Home Latest എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തവനെപ്പോലെ ഗോപന്റെ വായിൽ നിന്നുതന്നെ അത്‌ കേൾക്കാനുള്ള ആഗ്രഹത്തോടെ… Part – 6

എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തവനെപ്പോലെ ഗോപന്റെ വായിൽ നിന്നുതന്നെ അത്‌ കേൾക്കാനുള്ള ആഗ്രഹത്തോടെ… Part – 6

0

Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : മഹാദേവൻ

കല്യാണി ( ആറ് )

അച്ഛൻ ജയിക്കട്ടെ എല്ലാവർക്കും മുന്നിൽ. മകളുടെ ഇഷ്ടത്തെക്കാൾ വലുത് പണത്തിന്റെ വലുപ്പവും ഉയർത്തിപിടിക്കുന്ന അന്തസ്സും ആണെങ്കിൽ അതിന്റ വലുപ്പം ഇനിയും കൂടട്ടെ..

പക്ഷേ, ഒന്നോർത്താൽ നന്ന്. പണം കണ്ടും കൊടുത്തും പ്രൗഢിയുടെ തിളക്കംകൂട്ടാൻ തൂക്കി വിൽക്കുന്നത് മകളുടെ ശരീരം മാത്രമാണെന്ന്.
മനസ്സ് , പണത്തേക്കാൾ മൂല്യം സ്നേഹത്തിന് കൽപ്പിക്കുന്ന ഒരാള്ക്ക് നേരത്തെ കൊടുത്തതാണ് കല്യാണി….
ആർക്കൊപ്പം ജീവിച്ചാലും മനസ്സ് കൊണ്ട് ഞാൻ ഗോപന്റെ പെണ്ണായിരിക്കും.

ഗോപന്റെ മാത്രം പെണ്ണ് ! ”

———————————————————-

പുറത്തേക്കിറങ്ങി മുന്നോട്ട് നടക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു ഗോപന്റെ .
അവളെ മറക്കാൻ പറയാതെ പറഞ്ഞ കല്യാണിയുടെ അച്ഛന്റെ വാക്കുകൾ മാത്രമായിരുന്നു മനസ്സിൽ.
എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു.
” ഇത്ര നാൾ ഹൃദയത്തിൽ കൊണ്ട് നടന്നവളെ ഹൃദയം മുറിയുന്ന വേദനയോടെ പറിച്ചുമാറ്റണം. എന്നിട്ട് എല്ലാം മറന്ന് ചിരിക്കണം അവളെ നോക്കി.
നല്ലൊരു സുഹൃത്ത് ആവണം….
അവളുടെ അച്ഛന്റെ വാക്കുകളാണ്.

പക്ഷേ, കഴിയുമോ, അങ്ങനെ ഒരു ആയുഷ്ക്കാലം ഓർക്കാനുള്ള സ്നേഹം തന്നവളെ ഒരു നിമിഷം കൊണ്ട് പറിച്ചെറിയാൻ. ”

പക്ഷേ, ഒന്ന് മാത്രം ഉറപ്പാണ്, കല്യാണി ഇനി മറ്റൊരാളുടെ ആണ്. ഇനി ഒരു കൂടിക്കാഴ്ച…….

കാലിയായി വരുന്ന ഒരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി അതിൽ കയറുമ്പോൾ ആയിരുന്നു പോക്കറ്റിൽ കിടന്ന ഫോൺ അടിക്കാൻ തുടങ്ങിയത്.
മനസ്സ് അസ്വസ്ഥമായത് കൊണ്ടാവാം ആദ്യം ആ കാൾ എടുക്കാൻ മടിച്ചെങ്കിലും വീണ്ടും അടിക്കാൻ തുടങ്ങിയപ്പോൾ അവൻ ഫോൺ എടുത്തു നോക്കി. അതിൽ തെളിഞ്ഞ മഹേഷ്‌ എന്ന് കണ്ടപ്പോൾ തന്നെ ഒരു ആശ്വാസത്തിനെന്നോണം ഗോപൻ വേഗം ആ കാൾ അറ്റന്റ് ചെയ്തു,

