Home Abhijith Unnikrishnan അല്ലെങ്കിലും നീ എന്നാ ഞാൻ പറയുന്നത് കേട്ടിരിക്കുന്നെ, അവളെ കൊണ്ട് വന്ന് അനുഭവിക്കുമ്പോൾ മനസ്സിലാവും… Part...

അല്ലെങ്കിലും നീ എന്നാ ഞാൻ പറയുന്നത് കേട്ടിരിക്കുന്നെ, അവളെ കൊണ്ട് വന്ന് അനുഭവിക്കുമ്പോൾ മനസ്സിലാവും… Part – 1

0

രചന : Abhijith Unnikrishnan

പുനർവിവാഹം ( ഭാഗം – ഒന്ന് )

അടുക്കളയിൽ പാത്രങ്ങൾ തലങ്ങും വിലങ്ങും വീഴാൻ തുടങ്ങി, ശ്രീധരൻ കയ്യിലിരുന്ന പത്രം സോഫയിലിട്ട് അടുക്കളയിലേക്ക് എത്തി നോക്കി..

എന്താ ദേവീ, നിനക്ക് കുറച്ച് ശബ്ദം കുറച്ച് ജോലി നോക്കിക്കൂടെ..

അത് നിങ്ങളിവിടെ വന്ന് പാത്രങ്ങളോട് പറ…

ശ്രീധരൻ വീണ്ടും പത്രം കയ്യിലെടുത്തു..
ഇവളോട് സംസാരിക്കുന്നതിലും നല്ലത് മുറ്റത്തു കൂടി രണ്ട് റൗണ്ട് ഓടുന്നതാ…

വായനയിൽ ശ്രദ്ധിച്ചിരിക്കുമ്പോഴാണ് പത്രം ഒരു കുഞ്ഞു കൈ വലിച്ചു താഴ്ത്തിയത്, ശ്രീധരൻ മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് എടുത്ത് മടിയിൽ വെച്ചു…

അച്ഛാച്ഛന്റെ പൊന്നുമോള് തമ്പാട്ടിയെ കാണാൻ പോയിട്ട് ഇത്ര വേഗത്തിൽ തിരിച്ചു വന്നോ…

കുഞ്ഞിന്റെ തലമുടിയിൽ തഴുകുന്നതിനിടയിൽ ശ്യാം മുറിയിലേക്ക് പോവുന്നത് കണ്ടപ്പോൾ ശ്രീധരൻ പുറകിൽ നിന്ന് വിളിച്ചു..

നിന്നോടൊരു കാര്യം ചോദിക്കണം വിചാരിച്ച് ഇരിക്കായിരുന്നു…

ശ്യാം അച്ഛന് നേരെ തിരിഞ്ഞ് നിന്നു..
എന്ത് കാര്യം..?

ഞാൻ അവരോട് വാക്കുകൊടുത്തതല്ലേ, ഇനി അത് പെട്ടെന്ന് മാറ്റി പറയാന്നൊക്കെ പറഞ്ഞാൽ എനിക്ക് കുറച്ച് ബുദ്ധിമുട്ടാ, അതുകൊണ്ട് നീ തന്നെ വിളിച്ചു സംസാരിച്ചേക്ക്…

ശ്യാം കാര്യം മനസ്സിലാവാതെ അടുത്തേക്ക് ചെന്നു..
ആരോട് സംസാരിക്കുന്ന കാര്യമാ അച്ഛൻ പറയുന്നത്..

ശ്രീധരൻ കുഞ്ഞിനെ നിലത്തിരുത്തി..
എടാ നമ്മള് മിനിഞ്ഞാന്ന് കല്യാണം ഉറപ്പിച്ചില്ലേ അവരോട് വിളിച്ച് വേണ്ടാന്ന് പറയാൻ…

ശ്യാം ഞെട്ടികൊണ്ട്..
എന്തിന്…. അല്ല ഇപ്പോഴെന്താ ഇങ്ങനെ തോന്നാൻ…

തോന്നിയത് എനിക്കല്ലല്ലോ നിന്റെ അമ്മയ്ക്കല്ലേ…

അതിന് അമ്മയാണോ കെട്ടുന്നേ ഞാനല്ലേ, എനിക്കിങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് വാക്ക് മാറ്റി പറയാനൊന്നും പറ്റില്ല…

അമ്മ അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു..
വേണ്ടെടാ നീ പറയണ്ട, ഞാൻ വിളിച്ചു പറഞ്ഞോളാം, ദൈവാനുഗ്രഹം ഉള്ളതുകൊണ്ടാ ഇപ്പോഴെങ്കിലും ഇങ്ങനെയൊരു കാര്യം മനസ്സിലാക്കാൻ സാധിച്ചത്..

