Home Short story ആ സന്തോഷം അവളോട് പങ്ക് വെക്കുമ്പോൾ അവൾക്കതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു…

ആ സന്തോഷം അവളോട് പങ്ക് വെക്കുമ്പോൾ അവൾക്കതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു…

0

രചന : ദേവൻ

മോള് ഉറങ്ങുന്നില്ലേ.. സമയം എത്ര ആയെന്ന് വെച്ചാ.. പോരാത്തതിന് നല്ല മഴയും. കറണ്ടും ഇല്ല. ഈ സമയത്ത്‌ ങ്ങനെ ഈ തണുപ്പും കൊണ്ട് ഉമ്മറത്തിരിക്കാതെ വന്നു കിടക്ക് കുട്ടി. അവൻ ചെറിയ കുട്ടിയൊന്നും അല്ലല്ലോ.. ഇങ്ങു വന്നോളും. മഴ ആയത് കൊണ്ട് വണ്ടി വൈകിയിട്ടുണ്ടാകും. ”

പിന്നിൽ നിന്നും അമ്മയുടെ ആധി നിറഞ്ഞ വാക്കുകളും സ്നേഹം നിറഞ്ഞ ശകാരവും കേട്ടിട്ടും അവൾ ഇരുന്നിടത്തു നിന്നും അനങ്ങിയില്ല.
നേരത്തെ എത്തുമെന്ന് പറഞ്ഞിട്ട് എന്തെ ഇത്ര വൈകുന്നു എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.
” വൈകുമെന്നുണ്ടെങ്കിൽ ഈ കുട്ടിക്കൊന്നു വിളിച്ച് പറഞ്ഞൂടെ, വെറുതെ മനുഷ്യനെ തീ തീറ്റിക്കാതെ ” എന്ന് മനസ്സിൽ നൂറാവർത്തി ചിന്തിച്ചുകൊണ്ട് അവൾ ആ മഴയിലേക്ക് കണ്ണുംനട്ടിരിക്കുമ്പോൾ ദൂരെ ഒരു വെട്ടത്തിനായി അവളുടെ കണ്ണുകൾ പ്രതീക്ഷയോടെ പരതുന്നുണ്ടായിരുന്നു.

പിന്നിൽ മകളുടെ കാത്തിരിപ്പ് കണ്ട് വിഷമത്തോടെ നിൽക്കുന്ന അമ്മയെ നോക്കി പുഞ്ചിരിക്കുമ്പോൾ അവൾ സ്നേഹത്തോടെ പറയുന്നുണ്ടായിരുന്നു ” അമ്മ പൊക്കോ . ഞാൻ വന്നേക്കാം ” എന്ന്.

അമ്മക്ക് അറിയാം അവന്റെ നിഴലനക്കം കാണാതെ അവൾ അവിടെ നിന്നും എഴുനേൽക്കില്ലെന്ന്. അവന്റെ മുഖം കണ്ണിൽ തെളിയാതെ അവൾ തിരികെ അകത്തേക്ക് കടക്കില്ലെന്ന്. അതുകൊണ്ട് തന്നെ അമ്മ അവളെ നോക്കി ഒന്ന് മൂളിമ്പോൾ അവൾ പിന്നെയും മഴയുടെ സംഗീതത്തിൽ ലയിച്ചുകൊണ്ട് ഉമ്മറത്ത് തന്നെ കാത്തിരിപ്പ് തുടർന്നു.

