Home Latest നിന്നോട് ഒന്ന് പറയുകപോലും ചെയ്യാതെ ഞാൻ ഒരു തീരുമാനം എടുത്തതിലുള്ള ദേഷ്യമാണോ… Part – 7

നിന്നോട് ഒന്ന് പറയുകപോലും ചെയ്യാതെ ഞാൻ ഒരു തീരുമാനം എടുത്തതിലുള്ള ദേഷ്യമാണോ… Part – 7

0

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : മഹാദേവൻ

കല്യാണി ( ഏഴ് )

അതും പറഞ്ഞ് എന്തോ ആലോചിക്കുമ്പോലെ പെട്ടന്ന് മൊബൈൽ എടുത്ത് തുറക്കുമ്പോൾ പറയുന്നുണ്ടായിരുന്നു ” നീ എന്റെ പെണ്ണിനെ കണ്ടില്ലല്ലോ ” എന്ന്. അതും പറഞ്ഞ് ഫോൺ അവന് നേരെ നീട്ടുമ്പോൾ കയ്യിലെ ഗ്ലാസ് ടേബിളിൽ വെച്ച് സന്തോഷത്തോടെ ഗോപൻ ഫോൺ വാങ്ങി ഡിസ്പ്ലേയിലേക്ക് നോക്കി…
അതിൽ തെളിഞ്ഞ മുഖം കണ്ട് വിശ്വസിക്കാൻ കഴിയാതെ ഒരു നിമിഷം ഞെട്ടിത്തരിച്ചു വിറങ്ങലിച്ചിരിക്കുമ്പോൾ മഹേഷ്‌ മീശയിൽ തെരുപ്പിടിച്ച് ചുണ്ടിൽ ഒരു ചിരി നിറച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു

” ഇതാണ് എന്റെ പെണ്ണ് ! ” എന്ന്.

പെട്ടന്നുണ്ടായ ഞെട്ടലിൽ നിന്ന് മോചിതനാവാൻ കുറച്ച് സമയമെടുത്തു ഗോപന്.
പിന്നെ അതേ ഭാവത്തോടെ മഹേഷിന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവന്റെ മുഖത്തപ്പോഴും മായാത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

” ന്താടാ.. നിന്ക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ? അതോ നിന്നോട് ഒന്ന് പറയുകപോലും ചെയ്യാതെ ഞാൻ ഒരു തീരുമാനം എടുത്തതിലുള്ള ദേഷ്യമാണോ നിന്റെ മുഖത്ത്‌? ”

ഗോപന്റെ നോട്ടം കണ്ടപ്പോൾ തന്നെ തന്റെ തീരുമാനം അവനേ വല്ലാതെ പിടിച്ചുലച്ചിട്ടുണ്ടെന്ന് മനസ്സിലായപ്പോലെ മഹേഷ്‌ അവനോട് ആരായുമ്പോൾ ഒന്നും പറയാൻ കഴിയാതെ ഇരിക്കുകയായിരുന്നു ഗോപൻ.

