Home Latest അവന്റെ ഓരോ വാക്കും വന്നു പതിച്ചത് അവളുടെ ഹൃദയത്തിൽ ആയിരുന്നു. അതിൽ നിറഞ്ഞു നിൽക്കുന്ന വേദന...

അവന്റെ ഓരോ വാക്കും വന്നു പതിച്ചത് അവളുടെ ഹൃദയത്തിൽ ആയിരുന്നു. അതിൽ നിറഞ്ഞു നിൽക്കുന്ന വേദന മനസ്സിനെ കൊത്തിവലിക്കുന്നപ്പോലെ… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : മഹാദേവൻ

കല്യാണി ( രണ്ട് )

സ്നേഹം കൊണ്ട് തന്റെ മനസ്സ് കീഴടക്കിയവൻ വേണോ അതോ പണവും പദവിയും കൊണ്ട് അച്ഛന്റെ മനസ്സ് കീഴടക്കിയവൻ വേണോ….

അവൾ ഉത്തരം കിട്ടാത്ത ചോദ്യവും മനസ്സിൽ പേറി നിറഞ്ഞ കണ്ണുകൾ ഗോപൻ കാണാതിരിക്കാനായി ദൂരേക്ക് നോക്കി ഇരിക്കുമ്പോൾ അവരെ മാത്രം ശ്രദ്ധിച്ചുകൊണ്ട് ഒരാൾ പിന്നിലെ സീറ്റിൽ സ്ഥാനം പിടിച്ചിരുന്നു. ”

ബസ്സ് കോളേജ് സ്റ്റോപ്പിലേക്ക് അടുക്കുംതോറും അവളുടെ മനസ്സ് അവന്റ അരികിൽ നിന്നും പോരാൻ മടിക്കുന്നുണ്ടായിരുന്നു.
ആ സാമിപ്യം കൊതിക്കുംപോലെ അവന്റെ കയ്യിൽ തെരുപ്പിടിക്കുമ്പോൾ ഒരിക്കലും ഈ വിരൽതുമ്പിൽ നിന്നും അടർത്തിമാറ്റല്ലേ എന്ന് മാത്രമായിരുന്നു മനസ്സിൽ.

” ഗോപേട്ടാ… ഞാൻ………
നമുക്ക് കുറച്ച് നേരം പാർക്കിൽ പോയാലോ…? അല്ലെങ്കിൽ കടൽത്തീരത്ത് പോയിരിക്കാം. എന്തോ വല്ലാതെ അസ്വസ്ഥമാണ് എന്റെ മനസ്സ്. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾക്ക് നടുവിലാണിപ്പോൾ ഞാൻ. ശരിക്കും ഭ്രാന്ത്‌ പിടിക്കുംപോലെ…
പ്ലീസ്… ഈ പകൽ നമുക്ക് വേണ്ടി മാറ്റിവെച്ചൂടെ…. ഇനി ചിലപ്പോൾ.. ”

അറിയാതെ ആണെങ്കിലും അവളുടെ വായിൽ നിന്നും പൊഴിഞ്ഞുവീണ ആ വാക്കിനേ പിടിച്ച് നിർത്തിക്കൊണ്ട് അവൾ പെട്ടന്ന് മൗനം പാലിക്കുമ്പോൾ അവനും അതേ അവസ്ഥയിൽ അവളെ നോക്കുന്നുണ്ടായിരുന്നു.
അവൾ എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ആ മുഖം പറയുമ്പോൾ ആ മറയ്ക്കലൊക്കെയും മറ്റുള്ള മനസ്സുകളെ വേദനിപ്പിക്കാതിരിക്കാൻ ആണെന്ന് അവനറിയാമായിരുന്നു.
ആർക്കൊക്കെയോ വേണ്ടി സ്വായം നീറുകയാണ് ആ മനസ്സ്..
അത്‌ ചിലപ്പോൾ തനിക്ക് വേണ്ടി ആണെങ്കിൽ…
പറയാൻ കഴിയാതെ മനസ്സിൽ വിങ്ങി വിങ്ങി പിടയുന്ന വാക്കുകളിൽ ഉരുകിത്തീരുകയാവാം അവൾ.

