Home Abhijith Unnikrishnan അവൾക്ക് അമ്മയെ നല്ല ഇഷ്ടായിരുന്നു, എന്റെ കൂടെ പോരുന്നതിന്റെ തലേദിവസം കൂടി… Part – 8(...

അവൾക്ക് അമ്മയെ നല്ല ഇഷ്ടായിരുന്നു, എന്റെ കൂടെ പോരുന്നതിന്റെ തലേദിവസം കൂടി… Part – 8( അവസാനഭാഗം )

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പുനർവിവാഹം Part – 8 ( അവസാനഭാഗം )

ഇതുവരെ വായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു..
————————————————————

ദുബായിൽ വിമാനമിറങ്ങി ഒരു ടാക്സിയിൽ ഹോട്ടലിലേക്ക് ചെന്നു, റൂമിലെത്തിയപ്പോൾ നന്ദന ബെഡിലേക്ക് വീണ് മലർന്ന് കിടന്നു, ശ്യാം കുട്ടികളെ അടുത്തേക്കിരുത്തിയിട്ട് അവളുടെ നെറ്റിയിൽ തൊട്ട് നോക്കി, നന്ദന എന്താണെന്ന് തലയാട്ടികൊണ്ട് ചോദിച്ചു, ശ്യാമൊന്ന് ചിരിച്ചിട്ട്…
അല്ല ഇവിടെ എത്തിയപ്പോൾ പേടിപ്പനി വല്ലതും വന്നോ നോക്കിയതാ..

നന്ദന ബെഡ്‌ഡിൽ നിന്നെഴുന്നേറ്റിട്ട് ശ്യാമിനെ നോക്കി..
കളിയാക്കിയതായിരിക്കും പക്ഷെ എനിക്ക് കൊണ്ടില്ല വേറെ വല്ലതും ആലോചിച്ചു പറ…

ഉം… നീ റെഡിയായി അപ്പോൾ മത്സരത്തിന്…

അതിനല്ലേ ഇവിടെ വന്നിരിക്കുന്നെ ഒന്നുമില്ലെങ്കിൽ കപ്പ് അല്ലെങ്കിൽ ഒട്ടകത്തിനെ കണ്ട് തിരിച്ചു പോവുന്നു, രണ്ടിലൊന്ന് നടക്കും..

ആയിക്കോട്ടെ…
ശ്യാം കുളിക്കാനായി ബാത്‌റൂമിലേക്ക് കയറി, കുറച്ച് കഴിഞ്ഞു പുറത്ത് വന്നപ്പോൾ നന്ദനയെന്തോ കാര്യമായിട്ട് ഇരുന്ന് വരയ്ക്കുകയായിരുന്നു, ശ്യാമിനെ കണ്ടപ്പോൾ അവൾ നിർത്തിയിട്ട് പേപ്പർ മടക്കി, ശ്യാം അത്ഭുതത്തോടെ…
അതെന്താ ഞാൻ കാണാൻ പാടില്ലേ..

എന്തിന് ഞാൻ വെറുതെ വരച്ചു നോക്കിയതാ..

ഓ നാളത്തെ മത്സരത്തിന് മുന്നോടിയായിട്ടുള്ള പടയൊരുക്കം, അതുപോട്ടെ കുട്ടികളെന്താ ചെയ്യുന്നത് ഒച്ചയും ബഹളവും കാണാനില്ല..

നന്ദന ബെഡിലേക്ക് കൈ ചൂണ്ടി..
അങ്ങനെ കൊണ്ട് വന്ന് കിടത്തിയതാ രണ്ടുപേരും ഉറങ്ങി, നല്ല ക്ഷീണം കാണും കുറച്ച് കഴിഞ്ഞിട്ട് എഴുന്നേൽപ്പിച്ച് ഭക്ഷണം കൊടുക്കാം..

