Home Latest നിന്റെ തീരുമാനം….. അതെന്തുതന്നെ ആയാലും നിറഞ്ഞ സന്തോഷത്തോടെ അതിനെ കേൾക്കാൻ ഞാൻ എന്റെ മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ട്…...

നിന്റെ തീരുമാനം….. അതെന്തുതന്നെ ആയാലും നിറഞ്ഞ സന്തോഷത്തോടെ അതിനെ കേൾക്കാൻ ഞാൻ എന്റെ മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ട്… Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : മഹാദേവൻ

കല്യാണി ( മൂന്ന് )

പ്രതീക്ഷിച്ചിരുന്ന ചോദ്യം ആണെങ്കിലും പെട്ടന്നുള്ള അവളുടെ വാക്കുകൾ കേട്ട് ഒരു നിമിഷം ഗോപൻ ഞെട്ടലോടെ നിശ്ചലമാകുമ്പോൾ കരയിലേക്ക് ആഞ്ഞടിക്കുന്ന തിര പോലെ അവന്റെ ഹൃദയത്തിൽ താഴിട്ടു പൂട്ടിയ അവളുടെ പാതി ജീവൻ തുടിക്കുന്ന പ്രണയവാതിലിൽ ആഞ്ഞടിക്കുന്നുണ്ടായിരുന്നു അവൾ ഇടർച്ചയോടെ പറഞ്ഞ അടർത്തിമാറ്റാൻ വെമ്പുന്ന ആ വാക്കുകൾ !

” നമുക്ക് പിരിഞ്ഞാലോ ഗോപേട്ടാ ” !

നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്ന വേദനയിലും അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
ആ ചോദ്യത്തോടൊപ്പം നീർമുത്തു പൊഴിയുന്ന കണ്ണുകളാൽ കല്യാണി അവന്റെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കുമ്പോൾ അവന്റെ നിറമില്ലാത്ത പുഞ്ചിരി കണ്ടാവണം ആ കണ്ണുകൾ നിറഞ്ഞുപെയ്യാൻ തുടങ്ങി.

” ഒന്ന് പ്രണയിക്കുമ്പോൾ, ഇഷ്ട്ടപ്പെട്ട അയാളോടൊപ്പം ജീവിതം സ്വപ്നം കാണുമ്പോൾ ആരുടെയൊക്കെ കണ്ണുനീർ കാണണം.
ആരെയൊക്കെ മറക്കണം. ആരുടെയൊക്കെ വെറുപ്പും വിദ്വേഷവും ഏറ്റുവാങ്ങണം.
പിരിയാം എന്ന ഒരു വാക്ക് കൊണ്ട് മുറിച്ചുമാറ്റാൻ പറ്റുന്നതല്ല നമ്മുടെ സ്വപ്നങ്ങളെ ബന്ധിച്ച സ്നേഹത്തിന്റെ കണ്ണികൾ.. പക്ഷേ….
എനിക്കറിയില്ല ഗോപേട്ടാ… എന്ത് തീരുമാനിക്കണം എന്ന്. ഏത് വഴിക്ക് സഞ്ചരിക്കണം എന്ന്.”

അവളുടെ വിങ്ങലുകൾക്കൊപ്പം തികട്ടിവന്ന വാക്കുകൾ കൊണ്ട് ഹൃദയം മുറിപ്പെടുമ്പോൾ മറുത്തൊരു വാക്ക് പറയാൻ കഴിയാതെ എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി അവൻ .

അല്ലെങ്കിൽ തന്നെ എന്ത് പറയാൻ.
നീ എന്നെ വിട്ട് പോകരുതെന്നോ. !

അവൻ അവളിൽ നിന്നും മുഖം തിരിച്ചു ദൂരേക്ക് നോക്കുമ്പോൾ അവന്റെ ഒരു വാക്കിനായ് കൊതിച്ച അവൾ നിരാശയോടെ ചോദിക്കുന്നുണ്ടായിരുന്നു
” എന്നോട് ഒന്നും പറയാനില്ലേ ഗോപേട്ടന് ” എന്ന്.

