Home Abhijith Unnikrishnan അയാൾക്ക് എന്നെ കൊല്ലാൻ പറ്റുമെങ്കിൽ കൊല്ലട്ടെ, എത്രയെന്നു വെച്ചാ സഹിക്കാ… Part – 2

അയാൾക്ക് എന്നെ കൊല്ലാൻ പറ്റുമെങ്കിൽ കൊല്ലട്ടെ, എത്രയെന്നു വെച്ചാ സഹിക്കാ… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പുനർവിവാഹം ( ഭാഗം- രണ്ട് )

നന്ദന ആലോചിക്കുന്നത് കണ്ടപ്പോൾ ശ്യാം അവളെയൊന്ന് തട്ടിവിളിച്ചു..
എനിക്ക് അറിയണമെന്നില്ല..

അവളൊന്ന് നോക്കി..
കളിയാക്കാണോ…?

ശ്യാം ചിരിച്ചുകൊണ്ട്..
കളിയാക്കിയതല്ല, ഈ ചിത്രം നമ്മുക്ക് വീട്ടിൽ കൊണ്ട് പോവാം, അവിടെയിരുന്ന് ഇതിന്റെ മുക്കും മൂലയും എനിക്ക് വിശദമായി പറഞ്ഞുതന്നാൽ മതി, ഞാൻ കേട്ടോളാം..

ഓ… അങ്ങനെ.. കല്യാണം ഉറപ്പിക്കാൻ വന്നപ്പോഴേക്കും ഓരോന്ന് കൊണ്ട് പോവുന്നതിനെ പറ്റിയാണ് ചിന്ത…

അയ്യോ അങ്ങനെയൊന്നും പറയല്ലേ..

തമാശ പറഞ്ഞതല്ലേ, സാറ് വാ നമ്മുക്ക് പുറത്തോട്ടിറങ്ങാം, മോൻ എഴുന്നേറ്റാൽ ചിലപ്പോൾ കരയാൻ നിൽക്കും..

അതിനെന്താ നമ്മുക്ക് മുറ്റത്തോട്ട് നിൽക്കാലോ..
ശ്യാം പുറത്തേക്കിറങ്ങി കൂടെ നന്ദനയും..

മാവിന്റെ ചുവട്ടിലെത്തിയപ്പോൾ രണ്ട് പേരും നിന്നു..
ഇവിടെ തണുപ്പുണ്ട്..
നന്ദന പറയുന്നത് കേട്ടപ്പോൾ ശ്യാം മുകളിലേക്ക് നോക്കി..
മാങ്ങയൊന്നും കാണാനില്ലല്ലോ..?

നിങ്ങളത് നോക്കാൻ വന്നതാണോ..

ശ്യാം കണ്ണടച്ചു, നന്ദന അത് കണ്ടപ്പോൾ..
മുകളിലേക്ക് നോക്കണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ, ഇപ്പോൾ കണ്ണിൽ കരട് പോയില്ലേ..

ശ്യാം കണ്ണ് തുറന്നു..
അതൊന്നുമല്ല, നിന്റെ ഉരുളക്കുപ്പേരി പോലത്തെ ഡയലോഗ് കേട്ടിട്ടാണ് സഹിക്കാത്തത്…

ഹലോ…
പെട്ടെന്ന് പുറകിൽ നിന്ന് വിളികേട്ടപ്പോൾ രണ്ടുപേരും തിരിഞ്ഞു നോക്കി, അടുത്തെത്തിയപ്പോൾ നന്ദന ആളെ ശ്യാമിന് പരിചയപ്പെടുത്തി..

ഇത് ചേച്ചിയാണുട്ടോ…

ശ്യാമൊന്ന് നോക്കിയിട്ട് ചിരിച്ചു..

എന്തെങ്കിലും ഇനിയും ചോദിക്കാനുണ്ടോ, കുറെ തവണയായി ഇവളെ ഇങ്ങനെ ഒറ്റക്ക് സംസാരിക്കാൻ കൊണ്ട് വന്ന് നിർത്തുന്നു..

