Home Latest മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കുമ്പോൾ അയാൾ ഗോപന് നേരെ കൈ...

മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കുമ്പോൾ അയാൾ ഗോപന് നേരെ കൈ നീട്ടിയിരുന്നു… Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : മഹാദേവൻ

കല്യാണി ( നാല് )

ഓട്ടോ കണ്മുന്നിൽ നിന്നും മറയുന്നത് വരെ അവൻ അതേ നിൽപ്പ് തുടർന്നു. പിന്നെ കയ്യിൽ കരുതിയ ബാഗിൽ നിന്നും വെള്ളക്കുപ്പി എടുത്തു മുഖം കഴുകുമ്പോൾ ” ഗോപൻ ” എന്നും വിളിച്ചുകൊണ്ട് അപ്രതീക്ഷിതമായി തോളിൽ പതിഞ്ഞ കൈ കണ്ട് അവൻ പെട്ടന്ന് തിരിഞ്ഞുനോക്കി.

മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കുമ്പോൾ അയാൾ ഗോപന് നേരെ കൈ നീട്ടിയിരുന്നു ഷേക്ഹാൻന്റിനായി. !

” ടാ.. നീ ”

അപ്രതീക്ഷിതമായി കണ്ട ആ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കുമ്പോൾ അയാൾ പുഞ്ചിരിയോടെ ചോദിക്കുന്നുണ്ടായിരുന്നു
” എന്താണ് മിസ്റ്റർ ഗോപൻ… ഒരാൾ ഔപചാരികതയോടെ കൈ നീട്ടുമ്പോൾ തിരിച്ചും അത്‌ പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടോ ” എന്ന്.

പെട്ടന്ന് ആ മുഖം കണ്ടുള്ള ഷോക്കിൽ നിൽക്കുകയായിരുന്ന ഗോപൻ പുഞ്ചിരിയോടെ ആ കൈ തട്ടിമാറ്റി അവനെ അതിയായ സന്തോഷത്തോടെ ആലിംഗനം ചെയ്യുമ്പോൾ ” നമ്മൾ തമ്മിൽ വേണോ മഹേഷ് ഇതുപോലെ ഉള്ള ഔപചാരികതയോക്കെ ” എന്ന് ചോദിക്കുന്നുണ്ടായിരുന്നു അവൻ.

പിന്നെ ആ സന്തോഷനിമിഷങ്ങളിലെ ആലിംഗനത്തിൽ നിന്നും അവനെ മോചിതനാക്കികൊണ്ട് കയ്യിലെ കുപ്പിയിൽ നിന്നും കുറച്ചു വെള്ളം വായിലേക്ക് ഒഴിച്ച് കുപ്പി തിരികെ ബാഗിലേക്ക് വെച്ചു.

” എത്ര നാളയെടാ കണ്ടിട്ട്. ഒരു വിവരവും ഇല്ലായിരുന്നല്ലോ നിന്നെ കുറിച്ച്. നമ്പറിൽ വിളിക്കുമ്പോൾ ഫോൺ സ്വിച്ച്ഓഫ്‌. ന്നാ എന്നെങ്കിലും ഒന്ന് ഇങ്ങോട്ട് വിളിക്കുക, അതും ഇല്ല. അല്ലെങ്കിൽ തന്നെ ബാങ്ക് മാനേജർക്ക് ഈ ക്ലാർക്കിനെ വിളിക്കാനൊക്കെ എവിടെ സമയം അല്ലെ.? ന്തായാലും അവിചാരിതമായിട്ടാണെങ്കിലും ഈ തിരുമോന്ത ഒന്ന് കാണാൻ കഴിഞ്ഞല്ലോ. സന്തോഷം സർ ”

അവന്റെ പരാതിയും പരിഭവവും കേട്ട് മഹേഷ്‌ ഒന്ന് ചിരിച്ചു. പിന്നെ ഗോപന്റെ തോളിൽ കയ്യിട്ടുകൊണ്ട് മുന്നോട്ട് നടന്നു.