” പറ ഗോപേട്ടാ…. എനിക്ക് വേണ്ടി മാറ്റിവെച്ചൂടെ ഈ ദിവസം? ”

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നീർമുത്തുകൾ അടരാൻ വെമ്പി തിളങ്ങുന്നത് അവനിൽ നോവുണർത്തി.
ആ നിമിഷം ഒന്ന് ചേർത്തുപിടിക്കാൻ കൊതിക്കുന്നുണ്ടായിരുന്നു അവന്റെ മനസ്സ്.. !
കൂടെ ഉണ്ടെന്ന് പറയാതെ പറയാൻ….!
ഒരു ചേർത്തുപിടിക്കലിൽ കണ്ണിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾക്കൊപ്പം സ്നേഹത്തിന്റെ മഴവിൽവസന്തത്തിലേക്ക് കൈ പിടിച്ച് സന്തോഷത്തിന്റെ നിമിഷങ്ങളെ അവൾക്ക് മാത്രമായി പങ്കുവെക്കാൻ……

വല്ലാതെ തുടിക്കുന്നുണ്ട് മനസ്സ്….
പക്ഷേ,, ബസ്സിലാണെന്ന ബോധം അവന്റെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടുമ്പോൾ നിസ്സഹായതയോടെ ആ മിഴികളിലേക്ക് വെറുതെ നോക്കിയിരിക്കാനേ അവന് കഴിഞ്ഞുളളൂ.

” കല്യാണി… നിനക്ക് വേണ്ടി മാറ്റിവെക്കാൻ ഒരു ദിവസമല്ല, ഒരു യുഗം തന്നെ ഉണ്ട്.
നിനക്കൊത്തു നടക്കുമ്പോൾ എനിക്ക് മുന്നിൽ തെളിയുന്ന വഴികളിൽ നിന്റെ സ്നേഹത്തിന്റ പൂക്കാലം ഞാൻ അനുഭവിക്കുന്നുണ്ട്.
ഒരിക്കലും വാടാത്ത പൂക്കൾ കൊണ്ട് അലങ്കരിച്ച വഴിത്താരയിൽ നമ്മുടെ സ്വപ്‌നങ്ങൾ നിറംപ്പെയ്യുന്നുണ്ട്.
ഒരു വേനൽപ്പടർപ്പ് കൊണ്ട് മങ്ങിപോകില്ലെന്ന വിശ്വാസമായിരിക്കാം എല്ലാം… .. ”

അവൻ ദീഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് അവളിൽ നിന്നും കണ്ണെടുത്തു വിദൂരതയിലേക്ക് നോക്കുമ്പോൾ അകലെ ചുവന്നണിഞ്ഞ ഗുൽമോഹർചില്ലയിൽ പ്രണയത്തിന്റെ നിമിഷങ്ങൾ ചുംബനംകൊണ്ട് ആസ്വദിക്കുമ്പോലെ രണ്ട് കിളികൾ കൊക്കുരുമ്മി കരള് പങ്കിടുന്നുണ്ടായിരുന്നു !.

പിന്നെ കുറെ നേരം മൗനമായിരുന്നു.
തന്റെ അവസ്ഥയെ എങ്ങിനെ അവനോട് പറയുമെന്ന് അറിയാതെ അവളും അവളുടെ മനസ്സിലുള്ള വിഷമങ്ങൾക്ക് എങ്ങിനെ ആശ്വാസം പകരുമെന്ന് അറിയാതെ അവനും.

ബസ്സ് ടൗണിലെത്തുമ്പോൾ എല്ലാവരും ഇറങ്ങുന്നതിനോടൊപ്പം അവരും പുറത്തേക്കിറങ്ങി.
പിന്നെ അടുത്തുള്ള ഓട്ടോയിലേക്ക് അവനേയും കൂട്ടികൊണ്ട് കയറുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു ” ചേട്ടാ…. ബീച്ച് റോഡ് ” എന്ന്.

അയാൾ തലയാട്ടികൊണ്ട് ഓട്ടോ മുന്നോട്ടെടുക്കുമ്പോൾ അവൻ മാത്രം പുറത്തെ കാഴ്ചകളിലേക്ക് നോക്കി മൗനമായിരിക്കുകയായിരുന്നു.
അവന്റ ഇരിപ്പും ഭാവവും കാണുമ്പോൾ തന്നെ അവൾക്ക് അറിയാമായിരുന്നു അവന്റെ മനസ്സ് പുറത്തെ കാഴ്ചകളിൽ അല്ല, വേറെ എന്തൊക്കെയോ ചിന്തകൾക്കൊപ്പം സഞ്ചരിക്കുകയാണെന്ന്.

