Home Latest എന്റെ കുഞ്ഞേ ഒന്നുകില്‍ നീ ഇങ്ങോട്ട് വാ അല്ലെങ്കില്‍ സമയം ആവണവരെ വയറ്റില്‍ ഒന്ന് അടങ്ങികിടക്ക്….

എന്റെ കുഞ്ഞേ ഒന്നുകില്‍ നീ ഇങ്ങോട്ട് വാ അല്ലെങ്കില്‍ സമയം ആവണവരെ വയറ്റില്‍ ഒന്ന് അടങ്ങികിടക്ക്….

0

സുഖപ്രസവം

ഒൻപതാം മാസത്തെ സ്കാനിംഗ് കഴിഞ്ഞു വലിയൊരു കലം കമത്തിയപോലുള്ള വയറുമായി ഡോക്ടര്‍ പറഞ്ഞ പ്രസവതീയതിയും പ്രതീക്ഷിച്ച് ഇരിക്കുന്ന സമയം. ആദ്യത്തെ പ്രസവം പറഞ്ഞ ദിവസത്തെക്കാൾ മുന്നേ നടന്ന ചരിത്രം ഉള്ളതുകൊണ്ട് ഹോസ്പിറ്റലില്‍ പോകാന് ഉള്ള ബാഗും തയ്യാറാക്കി വേദന വരുന്നതും കാത്തിരുന്നു

ആദ്യത്തെ തവണ പോലെ തന്നെ പറഞ്ഞ തീയതിയക്ക് രണ്ടാഴ്ച മുന്നേ തന്നെ രാത്രിയില്‍ ദേ വരണു ചെറിയ വേദന.. ഇത് പ്രസവ വേദന തന്നെ മനസ്സില്‍ ഉറപ്പിച്ചു ഉറങ്ങി കിടന്ന വിനുവേട്ടനെ വിളിച്ചുണർത്തി സകല തയ്യാറെടുപ്പുമായി ഹോസ്പിറ്റലിലേക്ക് .അവിടെ ചെന്ന പാടെ അവരുപിടിച്ച് ലേബർ റൂമിലുമാക്കി .അപ്പുറത്തും ഇപ്പുറത്തും വേദന കൊണ്ട് പുളയുന്നവരെ മാറിമാറി നോക്കി ഞാന്‍ അങ്ങനെ വേദന കൂടുന്നതും കാത്ത് കിടന്നത് മിച്ചം ..

രാവിലെ ഡോക്ടര്‍ വന്ന് പരിശോധിച്ചു പറഞ്ഞ തീയതി ആയില്ലല്ലോ അമ്മു ….ചെറിയ വേദന അല്ലേ ഉള്ളൂ വീട്ടില്‍ പോയിട്ട് നല്ല വേദന വരുമ്പോള്‍ വന്നാല്‍ മതി അഥവാ വേദന കൂടിയില്ലെങ്കിൽ പറഞ്ഞ തീയതി രാവിലെ വന്നു അഡ്മിറ്റ് ആകുവാനുള്ള ഉപദേശവും തന്ന് ഡിസ്ചാർജ്ജുമെഴുതി ഒരൊറ്റ പോക്ക്…

രാത്രി മുതൽ കുഞ്ഞിനെ ഏറ്റുവാങ്ങാൻ ഉറക്കം കളഞ്ഞിരുന്നവരുടെ മുന്നിലേക്ക് കലം കമത്തിയ പോലെത്തെ വയറും താങ്ങിപിടിച്ച് വളിച്ച ഒരു ചിരിയുമായി ലേബർ റൂമിൽ നിന്നും ഇറങ്ങിവന്നു പോകാം എന്ന് പറഞ്ഞതും അവര് അമ്പരന്നു നോക്കി . അങ്ങനെ ബാഗും സാമഗ്രികളുമായി വീട്ടില്‍ തിരികെ എത്തി വേദന കൂടുന്നതും പ്രതീക്ഷിച്ച് ഇരിപ്പായി…

