Home Afsal Madathiparambil പേരും നാടും ചോദിച്ചു സഹായം ചെയ്യാൻ നമ്മൾ തിരിച്ചൊന്നും പ്രതീക്ഷിച്ചു ചെയ്യുന്നതല്ലല്ലോ…

പേരും നാടും ചോദിച്ചു സഹായം ചെയ്യാൻ നമ്മൾ തിരിച്ചൊന്നും പ്രതീക്ഷിച്ചു ചെയ്യുന്നതല്ലല്ലോ…

0

തനുവിന്റെ മിർസ ടീച്ചർ

രചന : Afsal Madathiparambil

എന്താ മാഷേ അറിയോ..?
വട്ട മുഖത്ത് തട്ടം ചുറ്റി വലിച്ചു കെട്ടിയ മൊഞ്ചത്തിയെ ആണ് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, ഈ പെണ്ണിനെ ഞാൻ എങ്ങനെ അറിയ, കാണാനും നല്ല മൊഞ്ചുണ്ടല്ലോ, ചെറിയ കുട്ടിയൊന്നുമല്ല, അത്യാവശ്യം വയസ്സൊക്കെ ഉണ്ട്, പിന്നെ നന്നായി ഡ്രസ്സ്‌ ചെയ്തിട്ടുള്ളത് കൊണ്ട് ആണ് ചെറിയ കുട്ടീടെ പോലെ തോന്നുന്നത്, എന്നാലും ഈ കുട്ടി എങ്ങനെ എന്നെ അറിയ, ഇനി ആളുമറിയിട്ടുണ്ടാകുമോ, ആലോചന കാര്യമായി മനസ്സിൽ നടക്കുന്ന സമയം..

എന്താണ് മാഷേ ഇത്രയും ആലോചിക്കാൻ, എന്നിട്ടും മനസ്സിലായില്ലേ..?

ഇല്ല, എനിക്ക് അങ്ങോട്ട് ഓർമ്മ കിട്ടുന്നില്ല,
എന്നാ ഞാൻ തന്നെ പരിചയപെടുത്താം,

എന്റെ പേര് മിർസ,
ഞാൻ ഒരു സ്കൂൾ ടീച്ചർ ആണ്..

പടച്ചോനെ ഇത് ഏത് ടീച്ചർ, പഠിപ്പിച്ച ടീച്ചേഴ്സിനോട് ഇപ്പോഴും ബന്ധങ്ങൾ ഉണ്ടെന്നുള്ളത് ശരി തന്നെ, പക്ഷെ ഇങ്ങനെ ഒരു പേര് എന്നെ പഠിപ്പിച്ച ടീച്ചേഴ്സിന് ഇല്ലല്ലോ, പിന്നെ ഇത് ഏത് ടീച്ചർ ആണാവോ, അല്ലെങ്കിലേ കൂട്ടുകാർക്കിടയിൽ ഒരു കളിയാക്കൽ ഉണ്ട്, ടീച്ചേഴ്സിനോട് കൂടുതൽ അടുപ്പം ഉള്ളത് കൊണ്ട്, പക്ഷെ ഇത് എനിക്ക് അറിയ പോലുമില്ല ആരാന്നു,

എന്താടോ, ഓർമ്മ വരുന്നുണ്ടാകില്ല അല്ലേ,

പേരും നാടും പറഞ്ഞ ഓർമ്മ വരണമെങ്കിൽ ആദ്യം സഹായം ചെയ്യുമ്പോൾ അവരുടെ പേരും നാടും ചോദിക്കണം, എന്നാലേ വർഷങ്ങൾ കഴിയുമ്പോൾ ഇതുപോലെ ആരെങ്കിലും വന്നാൽ ഓർമ്മ കിട്ടുള്ളു,

പേരും നാടും ചോദിച്ചു സഹായം ചെയ്യാൻ നമ്മൾ തിരിച്ചൊന്നും പ്രതീക്ഷിച്ചു ചെയ്യുന്നതല്ലല്ലോ, അത്കൊണ്ടാണ് അങ്ങനെ ചോദിക്കാത്തെ, പിന്നെ പെട്ടന്ന് ചെയ്യുന്ന കാര്യങ്ങൾ ആണെങ്കിൽ മാത്രമേ പരിചയപെടാതിരിക്കൊള്ളു,അല്ലെങ്കിൽ പരിചയപെടൽ നടത്താറുണ്ട്,