” ഗോപേട്ടാ… ന്താ മുഖത്തിനൊരു വാട്ടം. ഇന്ന് ലീവ് എടുത്തത് ഈഷ്ടമാവാതോണ്ടാണോ? ആണേൽ സാരമില്ല, നമുക്ക് തിരിച്ചു പോകാം.. ഇപ്പഴും ഓഫീസ്ടൈം ആകുന്നതല്ലേ ഉളളൂ ”

അവൾ അവന്റെ മുഖത്തു മിന്നിമറയുന്ന ഭാവം ശ്രദ്ധിച്ചുകൊണ്ട് ഇച്ചിരി വിഷമത്തോടെ പറയുമ്പോളായിരുന്നു അവൻ ചിന്തകളിൽ നിന്നും പെട്ടന്ന് സ്വബോധത്തിലേക്ക് വന്നത്.
മനസ്സ് ഏതെല്ലാമോ വഴിക്ക് സഞ്ചരിക്കുകയായിരുന്നു..
ഒരു പിടിവള്ളിപോലും ഇല്ലാതെ, എവിടെയും കരകയറാൻ കഴിയാതെ….

അവളുടെ ചോദ്യത്തിൽ നിറഞ്ഞുനിൽക്കുന്ന വിഷമം കണ്ടപ്പോൾ ഗോപൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പിന്നെ അവളുടെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിഴ വകഞ്ഞു മുകളിലേക്ക് വെച്ചുകൊണ്ട് വെറുതെ ഒന്ന് കണ്ണിറുക്കി. പിന്നെ അവളുടെ കൈവെള്ളയിൽ തെരുപ്പിടിച്ചുകൊണ്ട് അവളെ നോക്കി മന്ദഹസിച്ചു,

” കല്യാണി….. എനിക്കെന്തോ വല്ലാത്തൊരു ഫീലിംഗ് ആണിപ്പോൾ,
ഉള്ളിൽ ഒരു പിടപ്പ്.. മനസ്സ് എവിടെയും പിടിച്ചുനിർത്താൻ കഴിയുന്നില്ല…
ഇപ്പോൾ കുറച്ച് ദിവസമായിട്ട് ന്റെ മനസ്സ് പറയുന്നുണ്ട് ഈ ഒന്നരക്കാലന് ഈ കല്യാണിക്കുട്ടിയുടെ കിട്ടില്ലാന്ന്.
സ്വർഗ്ഗം മുന്നിലുള്ള പെണ്ണിനെ പിടിച്ചുവലിച്ചു ഈ നരകത്തിലേക്ക് കൊണ്ടിടണോ മോനെ എന്ന് ഇടക്ക് ചോദിക്കാറുണ്ട് ന്റെ അമ്മ. അത്‌ നമ്മുടെ ഇഷ്ട്ടം കാണുമ്പോൾ പേടിച്ചിട്ടാണ്‌ട്ടോ. ഇത്രയൊക്കെ സ്നേഹിച്ചിട്ട് വഴിപിരിയേണ്ടി വന്നാൽ അത്‌ എത്രത്തോളം മനസ്സിനെ മുറിപ്പെടുത്തുമെന്ന് അറിയാവുന്നത് കൊണ്ട.

ന്റെ അമ്മക്ക് ഒരു പ്രണയം ഉണ്ടായിരുന്നുന്ന് കേട്ടിട്ടുണ്ട്. ഇതുപോലെ ആയിരുന്നു അതും. അവസാനം പണമുള്ള വീട്ടിലെ പെണ്ണിനെ കണ്ടപ്പോൾ അയാൾ അമ്മയെ വേണ്ടെന്ന് വെച്ചു.
ഇടക്കൊക്കെ അമ്മ പറയാറുണ്ട് ആ വേദന ഇന്നും ഉണ്ടെന്ന്.ആദ്യമായി മനസ്സിൽ കേറിയ മുഖം ജീവിതാവസാനം വരെ മനസ്സിൽ ഒരു നൊമ്പരമായി അവശേഷിക്കും.പുറമെ നമ്മൾ എത്ര സന്തോഷം കാണിച്ചാലും അകത്ത്‌ ഒരു നീറ്റലായി അതുണ്ടാകും… ആദ്യപ്രണയവും ആദ്യം പ്രണയിച്ച ആ മനസ്സിന്റെ ഉടമയും. !
അങ്ങനേ ഒരു തെറ്റോ വേദനയോ ന്റെ മക്കൾക്ക് വരരുത് എന്ന്. ഇടക്കൊക്കെ അമ്മയുടെ ആ വാക്കുകൾ ഓർക്കുമ്പോൾ എവിടെയൊക്കെയോ ഒരു ശരി ഉള്ളത് പോലെ… ”

