Home Latest ദേവു നീയെന്താണ് പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ നിനക്ക്?

ദേവു നീയെന്താണ് പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ നിനക്ക്?

0

ഒരു മധുരപ്രതികാരം

“ദേവു നീയെന്താണ് പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ നിനക്ക്”… ?

“രശ്മി… എല്ലാം നിനക്കറിയാമല്ലോ, കല്യാണം കഴിഞ്ഞ് ആറു വർഷം ഞാനയാളുടെ കു‌ടെ ജീവിച്ചു, എന്റെ ഓർമയിൽ വെറും ആറു മാസമേ അയാളെന്നെ സ്നേഹിച്ചിട്ടൊള്ളൂ, ബന്ധുക്കളുടെ വീട്ടിലേക്ക് എന്നെ കൊണ്ടുപോകാൻ പോലും അയാൾക്ക്‌ മടിയായിരുന്നു കാരണം എനിക്ക് അവരുടെയത്രയൊന്നും സൗന്ദര്യം ഇല്ലത്രെ”.

“അച്ഛൻ എനിക്ക് നൂറുപവൻ തന്നതാണ് ഇന്നെന്റെ കൈയിൽ ഒന്നുമില്ല, എല്ലാം അയാളുടെ വീട്ടുകാർ എടുത്തുവിറ്റു. അങ്ങനെ എന്തൊക്കെ,
എല്ലാം പൊയ്ക്കോട്ടെ കുഴപ്പമില്ല പക്ഷെ ഞാനൊരു കുഞ്ഞിന്റെ അമ്മയാണെന്നും ഒരു മനുഷ്യ ജീവിയാണെന്നുമുള്ള പരിഗണനപോലും എനിക്ക് ലഭിക്കുന്നില്ല”.

“ദേവു എല്ലാം സത്യമായിരിക്കാം എന്ന് വെച്ച് കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുമുള്ള നിന്നെ സ്വീകരിക്കാൻ അവനോടു പറയുക എന്നൊക്കെപറഞ്ഞാൽ…. അഥവാ അതിനു ഇനിയവൻ തയ്യാറാകുമോ…? എനിക്ക് തോന്നുന്നില്ല”.

“കാര്യം ഞാൻ നിന്റെ സുഹൃത്താണ് പക്ഷെ നീ ഇപ്പൊ ചെയ്യാൻ പോകുന്ന കാര്യം അതിനോടെനിക്ക് യോജിക്കാൻ കഴിയില്ല,
എനിക്കതിനു നിന്നെ സഹായിക്കാനും കഴിയില്ല അഥവാ കഴിഞ്ഞാലും ഞാനതിന് തയ്യാറല്ല”.

“രശ്മി നീയെന്നെയൊന്ന് മനസ്സിലാക്ക്, നീയൊന്നും ചെയ്യണ്ട അവന്റെ നമ്പർ മാത്രം എനിക്കൊന്നു സംഘടിപ്പിച്ചു തന്നാൽമതി”.

“നീയവനെ വിളിച്ച് എന്ത് ന്യായീകരണമാണ് നടത്താൻ പോകുന്നത്…?

“നീ തന്നെയല്ലേ അവനെ ഒഴിവാക്കിയത് അതും കേവലം പണത്തിന്റെയും സൗന്ദര്യത്തിന്റെയും കാര്യം പറഞ്ഞ്, അന്ന് മനസ്സ് എന്നൊരു സാധനം ഉണ്ടെന്ന് നീ ചിന്തിച്ചില്ല”.

“നീയോർക്കുന്നുണ്ടോ ദേവു, അന്ന് നിന്റെ കല്യാണത്തലേന്ന് നമ്മുടെ ഫ്രെണ്ട്സിന്റെ എല്ലാവരുടെയും മുന്നിൽ വെച്ചാണ് നീയവനോട് അങ്ങനെയൊക്കെ പറഞ്ഞത്.
അഞ്ചു വർഷം അവന്റെ കൂടെ നടക്കുമ്പോൾ നിനക്കവന്റെ സൗന്ദര്യവും പണവും ഒരു പ്രശ്നമല്ലായിരുന്നു.
നീ ഒറ്റനിമിഷം കൊണ്ട് എല്ലാം മറന്ന്പോയി”.