ഇപ്പോഴും എനിക്ക് ആരാണെന്ന് മനസ്സിലായില്ല,

ഞാനും ഇയാളുടെ ഒരു സഹായം വർഷങ്ങൾക്ക് മുൻപ് ഏറ്റു വാങ്ങിയ ഒരാൾ ആണ്, അന്ന് ആ സഹായം കിട്ടിയത് കൊണ്ട് ഇന്ന് ഞാൻ എല്ലാവരുടെയും മിർസ ടീച്ചർ ആയി, അല്ലെങ്കിൽ ചിലപ്പോൾ സാധാരണ വീട്ടമ്മ ആയി പോകുമായിരുന്നു, ആ മിർസയെ മിർസ ടീച്ചർ ആക്കിയത് തനുവിന്റെ നല്ല മനസ്സാണ്..

ടീച്ചർക്ക്‌ ആളു മാറിയെന്ന തോന്നുന്നേ, ഞാൻ അങ്ങനെ ടീച്ചർ ആയി ജോലി വേടിച്ചു കൊടുക്കാൻ കഴിവുള്ള ആളൊന്നുമല്ല, അതൊന്നും ഞാൻ വിചാരിച്ച നടക്കില്ല ടീച്ചറെ, വല്ല കടകളിലേക്ക് ഒക്കെ ചിലപ്പോൾ ജോലി വേടിച്ചു കൊടുക്കാൻ സാധിച്ചു എന്ന് വരും, അല്ലാതെ ടീച്ചർ ആകാൻ അതൊന്നും ഞാൻ വിചാരിച്ച നടക്കില്ല, ടീച്ചർ ഉദ്ദേശിക്കുന്ന ആൾ ഞാൻ ആകില്ല,

അങ്ങനെ തീർത്തു പറയാൻ വരട്ടെ മാഷേ, മാഷിന്റെ പേര് എന്താ..?
ഇത്രയും നേരമായിട്ടും പേര് ഞാൻ ചോദിച്ചില്ല, സോറി..

എന്റെ പേര് തൻവീർ

ഞാൻ തനു എന്ന് വിളിച്ചോട്ടെ..?

ഉം,

തനു പറഞ്ഞില്ലേ തനു വിചാരിച്ചാൽ ഒന്നും ഒരു ടീച്ചർ ആയി ജോലി വേടിച്ചു കൊടുക്കാൻ കഴിയില്ല എന്ന്, തനു എന്നല്ല ഇത് പോലെ നല്ല മനസ്സുള്ളവർ ഉണ്ടായാൽ എത്ര വലിയ ജോലികളും കാര്യങ്ങളും എളുപ്പത്തിൽ ചെയ്യാൻ സാധിക്കും തനു,

എന്താ തനു അത്ഭുതത്തോടെ എന്നെ നോക്കുന്നത്, ഈ പെണ്ണ് എന്ത് പൊട്ടതരങ്ങൾ ആണ് പറയുന്നത് എന്നാണോ..? എന്നാ ഞാൻ ടീച്ചർ ആകാൻ തനു എനിക്ക് ചെയ്തു തന്ന കാര്യം പറയാം..

ഇന്നിപ്പോൾ റോഡിൽ പെൺകുട്ടികൾ വണ്ടിയിൽ ചീറി പായുന്ന സമയം ആണ്, എന്നാ ഒരുപാട് വർഷങ്ങൾക്കു മുൻപ് അധികം പെൺകുട്ടികൾ വണ്ടി ഓടിക്കാത്ത സമയം ഉണ്ടായിരുന്നു, വിരലിൽ എണ്ണാവുന്ന പെൺകുട്ടികൾ മാത്രമേ വണ്ടി ഓടിച്ചിരുന്നൊള്ളു, ആ സമയത്തു ഞാനും വേടിച്ചിരുന്നു ഒരു പഴയ വണ്ടി പഠിക്കാൻ ആയിട്ട്,