ചേച്ചി പറയുന്നത് കേട്ടപ്പോൾ ശ്യാമൊന്നു കൂടി ചിരിച്ചു.
ഇനി കുറച്ച് ചേച്ചിയോട് സംസാരിക്കാം..

ആയിക്കോട്ടെ, നന്ദു നീ പോയി വെള്ളം കുടിക്കാൻ കൊണ്ട് വാ.

നന്ദന അകത്തേക്ക് കയറിപ്പോയി..
ശ്യാമൊന്ന് ആലോചിച്ചിട്ട് ചേച്ചിയെ നോക്കി..
ഇവളുടെ ഡിവോഴ്സിന്റെ കാരണം ശരിക്കും എന്തായിരുന്നു…?

അത്…
ചേച്ചി ഓർമ്മയിൽ തിരയാൻ തുടങ്ങി, ശ്യാം തടുക്കാനൊരുങ്ങിയപ്പോൾ..
പേടിക്കണ്ട, ഓർമ്മ കുറവില്ല ഞങ്ങൾ മറക്കാൻ ശ്രമിക്കുന്നതാ, അതുകൊണ്ട് നിർത്തിയെന്നേയുള്ളൂ..

ബുദ്ധിമുട്ടാണെങ്കിൽ പറയണമെന്നില്ല.

പറയാതെ എങ്ങനെ അറിയും..

എന്നാൽ പറയൂ…

ഉം..
ചേച്ചിയൊന്ന് മൂളി.
അവളുടെ മനസ്സിൽ ഒരുപാട് സ്വപ്‌നങ്ങൾ ഉള്ളതുകൊണ്ടായിരിക്കണം മൂപ്പരെ അവൾക്ക് ഇഷ്ടമാവാതെ പോയത്, പക്ഷെ നല്ല ജോലി കാണാൻ കൊള്ളാമെന്നൊക്കെ പറഞ്ഞ് അച്ഛനാണ് അവളെ നിർബന്ധിച്ചത്, പിന്നെ എല്ലാവരും കൂടി അവളോട് ഈ കുറവും വെച്ചോണ്ട് രാജകുമാരനൊന്നും വരാൻ പോവുന്നില്ലാന്ന് ഉപദേശിക്കാൻ തുടങ്ങി, കല്യാണം കഴിഞ്ഞപോപ്പോഴൊക്കെ അവര് തമ്മിൽ നല്ല അടുപ്പം തോന്നിയിരുന്നു, പിന്നെ എപ്പോഴോ ഞങ്ങൾക്ക് മനസ്സിലായി അത് അയാൾ ഇട്ടൊരു മറയാണെന്ന്, അവൾ അവിടെ കിടന്ന് അനുഭവിക്കായിരുന്നെന്ന് ഞങ്ങളോട് പറയാൻ അ പാവത്തിന് കഴിയുന്നുണ്ടായിരുന്നില്ല, ആകെ അവളെന്തെങ്കിലും പറഞ്ഞാൽ ഊഹിച്ചു മനസ്സിലാക്കുന്നത് അമ്മ മാത്രമേയുള്ളൂ, ആ അമ്മയ്ക്കും അതെന്താണെന്ന് പിന്നെയാ മനസ്സിലായത്, പിന്നെ അച്ഛൻ പോയി കൂട്ടികൊണ്ട് വരുകയായിരുന്നു, വേറെ കല്യാണം വേണ്ടാ പറഞ്ഞിട്ട് ഇത്രയും നാൾ ഇരുന്നു..

ചേച്ചി പറഞ്ഞു നിർത്തിയപ്പോൾ ശ്യാം മുഖത്തേക്ക് തന്നെ നോക്കികൊണ്ടിരുന്നു..
ഇവിടെ വരാറുണ്ടോ..?

ഉം.. പിന്നെന്താ,ഒരു തവണ വന്നപ്പോൾ കൂടെയൊരു ആള് കൂടി ഉണ്ടായിരുന്നു, മോൻ ആരാണെന്നു ചോദിച്ചപ്പോൾ ആന്റിയെന്ന് പറഞ്ഞെങ്കിലും അവൾക്ക് മനസ്സിലായിരുന്നു അവൻ രണ്ടാമത് കെട്ടിയതാണെന്ന്..