” ടാ, ഞാൻ മനപ്പൂർവം വിളിക്കാത്തതല്ല. കുറച്ചു തിരക്കുകൾ, പിന്നെ എന്റെ പഴയ നമ്പർ ഇപ്പോൾ ഇല്ല. അതുകൊണ്ടാണ് അതിലേക്ക് വിളിച്ചാൽ കിട്ടാത്തത്. പിന്നെ കരുതി നിന്നെ നേരിൽ കാണാമെന്ന്. കാണണമല്ലോ ”

അത്‌ പറയുമ്പോൾ മാത്രം ആ വാക്കിനൊരു ഊന്നൽ കൊടുത്തിരുന്നു മഹേഷ്‌. അതോടൊപ്പം എല്ലാം കേട്ട് കൂടെ നടക്കുന്ന ഗോപനെ ഒരു പുച്ഛഭാവത്തോടെ ഇടംകണ്ണിട്ടു നോക്കികൊണ്ടായിരുന്നു മഹേഷ്‌ തുടർന്നത്,

” ഇപ്പോൾ ഞാൻ വന്നത് രണ്ട് കാര്യങ്ങൾക്ക് വേണ്ടിയാണ്. ഒന്ന് ഞാൻ നാട്ടിലേക്ക് വരുന്നു ഇനി സ്ഥിരമായി. അതിനിടക്ക് ഒരു ലോങ്ങ്‌ ലീവ് എടുത്തു.
രണ്ടാമത്തെ കാര്യം വീട്ടുകാരൊക്കെ കൂടി ഒരു പെണ്ണ് കെട്ടിച്ചെന്നെ തളച്ചിടാൻ പോകുന്നു.
നിനക്കറിയാലോ രണ്ടും എനിക്ക് അലര്ജിയാണെന്ന്. നാട്ടിൽ നിൽക്കലും പെണ്ണ് കെട്ടലും.
പക്ഷേ, വീട്ടുകാരുടെ നിർബന്ധം. പിന്നെ അറിയുന്ന കുട്ടി കൂടി ആയത് കൊണ്ട് പകുതി സമ്മതത്തിൽ ങ്ങനെ നിൽകുവാ.. ”

അതും പറഞ്ഞുകൊണ്ട് മഹേഷ്‌ പൊട്ടിച്ചിരിക്കുമ്പോൾ ആ ചിരിക്കൊപ്പം ഒന്ന് മന്ദഹസിച്ചു ഗോപൻ. പിന്നെ കടലിലേക്ക് തണൽ വീശുന്ന ഒരു മരത്തിനു താഴെ അവനെയും കൂട്ടി ഇരിക്കുമ്പോൾ വല്ലാത്തൊരു പരവേശം തോന്നിയിരുന്നു അവന്.

പതിയെ പാതി ചത്ത കാലിൽ വെറുതെ തടവുമ്പോൾ മുഖത്തു മിന്നിയ പുഞ്ചിരിയോടെ തന്നെ മഹേഷിനോടായി പറയുന്നുണ്ടായിരുന്നു അവൻ ” കുറെ നടന്നാൽ ഒരു കട്ടുകഴപ്പാ.. പിന്നെ ഒരു പെരുപ്പും. ” എന്ന്.

” അതൊക്ക പോട്ടെ.. നീ എങ്ങിനെ ഇവിടെ എത്തി. ഞാൻ ഇവിടെ ഉണ്ടെന്ന് ആര് പറഞ്ഞു. ഞാൻ ഇങ്ങോട്ട് വരുന്ന കാര്യം ആർക്കും അറിയില്ലല്ലോ ”

