Home Latest ഗേറ്റ് കടന്ന് വരുന്ന ഗോപനെ കണ്ട് ഞെട്ടിലോടെ നിശ്ചലമായിനിൽക്കുമ്പോൾ അവളുടെ നെഞ്ചിലൂടെ ഭയം തീണ്ടിയ കൊള്ളിയാൻ...

ഗേറ്റ് കടന്ന് വരുന്ന ഗോപനെ കണ്ട് ഞെട്ടിലോടെ നിശ്ചലമായിനിൽക്കുമ്പോൾ അവളുടെ നെഞ്ചിലൂടെ ഭയം തീണ്ടിയ കൊള്ളിയാൻ വിറപൂണ്ടു പായുന്നുണ്ടായിരുന്നു… Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : മഹാദേവൻ

കല്യാണി ( അഞ്ച് )

ആ ചിരി എന്നും കൂടെ ഉണ്ടാകുമോ എന്നറിയാനുള്ള ആ യാത്ര അവസാനിച്ചത് വലിയ ഒരു ഗേറ്റിനു മുന്നിൽ ആയിരുന്നു.
നിർത്തിയ ഓട്ടോയിൽ നിന്നും വയ്യാത്ത കാൽ പതിയെ കൈ കൊണ്ട് പൊക്കിവെച്ചു പുറത്തേക്കിറങ്ങി പോക്കറ്റിൽ നിന്നും കാശ് എടുത്തുകൊടുത്ത്‌ ഓട്ടോ പറഞ്ഞ് വിടുമ്പോൾ മനസ്സ് വല്ലാതെ പിടിക്കാൻ തുടങ്ങി.

ആ പിടപ്പോടെ തലയുയർത്തി ഗേറ്റിനരികിലേക്ക് നടക്കുമ്പോൾ അതിൽ വലിയ അക്ഷരത്തിൽ എഴുതിയ പേര് മനസ്സിലൊന്ന് വായിച്ചു അവൻ.
പിന്നെ മുന്നിലെ വലിയ ഗേറ്റ് പതിയെ അകത്തേക്ക് മലർക്കെ തുറന്നു. !

കൂട്ടിൽ കിടക്കുന്ന പട്ടിയുടെ നിർത്താതെയുള്ള കുര കേട്ടായിരുന്നു കല്യാണി പുറത്തേക്കിറങ്ങിയത്.
പട്ടി കുരക്കുന്നതെന്തിനാണെന്നറിയാൻ ഉമ്മറത്തേക്ക് വന്ന അവൾ ഒരു നിമിഷം ഗേറ്റ് കടന്ന് വരുന്ന ഗോപനെ കണ്ട് ഞെട്ടിലോടെ നിശ്ചലമായിനിൽക്കുമ്പോൾ അവളുടെ നെഞ്ചിലൂടെ ഭയം തീണ്ടിയ കൊള്ളിയാൻ വിറപൂണ്ടു പായുന്നുണ്ടായിരുന്നു.

വരുമെന്ന് പറഞ്ഞപ്പോൾ മുതൽ ഇങ്ങനെ ഒരു വരവ് പ്രതീക്ഷിച്ചതാണെങ്കിലും പെട്ടന്ന് മുന്നിൽ വന്നു നിൽക്കുമ്പോൾ വല്ലാത്തൊരു പരവേശം.
ഇനി നടക്കാൻ പോകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ ആകെ ഒരു വെപ്രാളം.
വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവക്കാരനായ അച്ഛൻ ഗോപന് മുന്നിൽ എങ്ങിനെ പ്രതികരിക്കുമെന്ന് അറിയാതെ വേവലാതിയോടെ നിൽക്കുന്ന അവൾക്കരികിലേക്ക് അകത്തു നിന്ന് വന്ന അമ്മ ചോദിക്കുന്നുണ്ടായിരുന്നു ” ആരാ മോളെ പുറത്ത്. പട്ടി കുരക്കുന്നത് കേട്ടല്ലോ ” എന്ന്.

പക്ഷേ, അമ്മയുടെ ചോദ്യത്തിന് മുന്നിൽ ഒന്നും പറയാൻ കഴിയാത്തപ്പോലെ നാവ് വരണ്ട അവസ്ഥയിൽ അവൾ പുറത്തേക്ക് കണ്ണുകൾ കൊണ്ട് കാണിച്ച്, വിറയ്ക്കുന്ന കൈ നെഞ്ചിൽ വെച്ച് മനസ്സുരുകി പ്രാര്ത്ഥിക്കുകയായിരുന്നു “അരുതാത്തതൊന്നും സംഭവിക്കരുതേ ” എന്ന്.