ഒരുദിവസം രാവിലെ ഏഴു മണിയൊക്കെ ആയി കാണും, ബന്ധുവിന്റെ വീട്ടീന്ന് എന്റെ വീട്ടിലേക്കു വരായിരുന്നു ഞാനും ഉമ്മയും എന്റെ മോളും കൂടി, പെട്ടന്ന് വണ്ടി നിന്നു, രാവിലെ ആയത് കൊണ്ട് ഒറ്റ ആളും പുറത്തു ഉണ്ടായിരുന്നില്ല, പിന്നെ ഒരു ഉള്ളിലോട്ടുള്ള റോഡും, ആ സമയത്തു ആണ് തനു ആ വഴി വന്നത്, കൈ നീട്ടി തനുവിന്റെ അടുത്ത് കാര്യം പറഞ്ഞപ്പോൾ വണ്ടി കിക്കെർ അടിച്ചു സ്റ്റാർട്ട്‌ ചെയ്യാൻ ഒരുപാട് നോക്കി, പറ്റാതെ കണ്ടപ്പോൾ അവസാനം തനു സ്വന്തം വണ്ടിയിൽ ഞങ്ങളെ രണ്ടു പ്രാവിശ്യം ആയി വീട്ടിൽ എത്തിച്ചു തന്നു,

എന്ത് ധൈര്യത്തിൽ ആണ് ഞാൻ അന്ന് തനുവിന്റെ കൂടെ വണ്ടിയിൽ കയറിയത് എന്ന് അറിയില്ല, പക്ഷെ മനസ്സിൽ അന്ന് ഇന്റർവ്യൂ സമയത്തു എത്താൻ സാധിക്കുമോ എന്നായിരുന്നു ചിന്ത, അത്കൊണ്ട് നന്ദി പോലും പറയാതെ അന്ന് ഞാൻ തനുവിന്റെ ബൈക്കിൽ നിന്നും ഇറങ്ങി പോയത്, അന്ന് തനു ചെയ്ത ആ സഹായം ആണ് തനു ഇന്ന് ഇവിടെ എത്തി നിൽക്കുന്ന മിർസ ടീച്ചർ, അന്ന് എനിക്ക് ഇന്റർവ്യൂന് പോകേണ്ട ദിവസം ആയിരുന്നു, തനു കൃത്യ സമയത്തു വന്നത് കൊണ്ടാണ് എനിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിച്ചത്, ഇല്ലെങ്കിൽ വലിയ നഷ്ടമായേനെ,
ഇപ്പോൾ ഓർമ്മ വന്നോ..?

ഓഹ്.. ഉണ്ട്, ഉണ്ട്, അത് ടീച്ചർ ആയിരുന്നല്ലേ..

ഉം

ഞാൻ അന്ന് രാത്രിയിൽ ഇക്ക വിളിച്ചപ്പോൾ ആണ് ഉണ്ടായ കാര്യങ്ങൾ പറഞ്ഞത്, അപ്പോൾ ഇക്ക എന്റെ അടുത്ത് ചോദിച്ചിരുന്നു, എന്താ തന്റെ പേര്, എവിടെ വീട് എന്നൊക്ക, പക്ഷെ എനിക്ക് അതിനൊന്നും ഉത്തരം ഉണ്ടായില്ല, ഒരാൾ ഇത്രയും സഹായം ചെയ്തിട്ട് പേര് പോലും ചോദിക്കാത്തതിന് കുറെ ചീത്ത പറഞ്ഞു ഇക്ക,ഞാൻ അതിനു ശേഷം ഒരുപാട് തിരഞ്ഞിരുന്നു ഈ മുഖം, എല്ലാ ആൾക്കൂട്ടത്തിലും ഞാൻ തിരയാൻ തുടങ്ങി, പക്ഷെ കണ്ട് പിടിക്കാൻ സാധിച്ചില്ല,എങ്കിലും പ്രാർത്ഥനയിൽ എന്നും ഉൾപ്പെടുത്തിയിരുന്നു, പേരും നാടും അറിയാത്ത ആ പയ്യനെ, എന്റെ സ്റ്റുഡന്റസ് ആയി വരുന്ന എല്ലാ കുട്ടികൾക്കും ഞാൻ ഈ കഥ പറഞ്ഞു പഠിപ്പിച്ചു കൊടുക്കാറുണ്ട്, ആരെയും ചെറുതായി കാണരുതെന്നും മുൻവിധി നടത്തരുത് എന്നും, നമ്മൾ എത്ര വലിയവർ ആയാലും സഹായിക്കാൻ ഉണ്ടാവുക സാധാരക്കാരായ ആൾക്കാരെ കാണു എന്നും..