ശ്യാം അമ്മയെ നോക്കി..
എന്ത് കാര്യം മനസ്സിലായെന്നാ..

അത് നിന്നോട് പറഞ്ഞിട്ടും കാര്യമില്ല, ഞാൻ എന്റെ കൊച്ചുമോളുടെ ജീവിതമേ തത്കാലം നോക്കുന്നുള്ളൂ…

ശ്യാം സോഫയിലേക്ക് കിടന്നു, അനിയത്തി നീനു ശ്യാമിനരുകിലിരുന്ന് കുഞ്ഞിനെ താലോലിക്കാൻ തുടങ്ങി, ശ്യാം വീണ്ടും അമ്മയെ നോക്കി..

വെറുതെ ഇരുന്ന എന്നോട് കല്യാണം കഴിക്കാൻ നിർബന്ധിച്ചതാരാ..

ചോദ്യം കേട്ടതും നീനു ചിരിച്ചു കൊണ്ട് പറഞ്ഞു..
അമ്മ.

കയ്യിലുള്ളത് പെൺകുട്ടിയാണ് ഒരു പ്രായം കഴിഞ്ഞാൽ നിന്നെ കൊണ്ട് വളർത്താൻ പറ്റില്ല അവൾക്കൊരു അമ്മ വേണമെന്ന് വാശി പിടിച്ചതാരാ..

അതും അമ്മ.
നീനു വീണ്ടും ഉത്തരം പറഞ്ഞിട്ട് അടുത്ത ചോദ്യത്തിനായി കാതോർത്തു..

പെണ്ണുകാണാൻ പോയി കുട്ടി മഹാലക്ഷ്മിയേ പോലെയുണ്ട് നിനക്ക് നന്നായി ചേരുമെന്ന് പറഞ്ഞതാരാ..

സത്യമായിട്ടും അതും അമ്മ തന്നെ..
നീനു ഇനിയും ശ്യാം വല്ലതും പറയുന്നോണ്ട് നോക്കികൊണ്ടിരുന്നു…

അമ്മക്ക് ഉറപ്പിക്കുന്നത് വരെ കുഴപ്പമൊന്നുമില്ലല്ലോ, ഇപ്പോൾ ആരെങ്കിലും അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞിട്ട് മുടക്കാൻ ഞാൻ എന്തായാലും സമ്മതിക്കില്ല..

അമ്മ ദേഷ്യത്തോടെ ഉണ്ണിയെ നോക്കി..
വേണ്ടടാ നീ ഇഷ്ടം പോലെ ചെയ്തോ, അല്ലെങ്കിലും നീ എന്നാ ഞാൻ പറയുന്നത് കേട്ടിരിക്കുന്നെ, അവളെ കൊണ്ട് വന്ന് അനുഭവിക്കുമ്പോൾ മനസ്സിലാവും, പാവം ഈ കൊച്ചും കൂടി അനുഭവിക്കണല്ലോന്ന് ഓർക്കുമ്പോഴാ സങ്കടം..

അത് സാരമില്ല ഞാൻ നോക്കിക്കോളാം..

അമ്മ രണ്ടാമതൊന്ന് പറയാൻ നിൽക്കാതെ ദേഷ്യത്തിൽ അടുക്കളയിലേക്ക് പോയി, ശ്യാം മോളെയെടുത്ത് ദേഹത്തേക്കിട്ട് മുടിയൊതുക്കി കൊണ്ടിരുന്നു, നീനു ശ്യാമിനെ തട്ടികൊണ്ട്…
എന്താ ഏട്ടാ ശരിക്കും പ്രശ്നം..?

ഒരു പ്രശ്നവുമില്ല, അമ്മ വെറുതെ ഓരോന്ന് ആലോചിച്ചു പറയുന്നതാ..

നീനു വീണ്ടും ശ്യാമിനെ തോണ്ടി..
ഏട്ടാ പറയ് പ്ലീസ്…

ശ്യാം അവളെ നോക്കി…
നിനക്ക് അമ്മയുടെ കൂടെ അന്ന് പൊയ്ക്കൂടായിരുന്നോ..