ആ ദേഷ്യത്തിലൊന്നുമല്ലല്ലോ എന്നെ കെട്ടാൻ സമ്മതിച്ചത്..

ഒരിക്കലുമല്ല, ആദ്യത്തെ വിവാഹം അച്ഛൻ നിശ്ചയിച്ചതിന് വഴങ്ങി കൊടുത്തതായിരുന്നു, ഇപ്പോൾ നിങ്ങളെ ഇഷ്ടമായെന്ന് പറഞ്ഞത് അവളുടെ സ്വന്തം അഭിപ്രായത്തിന്റെ പുറത്താ..

അതെന്താ എന്നോട് ഇഷ്ടം തോന്നാൻ..?
ശ്യാം സംശയത്തോടെ ചോദിച്ചു..

ചേച്ചി ചിരിച്ചുകൊണ്ട്..
എല്ലാ ഞായറാഴ്ച്ചയും ഇവിടെ ബ്രോക്കർ ആരെയെങ്കിലും കൊണ്ട് അവളെ കാണിക്കാൻ വരും, വരുന്നവരൊക്കെ ശരിക്കും നോക്കും, ഇഷ്ടായെന്ന് പറയും, പക്ഷെ അവൾ ഇഷ്ടല്ലെന്ന് പറയും ഒഴിവാക്കും, അതിന്റെ ഇടയിലാ നിങ്ങൾ വന്നത്, വന്ന് കയറിയപാടേ അവളെ പോലും നോക്കാതെ മുറ്റത്തിരുന്ന മോനെ എടുത്തു, അവൾക്ക് അവളുടെ നല്ലപ്പാതി ആവാൻ ഒരാളെ മാത്രമല്ല, മോന് ഒരു അച്ഛനെയും കൂടി ആണ് ആവശ്യം, പിന്നെ അച്ഛൻ അന്വേഷിച്ചിട്ട് പറഞ്ഞു നല്ല ബന്ധമാണെന്ന്, ഞങ്ങൾക്ക് അത് പൂർണമായും വിശ്വസിക്കാൻ തോന്നി, സംസാരിച്ചു കഴിഞ്ഞപ്പോൾ തെറ്റിയിട്ടില്ലെന്ന് മനസ്സിലായി..

എന്ത് തെറ്റിയിട്ടില്ലെന്ന്…?

ചേച്ചി ഒന്നുകൂടി ചിരിച്ചു..
ആളൊരു പാവമാണെന്ന് കണ്ടപ്പോഴേ തോന്നിയിരുന്നു, സംസാരിക്കുമ്പോൾ അതും ഉറപ്പായി…

അത് എനിക്ക് കുറച്ച് നിഷ്കളങ്കത കൂടുതലാ..

അവൾ അങ്ങനെ അല്ലാട്ടോ, കഴിഞ്ഞു പോയതൊക്കെ പറയുമ്പോൾ അറിയാലോ..

ശ്യാം അറിയാമെന്നു തലയാട്ടി..

പക്ഷെ അത് ഇപ്പോൾ സംസാരിക്കുന്നതിലൊന്നും കാണില്ല, അങ്ങനെയൊരു കുറവുള്ളത് മനസ്സിലാക്കിയ ആ ദുഷ്ടൻ അതിനെ കൊല്ലാകൊല ചെയ്തിരുന്നത്, കാരണം എന്താ നടന്നതെന്ന് പറയാൻ കഴിയില്ലല്ലോ, അതുകൊണ്ടാ ഞാൻ വീണ്ടും ചോദിക്കുന്നത് ശ്യാം നല്ലപോലെ ആലോചിച്ചോളൂ അവളെ പോലെയൊരു പെണ്ണിനെ കൂടെ കൂട്ടിയാൽ ജീവിക്കാൻ പറ്റുമോന്ന്…

എനിക്ക് അവളെ പോലെയൊരു പെണ്ണിനെ മതി, അത് സഹതാപം കൊണ്ടല്ല ശരിക്കും ഇഷ്ടമായിട്ട് തന്നെയാണ്..