” ഗോപാ… എന്റെ ഇഷ്ട്ടങ്ങൾ എന്നും നിന്റെ കൂടി ഇഷ്ട്ടങ്ങൾ അല്ലെ… അതുകൊണ്ട് മാത്രമാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. എനിക്കറിയാം പെട്ടന്ന് നിനക്ക് ഇത് അസെപ്റ്റ് ചെയ്യാൻ കഴിയില്ലെന്ന്. നിനക്ക് പ്രിയപ്പെട്ടവളേ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുമ്പോൾ അത്‌ നിന്നോട് ഒന്ന് ഷെയർ പോലും ചെയ്യാത്തത് എന്റെ തെറ്റാണ്.
നാട്ടിലേക്ക് വരുമ്പോൾ മനസ്സിൽ ഇവൾ മാത്രമായിരുന്നു. വീട്ടുകാർ പല ആലോചനകളും മുന്നോട്ട് വെക്കുമ്പോൾ അതിനെ ഒക്കെ തള്ളിക്കളയാൻ കാരണവും ഇതായിരുന്നു.
ഞാൻ പറഞ്ഞല്ലോ വീട്ടുകാർക്ക് ഇഷ്ട്ടമാണെന്ന്. പക്ഷേ, അത്‌ സത്യത്തിൽ ഒരു കള്ളമാണ്.
അവർ ഇവളെ കണ്ടിട്ടുണ്ടെങ്കിലും എന്റെ ഈ തീരുമാനം അവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ലായിരുന്നു. പിന്നെ എന്റെ വാശിക്ക് മുന്നിൽ അസപ്റ്റ് ചെയ്യണോ അതോ റിജെക്ട് ചെയ്യണോ എന്ന കൺഫ്യൂഷനിൽ ആണ് അവർ ഇപ്പോഴും.

എനിക്കറിയാം ഈ ഫോട്ടോ നിന്റെ ചങ്കിടിപ്പ് കൂട്ടുമെന്ന്. പെട്ടന്ന് ഇതിനെ നിനക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും.
പക്ഷേ, എന്നെ മനസ്സിലാക്കാൻ നിനക്ക് കഴിയും. നിന്നെക്കാൾ ഏറെ എന്നെ മനസ്സിലാക്കിയ ഒരാൾ വേറെ ഇല്ലല്ലൊ…

പക്ഷേ, ഇപ്പഴും ഞാൻ പറയുന്നു നിന്റെ സമ്മതം ഇല്ലങ്കിൽ ഈ ആഗ്രഹം ഞാൻ ഇവിടെ ഉപേക്ഷിക്കും. ഇതിനേക്കൾ ഒക്കെ വലുത് എനിക്ക് നീ ആണ്. നമ്മുടെ സൗഹൃദം ആണ്. ഒരു പെണ്ണ് കാരണം അത്‌ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..
എല്ലാം നിന്നോട് ഷെയർ ചെയ്യുന്ന ഞാൻ ഇത് മാത്രം പറയാതിരുന്നത് എന്റെ തീരുമാനം നിനക്ക് അംഗീകരിക്കാൻ കഴിയുമെന്ന വിശ്വസത്തിൽ ആണ്. ”

മഹേഷിന്റെ ഓരോ വാക്കുകളും അവന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ പെട്ടന്ന് എന്ത് മറുപടി പറയണമെന്ന് അറിയാതെ ഇരിക്കുകയായിരുന്നു ഗോപൻ.
” ഇങ്ങനെ ഒരു കാര്യം അവൻ മുന്നോട്ട് വെക്കുന്നതെന്ന് അറിഞ്ഞില്ല. മനസ്സിൽ പോലും ചിന്തിച്ചില്ല ….. ”

പെട്ടന്നൊരു മറുപടി പറയാൻ കഴിയാതെ അവൻ മുന്നിലെ ഗ്ളാസ്സിൽ ഒഴിച്ച് വെച്ച മദ്യം ഒറ്റ വലിക്ക് തീർത്ത്‌ മുഖം തുടച്ചുകൊണ്ട് എഴുന്നേൽക്കുമ്പോൾ മഹേഷ്‌ പോസിറ്റീവ് ആയ ഒരു ഉത്തരം പ്രതീക്ഷിച്ചുകൊണ്ട് പിന്നെയും ചോദിക്കുന്നുണ്ടായിരുന്നു ” ടാ നീ ഒന്നും പറഞ്ഞില്ല ” എന്ന്.