അവനെ പെറ്റത് അമ്മയാണെങ്കിലും അവന്റെ വളർത്തമ്മ എന്നും ചേച്ചിയായ അവളായിരുന്നു. കഥ പറഞ്ഞുകൊടുത്തതും കിന്നാരം ചൊല്ലിയതും ഊട്ടിയതും ഉറക്കിയതും കുളിപ്പിച്ചതും കണ്ണെഴുതിയതും കണ്ണുതട്ടാതിരിക്കാൻ കരിമഷി കൊണ്ട് കവിളത്തു മറുക് കുത്തിയതും എല്ലാം…

ഒരു മകനെ പോലെ കൈ വിടാതെ ചേർത്തു പിടിച്ച് നടത്തുമ്പോൾ എപ്പഴോ അവളും മറന്നുപോയിരുന്നു അവൻ ഇപ്പോഴും പിച്ചവെച്ചു നടക്കുന്ന പ്രായക്കാരൻ അല്ലെന്നുള്ളത്. അവനിപ്പോൾ ഒരു കൗമാരവളർച്ചയിൽ നിൽക്കുന്നവൻ ആണെന്ന്. പക്ഷേ, അവൾക്ക് അവൻ കുട്ടിയായിരുന്നു.

ഇപ്പഴും ശകാരിക്കാറുണ്ട്. ദേഷ്യം വന്നാൽ അടിക്കാറുണ്ട്.
അടി കൊണ്ട് ഒഴിഞ്ഞുമാറുമ്പോൾ ചിരിയോടെ അവൻ പറയാറുണ്ട് ” ഞാൻ ഇപ്പഴും ചെറിയ കുട്ടി ആണെന്നാണോ വിചാരം, ങ്ങനെ അടിക്കാൻ ” എന്ന്.

അത്‌ കേട്ട് അവൾ ദേഷ്യത്തോടെ അവനെ നോക്കും. പിന്നെ ഉടുത്ത സാരിയുടെ കൊന്തൽ എളിയിൽ തിരുകികൊണ്ട് പിന്നെയും തല്ലാനായി കൈ ഉയർത്തുമ്പോൾ പറയും
” നിനക്ക് തോന്നുന്നുണ്ടാകും നീ കോളേജിൽ പഠിക്കാൻ തുടങ്ങിയപ്പോൾ വലിയ ആളായെന്ന്. പക്ഷേ, അത്‌ എനിക്ക് കൂടി തോന്നണ്ടേ. ഓരോ കുരുത്തക്കേടും ഒപ്പിച്ചു വരും ചെക്കൻ. നിനക്ക് നല്ല തല്ലിന്റെ കുറവ് തന്നാ.. അതെങ്ങനാ ലാളിച്ചു വഷളാക്കി വെച്ചിരിക്കുവല്ലേ അമ്മ. ”

അതും പറഞ്ഞ് തല്ലാൻ ഓങ്ങിയ കൈ പതിയെ താഴ്ത്തുമ്പോൾ വല്ലത്തൊരു ഇടർച്ച അവളുടെ തൊണ്ടയിൽ കുടുങ്ങും. ദേഷ്യം സങ്കടത്തിലേക്ക് വഴിമാറിയെന്ന് അറിയുമ്പോൾ അതുവരെ ചിരിച്ചുകൊണ്ട് ഓടിനടന്ന അവന്റെ മനസ്സ് വല്ലാത്തൊന്ന് പിടക്കും
പതിയെ അവൾക്കരികിലെത്തി സ്നേഹത്തോടെ ആ കൈ പിടിക്കുമ്പോൾ അവൻ ദുഖത്തെ ചിരിക്ക് പിന്നിൽ മറച്ചുപിടിച്ചുകൊണ്ട് പറയും
” ന്റെ ചേച്ചിപ്പെണ്ണേ… ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. ഞാൻ ചേച്ചീടെ ഉണ്ണി തന്നെയാ.. നിക്ക് എന്നും അങ്ങനെ ആയാൽ മതി. “എന്ന്.

അത്‌ കേൾക്കുമ്പോൾ അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിക്കും. അപ്പോഴും നീർമുത്തുകൾ കണ്ണുകളിൽ തിളങ്ങികിടപ്പുണ്ടാകും.