“നിന്റെ കല്യാണം കഴിഞ്ഞ് ഒരു ദിവസം കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവനെന്നെ കാണാൻ വന്നിരുന്നു. വേറെയൊന്നും പറഞ്ഞില്ല ഞാനീ നാട്ടിൽനിന്ന് പോകുന്നു രശ്മി എന്ന് മാത്രം പറഞ്ഞു”.

“അവനന്ന് ഇറങ്ങിപ്പോകുമ്പോൾ അവനെന്തെങ്കിലും കടുങ്കൈ ചെയ്ത്‌പോയാൽ ആ പാപം നീയെവിടെക്കൊണ്ടുപോയി കഴുകിക്കളയുമെന്നോർത്ത് എന്റെ ഉള്ളം വല്ലാതെ പൊള്ളിയിരുന്നു”.

“ഒരുകണക്കിന് അത്‌ നന്നായി കാരണം അത്കൊണ്ട് ഇന്ന് അവനൊരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായി, നല്ല ജോലിയും നല്ല ശമ്പളവും ഉണ്ട്”.

“പിന്നെ അവന്റെ നമ്പർ പഴയത് തന്നെയാണ് മാറിയിട്ടൊന്നുമില്ല,
നിന്റെ കൈയിൽ അതുണ്ടാവില്ല എന്നെനിക്കറിയാം.

“പിന്നെ ദേവു ഒരു കാര്യം, നിനക്ക് നമ്പർ തന്നത് ഞാനാണെന്ന് അവനൊരിക്കലും അറിയരുത്”.

“ആയിക്കോട്ടെ രശ്മി ഞാൻ പറയില്ല”.

“പിന്നെന്തൊക്കെയാ രശ്മി നിന്റെ വിശേഷങ്ങൾ, നീയെന്താ കെട്ടാതെ ഇങ്ങനെ നടക്കുന്നത്, അതോ അത്‌ വേണ്ട എന്ന് വെച്ചിട്ടാണോ”… ?.

“ഹേയ്.. വേണ്ട എന്നൊന്നും വെച്ചിട്ടില്ല കെട്ടണം നല്ലൊരു ആളെ കിട്ടട്ടെ അപ്പൊ നോക്കാം”.

“ദേവു എന്നാൽ ഞാൻ ഇറങ്ങുകയാണ്, ഇന്ന് നൈറ്റ്‌ ഡ്യൂട്ടിയാണെനിക്ക്.
വർഷങ്ങളായി നിന്റെ ഒരു വിവരവുമില്ലല്ലോ, നീ വിളിച്ചപ്പോൾ നിന്നെയും നിന്റെ മോളെയും ഒന്ന് കാണണമെന്ന് തോന്നി അത്രമാത്രം,
ഒക്കെ എന്നാൽ പിന്നെ കാണാം ഞാനിറങ്ങുന്നു”

പിറ്റേ ദിവസം…

“ഹലോ… അരുൺ ഇത് ഞാനാണ് ദേവു “.

“ദേവു.. ഹോ… നിനക്കെന്റെ പേരൊക്കെ ഓർമ്മയുണ്ടോ… ഭാഗ്യം… ആട്ടെ എന്ത് വേണം”….?

“അരുൺ പ്ലീസ് ഫോൺ കട്ടാക്കരുത് എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്”.

“എന്നോടെന്തു സംസാരിക്കാൻ”…?

“പ്ലീസ് എനിക്ക് കുറച്ച് സമയം തരൂ”.

“ഒക്കെ……. എന്നാൽ പറയ്”.

ദേവു അവളുടെ എല്ലാ കാര്യങ്ങളും ഒറ്റ ശ്വാസത്തിൽ അരുണിനോട് പറഞ്ഞുതീർത്തു. എല്ലാം പറഞ്ഞുകഴിഞ്ഞതും അപ്പുറത്ത് നിന്നൊരു പൊട്ടിച്ചിരിയാണുണ്ടായത്.

“അല്ലെങ്കിലും നീയെന്നോട് ചെയ്തതിന് നിനക്കിതുതന്നെ വേണം.
നിനക്കിപ്പോൾ എന്താണ് വേണ്ടത് നിന്നെ ഞാൻ സ്വീകരിക്കണം അല്ലെ”..?