അത്‌ കേട്ട് അവൻ ഒന്ന് മന്ദഹസിച്ചു. പിന്നെ കയ്യിൽ കിട്ടിയ ചെറിയ കല്ലുകൾ ദൂരേക്ക് എറിഞ്ഞുകൊണ്ട് ശാന്തമായി പറയുന്നുണ്ടായിരുന്നു,
” കല്യാണി…. നിന്റെ ചോദ്യത്തിനുള്ളിൽ നീറുന്ന നിന്നെ എനിക്ക് മനസ്സിലാകും, നിന്റെ അവസ്ഥയും. അതുകൊണ്ട് തന്നെ ഇവിടെ എന്റെ ഉത്തരത്തിന് പ്രസക്തിയില്ല.
നിന്റെ തീരുമാനം….. അതെന്തുതന്നെ ആയാലും നിറഞ്ഞ സന്തോഷത്തോടെ അതിനെ കേൾക്കാൻ ഞാൻ എന്റെ മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ട്. അത്‌ വേറൊന്നും കൊണ്ടല്ല…. ജീവിതം ചിലപ്പോൾ അങ്ങനെ ആണെന്ന് ന്റെ അമ്മ പറയാറുണ്ട്. ചിരിക്കുകയും കൂടെ കരയുകയും ചെയ്യുന്ന കോമാളിയെ പോലെ…

ആഗ്രഹങ്ങൾക്കൊത്തു നമുക്ക് ഉയരാൻ കഴിഞ്ഞില്ലെങ്കിൽ അതിൽ ദുഃഖിക്കുന്നതിൽ അർത്ഥമില്ല. അവിടെ നാം ആരെന്ന് ചിന്തിക്കുക. നമ്മുടെ കുറവുകളെ മനസ്സിലാക്കുക. എന്നിട്ട് നാളേക്ക് വേണ്ടി ശ്രമിക്കുക. അമ്മയുടെ വാക്കുകളാട്ടോ !

നീ പിരിയാം എന്ന് പറയുമ്പോൾ അത്‌ നിന്നെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലാകും. ആ വേദന ചിലപ്പോൾ നാളത്തെ സന്തോഷമാകുമെങ്കിൽ…….. ”

അത്‌ പറയുമ്പോൾ മാത്രം എന്തോ തൊണ്ടയിൽ തറച്ചപോലെ വാക്കുകൾ ഒന്ന് ഇടറി.
ആ ഇടർച്ച അവൾ അറിയാതിരിക്കാൻ ശ്രമിച്ചെങ്കിലും അത്‌ മനസ്സിലായപ്പോലെ അവന്റെ കയ്യിൽ ഒന്ന് അമർത്തിപ്പിടിച്ചു കല്യാണി.
പിന്നെ പതിയെ അവന്റെ തോളിലേക്ക് ചാഞ്ഞിരിക്കുമ്പോൾ അവൻ ആ മുടിയിലൂടെ ഒന്ന് മൃദുവായി തലോടിക്കൊണ്ട് പറയുന്നുണ്ടായിരുന്നു ,
” നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്നില്ലല്ലോ മോളെ. അങ്ങനെ നടക്കുകയാണെങ്കിൽ വിരഹമെന്ന വാക്കിന് ഈ പ്രണയത്തിന്റെ ലോകത്ത് പ്രസക്തിയില്ലാതായിപോകും.
പല പ്രണയം ഇങ്ങനെ ഒക്കെ ആണെടോ..
ജീവനോളം സ്നേഹിക്കും. പിന്നെ ജീവൻ പോകുന്ന വേദനയോടെ അടർത്തിമാറ്റപ്പെടും. ”

അവൾ അത്‌ കേട്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകൾ പറയുന്നുണ്ട് നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന്. ഹൃദയമിടിപ്പിന്റ താളത്തിലുണ്ട് നഷ്ടപ്പെടുമോ എന്നുള്ള വേവലാതി.
മുടിയിഴകളിലൂടെ സഞ്ചരിക്കുന്ന കൈകൾ ചേർത്തുപിടിക്കാൻ വെമ്പുന്നുണ്ട്…
പക്ഷേ, ചുണ്ടുകൾ മാത്രം പറയാതെപറയുന്നുണ്ട് കള്ളം …….

