Home Latest നഗരത്തിലെ അനാശ്വാസ്യ കേന്ദ്രത്തിൽ കൊലപാതകം യുവതി അറസ്റ്റിൽ ..

നഗരത്തിലെ അനാശ്വാസ്യ കേന്ദ്രത്തിൽ കൊലപാതകം യുവതി അറസ്റ്റിൽ ..

0

നഗരം സോഡിയംവേപ്പർ ലാംബിന്റെ മഞ്ഞ വെളിച്ചത്തിൽ മുങ്ങി നിൽക്കുന്നു .

ഭൂരിഭാഗം കടകളുടെ ഷട്ടറും അടഞ്ഞിരിക്കുന്നു വീടില്ലാത്തവരുടെ വീടുപോലെ കടത്തിണ്ണകളിൽ പതിവുകാരെന്നോണം സ്ഥാനം പിടിച്ചിരിക്കുന്നു . കുറച്ചപ്പുറത്ത് പെട്ടിക്കടയിൽ വെളിച്ചമുണ്ട്
മദ്യലഹരിയിൽ മാത്രം കാലുകൾക്ക് വരുന്ന ഒരു ഒഴുക്കുണ്ട് . ആ ഒഴുക്കോടെ രഘു കടയിലേക്ക് ലക്ഷ്യം വെച്ചുനടന്നു . അയാൾ സാധനങ്ങളെല്ലാം ഒതുക്കി വെക്കുന്ന തിരക്കിലാണ് ഒരു സോഡ വാങ്ങിപൊട്ടിച്ചു അരയിൽ ഉണ്ടായിരുന്ന പൈന്റ് കുപ്പിയിൽ അവശേഷിക്കുന്ന മദ്യത്തിലേക്കൊഴിച്ച് ഒറ്റ വലിക്കകത്താക്കി.
കയ്യിലുള്ള മദ്യം തീരുന്നതു വരെയുള്ള കുടി .. അതായിരിക്കുന്നു ഇപ്പോ അളവ് . കൂട്ടുകാരുടെ നിർബന്ധത്തിൽ അറിഞ്ഞ രുചിയാണ് . പിന്നെ വിശേഷങ്ങൾക്കൊക്കെയായി … പിന്നെ കുടിക്കാൻ വേണ്ടി വിശേഷങ്ങൾ ഉണ്ടാക്കുകയായിരുന്നു . ഇന്നിപ്പോ അതില്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ പറ്റാതായിരിക്കുന്നു . ദിവസങ്ങൾ അല്ലെങ്കിലും തള്ളിനീക്കുക തന്നെയാണ് .
ഈ 42 വയസിലും ഒറ്റത്തടി . ചിത്രം വര അതാണ് ജോലി . ഇവിടേയും അതിന്റെ ഭാഗമായി എത്തപ്പെട്ടതാണ് . സ്വന്തമായി വരുമാനം എന്ന നിലയിൽ എത്തിയപ്പോൾ വളർന്ന ഓർഫനേജിനോട് ഗുഡ് ബൈ പറഞ്ഞു . പണം അതായിരുന്നു ലക്ഷ്യം . അതിനു വേണ്ടി പലതും കാട്ടിക്കൂട്ടി . സ്മരണകൾ പേറി അയാൾ അവിടേക്ക് നടന്നു .
സർ…. തിരിഞ്ഞു നോക്കിയപ്പോൾ ഒരു മദ്ധ്യവയസ്കൻ മങ്കി ക്യാപ്പ് വെച്ചിട്ടുണ്ട് ഇരുണ്ട നിറം . സർ പെണ്ണ് വേണമാ… സേഫ് സ്ഥലം സർ . റേറ്റും കമ്മിതാ.. എത്രാ… നിങ്ങളുടെ റേറ്റ് .. ഒരു നൈറ്റ്ക്ക് ആയിരത്തി അഞ്ഞൂറ് സർ. അത് കൂടുതലാണല്ലോ ആയിരം . ഒക്കെയാണെങ്കിൽ പോവാം . സർ അതുവന്ത് . ഉം? സരി സർ . പോവാം ഓട്ടോ ചാർജ് വരും . വിലപേശി കച്ചവടം . മാനംവിക്കുന്നവരുടെ മാനത്തിനും വിലപേശൽ .