ഇടക്കെന്തൊ ചിന്തിച്ചുകൊണ്ട് കാലിൽ തടവുന്നതിനോടൊപ്പം ഗോപൻ മഹേഷിനോടായി ചോദിക്കുമ്പോൾ മുഖത്തെ കണ്ണട അഴിച്ചു കർച്ചീഫിൽ തുടക്കുന്നതിനോടൊപ്പം ചുണ്ടിൽ വിടർന്ന പുച്ഛം കലർന്ന മന്ദഹാസത്തോടെ മഹേഷ്‌ പറയുന്നുണ്ടായിരുന്നു
” നീ ഉള്ളിടത്തു വരേണ്ടദിപ്പോ ന്റെ ആവശ്യം അല്ലെ മോനെ. നീ എനിക്ക് അത്ര പ്രിയപ്പെട്ടവൻ അല്ലെ,..! അന്നും.. ഇന്നും ! ഇനി അങ്ങോട്ടും !
അപ്പോൾ പിന്നെ കണ്ടുപിടിക്കേണ്ട ആളാണെങ്കിൽ എന്ത് ചെയ്തിട്ടാണേലും ഈ മഹേഷ്‌മേനോൻ കണ്ടുപിടിക്കുമെന്ന് നിനക്ക് അറിയില്ലേ.
അതൊരു വാശിയായി ഏറ്റെടുത്താൽ പിന്നെ അതിന്റ അറ്റം കാണാതെ പിറകോട്ട് പോകില്ലെന്ന് എല്ലാവരേക്കാൾ കൂടുതൽ അറിയുന്ന വെക്തിയല്ലേ നീ.?”
അത്‌ പറയുമ്പോൾ വാക്കുകൾക്കു വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു. അതോടൊപ്പം മഹേഷിന്റെ നോട്ടത്തിൽ നിറഞ്ഞു നിൽക്കുന്ന ക്രൗര്യത ഗോപന് മാത്രം മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

അല്ലെങ്കിൽ തന്നെ എന്നും കൂടെ നിന്നിട്ടുള്ള പ്രിയപ്പെട്ട കൂട്ടുകാരനെ കുറെ നാളുകള്ക്ക് ശേഷം കാണുമ്പോൾ അത്‌ ജീവിതം തന്നെ മാറ്റിമറിക്കാൻ പോകുന്ന കൂടിക്കാഴ്ചയായി മാറുമെന്ന് എങ്ങിനെ മനസ്സിലാവാൻ.
ഒന്നുമില്ലായ്മയിൽ നിന്നും കൈ പിടിച്ചുയർത്തിയവനാണ് മുന്നിൽ ഇരിക്കുന്നത്.
കഷ്ടപ്പാടുകൾക്ക് നടുവിൽ ജീവിതം ഒരു ചോദ്യചിന്ഹമായി നിൽക്കുമ്പോൾ അതിൽ നിന്നും ഒരു കര കാണിച്ചു തന്നവനാണ്.
ബാങ്കിൽ ഒരു ജോലി ശരിയാക്കിത്തന്ന് കഷ്ടപ്പാടിന്റെ പ്രളയകുത്തിൽ അകപ്പെട്ടവനെ ഒരു കൈ തന്ന് ജീവിതത്തിലേക്ക് പിടിച്ചിയർത്തിയ പ്രിയപ്പെട്ടവൻ.
അതിന്റ നന്ദിയും കടപ്പാടും എന്നും മനസ്സിലും വാക്കുകളിലും ഉണ്ടായിരുന്നു ഗോപന്റെ.

” നീ എന്താടാ. ആലോചിക്കുന്നത്. കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു ആകെ ഒരു മൂകത. മുന്നിൽ ഞാൻ ഇരിക്കുന്നത് കൊണ്ട് മാത്രം നിവർത്തിയില്ലാതെ ചിരിക്കുന്നപോലെ.
കണ്ണുകൾ ആകെ മൂടിക്കെട്ടി… ന്തോ ഉണ്ടല്ലോ മോനെ…. ”

ഇത്ര നേരം മുന്നിൽ ഒരു സിനിമ പോലെ ഓടിയതെല്ലാം കണ്ടില്ലെന്ന മട്ടിൽ ഒരു കൗശലക്കാരന്റെ ബുദ്ധിയോടെ ഗോപനേ ചുഴിഞ്ഞുനോക്കികൊണ്ട് ചോദിക്കുമ്പോൾ അതിനുള്ള മറുപടിയും ഒരു ചിരിയിലൊതുക്കി അവൻ.

