Home Latest പുറമെ നോക്കിയാൽ ഒരു കുഴപ്പവും ഇല്ല.അകം വെന്തുരുകുകയാണ്. അഗ്നിപർവതം പോലെ…

പുറമെ നോക്കിയാൽ ഒരു കുഴപ്പവും ഇല്ല.അകം വെന്തുരുകുകയാണ്. അഗ്നിപർവതം പോലെ…

0

രചന : Soumya Sabu

തിളച്ച വെള്ളത്തിലേക്ക് തേയിലപൊടി ഇട്ടു വാങ്ങി പൊടിയടങ്ങാൻ മൂടി വെച്ചു കീർത്തി. മനുവിനു ചായ കൊടുത്തതിനു ശേഷം അടുക്കളയിലേക്കു തിരിച്ചെത്തി. ഈശ്വരാ, രാവിലെത്തേക്കിന് എന്താ ഉണ്ടാക്കുക? അരിപ്പൊടിയും ആട്ടയും തീർന്നിട്ട് മൂന്നാല് ദിവസമായി. കുറച്ചു കൂടി പച്ചരി ഉണ്ട്, പക്ഷേ ഉഴുന്ന് ഇല്ലാതെ എന്ത് ചെയ്യും? ഹാ, തല്ക്കാലം കുറച്ചു അവിൽ കുഴയ്ക്കാം. കീർത്തി അവിലും തേങ്ങയും ശർക്കരയും ചേർത്ത് കുഴച്ചു വെച്ചു.

ഓ ഇതെന്താ വേറൊന്നും ഇല്ലേ?

അമ്മേ പൊടികൾ ഒക്കെ തീർന്നു.. ഇതേ ഉണ്ടാരുന്നുള്ളൂ..

, എനിക്കാണേൽ ഇത് തിന്നാൽ അപ്പൊ നെഞ്ച് എരിയും !! ഈ പടകാലം എന്ന് തീരുമോ ഭഗവാനെ !

അമ്മേ ! “ബിക്കട്ട് മാനം” രണ്ടുവയസ്സ്കാരൻ ഗൗതം അവളുടെ കയ്യിൽ വലിച്ചു.

കീർത്തി വിഷമത്തോടെ കുഞ്ഞിനെ നോക്കി.
മോനുട്ടാ,, ബിസ്ക്കറ്റ് തീർന്നു പോയല്ലോ, നമ്മുക്ക് നാളെ വാങ്ങാം ട്ടോ. അവളുടെ നെഞ്ച് വിങ്ങി, ആദ്യമായിട്ടാണ് കുഞ്ഞിനോട് ഇല്ല എന്ന് പറയുന്നത്. കുഞ്ഞ് “ബിക്കട്ട് “എന്ന് പറഞ്ഞ് കരയാൻ തുടങ്ങി.. കഴിച്ചു മുഴുവൻ ആക്കാതെ മനു എഴുന്നേറ്റ് പോയി. കരച്ചിൽ കാണാൻ കഴിയാതെ ഉള്ള പോക്കാണ്. കീർത്തി നിറഞ്ഞു വന്ന കണ്ണ് തുടച്ചു കുഞ്ഞിനെ എടുത്തു മുറ്റത്തേക്ക് ഇറങ്ങി. ഒരു വിധത്തിൽ സമാധാനിപ്പിച്ച് കുറച്ചു അവിൽ വാരി കൊടുത്തു.

