Home Latest “മീൻകാരന്റെ മോനെ” എന്നുള്ള വിളി കേട്ട് മടുത്തൂ “

“മീൻകാരന്റെ മോനെ” എന്നുള്ള വിളി കേട്ട് മടുത്തൂ “

0

“ഈ അച്ഛന് കുറച്ച്‌ നന്നായി പഠിച്ചു കൂടായിരുന്നോ” , അങ്ങനെ ആയിരുന്നേൽ ഒരു നല്ല ജോലി കിട്ടുമായിരുന്നു , ഇതിപ്പോൾ “മീൻകാരന്റെ മോനെ” എന്നുള്ള വിളി കേട്ട് മടുത്തൂ ” …

ചരൽ മുറ്റത്ത് സ്കൂട്ടറിന്റെ ചക്രം ഉരുളുന്നത് കണ്ടപ്പോൾ മകൻ ആരോടെന്നില്ലാതെ പറഞ്ഞു തുടങ്ങി , അവനെ പറഞ്ഞിട്ടും കാര്യമില്ല , “ഇന്നത്തെ കാലത്തെ കുട്ടികളോട് അധ്വാനത്തിന്റെ വില പറഞ്ഞാൽ മനസ്സിലാകുമോ …

ഇന്നലെയും ആരോ കളിയാക്കി എന്ന് പറഞ്ഞ് കണ്ണ് നിറയ്ക്കുന്നത് കണ്ടൂ , പറ്റിയാൽ വേറെ എന്തെങ്കിലും ജോലി നോക്കണം , മീൻ വില്പന മോശം ആയതു കൊണ്ടല്ല , മക്കൾ വളർന്നു വരുന്നു , അവരുടെ അഭിമാനത്തെ മുറിവേൽപ്പിച്ച്‌ ജീവിക്കേണ്ട ..!!

തിരിച്ചൊന്നും പറയാതെ അയാൾ സ്കൂട്ടറിൽ നിന്നും മീൻ പെട്ടി എടുത്ത് മുറ്റത്തിന്റെ അരികിലേക്ക് വെച്ചു ,

പൈപ്പിന്റെ കഴുത്ത് പിടിച്ച്‌ തിരിച്ച്‌ കാലും കൈയും കഴുകി വീട്ടിലേക്ക് കയറിയപ്പോൾ മകൻ പുസ്തകകെട്ടിലേക്ക് മുങ്ങി തുടങ്ങിയിരുന്നു ..!!

നിലത്ത് കാലുരയുന്ന ശബ്ദം കേട്ടാൽ ഭാര്യ കട്ടൻ ചായയുമായി വരുന്നതാണ് , “അവളെവിടെ” എന്ന് ചിന്തിച്ചു തീരും മുന്നേ മുഖത്ത് കട്ടൻചായയുടെ ചൂട് അടിച്ചു ..!!

പഞ്ചസാര ഇടാത്ത കട്ടന്‍ചായ അയാള്‍ ഒറ്റവലിക്ക് കുടിച്ച്‌ ഗ്ലാസ് തിരിച്ച്‌ കൊടുക്കുമ്പോള്‍ ഭാര്യ ചോദിച്ചു

ഇന്നലെ രാത്രി നിങ്ങള്‍ അന്വേഷിച്ച കടലാസ് കിട്ടിയോ ?

മേശ വലിപ്പിൽ കീറി എടുത്ത് വെച്ച കടലാസ് കഷണത്തിലേക്ക് അയാൾ നോക്കി

“കിട്ടി ……!!!”

“നാളെ എനിക്കൊന്ന് ബാങ്കിൽ പോണം ”

നീണ്ട മൗനത്തിനൊടുവിൽ നിറം മങ്ങിയ സാരി തലപ്പ് കൊണ്ട് മുഖംഒന്ന് തുടച്ചിട്ട് ഭാര്യ അയാളെ ഒന്ന് കൂടെ നോക്കി

ജപ്തിയുടെ കാര്യം വല്ലതും … !!??

അവൾ പണ്ടേ അങ്ങനെ ആയിരുന്നു , കൂടുതൽ സംസാരിക്കില്ല , ചില ചോദ്യങ്ങൾ ഉത്തരങ്ങൾ അതിൽ ഒതുങ്ങിയിരുന്നു അവളുടെ മറുപടികൾ …

ബാങ്ക് വരെ നാളെ ഒന്ന് പോയി നോക്കട്ടെ …!!