” അതുണ്ടായാൽ നാട്ടുകാരും വീട്ടുകാരും എന്നെ വെറുക്കും, അതൊക്കെ പോട്ടെ നിന്നെ ഞാനെങ്ങനെ വിശ്വസിക്കും”…?

“അരുൺ തന്നെ പറയ് വിശ്വസിക്കാൻ ഞാനെന്താണ് ചെയ്യേണ്ടത്”… ?.

“ഞാൻ നിന്നെ സ്വീകരിക്കണമെങ്കിൽ അതിന് മുൻപ് നിന്റെ ശരീരം കൊണ്ടെനിക്ക് നീ വഴിപ്പെടണം അതിനു കഴിയുമോ”…?.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം ദേവു സമ്മതം മൂളി കാരണം അവനെന്നെ സ്വീകരിച്ചുകഴിഞ്ഞാൽ എന്റെ ശരീരം അവനുള്ളതാണ് പിന്നെ ഇതിലെന്താണ് തെറ്റ് എന്നവൾ സ്വയം ചിന്തിച്ചു.

“എന്നാൽ ഇന്ന് രാത്രി ഞാൻ നിന്റെ വീട്ടിലേക്ക് വരാം. അവിടെയെത്തിയാൽ ഞാൻ നിന്നെ വിളിക്കും അപ്പോൾ നീ വാതിൽ തുറക്കണം”. ഓക്കെ.. ?

“ഓക്കെ”

അന്ന് രാത്രി അരുൺ ദേവുവിന്റെ വീട്ടിലേക്ക് പോയി. വാതിലിൽ മുട്ടിയതും അവൾ ചെറിയ പരിഭ്രമത്തോടെ വാതിൽ തുറന്നു. അരുണിനെ കണ്ടതും ദേവു അവനെ കെട്ടിപ്പിടിച്ചു. പെട്ടെന്നാ പിടിത്തം വിടുവിച്ചു അരുൺ അവളെ മാറ്റി നിറുത്തി.

“നീയെന്തിനും റെഡിയാണോ”… ?

ദേവു ഉം എന്ന് മൂളി.

“എന്നാൽ നിന്റെ ഡ്രെസെല്ലാം ഊരി മാറ്റ് ഞാനങ്ങോട്ടു തിരിഞ്ഞു നിൽക്കാം”.

ദേവു അവളുടെ വസ്ത്രങ്ങളെല്ലാം ഒന്നൊന്നായി അഴിച്ചുമാറ്റി.

ഇപ്പോൾ ദേവു പൂർണ നഗ്നയാണ്.

“ഇനിയെന്ത് വേണം അരുൺ”….. ?

“ഇനി നീ നിന്റെ ഡ്രെസെടുത്തു അണിഞ്ഞോളു”.

ദേവുവിന് അവനെന്താണ്  പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും അവൾ ഡ്രെസെടുത്തണിഞ്ഞു.

അരുൺ അവളെ ബെഡ്‌ഡിൽ ഇരുത്തിക്കൊണ്ട് പറഞ്ഞു.

“ദേവൂ…. അന്ന് നീ പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല, എന്നൊക്കൊണ്ട് മറക്കാനും കഴിയില്ല.
അന്ന് നീയെന്നെ ഒരു കരിയിലപോലെ ഒഴിവാക്കിക്കളഞ്ഞപ്പോൾ എന്റെ ജീവിതം എന്താകുമെന്നും എനിക്കും ഹൃദയം എന്നൊരു സാധനമുണ്ടെന്നും നീ ഓർത്തില്ല, പകരം പണവും സൗന്ദര്യവും നീ മുന്നിൽക്കണ്ടു. പക്ഷെ ഈ രണ്ടു സാധനങ്ങളും എന്നും നിലനിൽക്കുന്നതല്ലെന്ന് നീ അപ്പോളോർത്തില്ല”.

“ഇന്ന് ഞാൻ നിന്നെ സ്വീകരിച്ചാൽ എന്റെ നാട്ടിലെ മൂക്ക് കീഴ്പോട്ടായ ഏതൊരാളും എന്റെ അരുൺ എന്ന പേര് മാറ്റിവിളിക്കും”.