ഉം.
ശ്യാമൊന്ന് മൂളി…

സമയം കടന്നുപോയികൊണ്ടിരുന്നു, രാത്രിയിൽ ഭക്ഷണം കഴിച്ചിട്ട് ബാൽക്കണിയിൽ നിന്ന് ചുറ്റിലുമുള്ള ലൈറ്റുകളുടെ ഭംഗി നോക്കികൊണ്ടിരിക്കുകയായിരുന്നു നന്ദന, ശ്യാം കയ്യിലിരുന്ന ചോക്ലേറ്റ് അവൾക്ക് നേരെ നീട്ടി, അവളത് വായിൽ വെച്ച് നുണഞ്ഞുകൊണ്ട്…
ഇതിനായിരുന്നോ നേരത്തെ താഴെ പോയത്..?

ഇതിനും കൂടി ആയിരുന്നു, ഇവിടെ അടുത്തൊരു പരിചയക്കാരനുണ്ട് വന്ന സ്ഥിതിക്ക് അവനെയും ഒന്ന് കാണാലോ വിചാരിച്ചു, കുട്ടികളെ കൂട്ടി നമ്മുക്ക് നാളെ കറങ്ങാം…

നന്ദന ചിരിച്ചു..
ഉം.. മത്സരത്തിന്റെ ഇടയിൽ കൂടെ ആയിരിക്കും..

അങ്ങനെയും പറയാം..

ഞാനൊന്ന് ചോദിക്കട്ടെ ശ്യാം എത്ര തവണ ഇവിടെ വന്നിട്ടുണ്ട്…

ശ്യാം ആലോചിച്ചിട്ട് നന്ദനയെ നോക്കി…
രണ്ട് തവണ, ആദ്യം ഒരു 10 ദിവസത്തെ ട്രിപ്പ് വെറുതെ വന്നതാ, രണ്ടാമത്തെ ഒളിച്ചോടിയതിന് ശേഷം ഫിനാൻസ് ടൈറ്റ് ഞങ്ങൾ രണ്ടുപേരും കൂടി ജോലിക്ക് വേണ്ടി അവിടെ നിന്ന് പോന്നു, ഇവിടെ എത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവൾക്ക് അമ്മയെ കാണണം നാട് കാണണം, അവസാനം തിരിച്ചു പോയി..

നല്ല ധൈര്യമുള്ള കുട്ടിയാണെന്ന് പറഞ്ഞിട്ട്…
നന്ദന സംശയത്തോടെ ചോദിച്ചു..

ധൈര്യം…. ധൈര്യമുണ്ട് അല്ലെങ്കിൽ എന്റെ കൂടെ പോരില്ലല്ലോ… പക്ഷെ അവൾക്ക് അമ്മയെ നല്ല ഇഷ്ടായിരുന്നു, എന്റെ കൂടെ പോരുന്നതിന്റെ തലേദിവസം കൂടി അമ്മയുടെ കൂടെയാ കിടന്നിരുന്നത്, അത് പറഞ്ഞിട്ട് ഇടയ്ക്ക് ഇടയ്ക്ക് കരയും..

ഇപ്പോൾ അമ്മ ശ്യാമിനെ കാണാൻ വരാറില്ലേ…
നന്ദനയൊന്ന് വിക്കി..

ശ്യാം ഒന്ന് ദീർഘാശ്വാസമെടുത്തു..
അമ്മയും അവളെ പൊന്ന് പോലെയാ നോക്കിയിരുന്നത്, ആകെ ഒന്നല്ലേ ഉണ്ടായിരുന്നുള്ളൂ, അതോണ്ടായിരിക്കും അവളുടെ പുറകെ പോയത്..
ശ്യാം കണ്ണ് നനയുന്നത് തുടച്ചു..

ഞാൻ ചോദിച്ചത് വിഷമമായോ..

നീ ഇങ്ങോട്ട് അരികിലേക്ക് വാ..

നന്ദന ശ്യാമിനരുകിലേക്ക് വന്നപ്പോൾ അവൻ നെഞ്ചിലേക്ക് ചേർത്തുനിർത്തിയിട്ട് തലയിലൊരു കൊട്ട് കൊടുത്തു…
ചോദിക്കുകയും ചെയ്തിട്ട് സങ്കടായോന്നോ..