അത്താഴം കഴിച്ചെന്ന് വരുത്തി ഇരുട്ട് വിഴുങ്ങിയ കിടപ്പ് മുറിയിൽ അയാൾ കണ്ണും തുറന്നു അങ്ങനെ കിടന്നു …

അയാളുടെ മനസിലേക്ക് ഓർമ്മകളും ചിന്തകളും ഒന്നിന് പുറകെ ഒന്നായി പെയ്തിറങ്ങാൻ തുടങ്ങി , പത്താം ക്ലാസിലെ പരീക്ഷയുടെ തലേ ദിവസം അച്ഛൻ മരിച്ചത് , വിശപ്പ് എന്ന വികാരത്തിന്റെ ആട്ടിയോടിക്കാൻ ജീവിതം വിയർപ്പൊഴുക്കിയത് , ചെറിയൊരു വീട് വെച്ചത് , ഒരു ചിങ്ങ മാസത്തിൽ അവളെ കല്യാണം കഴിച്ചത് , രണ്ട് ആൺമക്കൾ ജനിച്ചത് ,….ഹെർക്കുലീസ് സൈക്കിളിൽ നാട്ടിലൂടെ മീൻ പെട്ടിയും പേറി കൂവി നടന്നത് , മൂത്ത മകനെ പോണ്ടിച്ചേരിയിൽ എഞ്ചിനിയറിങ് അയച്ചത് , ജോലി കിട്ടാതെ അവൻ അലഞ്ഞ് നടക്കുന്നത് , പിന്നെ ഒന്നിന് പുറകെ ഒന്നായി വരുന്ന ജപ്തി നോട്ടീസുകളും …!!

“ഉറങ്ങുന്നില്ലേ …? ”

ഭാര്യയുടെ ചോദ്യം എപ്പോളോ ചെവി തുളച്ചപ്പോൾ അയാൾ അവളോട് ചേർന്ന് കിടന്നു , അങ്ങനെ വലിയ മോഹങ്ങൾ ഒന്നും ഉള്ള ആളല്ല അവൾ , ഇടയ്ക്കു ഒരു പരിപ്പുവട അല്ലങ്കിൽ ഒരു പഴം പൊരി , അവളുടെ ആഗ്രഹങ്ങളുടെ അതിരുകൾ അത്രയേ ഉണ്ടായിരുന്നുള്ളൂ , ഒരു പക്ഷെ ഇല്ലായിമയിൽ കുഴിച്ചിട്ട വേറെയും മോഹങ്ങൾ അവൾക്ക് കാണുമായിരിക്കും അറിയില്ല ഇതുവരെ അതിനെക്കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല എന്നതാണ് സത്യം ….

നെഞ്ചിൽ അമർന്നു കിടന്ന അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു …. “പാവം ” ….. മൂത്ത മകൻ ജോലി അന്വേഷിച്ചു എറണാകുളത്തു പോയിരിക്കുകയാണ് , എത്ര കാലമായി ഒരു ജോലിക്കായി അലയുന്നു , അവനും കാണില്ലേ ആഗ്രഹങ്ങൾ , ഒരു സിനിമ കാണാൻ , നല്ലൊരു ഷർട്ട് ഇടാൻ , ഒരു ബിരിയാണി കഴിക്കാൻ … ചേർന്ന് കിടന്ന അവളോട് ചോദിച്ചു ..

മോൻ വിളിച്ചിരുന്നോ ഇന്റർവ്യൂവിന്റെ കാര്യം എന്തായി …!! ?

” അത് ശരിയാവില്ല എന്ന പറഞ്ഞേ ….!! ”

“ഉം ..!!” ഒന്ന് അമർത്തി മൂളി , അല്ലെങ്കിലും എഞ്ചിനിയറിങ് പഠിക്കാൻ വിട്ടപ്പോൾ തന്നെ പലരും പറഞ്ഞിരുന്നു “നാട്ടിൽ തേങ്ങയെക്കാൾ കൂടുതൽ എഞ്ചിനിയർമാരാണ് ആണ് എന്ന് ”

പുലർച്ചയിൽ എപ്പോളോ അയാൾ ഉറങ്ങി , പാതി മങ്ങിയ എന്തൊക്കയോ കിനാവുകൾ കണ്ടൂ … ,” മീൻകാരന്റെ മോനെ” എന്ന കളിയാക്കി വിളിയിൽ മൂക്ക് ചീറ്റി കരയുന്ന ഇളയ മോനെ , ജോലി കിട്ടാതെ തല താഴ്ത്തി നടന്ന മൂത്ത മകനെ . കാത്തിരുന്നു തളർന്ന അവളുടെ വഴിക്കണ്ണുകൾ ..!! ഒടുവിൽ ….ജപ്തി ഭയന്ന് തൂങ്ങിയാടിയ നാല് ശവ കാലുകളും കണ്ടപ്പോൾ അയാൾ ഞെട്ടി എഴുനേറ്റൂ

സമയം എട്ടു മണി കഴിഞ്ഞിരിക്കുന്നു , വേഗത്തിൽ ഒരുങ്ങി മേശ വലിപ്പിൽ നിന്നും ആ കടലാസ് കഷ്ണം എടുത്തു കീശയിൽ വെച്ചപ്പോൾ ഭാര്യ അടുത്തെത്തിയിരുന്നു ..