അതിന് മറുപടി എന്നോണം മഹേഷിന് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ അവൻ ഒന്ന് തിരിഞ്ഞുനോക്കിക്കികൊണ്ട് പറയുന്നുണ്ടായിരുന്നു
” എന്റെ തീരുമാനം അല്ലല്ലോ ഇവിടെ പ്രധാനം.. അവളുടെ അല്ലെ… അവൾ സന്തോഷത്തോടെ സമ്മതിച്ചാൽ പിന്നെ എനിക്ക് എന്ത് കുഴപ്പം.. ദൈവം അങ്ങനേ ആണ് തീരുമാനിച്ചതെങ്കിൽ അത്‌ നടക്കട്ടെ ” എന്ന്.

അതും പറഞ്ഞ് വയ്യാത്ത കാലും വലിച്ച് ഗോപൻ പുറത്തേക്ക് ഇറങ്ങുമ്പോൾ വീണ് കിട്ടിയ സന്തോഷം ആഘോഷിക്കാൻ മഹേഷ്‌ ഗ്ലാസ്സിലേക്ക് മദ്യം പകരുകയായിരുന്നു.

————————————————-

” മോളെ, എന്താണ് നിന്റെ തീരുമാനം? അച്ഛനെ ഇനിയും വിഷമിപ്പിക്കാൻ ആണോ? ”

രാത്രി ഭക്ഷണം പോലും കഴിക്കാതെ കിടക്കുന്ന മകൾക്കരികിൽ ഇരിക്കുമ്പോൾ ഒരു അച്ഛന്റെ എല്ലാ വേവലാതിയും വിഷമവും ആ വാക്കുകളിൽ ഉണ്ടായിരുന്നു.

അരികിലിരിക്കുന്ന അച്ഛനെ കണ്ട് കണ്ണ് തുടച്ച് കല്യാണി എഴുന്നേൽക്കുമ്പോൾ വാത്സല്യത്തോടെ അവളുടെ മുടിയിൽ ഒന്ന് തലോടി അയാൾ. പിന്നെ അവളുടെ കരഞ്ഞുതിണർത്ത കണ്ണുകളിലേക്ക് നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു
” മോളെ.. എനിക്ക് മനസ്സിലാകും മോളുടെ വിഷമം. പക്ഷേ, ഇതുപോലെ നാളെ ന്റെ കുട്ടി കരയേണ്ടി വരുന്ന ഒരു അവസ്ഥ ഇല്ലാതിരിക്കാൻ ആണ് അച്ഛൻ മോളെ ഇപ്പോൾ വന്ന ആലോചനക്ക് നിർബന്ധിക്കുന്നത്. മോളെ കുറിച്ച് എല്ലാം അറിയുന്ന കൂട്ടരല്ലേ. അവിടെ മോൾക്ക് സ്വർഗ്ഗമാകും. ഇപ്പോൾ നീ കരയുന്നത് നാളെ നിനക്ക് സന്തോഷം നൽകുവാൻ ആയിരിക്കും.
നമുക്ക് ഒരു ജീവിതമല്ലേ ഉളളൂ.. അത്‌ വെറുതെ എന്നോ മനസ്സിൽ തോന്നിയ ഒരു ഇഷ്ട്ടത്തിന്റെ പേരിൽ…… ”

അയാൾ അത്രയും പറഞ്ഞ് നിർത്തുമ്പോൾ അച്ഛന്റെ വാക്കുകളിൽ അച്ഛൻ കണ്ടെത്തുന്ന ശരികളെ ഓർത്ത് ആ മുഖത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു കല്യാണി.
അച്ഛൻ അച്ഛന്റെ മുന്നിൽ നിൽക്കുന്ന ശരികളെ മാത്രം കാണാൻ ശ്രമിക്കുമ്പോൾ മകളെ മനപ്പൂർവം മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുകയാണെന്ന് പോലും തോന്നിപ്പോയി അവൾക്ക്.

