Home Short story ആ സ്നേഹം എനിക്കൊരു വീർപ്പുമുട്ടൽ ആയി തോന്നിയത് അന്നൊരു രാത്രിയിലെ ഫോൺ വിളിക്ക്…

ആ സ്നേഹം എനിക്കൊരു വീർപ്പുമുട്ടൽ ആയി തോന്നിയത് അന്നൊരു രാത്രിയിലെ ഫോൺ വിളിക്ക്…

0

തീരുമാനം

രചന : Remya Padmakumar Panicker

കൂടെ പിറന്ന ഏട്ടനാണെങ്കിലും അനിയൻ ആണെങ്കിലും നിന്റെ വിരൽ തുമ്പിൽ പോലും മറ്റൊരുത്തൻ തൊടുന്നത് എനിക്ക് ഇഷ്ടം അല്ല..എനിക്ക് പറയാനുള്ളത് എന്താണെന്നു പോലും കേൾക്കാതെ മനുഏട്ടൻ ഫോൺ കട്ട്‌ ചെയ്യുമ്പോൾ എന്നെത്തെയും പോലെ അന്നും എന്റെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു…

ഫോൺ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു കമിഴ്ന്നു കിടന്ന് കരയുമ്പോൾ മനുവേട്ടന്റെ വാക്കുകൾ തന്നെ ആണ് ഉള്ളിലിരുന്നു വിങ്ങിയത്…

പെണ്ണുകാണാൻ വന്ന അന്ന് തന്നെ മറ്റെന്തും ചോദിക്കുന്നതിന് മുൻപ് എന്നോട് ചോതിച്ചത് തനിക്ക് നിലവിൽ പ്രണയം ഉണ്ടോ പണ്ട് പ്രണയം ഉണ്ടായിരുന്നോ എന്നാണ്..

ഒന്ന് ചിരിച്ചിട്ട് എനിക്ക് പ്രണയങ്ങൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായില്ല എന്ന് പറയുമ്പോൾ മനുവേട്ടന്റെ അടുത്ത ചോദ്യം എനിക്ക് നേരെ വന്നിരുന്നു…

ഗീതികയുടെ കൂടെ ബോയ്സ് പടിക്കുന്നുണ്ടോ ഉണ്ടെങ്കിൽ അവരുമായി എങ്ങിനെയാ ഭയങ്കര ഇന്റിമസി ആണൊ…

ഞാൻ ഒരു നഴ്സിംഗ് സ്റ്റുഡന്റ് അല്ലേ… അതുകൊണ്ടു തന്നെ വളരെ കുറച്ച് ബോയ്സ് ഉള്ളു ക്ലാസ്സിൽ അവരൊക്കെ സഹോദര തുല്യം ആണ് ഞാൻ കാണുന്നത് എന്ന് പറയുമ്പോളും
മനുവേട്ടന്റെ കണ്ണുകളിൽ വീണ്ടും ചോദ്യങ്ങൾ ഉടലെടുത്തിരുന്നു….

ഹോസ്പിറ്റലിൽ വരുന്ന ക്ലൈന്റ്‌സ് അവരിലാരെങ്കിലും പ്രൊപോസൽ ആയി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് പറയുമ്പോളും മനുവേട്ടനിൽ എന്തൊക്കയോ അസ്വസ്ഥതകൾ പ്രകടം ആയിരുന്നു….

ഇനിയും എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ എന്ന ഭാവത്തിൽ ഞാൻ നോക്കുമ്പോൾ എനിക്ക് തന്നെ ഇഷ്ടമായി… ബാക്കി കാര്യങ്ങൾ വീട്ടുകാർ തീരുമാനിക്കട്ടെ അല്ലേ എന്ന് പറഞ്ഞു മനുവേട്ടൻ എഴുനേറ്റു നടന്നു…

അതേ… എനിക്കൊരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞു ഒരു പിൻവിളിയോടെ ഞാൻ വിളിക്കുമ്പോൾ
എന്താ…പറഞ്ഞോളൂ എന്ന് പറഞ്ഞ മനുവേട്ടനോട് ഒന്നേ പറഞ്ഞുള്ളു…
എനിക്ക് വീണ്ടും പഠിക്കണം എന്നുണ്ട്..

അതിലെന്ത തനിക്കു ഇഷ്ടം ഉള്ള അത്രയും പഠിക്കാമല്ലോ എന്ന മനുവേട്ടന്റെ വാക്കുകൾ മാത്രം മതിയായിരുന്നു ഈ വിവാഹത്തിന് ഹൃദയം നിറഞ്ഞുള്ള സമ്മതത്തിന്…

വിവാഹം ഉറപ്പിച്ചു കഴിഞ്ഞു മനുവേട്ടന്റെ ഫോൺ വിളികൾ എന്നിലും പ്രണയത്തിന്റെ വിത്തുകൾ പാകിയിരുന്നു…

കൂടുതൽ അടുക്കും തോറും മനുവേട്ടൻ എന്നെ സ്നേഹിച്ചു കൊണ്ടേ ഇരുന്നു..
ആ സ്നേഹം എനിക്കൊരു വീർപ്പുമുട്ടൽ ആയി തോന്നിയത് അന്നൊരു
രാത്രിയിലെ ഫോൺ വിളിക്ക് തടസ്സം ആയി അമ്മ എന്നെ ചോറ് കഴിക്കാൻ വിളിച്ചപ്പോൾ ആയിരുന്നു…

മനുവേട്ടാ അമ്മ.. ഭക്ഷണം കഴിക്കാൻ വിളിക്കുന്നു പിന്നെ വിളിക്കാം ട്ടോ എന്ന് പറഞ്ഞു ഫോൺ കട്ട്‌ ആക്കി കഴിക്കാൻ പോയി വരുമ്പോൾ ഫോണിൽ കണ്ട മുപ്പത് മിസ്സ്ഡ് കാളുകൾ കണ്ട് അമ്പരപ്പോടെ തിരികെ വിളിച്ച എന്റെ ചെവി പൊട്ടും പോലെ കേട്ട ചീത്തയും വഴക്കുപറച്ചിലിനും ഒടുവിൽ..

