻ ആണ് ഈ കോലത്തിൽ ആക്കിയത്. പുള്ളിക്ക് മുഖത്തിന്റെ സൗന്ദര്യത്തേക്കാൾ മനസിനൊത്ത പെണ്ണിനെ മതിയാരുന്നു.

അവൾ അതൊന്നു കൊള്ളിച്ചു പറഞ്ഞപ്പോൾ അയാളൊന്നു ചമ്മി..

പോട്ടെ എന്നുപറഞ്ഞു അയാൾ പോകാൻ തുടങ്ങുമ്പോൾ അവൾ പറഞ്ഞു.

അതേ എന്ത്‌ ജോലി ചെയ്തും കുടുംബം നോക്കുന്നത് ആണത്തമാണ് ഈ ചമ്മൽ ഒന്നും ഇനി വേണ്ട കേട്ടോ. കഴിഞ്ഞതൊക്കെ ഓർക്കാൻ രസമുള്ള തമാശകൾ അത്രേയുള്ളൂ. പകയും പ്രതികരവുമൊക്കെ സിനിമയിലും സീരിയലിലുമേ ഉള്ളു. ജീവിതം ഇങ്ങനെ ഒക്കെയാണ്. പലരെയും പല വേഷത്തിൽ ഒട്ടും പ്രതീക്ഷിക്കാത്തിടത്തു വെച്ചു വീണ്ടും കണ്ടുമുട്ടിക്കും.

ഇടയ്ക്കൊക്കെ നര വീണ കഷണ്ടി കയറി തുടങ്ങിയ തലയാട്ടി ചിരിച്ചയാൾ നടന്നു മറഞ്ഞു.

വിളക്ക് കൊളുത്തുമ്പോൾ കാലം ഒരാളിൽ എത്ര മാറ്റം വരുത്തുന്നു എന്നതിനേക്കാൾ ഒരു രോഗം എത്ര പേരെയാണ് പുതുതായി പലതും പഠിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നു അവളോർത്തു.

നാമം ജപിക്കുമ്പോൾ ലോകത്തിനു മൊത്തം നന്മ വരാൻ അവൾ ജഗദീശ്വരനോട് ഉള്ളുരുകി പ്രാർത്ഥിച്ചു….

LEAVE A REPLY

Please enter your comment!
Please enter your name here