Home Latest പക്ഷേ, അച്ഛന്റെ മുഖത്തു വെപ്രാളമല്ല. മരണം കൊണ്ട് ജയിച്ചവന്റെ സന്തോഷമാണ്…. Part – 1

പക്ഷേ, അച്ഛന്റെ മുഖത്തു വെപ്രാളമല്ല. മരണം കൊണ്ട് ജയിച്ചവന്റെ സന്തോഷമാണ്…. Part – 1

0

കല്യാണി Part – 1

രചന : മഹാദേവൻ

” വരുന്ന ചിങ്ങത്തിൽ നമുക്കിതങ്ങു നടത്താം”
എന്ന് അച്ഛൻ പറയുമ്പോൾ അകത്ത്‌ ആകെ തകർന്ന മട്ടിൽ ഇരിക്കുകയായിരുന്നു കല്യാണി .
പുറത്ത്‌ പെണ്ണ് കാണാൻ വന്നത് അച്ഛന്റെ കൂട്ടുകാരനും മോനും ആണെന്ന് അറിഞ്ഞപ്പോൾ തന്നെ അവൾക്ക് അറിയാമായിരുന്നു എല്ലാം നേരത്തെ തീരുമാനിച്ചതാണെന്ന്.

പെണ്ണിനെ കെട്ടിച്ചുവിടേണ്ട പ്രായമായെന്ന് പറഞ്ഞ അച്ഛന് മുന്നിൽ മടിച്ചു മടിച്ചാണെങ്കിലും ഒരിക്കൽ അവതരിപ്പിച്ചതാണ് പ്രണയം.
പ്രതീക്ഷിച്ചത് ഒരു പൊട്ടിത്തെറിയായിരുന്നെങ്കിൽ നടന്നത് മറ്റൊന്നായിരുന്നു.

മുന്നിൽ ഇരികുന്ന കഞ്ഞി കുടിക്കുന്നത് മതിയാക്കി തോർത്തിൽ ചുണ്ടൊന്നു തുടച്ചുകൊണ്ട് എഴുനേൽക്കുമ്പോൾ അച്ഛന്റെ മുഖം ശാന്തമായിരുന്നു. പതിയെ അരികിലേക്ക് വന്നു ചേർത്തുപിടിക്കുമ്പോൾ അയാൾ പറയുന്നുണ്ടായിരുന്നു,
” മോളെ പ്രണയിക്കുന്നത് തെറ്റാണെന്ന് അച്ഛൻ പറയുന്നില്ല. പക്ഷേ, കണ്ട അണ്ടനേം അടകോടനേം പ്രേമിച്ച് ഇയാളെ എനിയ്ക്ക് ഇഷ്ട്ടമാണ് , ഇയാളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്നൊക്കെ പറഞ്ഞ് അച്ഛന്റെ അന്തസ്സിനും അഭിമാനത്തിനും മേലെ കരി വാരി തേക്കരുത്.
നിനക്ക്‌ അറിയാലോ.. സമൂഹത്തിൽ നമുക്കിന്ന് ഒരു വിലയുണ്ട്. അതിൽ കുറഞ്ഞൊരു ബന്ധം ആലോചിക്കരുത് മോള്.
നമുക്ക് പറ്റിയ ഒരാളെ ആണ് നീ കണ്ടെത്തിയതെങ്കിൽ അച്ഛൻ രണ്ട് കയ്യും നീട്ടി സ്വീകരിക്കും.
അതല്ല, ഒരു പണിക്കും പോവാതെ മുടിയും മോലോട്ട് ആക്കി കണ്ടവന്റെ ബൈക്കും കൊണ്ട് കോളേജ് തുറക്കുമ്പോഴും വിടുമ്പോഴും ഒളിപ്പിച്ചു നിൽക്കുന്ന വല്ലവനും ആണേൽ… അത്‌ മോള് മറന്നേക്ക്.. അല്ലെങ്കിൽ തന്നെ ഒന്ന് ആലോചിച്ചൂടെ രാവിലെ പത്തു മണി വരെയും വൈകീട്ട് മൂന്ന് മണിക്ക് ശേഷവും ഉച്ചക്കാണ് കോളേജ് വിടുന്നതെങ്കിൽ പന്ത്രണ്ട് മണി ആകുമ്പോഴേക്കും റോഡിൽ ഷോക്കടിച്ചവനെ പോലെ നിൽക്കുന്നവന്മാർക്ക് ഒരു പണിയും ഉണ്ടാകില്ലെന്ന്.
ഉണ്ടായിരുന്നെങ്കിൽ രാവിലെ 8മണിക്ക് പോകുന്നവൻ വൈകീട്ട് ആറു മണി കഴിഞ്ഞേ വീട്ടിൽ കേറൂ.
അപ്പോൾ അച്ഛൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ അതുപോലെ ഉള്ളവന്മാരോ നീണ്ട വരിയിൽ തള്ളി തള്ളി മുന്നിൽ എത്തി ഇരുപതു രൂപയുടെ ഓട്ടം പോയി പിന്നേം തള്ളി തള്ളി ജീവിതം തള്ളിനീക്കുന്ന വല്ല ഓട്ടോക്കാരോ ആണെങ്കിൽ മോള് മറന്നേക്ക്.. പ്രണയിക്കുമ്പോൾ മുന്നിൽ ഒരു ജീവിതം കൂടി ഉണ്ടെന്ന് ഓർക്കണം. പ്രണയം അല്ല ജീവിതം എന്നും അറിയണം.
അല്ലാതെ പാർക്കിലോ ബീച്ചിലോ പോയി രണ്ട് ഐസ്ക്രീം വാങ്ങിത്തന്നാലോ ഇടക്ക് കുപ്പി വള വാങ്ങിത്തന്നാലോ പിന്നെ അതാണ്‌ വലുതെന്നുള്ള ചിന്ത ആദ്യം കളയണം.
ഒന്നോ രണ്ടോ ഡ്രെസ്സൊ, ഇടക്ക് വല്ല ഫാൻസി കമ്മലോ വാങ്ങിത്തരുന്നവന്റെ സ്നേഹവും കരുതലും വാനോളം പുകഴ്ത്തുമ്പോൾ ,
ഇത്ര കാലം നിന്റെ ആവശ്യം അറിഞ്ഞു എല്ലാം ചെയ്തു തരുന്ന വീട്ടുകാരുടെ സ്നേഹത്തെ ആണ് മക്കൾ മറന്നുപോകുന്നത്.