മെല്ലെ കണ്ണുകൾ തുടച്ചുകൊണ്ട് അച്ഛന്റെ മുഖത്തു നിന്നും കണ്ണെടുത്ത്‌ താഴേക്ക് നോക്കിയിരിക്കുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു,

” എനിക്ക് വാശിയില്ല അച്ഛാ.. സങ്കടവും..
നിങ്ങളുടെ തീരുമാനം പോലെ ഞാൻ നിൽക്കാം.. നിങ്ങൾ പറയുന്ന ആൾക്ക് മുന്നിൽ ഞാൻ കഴുത്ത് നീട്ടാം.. നിങ്ങക്കൊക്കെ സന്തോഷം നൽകുന്ന എന്റെ തുടർന്നുള്ള ജീവിതം ഞാൻ സ്വീകരികാം. പക്ഷേ, ഞാൻ ഒന്ന് ചോദിക്കട്ടെ..
എന്നെങ്കിലും അച്ഛൻ ഈ മോളെ മനസ്സിലാക്കിയിട്ടുണ്ടോ? അച്ഛന്റെ മോളുടെ മനസ്സ് അറിഞ്ഞിട്ടുണ്ടോ? അച്ഛന്റെ തീരുമാനങ്ങളിലെ ശരികളെ എനിക്ക് മുന്നിൽ നിരത്തുമ്പോൾ എന്റെ ശരികൾക്ക് ഒരിക്കലെങ്കിലും കാതോർത്തിട്ടുണ്ടോ?
ഇല്ല അച്ഛാ..
എന്നും അച്ഛന്റെ തീരുമാനങ്ങൾ മാത്രമായിരുന്നു ശരി. അല്ലെങ്കിൽ അച്ഛൻ അങ്ങനെ ആക്കിയെടുക്കാൻ ശ്രമിക്കും.
ഇവിടെയും അത്‌ തന്നെ അല്ലെ അച്ഛാ നടക്കുന്നത്. ഞാൻ ഒരാളെ ഇഷ്ട്ടമാണെന്ന് പറയുമ്പോൾ അച്ഛന് മോളുടെ മനസ്സിനേക്കാൾ വലുത് അച്ഛനോപ്പം നിൽക്കുന്ന അന്തസ്സാണ്.
അച്ഛാ. ഒന്ന് ഞാൻ പറഞ്ഞോട്ടെ…ധിക്കാരമായി കാണണ്ട…
അന്തസ്സ് എന്നത് പണം കൊണ്ട് നേടാൻ കഴിയുന്ന ഒന്നല്ല. അത്‌ മനസ്സിന്റെ വലുപ്പം കൊണ്ട് താനേ വന്നു ചേരുന്നതാണ്. അങ്ങനെ നോക്കുമ്പോൾ ഞാൻ സ്നേഹിച്ചവന് നമ്മളെക്കാൾ അന്തസ്സ് ഉണ്ട് അച്ഛാ.. അതുകൊണ്ട് ആണല്ലോ എന്നെ ഒരിക്കൽ പോലും കൂടെ വരാൻ നിർബന്ധിക്കാതെ നേരിട്ട് അച്ഛന് മുന്നിൽ വന്ന് എന്നെ ചോദിച്ചത്..
അഭിമാനം ഉള്ളത് കൊണ്ടല്ലേ അച്ഛാ അച്ഛന്റെ തീരുമാനങ്ങളെ വെല്ലു വിളിക്കാതെ പുഞ്ചിരിയോടെ ഇവിടെ നിന്നും ഇറങ്ങിപ്പോയത്. പക്ഷേ, ഇന്നലെ ഇവിടെ നിന്നും ഇറങ്ങിപോകുമ്പോൾ ആ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം. കാരണം ആ മനസ്സ് നിറയെ ഞാൻ ആണ്.