എന്താ അത് …!!!

അയാൾ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു “പ്രതീക്ഷ” കൂടുതൽ ഒന്നും അവൾ ചോദിച്ചില്ല അയാൾ ഒന്നും പറഞ്ഞും ഇല്ല

വീട്ടില്‍ നിന്നും ഇറങ്ങി നേരെ പോയത് ഫെഡറൽ ബാങ്കിന്‍റെ ആസ്ഥാന മന്ദിരത്തിലെക്കായിരുന്നു ശീതീകരിച്ച ഓഫീസിലെ കുളിര്‍മ്മയുള്ള തണുപ്പിലും അയാള്‍ വല്ലാതെ വിയര്‍ത്തു .

കാത്തിരുപ്പിന്‌ അവസാനം ബാങ്ക് മേനേജരെ കാണാന്‍ ഉള്ള അവസരം വന്നു

ബാങ്ക് മേനേജരുടെ ഓഫീസിലെ ഗ്ലാസ് ഡോര്‍ പതുക്കെ തുറന്നു അയാള്‍ അകത്തു കയറി ,

കഷണ്ടി കേറിയ തലയുള്ള ബാങ്ക് മേനേജര്‍ കമ്പ്യൂട്ടറിന്‍റെ മോണിറ്ററില്‍ നിന്നും മുഖം ഉയര്‍ത്താതെ പറഞ്ഞു ..

ഹും…….. ഇരിക്ക് ……..!!

“വേണ്ട സര്‍ ഞാന്‍ നിന്നോളാം” , അയാള്‍ ശബ്ദം താഴ്ത്തി ……. “സര്‍ ഇന്നാണ് കാശ് അടക്കേണ്ട അവസാന ദിവസം , എനിക്ക് കുറച്ചു ദിവസം കൂടി സാവകാശം തന്നുടെ ..!! ”

മോണിറ്ററില്‍ നിന്നും മുഖം ഉയര്‍ത്തി മേനേജര്‍ അയാളുടെ കണ്ണുകളില്‍ നോക്കി

“വിദ്യാഭ്യാസ ലോണും , വീട് പണിക്കു എടുത്ത ലോണും കൂടി ഇരുപതുലക്ഷത്തിനു മുകളില്‍ ആയി , തന്നെപോലെയുള്ള ഒരു മീൻകാരൻ കൊക്കില്‍ ഒതുങ്ങുന്നതെ കൊത്താവു ഇനി എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല , നാളെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യും താങ്കള്‍ക്ക് പോകാം ….”

അയാള്‍ കീശയിൽ നിന്നും ആ കടലാസ് കഷ്ണം എടുത്ത് മേനേജരുടെ മേശപ്പുറത്ത് വെച്ച് പതുക്കെ പുറത്തേക്ക് നടന്നു

മേനേജര്‍ അത് എടുത്തു ..

അതൊരു ഓട്ടോഗ്രാഫിന്റെ പേജ് ആയിരുന്നു അതില്‍ ഇങ്ങനെ എഴുതിയിരുന്നു

“സോദര .
നീ പഠിച്ചു മിടുക്കാനാവും ഉറപ്പാണ്
അപ്പോൾ നശിച്ച്‌ മുടിയനായി ഞാന്‍ വരും
അന്ന് എന്നെ മറക്കരുത് ”

അതിന്റെ അവസാനം ബാങ്ക് മേനേജരുടെ പേരും ഒപ്പും …!!

ബാങ്ക് മേനേജരുടെ മനസിൽ അപ്പോൾ ആ പതിനഞ്ചുകാരന്റെ മുഖമായിരുന്നു , മുന്നിലെ ബെഞ്ചിലിരുന്ന് എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും വാങ്ങി വിജയത്തിന്റെ കൊടുമുടി കയറിയ ആ പത്താം ക്ലാസുകാരന്റെ മുഖം …!! …

അപ്പോളേക്കും ഗ്ലാസ് ഡോറും തുറന്ന് അയാൾ വെയിലേക്കിറങ്ങിയിരുന്നു , ഉച്ചവെയിൽ പൊള്ളിച്ച റോഡിലൂടെ നടക്കുമ്പോൾ ഇന്നലെ രാത്രിയിൽ മോൻ പറഞ്ഞ ആ വാക്കുകൾ അയാളുടെ ഹൃദയത്തെ വീണ്ടും തുരന്നു “ഈ അച്ഛന് കുറച്ച്‌ നന്നായി പഠിച്ച്‌ കൂടായിരുന്നോ”

രചന: Ranjith Alachery neelan

 

LEAVE A REPLY

Please enter your comment!
Please enter your name here