അതുപോലെ എങ്ങനെ പെൺകുട്ടികളോട് പെരുമാറാമെന്നും ഈ കഥ പറയുമ്പോൾ ഞാൻ പറഞ്ഞു കൊടുക്കും, ഇന്നത്തെ വളർന്നു വരുന്ന തലമുറ ഇതൊക്ക അറിയണം തനു, അല്ലാതെ ബുക്കിൽ ഉള്ളത് മാത്രം പഠിച്ചാൽ സമൂഹത്തിൽ ജീവിക്കാൻ അറിയാതെ വരും, അന്ന് തനു എന്നെ വണ്ടിയിൽ വീട്ടിലേക്കു കൊണ്ട് വിടുമ്പോൾ തനുവിന് വേണമെങ്കിൽ എന്റെ പേരും നമ്പറും ചോദിക്കാമായിരുന്നു, അതൊന്നുമല്ലെങ്കിൽ വണ്ടിയിൽ പോകുമ്പോൾ അറിഞ്ഞോ അറിയാതെയോ എന്നെ സ്പർശിക്കാമായിരുന്നു, ഇന്ന് നടന്നു കൊണ്ടിരിക്കിന്ന കാര്യം ആയത് കൊണ്ടാണ് ഇതൊക്കെ പറഞ്ഞു കൊടുക്കുന്നത് കുട്ടികൾക്ക്, ഇന്ന് ഒറ്റ വട്ടം കണ്ടാൽ പിന്നെ നമ്പർ വേടിക്കൽ ആയി, ചാറ്റിങ് ആയി, കൊടുക്കാൻ പെൺകുട്ടികളും റെഡി ആണ് ചോദിക്കാൻ ആൺകുട്ടികളും ഒരുങ്ങി നിൽക്കുകയും ചെയ്യുന്നു, അത്കൊണ്ട് ഇന്ന്‌ നടക്കുന്ന സമൂഹത്തിലെ മോശം കാര്യങ്ങൾക്ക് രണ്ടു കൂട്ടരും പ്രതികൾ തന്നെയാണ്,എന്നാൽ അന്ന് എന്നോട് തനു കാണിച്ച ആ മാന്യത അതാണ് ഓരോരുത്തരും കാണിക്കേണ്ടത് തനു, പേര് ചോദിക്കാത്തതു അല്ലാട്ടോ..

അല്ലാതെ ഒരു പെൺകുട്ടി റോഡിൽ ഒറ്റ പെട്ടു പോയപ്പോൾ ആ കാണിച്ച പക്വത, അതാണ് തനു ആണെത്വം,ഇതെല്ലാം ഞാൻ എന്റെ എല്ലാ സ്റ്റുഡന്റ്സിനും പറഞ്ഞു കൊടുക്കുന്നത് നാളെ അവർക്ക് ഇത് പോലെ ഒരു അനുഭവം ഉണ്ടായാൽ അവർ എങ്ങനെ പെരുമാറണം എന്ന് അറിയാൻ വേണ്ടി ആണ് തനു…

അതൊന്നും അങ്ങനെ പഠിപ്പിക്കാൻ ഉള്ള കാര്യമൊന്നും അല്ല ടീച്ചറെ, അതൊക്കെ എന്തിനാ ടീച്ചർ വെറുതെ ഒർത്തിരിക്കുന്നത്, ചെറിയ കാര്യങ്ങൾ അല്ലേ ടീച്ചറെ ഇതൊക്കെ, നമുക്ക് ഉമ്മയും പെങ്ങൾമാരൊക്കെ ഉണ്ടെങ്കിൽ എല്ലാവരും ചെയ്യുന്ന കാര്യം ആണ് ഇത്, അല്ലാതെ ടീച്ചർ പറയുന്ന അത്ര വലിയ കാര്യം ഒന്നുമില്ല, ടീച്ചർ അതൊക്കെ വിട്ടേക്ക്…