അവൻ ഒരു ദീർഘനിശ്വാസത്തോടെ അവളെ നോക്കുമ്പോൾ ഓട്ടോ നിർത്തിക്കൊണ്ട് ഡ്രൈവർ അവർക്ക് നേരെ തിരിഞ്ഞു ചിരിച്ചു.
അപ്പോഴാണ് അവരും അറിഞ്ഞത് ബീച്ച് എത്തിയെന്ന്.

ഗോപൻ പോക്കറ്റിൽ നിന്നും ഇരുപതിന്റെ നോട്ട് ഓട്ടോകാരന് നേരെ നീട്ടികൊണ്ട് പുഞ്ചിരിച്ചു.
പിന്നെ അവളോടൊപ്പം മുന്നോട്ട് നടക്കുമ്പോൾ പാതി നിർത്തിയിടത്തു നിന്ന് അവൻ വീണ്ടും പറഞ്ഞുതുടങ്ങി.

” സത്യത്തിൽ എനിക്ക് അറിയില്ല കല്യാണി നമ്മുടെ ഈ യാത്ര ശരിയായ ദിശയിലാണെന്ന്.
എന്നോ നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള കുറെ സ്വപ്നങ്ങളാണ് നമ്മൾ കാണുന്നത്.
നിലാവും നക്ഷത്രവും പോലെ ഒരു സുന്ദരമായ ലോകം കൊതിക്കുമ്പോൾ കണ്ണുകൾക്ക് മുന്നിൽ ഇരുട്ട് വീഴുന്നപോലെ. ആ ഇരുട്ടിൽ അകന്നകന്ന് അരികിൽ നിന്നും അകലേക്ക് വഴിപിരിയുംപോലെ..
എന്റെ മനസ്സ് പറയുന്നു കല്യാണി…. നമ്മൾ… നമ്മൾ അകലാൻ വിധിക്കപ്പെട്ടവരാണെന്ന്. ”

അത്‌ പറയുമ്പോൾ എപ്പഴോ അവന്റെ വാക്കൊന്ന് ഇടറിയിരുന്നു.
നഷ്ടപ്പെടുമെന്ന് മനസ്സ് പറയുമ്പോഴും നഷ്ട്ടപ്പെടരുത് എന്ന് കൊതിക്കുന്ന പോലെ….

അവന്റെ ഓരോ വാക്കും വന്നു പതിച്ചത് അവളുടെ ഹൃദയത്തിൽ ആയിരുന്നു.
അതിൽ നിറഞ്ഞു നിൽക്കുന്ന വേദന മനസ്സിനെ കൊത്തിവലിക്കുന്നപ്പോലെ.

അവൾ അവന്റെ കയ്യിൽ ഒന്ന് മുറുക്കെ പിടിച്ചു. പിന്നെ ഒന്നും പറയാൻ കഴിയാതെ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ചുണ്ടുകൾ ഒരു വിതുമ്പലിനായി കൊതിക്കുന്നപ്പോലെ… കണ്ണുകൾ ഒരു മഴ പ്രതീക്ഷിക്കുംപ്പോലെ….

അവന്റെ കയ്യും പിടിച്ച് കടൽഭിത്തിക്കരികിലുള്ള കരിങ്കൽപാതയിൽ ഇരിക്കുമ്പോൾ അവൾ ആ തിരകളെ നോക്കി. അവ കരയെ എത്രയേറെ പുൽകാൻ ശ്രമിക്കുന്നു. പക്ഷേ, ഒന്ന് ചേർത്തുപിടിക്കുംമുന്നേ കൈവിട്ട് താഴേക്ക് പോകുന്നു.
പിന്നെയും തിര ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു.
എന്നെങ്കിലും പുണരാൻ കഴിയുമെന്ന പ്രതീക്ഷയോടെ… !
കരയോടുള്ള പ്രണയത്തെ ഒരു തുളളി നനവിനാൽ പറയാതെ പറഞ്ഞുകൊണ്ട് !