മോളുടെ നോട്ടം കണ്ട് പുറത്തേക്ക് നോക്കിയ അവർ അപ്പോഴാണ് ഉമ്മറത്തേക്ക് വരുന്ന ഗോപനെ കണ്ടതും.
ആരാണെന്ന സംശയത്തോടെ അവളെ ഒന്ന് നോക്കികൊണ്ട് പുറത്തേക്കിറങ്ങി അവന് നേരെ ചിരിക്കുമ്പോൾ ഗോപനും ഒന്ന് പുഞ്ചിരിച്ചു.

” കല്യാണിയുടെ അച്ഛൻ….. ”

വിക്കികൊണ്ട് ചോദിക്കുന്ന അവനെ ഒന്ന് അടിമുടിനോക്കി ” നിൽക്കൂ ഞാൻ വിളിക്കാം ” എന്നും പറഞ്ഞ് അവർ അകത്തേക്ക് തിരിയുമ്പോൾ കല്യാണിയെ ഒന്ന് കണ്ണുകൾകൊണ്ട് ഇരുത്തിയുഴിഞ്ഞു അമ്മ.
ആ നോട്ടത്തിൽ ഉണ്ടായിരുന്നു ഉത്തരം തേടുന്ന ആയിരം സംശയങ്ങൾ .

പിന്നെ ഒന്നും പറയാതെ മൂളുക മാത്രം ചെയ്ത് അവർ അകത്തേക്ക് പോകുമ്പോൾ പുറത്ത് നിൽക്കുന്ന അവന്റെ നോട്ടം മുഴുവൻ അവളിലായിരുന്നു.
അവൾ പേടിയോടെ അവനെ നോക്കുമ്പോൾ മനസ്സിൽ നുരഞ്ഞുപൊന്തുന്ന ഭയം പുറത്തുകാണിക്കാതെ അവൻ ഒന്ന് മന്ദഹസിക്കാൻ ശ്രമിച്ചു. പക്ഷേ അതിന് മറുപടിയെന്നോണമുള്ള അവളുടെ ചിരി പാതി വാടിയ പൂ പോലെ നിറംകെട്ടുപോയിരുന്നു.

” ആരാ… ന്താ വേണ്ടേ ”

അവരുടെ നൊമ്പരം ചിന്തിയ നോട്ടങ്ങൾക്കിടയിലേക്ക് ഗാംഭീര്യം നിറഞ്ഞ ആ ചോദ്യം കേട്ട് അവളൊന്നു ഞെട്ടി തിരിഞ്ഞു..
പിന്നെ അച്ഛന്റെ നിഴലനക്കം അവളിൽ സൃഷ്ട്ടിച്ച ഭയത്തിന്റെ ചൂട് തട്ടി ഉരുകിവിയർക്കുമ്പോൾ ” മോള് അകത്തേക്ക് പൊക്കോ ” എന്നും പറഞ്ഞ് ഗംഗാധരൻ ഉമ്മറത്തു നിൽക്കുന്ന ചെറുപ്പക്കാരനെ നോക്കി ” വരൂ ” എന്നും പറഞ്ഞ് ഉമ്മറത്തെ കസേരയിലേക്ക് വിരൽ ചൂണ്ടി അയാൾ അടുത്തുള്ള സെറ്റിയിലേക്കൊന്ന് അമർന്നിരുന്നു.
പിന്നെ ഒന്ന് മുരടനക്കികൊണ്ട് ചോദ്യഭാവത്തിൽ അവനെ നോക്കികൊണ്ട് ” ആരാ, വന്നതെന്തിനാണെന്ന് പറഞ്ഞില്ലല്ലോ? ” എന്ന് ചോദിക്കുമ്പോൾ എങ്ങിനെ കാര്യം അവതരിപ്പിച്ചുതുടങ്ങണമെന്ന് അറിയാതെ വിയർക്കുകയായിരുന്നു ഗോപൻ.