” ടാ, നീ എവിടെ ആണ് സൺ‌ഡേ ആയിട്ട്?
ഈ ഒഴിവ്‌ ദിവസമെങ്കിലും വീട്ടിൽ തന്നെ ചടഞ്ഞിരിക്കാതെ ഒന്ന് പുറത്തേക്കിറങ്ങിക്കൂടെ.
ഞാൻ ടൗണിൽ ഉണ്ട്. സോഡിയാക് ബാറിൽ. നീ നേരെ ഇങ്ങോട്ട് വാ.. ഒഴിവൊന്നും പറയണ്ട. എന്റെ സന്തോഷമാണ് നിന്റെ സന്തോഷം എന്ന് ഇടക്കൊക്കെ നീ പറയാറില്ലേ. അപ്പോൾ എന്റെ സന്തോഷത്തിന് വേണ്ടി വേം വാ… വെയ്റ്റിംഗ് ”

അതും പറഞ്ഞ് ഗോപന് മറുത്തൊരു വാക്ക് പറയാനുള്ള സമയംപ്പോലും കൊടുക്കാതെ കാൾ ഡിസ്കണക്റ്റ് ചെയ്യുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ഫോണും പിടിച്ച് അതേ ഇരിപ്പ് തുടർന്നു അവൻ.

“മനസ്സാകെ തകർന്നിരിക്കുന്ന ഈ അവസ്ഥയിൽ അവൻ ചിലപ്പോൾ ഒരു ആശ്വാസമാകും. പക്ഷേ ബാറിലേക്ക്….. ”
അങ്ങനെ ചിന്തിച്ചെങ്കിലും മഹേഷിനെ പിണക്കാനോ അവന്റെ വാക്കുകളെ കേട്ടില്ലെന്ന് നടിക്കാനോ കഴിയില്ലായിരുന്നു ഗോപന്.
” എന്നും കൈപിടിച്ചുയർത്താനേ ശ്രമിച്ചിട്ടുള്ളൂ..
എന്തിനും കൂടെ നിന്നവൻ. വീഴാൻ പോകുമ്പോൾ താങ്ങായി നിൽക്കുന്നവൻ. അവനെ ഇപ്പോൾ നടന്ന സംഭവങ്ങളുടെയോ തന്റെ മാനസികാവസ്ഥയുടെയോ പേരിൽ പിണക്കുന്നത് ശരിയല്ല. എന്റെ വേദനകൾ മനസ്സിൽ മൂടിവെക്കാം. ഒരു ചിരികൊണ്ട്, തന്റെ സാമിപ്യം കൊണ്ട് അവൻ സന്തോഷിക്കുമെങ്കിൽ… ”

” ചേട്ടാ. നേരെ ടൗണിലോട്ട് പോട്ടെട്ടോ ”

ഓട്ടോക്കാരനേ ചട്ടംകെട്ടി കണ്ണുകൾ അടച്ച് പിന്നിലേക്ക് സീറ്റിലേക്ക് ചാരിയിരിക്കുമ്പോൾ കല്യാണിയുടെ മുഖമായിരുന്നു മനസ്സിൽ.
അടുത്തിരുന്ന് മുടിയിലൂടെ വിരലോടിച്ചു നെറ്റിയിൽ മൃദുലമായി ചുംബിക്കുന്നവൾ !
നെഞ്ചിലേക്ക് തല ചായ്ച്ചുകൊണ്ട് ജീവിതത്തെ സ്വപ്നം കാണുന്നവൾ !
കൈ കോർത്തു പിടിച്ച് കടൽത്തിരകൾക്കൊപ്പം സഞ്ചരിക്കുമ്പോൾ നിഴൽപോലെ ചേർന്നു നടക്കുന്നവൾ !
കടലിന്റെ വേദന ഒരിക്കൽ തന്റേതാകുമെന്ന്
നീരസപ്പെട്ടവൾ !

അപ്പോഴേല്ലാം പറയുമായിരുന്നു ” നിനക്ക് വേണ്ടി കാത്തിരിക്കുന്ന കരയായി എന്നും ഞാൻ ഉണ്ടാകും മരണം വരെ ” എന്ന്.

” ഏട്ടാ…. ”

കല്യാണിയുടെ വിളി കേട്ട പോലെ ഞെട്ടി ഉണരുമ്പോൾ സൈഡിൽ ഓട്ടോ നിർത്തിക്കൊണ്ട് അയാൾ അവനെ തട്ടിവിളിക്കുന്നുണ്ടായിരുന്നു
” ചേട്ടാ.. ടൌൺ എത്തി ” എന്നും പറഞ്ഞ്.