അതിന് ക്ലാസ്സ്‌ കളയണ്ടാന്ന് അമ്മ പറഞ്ഞതോണ്ടല്ലേ പോവാതിരുന്നത്, പ്ലീസ് ഏട്ടാ എന്താ കാര്യമെന്ന് പറ..

ശ്യാം കുറച്ച് നേരം കുഞ്ഞിനെ താലോലിച്ചു കൊണ്ടിരുന്നു, നീനു കണ്ണെടുക്കാതെ നോക്കുന്നത് കണ്ടപ്പോൾ ശ്യാം അവൾക്ക് നേരെ തിരിഞ്ഞു..
നീ കാണുമ്പോൾ അവൾക്ക് എന്തെങ്കിലും കുഴപ്പം തോന്നിയോ..

നീനു ഒന്ന് ആലോചിച്ചു നോക്കി..
ഇല്ല ഏട്ടാ, എനിക്ക് അന്ന് കണ്ടപ്പോൾ ഒരു പ്രശ്നവും തോന്നിയില്ല..

ശ്യാമൊന്ന് ചിരിച്ചു…
എന്നാൽ ഒരു പ്രശ്നമുണ്ട്..

നീനു ആകാംക്ഷയോടെ…
എന്ത്‌ പ്രശ്നം..

ശ്യാമൊന്ന് ദീർഘശ്വാസമെടുത്തു..
അവൾക്ക് ഒരു സംഭവം നടന്നാൽ കൃത്യമായിട്ട് വിവരിക്കാൻ അറിയില്ല..

നീനു ശ്യാം പറഞ്ഞത് മനസ്സിലാവാതെ..
എന്ന് വെച്ചാൽ..

ഉം… നിന്നോട് എങ്ങനെയാ പറയാ..
ശ്യാം കുറച്ച് നേരം ആലോചിച്ചു..
ആ.. കിട്ടി..

നീനു ശ്യാമിനെ തന്നെ നോക്കികൊണ്ടിരുന്നു, ശ്യാം തുടർന്നു..
ഇപ്പോൾ മുറ്റത്തൊരു തേങ്ങ വീണു, അതെടുക്കാൻ വേണ്ടി നീ പുറത്തേക്കോടി,മുറ്റത്ത് കല്ല് തട്ടി വീണു…
ശ്യാം നീനുവിനെ തോണ്ടി..
ഇത് നീയെങ്ങനെ വേറെ ഒരാൾക്ക് പറഞ്ഞു കൊടുക്കും..?

നീനുവൊന്ന് ചിരിച്ചു…
ഇത്രേയുള്ളോ… തേങ്ങ വീണതെടുക്കാൻ ഓടിയപ്പോൾ കല്ല് തട്ടി താഴെ വീണു… സിംപിൾ..

ശ്യാം അവളെ നോക്കി..
ഇങ്ങനെ അവൾ പറയില്ല… ആദ്യം വീണെന്ന് പറയും, പിന്നെ തേങ്ങ വീണെന്ന് പറയും, അതുകഴിഞ്ഞ് കല്ലിൽ തട്ടിയെന്ന്, അതും കഴിഞ്ഞ് പുറത്തേക്കോടിയെന്ന്…

നീനു അന്തംവിട്ടിരുന്നു..
അപ്പോൾ എങ്ങനെ കാര്യം മനസ്സിലാവും..

ശ്യാം ചിരിച്ചുകൊണ്ട്..
അവൾ കാര്യം പറഞ്ഞല്ലോ.. പക്ഷെ ക്രമം തെറ്റിപ്പോയി..

അയ്യോ ഏട്ടാ അതൊരു പ്രശ്നം തന്നെയാണുട്ടോ, എന്തെങ്കിലും ചേച്ചി ഒറ്റക്കുള്ളപ്പോഴാ നടക്കുന്നതെങ്കിൽ നമ്മളെങ്ങനെ ചോദിച്ചു മനസ്സിലാക്കും..

അതിന് അവൾക്ക് കഴിഞ്ഞു പോയ കാര്യങ്ങൾ പറയുമ്പോൾ ചെറിയൊരു പ്രശ്നമുണ്ടെന്നേയുള്ളൂ, അല്ലാതെ വേറെയൊന്നുമില്ല..

നീനു ശ്യാമിനെ തട്ടി..
അപ്പോൾ ഏട്ടന് ശരിക്കും ഇഷ്ടായി..