പിന്നെ സ്നേഹത്തോടെ അവനെ ചേർത്തുപിടിച്ചു നെറുകയിൽ ചുംബിച്ചുകൊണ്ട് പറയും ” നീ പോയി കുളിച്ചിട്ട് വാ.. കണ്ടിടം നിറങ്ങിയിട്ട് കേറി വന്നതല്ലേ.. ആ ചളി ഒക്കെ ഒന്ന് പോട്ടെ. നേരെ തേച്ചുരച്ചു കുളി. അപ്പോഴേക്കും ചേച്ചി ചായ എടുക്കാം ” എന്ന്.

അവൻ സന്തോഷത്തോടെ തലയാടിസമ്മതിച്ചുകൊണ്ട് അവൾക്ക് തിരിച്ചും ഒരു ഉമ്മ നൽകി ചാടിത്തുള്ളി അകത്തേക്ക് പോകുമ്പോൾ എല്ലാം കണ്ട് ചിരിക്കുന്ന അമ്മയെ നോക്കികൊണ്ട് അവൾ ഒന്ന് ഗൗരവം അഭിനയിച്ചുകൊണ്ട് പറയും
” ഓഹ്. ഇവിടെ എല്ലാം കണ്ട് രസിച്ചു നിൽക്കുവാണല്ലേ. കണ്ടില്ലേ. ചെക്കന്റെ കുരുത്തക്കേടുകൾ.
നിന്നോ നിന്നോ, ഇങ്ങനെ ചിരിച്ചു നിന്നോ. ഞാൻ ഉണ്ടല്ലോ എല്ലാം നോക്കാൻ ” എന്ന്. അതും പറഞ്ഞ് തല കുടഞ്ഞവൾ അകത്തേക്ക് പോകുമ്പോൾ കുറുമ്പ് കാണിക്കുന്ന മക്കളുടെ സ്നേഹം കാണ്ടാവണം അമ്മയുടെ ചുണ്ടിൽ അപ്പോഴും പുഞ്ചിരി മാത്രമായിരുന്നു.

അവന്റെ വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു ജോലി. പിന്നെ ചേച്ചിയുടെ വിവാഹം. തനിക്ക് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞവെച്ച ചേച്ചിക്ക് ഒരു നല്ല ജീവിതം അവന്റെ മോഹങ്ങളിൽ വലുത് ആയിരുന്നു.
ആഗ്രഹം പോലെ കോളേജ് സെലക്ഷനിലൂടെ ജോലിക്ക് അവസരം കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു അവൻ.
ആ സന്തോഷം അവളോട് പങ്ക് വെക്കുമ്പോൾ അവൾക്കതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു.

” ജോലി നല്ലത് തന്നെ, പക്ഷേ ഇത്ര ദൂരം… ”

ആ വാക്കുകളിൽ അവളുടെ ഹൃദയം നുറുങ്ങുന്ന വേദന തിരിച്ചറിയാൻ കഴിയുന്നത് കൊണ്ട് തന്നെ അവൻ അവൾക്കരികിൽ ഇരുന്ന് കൊണ്ട് പറയുന്നുണ്ടായിരുന്നു
” ഒരു ജോലി സ്വപനമല്ലേ ചേച്ചി. എനിക്കൊരു ജോലി കിട്ടിയാൽ ചേച്ചിക്ക് അതൊരു ആശ്വാസമല്ലേ. പിന്നെ ഇപ്പോൾ കുറച്ച് ദൂരെ പോയാലും പതിയെ നാട്ടിലേക്ക് എത്താനുള്ള വഴി ക്ക് ശ്രമിക്കാലോ. ഇപ്പോൾ ഇതൊരു നല്ല ഓഫർ ആണ്. നല്ല ജോലി . കുഴമില്ലാത്ത സാലറി. നമ്മുടെ ജീവിതം ഒന്ന് പച്ചപിടിക്കുമെങ്കിൽ…. ”

അവന്റെ വാക്കുകളിൽ ആ ജോലിക്ക് പോകാനുള്ള താല്പര്യമായിരുന്നു.
അവന്റെ നോട്ടത്തിൽ ചേച്ചിയുടെ സമ്മതം നിറഞ്ഞ വാക്കിനു വേണ്ടിയുള്ള ആകാംഷ നിറഞ്ഞിരുന്നു.