ആകെ ഒരു വെപ്രാളം….
വാക്കുകൾ തൊണ്ടക്കുഴിയിൽ തടഞ്ഞുനിൽക്കുംപോലെ….
അവൻ കൈ കൊണ്ട് പതിയെ വിയർക്കാൻ തുടങ്ങിയ മുഖം ഒന്ന് അമർത്തിത്തുടച്ച് ചെറുതായൊന്ന് ചുമച്ചുകൊണ്ട് വിറയാർന്ന ശബ്‌ദത്തിൽ പറയുന്നുണ്ടായിരുന്നു
” ഞാൻ… ഞാൻ ഗോപകുമാർ…. ടൗണിൽ ഒരു പ്രൈവറ്റ്ബാങ്കിലാണ് ജോലി …..
ഇവിടുത്തെ കല്യാണി…..
ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാണ്…
ഇവിടെ വന്നു പെണ്ണ് ചോദിക്കാൻ മാത്രമുള്ള യോഗ്യത എനിക്കില്ലെന്ന് അറിയാം.. പക്ഷേ, സ്നേഹിച്ചുപോയി.. എന്നും സ്നേഹിക്കാനുള്ള ഒരു മനസ്സുമുണ്ട്.
ഞങ്ങളുടെ സ്നേഹത്തെ വേർപിരിക്കരുത്.. ”

അവൻ തൊഴുകൈയ്യോടെ ചെറിയ വാക്കുകളിൽ കാര്യം അവതരിപ്പിക്കുമ്പോൾ അകത്ത്‌ എല്ലാം ശ്രദ്ധിച്ചുകൊണ്ട് വിഷമത്തോടെ ഇരിക്കുകയായിരുന്നു കല്യാണി.. അതോടൊപ്പം ആ വിഷമത്തെക്കാൾ വേഗത്തിൽ ഒരു ഭയവും പരിഭ്രമവും അവളെ പിടികൂടി.
മുന്നിൽ എല്ലാം കേട്ടിരിക്കുന്ന അച്ഛൻ ആലോചനയിലെന്നോണം മിണ്ടാതിരിക്കുന്നത് വരാനിരിക്കുന്ന ഭൂകമ്പത്തിനു മുന്നോടിയായുള്ള ശാന്തതയാണെന്ന് തോന്നി അവൾക്ക്.

അതേ ചിന്തയിൽ തന്നെ ആയിരുന്നു ഗോപനും. പക്ഷേ, കല്യാണിക്ക് വേണ്ടിയാണെന്ന് ഓർക്കുമ്പോൾ മനസ്സിലെ ഇഷ്ടം തുറന്നുപറഞ്ഞതിന്റെ പേരിൽ ഇവിടെ നിന്ന് എത്രത്തോളം അപമാനിക്കപ്പെട്ടാലും അത്‌ സഹിക്കാൻ മനസ്സിനെ ബലപ്പെടുത്തുന്നുണ്ടായിരുന്നു അവൻ.
ഒരു പൊട്ടിത്തെറിക്കു വേണ്ടി കാത്തിരിക്കുപോലെ…. !

പക്ഷേ അവരെ രണ്ട് പേരുടെയും ധാരണകളെ തിരുത്തികൊണ്ട് വളരെ ശാന്തമായിട്ടായിരുന്നു അയാൾ അകത്തേക്ക് നോക്കി ” വിമലേ, ഉമ്മറത്തേക്ക് രണ്ട് ചായ എടുക്ക്. എന്നിട്ട് അത്‌ മോൾടെ കയ്യിൽ കൊടുത്തുവിട് ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് അവനേ നോക്കി ഒന്ന് പുഞ്ചിരിച്ചത്.