എത്ര നേരം അവൾ ആ കാഴ്ച നോക്കിയിരുന്നു എന്ന് അറിയില്ല. ഇടക്ക് അവന്റെ കയ്യിന്റെ പിടുത്തം ഒന്ന് മുറുകിയപ്പോൾ ആയിരുന്നു അവൾ ഒരു ഞെട്ടലോടെ അവനെ നോക്കിയത്.

” എന്ത് പറ്റിയെടോ തനിക്ക്. കുറെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ട് ഒന്നും പറയാതെ കടലിലേക്ക് നോക്കി ഒരേ ഇരിപ്പ്.
എനിക്ക് മനസ്സിലാകും പറയാൻ മനസ്സിൽ ഒരുപാട് ഉണ്ടെന്ന്. പക്ഷേ, അത്‌ അവതരിപ്പിക്കാനുള്ള മടി, എന്റെ മനസ്സ് വിഷമിക്കുമോ എന്ന ഭയം. അങ്ങനെ ഒരു കാര്യം അവതരിപ്പിക്കാനല്ലെങ്കിൽ നിന്റെ മുഖം ഇങ്ങനെ ആവില്ല… വായാടിപെണ്ണിന്റ വാടിതളർന്നുള്ള ഈ ഇരിപ്പ് കണ്ടാൽ അറിയാം പ്രശ്നം ഇച്ചിരി രൂക്ഷമാണെന്ന്. ”

അതും പറഞ്ഞവൻ ചിരിക്കാൻ ശ്രമിക്കുമ്പോൾ അവൾ അവന്റെ മുഖത്തേക്ക് ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി സഹതാപത്തോടെ.
“താൻ കരയാതിരിക്കാൻ ആ ചിരിക്ക് പിന്നിൽ ഒളിപ്പിക്കുകയാണ് സങ്കടങ്ങളെല്ലാം. പാവം…”

” ന്താടി പെണ്ണെ ങ്ങനെ നോക്കുന്നത്. എനിക്ക് മുന്നിൽ ഈ മുഖവുരയുടെ ആവശ്യം ഇല്ലെടോ.. നീ പറഞ്ഞോ. ഞാൻ പ്രതീക്ഷിക്കുന്നുണ്ട് പലതും.
അത്‌ കേൾക്കാൻ മനസ്സിനെ പ്രാപ്തനാക്കിയിട്ടുണ്ട്.
ആ പ്രതീക്ഷിക്കുന്നതിൽ കൂടുതൽ ആവില്ല കേൾക്കാൻ പോകുന്നത് എന്നുറപ്പുള്ളത് കൊണ്ട് നീ പറഞ്ഞോ.. എന്നോടല്ലെടി… പറ കല്യാണി ”

അവൻ അവന്റെ കണ്ണിലേക്കു മാത്രം നോക്കി ഇരിക്കുന്ന അവളുടെ ചുമലിൽ പിടിച്ചുകുലുക്കി ഉണർത്തുമ്പോൾ അവളുടെ കണ്ണുകളിൽ നീർമുത്തുകൾ ഉരുണ്ടുകൂടി.
പതിയെ ഒരു കൈ കൊണ്ടവൾ അത്‌ തുടച്ചുകൊണ്ട് വീണ്ടും കടലിന്റെ നീലിമയിലേക്ക് കണ്ണും നട്ട് അവളുടെ വിറക്കുന്ന ചുണ്ടുകൾ പതിയെ മന്ത്രിക്കുന്നുണ്ടായിരുന്നു !

പ്രതീക്ഷിച്ചിരുന്ന ചോദ്യം ആണെങ്കിലും പെട്ടന്നുള്ള അവളുടെ വാക്കുകൾ കേട്ട് ഒരു നിമിഷം ഗോപൻ ഞെട്ടലോടെ നിശ്ചലമാകുമ്പോൾ കരയിലേക്ക് ആഞ്ഞടിക്കുന്ന തിര പോലെ അവന്റെ ഹൃദയത്തിൽ താഴിട്ടു പൂട്ടിയ അവളുടെ പാതി ജീവൻ തുടിക്കുന്ന പ്രണയവാതിലിൽ ആഞ്ഞടിക്കുന്നുണ്ടായിരുന്നു അവൾ ഇടർച്ചയോടെ പറഞ്ഞ അടർത്തിമാറ്റാൻ വെമ്പുന്ന ആ വാക്കുകൾ !

” നമുക്ക് പിരിഞ്ഞാലോ ഗോപേട്ടാ ” !

( തുടരും )

✍️ദേവൻ

LEAVE A REPLY

Please enter your comment!
Please enter your name here