പക്ഷേ, അവൾ ഒന്നും പറയാതെ അവനരികിൽ നിന്നും എഴുന്നേറ്റ് അകത്തേക്ക് നടന്നു.
മകളുടെ തീരുമാനം ആണ് വലുത് എന്നത് കൊണ്ട് തന്നെ ഒന്നും മിണ്ടാതെ ഇരിക്കുന്ന അമ്മയോട് വല്ലാത്ത വിങ്ങലോടെ അവൾ പറയുന്നുണ്ടായിരുന്നു
” കണ്ടില്ലേ.. ചെക്കൻ വല്ലാണ്ട വലുതായി. ഇപ്പോൾ ജോലിക്കാരനാവാൻ പോവാ.. പക്ഷേ, അവനിപ്പോഴും നിക്ക് കുഞ്ഞല്ലേ അമ്മേ. എങ്ങനാ ഞാൻ അവനെ സമാധാനത്തോടെ ദൂരേക്ക് വിടുന്നെ. പിന്നെ അവൻ വരുന്നത് വരെ എനിക്കിവിടെ സമാധാനം ഉണ്ടാകോ. ”

അതും പറഞ്ഞവൾ കണ്ണുകൾ തുടച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോൾ പിന്നിൽ എല്ലാം കേട്ട് അവനുണ്ടായിരുന്നു.

രാത്രി കിടക്കുമ്പോൾ ഉറക്കം അവളെ വല്ലാതെ അസ്വസ്ഥമാക്കി. പലവട്ടം തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അവന്റെ സ്വപ്നങ്ങളെ താൻ തല്ലിക്കെടുത്തുകയാണോ എന്ന ചിന്തയായിരുന്നു മനസ്സിൽ.
എപ്പഴോ ഒന്ന് മയക്കത്തിലേക്ക് വീഴുമ്പോൾ മുടിയിഴകളിലൂടെ തലോടുന്ന അമ്മയുടെ കൈവഴക്കം അവൾ അറിയുന്നുണ്ടായിരുന്നു. പാതി മയക്കത്തിലും അമ്മയുടെ വാക്കുകൾക്ക് അവൾ ചെവിയോർക്കുന്നുണ്ടായിരുന്നു.

” മോളെ, അവനിപ്പോ വലിയ കുട്ടിയല്ലേ. കൂട്ടിലിട്ട് വളർത്തേണ്ട പ്രായം കഴിഞ്ഞു. ഇനി അവനെ കുറച്ചു സ്വതന്ത്രമാക്കണം. അവന്റെ സ്വപ്നങ്ങൾക്കൊപ്പം അവൻ പറക്കട്ടെ. അത്‌ കണ്ട് നമുക്ക് അഭിമാനിക്കാലോ ” എന്ന്.

രാവിലെ എഴുനേൽക്കുമ്പോൾ അമ്മയുടെ വാക്കുകൾ ആയിരുന്നു മനസ്സ് നിറയെ. അതോടൊപ്പം അവൻ സ്വപ്നങ്ങൾക്കൊപ്പം പറന്നുയരട്ടെ എന്ന് തീരുമാനമെടുക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു വളർത്തമ്മയുടെ നീറ്റലുണ്ടായിരുന്നു അവളിൽ.