ഇതിപ്പോ പറയുന്നത് നിന്റെ മനസ്സ് മാറ്റാനോ അച്ഛന്റെ ആഗ്രഹത്തിനൊത്തൊരു കല്യാണം നടത്താനോ അല്ല. പക്ഷേ, ഇത്ര കാലം നിന്നെ വളർത്തിയ പോലെ തന്നെ വളർത്തിയെടുത്തതാണ് അന്തസ്സ്.
അത്‌ നിന്റെ ഇഷ്ട്ടത്തിന്റ പേരിൽ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല.

അതുകൊണ്ട് മോള് അത്‌ മറന്നേക്ക്. എന്നിട്ട് ഞാൻ പറയുന്നത് കേൾക്ക്. എനിക്ക് പണ്ട് മുതലേ അറിയുന്ന ചെക്കനാണ് മഹേഷ്‌.
ആ കുടുംബത്തെ നിനക്കും അറിയുന്നതല്ലേ. അവനാണേൽ ബാങ്കിൽ നല്ലൊരു ജോലിയും ഉണ്ട്.
മക്കളുടെ ജീവിതം സേഫ് ആയി കാണാൻ ആണ് ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുക.

ഇനി ഇതല്ല, മറുത്തൊരു തീരുമാനം ആണ് മോള് കൈകൊള്ളുന്നതെങ്കിൽ……. ”

ബാക്കി മുഴുവനാക്കാതെ പോകുന്ന അച്ഛനെ നിറകണ്ണുമായി നോക്കി നിൽക്കുമ്പോൾ അവൾക്കറിയാമായിരുന്നു ” വാക്കുകൾ ശാന്തമായിരുന്നെങ്കിലും അതിൽ ഒരു ഭീക്ഷണി ഉണ്ടെന്ന്. സ്വന്തം ഇഷ്ടത്തിനു വേണ്ടി വാദിച്ചാൽ അന്തസ്സ് കളഞ്ഞ് ജീവിക്കില്ല എന്നൊരു ധ്വനി. ”

അച്ഛൻ പറഞ്ഞ വാക്കുകളിൽ മനസ്സ് പിടക്കുകയായിരുന്നു പിന്നീടുള്ള ഓരോ രാത്രിയും.

