Home Abhijith Unnikrishnan അതെന്താടാ വീണ്ടും അവളുടെ കയ്യിൽ തന്നെ അതിനെ കൊല്ലാൻ കൊടുക്കാണോ… Part – 4

അതെന്താടാ വീണ്ടും അവളുടെ കയ്യിൽ തന്നെ അതിനെ കൊല്ലാൻ കൊടുക്കാണോ… Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പുനർവിവാഹം ( ഭാഗം – നാല് )

ശ്യാം അവളുടെ തോളിൽ തൊട്ടു..
സത്യമായിട്ടും നിനക്ക് പറയാൻ കിട്ടുന്നില്ലേ…

നന്ദന ശ്യാമിന്റെ മുഖത്തേക്ക് നോക്കി ഇല്ലെന്ന് തലയാട്ടി..

അത് സാരമില്ല, കുഞ്ഞിനൊന്നും പറ്റിയിട്ടില്ലല്ലോ, സമാധാനമായിരിക്ക്…

അമ്മ അടുത്തേക്ക് വന്നു..
ഒന്നും പറ്റിയിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞില്ലല്ലോ…

ശ്യാം അമ്മയ്ക്ക് നേരെ തിരിഞ്ഞു, പെട്ടെന്ന് ഡോക്ടർ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു, എല്ലാവരുടെയും മുഖത്തെ ടെൻഷൻ കണ്ടപ്പോൾ..
ആരും പേടിക്കണ്ട ചെറിയ മുറിവേയുള്ളൂ, നിങ്ങൾ കൊണ്ട് വരുന്ന സ്പീഡ് കണ്ടപ്പോൾ ഞങ്ങളാ ശരിക്കും പേടിച്ചത്..

അമ്മ അരികിലേക്ക് നീങ്ങി നിന്നു..
തലയിലെ മുറിവോ..

അതു കാര്യമായിട്ടൊന്നുമില്ല, കുറച്ച് നേരം റസ്റ്റ്‌ എടുത്തോട്ടെ ഞാൻ മരുന്നൊക്കെ എഴുതിയിട്ടുണ്ട്…

ഡോക്ടർ നടക്കാനൊരുങ്ങി പെട്ടെന്നൊന്ന് തിരിഞ്ഞിട്ട്..
പിന്നെ ഒരു കാര്യം കൂടി അത് വളരെ ചെറിയ കുഞ്ഞാണെന്ന് മറക്കണ്ടാട്ടോ, നല്ലപോലെ ശ്രദ്ധിക്കണം ചില സമയത്തെ ചെറിയ വീഴ്ച്ചകൾ മതി..

ശ്യാം അകത്തേക്ക് കയറി മോളെ നോക്കി, അവൾ ഉറങ്ങാണെന്ന് മനസ്സിലായപ്പോൾ നെറ്റിയിലൊരു ഉമ്മ കൊടുത്തിട്ട് പുറത്തേക്ക് വന്നു, വൈകുന്നേരം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി, കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറുന്ന വേളയിൽ ശ്യാം മോളെ നന്ദനക്ക് നേരെ നീട്ടി..
ഇവളെ മുറിയിൽ കിടത്തിയേക്ക്, കുറച്ച് കഴിഞ്ഞിട്ട് കഴിക്കാൻ കൊടുത്താൽ മതി.

അമ്മ ശ്യാമിന്റെ മുന്നിലേക്ക് നിന്നു..
അതെന്താടാ വീണ്ടും അവളുടെ കയ്യിൽ തന്നെ അതിനെ കൊല്ലാൻ കൊടുക്കാണോ..

ശ്യാം എന്തെങ്കിലും പറയുന്നതിന് മുമ്പേ ശ്രീധരൻ ഇടയിൽ കയറി..
നീ മിണ്ടാതെ അകത്തേക്ക് കയറി പോ..