നന്ദന ശ്യാമിനെയൊന്ന് തലയുയർത്തി നോക്കി…
ഞാനൊരു കാര്യം പറഞ്ഞാൽ വീണ്ടും സങ്കടാവോ..

നീ പറയൂ…

നന്ദന അവന്റെ നെറ്റിയിലൊരുമ്മ കൊടുത്തു..
ശ്യാം സത്യത്തിൽ ഒരു നല്ല ഭർത്താവേ അല്ല എനിക്ക്…

ശ്യാം നന്ദന പറയുന്നത് കേട്ടപ്പോൾ ചിരിച്ചു കൊണ്ട്..
പിന്നെ…?

അതെന്താണെന്ന് എനിക്ക് പിടുത്തം കിട്ടുന്നില്ല, എന്തായാലും ഭർത്താവല്ല, അതൊക്കെ ആവണമെങ്കിൽ അറ്റ്ലീസ്റ്റ് എന്നെ ഭരിക്കാനെങ്കിലും അറിയണം..

ശ്യാം വീണ്ടും ചിരിച്ചു..
നാളെ ഞാൻ ശരിയാക്കി തരാട്ടോ..

അവൾ പിടിവിട്ട് ശ്യാമിനെ നോക്കി..
ദേ മനുഷ്യാ ദുബായിൽ കൊണ്ട് വന്ന് പകരം വീട്ടരുത്…

ഇല്ല നാട്ടിൽ പോയിട്ട്… അതൊക്കെ പോട്ടെ നിനക്ക് എന്നോട് വായടിക്കുന്ന നേരം നാളത്തേക്ക് വല്ലതും പ്രാക്ടീസ് ചെയ്തൂടെ..

നന്ദന ശ്യാമിനെ വിട്ട് ബെഡിലേക്ക് കയറി കിടന്നു..
ഇത് ഇനിയും വിട്ടാൽ എന്നെ നിങ്ങള് ഉറങ്ങാൻ സമ്മതിക്കില്ല..

ശ്യാം പുറത്തുകൂടി കുറച്ച് നേരം കണ്ണോടിച്ചിട്ട് നന്ദുവിനരുകിൽ കിടന്നു..

പിറ്റേദിവസം രാവിലെ…
നന്ദന വെപ്രാളത്തോടെ റൂമിലൂടെ ഓടി നടക്കാൻ തുടങ്ങി, ശ്യാം അവളെ പിടിച്ചു നിർത്തിയിട്ട്..
നിനക്ക് പേടിയുണ്ടോ…?

ഏയ് പേടിയൊന്നുമില്ല ചെറിയൊരു ഭയം..

ആ അത് കുഴപ്പമില്ല അവിടെ പോവുമ്പോൾ ശരിയായിക്കോളും…

ആണോ..

പിന്നല്ലാതെ… ഇനിയും സംസാരിച്ച് നിൽക്കാതെ താഴേക്ക് നടക്ക് കറക്റ്റ് സമയത്ത് എത്തി ഉത്തരവാദിത്തമുള്ള കുട്ടിയാണെന്ന് കാണിക്കണം..

നന്ദന മോളെയും എടുത്ത് പുറത്തേക്കിറങ്ങി, ശ്യാം മോന്റെ കൈപിടിച്ച് വാതില് പൂട്ടി കൂടെ നടന്നു, കാറിൽ കയറി സ്ഥലത്തെത്തുമ്പോൾ കാഴ്ച്ചക്കാരുടെ നല്ല തിരക്കുണ്ടായിരുന്നു, നന്ദന മോളെ ഇറുക്കിപിടിച്ചിട്ട് അകത്തേക്ക് നടന്നു, റിപ്പോർട്ട്‌ ചെയ്തിട്ട് മോളെ ശ്യാമിന് നേരെ നീട്ടി…
തുടങ്ങാറായി ഞാൻ ഹാളിലേക്ക് പൊയ്ക്കോട്ടേ…