പിന്നെ കടലിന്റെ തിരകളുടെ സങ്കടങ്ങളെ അറിഞ്ഞ് അവരുടെ അലകളിലേക്ക് മനസ്സിനെ ലയിപ്പിക്കുംപ്പോലെ നിർവികാരതയോടെ കടലിലേക്ക് നോക്കിയിരുന്നു.

അത്‌ കണ്ടാവണം കൂടുതലൊന്നും ചോദിക്കാതെ ” നീ വാ.. ആദ്യം നമുക്ക് വല്ലതും കഴിക്കാം… എന്നിട്ടാവാം ബാക്കി വിശേഷങ്ങൾ ” എന്നും പറഞ്ഞ് മഹേഷ്‌ പതിയെ എഴുനേറ്റ് കൂടെ എഴുന്നേറ്റ ഗോപനോടൊപ്പം റോഡിലേക്ക് നടന്നു.
അപ്പോഴും മഹേഷിന്റെ ചുണ്ടുകളിൽ ഗൂഢമായ ഒരു പുഞ്ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

——————————————————–

രാത്രി വീട്ടിലേക്ക് കേറി ചെല്ലുമ്പോഴും കഞ്ഞിക്കു മുന്നിലിരിക്കിമ്പോഴുമെല്ലാം മനസ്സ് അസ്വസ്ഥമായിരുന്നു ഗോപന്റെ.
മനസ്സിനെ എവിടെയും പിടിച്ചുനിർത്താൻ കഴിയുന്നില്ല.
ചങ്കിൽ എന്തോ തടഞ്ഞുനിൽക്കുംപ്പോലെ..
ജീവനോളം സ്നേഹിച്ചവൾ നാളെ മറ്റൊരാളുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ അത്‌ തനിക്ക് എത്രത്തോളം താങ്ങാൻ കഴിയുമെന്ന് അറിയില്ലായിരുന്നു അവന്.
രണ്ട് മനസ്സുകളെ അടർത്തിമാറ്റാൻ എളുപ്പമാണ്. പക്ഷേ അതേ മനസ്സുകളെ ജീവിതത്തിലേക്ക് ചേർത്തുവെക്കാൻ മുന്നിൽ ഒരുപാട് കടമ്പകളുണ്ട്. മനസ്സുകൊണ്ടും ശരീരംകൊണ്ടും സമ്പത്തു കൊണ്ടും ജയിക്കാൻ കഴിയുന്നവന്റ മുന്നിൽ ഇതെലാം നിസ്സാരമായിരിക്കാം. പക്ഷേ ഇതൊന്നുമിലാത്ത തന്നെ പോലുള്ളവർക്ക് ശരിക്കും പ്രണയിക്കാൻ പോലും അർഹത ഇല്ല . ”