അമ്മ വേഗത്തിൽ വാതിൽ തുറന്ന് അകത്തേക്ക് ദേഷ്യത്തിൽ കയറിപ്പോയി, ശ്രീധരൻ നന്ദനയെ നോക്കികൊണ്ട്..
മോള് പേടിക്കണ്ട, അവൾക്ക് കുറച്ച് കുശുമ്പ് കൂടുതലാ, മോളുടെ ഭാഗത്ത്‌ തെറ്റൊന്നും വന്നിട്ടില്ലെന്ന് അച്ഛന് നന്നായി അറിയാം, മോനെ കുളിപ്പിക്കുന്നതും നോക്കുന്നതുമൊക്കെ ഞാൻ കണ്ടോണ്ടിരിക്കായിരുന്നു, അങ്ങനെയുള്ള മോള് ഈ കുഞ്ഞിനെ എങ്ങനെയൊക്കെ നോക്കുമെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും…

നന്ദനയൊന്ന് ചിരിച്ചിട്ട് മുറിയിലേക്ക് കയറി, ശ്രീധരൻ ശ്യാമിനെ തട്ടി..
എടാ ഇവൾ ഇങ്ങനെയായാൽ എങ്ങനെ ജീവിക്കും, അവളുടെ ഭാഗത്ത്‌ തെറ്റില്ലാന്ന് പറയാൻ പോലും അതിനെ കൊണ്ട് ആവുന്നില്ലല്ലോ..

ശ്യാം അച്ഛനെ നോക്കി..
ഞാൻ അവളുടെ അച്ഛനുമായി സംസാരിച്ചപ്പോൾ പറഞ്ഞത് ചെറുപ്പത്തിലൊക്കെ കുറെ ഡോക്ടർമാരെ കാണിച്ചിട്ടും ശരിയായില്ലെന്നാ, അവർക്ക് എന്താണെന്ന് പോലും മനസ്സിലാവുന്നില്ലെന്ന്..

അപ്പോൾ ഇവളെങ്ങനെയാ പഠിച്ചിട്ട് പരീക്ഷയിലൊക്കെ പാസ്സായത്..
അച്ഛൻ സംശയത്തോടെ ചോദിച്ചു..

അതിന് അവൾക്ക് മറവിരോഗമൊന്നും അല്ലല്ലോ, ഇനി അവിടെയെന്താ മാജിക്‌ സംഭവിച്ചതെന്ന് എനിക്കും സത്യത്തിൽ പിടുത്തമില്ല, അതിനെ കുറിച്ച് ചോദിക്കാൻ ചെന്നാൽ അവൾക്ക് പറയാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ..

ശ്രീധരൻ ഒന്ന് ദീർഘശ്വാസമെടുത്തിട്ട് അകത്തേക്ക് പോയി, ശ്യാം പുറത്ത് പോയി കുറച്ച് വൈകിയാണ് തിരിച്ചു വന്നത്, മുറിയിൽ നോക്കിയപ്പോൾ മോള് കിടന്നുറങ്ങുന്നുണ്ടായിരുന്നു, നന്ദന ഭക്ഷണം വിളമ്പി, രണ്ടുപേരും കഴിച്ചിട്ട് മുറിയിലേക്ക് തിരിച്ച് വന്നു, നന്ദനയുടെ മുഖത്തെ വിഷമം കണ്ടപ്പോൾ ശ്യാം കവിളിലൊന്ന് തലോടി..
ഞാനൊരു കാര്യം ചോദിക്കട്ടെ..

അവൾ എന്താണതെന്ന ഭാവത്തിൽ നോക്കി..
നിനക്ക് നല്ലപോലെ ചിത്രം വരയ്ക്കാൻ അറിയില്ലേ…

അവൾ അറിയാമെന്നു തലയാട്ടി..

എന്നാൽ എഴുന്നേൽക്ക്..

നന്ദന കാര്യം മനസ്സിലാവാതെ ശ്യാമിന്റെ കൂടെ എഴുന്നേറ്റു, വാങ്ങിക്കൊണ്ടു വന്ന ചാർട്ടുകൾ നന്ദനക്ക് നേരെ നീട്ടി..

ഇതിൽ ഇന്ന് നടന്ന സംഭവങ്ങളൊക്കെ ഒന്ന് വെറുതെ വരയ്ക്കോ…

എങ്ങനെ… എനിക്ക് അത് കിട്ടുന്നില്ലല്ലോ..