അയാളുടെ ഓട്ടോയിൽ ഇരുന്ന് യാത്രചെയ്യുമ്പോൾ തെല്ലും കുറ്റബോധമില്ലായിരുന്നു . ഇങ്ങനെത്തന്നെയൊക്കെയാണ് . ഞാൻ . ചെല്ലുന്നിടത്ത് വീട്.. കൂടെ കിടക്കുന്നവളാണ് ഭാര്യ . നേരം വെളുക്കുമ്പോൾ പച്ചനോട്ടുകളിൽ അവസാനിക്കുന്ന ബന്ധം . പരാതിയില്ല പരിഭവമില്ല .. വീണ്ടും മാന്യതയുടെ ‘ മുഖമൂടിയണിഞ്ഞ് പകൽ മാന്യനായി തിരക്കുകളിലേക്ക് ..
ഓട്ടോ ഒരു പഴയ ഇരുനില വീടിന്റെ മുറ്റത്ത് വന്ന് നിന്നു . മുറ്റത്ത് ഇരുണ്ട വെളിച്ചം ചില ഡ്രൈവർമാർ സിഗരറ്റും കത്തിച്ചു .കാറിനടുത്ത് നിൽപ്പുണ്ട് അകത്ത്പോയ മുതലാളിമാരുടെ കെട്ടിമാറാപ്പ് അവസാനിപ്പിച്ച് വരുന്നതും കാത്തുള്ള നിൽപ്പാണ്. മങ്കി ക്യാപ്പ് ധരിച്ച ആളെ ആഗമിച്ചു അയാൾ അകത്തേക്ക് നടന്നു . അവിടെ അകത്തളത്തിൽ ഇരിക്കുന്ന അമ്പത്തിനോടടുത്ത് പ്രായം വരുന്ന സ്ത്രീയുടെ മുന്നിൽ ആ റമ്പർ ഷൂ ഇട്ട കാലുകൾ നിന്നു . കാസ് ? ഷർട്ടിന്റെ കൈ മടക്കിൽ തിരുകിയ നോട്ടുകൾ എടുത്ത് ആയിരം രൂപ എടുത്ത് ആ സ്ത്രീക്ക് വെച്ച് നീട്ടി.. ” തമ്പീ .. ഇയാൾക്ക് ആ പതിനാലാം നമ്പർ മുറി കാണിച്ചുകൊട് . പുടിക്കുമാ.. എന്ന് നോക്ക് .
വീണ്ടും ആ റമ്പർ ഷൂ ഇട്ട കാലുകൾ ചലിച്ചുതുടങ്ങി . മര ഗോവണി കയറി .. റൂം നമ്പർ പതിനാല് .. ഡോർ ഓപ്പൺ ആയി . ചുവന്ന സാരിയുടുത്ത് ജനാലയിലൂടെ വിദൂരതയിലേക്ക് കണ്ണും നട്ട് നിൽക്കുന്ന സ്ത്രീ… സർ ഓക്കെ വാ …? അയാളൊന്ന് ചിരിച്ചു .. എന്നിട്ട് ഒരു അഞ്ഞൂറു രൂപയെടുത്ത് തമ്പിക്ക് കൊടുത്തു .. ആ മഞ്ഞപ്പല്ലുകൾ ആ അരണ്ട വെട്ടത്തിലും തിളങ്ങി. അയാൾ ഡോർ അടച്ചു .

ഒരു വരുത്തി ചുമ ചുമച്ചു കൊണ്ട് പറഞ്ഞു .. ഞാൻ രഘു. അറിയാം … ഈ സ്വരം ഏത് ഉറക്കത്തിലു കേട്ടാലും ഞാൻ തിരിച്ചറിയും. എന്ന് പറഞ്ഞ് അവൾ തിരിഞ്ഞു .. അയാൾ ഒന്ന് പകച്ചു.. തലക്കു പിടിച്ച ലഹരി ഒരു നിമിഷം കൊണ്ട് ആവിയായ് പോയപോലെ അയാൾക്കനുഭവപ്പെട്ടു . ” നന്ദിനി ” . കണ്ണുകളിൽ തീക്ഷണത . അയാൾ ആ നോട്ടത്തിൽ ഉരുകിത്തീരുന്ന പോലെതോന്നി. നീ… ? അയാൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല .. നന്ദാ… നീ ഇങ്ങനൊരവസ്ഥയിൽ? ഹും അവസ്ഥ . നിങ്ങളെന്നോട് ചെയ്തതിന്റെ അത്രത്തോളം വരുമോ ഇത്? കലാലയത്തിന്റെ ഹീറോ . ചിത്രം വരക്കാരൻ .. കോളേജ് മാഗസിനിൽ വന്ന അനാഥത്വത്തിന്റെ വേദനയിൽ മുക്കിയെടുത്ത നിങ്ങളുടെ കവിത . എല്ലാവരും നേഞ്ചോട് ചേർത്തു . ഞാനത് എന്റെ ജീവിതത്തോട് ചേർക്കാൻ ശ്രമിച്ചു . ആരുമില്ലാത്ത നിങ്ങൾക്ക് ആരൊക്കെയോ ആവാൻ ആഗ്രഹിച്ചു .. ആ ആഗ്രഹമായിരുന്നു .. എന്റെ പ്രണയം . നിങ്ങൾക്കും എന്നെ ജീവനായിരുന്നില്ലേ? അല്ല. നിങ്ങളങ്ങിനെ അഭിനയിച്ചു . മനസ്സിലാക്കാൻ വൈകി .