ഞാൻ പറയുന്നത് അനുസരിച്ചിട്ട് മതി അച്ഛനും അമ്മയും പറയുന്നത് എന്നാ വാക്കുകൾക്ക്
ആ രാത്രി മുഴുവൻ കരഞ്ഞു തീർക്കാൻ ഉള്ള ശക്തി ഉണ്ടായിരുന്നു….

പിന്നീടൊരിക്കൽ എന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു ലാൻഡ്‌ഫോണിലേക്ക് വിളിച്ച മനുവേട്ടന്റെ കാൾ ഞാൻ അറ്റൻഡ് ചെയ്തതും എന്റെ വാക്കുകളെ മുറിച്ചുകൊണ്ട് മനുവേട്ടൻ ചോദിച്ചത്…

മൊബൈലും സ്വിച്ച് ഓഫ്‌ ചെയ്തു വെച്ച് ഏതവന്റെ കോളിന് വേണ്ടിയാടി ലാൻഡ് ഫോണിന്റെ കീഴിൽ വന്നിരിക്കുന്നത് എന്നാണ്…

ഫോണിലെ ചാർജ് തീർന്നു ചാർജിൽ ഇട്ടേക്കുവാണ് ന്റെ ഫോൺ എന്നു പറഞ്ഞു തീരും മുൻപ് ഒരു
പൊട്ടിത്തെറിയോട് കൂടി കാൾ കട്ട്‌ ആയിരുന്നു…

അന്ന് ആദ്യമായി ഈ വിവാഹത്തെ കുറിച്ച് ഒന്നുകൂടി ചിന്തിക്കണം അമ്മ… എന്ന് ഞാൻ പറയുമ്പോൾ അമ്മ പറഞ്ഞത് അവനെ പോലൊരു ചെക്കനെ കിട്ടാൻ തപസ്സിരിക്കണം എന്നാണ്… നീ കുറച്ചു കൂടെ പൊരുത്തപ്പെടണം ഗീതു എന്ന് അമ്മ പറയുമ്പോൾ ഞാൻ വീണ്ടും മനസ്സിനെ പാകപ്പെടുത്തിയിരുന്നു..
പക്ഷേ ഇന്ന്..

എന്റെ ഏട്ടന്റെ കൂടെ ബൈക്കിൽ ടൗണിൽ പോയതിനാണ് മനുവേട്ടൻ ഇത്രയൊക്കെ പറഞ്ഞത് എന്നോർത്തപ്പോൾ ചങ്ക് പിടഞ്ഞതിലും ഉപരി ഉറച്ചൊരു തീരുമാനത്തോടെ ആണ് ഞാൻ ഇന്നത്തെ പുലരിയെ വരവേറ്റത്…

ഏട്ടനോടും അച്ഛനോടും ഇതുവരെ നടന്നെതെല്ലാം പറഞ്ഞു മനുവേട്ടന്റെ നമ്പറിലേക്ക് എന്റെ അവസാന കാൾ പോകുമ്പോൾ എന്നിലെ ശെരിയെ ഞാൻ തിരിച്ചറിഞ്ഞിരുന്നു…

വെറുതെ രാവിലേ വിളിച്ചു നിന്റെ അഴിഞ്ഞാട്ടത്തെ പറ്റി കുമ്പസാരിക്കണ്ട എന്നയാൾ പറഞ്ഞു തുടങ്ങുമ്പോൾ

നിർത്തണം മിസ്റ്റർ.. നിങ്ങൾ എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് ശബ്ദിച്ചാൽ മതി എന്ന് ഞാൻ പറയുമ്പോൾ അയാളുടെ സ്വരവും ഒന്ന് ഇടറിയിരുന്നു…
തന്റെ വീട്ടിലെ ജോലിക്കാരിയും അടിമയും ആകാൻ ഒരുപക്ഷെ ഞാൻ തയ്യാർ ആയേനെ പക്ഷേ എന്റെ കുടുംബത്തിൽ നിന്ന് എന്നെ അകറ്റാനും ബന്ധങ്ങൾക്ക് വില താരനും അറിയാത്ത തന്നെ പോലൊരു വിഴുപ്പ് കെട്ട് ചുമക്കാൻ മാത്രം ഗീതിക അധഃപ്പതിച്ചിട്ടില്ല എന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്യുമ്പോൾ എന്നിലേക്ക് നഷ്ടപെട്ട എന്തൊക്കെയോ ഊർജം ഉടലെടുത്തിരുന്നു…

അയാളുടെ നമ്പർ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുമ്പോൾ അയാളെ എന്റെ മനസിൽ നിന്നും പുറംതള്ളിയിരുന്നു….

A story by രച്ചൂസ് പപ്പൻ
.

LEAVE A REPLY

Please enter your comment!
Please enter your name here