അമ്മുവേ… ഇപ്പോള്‍ വേദന എങ്ങനെയുണ്ട് കൂടുന്നുണ്ടോ എന്ന ഇടയ്ക്കിടെ ഉള്ള വീട്ടുകാരുടെ ചോദ്യം കേട്ട് ആഹാ ഇവർക്ക് ഇത്ര സ്നേഹമോ എന്നോട് എന്നോര്‍ത്ത് സന്തോഷിച്ചിരിക്കുമ്പോൾ ആണ് വിനുവേട്ടന്റെ അമ്മയുടെ കലണ്ടര്‍ നോട്ടവും അതിന്റെ കൂടെയൊരു കൂട്ടിചേർക്കലും ഇന്നത്തെ നാള് കൊള്ളില്ല നാളെ നല്ല നാള്‍ ആണ് നാളെ മതിയായിരുന്നു ….ആഹാ അപ്പോള്‍ അതാണ് അല്ലേ കാര്യം .പിറക്കാൻ പോകുന്ന കുഞ്ഞിന്റെ നാള് എന്താവും എന്ന ചിന്തയാണ് ചോദ്യത്തിന്റെ ഉറവിടം

ഇടയ്ക്കിടെ വരുന്ന വേദനയും ഞാന്‍ വരാന്‍ പോണു എന്ന് പറയും പോലെ ഉള്ളില്‍ കിടന്ന് ചവിട്ടിതെള്ളും വിനുവേട്ടന്റെ അമ്മയുടെ നാളുനോട്ടവുമായി ദിവസങ്ങള്‍ കടന്നുപോയി ..ഞാൻ സ്വയം ചോദിച്ചു അല്ല ഇതിപ്പോ നാള് നോക്കി പ്രസവിക്കാൻ ഒക്കുമോ..എന്റെ കുഞ്ഞേ ഒന്നുകില്‍ നീ ഇങ്ങോട്ട് വാ അല്ലെങ്കില്‍ സമയം ആവണവരെ വയറ്റില്‍ ഒന്ന് അടങ്ങികിടക്ക്…. ഞാന്‍ അങ്ങനെ ആത്മഗതവുമായി എങ്ങനെ എങ്കിലും ഒന്നു പ്രസവിച്ചാമതി എന്ന അവസ്ഥയിലായി

അങ്ങനെ രണ്ടാഴ്ച കടന്നു പോയി ഡോക്ടര്‍ പറഞ്ഞ തീയതിയുടെ തലേദിവസമെത്തി … എനിക്ക്‌ എന്തെന്ന് ഇല്ലാത്ത സമാധാനം ഇന്നത്തോടെ ഈ കാത്തിരിപ്പ് അവസാനിക്കൂല്ലോ നാളെ രാവിലെ ഹോസ്പിറ്റലില്‍ പോകാലോ എന്ന് കരുതി സന്തോഷത്തോടെ ഇരിക്കുമ്പോള്‍ ദേ വീട്ടില്‍ ചർച്ച … ചർച്ച ഹോസ്പിറ്റലില്‍ പോക്ക് തന്നെ
നാളത്തെ ബന്ധുവിന്റെ കല്ല്യാണവും എന്റെ ഹോസ്പിറ്റലില്‍ പോക്കും എങ്ങനെ ഒരുമിച്ച് കൊണ്ടു പോകും എന്നതാണ് ചർച്ചാവിഷയം .അവസാനം കല്ല്യാണം കഴിഞ്ഞ് വൈകീട്ട് ഹോസ്പിറ്റലില്‍ പോകാമെന്ന തീരുമാനവുമായി..

ശെടാ ഇത്രയും ദിവസം നാള് നോട്ടംആയിരുന്നു അതുകഴിഞ്ഞപ്പോൾ ദേ കല്ല്യാണം …എങ്കിൽ പിന്നെ എല്ലാവരും കല്ല്യാണത്തിന് പോകുന്നത് ഒന്നു കാണണമല്ലോ…എങ്ങനെ എല്ലാവര്‍ക്കും ഇട്ട് പണി കൊടുക്കാം എന്ന ചിന്തയിലായി ഞാൻ.. ഒന്നും കിട്ടാതെ രാത്രി ഉറങ്ങാന്‍ കിടന്നപ്പോൾ ആണ് മനസ്സിലൊരു ലഡു പൊട്ടിയത് . എന്തായാലും നാളെ ഹോസ്പിറ്റലില്‍ പോണം എങ്കില്‍ പിന്നെ രാത്രി തന്നെ പോയാലോ….