പ്രണയം വീട്ടിലറിഞ്ഞു പ്രശ്നമായപ്പോൾ . നിങ്ങളു നീട്ടിയ കൈയ്യിൽ വിശ്വാസമർപ്പിച്ചാണ് പാതിരാത്രിക്കു എവിടേക്കെന്ന് ഒരു ചോദ്യം കൊണ്ട് പോലും വീർപ്പുമുട്ടിക്കാതെ ഞാൻ ഇറങ്ങിവന്നത് . ആ രാത്രിയെ നിക്കിപ്പോഴും ഓർക്കാൻ കൂടി പേടിയാണ് .. വിയർപ്പൊട്ടിയ ദേഹങ്ങൾ . പറ്റിച്ചേർന്ന് നമ്മൾ സ്നേഹിച്ചു . നിങ്ങളേണിറ്റ് . കൂട്ടുകാരനെ മുറിയിലേക്ക് കടത്തിവിട്ട് വാതിൽ പുറത്ത്നിന്ന് ഒരു കുറ്റബോധമില്ലാതെ പൂട്ടിയപ്പോൾ . തകർന്നത് എന്റെ മാനമായിരുന്നു .. ആകാശത്തോളം ഉയരത്തിൽ ഞാൻ നിങ്ങളിലർപ്പിച്ച വിശ്വാസമായിരുന്നു .. പിന്നേയും നിങ്ങളുടെ കൂട്ടുകാരുടെ ഭീഷണി .. പലപ്പോഴും പല ഹോട്ടൽ മുറികളിലും എന്റെ ശരീരം ഒരു വിൽപ്പന ചരക്കായി. നിങ്ങളിലൊരുത്തനാ പറഞ്ഞേ പണത്തിനു വേണ്ടിത്തന്നെയാ നിന്നെ അവൻ പ്രണയിച്ചതെന്ന് . അവനാവശ്യമുള്ളത് ഞങ്ങൾ കൊടുത്തിട്ടുണ്ട് നീ അടങ്ങിക്കിടക്കടീ. എന്ന് .ആ പണം കൊണ്ട് എന്താ നേടിയേ..? നിങ്ങളെ ഒരുപാട് ഞാൻ തിരഞ്ഞു പലയിടത്തും . കണ്ടെത്താനായില്ല… ആകെയുള്ള മകൾ പിഴച്ചതറിഞ്ഞ് . നാട്ടുകാരുടെ ചോദ്യങ്ങൾക്കുത്തരം കൊടുക്കാനാകാതെ .. എന്റെ അച്ഛനുമമ്മയും .. ഒരു വിഷ കുപ്പിയിൽ ഉത്തരം കണ്ടെത്തി. നിങ്ങൾ തള്ളിയിട്ട അഴുക്കുചാലിൽ കൂടിയുള്ള ജീവിതമായിരുന്നു ഇന്ന് വരെ … അഴുക്കുചാലിലേക്ക് തള്ളിവിട്ടവൾ ഇങ്ങനെയൊക്കയേ ആവൂ കരകയറാൻ ശ്രമിച്ചാലും സമൂഹം അതിനു സമ്മതിക്കില്ല …പറഞ്ഞ് കഴിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ചുവന്നിരുന്നു … അയാൾകരഞ്ഞു കുറ്റബോധം കൊണ്ട് അയാളുടെ മുഖം അവളുടെ കാലുകളിൽ അമർന്നു . അവൾ അയാളെ ഏഴുന്നേൽപ്പിച്ച് ചേർത്ത് പിടിച്ചു . ആ പിടുത്തം അയഞ്ഞപ്പോൾ അയാൾ താഴേക്ക് ഊർന്ന് വീണു .

( നഗരത്തിലെ അനാശ്വാസ്യ കേന്ദ്രത്തിൽ കൊലപാതകം യുവതി അറസ്റ്റിൽ .. )

രചന : Sreejith Anandh

LEAVE A REPLY

Please enter your comment!
Please enter your name here