Home Latest ഡാ… മനൂ നിനക്കറിയോ? അവളൊരു വിധവയാണത്രെ!

ഡാ… മനൂ നിനക്കറിയോ? അവളൊരു വിധവയാണത്രെ!

0

ഡാ… മനൂ നിനക്കറിയോ…? അവളൊരു വിധവയാണത്രെ….

ആര്….. ?

അവളില്ലെ,….. നിന്റെ മാളു… അവൾ തന്നെ…

ഹരിയുടെ വാക്കുകൾ നെഞ്ചിൽ ഒരു സ്ഫോടനം തന്നെ ഉണ്ടാക്കിയെങ്കിലും അതൊന്നും പുറത്തു കാട്ടാതെ ഞാൻ ചിരിച്ചു.
അതിനെന്താ അതിത്ര വല്യ കാര്യാണോ… ?

നിനക്കത് കാര്യമല്ലായിരിക്കാം…
പക്ഷെ നിന്റമ്മയും ബന്ധുക്കളും സമ്മതിക്കോ ഈ ബന്ധത്തിന് ?

നമുക്ക് നോക്കാടാ… ആദ്യം അവൾ സമ്മതിക്കട്ടെ, പിന്നല്ലേ വീട്ടുകാരുടെ സമ്മതം.

മാളുവും കുടുംബവും തൊട്ടടുത്ത് താമസമാക്കിയിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു അന്ന് മുതൽ അവളെന്റെ മനസ്സിൽ ഉണ്ട്.

മിക്കവാറും വൈകുന്നേരങ്ങളിൽ ഉപയോഗ ശൂന്യമായ അമ്പല കുളത്തിന്റെ പടവുകളിൽ തനിച്ചിരിക്കുന്ന അവളെ കാണാം. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം.
ഒറ്റനോട്ടത്തിൽ അറിയാം വെറും പാവം.
പക്ഷെ അവളൊരു വിധവയാണെന്ന് ഇതുവരെ അറിഞ്ഞിരുന്നില്ല.
ഇവനിതെങ്ങനെ അറിഞ്ഞോ ആവോ…?

ഉള്ളിലെ ഇഷ്ടം മുന്നിൽ ചെന്ന് നിന്നു ഒരിക്കൽ തുറന്നു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു തരം പുച്ഛമായിരുന്നു.
ഒന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു
അവളുടെ ആ പ്രതികരണം എനിക്കെന്തോ അത്ര രസിച്ചില്ല. പിറ്റേന്ന് നേരിൽ കണ്ടപ്പോൾ വായിൽ തോന്നിയതൊക്കെ അവളെ പറഞ്ഞു തിരിഞ്ഞു നോക്കാതെ നടന്നു.

വേണ്ടിയിരുന്നില്ല…
ഹരിയെ പറഞ്ഞയച്ചു വൈകുന്നേരം അമ്പല കുളത്തിനരികിലേക്ക് ചെന്നു.
പടവുകൾ ഇറങ്ങി അവൾക്കരികിലായി ചെന്നിരുന്നു.

മാളൂ ഞാനൊന്നും അറിഞ്ഞിരുന്നില്ല…
താൻ…… താനെന്നോട് ക്ഷമിക്ക്…
എന്തിന് …… ?
എന്തിനാ മനൂ…..? താനെന്നെ സ്നേഹിച്ചതിനോ…. ?
അതിനാണോ ഞാൻ ക്ഷമിക്കേണ്ടത് …. ?

അല്ലെടോ ഞാൻ തന്നോട്…
താൻ ക്ഷമിക്ക്….
അത്രയും പറഞ്ഞൊപ്പിച്ചു
ഞാൻ തിരിഞ്ഞു നടന്നു.

മനൂ……
ഞാനൊരു വിധവയാണെന്നേ തനിക്കറിയൂ…..
സ്വന്തം ഭർത്താവിനെ കൊന്നവൾ കൂടിയാണ് ഞാൻ…..
അതേ… കൊലപാതകി …

ഞാനൊന്നു ഞെട്ടി
എന്തൊക്കെയാ മാളൂ നീയി പറയുന്നത്..? നീയെന്തിനു…. ?
ഞാൻ പറഞ്ഞത് സത്യാ മനൂ….
ഞാനയാളെ കൊന്നതാണ്. ജീവനു തുല്യം ഞാൻ സ്നേഹിച്ച എന്റെ ദേവേട്ടനെ ഞാൻ കൊന്നു……

അപകടമരണമെന്നു മറ്റുള്ളവർ വിധിയെഴുതിയപ്പോൾ എന്നിലെ കൊലപാതകി സുരക്ഷിതയായി മാറി.
അച്ഛനും അമ്മയും എനിക്കായി കണ്ടെത്തിയ എന്റെ ഭാഗ്യം…….
മറ്റുള്ളവർക്ക് മുന്നിൽ ഉത്തമ ഭർത്താവ്…
ആ സ്നേഹത്തിൽ ഞാനും അഹങ്കരിച്ചിരുന്നു.