കഞ്ഞിക്കു മുന്നിലിരുന്ന് ഓരോന്നു ആലോചിക്കുംതോറും അവന് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു.
അവന്റെ ആ ഇരിപ്പും മുന്നിൽ ആറിത്തണുത്ത കഞ്ഞിയും കണ്ട് ” ഇതെന്ത് പറ്റി ഈ ചെക്കന് ” എന്നും ആലോചിച്ച് അവന്റ അരികിലേക്ക് വന്ന അമ്മ ആ മുടിയിലൂടെ തലോടിക്കൊണ്ട്
” ഇന്നെന്താ പറ്റിയത് നിനക്ക്? വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ.. ആരെയും നോക്കുന്നില്ല, ചിരിക്കുന്നില്ല , ഒന്നും മിണ്ടുന്നില്ല. നനഞ്ഞ കോഴിയെ പോലെ വാടിതൂങ്ങിയുള്ള ഈ ഇരിപ്പ്. മുന്നിലുള്ള കഞ്ഞി ഒന്ന് തൊട്ടിട്ടു കൂടിയില്ല. ന്ത്‌ പറ്റിയെടാ ” എന്ന് ചോദിക്കുമ്പോൾ അത്‌ വരെ കരയാതെ പിടിച്ചുനിന്ന അവൻ അമ്മയുടെ കയ്യിലേക്ക് മുഖം ചേർത്തു വിങ്ങിപ്പൊട്ടിക്കൊണ്ട് പറയുന്നുണ്ടായിരുന്നു
” അമ്മ പറഞ്ഞപോലെ വിരഹം വല്ലാത്തൊരു വേദനയാണ് അമ്മേ ” എന്ന്.

അത്‌ കേട്ടപ്പോൾ തന്നെ അമ്മക്ക് കുറച്ചൊക്കെ കാര്യങ്ങൾ മനസ്സിലാക്കൻ കഴിയുന്നുണ്ടായിരുന്നു. ഒരിക്കൽ ഇതേ അവസ്ഥയിൽ നിന്നത് കൊണ്ടാവാം മകന്റെ വേദനയെ മനസ്സിലാക്കുമ്പോലെ പൊട്ടിക്കരയുന്ന അവനെ ചേർത്തുപിടിച്ചു മുടിയിൽ പിന്നെയും തഴുകുമ്പോൾ അമ്മയുടെ മനസ്സ് പറയുന്നുണ്ടായിരുന്നു ” കരയട്ടെ.. മതിയാവോളം.. ആ കണ്ണുനീരിനൊപ്പം കുറച്ചെങ്കിലും വിഷമത്തെ അലിയിച്ചുകളയാൻ ന്റെ കുട്ടിക്ക് കഴിയട്ടെ ” എന്ന്.

കുറച്ച് നേരത്തെ ആ ഇരിപ്പിനു ശേഷം വയറിൽ കൈ ചുറ്റി കരച്ചിലടക്കാൻ പാട് പെടുന്ന മകന്റെ മുഖം പിടിച്ചുയർത്തി അവനോട് മുഖം കഴുകാൻ ആവശ്യപ്പെട്ടു. പിന്നെ ആറിത്തണുത്ത കഞ്ഞി എടുത്ത് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ അമ്മ ഓര്മ്മിപ്പിക്കലെന്നോണം പറയുന്നുണ്ടായിരുന്നു
” മോനെ പ്രണയിക്കാൻ പ്രയാസമില്ല. പക്ഷേ, ആ പ്രണയത്തെ ജീവിതമാക്കി മാറ്റാനും ആ ജീവിതത്തെ അവസാനം വരെ പ്രണയിക്കാനും ഒരു ഭാഗ്യം വേണം. കൂടെ ഉള്ളപ്പോൾ അറിയാത്ത ഒന്ന് നഷ്ടപ്പെടുമ്പോൾ നമ്മൾ അറിയും,
കൂടെ ഉള്ളപ്പോൾ നാം അറിയാതെ പോയ സ്നേഹത്തിന്റെ ആഴം. !
ആ ആഴം നമ്മളെ ആഴത്തിൽ മുറിവേല്പിക്കും.
മറ്റെന്തിനേക്കാളൂം വലിയ മുറിവായി ജീവിതകാലം മുഴുവൻ നമ്മോടൊപ്പം അതുണ്ടാകും.
മറക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ ഓർമ്മിപ്പിക്കും.
പ്രണയം വല്ലാത്തൊരു അനുഭൂതിയാണ്..
അത്‌ പ്രണയിക്കപ്പെടുമ്പോൾ മാത്രമല്ല, വിരഹത്തോടൊപ്പം സഞ്ചരിക്കുമ്പോഴും !
ന്റെ മോൻ അതോർത്തിനി വിഷമിക്കരുത്. അവൾ നിനക്ക് വിധിച്ചതാണെങ്കിൽ അവളെ നിനക്ക് തന്നെ കിട്ടും. അതിപ്പോ ആര് എതിർത്താലും തളർത്തിയാലും.
അതുകൊണ്ട് നീ ഇനി നേരിട്ട് പോണം ആ കുട്ടിയുടെ വീട്ടിൽ. പെണ്ണ് ചോദിക്കാൻ… നാളെ നേരിട്ട് ചോദിച്ചിരുന്നെങ്കിൽ ഒന്ന് ആലോചിക്കാമായിരുന്നു എന്ന് അവർക്ക് പറയാനുള്ള ഒരു ഇട കൊടുക്കരുത്.
തരുന്നതും തരാതിരിക്കുന്നതും അവരുടെ ഇഷ്ട്ടം . ”

