Home Beauty ദിവസങ്ങൾക്കുള്ളിൽ കാൽ വിണ്ടു കീറുന്നതിനു പൂർണ്ണ ശമനം ഇ രീതിയിൽ

ദിവസങ്ങൾക്കുള്ളിൽ കാൽ വിണ്ടു കീറുന്നതിനു പൂർണ്ണ ശമനം ഇ രീതിയിൽ

0

വരണ്ട അവസ്ഥയില്‍ വരിവരിയായുള്ള വരകളോടുകൂടി പാദങ്ങളില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ ആണ് പാദം വിള്ളല്‍ (cracked heels). സാധാരണയായി ഇവ പാദങ്ങളില്‍ ഏറ്റവും പുറമെയുള്ള തൊലിയില്‍ (Epidermis) ആണ് കണ്ടുവരുന്നത്. ചിലപ്പോള്‍ ഈ അവസ്ഥ തൊലിയുടെ രണ്ടാം നിരയിലേക്കും വ്യാപിക്കാറുണ്ട്. ഈ അവസ്ഥയില്‍ കടുത്ത വേദന അനുഭവപ്പെടും. പാദങ്ങളില്‍ ഉണ്ടാകുന്ന അമിതമര്‍ദം, പൊണ്ണത്തടി ഇവയൊക്കെ വേദനാജനകമായ വിള്ളലിന് കാരണമാകുന്നു. കാലിലും തൊലിയിലുമുണ്ടാകുന്ന വരള്‍ച്ചയിലുപരി പാദശ്രദ്ധ ആവശ്യത്തിനില്ലാത്തതും കാല്‍വിള്ളലിന് കാരണമാകാറുണ്ട്.
ശരീരത്തിന്‍െറ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പാദത്തിലെ തൊലി കൂടുതല്‍ കട്ടിയുള്ളതും വരണ്ടതുമാണ്. ത്വക്കിന് നനവ് കൊടുക്കുന്ന ഓയില്‍ ഗ്ളാന്‍ഡ്സ് (oil glands) ഈ ഭാഗങ്ങളിലില്ല തന്നെ. എന്നാല്‍, ഈ ഭാഗത്ത് നനവ് നിലനിര്‍ത്താന്‍ നൂറുകണക്കിന് സ്വേദഗ്രന്ഥികളുണ്ട്.
പാദങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാത്തവരിലും പ്രമേഹ രോഗികളിലും അത്ലറ്റ്സ് ഫൂട്ട് ഉള്ളവരിലും കാല്‍ വിള്ളല്‍ സര്‍വസാധാരണമാണ്. കാലിലെ വിരലുകള്‍ക്കിടയിലുണ്ടാകുന്ന പൂപ്പല്‍ രോഗമാണ് അത്ലറ്റ്സ് ഫൂട്ട് എന്ന രോഗം. ഒരുതരം ഫംഗസ് ആണ് രോഗ കാരണം.
കാലിലെ വിള്ളല്‍ ചിലരില്‍ ലഘുവായും ചിലരില്‍ കുറച്ചുകാലം മാത്രവും മറ്റു ചിലരില്‍ വളരെ കൂടിയ രീതിയിലും കണ്ടുവരുന്നുണ്ട്.
സാധാരണയായി ഏറ്റവും ഉപരിതലത്തിലുള്ള വിള്ളലുകള്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍, ആഴത്തിലുള്ള വിള്ളലുകള്‍ വേദന ഉണ്ടാക്കുന്നു. വിള്ളലുകളിലൂടെ രക്തം വരുന്ന അവസ്ഥ സംജാതമായാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവെക്കാറുണ്ട്. രോഗപ്രതിരോധശേഷി കുറവുള്ളവരിലും പ്രമേഹരോഗികളിലും ഇത്തരം വിള്ളലിലൂടെ അണുബാധയുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും രോഗിയെ അത് മറ്റു രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം.
തൊലിപ്പുറത്തുണ്ടാകുന്ന അസാധാരണ വരള്‍ച്ചയും പാദങ്ങളിലുള്ള അശ്രദ്ധയും പ്രധാന കാരണങ്ങളാണ്. വരള്‍ച്ചമൂലം ശരീരത്തില്‍ എവിടെയും ഈ അവസ്ഥ വരാമെങ്കിലും ശരീരഭാരം താങ്ങുകയും പ്രതലവുമായി സദാ സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യുന്ന പാദങ്ങളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
പ്രായമുള്ള ആളുകളിലും താരതമ്യേന സജീവമായ ജീവിതക്രമത്തില്‍നിന്ന് വിശ്രമജീവിതത്തിലേക്ക് കടന്നവര്‍ക്കുമൊക്കെ ഈ അസുഖം കൂടുതലായി കാണാറുണ്ട്. പ്രായമേറുംതോറും തൊലിക്ക് മൃദുത്വവും നനവും നല്‍കുന്ന സെബേഷ്യസ് ഗ്ളാന്‍ഡിന്‍െറ ഉല്‍പാദനം കുറയുകയും തൊലി വരണ്ടു ചുളുങ്ങുകയും ചെയ്യുന്നത് സ്വാഭാവികമാണ്.
കുട്ടികളില്‍ ഈ അസുഖം സര്‍വസാധാരണമാണ്. പാദങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്തതും രോഗം ഉണ്ടായതിനുശേഷം ഈ അശ്രദ്ധ തുടരുന്നതുമൂലവും നേര്‍ത്ത വിള്ളലുകളില്‍ പൊടിയും ചളിയും നിറഞ്ഞ് അസുഖം മൂര്‍ച്ഛിക്കുകയാണ് ഉണ്ടാവുക.

