Home Latest ഹാളിലേക്ക് വരുമ്പോൾ ദുഖത്തോടെ തലക്ക് കൈതാങ്ങിയിരിക്കുന്നു വല്യേട്ടൻ…

ഹാളിലേക്ക് വരുമ്പോൾ ദുഖത്തോടെ തലക്ക് കൈതാങ്ങിയിരിക്കുന്നു വല്യേട്ടൻ…

0

ചെറുകഥ : സുനന്ദ

രചന : അനിൽ കാരയിൽ

അടുക്കളയിൽ തിരക്കിട്ടപണിയിലാണ് സുനന്ദ. ആദിത്യന്റെ പാൽ പുഞ്ചിരിയുടെ പ്രകാശം മുറ്റത്തേക്ക് എത്തി തുടങ്ങിയിട്ടില്ല.ഗ്യാസടുപ്പിൽ ചായക്ക് വെള്ളം വച്ച് സുനന്ദ മുറ്റമടിക്കാൻ ചൂലെടുത്തു. മുറ്റത്ത് ചിതറിക്കിടന്നിരുന്ന പത്രം എടുത്ത് കോലായിലേക്ക് വച്ചു.
ഗേറ്റിൽ ഒരു പേപ്പർ ബോക്ക്സ് വെക്കാൻ മുകുന്ദേട്ടനോട് എത്ര പറഞ്ഞാലും കേൾക്കില്ല.
അല്ല മുകന്ദേട്ടൻ ഇപ്പോ ചായക്ക്
വിളിക്കും ആളിപ്പോ എണീറ്റു വന്ന് പേപ്പറും കൈയ്യിൽ പിടിച്ച് ആ ചാരു കസേരയിൽ ഒറ്റയിരുത്തമാണ്. ഒപ്പം ചായവേണം അത് കിട്ടയില്ലെങ്കിൽ നീട്ടിയൊരു വിളിയുണ്ട് ” സുനൂ…”

മുറ്റമടി മതിയാക്കി സുനന്ദ അടുക്കുളയിലേക്ക് നടന്നു. ചായക്ക് പൊടിയിട്ട് ഇറക്കി വച്ചതിനു ശേഷം പുട്ടിനു കുഴച്ച് ശരിയാക്കി കുറ്റിനിറച്ച് അടുപ്പിൽ വച്ചു. വീണ്ടും
മുറ്റമടിക്കാൻ പോയി. മുറ്റമടി കഴിഞ്ഞു വന്നിട്ടും ആളുടെ വിളിയൊന്നും കേൾക്കുന്നില്ല. എന്തു പറ്റി ? എണിറ്റില്ലെ? ബെഡ് റൂമിൽ പോയി നോക്കി അവിടെയില്ല. പേപ്പർ വായിക്കുന്നുണ്ടാവും അടുക്കളയിൽ ചെന്ന് ചായഗ്ലാസുമെടുത്ത് കോലായിലേക്ക് നടന്നു. പിന്നിൽ നിന്ന് വിളിക്കാനാഞ്ഞതാണ് .പിന്നെ വേണ്ടെന്നു വച്ചു. ഒച്ചയുണ്ടാക്കാതെ പിന്നിലെത്തി. ആളെന്തോ തിരക്കിട്ട പണിയിലാണ്.