അപ്പോഴാണ് അവനും സ്ഥലകാലബോധം ഉണ്ടായതും. പിന്നെ ഓട്ടോക്കാരനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് എത്രയായി എന്നും ചോദിച്ച് കാശ് എടുത്തു കൊടുത്ത്‌ അവൻ വയ്യാത്ത കാലിനെ ഒരു കൈ കൊണ്ട് താങ്ങി പുറത്തേക്ക് വെച്ച് ആയാസപ്പെട്ട് മെല്ലെ ഇറങ്ങി. പിന്നെ ഓട്ടോക്കാരന് വീണ്ടും ഒരു പുഞ്ചിരി സമ്മാനിച്ച് മെല്ലെ ബാർ ലക്ഷ്യമാക്കി നടന്നു .

ഇടക്ക് ഫോൺ എടുത്ത് മഹേഷ്‌ എവിടെയാണെന്ന് ഉറപ്പാക്കി മുന്നോട്ട് നടക്കുമ്പോൾ ബാറിന് പുറത്ത് മഹേഷിന്റെ കാർ കിടപ്പുണ്ടായിരുന്നു.

201 നമ്പർ മുറിക്ക് മുന്നിൽ എത്തിയപ്പോഴേക്കും വല്ലാതെ ക്ഷീണിച്ചിരുന്നു ഗോപൻ. മുഖത്തെ വിയർപ്പ് കർച്ചീഫിൽ തുടച്ചുകൊണ്ട് കാളിംഗ്ബെൽ അമർത്തുമ്പോൾ അവനെ പ്രതീക്ഷിച്ചിരിക്കുന്ന പോലെ പെട്ടന്ന് തന്നെ മഹേഷ്‌ വാതിൽ തുറന്നു.

” ആഹാ.. വന്നല്ലോ സർ.. എപ്പോ വിളിച്ചതാടോ നിന്നെ. വീട്ടിൽ നിന്നും ഇവിടെ വരാൻ ഇത്രേം നേരം വേണോ.. ബാറിന്റെ A/C യിൽ കാത്തിരുന്ന് മടുത്തിട്ടാ ഒരു റൂം തന്നെ എടുത്തത്. അവിടെ ആകെ ബഹളോം കലപിലയും.. മനസ്സ് ഒന്ന് റിലാക്സ് ആവനാ ബാറിൽ വരുന്നത്. അപ്പൊ ഇവിടെ ചിലർ കുടിച്ച് മറിഞ്ഞു ഡിസ്ക്കോഡാൻസ് കളിക്കുവാ…. ഇതാകുമ്പോൾ നോ പ്രോബ്ലം.. പ്രൈവസി ഉണ്ട്. മൈൻഡ് ഒക്കെ ആണ്.. ആരുടേം ശല്യം ഇല്ല. മനസ്സ് ഒന്ന് ഫ്രഷ് ആകും ഐസ് കൂട്ടി ഒരു പെഗ്ഗ് അങ്ങ് പിടിപ്പിച്ചാൽ.. കൂൾ.. ”

എന്നും പറഞ്ഞ് അവന്റെ തോളിൽ കയ്യിട്ട് അകത്തേക്ക് ക്ഷണിക്കുമ്പോൾ അവന്റ സന്തോഷം നിറഞ്ഞ വാക്കുകൾക്കു ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി ഗോപൻ.

” നീ എന്താടോ എപ്പഴും ഇങ്ങനെ ആണോ. നനഞ്ഞ പടക്കം പോലെ.. ഒന്ന് ഉഷാർ ആയിക്കേ ”
എന്നും പറഞ്ഞ് കുപ്പിയിൽ നിന്നും കുറച്ചു മദ്യം ഗ്ലാസ്സിലേക്ക് പകർന്ന് ഐസ്‌ക്യൂബ് ഇട്ട് ഗോപന് നേരെ നീട്ടുമ്പോൾ ” എനിക്ക് വേണ്ടെടാ ” എന്നും പറഞ്ഞ് സന്തോഷത്തോടെ നിരസിച്ചു അവൻ.

” അത്‌ പറ്റില്ല മോനെ… എന്റെ കൂടെ ഇരികുമ്പോൾ നീ ഇത് കഴിക്കണം… സൗഹൃദത്തിന്റെ ആഴം കൂട്ടാൻ ഇതിനേക്കാൾ ബെസ്റ്റ് വേറൊന്നില്ല മോനെ.. ”

” അതെല്ലെടാ… എനിക്ക്… എനിക്ക് വേണ്ട.. നീ വിളിച്ചത് കൊണ്ട് മാത്രം ആണ് ഞാൻ… ”

വാക്കുകളിൽ അപ്പോഴും വല്ലാത്തൊരു വിഷമം നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.