ശ്യാമൊന്ന് ചിരിച്ചിട്ട് മോളെ വാങ്ങി..
ഞാൻ പറഞ്ഞതൊന്നും മറക്കരുത്, ഒന്ന് കൂടി ഓർത്തോ ഇത് അവസാനമല്ല നല്ല തുടക്കമാണ്…

നന്ദന ശ്യാമിനെ നോക്കി..
മോട്ടിവേഷൻ തന്ന് കൊല്ലാണല്ലേ… എന്നാലും ഞാൻ മാക്സിമം ശ്രമിക്കാം..

അത് മതി..
ശ്യാം നന്ദനയെ കെട്ടിപിടിച്ചു..
നീ തോറ്റു എന്ന് വിചാരിക്കുന്നത് വരെയും നിനക്ക് പോരാടാൻ സാധിക്കും, അതുകൊണ്ട് നീയായിട്ട് തോറ്റു കൊടുക്കരുത്…

നന്ദന ചിരിച്ചിട്ട് അകത്തേക്ക് പോയി, ശ്യാം കുറച്ച് നേരം നിന്നിട്ട് മക്കളെയും കൊണ്ട് ഓരോന്ന് കാണിച്ചു കൊടുത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി, കുറെയധികം സമയം പിന്നിട്ടപ്പോൾ സ്റ്റേജിലേക്ക് ആള് വന്നു, എല്ലാവരും വിജയി ആരാണെന്നറിയാൻ കാതോർത്തു, സ്റ്റേജിൽ വന്നയാൾ മൈക്ക് കയ്യിലെടുത്ത് അനൗൺസ് ചെയ്യാൻ തുടങ്ങി..
നല്ല കനത്ത പോരാട്ടത്തിനൊടുവിൽ നമ്മുക്കൊരു മൂന്ന് വിജയികളെ കിട്ടിയിട്ടുണ്ട്…. അയ്യോ സോറി നമ്മുക്കെന്തിനാ മൂന്ന് പേർ ഒരാള് പോരെ… സോ ലാസ്റ്റ് റൗണ്ട് ആർട്ടിസ്റ്റുകൾ അവർ വരച്ച മനോഹര ചിത്രങ്ങൾ അതിലും മനോഹരമായി നിങ്ങൾക്ക് മുന്നിൽ വിശദീകരിച്ചുകൊണ്ട് അവതരിപ്പിക്കുന്നതായിരും… അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാളെ ഇത്തവണത്തെ വിജയിയായി പ്രഖ്യാപിക്കും..
അവതാരകൻ വിധികർത്താക്കളെ പരിചയപ്പെടുത്തി, അതിന് ശേഷം ഓരോ മത്സരാർത്ഥികളെയായി സ്റ്റേജിലേക്ക് ക്ഷണിച്ചു, മൂന്നാമതായി വന്നയാളെ കണ്ടപ്പോൾ ശ്യാമിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു, നന്ദന സ്റ്റേജിലെത്തിയപ്പോൾ ചുറ്റിലും കണ്ണോടിച്ചു, തിരക്കിനിടയിലും ശ്യാമിനെ കണ്ടപ്പോൾ ഒന്ന് ചിരിച്ചിട്ട് കണ്ണടിച്ച് കാണിച്ചു, കുറച്ച് നേരം കഴിഞ്ഞപ്പോൾ നന്ദനയുടെ ഊഴമെത്തി, അവൾ ഒന്ന് പ്രാർത്ഥിച്ചിട്ട് ശ്യാമിനെ നോക്കി, അവൻ നെഞ്ചിൽ തൊട്ട് കാണിച്ചു, നന്ദനയൊന്ന് ശ്വാസമെടുത്തിട്ട് സാവധാനത്തിൽ വിവരിക്കാൻ തുടങ്ങി, വിവരണം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ എല്ലാവരും നിശബ്ദരായി, പതുക്കെ എല്ലാവരും കയ്യടിക്കാൻ തുടങ്ങി, വിധികർത്താക്കൾ എഴുന്നേറ്റ് സ്റ്റേജിലേക്ക് വന്നു, മൈക്ക് കിട്ടിയ അവർ നന്ദനക്ക് നേരെ കൈ നീട്ടി..
ജയിച്ച സ്ഥിതിക്ക് ഞങ്ങൾക്ക് കൈ തന്നൂടെ…