പത്രത്തിലെ ചരമ കോളത്തിലെ ഒരു ഫോട്ടോക്ക് മീതെ മറ്റൊരു ഫോട്ടോ വച്ച് ചാഞ്ഞും ചരിഞ്ഞും നോക്കുന്നു. ആരുടെതാണ് മീതെ വച്ച ഫോട്ടോ ? ഞെട്ടി പ്പോയി ! മുന്ദേട്ടന്റെ !!
“മുന്ദേട്ടാ ..എന്തായിക്കാണി ക്കണെ?” ഞെട്ടിത്തിരിഞ്ഞ് നോക്കിയ മുകുന്ദൻ വെപ്രാളത്തോടെ പറഞ്ഞു. “എടീ സൂനോ… ഇത് കണ്ടാ നമ്മടെ നാട്ടിത്തന്നെയുള്ള, ന്റെ പേരുള്ള ഏതോ ഒരുത്തൻ മരിച്ച്ക്ക്ണ് .ന്നെക്കാൾ പ്രായക്കൂടുതല്ണ്ട്.”
“അതിന്”.?”
” ഞാൻ മരിച്ചാൽ എങ്ങന്യാ പേപ്പറിൽ ഫോട്ടം വര്യാന്ന് നോക്കീതാ മരിച്ചാപ്പിന്നെ ഇനിക്കത് കാണാൻ പറ്റ്യോ ?”
” നിങ്ങളിനി ഒന്നും കാണണ്ട” എന്നും പറഞ്ഞ് സുനന്ദ മുകുന്ദന്റെ കൈയ്യിലിരുന്ന പത്രം ചുരുട്ടി കൂട്ടി ദൂരെയെറിഞ്ഞു. അവൾ വിങ്ങിപൊട്ടിക്കൊണ്ട് ചോദിച്ചു.” ന്റെ മുന്ദേട്ടാ എന്തിനാ ഇങ്ങന്യൊക്കെ”

“എടീ ഞാൻ ഒരു രസത്തിന് നോക്കിയതല്ലേ. അതിനിത്ര സങ്കടപ്പെടാൻ എന്താ”
“നിക്കിതൊന്നും താങ്ങാൻ വയ്യ മുന്ദേട്ടാ” അവൾ മുകുന്ദന്റെ ചുമലിലേക്ക് ചാഞ്ഞു.
“എടീ പൊട്ടി പെണ്ണേ നിയിത്ര സില്ലിയായി പോയല്ലൊ മണ്ടി ..മരമണ്ടി …” മുകുന്ദൻ അവളുടെ തലയിലൂടെ തലോടിക്കൊണ്ട് പറഞ്ഞു.
“വാ .. അടുക്കളയിലേക്ക് നടക്ക് ഞാനും വരാം. ഞാനും കൂടാ ഇന്ന് അടുക്കളയിൽ”
അവർ രണ്ടു പേരും അടുക്കളയിലേക്ക് നടന്നു.
പിന്നെ എല്ലാം യാന്ത്രികമായിരുന്നു.
ചോറു പാത്രത്തിലാക്കി മുകുന്ദേട്ടനെ ഓഫീസിലേക്ക് പറഞ്ഞ യക്കുന്നതു മുതൽ കിടന്നുറങ്ങിയിരുന്ന ഉണ്ണിക്കുട്ടനെ ഉണർത്തി ചായ കൊടുക്കുന്നതു വരെയെല്ലാം . എന്തോ ഒരു തരം അസ്വസ്ഥത.മനസ് എവിടേയും നിൽക്കുന്നില്ല. എന്തോ ഒരു ഭാരമുള്ള സാധനം നെഞ്ചിനുള്ളിൽ തങ്ങി നിൽക്കുന്നതു പോലെ.

കാളിംഗ് ബെൽ അടിക്കുന്ന തു കേട്ടാണ് പുറത്താരോ വന്നിട്ടുണ്ടെന്ന് തോന്നിയത്. വാതിൽ തുറന്നപ്പോൾ ഞെട്ടിപ്പോയി. വല്യേട്ടൻ !” വല്യേട്ടനോ” ആശ്ചര്യത്തോടെ അവൾ ചോദിച്ചു.” എത്ര കാലായി ഇങ്ങോട്ടു വന്നിട്ട് . കയറിയിരിക്ക്”
അയാൾ അകത്തേക്ക് കയറിയിരുന്നു. മുഖത്ത് വല്യ സന്തോഷമൊന്നും കണ്ടില്ല. മുകുന്ദേട്ടനുമായി ചെറിയൊരു സൗന്ദര്യപിണക്കത്തെ തുടർന്ന് വല്യേട്ടൻ ഇവി ടേക്ക് വന്നിട്ട് രണ്ടുമൂന്ന് കൊല്ലമായി മുകുന്ദേട്ടനുമായി പിണക്കം മാറിയതായി അറിയില്ല. എന്താണാവോ വരവിന്റെ ഉദ്ദേശ്യം. വിജയേട്ടനാണ് എന്തിനും ഏതിനും പാഞ്ഞു വരുന്നത്.