അവൻ ബാന്ഗ്ലൂരിലേക്ക് പറക്കുമ്പോൾ കയ്യിൽ ഒരുപാട് സ്വപ്നങ്ങൾ ചേർത്തുവെച്ച ഒരു ഭാണ്ഡക്കെട്ടുണ്ടായിരുന്നു.
ഓരോ ദിവസവും ആ സ്വപ്നങ്ങളിലേക്ക് എത്തുവാൻ മനസ്സിനെ പാകപ്പെടുത്തുമ്പോൾ ഓരോ ദിവസവും അവനില്ലാത്ത രാത്രികൾക്ക് ദൈർഘ്യം കൂടുതലായിരുന്നു അവൾക്ക്. അവന്റെ സ്വരങ്ങളില്ലാത്ത രാത്രി അവളുടെ ഉറക്കം നഷ്ടപ്പെടും.

രാത്രി വെളുക്കുമ്പോഴും അവൾ ഉമ്മറത്തു തന്നെ അതേ ഇരിപ്പായിരുന്നു. പോകുമ്പോൾ ആറു മാസം കഴിയും ആദ്യ ലീവിനെന്നു പറഞ്ഞവൻ നാല് മാസം കഴിയുമ്പോൾ തിരികെ വരുന്നു.
അവനറിയാം ചേച്ചിക്ക് അവനെ കാണാതെ പറ്റില്ലെന്ന്. കൂട്ടുകാർ വിളിച്ച് പറഞ്ഞത് മുതൽ കാത്തിരിപ്പാണ്. മഴ ആയത് കൊണ്ടാവാം രാത്രി എത്താതിരുന്നത്. ഇനി രാവിലെ എത്തുമ്പോൾ ഒടുക്കത്തെ വിശപ്പാകും ചെക്കന്.

അതോര്ത്തുകൊണ്ട് അവൾ വേഗം അടുക്കളയിലേക്ക് നടന്നു. പിന്നെ ഫ്രിഡ്ജിൽ ഇരിക്കുന്ന മാവെടുത്തു പുറത്തേക്ക് വെച്ച് ഇഡ്ലികുക്കറിൽ വെള്ളം അടുപ്പത്തു വച്ചു,

” ഇങ്ങോട്ട് വരട്ടെ അവൻ. രാത്രി വരാതെ മനുഷ്യനെ തീ തീറ്റിച്ചിട്ട് ഇനി ചിരിച്ചുകൊണ്ട് ഒരു വരവുണ്ട്, കാണിച്ചുകൊടുക്കാ ഞാൻ. താന്തോന്നി ”

അതും പറഞ്ഞുകൊണ്ട് അവൾ ഇഡലി ഉണ്ടാക്കാൻ തുടങ്ങുമ്പോൾ അവൾക്കൊപ്പം പിന്നിലുള്ള കാല്പെരുമാറ്റങ്ങൾ അവൾ ശ്രദ്ധിച്ചത് പോലുമില്ല.

ഇഡലി ആവി പറക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു പുറത്ത് നിന്ന് ആരോ പറഞ്ഞത് ” അവരു വന്നൂട്ടോ ” എന്ന്.

അത്‌ കേട്ട പാടെ സ്റ്റവ് ഓഫ്‌ ചെയ്ത് ഗൗരവത്തോടെ അവൾ പുറത്തേക്ക് നടക്കുമ്പോൾ അവൻ ഹാളിലേക്ക് എത്തിയിരുന്നു.

അവൾക്കറിയാം അവൻ ചിരിക്കുമെന്ന്. പക്ഷേ, അവൾ ചിരിച്ചില്ല. കപടമായ ദേഷ്യം മുഖത്തു വരുത്തിക്കൊണ്ട് അവൾ അവനരികിൽ ഇരുന്നു. പിന്നെ ആ കണ്ണുകളിലേക്ക് നോക്കി പറയുന്നുണ്ടായിരുന്നു ” നിനക്കിത്തിരി കുസൃതി കൂടുതലാ. അല്ലെങ്കിൽ ഇന്നലെ വരാമെന്നും പറഞ്ഞ് ഈ മഴയത്ത്‌ ന്നേ തീ തീറ്റിക്കൊ? അല്ലെങ്കിലും നീ ഇപ്പോൾ വലിയ കുട്ടി അല്ലെ.. തോന്നുമ്പോൾ വരാലോ. മറ്റുള്ളവർ ഇവിടെ എങ്ങിനെ ആണ് ഇരിക്കുന്നത് എന്ന് അറിയണ്ടാലോ ” എന്ന്.