ഇനി ഉച്ചക്ക് ഉള്ളത് ഉണ്ടാക്കണം. സത്യത്തിൽ ആ അടുക്കള ഒട്ടു മിക്കവാറും ശൂന്യം ആയിരുന്നു. മൂന്ന് സവോളയും കുറച്ചു പച്ചമുളകും ചുവന്നുള്ളിയും മാത്രം ഉള്ള പച്ചക്കറി കൊട്ടയിലേക്ക് അവളുടെ നോട്ടം എത്തി. ഓണത്തിന് പേരിനു വാങ്ങിയ പച്ചക്കറി ആണ്. സർക്കാർ വക ഓണക്കിറ്റ് ഉണ്ടായിരുന്നതു ഒരു ആശ്വാസം ആയിരുന്നു. അരി അടുപ്പത്തു ഇട്ടിട്ടു അവൾ തൊടിയിൽ ഇറങ്ങി. കുറച്ചു മുരിങ്ങയില പൊട്ടിച്ചു. മോനെ കളിപ്പാട്ടം കൊടുത്തു ഹാളിൽ ഇരുത്തി. അമ്മ ടീവി കാണുന്നുണ്ട്. രണ്ടു ദിവസം കഴിഞ്ഞാൽ അതും റീചാർജ് ചെയ്യാനാകും. കുറച്ചു ചക്കകുരു എടുത്തു ചുരണ്ടി രണ്ടായി മുറിച്ചിട്ട് ഒരു സവോളയും നാല് പച്ചമുളകും പാകത്തിനു വെള്ളവും ചേർത്ത് അടുപ്പത്തു വേകാൻ വെച്ചു. അരി പെട്ടെന്ന് വെന്തു. ഈ പ്രാവിശ്യം കിട്ടിയ റേഷൻ അരിക്ക് വേവ് കുറവാണ്. തേങ്ങയും മഞ്ഞളും കുറച്ച് ജീരകവും മൂന്നു നാല് അല്ലി വെളുത്തുള്ളിയും ചേർത്ത് അരയ്ക്കാൻ തുടങ്ങിയപ്പോൾ ആണ് കറന്റ്‌ പോയത്. അര കല്ലിൽ അരയ്ക്കുമ്പോൾ അടിവയറിൽ നിന്നും വേദനയുടെ മിന്നൽപിണരുകൾ നടുവിലേക്കു പാഞ്ഞു.
“ഇത്തവണ എന്താവോ നേരത്തെ? ടെൻഷൻ കൊണ്ടാവും. ജീവിതം ഇങ്ങനെ എങ്ങനെ മുന്നോട്ടു പോകുമോ ആവുമോ? എല്ലാം ഒന്ന് ശരിയായി വന്നതായിരുന്നു. എത്ര പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞതു. സമ്പന്നനും ദരിദ്രനും ഇടയിൽ മധ്യവർഗ്ഗം ആണ് ഏറ്റവും ഉഴലുന്നത്. പുറമെ നോക്കിയാൽ ഒരു കുഴപ്പവും ഇല്ല.അകം വെന്തുരുകുകയാണ്. അഗ്നിപർവതം പോലെ. ഒരു കൃമികീടം ലോകത്തെ എങ്ങനെ തകിടം മറിച്ചിരിക്കുന്നു.. വേണ്ട, ആലോചിച്ചു തുടങ്ങിയാൽ ഒരന്തവും കുന്തവും ഉണ്ടാവില്ല.

ഒരു വിധത്തിൽ അരച്ച് വന്നപ്പോൾ കറന്റ്‌ വന്നിരുന്നു. അടിവയറിൽ മുളച്ച വേദന ഇടയ്ക്കിടെ തിരമാല പോലെ നടുവിലും പ്രകമ്പനം തീർത്തു കൊണ്ടിരുന്നു. ചക്കകുരു വെന്തതിലേക്ക് അരപ്പു ചേർത്തിളക്കി കുറച്ചു മുരിങ്ങയില കൂടി ഇട്ടു ഉപ്പും ചേർത്ത് വേകാൻ മൂടി വെച്ചു. ആ സമയം കൊണ്ട് ബാക്കി വന്ന മുരിങ്ങയില തോരൻ ആക്കി വെച്ചു. കടുകും ചുവന്നുള്ളിയും വെളിച്ചെണ്ണയിൽ മൂപ്പിച്ചു കറിയിൽ ചേർത്ത് വാങ്ങി.

ഉച്ചക്ക് ഉണ്ണാൻ ഇരുന്നപ്പോളും ദേവകിയമ്മ പതിവ് തെറ്റിച്ചില്ല.