നിങ്ങൾക്ക് നല്ലത് വരട്ടെ..

സംസാരത്തിനിടയിലാണ് നന്ദന വന്നത്, കയ്യിലിരുന്ന വെള്ളം ശ്യാമിന് നേരെ നീട്ടി, അവനത് വാങ്ങി കുടിച്ചു..

ചേച്ചി എന്നെ കുറിച്ച് എന്തൊക്കെയാ പറഞ്ഞു തന്നത്…

ശ്യാം അവളെയൊന്ന് നോക്കി..
തൽകാലത്തേക്ക് കുറെ കുറ്റങ്ങൾ പറഞ്ഞു തന്നു..

അയ്യോ ഞാനൊന്നും പറഞ്ഞിട്ടില്ല..
ചേച്ചി പെട്ടെന്ന് തിരുത്തി..

എനിക്കറിയാം, ചേച്ചി ചെറുപ്പത്തിൽ..
നന്ദന ആലോചിക്കാൻ തുടങ്ങി..
പെട്ടെന്ന് വീഴും…ഊഞ്ഞാലാടും.. കുറെ സഹായിച്ചു..

ശ്യാം നന്ദനയെ നോക്കികൊണ്ടിരുന്നു, അവൾ ചിരിച്ചു..
അതെന്താണെന്ന് വെച്ചാൽ..

ഒന്നും പറയണ്ട, എനിക്ക് മനസ്സിലായി, ചേച്ചി ചെറുപ്പത്തിൽ ഊഞ്ഞാലാടുമ്പോൾ ഇടയ്ക്ക് ഇടയ്ക്ക് വീഴും, വീഴാതെ ആടാൻ നീയാണ് കുറെ സഹായിച്ചത്, അതിന്റെ നന്ദി പോലും കാണിക്കുന്നില്ലല്ലോ എന്നല്ലേ..

അവൾ അന്തംവിട്ട് നിന്നു, അതിലും കൂടുതൽ അത്ഭുതം ചേച്ചിക്കായിരുന്നു.
ഇതെങ്ങനെ ഇത്ര പെട്ടെന്ന് കണ്ടുപിടിച്ചു, അമ്മ മാത്രമേ ഇതൊക്കെ മനസ്സിലാക്കാറുള്ളൂ..

ശ്യാമൊന്ന് ചിരിച്ചു..
അത് അവളുടെ കൂടെ കുറെ നേരം ചേച്ചി ഇരുന്നിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു..

ഞാൻ സ്വന്തമല്ലാട്ടോ, എന്റെ ചെറിയച്ഛന്റെ മകളാണ്..

എന്നാൽ ഞാൻ ട്രിക്ക് പറഞ്ഞു തരാം, അവള് ക്രമം തെറ്റിച്ചാലും കാര്യം പറയുന്നുണ്ട്, നമ്മളൊന്ന് ആലോചിച്ചാൽ സുഖമായിട്ട് കണക്ട് ചെയ്യാം..

ചേച്ചി ശ്യാമിന് കൈകൊടുത്തു.
ആള് മിടുക്കനാണല്ലോ..

എന്നാലും എന്നെ പെട്ടെന്ന് മനസ്സിലാക്കണ്ടായിരുന്നു, എനിക്ക് കുറെ തല്ല് കൂടണമെന്ന് ആഗ്രഹമുണ്ടായിരുന്നു..

ശ്യാം ചിരിച്ചു..
നീ കൂടിക്കോ..

അകത്തു നിന്ന് അച്ഛൻ വിളിച്ചു, ശ്യാം രണ്ട് പേരെയും നോക്കിയിട്ട് അകത്തേക്കു പോയി, ശ്യാം വരുന്നത് കണ്ടപ്പോൾ..