കാരണങ്ങള്‍

അധികനേരം നിന്ന് ജോലിചെയ്യുക, പരുപരുത്ത പ്രതലത്തില്‍ ഏറെനേരം നില്‍ക്കുക, അമിതവണ്ണം തുടങ്ങിയവയും നേരത്തേ സൂചിപ്പിച്ചതുപോലെ തൊലിയിലുണ്ടാകുന്ന അമിതവരള്‍ച്ചയും ചൊറിച്ചിലും ഒക്കെ കാരണങ്ങളില്‍പെടുന്നു.
അധികം ചൂടുള്ള വെള്ളത്തിലെ കുളി, പിറകുവശം തുറന്ന പാദുകങ്ങള്‍ ഉപയോഗിക്കുക (പിറകുവശം തുറന്ന പാദുകങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഉപ്പൂറ്റിയുടെ അടിവശത്തുനിന്ന് കൊഴുപ്പ് വശങ്ങളിലേക്ക് നീങ്ങാനും അതുവഴി കാല്‍വിള്ളല്‍ ഉണ്ടാകാനുമുള്ള സാധ്യത ഏറെയാണ്).
സോറിയാസിസ്, എക്സിമ തുടങ്ങിയ ത്വഗ്രോഗങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവയും രോഗ കാരണങ്ങളില്‍പെടും.
ഏറെനേരം വെള്ളത്തില്‍നിന്ന് ജോലി ചെയ്യുന്നവരിലും ഒഴുക്കുവെള്ളത്തില്‍ ഏറെസമയം ചെലവിടുന്നവരിലും ത്വക്കിന് മൃദുത്വം നല്‍കുന്ന സെബേഷ്യസ് ഓയില്‍ നഷ്ടപ്പെടുകയും തൊലി വരള്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു.

പാദ പരിചരണം

അസുഖാവസ്ഥ കണ്ടുതുടങ്ങിയാല്‍ തുടര്‍ച്ചയായ, ശ്രദ്ധാപൂര്‍ണമായ പാദ പരിചരണം ആവശ്യമാണ്.
പാദങ്ങള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുകയും പാദങ്ങള്‍ മൂടുന്ന വൃത്തിയുള്ള പാദുകങ്ങള്‍ ധരിക്കുകയും ചെയ്യുക.
ഒലിവ് ഓയില്‍, നാരങ്ങാനീര് മിശ്രിതം കാലില്‍ പുരട്ടാം.
നന്നായി പഴുത്ത നേന്ത്രപ്പഴം പള്‍പ്പാക്കി പാദങ്ങളില്‍ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
ഗ്ളിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാം.
വെന്ത വെളിച്ചെണ്ണ അഥവാ തേങ്ങാപ്പാല്‍ തിളപ്പിച്ചെടുക്കുന്ന വെളിച്ചെണ്ണ പുരട്ടാം.
ഇതെല്ലാം തന്നെ രോഗാവസ്ഥ മൂര്‍ച്ഛിക്കുന്നത് തടയാന്‍ ഉപയോഗിക്കാം എന്നല്ലാതെ സ്ഥായിയായ പരിരക്ഷ നല്‍കില്ല. അതിനാല്‍ തന്നെ ചികിത്സ ആവശ്യമാണ്.