ഹോ എന്ന് ഇനി ഇത്തിരി കുത്തരി ചോറ് തിന്നാൻ പറ്റും? മീൻ കൂട്ടിയിട്ടു എത്ര നാളായോ?
ആരും ഒന്നും മിണ്ടിയില്ല. കീർത്തി മനുവിനെ നോക്കി. ഒന്നും മിണ്ടാതെ ഇരുന്നു കഴിക്കുകയാണ്. ആ മനസ്സിൽ കടൽ ഇരമ്പുന്നതു അവൾക്കറിയാം. ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ് തേക്കടിയിൽ ഒരു റിസോർട്ടിൽ ജോലി ചെയ്യുകയായിരുന്നു മനു. അവിടെ വന്ന ഒരു ഗസ്റ്റ് മുഖേനയാണ് ദുബൈയിൽ ജോലി ആയത്. ജീവിതത്തിൽ ഒരു പ്രതീക്ഷയുടെ വെട്ടം തെളിഞ്ഞുവെന്ന് കരുതി. ഉണ്ടായിരുന്നതും കുറച്ച് ലോണ്ണും എടുത്ത് വീടു പണിതു. കേറിക്കൂടലിനായി രണ്ടു മാസത്തെ ലീവിന് ഫെബ്രുവരിയിൽ വന്നതാണ്. മാർച്ച്‌ മുതൽ കൊറോണ നാട്ടിലും ഗൾഫിലും പിടി മുറുക്കിയതോടെ ജോലി നഷ്ടപ്പെട്ടു. ലീവിന് പോയവരെ ആരെയും തിരികെ ജോലിയിൽ എടുക്കുന്നില്ല പോലും. ടൂറിസം മേഖല ഉടനെയെങ്ങും നേരെയാകുമെന്നു തോന്നുന്നില്ല. അത് കൊണ്ട് ഇവിടെയും ജോലിക്ക് വകയില്ല. വീട് പണി തീർന്നപ്പോൾ കയ്യിൽ ഒന്നും മിച്ചം ഇല്ല.ലോണും അടച്ചു തീർക്കാൻ ഉണ്ട്. കീർത്തിയിൽ നിന്നും ഒരു ദീർഘശ്വാസം ഉതിർന്നു.

ഏട്ടാ? ദാ ഇത് പണയം വെച്ച് കുറച്ചു എന്തെങ്കിലും വാങ്ങി വാ..
നിനക്ക് ആകെ ഉള്ള വള അല്ലേ, ഇത് വെക്കണോടി?
ഇപ്പൊ വള ഇട്ടു നടന്നിട്ട് എന്തിനാ?
വേണ്ടെടി,, ഇതിനു മുൻപ് വെച്ചതൊക്കെ എടുത്ത് തരാൻ എനിക്ക് പറ്റിയിട്ടില്ല. നിന്റെ അച്ഛൻ കൂലിപ്പണി എടുത്ത് ഉണ്ടാക്കിയതല്ലേ ഇത് നിന്റെ കയ്യിൽ കിടക്കുന്നതാണ് ഭംഗി.
വൈകിട്ട് അങ്ങാടിയിൽ നിന്നു വന്നപ്പോൾ മനു സാധനങ്ങൾ വാങ്ങിയാണ് വന്നത്. കടം വാങ്ങിയതാണെന്ന് കീർത്തിക്കു മനസ്സിലായി.

രാത്രി ഗൗതം നേരത്തെ ഉറങ്ങി. കുഞ്ഞിന് നേരെ ചെരിഞ്ഞു കിടന്ന കീർത്തിയുടെ പിന്കഴുത്തിൽ മനുവിന്റെ ചുണ്ടുകൾ അമർന്നു. വയറിലൂടെ ചുറ്റിപിടിച്ച കൈകൾ അയച്ചു കൊണ്ട് അവൾ അവനഭിമുഖമായി വന്നു.
“നടക്കൂല മോനെ, പറ്റുമെങ്കിൽ എന്റെ നടുവ് ഒന്ന് തടവിത്താ ”

ങേ ! ഇതെപ്പോ??

“രാവിലെ ”

“ഹാ, അപ്പൊ ഇനി ഒരാഴ്ച ഈയുള്ളവൻ പട്ടിണി ”

“ഇടയ്ക്ക് ഒരു റസ്റ്റ്‌ നല്ലതാ ഏട്ടാ”

“അതേടി നിനക്ക് ഒരു ഒമ്പത് മാസത്തെ റസ്റ്റ്‌ തരണം എന്ന് വിചാരിച്ചു വന്നതാ.. ഒടുക്കത്തെ കൊറോണ കാരണം ഞാൻ റെസ്റ്റിലായി ”

കീർത്തി ചിരിച്ചു പോയി..

“ടി”

“ഊം”

“ഒരു പണി ശരിയായിട്ടുണ്ട് ”

“ആണോ?? എവിടാ ഏട്ടാ? എന്ത് പണിയാ?