നന്ദനയൊന്ന് ഞെട്ടി, അത്ഭുതം അടക്കാൻ സാധിക്കാതെ അവർക്ക് കൈകൊടുത്തു, അവാർഡ് അവൾക്ക് സമ്മാനിക്കാൻ തുടങ്ങിയപ്പോൾ അവളൊന്ന് അവതാരകനെ നോക്കിയിട്ട്..
ഞാനൊരാളെ സ്റ്റേജിലേക്ക് ക്ഷണിച്ചോട്ടെ..

അതിനെന്താ..

നന്ദന ശ്യാമിനെ നോക്കി, അവൻ കുഞ്ഞുങ്ങളെയും കൊണ്ട് കനത്ത ഹർഷാരവത്തോടെ സ്റ്റേജിലേക്ക് കയറി നന്ദനക്ക് അരികിൽ നിന്നു, അവാർഡ് അവളുടെ കൂടെ നിന്ന് വാങ്ങി, മൈക്ക് നന്ദനക്ക് കൊടുത്തു അവളത് വാങ്ങിയിട്ട് ശ്യാമിനെ തന്നെ നോക്കികൊണ്ടിരുന്നു,സാവധാനം മുന്നിലേക്ക് തിരിഞ്ഞു..
എന്റെ ഹസ്ബന്റാണ് അത് നിങ്ങൾക്ക് കണ്ടപ്പോൾ തന്നെ മനസ്സിലായിട്ടുണ്ടാവുമെന്ന് വിചാരിക്കുന്നു, പക്ഷെ രസമെന്താണെന്ന് വെച്ചാൽ എന്റെ രണ്ടാമത്തെ ഹസ്ബന്റാണ്… അതേ ഞാൻ പുനർവിവാഹം കഴിച്ചതാണ്, ചിലവർക്ക് ആദ്യത്തെ ചിത്രം മനോഹരമായിട്ട് കിട്ടാറുണ്ട് എനിക്കത് രണ്ടാമത് വരഞ്ഞപ്പോഴാണ് മനോഹരമായത്, ഇന്ന് ഈ വേദിയിൽ നിൽക്കുന്നതിന്റെ പ്രധാന കാരണം ഇദ്ദേഹമാണ് അതുകൊണ്ട് ഇപ്പോൾ കിട്ടിയ ഈ സൗഭാഗ്യം ഞാൻ എന്റെ നല്ല പാതിക്ക് സമർപ്പിക്കുന്നു, എന്റെ ചിറകായി ഇത്രയും ദൂരം എത്തിച്ചതിന്…

വീണ്ടുമൊരു കയ്യടി ഉയർന്നു,ശ്യാമിന്റെ കയ്യും പിടിച്ച് നന്ദന സ്റ്റേജിൽ നിന്നിറങ്ങി, തിരിച്ചു റൂമിലെത്തിയപ്പോൾ നന്ദന ശ്യാമിനെ കെട്ടിപിടിച്ചു കൊണ്ട്..
ഏയ്‌ നമ്മള് ജയിച്ചു… എന്റെ എത്ര കാലത്തെ സ്വപ്നമാണെന്നോ… എന്തോ മാജിക്‌ നടന്നു തോന്നണു..

ശ്യാം അവളെ ചേർത്തു..
ഒരു മാജിക്കുമില്ല ഇതാണ് ശരിക്കുമുള്ള നീ…

നന്ദനയൊന്ന് ചിരിച്ചു..