രാത്രി കിടക്കുമമ്പോഴെല്ലാം മനസ്സ് വല്ലത്തൊരു പിരിമുറുക്കത്തിൽ ആയിരുന്നു.

ജീവിതം ഇനി എങ്ങോട്ടാണെന്ന് അറിയുന്നില്ല.
തന്റെ തീരുമാനം പോലെ ആയിരിക്കും ഇനിയുള്ള ദിവസങ്ങൾ ഇരുട്ടിവെളുക്കുന്നത്. അവൾ ദീര്ഘമായൊന്നു നിശ്വസിച്ചു.
പിന്നെ പുറത്തെ നിലാവിലേക്ക് കണ്ണുംനട്ടിരിക്കുമ്പോൾ അരികിൽ കിടന്നിരുന്ന മൊബൈൽ വൈബ്രെറ്റ് ചെയ്യുന്നുണ്ടായിരുന്നു.

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് നോക്കികൊണ്ട് ആ കാൾ അറ്റന്റ് ചെയ്യുമ്പോൾ അപ്പുറത്ത് നിന്നും ആ വിളി വല്ലാത്തൊരു കരുതൽ നൽകികൊണ്ട് അവളുടെ കാതുകളെ സ്പർശ്ശിച്ചു,

” കല്യാണി…. ! ”

അപ്പുറത്ത് മഹേഷ്‌ മേനോൻ ആണ്. അച്ഛന്റെ കൂട്ടുകാരന്റെ മോൻ. അച്ഛന്റെ ഇഷ്ട്ടത്തിനു മുന്നിൽ ഒന്ന് മൂളിയാൽ ഭാവിയിൽ ഭർത്താവ് ആകേണ്ട ആൾ.
മുൻപ് സംസാരിച്ചിട്ടുണ്ട് പലവട്ടം. പക്ഷേ അന്ന് കേട്ട മഹേഷ്‌ മേനോൻ എന്ന ബാങ്ക് മാനേജറുണ്ട് കാർക്കശ്യം നിറഞ്ഞ ശബ്ദമല്ല ആ നിമിഷങ്ങളിൽ അവളുടെ കാതുകളിൽ തഴുകിയിറങ്ങിയത്.
അതിൽ അവളോട് മാത്രമായുള്ള വല്ലാത്തൊരു സ്നേഹം ഉണ്ട്.
തന്റെ ഒരു മൂളൽ കേൾക്കാൻ വേണ്ടിയാണ് ഈ വിളി എന്നും അറിയാം.. പക്ഷേ…
സ്നേഹത്തോടെ ഒന്ന് മൂളാനോ, ആ ഒരു മൂളൽ കൊണ്ട് പോലും സമ്മതം എന്ന് തോന്നാന്നോ ഇട കൊടുക്കാതെ അവൾ വേഗം ഫോൺ കട്ട്‌ ചെയ്ത് സ്വിച്ച്ഓഫ്‌ ചെയ്ത് ബെഡിലേക്ക് ഇട്ടു.

അപ്പോഴും അവളെ വേട്ടയാടിക്കൊണ്ടിരുന്നത് അച്ഛൻ വാക്കുകൾ ആയിരുന്നു.
പതിയെ ഉറക്കം കണ്ണുകളെ കവരുമ്പോൾ മുന്നിൽ തൂങ്ങിയാടുന്ന രണ്ട് ശരീരം കണ്ടവൾ ഞെട്ടിയുണർന്നു.
പേടിപ്പെടുത്തുന്ന ആ ദുസ്വപ്നത്തിൽ വിയർക്കുമ്പോൾ അവൾ തിരിഞ്ഞരിഞ്ഞ ആ മുഖം അച്ഛന്റെയും അമ്മയുടെയും ആയിരുന്നു.