അടുത്ത മാസം ഒന്നിന് കല്യാണം വെച്ചിട്ടുണ്ട്, വല്ലാതെ നീട്ടണ്ടാന്നാ എല്ലാവരുടെയും അഭിപ്രായം, നീ എന്ത് പറയുന്നു..

എനിക്ക് പ്രശ്നമൊന്നുമില്ല, നമ്മുക്ക് നടത്താം..

എന്നാൽ ഇറങ്ങിയാലോ..
ശ്രീധരൻ എഴുന്നേറ്റു..

ശ്യാം നന്ദനയെ ഒന്ന് എത്തി നോക്കിയിട്ട് കൂടെ നടന്നു, കാറിൽ കയറി പോവുമ്പോഴും അവൾ ഉമ്മറത്തു തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു, അച്ഛൻ അരികിലേക്ക് വന്ന് തോളിൽ തട്ടി..

മോൾക്ക് പൂർണ സമ്മതമാണല്ലോ..

അവളൊന്ന് അച്ഛനെ നോക്കി..
എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല, ഇനി ഭാവി എന്താവുമെന്ന് ആരെകൊണ്ടും പറയാൻ പറ്റില്ലല്ലോ, സംസാരിച്ചിടത്തോളം കുഴപ്പമില്ല, എനിക്ക് വിശ്വാസം തോന്നുന്നുണ്ട്..

അച്ഛന് മോളുടെ സമ്മതം മാത്രേ വേണ്ടുള്ളൂ, മോൾക്ക് എന്ത് ബുദ്ധിമുട്ട് തോന്നിയാലും ധൈര്യമായി അച്ഛനരികിലേക്ക് വരാലോ..

അതെനിക്ക് അറിഞ്ഞൂടെ..
നന്ദന അച്ഛനെ ചേർത്ത് പിടിച്ചു..

സംസാരത്തിനിടയിലാണ് മോൻ അരികിലേക്ക് നടന്ന് വന്നത്, നന്ദന വേഗത്തിൽ അവനെ എടുത്തു..
അമ്മടെ പൊന്ന് നേരത്തെ എഴുന്നേറ്റോ..

ആരാ അമ്മേ വന്നേ..

നന്ദന അവനെ തലോടി..
അതോ അത് അമ്മ കഥകളിൽ പറഞ്ഞു തരാറില്ലേ രാജകുമാരൻ വന്ന് രക്ഷിക്കുമെന്ന്, അത്പോലെ ഒരാളാ..

നമ്മളെ രക്ഷിക്കാൻ വന്നതാണോ..

അച്ഛൻ കുഞ്ഞിനെ അവളുടെ കയ്യിൽ നിന്ന് വാങ്ങി..
ആണല്ലോ…

അവളെയൊന്ന് നോക്കി..
ഇത് മുടക്കാൻ അവൻ വരുമോയെന്നാ എന്റെ പേടി..

വരട്ടെ അച്ഛാ, അയാൾക്ക് എന്നെ കൊല്ലാൻ പറ്റുമെങ്കിൽ കൊല്ലട്ടെ, എത്രയെന്നു വെച്ചാ സഹിക്കാ, എങ്ങോട്ടും പോവാൻ പറ്റാതെ അടച്ചിരിക്കുന്നതിലും നല്ലത് അതുതന്നെയാണ്..

നീ വിഷമിക്കാതിരിക്ക്, ഒന്നുമുണ്ടാവില്ല, അതിന് വേണ്ടിയാ ആദ്യത്തെ മുഹൂർത്തം തന്നെ എടുത്തത്, ശ്യാം നല്ല ധൈര്യമുള്ള കൂട്ടത്തിലാണെന്ന് തോന്നുന്നു, നിനക്കെന്തായാലും സുരക്ഷയുണ്ടാവും..

എനിക്കും വിശ്വാസമുണ്ട്, എന്നാലും എന്റെ മോനെ എങ്കിലും നേരെ നോക്കിയാൽ മതി..

നീ വാ എല്ലാം നടക്കും..

