Home Latest താനൊക്കെ എങ്ങനെയാടോ ഇതിനെ സഹിക്കുന്നെ… പറഞ്ഞാലും മനസ്സിലാവില്ല…പൊട്ടി… Part – 5

താനൊക്കെ എങ്ങനെയാടോ ഇതിനെ സഹിക്കുന്നെ… പറഞ്ഞാലും മനസ്സിലാവില്ല…പൊട്ടി… Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പുനർവിവാഹം ( ഭാഗം – അഞ്ച് )

നന്ദന മോളെ കൊഞ്ചിക്കുന്നത് കണ്ടപ്പോൾ അമ്മ പിന്നെയൊന്നും പറയാൻ നിൽക്കാതെ അടുക്കളയിലേക്ക് പോയി, കുഞ്ഞിനേയും എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു, കുളിപ്പിച്ച് കഴിഞ്ഞപ്പോഴാണ് ദേ നിൽക്കുന്നു അമ്മ വീണ്ടും മുന്നിൽ, നന്ദന മോളെ നോക്കി ചിരിച്ചുകൊണ്ട്..

അമ്മടെ സ്വത്തു വാവേ ഇപ്പോൾ കുളിച്ച് സുന്ദരിയായില്ലേ, ഇനി നമ്മുക്ക് മേക്കപ്പ് ഇടാൻ പോവാം…

അമ്മ നന്ദനയെ നോക്കാതെ തന്നെ..
കൊച്ചിന്റെ മുഖത്ത് കണ്ണിൽ കണ്ടതൊന്നും വെച്ച് തേക്കാൻ നിൽക്കണ്ട..

നന്ദന മോളെ ചേർത്തു പിടിച്ചു..
ആണോ മോളെ അമ്മ ഒരുക്കണ്ടേ…

പക്ഷെ ഇത്തവണ അമ്മയ്ക്ക് നല്ലോം ദേഷ്യം വന്നു , കലി തുള്ളിക്കൊണ്ട്..
നീ ഇങ്ങനെ മിനുറ്റിന് മിനുറ്റ് അമ്മയാണെന്ന് പറഞ്ഞു കൊടുക്കൊന്നും വേണ്ടാ, അവൾക്ക് അറിയാം നീ അവളുടെ അമ്മയൊന്നും അല്ലെന്ന്…

നന്ദന മോളെയും എടുത്തു കൊണ്ട് അമ്മയുടെ അരികിലേക്ക് ചെന്നു..
പിന്നെ എന്റെ കെട്ടിയോന്റെ കൊച്ചിനെ കൊണ്ട് എന്ത് വിളിപ്പിക്കണം, അല്ല അമ്മ പറഞ്ഞു തരൂ അതുപോലെ ചെയ്യാം..

അമ്മ അവളെയൊന്ന് നോക്കി..
എന്തായാലും അമ്മയെന്ന് വിളിപ്പിക്കണ്ട..

നന്ദന വിട്ടുകൊടുക്കാതെ മോളെ നോക്കികൊണ്ട്..
വാവ അമ്മയെന്ന് വിളിച്ചേ…

കുഞ്ഞ് അവളുടെ മുഖത്ത് കൂടി കൈകൊണ്ട് തൊട്ടു..
അ….. മ്മ..

രണ്ടുപേരും ഒരുപോലെ ഞെട്ടി, നന്ദന അത് പുറത്ത് കാണിക്കാതെ പെട്ടെന്ന് തന്നെ അമ്മയെ തിരിഞ്ഞു നോക്കി..
കേട്ടോ കൊച്ചിന് വരെ അറിയാം അവളുടെ അമ്മയാണ് ഞാനെന്ന്..

അമ്മ ഒന്നും പറയാനാവാതെ നിൽക്കാണെന്ന് മനസ്സിലായപ്പോൾ നന്ദന ഒന്ന് കൂടി നോക്കിയിട്ട്..
ന്റെ കൃഷ്ണാ നീയെന്റെ പ്രാർത്ഥന കേട്ടു, മോളും ആയി മോനും ആയി സന്തോഷം, പറ്റുമെങ്കിൽ മോളുടെ അച്ഛമ്മയെ കൊണ്ടൊരു 100 വലം വെപ്പിക്കാമെ..