“മോനെവിടെ” വല്യേട്ടൻ കസേരയിൽ ഇരുന്നുകൊണ്ടു ചോദിച്ചു. ” മോനിവിടെ വിട്യാണ്ട് ഞാൻ ചായയെട്ക്കാം” അവൾ അടുക്കളയിലേക്കോടി .. ചായയുമായി ഹാളിലേക്ക് വരുമ്പോൾ ദുഖത്തോടെ തലക്ക് കൈതാങ്ങിയിരിക്കുന്നു വല്യേട്ടൻ
” വല്യേട്ടാ വിശേഷിച്ചെന്തെങ്കിലും ?”
“ഏയ് ഒന്നും ല്യ . ഞാൻ വെറുതെ . മോനെവിടെ ടീ” “ഉണ്ണിക്കുട്ടാ എടാ ഉണ്ണിക്കുട്ടാ ഇതാരാ വന്നരിക്കു ന്നേ ന്നു നോക്യേ”

ആറു വയസുള്ള ഉണ്ണിക്കുട്ടൻ മടിയോടെ അയാളുടെ അടുത്തേക്കു ചെന്നു. അയാൾ അവനെ പിടിച്ച് മടിയിലിരുത്തി. അയാൾ ചായകുടിച്ചു തുടങ്ങി.
“പിന്നെ മോളെ ഞാൻ പറയണത് കേട്ട് നീ ബേജാറാ വര്ത്.
“എന്താ വല്യേട്ടാ”
“അത് പിന്നെ …” വല്യേട്ടൻ പറയാൻ മടിച്ചു നിന്നു.
“എന്താ ..?എന്താണേലും പറയ് വല്യേട്ടാ” അവളുടെ സ്വരത്തിൽ പരിഭ്രാന്തിനിറഞ്ഞു .
” അത് പിന്നെ . ..മുകുന്ദന് ചെറിയൊരു …..”
“എന്താ മുന്ദേട്ടന് ..?” അവൾ വിങ്ങിപ്പൊട്ടി.
“ഒന്നും ല്യ ടീ ചെറിയൊര് ആക്സിഡന്റ് .ചെലപ്പോ ഇപ്പതന്നെ . ഇങ്ങട്ടു വരും”

“ന്റെ മുന്ദേട്ടനെന്തേ പറ്റ്യേ എനിക്കിപ്പോക്കാണണം മുന്ദേട്ടനെ …. ഇപ്പ ത്തന്നെ കാണണം” അവൾ കരഞ്ഞു കൊണ്ട് നിലത്തിരുന്നു.” “മോളെ അവടെ വിജയനും എല്ലാവരുംണ്ട്. പേടിക്കാനൊന്നും ല്യ . ചെലപ്പോ ഇപ്പ തന്നെ ഇങ്ങട്ട് വരും.”
“നിക്ക് വിളിക്കണം മുന്ദേട്ടനെ” അവൾ ഒരു ഭ്രാന്തിയെ പോലെ ഫോണെടുത്ത് മു കുന്ദന്റ നമ്പറിൽ ഞെക്കി ചെവിയിൽ വച്ചു. റിംഗ് ചെയ്യുന്നുണ്ട്. എടുക്കുന്നില്ല.
“നിക്കിപ്പോ പോണം വല്യേട്ടാ …. കാണണം മുന്ദേട്ടനെ …” അവൾ റൂമിലേക്കോടി വാതിലടച്ചു. ഞൊടിയിടയിൽ ഡ്രസ്സു മാറി വന്ന സുനന്ദയെ ആരോടോ ഫോൺ ചെയ്യുകയായിരുന്ന വല്യേട്ടൻ തടഞ്ഞു