അതും പറഞ്ഞ് അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അമ്മ അടുക്കളയിലേക്ക് പോകുമ്പോൾ അവനും മനസ്സിൽ തീരുമാനിച്ചിരുന്നു
” നേരിട്ട് പോയി പെണ്ണ് ചോദിക്കാം. അപമാനിക്കപെട്ടാലും അവൾക്കായി അവസാന ശ്രമം ” എന്ന്.

——————————————-

രാവിലെ കുളിച്ചു നല്ല ഡ്രസ്സ്‌ ഒക്കെ ഇട്ട് പുറത്തേക്കിറങ്ങുമ്പോൾ അവനെ പടിക്കലോളം അനുഗമിക്കാൻ അമ്മയും അനിയത്തിയും ഉണ്ടായിരുന്നു.
ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഗോപൻ ഒരു ധൈര്യമെന്നോണം ഒന്നുകൂടി തിരിഞ്ഞുനോക്കി. അവിടെ അവനെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന അമ്മയുടെ പ്രസന്നമായ മുഖം കാണുമ്പോൾ തന്നെ മനസിന്‌ ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ടായിരുന്നു അവന്. പതിയെ മുന്നോട്ട് നടന്ന് ഇടക്ക് കിട്ടിയ ഓട്ടോയിൽ കയറി വഴി പറഞ്ഞുകൊടുത്ത്‌ സീറ്റിലേക്ക് ചാരി ഇരിക്കുമ്പോൾ മനസ്സ് മുഴുവൻ കല്യാണിയുടെ മുഖം ആയിരുന്നു.
അവളുടെ നിഷ്ക്കളങ്കമായ പുഞ്ചിരിയായിരുന്നു.

ആ ചിരി എന്നും കൂടെ ഉണ്ടാകുമോ എന്നറിയാനുള്ള ആ യാത്ര അവസാനിച്ചത് വലിയ ഒരു ഗേറ്റിനു മുന്നിൽ ആയിരുന്നു.
നിർത്തിയ ഓട്ടോയിൽ നിന്നും വയ്യാത്ത കാൽ പതിയെ കൈ കൊണ്ട് പൊക്കിവെച്ചു പുറത്തേക്കിറങ്ങി പോക്കറ്റിൽ നിന്നും കാശ് എടുത്തുകൊടുത്ത്‌ ഓട്ടോ പറഞ്ഞ് വിടുമ്പോൾ മനസ്സ് വല്ലാതെ പിടിക്കാൻ തുടങ്ങി.

ആ പിടപ്പോടെ തലയുയർത്തി ഗേറ്റിനരികിലേക്ക് നടക്കുമ്പോൾ അതിൽ വലിയ അക്ഷരത്തിൽ എഴുതിയ പേര് മനസ്സിലൊന്ന് വായിച്ചു അവൻ.
പിന്നെ മുന്നിലെ വലിയ ഗേറ്റ് പതിയെ അകത്തേക്ക് മലർക്കെ തുറന്നു. !

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here