നിനക്ക് പറയാൻ കിട്ടുന്നില്ല ഓക്കെ, പക്ഷെ വരയ്ക്കാൻ ചിലപ്പോൾ കിട്ടിയാലോ..

അത്..
അവളൊന്ന് വിക്കി..

നീ ആദ്യം നടന്നതൊക്കെ വെറുതെ ആലോചിച്ചു നോക്ക്, എന്നിട്ട് ക്രമമൊന്നും വേണ്ട, നിന്റെ മനസ്സിൽ വരുന്ന സീനുകളൊക്കെ വരയ്ക്ക്…

അവൾ കുറച്ചു നേരം ആലോചിച്ചിട്ട് വരയ്ക്കാൻ തുടങ്ങി, ഇടയിൽ ശ്യാമിനെ നോക്കുമ്പോൾ അവനൊന്ന് ചിരിച്ച് കാണിച്ചു…
നീ പതുക്കെ ഓർത്തെടുത്ത് വരയ്ക്ക് ഞാൻ അവിടെ ഇരിക്കുന്നുണ്ടാവും, കഴിയുമ്പോൾ വിളിച്ചാൽ മതി..

നന്ദന തലയാട്ടി, അവൾ തിരിച്ചു വരക്കുന്നതിൽ മുഴുകി, ശ്യാം കട്ടിലിൽ ചാരിയിരുന്നു..
കുറേ നേരം പിന്നിട്ടപ്പോൾ ശ്യാം നന്ദുവിനരുകിലേക്ക് ചെന്നു, അവൾ വരക്കുന്നത് അവസാനിപ്പിച്ച് താഴെയൊരു ഒപ്പിട്ടു, ശ്യാമൊന്ന് ചിരിച്ചു..
എന്താ അത്..?

അവൾ തലയുയർത്തി നോക്കികൊണ്ട്..
ഒരു രസത്തിന് ഒപ്പിട്ട് നോക്കിയതാ, ഒരു പക്ഷെ ഇത് തൂക്കി വിറ്റാലോ, അപ്പോൾ അതിൽ എന്റെ പേരെങ്കിലും കിടക്കട്ടെ..

ശ്യാം വീണ്ടും ചിരിച്ചു..
അത്രക്ക് വിശ്വാസമാണെന്നേ..

കുറച്ച് കൂടുതൽ അതുകൊണ്ടാ..

നന്ദന ചാർട്ട് മടക്കി ശ്യാമിന് നേരെ നീട്ടി, അവനത് വാങ്ങി ടേബിളിനരുകിലേക്ക് ചെന്നു, ടേബിൾ ലാമ്പ് ഓണാക്കി മുകളിലുണ്ടായിരുന്ന അഡ്വ:ശ്യാം ശ്രീധർ എന്ന ബോർഡ്‌ നീക്കി വെച്ചു, ചാർട്ട് നിവർത്തി, കുറേ നേരം അതിലേക്ക് തന്നെ നോക്കിയിട്ടും ശ്യാം ഒന്നും പറയുന്നത് കേൾക്കാതിരുന്നപ്പോൾ നന്ദന അടുത്തേക്ക് ചെന്നു, ശ്യാമിനെ ഒന്ന് തട്ടി.
എന്താണ് ഒന്നും മനസ്സിലാവുന്നില്ലേ, ഞാൻ പറഞ്ഞതല്ലേ ഒരു കാര്യവുമില്ലെന്ന്, സംസാരിക്കുന്ന പോലെ വരച്ചാലും അങ്ങനെ തന്നെയേ വരൂ, ഞാനൊരു വ്യത്യസ്ത ജന്മമായിപ്പോയി..
നന്ദന ഇടറുന്നത് കണ്ടപ്പോൾ ശ്യാം അവളെ ദേഹത്തേക്ക് ചേർത്ത് നിർത്തി..

അത് സത്യമാ നിന്നെ പോലെ നീ തന്നെയേയുള്ളൂ, അത് മാറ്റരുത്..