” നീ ഇത് പിടി.. ബാക്കി ഒക്കെ നമുക്ക് സംസാരിക്കാം ” എന്നും പറഞ്ഞ് പിന്നേയും അവന്റെ നിർബന്ധം കൂടിയപ്പോൾ കഴിക്കാതെ ആ ഗ്ലാസ് അവൻ നിലത്തുവെക്കില്ലെന്ന് മനസ്സിലായി ഗോപന്. അത്കൊണ്ട്തന്നെ പാതി മനസ്സോടെ അത്‌ കയ്യിൽ വാങ്ങുമ്പോൾ മറ്റൊരു ഗ്ലാസ്സിൽ അതുപോലെ മദ്യം ഒഴിച്ച് മഹേഷ്‌ ഗോപന്റെ ഗ്ളാസ്സിലൊന്ന് മുട്ടിച്ചുകൊണ്ട് ചിയേർസ് പറഞ്ഞ് ചുണ്ടോട് ചേർത്തു.
കൂടെ ഗോപനും. !

” ഇനി പറ.. എന്താ മോന്റെ പ്രശ്നം.. നിനക്കില്ലാത്ത പ്രശ്നങ്ങൾ ഇല്ലെന്ന് അറിയാം.. പക്ഷേ, ഇതിപ്പോ മറ്റെന്തോ വല്ലാത്ത ഒരു പ്രശ്നം ആണ്. അല്ലെങ്കിൽ നീ ഇത്രക്ക് മൂഡോഫ് ആകില്ല.
അതുകൊണ്ട് ന്റെ പൊന്ന് മോൻ കാര്യംപറ.. ന്താ പ്രശ്നം ”

അത്‌ ചോദിക്കുമ്പോൾ മഹേഷിന്റെ കണ്ണിൽ ഒരു തിളക്കമുണ്ടായിരുന്നു. എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തവനെപ്പോലെ ഗോപന്റെ വായിൽ നിന്നുതന്നെ അത്‌ കേൾക്കാനുള്ള ആഗ്രഹത്തോടെ അവൻ ഗോപന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ആ കണ്ണുകളിൽ ചെറിയൊരു നനവ് പടരുന്നത് അറിയാൻ കഴിയുന്നുണ്ടായിരുന്നു മഹേഷിന്.

” ശരിയാണടാ .. ഞാൻ ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിലാണ്. കൈച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത പോലെ. എന്നെപോലെ ഒരു ഒന്നരകാലനു ആഗ്രഹിക്കാൻ പോലും അർഹതയില്ലാത്ത ഒന്ന് ഞാൻ ആഗ്രഹിച്ചു, മോഹിച്ചു, എന്നും കൂടെ വേണമെന്ന് ആശിച്ചു. പക്ഷേ….
പണ്ടാരോ പറഞ്ഞപോലെ കൊക്കിൽ ഒതുങ്ങുന്നത് തിരഞ്ഞെടുക്കണം കൊത്താൻ.
അല്ലെങ്കിൽ മരിച്ച മനസ്സുമായി ജീവിക്കേണ്ടി വരും പിന്നീട്.
ഇപ്പോൾ ഞാൻ അങ്ങനെയാടോ… ഹൃദയംകൊണ്ട് സ്നേഹിച്ചവളെ ഹൃദയം മുറിച്ച് വേർപ്പെടുത്തേണ്ട അവസ്ഥ..
കണ്ട സ്വപ്നങ്ങൾ ഒരു രാത്രി പുലരുമ്പോൾ അന്യമാകുന്നു.
കൊതിച്ച ജീവിതം അരികിൽ നിന്നും മറ്റൊരാൾക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങുന്നു.
അടുക്കാൻ വെമ്പുന്ന മനസ്സുകളെ അടർത്തിമാറ്റുമ്പോളുള്ള വേദന ഉണ്ടല്ലോ.. അത്‌ മരണത്തേക്കാൾ ക്രൂരമാണെടോ..
ദേഹിയില്ലാത്ത ദേഹം പോലെ….. ”

അത്‌ പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറുന്നുണ്ടെങ്കിലും കണ്ണുകൾ പൊട്ടിയൊഴുകാതിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഗോപൻ.
പിന്നെ കല്യാണിയെ കുറിച്ച് പറയാൻ തുടങ്ങുമ്പോൾ ആയിരുന്നു മഹേഷ്‌ അവനെ തടഞ്ഞുകൊണ്ട് സംസാരിച്ചത്,