“നിന്നെ നഗ്നയാക്കി എന്റെ പിറകിൽ നിറുത്തിയത് നീ വെറുമൊരു പെണ്ണാണ്, വെറും പെണ്ണ് എന്ന് നിന്നെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ്, അല്ലാതെ പൂശാൻ മുട്ടി നടക്കുകയല്ല ഞാൻ”.

“അന്ന് ഇവിടെനിന്ന് ഞാൻ നേരെ പോയത് ബാംഗ്ലൂരിലേക്കാണ്.അവിടെ ചെന്നിട്ട് എന്നെ ജീവിക്കാനും ഇന്നെനിക്കുള്ളതെല്ലാം നേടിയെടുക്കാനും എന്നെ പ്രേരിപിച്ച ഒരാളുണ്ട്, ഞാൻ അയാൾക്കുള്ളതാണ്”.

“പിന്നെ ഇന്നിവിടേക്ക് വന്നത് നിന്നെയൊന്ന് കാണണം രണ്ടു വാക്ക് പറയണം പിന്നെ എന്റെ കല്യാണത്തിന് നിന്നെ ക്ഷണിക്കണം അത്രമാത്രം”.

“എന്റെ ഭാവി വധു ആരാണെന്നു നിനക്കറിയണ്ടേ അത്‌ കേട്ടിട്ട് നീ ഞെട്ടരുത്. നിന്റെ സുഹൃത്ത് രശ്മി അവളെയാണ് ഞാൻ കല്യാണം കഴിക്കാൻ പോകുന്നത്”.

അതുകേട്ടതും ദേവു ഒരു നിമിഷം വല്ലാണ്ടായിപോയി.

“ഇന്നലെ അവളിവിടെ വന്നകാര്യം അവളെന്നോട് പറഞ്ഞിരുന്നു പക്ഷെ ഇന്നത്തെ എന്റെ വരവ് അവൾക്കറിയില്ല, ഇനി അറിഞ്ഞാലും അവൾ കൈകൊട്ടിചിരിക്കും”.

“നിനക്കെന്നെ വേണ്ടാതെ പോയപ്പോൾ എന്നെ എന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത് അവളാണ്”.

“എന്റെ ജീവിതത്തിലെനിക്ക് വേണ്ടതെല്ലാം ഞാൻ നേടി എന്ന് തോന്നിയ ഒരു നിമിഷത്തിൽ ഒരിക്കൽ ഞാനവളോട് ചോദിച്ചു….
“ഇതിനെല്ലാം പകരമായി ഞാനെന്താണ് തിരിച്ചു തരേണ്ടത്”…?

അതിനവൾ പറഞ്ഞ മറുപടി “അരുണിന്റെ ഭാര്യയായി ആ മാറിൽ എന്റെ മരണം വരെ എനിക്കുറങ്ങാൻ ഒരിടം തരാമോ”..?

“എന്നാലങ്ങു കെട്ടിയേക്കാം എന്ന് വിചാരിച്ചു”.

“രണ്ടു മാസം കഴിഞ്ഞാൽ ഞങ്ങളുടെ കല്യാണമാണ്, നീയെന്തായാലും വരണം ദേവു”.

“പിന്നെ നിന്നോടെനിക്ക് ഒന്നേ പറയാനൊള്ളൂ ദേവു, ഭർത്താവുമായുള്ള എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർത്ത് സന്തോഷത്തോടെ ജീവിക്കാൻ നോക്ക്, അത്‌ മാത്രമാണ് നിനക്ക് ശാശ്വതമായ മാർഗം അല്ലാതെ!..”.

അരുൺ പോയതും അവൻ പറഞ്ഞ കാര്യങ്ങളോർത്ത് കണ്ണീരോടെ അവൾ ഇൻവിറ്റേഷൻ ലെറ്റർ കൈയിലെടുത്തു നോക്കി.
“അരുൺ വെഡ്സ് രശ്മി” എന്ന് കണ്ടപ്പോൾ തന്റെ സങ്കടമെല്ലാം മറന്ന് അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു നിങ്ങൾക്ക് നല്ലത് വരട്ടെ.

രചന : അബ്ദു റഹ്മാൻ

LEAVE A REPLY

Please enter your comment!
Please enter your name here