വിനുവേട്ടനാണെങ്കിൽ നല്ല ഉറക്കം . തട്ടിയുണർത്തി കാര്യം പറഞ്ഞു .എനിക്ക് നല്ല വേദന തോന്നുന്നു ഹോസ്പിറ്റലില്‍ പോകണം.. വിനുവേട്ടൻ അമ്മയെ വിളിച്ചു ഉറങ്ങി കിടന്ന കുഞ്ഞിനെയും എടുത്തു ഹോസ്പിറ്റലില്‍ പോകാനിറങ്ങിയപ്പോൾ അമ്മു…നിന്റെ വീട്ടില്‍ കൂടി വിളിച്ചു പറയാന്‍ പറഞ്ഞു ..അങ്ങനെ എന്റെ വീട്ടിലേക്കും വിളിച്ച് വണ്ടിയില്‍ കയറുമ്പോൾ എല്ലാവര്‍ക്കും ഒരു പണികൊടുത്ത സന്തോഷം എന്റെ മുഖത്ത് തെളിഞ്ഞു

ഹോസ്പിറ്റലില്‍ ചെന്ന് ലേബർ റൂമില്‍ കിടക്കുമ്പോള്‍ പുറത്ത് കല്ല്യാണത്തിന് പോകാന്‍ ഇരുന്നവര് പ്രസവത്തിനായി കാത്തിരിക്കുന്നത് ഓർത്ത് ചെറിയ ചിരിയൊക്കെ വന്നെങ്കിലും അപ്പുറത്തും ഇപ്പുറത്തും കിടക്കുന്നവരുടെ കരച്ചിൽ കേട്ടിട്ടോ ആണോ എന്ന് അറിയില്ല എനിക്കും ചെറിയ വേദനയൊക്കെ തോന്നി തുടങ്ങി ….. ഡോക്ടര്‍ വന്നു പരിശോധിച്ച് തീയതി ആയല്ലോ …അമ്മുവിന് വേദന കൂടാൻ ഇൻഞ്ചക്ഷൻ കൊടുക്കൂ എന്ന് നേഴ്സിനോടു പറഞ്ഞിട്ട് പോയി ..

പയ്യേ ചിരിമാഞ്ഞു കടുത്ത വേദനതുടങ്ങി.. അങ്ങനെ പറഞ്ഞ ദിവസം തികച്ചേ വരൂ എന്ന വാശി ഉണ്ടായിരുന്നു എന്ന പോലെ അവന് പറഞ്ഞദിവസം തന്നെ ജനിച്ചു…പ്രസവം കഴിഞ്ഞ് റൂമിലേക്ക് എത്തി കുട്ടിയെ മാറോട് ചേർത്തു കിടത്തുമ്പോൾ നാള് നോട്ടക്കാരെയും കല്ല്യാണപോക്കുകാരെയും ഒരു രാത്രിയും പകലും ഹോസ്പിറ്റലില്‍ കാത്തിരുത്തി ബുദ്ധിമുട്ടിച്ചത് ഓർത്ത് എനിക്ക്‌ തെല്ലും കുറ്റബോധം തോന്നിയില്ല ……

ഏതൊരു അമ്മയും കുട്ടി ഇന്ന നാളില്‍ ജനിക്കണം എന്നല്ല…. ആണായാലും പെണ്ണായാലും ആപത്ത് ഒന്നും ഇല്ലാതെ കിട്ടണമെന്ന പ്രാര്‍ത്ഥനയോടെയാണ് പിഞ്ചോമനയുടെ വരവിനായ് കാത്തിരിക്കുന്നത് … അതാണ് അമ്മ മനസ്സ് ……

സമർപ്പണം : നാള് നോക്കി പ്രസവം കാത്തിരിക്കുന്നവർക്കും…നല്ല നാളില്‍ കുട്ടി ജനിക്കാൻ സിസേറിയൻ വരെ നടത്താന്‍ തയ്യാറാവുന്നവർക്കും വേണ്ടി .

പൗർണ്ണമി ജോ

LEAVE A REPLY

Please enter your comment!
Please enter your name here