ആ നശിച്ച രാത്രി വരെ…
അയാളുടെ ഫോണിൽ എന്റെ കുഞ്ഞനുജത്തിയുടെ നഗ്ന ചിത്രങ്ങൾ കണ്ട ആ രാത്രി വരെ…. അതു വച്ച് അവളെ കീഴ്പെടുത്തുക എന്നതാണ് അയാളുടെ ഉദ്ദേശം എന്നു കൂടി മനസിലാക്കിയപ്പോൾ…

എനിക്കറിയില്ല മനൂ…
ഞാനത് ചെയ്തു…
അല്ലെങ്കിൽ ചിലപ്പോൾ അയാൾ…
ഇതിപ്പോ അവൾ സുരക്ഷിതയായി. എനിക്കതു മതി. ആരും ഒന്നും അറിയണ്ട.

ഇത്രയും പറഞ്ഞു നിർത്തിയപ്പോൾ അവൾ കിതക്കുന്നുണ്ടായിരുന്നു.
നീയെന്നല്ല ഒരാളുടെയും സ്നേഹത്തിന് അർഹയല്ല ഞാൻ. ദേവന്റെ വിധവ… ഇനിയുള്ള കാലം അങ്ങനെ….

ഒന്നും പറയാതെ ഞാൻ തിരിഞ്ഞു നടന്നു…

മനൂ…
ഉം എന്താ… ?
ഇതൊന്നും മറ്റാരും….
എന്റനുജത്തിടെ ജീവിതം…

ഉം… ഞാനൊന്നു മൂളി… വീണ്ടും മുന്നോട്ടു നടന്നു…
തിരിഞ്ഞു നോക്കിയപ്പോൾ അവൾ നടന്നിരുന്നു.

മാളൂ… നീയൊന്നു നിന്നെ…
അവൾ അത്ഭുതത്തോടെ എന്നെ നോക്കി.
ഏതായാലും ഞാൻ നിന്നെ ആഗ്രഹിച്ചു, ഞാനിതൊക്കെ രഹസ്യമായി സൂക്ഷിക്കാം… പക്ഷെ…
പ്രതിഫലമായി ഇന്നു നീയെനിക്കൊപ്പം….

മനൂ…
ഞാൻ…
ഞാനങ്ങനൊരു പെണ്ണല്ല…
നീയെന്നെ ദ്രോഹിക്കരുത്…

നിനക്ക് സമ്മതമല്ലെങ്കിൽ പറഞ്ഞോ… അതോടെ നിന്റെ അനുജത്തീടെ ജീവിതം…
നീ ആലോചിക്കൂ എന്തു വേണോന്ന്…

മനൂ…
ഞാൻ വരാം…
എന്റെ അനുജത്തീടെ ജീവിതം അതു നീ ഇല്ലാതാക്കരുത്….

കണ്ണ് നീരാൽ കുതിർന്ന അവളുടെ മുഖം പിടിച്ചുയർത്തി ആ കണ്ണുകളിലേക്കു നോക്കി ഞാൻ പറഞ്ഞു…
മാളൂ…
നീ കൂടെ വാ എന്റമ്മയുടെ മുന്നിൽ നിന്നെ കൊണ്ട് നിർത്തി എനിക്ക് പറയണം നീയെന്റെ പെണ്ണാണെന്ന് ഈ മനൂന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അതെന്റെയി മാളുവാണെന്ന്….

ഒരു നിമിഷം പകച്ചു നിന്ന അവൾ ഒരു തേങ്ങലോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു…
ഞാനവളെ എന്നിലേക്ക്‌ കൂടുതൽ ചേർത്തു നിർത്തി…
നിന്റെ രഹസ്യങ്ങൾക്ക് മാത്രമല്ല, ജീവിതത്തിനും കാവലായി ഇനി ഞാനുണ്ടെന്ന ഉറപ്പോടെ….

രചന : അതിഥി അമ്മു…..

LEAVE A REPLY

Please enter your comment!
Please enter your name here