സമയം നോക്കുമ്പോൾ നാലര ആയിട്ടുണ്ട്. അന്നേരം അവളുടെ മനസ്സിലേക്ക് ഓടിവന്നത് പണ്ടെങ്ങോ അമ്മ പറഞ്ഞ ആ വാക്ക് ആയിരുന്നു
” പുലർച്ചെ കാണുന്ന സ്വപ്നം ഫലിക്കുമെന്നാ മോളെ .”

അപ്പോൾ…. ഇപ്പോൾ കണ്ട സ്വപ്നം…..

അവൾ പിന്നെയും വിയർക്കാൻ തുടങ്ങി. ടേബിളിൽ ഇരിക്കുന്ന ജഗ്ഗ് വായിലേക്ക് കമിഴ്ത്തുമ്പോൾ മുന്നിൽ വീണ്ടും കുരുക്കിൽ പിടയുന്ന അച്ഛനും അമ്മയും. അവൾ ഭയത്തോടെ പിന്നോട്ട് മാറുമ്പോൾ കുറുക്കിനൊപ്പം മുറുകുന്ന പേശികൾ.
പക്ഷേ, അച്ഛന്റെ മുഖത്തു വെപ്രാളമല്ല. മരണം കൊണ്ട് ജയിച്ചവന്റെ സന്തോഷമാണ്. പൊട്ടിച്ചിരിക്കുന്നുണ്ട്.

അവൾ വേഗം കണ്ണുകൾ പൊത്തികൊണ്ട് ബെഡിൽ കാല്മുട്ടിലെക്ക് മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു.

” എന്തൊരു പരീക്ഷണമാണ് ഈശ്വരാ ഇത്. ജീവിതത്തിൽ ആദ്യമായി മനസ്സിൽ കേറിയ ആ മുഖം മറക്കാൻ കഴിയുന്നില്ല. പക്ഷേ, ഇത്ര കാലം വളർത്തിവലുതാക്കിയ അച്ഛന്റെയും അമ്മയുടെയും വെറുപ്പും ശാപവും ഏറ്റുവാങ്ങി അവരെ മരണത്തിലേക്ക് തള്ളിവിടാനും വയ്യ. ”

അവൾക്കറിയില്ലായിരുന്നു മുന്നിലുള്ള ഏത് വഴി സ്വീകരിക്കണമെന്ന്.
നേരെയുള്ള വഴി പ്രണയത്തിന്റെ ആണ്. അവിടെ തന്നെയും കാത്ത്‌ ഒരാൾ നിൽപ്പുണ്ട്. ആ സ്നേഹം കണ്ടില്ലെന്ന് നടിക്കുകയാണെങ്കിൽ അടുത്ത വഴിയിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. അച്ഛന്റെ സുഹൃത്തിന്റെ മകൻ. അച്ഛനോളം, അല്ലെങ്കിൽ അച്ഛനെക്കാൾ ആസ്തി ഉള്ള വീട്ടിലെ ഇളയവൻ.
പണമുണ്ട് പദവിയുണ്ട്. പക്ഷേ, സ്നേഹം….. അറിയില്ല… ഇതുവരെ അറിയാത്ത ഒരു പുരുഷന്റെ ജീവിതത്തിലേക്ക് കരയുമ്പോൾ സ്ത്രീക്ക് അതൊരു പരീക്ഷണമാണ്.
ചിലത് വിജയകരമായി മുന്നോട്ട് പോകും. ചിലത് പരാജയത്തിന്റ കൈപ്പുനീരിൽ, ചവർപ്പ് രുചിയിൽ കാലം കഴിക്കേണ്ടി വരും. ”

അന്ന് രാവിലെ കുളിച്ചൊരുങ്ങി കോളേജിലേക്ക് പോകാൻ ഇറങ്ങുമ്പോൾ അവൾക്കറിയാമായിരുന്നു ഗോപൻ വഴിയിൽ കാത്തുനിൽപ്പുണ്ടാകും എന്ന്.
ഒരുമിച്ചൊരു ബസ്സിൽ ആയിരുന്നു യാത്ര.
കല്യാണി കോളേജ് പടിക്കൽ ഇറങ്ങുമ്പോൾ ഗോപൻ ടൗണിലേക്ക് ആയിരുന്നു.
ടൗണിലെ പ്രൈവറ്റ് ബാങ്കിൽ ഇടതുകാലിലെ സ്വാധീനക്കുറവിന്റെ പേരിൽ കിട്ടിയ ക്ലാർക്ക് ജോലി.
അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും എവിടെയുമെത്താതെ കറങ്ങിത്തിരിയുമ്പോൾ ആരുടെയോ സഹതാപത്തിന്റെ പേരിൽ കിട്ടിയതായിരുന്നു.