അതുപോലെ തന്നെ ആണ് എന്റെ മനസ്സിലും. നിങ്ങളുടെ വാക്കിന്റെ വില കളയാതിരിക്കാൻ, ധിക്കരിക്കാതിരിക്കാൻ ഞാൻ അച്ഛൻ പറയുന്ന ആൾക്ക് മുന്നിൽ കഴുത്ത് നീട്ടാം.. പക്ഷേ, അതോടൊപ്പം എന്റെ മനസ്സിനെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കരുത്. അത്‌ ഒരാൾക്കേ കല്യാണി കൊടുത്തിട്ടുള്ളൂ.. മരിക്കുവോളം അത്‌ അയാൾക്ക് വേണ്ടി മാത്രമേ തുടിക്കുകയുള്ളൂ. ”

അവളുടെ ഓരോ വാക്കും അയാൾ കേട്ടത് വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.
ആലോചിക്കുമ്പോൾ അവൾ പറഞ്ഞതിൽ ശരിയുണ്ട്.. പക്ഷേ, മകൾക്ക് വേണ്ടി ജീവിക്കുന്ന ഒരു അച്ഛന്റെ മനസ്സിന്റെ വേവലാതികൾ ആണ് എല്ലാം എന്ന് അവൾ മനസ്സിലാകുന്നില്ലലോ എന്നോർക്കുമ്പോൾ അയാളുടെ ഹൃദയം വല്ലാതെ പിടക്കുന്നുണ്ടായിരുന്നു.
ആദ്യമായി മകളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടുമ്പോൾ അയാൾ അസ്വസ്ഥതയോടെ അവളോട് മറുത്തൊന്നും പറയാതെ പതിയെ എഴുനേറ്റു. പിന്നെ അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ പതിയെ റൂമിൽ നിന്നും പുറത്തേക്ക് കടക്കുമ്പോൾ അച്ഛന്റെ ആ പോക്ക് നോക്കി വിഷമത്തോടെ ഇരിക്കുകയായിരുന്നു കല്യാണി അച്ഛന്റെ മനസ്സ് വിഷമിപ്പിച്ചതോർത്ത്‌.

——————————————————-

ദിവസങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
പകലും രാത്രിയും മാറിമറയുന്നതിനോടൊപ്പം അവളിലേക്കുള്ള ദൂരം കൂടുന്നത് പോലെ തോന്നി ഗോപന്.ഇപ്പോൾ അതികം വിളിക്കാൻ ശ്രമിക്കാറില്ല. അവൾ വിളിച്ചാലും പലപ്പോഴും ഒഴിഞ്ഞുമാറും. ഇനി ഒരു വാക്ക് കൊണ്ട് പോലും അവള്ക്ക് ആശ കൊടുക്കാതിരിക്കാൻ അവൻ സ്വയം വേദനകളെ കടിച്ചമർത്തുമ്പോൾ അവളുടെ ജീവിതം സന്തോഷം നിറഞ്ഞതാകണാമെന്ന ആഗ്രഹം മാത്രമായിരുന്നു മനസ്സിൽ.
അതുകൊണ്ട് തന്നെ അവൾ കയറാറുള്ള ബസ്സിലെ യാത്ര പോലും വേണ്ടെന്ന് വെച്ച് സ്വന്തമായി വാങ്ങിയ സ്കൂട്ടിയിലേക്ക് ബാങ്കിലേക്കുള്ള യാത്രയെ പറിച്ചുനടുമ്പോൾ പ്രാണനായ് പ്രണയിച്ചവളെ വേരോടെ പിഴുതെറിയാൻ ശ്രമിക്കുന്ന വേദനയിലൂടെ ആയിരുന്നു ഓരോ ദിവസവും കടന്ന്പോയത്.

അന്ന് ഒരു ഞായർ ദിവസം മഹേഷ്‌ വിളിക്കുമ്പോൾ പറഞ്ഞത് ” ഒരിടം വരെ പോകണം, നീ വേഗം റെഡിയായി നിൽക്ക് ” എന്ന് മാത്രമായിരുന്നു.
എങ്ങോട്ടെന്നോ എന്തിനാണെന്നോ പറയാതെ ഫോൺ വെച്ച മഹേഷ്‌ കുറച്ചു സമയത്തിനുള്ളിൽ വീട് പടിക്കൽ എത്തുമ്പോൾ ഗോപനും റെഡിയായി ഇറങ്ങിയിരുന്നു.