സമയം പോയി കൊണ്ടിരുന്നു, വൈകുന്നേരം വീടിന് മുന്നിലൊരു കാറിന്റെ ശബ്ദം കേട്ടപ്പോൾ നന്ദന പുറത്തേക്ക് വന്നു, കാറിൽ നിന്നിറങ്ങിയ ആളെ കണ്ടപ്പോൾ അവൾ വല്ലാതെയായി, ഉമ്മറത്തു കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് അവളുടെ പുറകിലേക്ക് ഓടിവന്ന് മറഞ്ഞു നിന്നു, അയാൾ കയറി അവളുടെ മുന്നിലായി ഇരുന്നു..

Congratulations.. ഞാൻ അറിഞ്ഞു നീ രണ്ടാമത് കെട്ടി സുഖിക്കാൻ പോവാണെന്ന്, കല്യാണം കഴിഞ്ഞിട്ട് നമ്മള് വീട്ടിൽ എന്തൊക്കെയാ ചെയ്തിരുന്നതെന്ന് അവനോട് വിശദമായിട്ടൊന്ന് പറഞ്ഞു കൊടുക്ക്… ഓ.. മറന്നുപോയി നിന്നെ കൊണ്ട് അതിന് പറ്റില്ലല്ലോ.. പൊട്ടിയല്ലേ… അത് ഞാൻ വിട്ടുപോയി..

നിങ്ങൾക്കെന്താ വേണ്ടത്, മോനെ ഞാൻ ഞായറാഴ്ച കൊണ്ട് വന്ന് കാണിക്കാ പറഞ്ഞതല്ലേ..

അയാൾ ദേഷ്യത്തോടെ എഴുന്നേറ്റു..
നിന്റെ ഔദാര്യമൊന്നും എനിക്ക് വേണ്ട, കൊച്ച് എന്റെ കൂടെ കിടന്നിട്ട് ഉണ്ടായതല്ലേ, അപ്പോൾ എനിക്ക് പൂർണ അവകാശമുണ്ട്..

നന്ദന കുഞ്ഞിന്റെ ചെവി പൊത്തി..
നിങ്ങളുടെ കുഞ്ഞാണെന്ന് തോന്നുന്നുണ്ടെങ്കിൽ അതിനോട് ഇങ്ങനെയല്ല ചെയ്യേണ്ടത്..

ഓ അപ്പോൾ എന്റെ അല്ലെന്ന്… എനിക്ക് സംശയമുണ്ട്, നിന്റെ പൊട്ടത്തരമൊക്കെ വെറും അഭിനയമാണെന്ന് മുമ്പേ മനസ്സിലായതാ..

അച്ഛൻ ഇടയിലേക്ക് കയറി വന്നു..
നിനക്കെന്താ ഇവിടെ കാര്യം..

ആ.. വരണം.. താൻ തന്റെ മോളെ ആർക്കാണെന്ന് വെച്ചാൽ കൊടുത്തോ, പക്ഷെ കൊച്ച് എന്റെയാണ് എനിക്ക് വേണം..

നടക്കില്ല മര്യാദക്ക് ഇറങ്ങിപ്പോ..

ആട്ടുന്നോടോ എന്നെ, ഇവളോട് നേരാവണ്ണം ചോദിച്ചാൽ മതി ഞാൻ ആരായിരുന്നെന്ന്…

അത് എനിക്ക് ഇനി പേടിയില്ല, നിങ്ങളുടെ ഭീഷണി കേട്ട് വിറക്കാൻ ഞാൻ നിങ്ങളുടെ ഭാര്യയായിട്ടല്ല ഇവിടെ നിൽക്കുന്നത്..

നീ വാ തുറക്കെടി അതിന് വേണ്ടിയാ ഞാൻ നിന്നത്.. കുഞ്ഞിനെ ഞാൻ കൊണ്ട് പൊയ്ക്കോളാം..

മോൻ നന്ദനയെ ഇറുക്കിപിടിച്ചു..

അയാൾ അവൾക്കരുകിലേക്ക് നടന്നു..
മോൻ വാ വീട്ടിൽ പോവാം..

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here