ഇല്ല തനു, തനിക്കു ഒരുപാട് സഹായങ്ങൾ ചെയുന്ന കൂട്ടത്തിൽ ഇത് ഒരു ചെറിയ സഹായം മാത്രം ചെയ്തതായിരിക്കാം, പക്ഷെ അത് ലഭിക്കുന്നവർക്ക് അത് വലുത് തന്നെയാണ്, അത്കൊണ്ട് തന്നെയാണ് ഇത്രയും കാലം കഴിഞ്ഞിട്ടും എന്റെ അന്വേഷണം ഞാൻ നിർത്താതിരുന്നതും, എനിക്ക് പടച്ചോൻ തനുവിനെ കാണിച്ചു തന്നതും, ഇന്ന്‌ കുട്ടികൾ എന്നെ ടീച്ചറെ എന്ന് വിളിക്കുമ്പോൾ അതിന്റെ കടപ്പാട് അത് മുഴുവൻ തനുവിനാണ്,

ടീച്ചർ അങ്ങനെ ഒന്നും പറയല്ലേ, ഞാൻ അറിയാതെ ഒരു നിമിത്തം ആയി എന്ന് മാത്രമേ ഒള്ളൂ, ബാക്കി എല്ലാം പടച്ചോന്റെ തീരുമാനങ്ങൾ ആണ്,

എന്തായാലും പടച്ചോൻ തനുവിനെ എനിക്ക് വീണ്ടും കാണിച്ചു തന്നല്ലോ, ഇന്ന് എന്തായാലും തനു വീട്ടിലേക്കു വായോ, ഉച്ചക്ക് ഞാൻ വീട്ടിൽ ഭക്ഷണം ഒരുക്കാം, വീട്ടിൽ എല്ലാവർക്കും കാണിച്ചു കൊടുതിട്ടു ഉറക്കെ വിളിച്ചു പറയണം എനിക്ക്, ഈ തനുവിന്റെ കനിവാണ് മിർസ ടീച്ചർ എന്ന്..

അതൊന്നും വേണ്ട ടീച്ചറെ, എനിക്ക് കുറച്ചു തിരക്കുണ്ട്, ഞാൻ വേറെ തിരക്കിൽ ആണ് അത് കഴിയാതെ ഞാൻ ഫ്രീ ആകില്ല, ഞാൻ ഒരാളെ കാണാൻ വന്നതാണ് ഇപ്പോൾ, പക്ഷെ അയാൾ അവടെ ഇല്ല, കുറച്ചു നേരം കഴിഞ്ഞാൽ വരുമെന്ന് പറഞ്ഞിട്ടുണ്ട്, ഞാൻ അതുകൊണ്ടാ ഇവിടെ ഇരിക്കുന്നത്, ടീച്ചർ പൊക്കോ, എന്റെ തിരക്കൊക്കെ കഴിഞ്ഞിട്ട് ഇത് പോലെ പടച്ചോൻ നമ്മളെ കൂട്ടിമുട്ടിക്കും എവിടെയെങ്കിലും വെച്ച് അപ്പോൾ കാണാം ടീച്ചറെ,

അത് വേണ്ട, ആദ്യം നമ്പർ തായോ, ഇല്ലെങ്കിൽ ഇന്ന്‌ കണ്ടിട്ടും നമ്പർ വേടിച്ചില്ലെങ്കിൽ ഇക്ക എന്നെ ചീത്ത പറയും,ഇവിടെ വെയിൽ അല്ലേ അയാൾ വരുമ്പോൾ വിളിക്കാൻ പറയ്, എന്നിട്ട് ഞങ്ങളുടെ വീട്ടിൽ കുറച്ചു നേരം വന്നിരുന്നൂടെ തനു…?

ഹേയ്, അതൊന്നും ശരിയാകില്ല ടീച്ചർ, അയാളൊക്കെ തിരക്കുള്ള ആളാണ്, വരുമ്പോൾ തന്നെ കണ്ടാലേ കാര്യങ്ങൾ പറയാൻ പറ്റുള്ളൂ, ഇല്ലെങ്കിൽ പിന്നെ ഞാൻ വരുമ്പോഴേക്കും അയാൾ പോയാലോ, വന്ന കാര്യം നടക്കില്ല, ടീച്ചർ പൊക്കോ, തിരക്ക് കഴിഞ്ഞിട്ട് ഞാൻ വരാം..

ഞാൻ പോകാം പക്ഷെ എന്താ അയാളെ കണ്ടിട്ട് കാര്യം..?

അത് ചെറിയ ഒരു സഹായത്തിനു ആണ് ടീച്ചറെ, അത് കൊണ്ടാണ് ഞാൻ ടീച്ചർ പൊക്കോ എന്ന് പറഞ്ഞത്, ഞാൻ ഫ്രീ ആയിട്ട് വരാം..