അമ്മയൊന്ന് കണ്ണുരുട്ടിയിട്ട്..
നീ പോടീ..

ശരി ഓക്കേ..
നന്ദന മോളെയും എടുത്തുകൊണ്ടു മുറിയിലേക്ക് നടന്നു, കഴിക്കാൻ കൊടുത്തിട്ട് കട്ടിലിൽ കിടത്തി താഴേക്ക് നോക്കുമ്പോഴാണ് ശ്യാം ഉറങ്ങുന്നത് കണ്ടത്, കട്ടിലിൽ കിടന്നിരുന്ന തലയണ എടുത്ത് മുതുകിൽ നോക്കിയൊന്ന് കൊടുത്തു, ശ്യാം പെട്ടെന്ന് കണ്ണ് തുറന്നു നോക്കി, നന്ദന നിൽക്കുന്നത് കണ്ടപ്പോൾ..
നീയെന്നെ കൊല്ലാനുള്ള പ്ലാനാണോ..

എടോ മനുഷ്യാ ഒരു കാര്യം പറഞ്ഞിട്ട് പോയാൽ കറക്റ്റായിട്ട് ചെയ്തൂടെ, ഞാൻ ഈ നേരം കൊണ്ട് 2 കുട്ടികളെയും കുളിപ്പിച്ച് ഭക്ഷണവും കൊടുത്ത് ഒരുക്കി നിർത്തിയല്ലോ..

ശ്യാമൊന്ന് അവളെ നോക്കി..
നീ കുളിച്ചോ..

ഇല്ല..

അതെങ്ങനെ പങ്കെടുക്കാൻ പോകേണ്ട നീ തന്നെ കുളിച്ചിട്ടില്ല പിന്നെ എങ്ങനെ ഞാൻ എഴുന്നേൽക്കും…

നന്ദന ശ്യാമിനരുകിലേക്കായി ഇരുന്നു..
ന്റെ കുട്ടിക്ക് അറിയില്ലേ എനിക്ക് ചീത്ത പറയുമ്പോൾ വിക്കലൊന്നും വരില്ലാന്ന്, രാവിലെ എന്റെ വായിൽ നിന്ന് വല്ലതും കേട്ടാലേ എഴുന്നേൽക്കൂ എന്നുണ്ടോ..

ശ്യാം അവളെയൊന്ന് നോക്കിയിട്ട് എഴുന്നേറ്റിരുന്നു..
ഉറങ്ങാൻ സമ്മതിക്കരുത് ട്ടോ.. ഈ ഐഡിയ എന്റെ ആയിപോയി അതുകൊണ്ട് ഞാൻ ഇതിൽ എതിർവാദം പറയുന്നില്ല..

ഡയലോഗ് അടിക്കാതെ എഴുന്നേറ്റ് പോയി കുളി..

അപ്പോൾ നീയോ..

ഞാൻ കുളിച്ചോളാം..

വാ സമയം കളയണ്ട നമ്മുക്ക് കുളിച്ചിട്ട് വരാം…

നന്ദന ചിരിച്ചു..
അയ്യടാ അത് വേണ്ടാട്ടോ… ഒറ്റക്ക് പോയി കുളിച്ചാൽ മതി, ഞാൻ അത് കഴിഞ്ഞ് ഒറ്റക്ക് കുളിച്ചോളാം..

ഉം.. തല്പരകക്ഷിയല്ല.. ആയിക്കോട്ടെ..

ശ്യാം പെട്ടെന്ന് കുളിച്ച് പുറത്തേക്കിറങ്ങി, നന്ദന റെഡിയായി നിൽക്കുന്നത് കണ്ടപ്പോൾ..
നീ എപ്പോൾ കുളിച്ചു..?

ഞാൻ പുറത്തെ ബാത്‌റൂമിൽ പോയി കുളിച്ചിട്ട് വന്നു, ഇനി സമയം വൈകിയെന്ന് പറയണ്ടല്ലോ..

ഭയങ്കരീ നീ ഇങ്ങനെ ഫാസ്റ്റ് ആയാലോ, സാരമില്ല ഇനി സമയം കളയണ്ട നമ്മുക്ക് പെട്ടെന്ന് പോയിട്ട് വരാം…

ഓക്കേ എല്ലാം റെഡിയാണ് കുട്ടികളെ കൊണ്ട് ശ്യാം മുന്നിൽ നടന്നോ ഞാൻ റൂമോന്ന് അടച്ചിട്ടു വരാം..