അവൾ ശ്യാമിനെ തന്നെ നോക്കികൊണ്ടിരുന്നു, അവൻ മുഖം അരികിലേക്ക് കൊണ്ടുപോയി..
ഇനി ഞാൻ പറയുന്നതൊക്കെ കറക്റ്റാണോ പറ…

എന്താണത്..

ഉം… നിനക്ക് മനസ്സിൽ കാണുന്നത് പറയാൻ പറ്റാത്തതാണോ അതോ പറയുമ്പോൾ കൺഫ്യൂസ് ആവുന്നതാണോ…

വാക്കുകൾ കിട്ടുന്നില്ല അറിയാതെ വിക്കി പോവും..

നീ ഇപ്പോൾ പറഞ്ഞത് ശരി, വാക്കുകൾ പ്രശ്നം തന്നെയാ, പക്ഷെ നിനക്ക് നല്ല ഓർമ്മയുണ്ട്, അതിലേറെ നിരീക്ഷണം..

അവൾ മനസ്സിലാവാതെ നോക്കി, ശ്യാം ചിത്രത്തിൽ തൊട്ട് കാണിച്ചു..
ഇതിൽ അമ്മ മോളെ എടുത്തിരിക്കുന്നത് സാധാരണത്തെ പോലെയാണ്..
ശ്യാം പേപ്പർ മാറ്റി..
ഇതിൽ അമ്മ വെപ്രാളത്തോടെ എടുക്കുന്നതും..

അതിന് ശ്യാമിന് ഇതിൽ നിന്ന് എന്ത് മനസ്സിലായെന്നാ പറഞ്ഞു വരുന്നത്..

ശ്യാം മാറി നിന്നു..
നീ ആ പേപ്പറുകളൊക്കെ വരച്ച ക്രമത്തിൽ വെക്ക്..

നന്ദന മാർക്ക് ചെയ്ത് വെച്ചിരുന്ന അടയാളം നോക്കി നിരത്തി വെച്ചു, ശ്യാം അരികിലേക്ക് നീങ്ങി നിന്നു.
ഇനി ഓരോന്നായിട്ട് പറ..

നന്ദന അന്തംവിട്ട് ശ്യാമിനെ നോക്കി..

നീ തന്നെ… ഓരോന്നായി ഓർമ്മയിൽ നിന്നല്ല, ഈ പേപ്പറു നോക്കി പറ..

അവൾ വല്ലാത്ത ഭാവത്തിൽ നിന്നു..
സത്യമായിട്ടും കിട്ടില്ല ശ്യാം എനിക്ക് പെട്ടെന്ന് വേറെ എന്തൊക്കെയോ ഓർമ്മയിലേക്ക് വരും…

അതൊന്നും പറഞ്ഞാൽ പറ്റില്ല..

എന്നാൽ ശ്യാം ഇത് നോക്കിയിട്ട് എന്താ മനസ്സിലാവുന്നതെന്ന് പറ കേൾക്കട്ടെ..

ഞാൻ പറഞ്ഞാൽ ശരിയാണോന്ന് നോക്കോ..

നന്ദന തലയാട്ടി സമ്മതിച്ചു, ശ്യാം വെല്ലുവിളി ഏറ്റെടുത്ത് ഓരോന്നായി മാറ്റി വെച്ചു, നന്ദന നോക്കുന്നത് കണ്ടപ്പോൾ..

സത്യത്തിൽ കുഞ്ഞ് എവിടെ നിന്നാണ് വീണതെന്ന് നീ കണ്ടിട്ടില്ല..

ഇല്ല..
നന്ദന ശരിയാണെന്ന് സമ്മതിച്ചു..