അപ്പോഴും അവൻ പുഞ്ചിരിച്ചു.
ആരോ പതിയെ അവളുടെ തോളിൽ പിടിക്കുമ്പോൾ ഇടക്ക് കേറി വന്നവരിൽ ആരോ പറയുന്നുണ്ടായിരുന്നു ” ചെക്കൻ മയക്കുമരുന്നിന്റെ കണ്ണിയിൽ പെട്ട് തീർന്നതാ… തീർന്നതാവില്ല.. തീർത്തതാകും. ലോകം ഇപ്പോൾ അങ്ങനെ അല്ലെ.
വീട്ടിൽ കാത്തിരിക്കുന്നവർക്ക് അവസാനം കരയാൻ മാത്രമായിരിക്കും വിധി ” എന്ന്.

അവൾ അതൊന്നും കേൾക്കുന്നില്ലായിരുന്നു.
അവനെ ശകാരിക്കുമ്പോൾ അവന്റെ മുഖത്തു കണ്ട ചിരി അവളുടെ ദേഷ്യം വർധിപ്പിച്ചു. അതിനിടക്ക് ആരോ പറഞ്ഞു
” പുറത്തു നിന്ന് ഇനി ആരും വരാൻ ഇല്ലാത്തത് കൊണ്ട് കുളിപ്പിക്കാൻ എടുക്കുവല്ലേ ” എന്ന്.

അത്‌ കേട്ടപ്പോൾ അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് എഴുനേറ്റു. പിന്നെ സാരിയിൽ മൂക്കൊന്ന് തുടച്ചുകൊണ്ട് അകത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ പറയുന്നുണ്ടായിരുന്നു
” വേം കുളിച്ചിട്ട് വാ. അപ്പോഴേക്കും ചേച്ചി ഇഡലി എടുത്ത് വെക്കാം ” എന്ന്.

ആരൊക്കെയൊ ചേർന്ന് അവനേ പുറത്തേക്ക് എടുക്കുമ്പോൾ അവൾ അകത്തേക്ക് നടക്കുകയായിരുന്നു. അപ്പോഴും അവളുടെ സ്നേഹത്തോടെ ഉള്ള ശകാരം കണ്ട് പുഞ്ചിരിയോടെ ഇരിക്കുന്ന അമ്മയെ നോക്കികൊണ്ട് അവൾ കെറുവിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു
” കണ്ടില്ലേ ഇന്നലെ വരാമെന്ന് പറഞ്ഞവൻ കേറി വന്ന സമയം. ചെക്കന് നല്ല അടീടെ കുറവാ. അതെങ്ങനാ. എന്ത് കണ്ടാലും ചിരിക്കാനല്ലേ അമ്മക്ക് അറിയൂ ” എന്ന്.

അതും പറഞ്ഞു അവൾ വേഗം അടുക്കളയിലേക്ക് നടക്കുമ്പോൾ പിന്നിൽ അയൽപക്കത്തുള്ള ചില ചേച്ചിമാർ കണ്ണുകൾ തുടച്ചുകൊണ്ട് അവളെ അനുഗമിക്കുന്നുണ്ടായിരുന്നു

ചുവരിൽ തൂക്കിയ മാലയിട്ട ഫോട്ടോയിൽ ഇരുന്ന് അപ്പോഴും അമ്മ മകളുടെ സ്നേഹം കണ്ട് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. !
നിഷ്ക്കളങ്കമായ ഒരു പുഞ്ചിരി.

✍️ദേവൻ

LEAVE A REPLY

Please enter your comment!
Please enter your name here