പക്ഷേ, ചായയുമായി കല്യാണി ഉമ്മറത്തെത്തുന്നത് വരെ രണ്ട് പേരും ഒന്നും മിണ്ടിയില്ല. മഥിക്കുന്ന മനസ്സുമായി ചായ ടേബിളിൽ വെച്ച് അച്ഛനെ പേടിയോടെ ഒന്ന് നോക്കികൊണ്ട് അവൾ പിന്തിരിയാൻ ശ്രമിക്കുമ്പോൾ അച്ഛൻ പറയുന്നുണ്ടായിരുന്നു
” മോളെ… ഇവനേ നിനക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലെന്ന് അറിയാം. അവൻ തന്നെ പറഞ്ഞു നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലാണെന്ന്. നീയും പറഞ്ഞിട്ടുണ്ട് നിന്റെ മനസ്സിൽ അങ്ങനെ ഒരു ഇഷ്ടമുണ്ടെന്ന്.
ഇന്നത്തെ കാലത്ത് പെണ്ണിനെ തരില്ലെന്ന് പറഞ്ഞാൽ അപ്പൊ വിളിച്ചിറക്കികൊണ്ട്പോയി താലി കെട്ടുന്നതാണലോ പാഷൻ. അതിനൊന്നും മുതിരാതെ ആൺകുട്ടിയെ പോലെ നേരിട്ട് വന്നു പെണ്ണ് ചോദിക്കാൻ കാണിച്ച ഇവന്റെ മിടുക്ക് എനിക്ക് ഇഷ്ട്ടപ്പെട്ടു. അപ്പോൾ പിന്നെ അവൻ നേരിട്ട് തന്നെ പെണ്ണ് ചോദിച്ചുവന്ന സ്ഥിതിക്ക് അതൊക്കെ അതിന്റ മുറപോലെ തന്നെ നടക്കണ്ടേ. അതുകൊണ്ടാണ് മോളോട് ചായയുമായി വരാൻ പറഞ്ഞത്. അപ്പോൾ ഇനി മോള് പൊക്കോ.. ബാക്കി ഭാവി കാര്യങ്ങൾ ഞങ്ങള് സംസാരിച്ചു തീരുമാനിക്കാം ” എന്ന്.

പിന്നെ ചിരിച്ചുകൊണ്ട് അവളോട് അകത്തേക്ക് പോകാൻ ആവശ്യപ്പെട്ടുകൊണ്ട് അയാൾ ഗോപന് നേരെ തിരിഞ്ഞു.
അച്ഛന്റെ സംസാരം കേട്ട് ആശ്ചര്യത്തോടെ ഒന്ന് നോക്കികൊണ്ട് അവൾ അകത്തേക്ക് പോകുമ്പോൾ എവിടെയോ ഒരു പ്രതീക്ഷയുടെ നാമ്പ് തളിരിടുന്നുണ്ടായിരുന്നു.

അതേ സമയം ഗോപന് നേരെ മുഖവുരയില്ലാതെ കാര്യത്തിലേക്ക് കടന്നിരുന്നു അയാൾ.
” അപ്പോൾ വന്ന ചടങ്ങ് കഴിഞ്ഞു. ഇനി എന്റെ തീരുമാനം തുറന്ന് പറയാം..
ഇത് നടക്കില്ല.
അറുത്തുമുറിച്ച് ഒറ്റവാക്കിൽ പറയുന്നതാണ് ശീലം.
ഈ പ്രായത്തിൽ പ്രണയം എന്ന് പറയുന്നത് എല്ലാവർക്കും ജീവിതത്തിന്റെ ഒരു ഭാഗമായിപ്പോയി. എന്ന് വെച്ച് അത്‌ നടക്കണമെന്ന് വാശി പിടിക്കരുത്. അങ്ങനെ വാശി പിടിക്കുമ്പോൾ ആലോചിക്കണം പെണ്ണിന്റ വീട്ടുകാരെ പറ്റി. അവർക്കൊപ്പം നിൽക്കാനുള്ള തന്റെ യോഗ്യതയെ പറ്റി. അതൊന്നും നോക്കാതെ വഴിയിൽ നിന്ന് കൈ വീശികാണിക്കുന്ന കണ്ട അണ്ടനും അടകോടനും ഒക്കെ വിശ്വസിച്ചു വീട്ടുകാരെ ധിക്കരിച്ചുപോയ പല പെണുങ്ങളുടെയും അവസ്ഥ നമ്മള് കാണുന്നതല്ലേ മോനെ?
അങ്ങനെ ഒരു അവസ്ഥ എന്റെ മോൾക്ക് ഉണ്ടാകരുത്. ഉണ്ടായാൽ അത്‌ കാണാൻ ഞങ്ങൾ ഉണ്ടാകില്ല ഈ ഭൂമിയിൽ.

ഇതൊക്കെ മനസ്സിലാവണമെങ്കിൽ എന്റെ ഈ സ്ഥാനത് നാളെ നീ ആകണം. അല്ലെങ്കിൽ ഇതുപോലെ ഒരു അവസ്ഥയിൽ നിനക്ക് ഒരു പെങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ മനസ്സിലാകും ഇതൊക്കെ അനുഭവിക്കുന്ന രക്ഷിതാവിന്റെ മാനസികാവസ്ഥ. !