” ഇനി നീ കൂടുതലൊന്നും പറയണ്ട… നിന്റെ വാക്കുകളിലുണ്ട് എല്ലാം.. ഇനി ആ വിഷയത്തെ കുറച്ചു ഞാൻ ചോദിക്കുന്നില്ല.. അവളെ കുറിച്ചോ ഇപ്പോൾ നീ ഇങ്ങനെ ഒക്കെ പറയാനുണ്ടായ കാരണങ്ങളെ കുറിച്ചോ.. പക്ഷേ,, ഒന്ന് നീ ഉറപ്പിച്ചോ… നിന്റെ മനസ്സിൽ കയറിപ്പറ്റിയ ആ പെണ്ണിനെ നിന്നെക്കൊണ്ട് തന്നെ കെട്ടിക്കും ഈ മഹേഷ്‌.. അത്‌ രണ്ട് പെഗ്ഗിന്റ് പുറത്ത് പറയുന്ന വീരവാദം അല്ല.. എന്റെ കൂട്ടുകാരന് ഞാൻ കൊടുക്കുന്ന വാക്കാണ് ”

എന്നും പറഞ്ഞ് അവനെ കെട്ടിപിടിക്കുമ്പോൾ അത്‌ വരെ പിടിച്ചുനിന്നഗോപന്റെ കണ്ണുകൾ സന്തോഷം കൊണ്ട് ഒഴുകുന്നുണ്ടായിരുന്നു.
മഹേഷിന്റെ ചുണ്ടുകളിൽ വല്ലാത്തൊരു പുഞ്ചിരിയും !

പിന്നെ ആ സന്തോഷം ഒന്നുകൂടി ആഘോഷിക്കുമ്പോലെ മഹേഷ്‌ രണ്ട് ഗ്ളാസുകളിലേക്ക് മദ്യം പകർന്നു അവന് നേരെ നീട്ടുമ്പോൾ ഗോപനും മനസ്സിൽ നിന്നും വലിയ ഒരു ഭാരം ഇറക്കിവെച്ച സന്തോഷത്തിൽ ആ ഗ്ലാസ് വാങ്ങി ചുണ്ടിലേക്ക് ചേർത്തു. പിന്നെ ഒരു കൈ കൊണ്ട് ചുണ്ടൊന്നു തുടച്ചുകൊണ്ട് മഹേഷിനോടായി ചോദിക്കുന്നുണ്ടായിരുന്നു
“അല്ല, നിന്റെ വിവാഹത്തെ കുറിച്ച് കൂടുതലായി ഒന്നും പറഞ്ഞില്ലല്ലോ നീ.. എവിടെ വരെ ആയി കാര്യങ്ങൾ.. ന്തായി തീരുമാനം ” എന്നൊക്കെ.

അത്‌ കേട്ട് മഹേഷ്‌ ഒന്ന് പതിയെ ചിരിച്ചു

” കല്യാണം … ന്റെ കല്യാണം… ഞാൻ പറഞ്ഞല്ലോ, എന്റെ താല്പര്യം അല്ല.. വീട്ടുകാരുടെ നിർബന്ധം. പിന്നെ അറിയുന്ന വീടും ആളും ആയത് കൊണ്ട് സമ്മതം. എന്നായാലും ഇതൊക്കെ വേണ്ടേ. ”

അതും പറഞ്ഞ് എന്തോ ആലോചിക്കുമ്പോലെ പെട്ടന്ന് മൊബൈൽ എടുത്ത് തുറക്കുമ്പോൾ പറയുന്നുണ്ടായിരുന്നു ” നീ എന്റെ പെണ്ണിനെ കണ്ടില്ലല്ലോ ” എന്ന്. അതും പറഞ്ഞ് ഫോൺ അവന് നേരെ നീട്ടുമ്പോൾ കയ്യിലെ ഗ്ലാസ് ടേബിളിൽ വെച്ച് സന്തോഷത്തോടെ ഗോപൻ ഫോൺ വാങ്ങി ഡിസ്പ്ലേയിലേക്ക് നോക്കി…
അതിൽ തെളിഞ്ഞ മുഖം കണ്ട് വിശ്വസിക്കാൻ കഴിയാതെ ഒരു നിമിഷം ഞെട്ടിത്തരിച്ചു വിറങ്ങലിച്ചിരിക്കുമ്പോൾ മഹേഷ്‌ മീശയിൽ തെരുപ്പിടിച്ച് ചുണ്ടിൽ ഒരു ചിരി നിറച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു

” ഇതാണ് എന്റെ പെണ്ണ് ! ” എന്ന്.

( തുടരും )

✍️ദേവൻ

 

LEAVE A REPLY

Please enter your comment!
Please enter your name here