തിരിച്ചു നാട്ടിലെത്തിയപ്പോൾ അമ്മ വിളക്കുമായി പുറത്ത് നിൽക്കുന്നുണ്ടായിരുന്നു, നന്ദനയത് വാങ്ങിയിട്ട് അകത്തേക്ക് കയറി,രാത്രി വരെയും അമ്മയോടും അച്ഛനോടും ദുബായിലെ വിശേഷങ്ങളൊക്ക പറഞ്ഞ് നന്ദന തിരിച്ച് മുറിയിലേക്ക് കയറിയപ്പോഴാണ് ശ്യാം കിടക്കുന്നത് കണ്ടത്, നന്ദന അരികിൽ ചെന്ന് തട്ടി എഴുന്നേൽപ്പിച്ചു, അവൻ കണ്ണ് തുറന്ന് അവളെ നോക്കി..
ഇനിയെന്താ..

എഴുന്നേൽക്ക് ഞാനൊരു സമ്മാനം തരാം..
നന്ദന ശ്യാമിനെ എഴുന്നേൽപ്പിച്ചു.

അവൾ ബാഗിൽ നിന്നൊരു പേപ്പറെടുത്ത് ശ്യാമിന് നേരെ നീട്ടി, അവനത് തുറന്ന് നോക്കി…

അതെന്താണെന്ന് പറയാവോ..
നന്ദന ആകാംക്ഷയോടെ ചോദിച്ചു..

ശ്യാം കുറച്ച് നേരം നോക്കിയിട്ട് നന്ദനക്ക് നേരെ തിരിഞ്ഞു..
ഒന്നും പിടുത്തം കിട്ടുന്നില്ലല്ലോ..

ഞാൻ പറയട്ടെ..

ഉം…
ശ്യാം മൂളി..

ആ ആദ്യം കാണുന്നത് അനുശ്രീയാണ് അടുത്ത് നിൽക്കുന്നത് ശ്യാമും..

നന്ദന പറയുന്നത് കേട്ടപ്പോൾ ശ്യാം ചിത്രത്തിലേക്ക് ശ്രദ്ധിച്ചു നോക്കി…

ഇപ്പോൾ മനസ്സിലായോ..
അവൾ വീണ്ടും ആകാംക്ഷയോടെ ചോദിച്ചു..

ശ്യാം നന്ദനയെ കെട്ടിപിടിച്ച് നെറ്റിയിലൊരുമ്മ കൊടുത്തു..
അവസാനത്തെ ഇരുട്ടിൽ നിന്ന് വരുന്ന വെളിച്ചം നീയല്ലേ..

നന്ദന ശ്യാമിനെയൊന്ന് നോക്കി..
അങ്ങനെയാവണമെന്ന എന്റെ ആഗ്രഹം, എന്നെ ഇത് വരെ നിങ്ങൾ അനുശ്രീയുമായി താരതമ്യപെടുത്തിയിട്ടില്ല, തനിച്ചൊരു സ്ഥാനം നൽകിയിട്ടുണ്ട് അതിൽപരം വേറെന്താ വേണ്ടത്…

നന്ദന ശ്യാമിനെയൊന്ന് കൂടി ചേർത്ത് പിടിച്ചു..
ഞാൻ വീണ്ടും പറയുന്നു നിങ്ങൾ നല്ലൊരു ഭർത്താവല്ല മറിച്ച് സ്നേഹിക്കാൻ മാത്രം അറിയുന്നൊരു സുഹൃത്താണ്, എനിക്ക് ജീവിത കാലം മുഴുവൻ സ്വന്തമായിട്ട് കിട്ടിയ നല്ലൊരു സുഹൃത്ത്…

ശ്യാം നന്ദനയെ നോക്കിയിട്ട് ചിരിച്ചു..
പുനർവിവാഹത്തിന് നന്ദി..

(അവസാനിച്ചു )

LEAVE A REPLY

Please enter your comment!
Please enter your name here