എനിക്ക് ഇഷ്ടായി, കാണാനും കൊള്ളാം, അത്യാവശ്യം നന്നായി സംസാരിക്കുന്നുണ്ട്, അതിനേക്കാൾ ഏറെ നല്ലൊരു അമ്മയുമാണ്.

നീനു ചിരിക്കാൻ തുടങ്ങി..
കള്ളാ… കല്യാണം വേണ്ടാ പറഞ്ഞിട്ട് രണ്ട് തവണ കണ്ടപ്പോഴേക്കും ലവ് ആയോ..

പോടീ അവിടുന്ന്, ഞാൻ വെറുതെ പറഞ്ഞതാ,എനിക്ക് കല്യാണം വേണ്ട…

അയ്യടാ ഇനിയും ഉരുളണ്ടാ… വരട്ടെ പുതിയ എടത്തിയമ്മ എങ്ങനെയുണ്ട് നോക്കാലോ…

ഉം… അതിന് അമ്മ ഇപ്പോൾ തന്നെ വേണ്ടാന്ന് പറയാൻ തുടങ്ങി…

ഇത് കേട്ട് അമ്മ അടുക്കളയിൽ നിന്ന് എത്തിനോക്കികൊണ്ട്…
അത് എന്റെ അനുശ്രീയെ പോലെ അല്ലാത്തോണ്ടാ പറയുന്നത്, അവള് പോവുമ്പോഴും കൂടി എന്റെ കയ്യിൽ പിടിച്ചു പറഞ്ഞതാ കുഞ്ഞിനെ നേരെ നോക്കിക്കോണമെന്ന്, അങ്ങനെയുള്ളപ്പോൾ എനിക്ക് ബോധിക്കാത്തൊരാളുടെ കയ്യിൽ വാവയെ കൊടുക്കാൻ തീരെ ഇഷ്ടമില്ല…

ശ്യാം മറുപടിയൊന്നും പറയാതെ കുഞ്ഞിനെ എടുത്തിട്ട് എഴുന്നേറ്റു, അമ്മ അടുക്കളയിൽ നിന്ന് അവനരുകിലേക്ക് പാഞ്ഞുവന്നു..
നീ ദേഷ്യപ്പെട്ട് എങ്ങോട്ടാ പോവുന്നത്, നീ ഒരു തവണ വാശി പിടിച്ചു കെട്ടിയതിന് ഞാൻ ക്ഷമിച്ചത് അവൾ ചെറുപ്പം തൊട്ടേ നിന്റെ കൂടെ ഉണ്ടായിരുന്നതല്ലേ അറിയാവുന്ന കൊച്ചല്ലേ വിചാരിച്ചിട്ടാ, ഇവൾ അങ്ങനെയല്ല നിനക്ക് ആകെ രണ്ട് തവണ സംസാരിച്ച പരിചയമേയുള്ളൂ..

ശ്യാം മുറിയിലേക്ക് നടന്നു, അമ്മ പുറകെ കൂടി..
നീ പോവുന്നെങ്കിൽ പോ കൊച്ചിനെ ഇങ്ങ് താ, അതിന് വല്ലതും കഴിക്കാൻ കൊടുക്കട്ടെ…

അമ്മയുടെ കൈ തട്ടിമാറ്റി ശ്യാം അകത്തേക്ക് കയറി കട്ടിലിലിരുന്നു..
മോൾക്ക് വല്ലതും വേണേൽ ഞാൻ കൊടുത്തോളാം…

അമ്മ ശ്യാമിന്റെ അരികിലേക്ക് നീങ്ങി നിന്നു..
നിന്റെ വാശി വിട്, നിനക്ക് ഓരോ സമയത്തും ഓരോന്ന് തോന്നുന്നത് ചെയ്യും, അവസാനം നീ തന്നെ ഇരുന്ന് കരയും…

ശ്യാമൊന്ന് അമ്മയെ നോക്കി..
അല്ല ഇനി ഭാര്യ മരിച്ചാൽ ഞാൻ ഡിസ്കോ ഡാൻസ് കളിക്കാം…

ആ… ഇതിലും നല്ലത് അതാ..നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല, നീ കുഞ്ഞിന്റെ മുഖത്തേക്കൊന്ന് നോക്ക് അതിനെ കണ്ടിട്ട് നിനക്ക് അവളെ പോലെയൊരു പെണ്ണിനെ കെട്ടാൻ തോന്നുന്നുണ്ടോ…