ശ്യാം മോളെയെടുത്ത് പുറത്തേക്ക് നടന്നു, മോൻ അച്ഛന്റെ കൂടെ പുറത്ത് കളിക്കായിരുന്നു, ശ്യാം അവന്റെ കൈപിടിച്ച് കാറിന്റെ ഡോർ തുറന്ന് അകത്തേക്കിരുത്തി, കുറച്ച് കഴിഞ്ഞപ്പോൾ നന്ദന വന്നു, ശ്യാമിനരുകിലേക്ക് ചെന്നിട്ട് അവനെ നോക്കി, അവൻ എന്താണെന്ന് തലയാട്ടി ചോദിച്ചു…

ഞാനൊന്ന് ഓടിച്ചു നോക്കിക്കോട്ടെ…

ശ്യാം ഒരു നിമിഷം അവളെ നോക്കി, പിന്നെയൊന്ന് ചിരിച്ചിട്ട് ചാവിയെടുത്ത് അവൾക്ക് നേരെ നീട്ടി, നന്ദന സന്തോഷത്തോടെ ചാവിയും കറക്കികൊണ്ട് ഡ്രൈവർ സീറ്റിലേക്ക് കയറി, സ്റ്റാർട്ടാക്കി പുറത്തേക്കെടുത്തു, പോവുന്ന വഴിയിൽ അവൾ ശ്യാമിനെയൊന്ന് തട്ടി..

താങ്ക്സ്… അച്ഛനോട് ചോദിച്ചാൽ പോലും നാലു വട്ടം ആലോചിക്കും, ശ്യാം ആലോചിക്കാതെ തന്നെ എനിക്ക് വണ്ടിയോടിക്കാൻ തന്നു..

നീ ആത്‍മവിശ്വാസത്തോടെ ചോദിച്ചു ഞാനും അതേ പോലെ തിരിച്ചു തന്നു, നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യ്..

ഓ ആയിക്കോട്ടെ…

അവൾ കാർ പതുക്കെയാണ് ഓടിച്ചത്, നേരെ ചെന്ന് റെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തേക്ക് വന്നു, ശ്യാം പേഴ്സിൽ നോക്കുന്നത് കണ്ടപ്പോൾ നന്ദനയൊന്ന് ചിരിച്ചു..

എന്തേ കാശ് പോയി തോന്നണുണ്ടോ..

ഇല്ല അത് തോന്നാറായിട്ടില്ലല്ലോ.. നീ ജയിച്ചില്ലേൽ ദുബായിൽ നിന്നെ കളഞ്ഞിട്ട് പോരും ഞാൻ..

അയ്യോ അങ്ങനെയൊന്നും ചെയ്തേക്കല്ലേ എനിക്ക് ഒട്ടകത്തെ പേടിയാ..

ഹോ തമാശ…

സുഖിച്ചെങ്കിൽ എനിക്ക് ഐസ് ക്രീം വാങ്ങിച്ച് താ

പിന്നെ ചെറിയ കുട്ടിയല്ലേ നീ..
ശ്യാം ചിരിച്ചു..

കളിയാക്കാതെ വാങ്ങി താ..

ഓ ശരി വാങ്ങിത്തരാം… വാ..

നന്ദന മോളെയെടുത്തു, മോൻ ശ്യാമിന്റെ കൈ പിടിച്ചു നടന്നു, ഷോപ്പിൽ കയറി മുന്നിലെ ടേബിൾ സെലക്ട്‌ ചെയ്ത് എല്ലാവരും ഇരുന്നു, മെനു കാർഡും കൊണ്ട് ആള് വന്നപ്പോൾ നന്ദനയത് പെട്ടെന്ന് വാങ്ങി ശ്യാമിനെ നോക്കി..

ഞാൻ പറഞ്ഞോളാം..

നീ പറഞ്ഞോ അതിന് ഞാൻ നിന്നെയൊന്നും പറഞ്ഞില്ലല്ലോ..