ശമ്പളം കുറവാണെങ്കിലും ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിച്ച കുടുംബമായാത് കൊണ്ട് സന്തോഷത്തോടെ മുന്നോട്ട് പോകുമ്പോൾ ആകെയുള്ള ആഗ്രഹം കല്ല്യാണിയെ ജീവിതത്തിലേക്ക് കൂട്ടുക എന്നത് മാത്രമായിരുന്നു.
പക്ഷേ, തന്റെ അവസ്ഥയും പരിമിതിയും കാണുമ്പോൾ അവളുടെ അച്ഛൻ സമ്മതിക്കുമോ…..
അന്തസ്സ് കാത്തു സൂക്ഷിക്കാൻ കഷ്ട്ടപ്പെടുന്ന ഭാസ്ക്കരപൊതുവാൾക്ക് ഒന്നരകാലൻ അപശകുനമായാൽ…..

അവൾക്കൊപ്പം ചേർന്നിരിക്കുമ്പോൾ എല്ലാം അവന്റെ മനസ്സിൽ ആ ഒരു ചിന്ത മാത്രമായിരുന്നു.

” ഗോപേട്ടൻ ന്താ ആലോചിക്കുന്നേ ” എന്ന് ചോദിക്കുന്ന അവൾക്ക് മുന്നിൽ ചുമലനക്കികൊണ്ട് കണ്ണടച്ച് ഒന്നുമില്ലെന്ന് കാണിക്കുമ്പോൾ അവൾ ബസ്സിന്റെ സൈഡ് കമ്പിയിൽ തെരുപ്പിടിച്ചുകൊണ്ട് ദൂരേക്ക് കണ്ണുംനട്ട് ചോദിക്കുന്നുണ്ടായിരുന്നു,

” ഞാൻ വേറെ കെട്ടിയാൽ ഗോപേട്ടൻ ന്ത്‌ ചെയ്യും !”

അവളുടെ ആ ചോദ്യം വന്നു തറച്ചത് അവന്റെ ഹൃദയത്തിൽ ആയിരുന്നു.
ഒന്നും പറയാൻ കഴിയാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോൾ അവൾക്കറിയാമായിരുന്നു ആ ചോദ്യം അവനെ അത്രത്തോളം വേദനിപ്പിച്ചെന്ന്.
ആ മൗനം പറയുന്നുണ്ട് അവന്റ മനസ്സ് പിടക്കുന്നതെന്ന്.
പക്ഷേ, തന്റെ അവസ്ഥ….

അവൾക്ക് അറിയില്ലായിരുന്നു ആരെ തള്ളും , ആരെ കൊള്ളും എന്ന്.

സ്നേഹം കൊണ്ട് തന്റെ മനസ്സ് കീഴടക്കിയവൻ വേണോ അതോ പണവും പദവിയും കൊണ്ട് അച്ഛന്റെ മനസ്സ് കീഴടക്കിയവൻ വേണോ….

അവൾ ഉത്തരം കിട്ടാത്ത ചോദ്യവും മനസ്സിൽ പേറി നിറഞ്ഞ കണ്ണുകൾ ഗോപൻ കാണാതിരിക്കാനായി ദൂരേക്ക് നോക്കി ഇരിക്കുമ്പോൾ അവരെ മാത്രം ശ്രദ്ധിച്ചുകൊണ്ട് ഒരാൾ പിന്നിലെ സീറ്റിൽ സ്ഥാനം പിടിച്ചിരുന്നു. ”

( തുടരും )

✍️ ദേവൻ

LEAVE A REPLY

Please enter your comment!
Please enter your name here