കാർ മുന്നോട്ട് എടുക്കുമ്പോൾ എങ്ങോടാണെന്ന് പല വട്ടം ചോദിച്ചെങ്കിലും അതിനുള്ള മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി മഹേഷ്‌.
പക്ഷേ, ഉത്തരം തേടുന്ന ഗോപന്റെ നോട്ടം കണ്ടപ്പോൾ ചിരിയോടെ തന്നെ മഹേഷ്‌ പറയുന്നുണ്ടായിരുന്നു ” നീ ഒന്ന് അടങ്ങിയിരിക്ക്… ന്തായാലും നിന്നെ കൊല്ലാൻ കൊണ്ടുപോകുകയല്ല ” എന്ന്.

അതിന് ശേഷം കൂടുതലൊന്നും ചോദിച്ചില്ല ഗോപൻ. പക്ഷേ, കുറച്ചു നേരത്തെ ആ യാത്ര ഗോപനെ ഞെട്ടിച്ചുകൊണ്ട് അവസാനിച്ചത് വലിയ ഗേറ്റിനു മുന്നിൽ ആയിരുന്നു.
അതേ ഞെട്ടലോടെ ” ഇതെന്താണ് ഇവിടെ ” എന്ന അർത്ഥത്തിൽ ഗോപൻ മഹേഷിനെ നോക്കുമ്പോൾ അവൻ കണ്ണുകൾ കൊണ്ട് ഇറങ്ങാൻ ആംഗ്യം കാട്ടി.
പിന്നെ ഡോർ തുറന്ന് ഇറങ്ങുമ്പോൾ താല്പര്യമില്ലാത്ത മട്ടിൽ ആയിരുന്നു ഗോപൻ ഇറങ്ങിയത്.

” എന്തിനാണ് ഇവിടെ.. ഇത്….. ”

അവന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ കാർ ലോക്ക് ചെയ്ത് ഗോപന്റെ തോളിൽ കയ്യിട്ട് ആ വലിയ ഗേറ്റ് തുറന്ന് അകത്തേക്ക് നടക്കുമ്പോൾ ഗോപന്റെ കണ്ണുകൾ നാലുപാടും തിരഞ്ഞത് കല്ല്യാണിയെ ആയിരുന്നു.

പക്ഷേ, അവളുടെ അച്ഛന്റെ വാക്കുകൾ അപ്പോഴും കാതിൽ മുഴങ്ങുമ്പോൾ മുന്നിൽ സംഭവിക്കാൻ പോകുന്നതെന്തെന്ന് അറിയാതെ വേവലാതിയോടെ മഹേഷിനെ നോക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നടക്കുകയായിരുന്നു അവൻ.

പുറത്ത് പത്രം വായിച്ചിരിക്കുന്ന കല്യാണിയുടെ അച്ഛന് മുന്നിൽ ഗോപനേ ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് മഹേഷ്‌ മുരടനക്കുമ്പോൾ അയാൾ പത്രത്തിൽ നിന്നും കണ്ണെടുത്ത്‌ മുന്നിലേക്ക് നോക്കികൊണ്ട് പെട്ടന്ന് എഴുനേറ്റു.

പിന്നെ കണ്ണട ഒന്ന് നേരെ ആക്കികൊണ്ട് അവരെ ഒന്നുകൂടി ഇരുത്തി നോക്കി അയാൾ.

മകൾക്ക് വേണ്ടി താൻ കണ്ടെത്തിയ ഭാവി വരനെയും അവൾ സ്വയം കണ്ടെത്തിയ അവളുടെ കാമുകനെയും !!

( തുടരും )

✍️ദേവൻ

LEAVE A REPLY

Please enter your comment!
Please enter your name here