“ഗോപാലേട്ടന്റെ പണയിലാ ” വെട്ടുകല്ലു ലോഡിങ് ആണ്. മെഷീൻ പണി മുടക്കിയാ ചിലപ്പോ കല്ല് വെട്ടേണ്ടിയും വരും”.

എന്താടി ഒരു വിഷമം പോലെ?

ഈ വെട്ടുകല്ലിന്റെ പണി ന്നൊക്കെ പറഞ്ഞാൽ കഷ്ടപ്പാട് അല്ലേ ഏട്ടാ? ലോഡിങ് ഒക്കെ…

“നമ്മുടെ മാത്രം അവസ്ഥ അല്ല ഇത്. ആളുകൾ എന്തെങ്കിലും ഒരു ജോലിക്ക് വേണ്ടി ഓടി നടക്കുവാ. അതുകൊണ്ട് കിട്ടുന്ന ജോലി ചെയ്യുന്നതാ മോളെ മിടുക്ക്. ഞങ്ങളുടെ പഴയ ഫ്രണ്ട് ഓഫീസ് മാനേജർ പച്ചക്കറി കച്ചവടം തുടങ്ങി, ജിഎം കോഴി വളർത്തൽ തുടങ്ങീന്നാ കേട്ടത്. വേണ്ടെന്നു വച്ചാൽ ഉടനെ എങ്ങും വേറൊന്നും കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും? രാവിലത്തെ പോലെ കുഞ്ഞന്റെ കരച്ചിൽ കാണാൻ എനിക്ക് വയ്യ. പൊന്നു പോലെ നോക്കാൻ പറ്റിയില്ലേലും നിങ്ങളെ പട്ടിണിക്കിടാതെ നോക്കണ്ടേടി ഞാൻ ”

പിറ്റേന്ന് മുതൽ മനു പണയിൽ പോയി തുടങ്ങി.വൈകുന്നേരം പണിക്കൂലി കീർത്തിയുടെ കയ്യിൽ വെച്ചു കൊടുക്കുമ്പോൾ തൊലി പൊട്ടി കുമിളച്ച കൈവെള്ള കണ്ട് അവളുടെ ഉള്ളു വിങ്ങി.
” നീ കുറച്ചു വെള്ളം ചൂടാക്കാൻ വെക്ക്. നല്ല മേല് വേദന, അമ്മേടെ കുഴമ്പു തേച്ചു ഒന്ന് കുളിക്കാം”

കർപ്പൂരാദി തൈലം ചൂടാക്കി പുറത്തു തേച്ചു കൊടുക്കുമ്പോൾ ആണ് തോളിലെ തൊലി പോയത് അവൾ കണ്ടത്.ഉള്ളിൽ വല്ലാത്ത ഭാരം തോന്നി.
“ഈശ്വരാ ഈ വ്യാധി എത്രയും പെട്ടെന്ന് ലോകത്തിൽ നിന്ന് ഒഴിഞ്ഞു പോണേ” . പ്രാർഥിക്കാൻ അല്ലാതെ എന്ത് ചെയ്യാൻ പറ്റും?

രാത്രി അവനോട് ചേർന്ന് നെഞ്ചിലേക്ക് തല വെച്ച് കിടക്കുമ്പോൾ അവന്റെ ഓരോ ഹൃദയമിടിപ്പും തങ്ങൾക്കു വേണ്ടിയാണെന്ന് അവളറിഞ്ഞു”.
മനുവിന്റെ ഉള്ളിലും പ്രതീക്ഷ നാമ്പിട്ടു. അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ ഒരു കൊറോണയ്ക്കും തങ്ങളെ തകർക്കാൻ പറ്റില്ല . നാളെ കുറച്ചു കൂടി നേരത്തെ പോകണം. ചോറ് പൊതിഞ്ഞെടുത്താൽ അത്രയും പൈസ ലാഭിക്കാം.

ഈശ്വരാ രക്ഷിക്കണേ ! ഒരു കൈ കൊണ്ട് ജീവന്റെ പാതിയെ പുണർന്നു മറുകൈ കൊണ്ട് ജീവന്റെ ജീവനെ ചേർത്ത് പിടിച്ച് മനു നിദ്രയിലാണ്ടു.

രചന : സൗമ്യ സാബു

LEAVE A REPLY

Please enter your comment!
Please enter your name here