എന്നോട് പറയാൻ പാടില്ലാത്ത എന്തെങ്കിലും സഹായം ആണോ..?

ഹേയ്, അല്ല, അല്ല,
ഇതൊരു കുട്ടിയുടെ കല്യാണത്തിന് സ്വർണം വേടിക്കാൻ ആണ്, കുട്ടിക്ക് പറയാൻ മാത്രം ബന്ധുക്കൾ ഒന്നുമില്ല, നല്ല സ്വഭാവം ഉള്ള മോളാണ്, നാട്ടുകാർ എല്ലാവരും ഒരുമിച്ചു നിന്നാണ് കല്യാണം നടത്തുന്നത്, എന്ന് വെച്ച് ഒന്നും കൊടുക്കാതിരിക്കാൻ കഴിയില്ലല്ലോ ടീച്ചറെ, ആ കുട്ടിനെ സന്തോഷത്തോടെ ഇറക്കി കൊടുക്കേണ്ടേ, ഇവിടെ ഉള്ള ചേട്ടൻ അഞ്ചു പവന്റെ സ്വർണത്തിനുള്ള രൂപ തരാന്ന് പറഞ്ഞിട്ടുണ്ട്, അതാ ഞാൻ ഇവിടെ കാത്തു നിൽക്കുന്നത്, ആളു വന്നു പോയി കഴിഞ്ഞ ചിലപ്പോൾ കിട്ടിയില്ലെങ്കിലോ, അവരൊക്കെ ഒരുപാട് തിരക്കുള്ളവർ അല്ലേ,

തനു നിന്നോട് എനിക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല, പക്ഷെ ഒന്നറിയാം നീ നേരത്തെ പറഞ്ഞില്ലേ നീ നിമിത്തം ആയത് ആണെന്ന്, അതൊന്നും വലിയ കാര്യമായി ആരോടും പറയണ്ട എന്ന്, ഇത്രയും വലിയ വലിയ കാര്യങ്ങൾ ചെയുന്ന നിനക്ക് അതൊക്കെ ചെറുത് തന്നെയാണ് തനു.. നീ പടച്ചോന്റെ നിമിത്തം തന്നെയാണ്, ആ പടച്ചോന്റെ അനുഗ്രഹം നിനക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകും തനു, നിന്റെ ഉമ്മക്കും വാപ്പാക്കും കിട്ടിയ വലിയ അനുഗ്രഹം ആണ് തനു നീ..എനിക്ക് ഇനി പറയാൻ വാക്കുകൾ ഇല്ല, ഇനിയും നീ ചെയ്യുന്ന കാര്യങ്ങൾ കേട്ടാൽ ചിലപ്പോൾ എനിക്ക് കണ്ണുനീർ തുള്ളികൾ പോരാതെ വരും, സന്തോഷം കൊണ്ട് ആണ്, നീ ചെയ്യുന്ന കാര്യങ്ങൾ കണ്ടിട്ട്, ആനന്ദ കണ്ണീർ വന്നു നിറയാണ് തനു.. അത്കൊണ്ട് ഞാൻ പോകാണ്,

പിന്നെ നീ പറഞ്ഞില്ലേ ഇവിടുത്തെ ആളു വരുന്നത് വരെയും കാത്തു നിൽക്കണം, ഇപ്പോൾ കണ്ടില്ലെങ്കിൽ തിരക്ക് കാരണം ഇനി ആ രൂപ കിട്ടില്ലെങ്കിലോ എന്ന്, തനു നീ നിനക്ക് വേണ്ടി അല്ല ഈ വെയിലും കൊണ്ട് ഇവിടെ നിൽക്കുന്നത്, അത് നിന്റെ നല്ല മനസ്സ് മാത്രം ആണ്, അത്കൊണ്ട് ഇനി നീ ആരുടെയും വീടിനു മുൻപിൽ ഇത് പോലെ വെയിലും മഴയും കൊണ്ട് നിൽക്കണ്ട, അത്യാവശ്യം കുറച്ച് സഹായം ചെയ്യാൻ എനിക്കും പറ്റും എന്റെ ഇക്കാക്കും ദുബായിൽ ചെറിയ ബിസിനസ്‌ തന്നെയാണ്, അത്യാവശ്യം അല്ല അങ്ങനെ പറഞ്ഞാൽ അത് പടച്ചോൻ പൊറുക്കില്ല, ഇപ്പോൾ നല്ല വരുമാനം ഉള്ള കമ്പനികളുടെ ഉടമയാണ് എന്റെ ഇക്ക, അത്കൊണ്ട് ഇനി ആരുടെയും ഗേറ്റിനു മുൻപിൽ വെയിലും മഴയും കൊള്ളാനായി നീ നിൽക്കണ്ട, എന്ത് കാര്യത്തിനും തനു നിനക്ക് എന്നെ വിളിക്കാം, പിന്നെ ഇവിടുത്തെ കഴിഞ്ഞാൽ നേരെ വീട്ടിലേക്കു വായോ, ഇക്കാട് പറഞ്ഞു ഞാൻ ചെക്ക് എഴുതി തരാം, തനു നീ പറഞ്ഞത് പോലെ ആ മോളേ നമുക്ക് സന്തോഷത്തോടെ തന്നെ പറഞ്ഞു വിടാം..