ശ്യാം ചുമരിലെ ഫോട്ടോ ചൂണ്ടി കാണിച്ചു..
അമ്മ അത് നോക്ക് അവളെ പോലെയൊരു പെണ്ണിനെ ഇനി എനിക്ക് കണ്ടുപിടിച്ചു തരാൻ പറ്റോ…

അമ്മയൊന്നും മിണ്ടിയില്ല, ശ്യാം തുടർന്നു..
ആരാ ഇവിടെ കല്യാണം കഴിക്കാൻ ധൃതി കാണിക്കുന്നത് ഞാനാണോ, അങ്ങനെയൊരു ആവേശമുണ്ടായിരുന്നു അന്ന് ആരും സമ്മതിച്ചില്ല, ഇറങ്ങി വന്നവളാണേൽ പാതി വഴിയിൽ തനിച്ചാക്കി പോവുകയും ചെയ്തു, കുഞ്ഞിനെ കാണുമ്പോഴൊക്കെ എനിക്ക് അവളെ നഷ്ടപെട്ടത് മാത്രമേ ഓർമയിൽ വരുന്നുള്ളൂ, എനിക്ക് ആദ്യമായിട്ടാ ആ ദിവസത്തിനിപ്പുറം അവളെ പോലെ ചിരിക്കുന്നൊരു മുഖം കാണാൻ കഴിയുന്നത്..

അമ്മ ശ്യാമിന്റെ മടിയിൽ നിന്ന് കുഞ്ഞിനെ എടുത്തു..
നീ ഇഷ്ടം പോലെ ചെയ്യ്, എനിക്ക് ആവുന്നോളം കാലം ഞാൻ കൊച്ചിനെ നോക്കിക്കോളാം..

അങ്ങനെ എന്റെ മാത്രം ഇഷ്ടത്തിന് ഒന്നും ചെയ്യണ്ട, പക്ഷെ എന്നെ വേറെ കെട്ടാൻ നിർബന്ധിക്കരുത്..

അമ്മയൊന്നും മിണ്ടാതെ പുറത്തേക്ക് പോയി, ഉമ്മറത്തിരിക്കുന്ന ശ്രീധരന് അരികിലെത്തിയപ്പോൾ…
നിങ്ങളെന്താ ഇവിടെ ഇരിക്കുന്നത്, കഴിക്കാൻ സമയമായെങ്കിൽ അകത്തേക്ക് വന്നൂടെ…

ശ്രീധരൻ ഒന്ന് തലയുയർത്തി നോക്കി..
വിശപ്പ് പിന്നെയും സഹിക്കാലോ, മറ്റുള്ളവരുടെ ചീത്ത വിളി കേൾക്കുമ്പോഴാ പേടി..

ഓ… ഇനി ഞാനായിട്ട് ചീത്ത കേൾപ്പിക്കുന്നില്ല, ഉറപ്പിച്ചതെന്തായാലും മുടക്കേണ്ട…

ശ്രീധരനൊന്ന് ചിരിച്ചു..
സത്യമായിട്ടും പറയുന്നതാണോ അതോ കുറച്ച് കൂടി മുന്നിലേക്ക് പോയാൽ എനിക്ക് കൂടുതൽ ചീത്ത കേട്ടോട്ടെ വിചാരിച്ച് പറയുന്നതാണോ…

നിങ്ങൾക്ക് കേട്ടിട്ട് എങ്ങനെയാ തോന്നുന്നത്..?

കേൾക്കുമ്പോൾ സത്യമായിട്ടാ തോന്നുന്നത്, പക്ഷെ പറയുന്നത് നീയാണല്ലോന്ന് ഓർക്കുമ്പോൾ..

ദേ മനുഷ്യാ, വാവ എന്റെ കയ്യിലായി പോയി, രാവിലെ എന്നോട് ചൊറിയാൻ നിന്നാലുണ്ടല്ലോ..

ശരി ഞാൻ തർക്കിക്കാനില്ല…
ശ്രീധരൻ സുല്ലിട്ട് നിർത്തി..
നിനക്കും സമ്മതമായ സ്ഥിതിക്ക് ഡേറ്റ് നോക്കാലോ..

നോക്കിക്കോ..
ദേവി കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് നടന്നു..