പക്ഷെ ഞാൻ കണ്ടുപിടിച്ചു, എല്ലാ പേപ്പറിലും കോമണായിട്ട് ടേബിളുണ്ട്, സോ ഊഹം ശരിയാണെങ്കിൽ അമ്മ മോളെയെടുത്ത് മേശയിൽ ഇരുത്തിയപ്പോഴായിരിക്കും താഴെ വീണിട്ടുണ്ടാവുക..
ശ്യാം നടുവിൽ നിന്നൊരു പേപ്പർ എടുത്തു.
ഇതിൽ നീ സൈഡിൽ നിന്നാണ് വരുന്നത്, ടേബിളിന്റെ ഈ സൈഡിൽ നമ്മുടെ റൂമാണ്, അപ്പോൾ നീ ശബ്ദം കേട്ട് മുറിയിൽ നിന്ന് വന്നതായിരിക്കണം..

നന്ദന അമ്പരന്ന് നിൽക്കുന്നത് കണ്ടപ്പോൾ ശ്യാമൊന്ന് നുള്ളി..
കറക്റ്റാണോ പറ..

അവൾ തലയാട്ടി..
സത്യം…
അവൾ ശ്യാമിന്റെ അരികിലേക്ക് ചേർന്നു .
ഇതിന് മുമ്പേ പോലീസിലായിരുന്നോ..

ശ്യാമൊന്ന് ചിരിച്ചു..
ഏയ്‌.. എല്ലാവർക്കും ഓരോ കഴിവ് ദൈവം കൊടുക്കും, അങ്ങനെ നിനക്ക് കിട്ടിയ വരമാണ് വരക്കുന്നത്, നിനക്ക് മനസ്സിലുള്ളത് ഓർഡറിൽ പറയാനാ കഴിയാത്തത് വരയ്ക്കാനല്ല.. ഇത് വെച്ച് നമ്മള് പഴയതൊക്കെ സംസാരിക്കും..

നന്ദന ചിരിച്ചു..
ചിത്രം വരച്ചാൽ മതിയോ..

മതിയല്ലോ… ധാരാളം..

വല്ലാത്തൊരു അത്ഭുതം തോന്നി അവൾക്ക്, ശ്യാമിനെ കെട്ടിപിടിച്ചുകൊണ്ട്..
കണ്ടുപിടുത്തം കൊള്ളാം, ഇത് വരെ ആരും പരീക്ഷിച്ചിട്ടില്ല, ഞാൻ നാളെ കുറെ കാര്യങ്ങൾ ഓർത്തെടുത്ത് വരയ്ക്കാൻ നോക്കാട്ടോ..

ആയിക്കോട്ടെ… എന്നാൽ നമ്മുക്ക് പോയി കിടന്നാലോ..

രണ്ടുപേരും താഴെ പുതപ്പ് വിരിച്ച് ചേർന്നു കിടന്നു, നന്ദന ശ്യാമിനെ തലോടി..
ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല… എന്നാലും ഞാനൊരു സംശയം ചോദിക്കട്ടെ സത്യസന്ധമായി ഉത്തരം പറയോ..

ശ്യാം അവളെയൊന്ന് നോക്കി..
ചോദിക്ക് സത്യം പറയാൻ ശ്രമിക്കാം..

ശ്യാമിന് എന്നോട് മോഹം തോന്നുന്നില്ലേ, അതോ കുട്ടികൾ അടുത്തുണ്ടെന്നു വിചാരിച്ചു വേണ്ടാന്ന് വെക്കുന്നതാണോ..

ശ്യാമൊന്ന് ചിരിച്ചു..
നീ മോഹമെന്ന് ഉദ്ദേശിച്ചത് എന്താണെങ്കിലും എനിക്കത് നിറയെ നിന്നോട് തോന്നുന്നുണ്ട്, പക്ഷെ അത് നിന്നെ വന്നയുടനെ കീഴടക്കണമെന്നല്ല മറിച്ച് നിന്നെ കൂടുതൽ മനസ്സിലാക്കണമെന്നാ..

നന്ദന ശ്യാമിനെ നുള്ളി..
അപ്പോൾ മോഹമുണ്ട് കൊച്ചുകള്ളൻ..

പിന്നെ ഇല്ലാതിരിക്കോ..

ആയിക്കോട്ടെ.. ഇഷ്ടം പോലെ നടക്കാൻ പ്രാർത്ഥിക്കാം..

ഇരുവരും മൂടിപ്പുതച്ചു കിടന്നു..