” എനിക്ക് അറിയില്ല ഗോപേട്ടാ വലുത് ഏത് ചെറുത് ഏതെന്ന്. പ്രണയത്തെ ചേർത്തുപിടിക്കുമ്പോൾ ചിലപ്പോൾ നഷ്ടപ്പെടുന്നത് ഇത്രകാലം പോറ്റിവളർത്തിയ രണ്ട് ജീവിതങ്ങൾ ആവും. ആ ജീവിതങ്ങൾക്കൊപ്പം അവരുടെ ഇഷ്ട്ടങ്ങൾക്ക് വേണ്ടി സഞ്ചരിക്കുകയാണെങ്കിൽ നഷ്ടപ്പെടുന്നത് പാതി ജീവനായ പ്രണയവും.
ഇന്നലെ കൂടി അച്ഛൻ പറഞ്ഞു പ്രണയത്തിന്റെ പേരിൽ പടിയിറങ്ങുകയാണെങ്കിൽ പിന്നെ നീ ഈ പടി കയറുന്നത് അച്ഛനും അമ്മക്കും വേണ്ടി പിണ്ഡച്ചോർ ഉരുട്ടിവെക്കാൻ ആയിരിക്കുമെന്ന്.
അതിനർത്ഥം….

ആരെയും നഷ്ട്ടപ്പെടുത്തിക്കകൊണ്ട്…..
വയ്യ ഗോപേട്ടാ….
ഒരു നിമിഷം ഈ ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ…… ”

അത്ര നേരം അവളെ കേട്ടിരുന്ന അവൻ ആ വാക്ക് മുഴുവനാക്കുംമുന്നേ അവളുടെ വാ പൊത്തിപ്പിടിച്ചു. പിന്നെ രൂക്ഷമായി നോക്കികൊണ്ട് ശകാരിക്കും പോലെ പറയുന്നുണ്ടായിരുന്നു,

” ദേ, പെണ്ണെ… വേണ്ടാത്ത ചിന്ത വല്ലതും മനസ്സിൽ ഉണ്ടെങ്കിൽ മോള് അത്‌ കളഞ്ഞേക്ക്.
ചാവണം പോലും…
നീ ചത്തത് കൊണ്ട് ഈ പ്രശ്നം തീരുമോ… ഞാൻ സന്തോഷിക്കുമോ.. നിന്റെ വീട്ടുകാർ സന്തോഷിക്കുമോ.?
മോളെ മരണം ഒന്നിനും പരിഹാരമല്ല.. മരിക്കാൻ എളുപ്പമാ.. പിന്നെ ഒന്നും അറിയണ്ടല്ലോ. മറ്റുള്ളവർ ആ മരണം കൊണ്ട് എത്ര വിഷമിക്കുമെന്നോ സ്നേഹിക്കുന്നവരുടെ മാനസികാവസ്ഥയൊ, ഒന്നും… എന്തെങ്കിലും വിഷമം വന്നാൽ അപ്പോൾ പോയി മരിക്കണം…
എടി, മരിക്കാനല്ല, ജീവിക്കാൻ ആണ് പ്രയാസം.
നമുക്ക് മുന്നിൽ വരുന്ന പ്രശ്നങ്ങളെ തരണം ചെയ്ത് മുന്നോട്ട് പോകാനാണ് നമ്മൾ ശ്രമിക്കേണ്ടത്.
ഇതിപ്പോ ഒരു ഇഷ്ട്ടത്തിന്റെ പേരിൽ നീ മരിച്ചാൽ അത്‌ കൊണ്ട് നഷ്ട്ടം സഹിക്കേണ്ടി വരുന്നവരെ കുറിച്ചൊന്നു മോള് ആലോചിച്ചു നോക്ക്. നിന്റെ നല്ല ജീവിതം സ്വപ്നം കാണുന്ന വീട്ടുകാരെ തോൽപ്പിക്കുന്നതിനു തുല്യമല്ലെ അതും. അവര് ആരുടെ മുന്നിലും തല കുനിക്കാതിരിക്കാൻ അല്ലെ നീ നമുക്ക് പിരിയാം എന്ന് പറഞ്ഞത്. എന്നിട്ടിപ്പോ…. ”

അവൻ മയത്തിൽ അവളെ കാര്യങ്ങൾ ധരിപ്പിക്കുമ്പോൾ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറയുന്നുണ്ടായിരുന്നു ” സോറി ഏട്ടാ.. മനസ്സ് ചിലപ്പോൾ കൈവിട്ട പോകുവാ ” എന്ന്.