നന്ദനയൊന്ന് ശ്യാമിനെ നോക്കിയിട്ട് എല്ലാവർക്കും ഐസ് ക്രീം ഓർഡർ ചെയ്തു, കുറച്ച് കഴിഞ്ഞപ്പോൾ ഐസ് ക്രീം വന്നു, മോളെ കയ്യിലെടുത്ത് അവൾക്ക് കുറേശ്ശേയായി നന്ദന കൊടുക്കാൻ തുടങ്ങി, ശ്യാം മോനെ നോക്കിയപ്പോൾ അവൻ അമ്മയെ ശ്രദ്ധിക്കാണെന്ന് മനസ്സിലായി, അവനെ തട്ടി വിളിച്ചു..

നീ എന്താ കഴിക്കാത്തെ..

ഒന്നുമില്ലെന്ന് തലയാട്ടി, ശ്യാം ഐസ് ക്രീം കയ്യിലെടുത്ത് അവന് സ്പൂണിൽ വായിലേക്ക് വെച്ചുകൊടുത്തു..
എങ്ങനെയുണ്ട്..?

ഉം.. രസണ്ട്…

എന്നാൽ ഇത് കൂടി കഴിച്ചോ..
തനിക്ക് ഓർഡർ ചെയ്ത ഐസ് ക്രീം കൂടെ അവന് മുന്നിലേക്ക് നീക്കി വെച്ചു, നന്ദന അത് കണ്ടപ്പോൾ..

അവന് തണുപ്പടിച്ചാൽ പെട്ടെന്ന് തൊണ്ടവേദന വരും..

ശ്യാം അവനെയൊന്ന് നോക്കി..
പിന്നെ രണ്ട് ഐസ് ക്രീം കഴിച്ചാൽ തൊണ്ടവേദന വരല്ലേ, ഞാൻ നോക്കിക്കോളാം മോൻ ധൈര്യമായിട്ട് കഴിച്ചോ, അമ്മ അങ്ങനെയൊക്കെ പറയും…

എന്റെ മോനുട്ടൻ അച്ഛൻ പറയുന്നതൊന്നും കേൾക്കണ്ടാട്ടോ…

ആ വിളി ശ്യാമിന് വല്ലാതെ സന്തോഷം നൽകി, മോനെ ചേർത്തുപിടിച്ചു..

കഴിക്കലെല്ലാം കഴിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റു, ക്യാഷ് കൗണ്ടറിൽ എത്തിയപ്പോൾ നന്ദന സൈഡിലേക്ക് നോക്കികൊണ്ട്…

ചേട്ടാ അത് വിൽക്കാൻ വെച്ചിരിക്കുന്നതാണോ..

കാഷ്യർ പുറകിലേക്ക് നോക്കി..
അതേ… ഫ്രണ്ട് ദുബായിൽ നിന്ന് കൊണ്ടുവന്നതാ…

കൊള്ളാലോ അത് കൂടെ ബില്ലിൽ ചേർത്തേക്ക്…

നന്ദന പറയുന്നത് കേട്ടപ്പോൾ ശ്യാമൊന്ന് നോക്കി, നന്ദനയൊന്ന് ചിരിച്ചു..
എന്തേ ഇഷ്ടായില്ലേ..

ഒന്നുമില്ല വെറുതെ നോക്കിയതാ

ഇഷ്ടായില്ലെങ്കിൽ പറഞ്ഞോട്ടോ ഞാൻ എന്തായാലും വാങ്ങും…

ശ്യാമൊന്ന് കൂടി ചിരിച്ചു..
രാവിലെ തൊട്ട് എനിക്കിട്ട് പാരയാണല്ലോ..

സഹിച്ചോളൂ..
നന്ദന മോളെയും എടുത്ത് പുറത്തേക്ക് നടന്നു, ശ്യാം ബിൽ പേ ചെയ്ത് പിന്നാലെ ഇറങ്ങി, നന്ദന പെട്ടെന്ന് നിന്നു, ശ്യാം അവളെയൊന്ന് നോക്കി..
എന്തുപറ്റി ചാവി മറന്നു വെച്ചോ..

നന്ദന മറുപടി പറയുന്നത് കാണാഞ്ഞപ്പോൾ ശ്യാം അവൾ നോക്കുന്ന സ്ഥലത്തേക്ക് നോക്കി, അവിടെ ഒരാൾ അവളെ തന്നെ ഉറ്റുനോക്കുന്നത് കണ്ടപ്പോൾ അവളെയൊന്ന് തട്ടി..
ആരാ അത്..?