കുറച്ചു കഴിഞ്ഞപ്പോൾ ശ്രീധരൻ ശ്യാമിന്റെ മുറിയിലേക്ക് ചെന്നു, കട്ടിലിൽ കിടക്കുകയായിരുന്ന അവനെ തട്ടി വിളിച്ചു, ശ്യാം എഴുന്നേറ്റിട്ട് അച്ഛനെ നോക്കി..

നമ്മുക്ക് നാളെ അവിടം വരെ പോയാലോ, ഞാൻ ഡേറ്റ് നോക്കി വെക്കാം, പറ്റുമെങ്കിൽ അടുത്ത മുഹൂർത്തം തന്നെ നോക്കാം..

ശ്യാം ഒന്നും മിണ്ടിയില്ല, ശ്രീധരൻ തലയിൽ തൊട്ടു..
നീ അമ്മയെ വിട്, അതൊന്നും കാര്യമാക്കണ്ട, അവള് നല്ല കുട്ടിയാ നിനക്ക് ചേരും..

നമ്മുക്ക് നാളെ പോവാം, എനിക്ക് കുഴപ്പമൊന്നുമില്ല..
ശ്യാം അച്ഛനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു..

ശരി എന്നാൽ എഴുന്നേറ്റ് പോയി വല്ലതും കഴിക്ക്…

ശ്രീധരൻ ശ്യാമിനെ വിളിച്ച് കഴിക്കാൻ കൊണ്ട് പോയി…

പിറ്റേ ദിവസം രാവിലെ..

ശ്യാമും ശ്രീധരനും അമ്മാവന്മാരും ചെല്ലുമ്പോൾ പെണ്ണുംവീട്ടുകാർ പുറത്ത് സ്വാഗതം ചെയ്യാനായി നിൽക്കുന്നുണ്ടായിരുന്നു, അകത്തേക്ക് കയറിയിരുന്നു, ശ്രീധരൻ കയ്യിലിരുന്ന പേപ്പർ അവർക്ക് കൊടുത്തു..

മൂന്ന് ഡേറ്റ് കിട്ടിയിട്ടുണ്ട്, നിങ്ങൾക്ക് സൗകര്യമാവുന്നത് ഏതാണെന്ന് വെച്ചാൽ വിളിച്ചു പറഞ്ഞാൽ മതി, കഴിയുമെങ്കിൽ ഏറ്റവും ആദ്യത്തെ തന്നെ എടുത്താൽ ഉപകാരമായേനെ..

അവിടെയുള്ളവരെല്ലാം തലയാട്ടി, ശ്യാം അമ്മയെ നോക്കികൊണ്ട്..
എവിടെ നന്ദൂനെ പുറത്തേക്ക് കണ്ടില്ല..?

അമ്മയൊന്ന് ചിരിച്ചു..
അകത്തുണ്ട്, കുറെ നേരമായിട്ട് ഒരുങ്ങാണെന്ന് തോന്നുന്നു, മോൻ വാ കാണിച്ചു തരാം..

ശ്യാം എഴുന്നേറ്റ് അമ്മയുടെ കൂടെ നടന്നു, മുറിയുടെ വാതിൽ ചാരിയിരിക്കായിരുന്നു, അമ്മയൊന്ന് കൊട്ടിയിട്ട് ചെറുതായി തുറന്നു, അമ്മയെ കണ്ടപ്പോൾ അവൾ ചിണുങ്ങിക്കൊണ്ട്…
ദാ വരുന്നു അമ്മേ, ഞാനിതൊന്ന് കെട്ടിക്കോട്ടെ…

ശ്യാം എന്താണെന്ന് അമ്മയോട് കണ്ണ് കൊണ്ട് ചോദിച്ചു..

അവള് മുല്ലപ്പൂ തലയിൽ വെക്കാ..

ശ്യാം അകത്തേക്ക് എത്തിനോക്കി..
ഹലോ, എന്നെ അല്ലാതെ വേറെ ആരെയാ കെട്ടുന്നേ…

അവളൊന്ന് ഞെട്ടി മുല്ലപ്പൂ കയ്യിൽ നിന്ന് താഴെ വീണു, തിരിഞ്ഞ് ശ്യാമിനെ നോക്കി..
നല്ല ആള്, പുറകിൽ വന്ന് പേടിപ്പിക്കുന്നോ..