സാരമില്ലെന്നും പറഞ്ഞ് അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു അവൻ. പിന്നെ ആ കണ്ണുനീർ തുടച്ചുകൊണ്ട് പതിയെ എഴുനേറ്റു.
” വാ, നമുക്ക് കുറച്ചു നേരം നടക്കാം ” എന്നും പറഞ്ഞ് അവളുടെ കയ്യിൽ പിടിച്ച് എഴുനേൽപ്പൊച്ചുകൊണ്ട് ആ കരിങ്കൽകെട്ടിൽ നിന്നും മണലിലേക്ക് ഇറങ്ങി മുന്നോട്ട് നടക്കാൻ തുടങ്ങി.

” കല്യാണി, എനിക്ക് മനസ്സിലാകും എല്ലാം.. നിന്റെ വീട്ടുകാർ. അച്ഛൻ, അന്തസ്സ്…. ഒരിക്കലും അവർക്ക് അംഗീകരിക്കാൻ പറ്റാത്ത ഒരാളാണ് ഞാൻ..
പറയാൻ ചെറിയ ഒരു ജോലിയുള്ളതൊഴിച്ചാൽ വേറെ എന്തുണ്ട് എനിക്ക്. ഒന്ന് നേരെ നടക്കാൻ പോലും വയ്യാത്ത ഞൊണ്ടിക്കാലൻ. ഒരു പ്രൈവറ്റ് ബാങ്ക് ആയത് കൊണ്ട് എന്ന് വേണമെങ്കിലും നഷ്ട്ടപ്പെടാവുന്ന ജോലി. പെങ്ങൾ, അമ്മ, കടങ്ങൾ… അങ്ങനെ ഒരു പ്രാരാബ്ധങ്ങൾക്ക് നടുവിലേക്ക് ഒരിക്കലും നിന്റെ അച്ഛൻ നിന്നെ വിടില്ല.. വളർത്തിവലുതാക്കിയ വീട്ടുകാരെ ഉപേക്ഷിക്കാനും പറയാൻ കഴിയില്ല.
അതിന്റ വേദന ഇപ്പോൾ മനസ്സിലാവില്ലെങ്കിലും എനിക്കും ഉണ്ട്‌ ഒരു പെങ്ങൾ.. നാളെ അവൾ മറ്റൊരാൾക്കൊപ്പം പോയാൽ…
അപ്പഴേ ആ നഷ്ടങ്ങളുടെ വേദന മനസ്സിലാകൂ.
നീ പറഞ്ഞതാണ് ശരി.. സന്തോഷത്തോടെ നമുക്ക് പിരിയാം… നമ്മൾ ഒരു ഇഷ്ട്ടം നഷ്ടപ്പെടുത്താൻ തയാറായാൽ അത്‌ വലിയൊരു സന്തോഷത്തിനു കാരണമാകുമെങ്കിൽ നമുക്ക് പിരിയാം കല്യാണി.
പക്ഷെ, അവസാനശ്രമം എന്നോണം ഞാൻ വരും നിന്റെ വീട്ടിൽ.. നിന്നെ ചോദിക്കാൻ… സന്തോഷത്തോടെ ഉള്ള ഒരു സ്വീകരണമോ സ്നേഹത്തോടെ ഉള്ള വാക്കോ പ്രതീക്ഷിച്ചല്ല. കൈപ്പിടിയിൽ ചേർത്തുപിടിച്ച മണൽത്തരികൾ വിരലിനിടയിലൂടെ ഊർന്നിറങ്ങുമ്പോഴും നമ്മൾ ശ്രമിക്കില്ലേ കൈവിട്ടുകളയാതിരിക്കാൻ, അതുപോലെ നഷ്ടപ്പെടുമെന്ന് മനസ്സ് പറയുമ്പോഴും ആ മനസ്സിനെ പോലും വിശ്വസിക്കാതെ പ്രതീക്ഷയുടെ അറ്റം പിടിക്കാൻ…
പ്രണയം കൈവിട്ടുപോകാതിരിക്കാനുള്ള അവസാന ശ്രമം. !”

എന്നും പറഞ്ഞുകൊണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കുമ്പോൾ ആ ചിരിക്ക് പിന്നിൽ ഒരു പെരുമഴക്കാലം പേമാരി പെയ്യാൻ കാത്തിരിപ്പുണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു.