നന്ദനയൊന്ന് ഞെട്ടിയിട്ട് ശ്യാമിന് നേരെ തിരിഞ്ഞു..
കാർത്തിക്ക്..

ശ്യാം വീണ്ടും അവനെ നോക്കി..
ഓ ഇവനായിരുന്നോ അത്… എന്തായാലും നീ വാ ഇവിടെ നിന്നിട്ടെന്താ കാര്യം..

അതും ശരിയാ ഞാനെന്തിനാ പേടിക്കുന്നെ, ഇടയ്ക്ക് ഇടയ്ക്ക് കല്യാണം കഴിഞ്ഞതും കൂടി മറക്കാണല്ലോ ദൈവമേ..

എടി ഭയങ്കരീ നീ എന്നെ മറന്നുന്നല്ലേ പറയുന്നേ..

ഞാൻ സോറി പറഞ്ഞില്ലേ… നിങ്ങള് അങ്ങോട്ട് മൈൻഡ് കൊടുക്കാതെ നേരെ കാറിലോട്ട് നടക്ക്..

ഇനി അത് പറഞ്ഞാൽ മതിയല്ലോ..

നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി പെട്ടെന്ന് കാർത്തിക് മുന്നിലേക്ക് വന്ന് നിന്നു…
എന്താണ് ഫാമിലിയായിട്ട് ആഘോഷിക്കാൻ ഇറങ്ങിയതാണോ..

നന്ദന അത് കാതിൽ വാങ്ങാതെ ശ്യാമിനെ മുന്നിലേക്ക് തള്ളാൻ തുടങ്ങി, കാർത്തിക് വീണ്ടും അവരെ നോക്കികൊണ്ട്..

താനൊക്കെ എങ്ങനെയാടോ ഇതിനെ സഹിക്കുന്നെ… പറഞ്ഞാലും മനസ്സിലാവില്ല…പൊട്ടി…

ശ്യാം മറുപടി പറയാൻ തുനിഞ്ഞപ്പോഴേക്കും നന്ദന തടുത്തു..
വേണ്ട ശ്യാം… നടക്ക് നമ്മുക്ക് പോവാം പ്ലീസ്..

ശ്യാം അവളെയൊന്ന് നോക്കി, അവൾ വേണ്ടെന്ന് കണ്ണുകൊണ്ട് കാണിച്ചപ്പോൾ കാറിലേക്ക് നടന്നു, കാർത്തിക് പുറകിൽ നിന്ന്…

പക്ഷെ ഭാഗ്യവാനാട്ടോ പൊട്ടിയാണേലും നല്ല ഉരുപ്പടിയാ, അവളോട് ചോദിച്ചാൽ അറിയാം ഞാൻ എങ്ങനെയാ കൊണ്ടുനടന്നിരുന്നതെന്ന്… സോറി അതിന് പറയാൻ പറ്റില്ലല്ലോ മറന്നുപോയി..

നന്ദന മോളെ ശ്യാമിന്റെ കയ്യിലേക്ക് കൊടുത്തു..
ഒരു മിനിറ്റ് പിടിക്കോ…

ശ്യാം മോളെ വാങ്ങി, നന്ദന കാർത്തിക്കിനരുകിലേക്ക് ചെന്നു, അവനെയൊന്ന് നോക്കിയിട്ട്…
നന്നായി ചിരിച്ചോളൂ… അത് കഴിഞ്ഞിട്ട് എനിക്ക് ഒരു നന്ദി പറയാനുണ്ട് അതും കൂടിയൊന്ന് കേൾക്കണം കേട്ടോടാ പഴയ കെട്ടിയോനെ…

കാർത്തിക് ചുറ്റിലും നോക്കി..
നടു റോഡിലായി പോയി ഇല്ലേൽ ഞാനിതിനു മറുപടി പറഞ്ഞേനെ..

നന്ദന ചിരിച്ചു..
അതാണ് എനിക്കും വേണ്ടത് താൻ ഞാൻ പറയുന്നത് കേട്ടാൽ മതി..