ഞാൻ ഈ പറഞ്ഞതൊന്നും നീ മോശമാണെന്ന അർത്ഥത്തിൽ അല്ല.
പക്ഷേ, എന്റെ മകളുടെ ഭാവി തീരുമാനിക്കാനുള്ള അവകാശമെങ്കിലും എനിക്ക് വേണം. അതിനുള്ള യോഗ്യത അവളുടെ അച്ഛൻ എന്ന നിലയിൽ എനിക്കില്ലേ?

നീ നല്ലൊരു പയ്യനാണ്. അതുകൊണ്ട് ഞാൻ പറയുന്നത് നിനക്ക് മനസ്സിലാക്കാൻ പറ്റും.
നന്നായി ആലോചിക്ക്.. ന്നിട്ട് എന്റെ മോൾക്ക് നല്ല ഒരു ഉപദേശം നൽക് . ജീവിതത്തിൽ പോസിറ്റീവ് ആയി ചിന്തിക്കാൻ..
നീ നല്ലൊരു കാമുകനാണ്. അതുപോലെ നല്ല ഒരു കൂട്ടുകാരൻ കൂടി ആകാൻ കഴിയണം ഇനി. അതാണ്‌ നിനക്കും അവൾക്കും നിങ്ങളുടെ ഭാവിക്കും നല്ലത് ”

ഒരു അച്ഛന്റെ വാക്കുകൾ മാത്രമായിരുന്നു അത്രനേരമെങ്കിലും അവസാനത്തെ വാക്കിൽ ഒരു ഭീക്ഷണിയുടെ സ്വരം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു ഗോപന്.
ഇനിയും ഈ പ്രണയവുമായി മുന്നോട്ട് പോകാൻ ആണ് പ്ലാനെങ്കിൽ എന്തും സംഭവിക്കാം എന്ന ധ്വനി. ഒന്നുങ്കിൽ തന്റെ മരണം അല്ലെങ്കിൽ കല്ല്യാണിയുടെ അച്ഛന്റെയും അമ്മയുടെയും മരണം…

ഒന്ന് മാത്രം ഉറപ്പാണ്.. ഈ പ്രണയത്തിനിപ്പോൾ ചോരയുടെ മണമാണെന്ന് !

മറുത്തൊന്നും പറയാൻ കഴിയാതെ വയ്യാത്ത കാൽ വലിച്ചുവെച്ച് മെല്ലെ എഴുനേറ്റു അവൻ. പിന്നെ അയാൾക്ക് നേരെ തലയാട്ടി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ അവളുടെ ഒരു നിഴലനക്കം പ്രതീക്ഷിച്ചുകൊണ്ട് ഒന്ന് തിരിഞ്ഞുനോക്കി ഗോപൻ. പിന്നെ എല്ലാം പ്രതീക്ഷയും നഷ്ട്ടപ്പെട്ടവനെ പോലെ പുറത്തേക്ക് നടക്കുമ്പോൾ അകത്ത്‌ അച്ഛന്റെ വാക്കുകളും ഗോപന്റെ നിസ്സഹായാവസ്ഥയും കണ്ട് വിങ്ങിപൊട്ടുകയായിരുന്നു കല്യാണി.

” മോളെ ങ്ങനെ കരയല്ലേ… വിധിച്ചതേ നമുക്ക് കിട്ടൂ. നിനക്ക് അറിയാലോ അച്ഛന്റെ സ്വഭാവം… നിന്റെ ഭാവിക്ക് നല്ലത് വരാനല്ലേ ഞങ്ങളും ആഗ്രഹിക്കൂ.. അല്ലാതെ ആര്ക്കെങ്കിലും കെട്ടിച്ചുകൊടുത്തു ഭാരം ഒഴിയാൻ അല്ലല്ലോ ഇത്രേം കാലം വളർത്തിവലുതാക്കിയത്. നിങ്ങൾ നിങ്ങളുടെ സ്നേഹത്തിനു മാത്രം പ്രധാന്യം കൊടുക്കുമ്പോൾ നിങ്ങളെ സ്നേഹിക്കുന്നവരെ ആണ് ഒറ്റ നിമിഷം കൊണ്ട് തള്ളിക്കളയുന്നത്.
മോള് ആലോചിക്ക്…. ജീവിതം ഒന്നേ ഉളളൂ.. അത്‌ എങ്ങിനെ ജീവിച്ചുതീർക്കണമെന്ന് ”