ഉള്‍പ്പെടുത്തേണ്ട ആഹാരങ്ങള്‍

കാത്സ്യം- പാല്‍, പാല്‍പ്പാടക്കട്ടി, ശുദ്ധീകരിച്ച സോയാ മില്‍ക്, ജ്യൂസ്, ബ്രോക്കോളി, മത്സ്യങ്ങള്‍ എന്നിവയില്‍ ധാരാളമായി കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ അവ ആഹാരത്തില്‍ ദിനവും ഉള്‍ക്കൊള്ളിക്കുക.
ഇരുമ്പ്- ധാന്യങ്ങള്‍, മുട്ട, പച്ചക്കറികള്‍, ബീന്‍സ്, പാവക്ക എന്നിവയില്‍ ഇരുമ്പ് ധാരാളമടങ്ങിയതിനാല്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
കുത്തരി, കക്കയിറച്ചി, ചിക്കന്‍, ഞണ്ട്, കിഡ്നി ബീന്‍സ്, തൈര് എന്നിവയില്‍ സിങ്ക് റിച്ച് ഫുഡ്സ് പെടുന്നു.
ഒമേഗ-3 കൂടുതലായി കണ്ടുവരുന്നത് ഓയിലി ഫിഷ് ഗണത്തിലാണ്. കൂടാതെ, പച്ചിലക്കറികളിലും അടങ്ങിയിട്ടുള്ളതിനാല്‍ ആഹാരത്തില്‍ ഇവ ഉള്‍പ്പെടുത്തുക. ചണവിത്ത്, വാല്‍നട്ട് സീഡ്സ് എന്നിവയില്‍ ഒമേഗ-3 അടങ്ങിയിരിക്കുന്നു.
ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, അച്ചിങ്ങ, സോയാബീന്‍ എണ്ണ, ചണവിത്ത്, കടുക് എന്നിവയില്‍ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക (അരകോട്ടുമരം അഥവാ walnut ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതാണ്).
ചികിത്സ
പാദസംരക്ഷണവും ആഹാരവും ചികിത്സയുടെ ഭാഗം തന്നെയാണ്. കൂടാതെ, ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. വെള്ളത്തിന്‍െറയും പഴം, പച്ചക്കറികളുടെയും ഉപയോഗം ചൂടുകാലങ്ങളില്‍ കൂടുതലായും വേണം.
പാദം വിള്ളലിനെതിരെ ഇന്ന് ധാരാളം ഒയിന്‍റ്മെന്‍റുകളും ജല്ലുകളും വിപണിയില്‍ ലഭ്യമാണെങ്കിലും അവയുടെ ഉപയോഗം താല്‍ക്കാലിക ആശ്വാസം മാത്രമേ നല്‍കുകയുള്ളൂ.

ഹോമിയോപ്പതി ചികിത്സ

ഹോമിയോപ്പതിയില്‍ ക്രാക്ഡ് ഹീല്‍ (cracked heel) എന്ന അസുഖത്തിന് ഫലപ്രദമായ ധാരാളം മരുന്നുകളുണ്ട്. സമ്പൂര്‍ണ ചികിത്സാ ശാസ്ത്രമായ ഹോമിയോപ്പതിയില്‍ ചികിത്സ നിശ്ചയിക്കേണ്ടത് രോഗിയുടെ പൊതുവായ ശാരീരിക, മാനസിക അവസ്ഥകളെ മുന്‍നിര്‍ത്തിയായതിനാല്‍, യോഗ്യതയുള്ള ഹോമിയോ ഡോക്ടറെ സമീപിച്ച് വിശദ പരിശോധനക്കും കേസ് സ്റ്റഡിക്കും ശേഷം മരുന്ന് കഴിക്കുന്നതാകും ഉത്തമം.

(ലേഖകന്‍ രണ്ടത്താണി ഹോമിയോ ഹോം ഹോസ്പിറ്റലിലെ ഡോക്ടറാണ്)

LEAVE A REPLY

Please enter your comment!
Please enter your name here