നന്ദി ടീച്ചറെ, ആ നല്ല മനസ്സിന്,

നന്ദിയോ, എന്നോടോ, നിന്നോട് അല്ലേ തനു ഞാൻ ഉൾപ്പെടെ എല്ലാവരും നന്ദി പറയേണ്ടത്, നിങ്ങളെ പോലെ കുറച്ചു പേര് ഒഴിച്ചാൽ വേറെ ആരാടാ ഇങ്ങനെ ഒക്കെ ചെയ്യുന്നേ, നിന്നോട് ആണ് തനു ഞങ്ങൾ നന്ദി പറയേണ്ടത്,

എന്റെ അടുത്ത് പറയണ്ട ടീച്ചറെ, പടച്ചോനോട് പറഞ്ഞാൽ മതി, നന്ദി,

നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടുന്നതിന് ഒരു പരിധി ഉണ്ട് ടീച്ചറെ, പക്ഷെ ഇത് പോലുള്ള മക്കളുടെ ആ പുഞ്ചിരി കാണുമ്പോൾ എങ്ങനെ വെറുതെ ഇരിക്കുന്നെ, നമ്മളെ കൊണ്ട് സാധിക്കുന്ന രീതിയിൽ നമ്മൾ പറഞ്ഞാൽ രൂപ തരുന്നവരുമായി ബന്ധപ്പെട്ടു നമ്മൾ നാട്ടുകാർ എല്ലാവരും കൂടെ സന്തോഷത്തോടെ ചെയ്തു കൊടുക്കും, അത് തന്നെയാണ് ടീച്ചറെ ഞങ്ങളുടെ സന്തോഷം.. എന്തായാലും ടീച്ചറും അതിന്റ കൂടെ കൂടിയതിനു വലിയ സന്തോഷം…

ഈ ലോകത്തിലെ വേറെ ഏതെങ്കിലും ടീച്ചർക്ക് ഇങ്ങനെ ഒരു അനിയൻ ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല, പക്ഷെ എനിക്ക് ഉണ്ട് ഒരു അനിയൻ,തനു എന്ന തൻവീർ, ഞാൻ ഇനി ഉറക്കെ വിളിച്ചു പറയും ഈ കാണുന്ന തനുവിന്റെ കനിവാണ് എന്റെ ഈ ടീച്ചർ പദവി എന്ന്.. അന്ന് തനു വന്നില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ചിലപ്പോൾ വെറും മിർസ മാത്രം ആയി വീട്ടിൽ ഇരുന്നേനെ, പടച്ചോൻ നിമിത്തം പോലെ തനുവിനെ വിട്ടത് കൊണ്ട് തനു കനിവ് കാണിച്ചത് കൊണ്ടും മിർസ ഇന്ന്‌ മിർസ ടീച്ചർ ആയെന്നു…

ഒന്നും പറയാതെ ഒരു ചെറു പുഞ്ചിരിയോടെ തനു നിന്നു, മനസ്സിൽ ഒരുപാട് സന്തോഷത്തോടെ..

ഇനിയും ലോകത്ത് ഒരുപാട് തനുമാർ ജനിച്ചു ജീവിക്കട്ടെ…

A story by:- Afsal Madathiparambil

LEAVE A REPLY

Please enter your comment!
Please enter your name here