കാർത്തിക് വീണ്ടും ചുറ്റിലും നോക്കി നന്ദന അവനോടായി..
നാണക്കേട് തോന്നുണ്ടോ, അപ്പോൾ എന്നെ പറയുമ്പോഴോ, അല്ല ഞാൻ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ സാറ് എപ്പോഴാണാവോ ആണായത്, മോനെ ഉണ്ടാക്കിയത് കൊണ്ട് തോന്നുന്നതാണോ, എങ്കിൽ അത് മറന്നേക്ക് അവന് തൽക്കാലം അച്ഛനാക്കാൻ പറ്റിയ നല്ലൊരു ആളെ ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്, അതിന് നിങ്ങളോട് പെരുത്ത് നന്ദി…

നന്ദന ഇത്രയും പറഞ്ഞു നടക്കാനൊരുങ്ങി, ഒരു നിമിഷം നിന്നിട്ട് കടയിൽ നിന്ന് വാങ്ങിയ കൂളിംഗ് ഗ്ലാസ്സെടുത്ത് വെച്ചു…
ഇതെങ്ങനെയുണ്ട്… കൊള്ളാവോ..

കാർത്തിക് ഒന്നും മിണ്ടിയില്ല, നന്ദന അവനെയൊന്ന് നോക്കി ചിരിച്ചു..
ഉരുപ്പടി അതെനിക്ക് ഇഷ്ടായിട്ടോ… പെണ്ണുങ്ങളോട് കുറച്ച് മര്യാദക്ക് സംസാരിച്ചൂടെടോ പൊട്ടാ..

നന്ദന തിരിച്ച് കാറിലേക്ക് നടന്നു, ശ്യാം അവളെയൊന്ന് നോക്കി, അവൾ എന്താണെന്ന ഭാവത്തിൽ..
ഇനി പുതിയ കെട്ടിയോനെന്താ..

ഒന്നുമില്ല പൊന്നെ അറിയാതെ നോക്കി പോയതാ…

ആ അങ്ങനെയാണെങ്കിൽ കൊള്ളാം..
നന്ദന ചിരിച്ചിട്ട് വണ്ടിയെടുത്തു വീട്ടിലെത്തി, മോളെയും കൊണ്ട് ശ്യാം പുറത്തേക്കിറങ്ങി, മോനു നേരെ കൈ നീട്ടിയപ്പോൾ അവൻ ഇറങ്ങാൻ കൂട്ടാക്കാതെ ഇരുന്നു, നന്ദന മോനെ നോക്കികൊണ്ട്…

മോനുട്ടൻ ഇറങ്ങിക്കാ നമ്മുക്ക് നാളെ വീണ്ടും പോവാം..

ഇല്ല എനിക്ക് ഐസ് ക്രീം വേണം..

മോനു വാശിപിടിക്കല്ലേ..

ശ്യാം നന്ദനയെ നോക്കി…
നീ ഇനി അവനെ വിഷമിപ്പിക്കണ്ടാ, ഞാൻ കൂട്ടികൊണ്ട് പോയി വാങ്ങിയിട്ട് വരാം..

അത് കുഴപ്പമില്ല ശ്യാം ഞാൻ പോവാം, മോളെയും കൊണ്ട് അകത്തേക്ക് പൊയ്ക്കോളൂ, ഇവിടെ അടുത്തല്ലേ കട പെട്ടെന്ന് വരാം..

ശരി നോക്കി പോയിട്ട് വാ…

നന്ദന മോനെ അരികിലിരുത്തി റോഡിലേക്ക് തിരിച്ചു, കുറച്ച് ദൂരം ചെന്നപ്പോൾ മുന്നിലൊരു കാർ വന്ന് നിന്നു നന്ദന പെട്ടെന്ന് ബ്രേക്കിൽ ചവുട്ടി നിർത്തി, മുന്നിൽ നിർത്തിയ കാറിൽ നിന്നിറങ്ങിയ ആളുകൾ പെട്ടെന്ന് നന്ദനക്ക് നേരെ വന്ന് ഡോർ വലിച്ചു തുറന്നു…

ഇറങ്ങടീ പുറത്തേക്ക്..

നന്ദനയെ പുറത്തേക്കിട്ട് മോനെ കയ്യിലെടുത്തു, അവൾ പെട്ടെന്ന് എഴുന്നേറ്റ് അവർക്കരികിലേക്ക് പാഞ്ഞു..
എന്റെ മോനെ താ..