“നിക്ക് മോളെ അവരിങ്ങോട്ടു വരും വരണണ്ട്.”
” വല്യേട്ടാ … വാ വല്യേട്ടാ … നമ്മക്ക് വേഗം പോകാം വല്യേട്ടാ” അവൾ മുറ്റത്തേക്കിറങ്ങി. അവൾ സംശയത്തോടെ നിന്നു. “തെക്കേലെ ഗോപാലേട്ടന്റേടെന്താ ആൾ ക്കുട്ടം. ഈശ്വരാ”
അയാൾ മുറ്റത്തേക്കിറങ്ങി അവളെ ഉള്ളിലേക്ക് പിടിച്ചു കയറ്റി.
“മോള് വല്യേട്ടൻ പറയുന്നത് കേക്ക് . അവരിങ്ങോട്ടു വരും സമാധാനപ്പെട് മോൻ ബേജാറാവും കുട്ടിയെ കരയിപ്പിക്കല്ലെ.”
അവൾ ഒരു മൂലക്ക് പോയിരുന്നു വിങ്ങി കരഞ്ഞു – അപ്പുറത്തെ റോഡിൽ വാഹനങ്ങൾ വരുന്നതും പോകുന്നതും അവൾ അറിഞ്ഞില്ല. അമ്മയെ കെട്ടിപ്പിടിച്ച് ഉണ്ണിക്കുട്ടനും ഇരുന്നു.
ആരോടോ ഫോൺ ചെയ്യുന്നതു കേട്ടാണ് അവ ൾ തലയുയർത്തിയത്.” അവരെത്തീന്ന്” അയാൾ അടുത്ത് വന്ന് അവളെ പിടിച്ചു.
“മോളെ … സമനില കൈവിടരുത്. എന്തു വന്നാലും താങ്ങണം” വല്യേട്ടന്റെ ശബ്ദം ഇടിമുഴക്കം പോലെയാണ് ചെവിയിൽ മുഴങ്ങിയത്. ഉള്ളിൽ നിന്ന് ഒരാന്തലുയർന്നു !

“വല്യേട്ടാ …. അവൾ പുറത്തേക്ക് കുതിച്ചു.
ഒരു നോട്ടമേ നോക്കിയൊള്ളൂ. വെള്ളയിൽ പുതപ്പിച്ച ശരീരത്തെ താങ്ങിപ്പിടിച്ച് മൂന്നാല് പേർ ….!
” മുന്ദേട്ടാ …..!” ഒരലർച്ചയായിരുന്നു

മുകുന്ദൻ കട്ടിലിൽ നിന്ന് ചാടിപ്പിടിഞ്ഞ് എണീറ്റ് ലൈറ്റിട്ടു. സുനന്ദയുടെ അലർച്ചയാണ് കേട്ടത്. വിയർത്തു കുളിച്ച് തന്നെ തുറിച്ചു നോക്കുന്ന സുനന്ദ!
അവൾ അവനോട് വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. അവൻ ഓടിപോയി ഒരു ജഗ്ഗിൽ വെള്ളം കൊണ്ടുവന്നു കൊടുത്തു.
രണ്ടാഴ്ചയോളമായി തമ്മിൽ മിണ്ടിയിട്ട്. ആങ്ങളയുടെ കല്യാണത്തിന് മൂന്നു പവന്റെ ബ്രേസ് ലെറ്റ് വേണമെന്ന് വാശിയില് അവളും രണ്ടു മതിയെന്ന് താനും.

മുകുന്ദൻ സുനന്ദയുടെ അടുത്തിരുന്ന് അവളെ തന്റെ ശരീരത്തോട് ചേർത്തുകൊണ്ടു ചോദിച്ചു..”നിയ്യെന്തേ സ്വപ്നം കണ്ടോ?”
അവൾ തലയാട്ടി.
“എന്തേ കണ്ടേ .”
അവൾ അവന്റെ കണ്ണിലേക്ക് നോക്കി അവനെ ഇറുകെ കെട്ടി പുണർന്നു.___

___ by അനിൽ കാരയിൽ

LEAVE A REPLY

Please enter your comment!
Please enter your name here