വീട്ടിലേക്ക് വരാനോ വരേണ്ടെന്നോ പറയാൻ കഴിയുന്നില്ലായിരുന്നു അവൾക്ക്. വന്നാൽ പുച്ഛത്തോടെ മാത്രമാകും അച്ഛൻ ഗോപേട്ടനെ കാണുന്നത്.
ഒരിക്കലും നല്ല ഒരു സ്വീകരണം പ്രതീക്ഷിക്കണ്ട.
ചിലപ്പോൾ അച്ഛന്റെ വാക്കുകൾക്ക് മുന്നിൽ അപമാനഭാരത്താൽ തല കുനിച്ചിറങ്ങേണ്ടി വരും.
അങ്ങനെ ഒരു കാഴ്ച കൂടി താൻ കാണേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ ഇപ്പഴേ പിടക്കുന്നുണ്ട് മനസ്സ്.

പക്ഷേ, വരേണ്ടെന്ന് പറയാനും കഴിയുന്നില്ല.
അത്‌ ചിലപ്പോൾ ഈ മനസ്സിനെ വേദനിപ്പിക്കും.
മനപ്പൂർവം അകലാൻ ശ്രമിക്കുകയാണെന്ന് തോന്നിയാൽ….
ഗോപേട്ടൻ പറഞ്ഞപ്പോലെ, ഒരു അവസാന പ്രതീക്ഷ..
നടക്കുമെന്ന് ഉറപ്പില്ലെങ്കിലും വിശ്വാസം കൈവിടാതെ പ്രണയത്തിനൊപ്പം സഞ്ചരിക്കാൻ വേണ്ടി ഒരു അവസാന ശ്രമം. ”

പക്ഷേ, മനസ്സിലുള്ള തോന്നലുകൾ ഒന്നും പറയാതെ അവന്റെ കൈ കോർത്തുപിടിച്ചു മുന്നോട് നടന്നു ഒരുപാട് ദൂരം.. ശാന്തമാകാത്ത കടൽ പോലെയായിരുന്നു അവരുടെ മനസ്സും.

ഇനി ഇങ്ങനെ കൈ കോർത്തിപിടിച്ചൊരു നടത്തം ഉണ്ടാകുമോ എന്ന് പോലും അറിയില്ല.
മഹേഷുമായുള്ള വിവാഹം വീട്ടുകാർ തീരുമാനിച്ച മട്ടാണ്. ഗോപേട്ടൻ വീട്ടിലേക്ക് വന്നു പെണ്ണ് ചോദിച്ചാൽ പോലും ഉറപ്പില്ല വീട്ടുകാർ ഗോപേട്ടന്റെ കുറവുകളെ അംഗീകരിക്കുമെന്ന്. ഞങ്ങടെ പ്രണയത്തെ രണ്ട് കയ്യുംനീട്ടി സ്വീകരിക്കുമെന്ന്.
അതുപോലെ ഇപ്പോൾ തീരുമാനിച്ച കല്യാണത്തിൽ നിന്ന് പിന്മാറുമെന്നും.

അങ്ങനെ ആണെങ്കിൽ ചിലപ്പോൾ ഇത് അവസാനത്തെ നടത്തമായിരിക്കും. ഇനി ഇങ്ങനെ ഒന്ന് കൈകോർത്തു പിടിക്കാൻ, ഈ തോളിലേക്ക് ചാഞ്ഞു പരിഭവം പറയാൻ, കണ്ണുകളിലേക്ക് നോക്കി പ്രണയം പങ്കിടാൻ ഒന്നും കഴിഞ്ഞെന്ന് വരില്ല എന്നോർക്കുമ്പോൾ ഞെഞ്ചിൽ ഒരു ഭാരം തങ്ങിനിൽക്കുന്നപോലെ തോന്നി അവൾക്ക്. അതോടൊപ്പം അവന്റെ കയ്യിൽ ഒന്നുകൂടി മുറുക്കിപിടിച്ചു കല്യാണി.