അതിലൊരാൾ അവളുടെ മുഖത്തേക്ക് കൈവീശിയോന്ന് കൊടുത്തു, അവൾ താഴേക്ക് വീണപ്പോൾ അവർ കാർ എടുത്ത് മുന്നോട്ട് പോയി, നന്ദന പുറകെ ഓടാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല, വേഗത്തിൽ പോലീസ് സ്റ്റേഷനിലേക്ക് കാറോടിച്ചു, കുറച്ച് കഴിഞ്ഞപ്പോൾ ശ്യാമിന്റെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി, അറ്റൻഡ് ചെയ്തതിനേക്കാൾ വേഗത്തിൽ സ്റ്റേഷനിലേക്ക് പാഞ്ഞെത്തി, എസ്ഐയെ കണ്ടപ്പോൾ നിന്നു…

സാർ എന്തുപറ്റി…?

വക്കീൽ അകത്തേക്ക് വാ ചോദിക്കട്ടെ..

ശ്യാം എസ് ഐയുടെ കൂടെ അകത്തേക്ക് നടന്നു, മുറിയിൽ നന്ദന ഇരിക്കുന്നത് കണ്ടപ്പോൾ അടുത്തേക്ക് ചെല്ലാനായി തുനിഞ്ഞു എസ് ഐ തടുത്തുകൊണ്ട്..

അത് വക്കീലിന്റെ ആരാ..?

എന്റെ വൈഫ്‌..
ശ്യാം ടെൻഷനോടെ ഉത്തരം പറഞ്ഞു..

എന്തെങ്കിലും പ്രശ്നമുണ്ടോ, അല്ല ഒന്നും തോന്നരുത് കുറെ നേരമായി ആ കുട്ടി എന്തോ പറയാൻ ശ്രമിക്കുന്നു പക്ഷെ ഒന്നും മനസ്സിലാവുന്നില്ല, വനിത കോൺസ്റ്റബിളിനെ കൊണ്ട് ഫോൺ വാങ്ങി വിളിക്കാൻ നോക്കുമ്പോഴാ വക്കീലിന്റെ നമ്പർ കണ്ടത് അങ്ങനെ വിളിച്ചതാ…

നന്ദന നോക്കുമ്പോൾ ശ്യാം പുറത്ത് നിൽക്കുന്നത് കണ്ട് അരികിലേക്ക് ഓടി വന്നു, അവളുടെ മുഖത്തെ പാടുകൾ കണ്ടപ്പോൾ ശ്യാം വല്ലാതെയായി..
ഇതെന്തുപറ്റി… മോനെവിടെ..

നന്ദന ശ്യാമിന്റെ കൈ പിടിച്ചു പുറത്തേക്ക് മാറ്റി നിർത്തി..
ശ്യാമിന് ഗുണ്ടകളെ പരിചയമുണ്ടോ..

ശ്യാമൊന്ന് ഞെട്ടി..
അതെന്താ അങ്ങനെ ചോദിച്ചത്..?

ഞാൻ ചോദിച്ചതിന് ഉത്തരം പറ..

ഉണ്ട്… ചില കേസുകൾക്ക് വേണ്ടി ബന്ധമുണ്ടായിരുന്നു, എന്തിനാ ഇപ്പോൾ അതൊക്കെ..

നന്ദന പെട്ടെന്ന് അകത്തേക്കോടി ടേബിളിൽ ഉണ്ടായിരുന്ന പേപ്പറും പേനയും എടുത്തോണ്ട് വന്നു, ബെഞ്ചിലിരുന്ന് വേഗത്തിൽ വരയ്ക്കാൻ തുടങ്ങി, കഴിഞ്ഞപ്പോൾ എഴുന്നേറ്റ് ശ്യാമിന് നേരെ നീട്ടി, ശ്യാമത് വാങ്ങി നോക്കി…

ശ്യാം എന്ത് ചെയ്യുമെന്ന് എനിക്കറിയണ്ട, എനിക്ക് കിട്ടിയതിനേക്കാളും ഒരടി കൂടുതൽ കൊടുത്ത് എന്റെ മോനെ തിരിച്ചു കൊണ്ട് വന്ന് തരണം..

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here