അവളുടെ കരച്ചിൽ കണ്ട് അരികിലേക്ക് വന്ന അമ്മ മുടിയിലൂടെ തലോടിക്കൊണ്ട് അത്രയും പറയുമ്പോൾ അമ്മയുടെ തോളിലേക്ക് തല വെച്ച് സങ്കടങ്ങളെ കണ്ണുനീരാക്കി ഒഴുക്കിക്കളയുകയായിരുന്നു കല്യാണി.

പിന്നെ മനസ്സിൽ എന്തോ തീരുമാനിച്ചപ്പോലെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ശാന്തമായി എന്നാൽ വാക്കുകൾ ദൃഢമാക്കികൊണ്ട് അവൾ പറയുന്നുണ്ടായിരുന്നു
” അമ്മേ… സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ? എല്ലാം അറിയുന്ന, മനസ്സും ജീവിതസാഹചര്യങ്ങളുമെല്ലാം മനസ്സിലാക്കിയ ഒരാളെ ഒഴിവാക്കി ഒന്നും പരസ്പരം അറിയാത്ത ഒരാളുടെ ജീവിതത്തിലേക്ക് കടന്ന് ചെല്ലുമ്പോൾ എല്ലാം ശരിയാവും എന്നത് വെറും വിശ്വാസം മാത്രമല്ലേ. പത്തിൽ പത്തു പൊരുത്തം പറഞ്ഞു കെട്ടുന്നവരിൽ പലരും പത്തു ദിവസം സന്തോഷത്തോടെ തികച്ചു ജീവിക്കുന്നില്ല.
അങ്ങനെ ഒരു ലോകത്താണ് മനസ്സ് അറിയുന്നവരെ അകറ്റാൻ ശ്രമിക്കുന്നത്.

മനസ്സുകൊണ്ടുള്ള പൊരുത്തത്തെക്കാൾ വലുതായി എന്താണമ്മേ ജീവിതത്തിൽ നോക്കേണ്ടത്. പണമോ പ്രതാപമോ?
എല്ലാം നിങ്ങൾ തീരുമാനിക്കൂ… ഞാൻ എന്തിനും തയാറാണ്. മനസ്സിൽ ഒരാളെ പ്രതിഷ്ഠിച്ചു മറ്റൊരുത്തന്റെ ഭാര്യയായി അഭിനയിക്കാൻ, ചിരിക്കാൻ, സന്തോഷം കാണിക്കാൻ…. മനസ്സ് കൊണ്ട് അംഗീകരിക്കാത്ത വിവാഹം എന്ന കോമാളിവേഷം കെട്ടി നിങ്ങൾക്കൊക്കെ സന്തോഷം നൽകാൻ.

അച്ഛൻ ജയിക്കട്ടെ എല്ലാവർക്കും മുന്നിൽ. മകളുടെ ഇഷ്ടത്തെക്കാൾ വലുത് പണത്തിന്റെ വലുപ്പവും ഉയർത്തിപിടിക്കുന്ന അന്തസ്സും ആണെങ്കിൽ അതിന്റ വലുപ്പം ഇനിയും കൂടട്ടെ..

പക്ഷേ, ഒന്നോർത്താൽ നന്ന്. പണം കണ്ടും കൊടുത്തും പ്രൗഢിയുടെ തിളക്കംകൂട്ടാൻ തൂക്കി വിൽക്കുന്നത് മകളുടെ ശരീരം മാത്രമാണെന്ന്.
മനസ്സ് , പണത്തേക്കാൾ മൂല്യം സ്നേഹത്തിന് കൽപ്പിക്കുന്ന ഒരാള്ക്ക് നേരത്തെ കൊടുത്തതാണ് കല്യാണി….
ആർക്കൊപ്പം ജീവിച്ചാലും മനസ്സ് കൊണ്ട് ഞാൻ ഗോപന്റെ പെണ്ണായിരിക്കും.

ഗോപന്റെ മാത്രം പെണ്ണ് ! ”

( തുടരും )

✍️ ദേവൻ

LEAVE A REPLY

Please enter your comment!
Please enter your name here