പിറ്റേ ദിവസം രാവിലെ..

നന്ദന നേരത്തെ എഴുന്നേറ്റ് കുളിച്ച് റെഡിയായി, മോൻ പതിവില്ലാതെ നേരത്തെ എഴുന്നേറ്റത് കണ്ടപ്പോൾ അവൾ അവനെയും ഒരുക്കി ടീവിക്ക് മുന്നിലിരുത്തി, മുറിയിലേക്ക് ചായയുമായി ചെല്ലുമ്പോൾ ശ്യാം തല മൂടി കിടക്കുകയായിരുന്നു, ചൂടുള്ള ചായ ഗ്ലാസ്സ് പുതപ്പിന് മുകളിലൂടെ ശ്യാമിന്റെ കയ്യിൽ മുട്ടിച്ചു..

ആ..
ശ്യാം പുതപ്പ് മാറ്റി കണ്ണ് തുറന്നു നോക്കി..
നീയായിരുന്നോ രാവിലെ തന്നെ കൊല്ലാനുള്ള പരിപാടിയാണോ..

പിന്നെ ഒരു ചായഗ്ലാസ്സ് വെച്ചാണല്ലോ കൊല്ലാൻ പറ്റുന്നെ, പെട്ടെന്ന് എഴുന്നേൽക്ക് മനുഷ്യാ നമ്മുക്ക് രജിസ്റ്റർ ചെയ്യാൻ പോവണ്ടേ..

ഓ അതിനായിരുന്നോ ഞാൻ റെഡി, ഒരു പത്തു മിനിറ്റ് കൂടി കഴിഞ്ഞിട്ട് എഴുന്നേൽക്കാം..

ഉം.. പെട്ടെന്ന് വാ…
നന്ദന ചായ അരികിൽ വെച്ച് എഴുന്നേറ്റ് മോളുടെ അരികിലേക്ക് ചെന്നു, അവൾ കണ്ണ് തുറന്ന് കിടക്കുകയായിരുന്നു..
കുറുമ്പി എഴുന്നേറ്റിട്ട് മിണ്ടാതിരിക്കാണോ..

നന്ദന കുഞ്ഞിനെ എടുത്ത് പുറത്തേക്ക് നടന്നു, അമ്മ വരുന്നത് കണ്ടപ്പോൾ അവൾ മോളെ നോക്കികൊണ്ട്..
അമ്മയുടെ സ്വത്ത് രാവിലെ കുളിക്കല്ലേ.. അത് കഴിഞ്ഞ് നമ്മൾക്ക് കഴിക്കണ്ടേ..

അമ്മയൊന്ന് നോക്കിയിട്ട് നന്ദനയുടെ അരികിലേക്ക് വന്നു…
നീ ആളാവല്ലേ.. എത്രയാണെങ്കിലും നിന്നെക്കാളും അവകാശം എനിക്കുണ്ട്..

ആണോ അമ്മക്കണോ അവകാശം കൂടുതൽ..

അമ്മ ദേഷ്യത്തിൽ..
വലിഞ്ഞു കയറി വന്ന നിന്നെക്കാളും എന്തായാലുമുണ്ട്..

നന്ദനയൊന്ന് ചിരിച്ചു..
ആയിക്കോട്ടെ… എന്തായാലും എന്റെ കെട്ടിയോന്റെ കൊച്ച് ഇപ്പോൾ എന്റെ കൂടിയാണ്, അതുകൊണ്ട് ഇനി ഞാൻ നോക്കിക്കോളാം…
നന്ദന തിരുത്തി..
അല്ല.. ഈ പൊട്ടി നോക്കിക്കോളാം..

അമ്മ മറുപടി പറയാതെ അടുക്കളയിലേക്ക് നടക്കാനൊരുങ്ങി, പോവുന്ന വഴിയിലൊന്ന് തിരിഞ്ഞു നോക്കി….

നന്ദന കുഞ്ഞിനെ നോക്കികൊണ്ട്..
നോക്ക് വാവേ അമ്മയെ നോക്ക് കുറുമ്പി..

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here