” എടി പെണ്ണെ… പരിഭവം പറഞ്ഞ് പറഞ്ഞ് സമയം പോയതറിഞ്ഞില്ല… നോക്ക് ഉച്ചയായി.. നിനക്ക് ഉച്ചവരെ അല്ലെ ക്ലാസുള്ളൂ. ഇനീം വൈകിയാൽ ചിലപ്പോൾ ഇന്നത്തോടെ തീരും എല്ലാം.. നിന്റെ പഠിത്തം പോലും. അതുകൊണ്ട് നമുക്ക് പോകാം…. ”

അവളും വാച്ചിലേക്ക് നോക്കികൊണ്ട് പതിയെ തലയാട്ടി. പിന്നെ അവന്റെ കയ്യിൽ നിന്നും പതിയെ അവന്റെ നിഴൽ ചേർന്ന് നടന്നു റോഡിലേക്ക്. മുന്നോട്ട് നടക്കുംതോറും പിരിയാൻ മനസ്സ് സമ്മതിക്കുന്നുണ്ടായിരുന്നില്ല.
ഇനി ഇതുപോലെ….
അറിയില്ല… ദൈവം കരുതിവെച്ച തീരുമാനം എന്തെന്ന്.
റോഡിലേക്ക് കേറി ഒരു വണ്ടിക്ക് വേണ്ടി കാത്തുനിൽക്കുമ്പോൾ അവന്റെ പിന്നിലേക്ക് നിന്നും അവൾ, നിറയുന്ന കണ്ണുകൾ അവൻ കാണാതിരിക്കാൻ.

അതൊന്നും ശ്രദ്ധിക്കാതെ അടുത്തേക്ക് വരുന്ന ഓട്ടോക്ക് കൈകാണിച്ചു നിർത്തി അവളോട് കേറാൻ പറയുമ്പോൾ പോക്കറ്റിൽ നിന്നും ഓട്ടോ കാശ് നൽകികൊണ്ട് “ടൗണിൽ ഒന്ന് വിട്ടേക്ക് ചേട്ടാ ” എന്ന് പറഞ്ഞ അവനെ അവൾ കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു.

” ഒന്ന് കരഞ്ഞൂടെ ഏട്ടാ.. ന്തിനാ ന്റെ മുന്നിൽ ങ്ങനെ കടിച്ചുപിടിച്ചു നിൽക്കുന്നത്. എന്തിനാ ഒരു ചിരി കൊണ്ട് കബളിപ്പിക്കുന്നത്.. പൊട്ടിക്കരയുന്ന മനസ്സിനെ ഒന്ന് സ്വതന്ത്രമാക്കി വിട്ടൂടെ… ഞാൻ കരയാതിരിക്കാൻ വേണ്ടി ന്തിനാ ങ്ങനെ സ്വയം … ”
അവളുടെ മനസ്സ് വിങ്ങിപ്പൊട്ടുകയായിരുന്നു.

” നീ പൊക്കോ കല്യാണി.. ഞാൻ കുറച്ചു നേരം കൂടി ഇവിടെ ഇരിക്കട്ടെ.. ന്തായാലും ലീവ് ആയി. ഇനി കടലിനോട് ഒരു കഥ പറയട്ടെ ഞാൻ….
നീ പൊക്കോ ”
എന്നും പറഞ്ഞ് മുഖം തിരിക്കുമ്പോൾ മുന്നോട്ട് പോകുന്ന ഓട്ടോയിൽ അവൾ തല പിന്നെലേക്ക് അമര്ത്തിക്കിടന്നു പൊട്ടിക്കരയുകയായിരുന്നു.

ഓട്ടോ കണ്മുന്നിൽ നിന്നും മറയുന്നത് വരെ അവൻ അതേ നിൽപ്പ് തുടർന്നു. പിന്നെ കയ്യിൽ കരുതിയ ബാഗിൽ നിന്നും വെള്ളക്കുപ്പി എടുത്തു മുഖം കഴുകുമ്പോൾ ” ഗോപൻ ” എന്നും വിളിച്ചുകൊണ്ട് അപ്രതീക്ഷിതമായി തോളിൽ പതിഞ്ഞ കൈ കണ്ട് അവൻ പെട്ടന്ന് തിരിഞ്ഞുനോക്കി.

മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കുമ്പോൾ അയാൾ ഗോപന് നേരെ കൈ നീട്ടിയിരുന്നു ഷേക്ഹാൻന്റിനായി. !

( തുടരും )

✍️ദേവൻ

LEAVE A REPLY

Please enter your comment!
Please enter your name here