ആരാ പേടിക്കാൻ പറഞ്ഞത്, ഞാൻ വന്നിട്ട് എത്ര നേരമായെന്ന് അറിയോ, നിന്നെ പുറത്തേക്കേ കണ്ടില്ല, ഇനിയും കാണാതിരുന്നാൽ ശരിയാവില്ലെന്ന് തോന്നിയത് കൊണ്ടാ അകത്തേക്ക് ഓടി വന്നത്..

അവളൊന്ന് ചിരിച്ചിട്ട് വാതിൽ മുഴുവനായി തുറന്നു, ശ്യാം അകത്തേക്ക് കയറി, അമ്മ അവളെയൊന്ന് നോക്കിയിട്ട് ഹാളിലേക്ക് തിരിച്ചു നടന്നു..

അമ്മയ്ക്ക് എന്നെ നല്ല വിശ്വാസമുണ്ടെന്ന് തോന്നുന്നു..?

ശ്യാമിന്റെ ചോദ്യം കേട്ടപ്പോൾ നന്ദു വീണ്ടുമൊന്ന് ചിരിച്ചു..
അയ്യോ സാറിനെയല്ല എന്നെയാണ് വിശ്വാസം…

ശ്യാം കട്ടിലിലേക്ക് നോക്കി..
മോൻ ഇനിയും എഴുന്നേറ്റില്ലേ…?

അവൻ അങ്ങനെയാ, രാത്രി നേരത്തെ കിടക്കും രാവിലെ വൈകി എഴുന്നേൽക്കും…

ശ്യാം ചിരിക്കാൻ തുടങ്ങി…
കൊള്ളാം നല്ല കുട്ടി, നിന്നോട് സംസാരിക്കുമ്പോൾ സത്യം പറഞ്ഞാൽ 100 ദിവസം കണ്ട പരിചയം പോലെ തോന്നുന്നു, വല്ലാത്തൊരു സന്തോഷം..

ചിലരങ്ങനെയാ പെട്ടെന്ന് മനസ്സിലാവും..

സംസാരത്തിനിടയിലാണ് നന്ദുവിന്റെ കൈ വിരലിൽ മുറിവ് കണ്ടത്..
ഇതെന്ത് പറ്റി..

ഇതോ..
അവൾ കൈ ഉയർത്തികൊണ്ട് ചോദിച്ചു..

ശ്യാം അതേയെന്ന് തലയാട്ടി..

ഇത്.. മുറിഞ്ഞതാ..

അതെനിക്കും അറിയാം, എങ്ങനെ പറ്റിയതെന്നാ ചോദിച്ചത്..

അവൾ ആലോചിക്കാൻ തുടങ്ങി..
ഞാൻ പോയപ്പോൾ…പച്ചക്കറി ഫ്രിഡ്ജിൽ… അമ്മ പറഞ്ഞു..

ശ്യാം ഇടയിൽ കയറി തടുത്തു..
ഞാൻ പറയട്ടെ, അമ്മ പച്ചക്കറി ഫ്രിഡ്ജിൽ നിന്നെടുത്ത് മുറിക്കാൻ പറഞ്ഞു, അബദ്ധത്തിൽ കത്തി തട്ടി കൈമുറിഞ്ഞു, ശരിയല്ലേ..

അവൾ അതേയെന്ന് തലയാട്ടി സമ്മതിച്ചു..
പെട്ടെന്ന് മനസ്സിലായല്ലോ..

ഇതൊക്കെയെന്ത്..

ചുമരിലെ ചിത്രം കണ്ടപ്പോൾ ശ്യാം അരികിലേക്ക് ചെന്ന് നോക്കി, അവൾ പുറകിൽ നിന്ന് വിളിച്ചു..
ഞാൻ വരച്ചതാ..

ആണോ.. നന്നായിട്ടുണ്ട്… അല്ല ഇതെന്താ സംഭവം…

അവൾ വീണ്ടും ആലോചിക്കാൻ തുടങ്ങി..
അത് പിന്നെ..

ശ്യാം കണ്ണെടുക്കാതെ നന്ദുവിനെ നോക്കികൊണ്ടിരുന്നു, അവൾ ആലോചിക്കാണെന്ന് മനസ്സിലായപ്പോൾ..
ദൈവമേ ഞാൻ വല്ല psc ചോദ്യമാണോ ചോദിച്ചത്..

നന്ദു ആലോചന വിട്ട് പറയാനായി തുനിഞ്ഞു..
പറയട്ടെ…

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here