Home Latest ആദ്യരാത്രി മുറിക്കുള്ളിലേക്ക് അമ്മുവിനെ ദേവന്റെ അനിയത്തി കൊണ്ടാക്കുമ്പോളും അമ്മുവിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായികൊണ്ടിരുന്നു..

ആദ്യരാത്രി മുറിക്കുള്ളിലേക്ക് അമ്മുവിനെ ദേവന്റെ അനിയത്തി കൊണ്ടാക്കുമ്പോളും അമ്മുവിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായികൊണ്ടിരുന്നു..

0

ദേവൻ…

രചന : Suhaila Sidheeq

“വലതു കാൽ വെച്ച് കേറി വാ മോളെ”

കത്തിച്ചു പിടിച്ച നിലവിളക്ക് അമ്മുവിന്റെ കയ്യിൽ കൊടുത്ത് കൊണ്ട് സുഭദ്രാമ്മ തന്റെ മരുമകളെയും മകനെയും വീടിനകത്തേക് കയറ്റി. തന്റെ കയ്യിലെ നിലവിളക്ക് പൂജാമുറിയിൽ വക്കുമ്പോളും അമ്മുവിന്റെ മനസ്സ് ആകെ സ്വസ്ഥമായിരുന്നു. ഇന്നൊരു ദിവസം കൊണ്ട് ഒരുപാട് മാറ്റം വന്നിരിക്കുന്നു തന്റെ ജീവിതത്തിൽ. അമ്മായിയുടെ മകനുമായി വിവാഹം ഉറപ്പിച്ച താനിതാ ഇന്ന് മറ്റൊരാളുടെ താലിക്ക് അവകാശിയായിരിക്കുന്നു. വിവാഹ വേഷത്തിൽ എല്ലാവരുടെയും അനുഗ്രഹം വാങ്ങി വേദിയിലേക് പോകാൻ തയ്യാറായിരിക്കുന്ന സമയത്താണ് അച്ഛനും അമ്മയും കരഞ്ഞു കൊണ്ട് തന്റെ അടുക്കലേക്ക് വരുന്നത്…

“എന്താ അച്ഛാ… എന്ത് പറ്റി? എന്തിനാ അമ്മ കരയുന്നത്?? ”

” മോളെ, കല്യാണ ചെറുക്കനെ കാണാനില്ല, അവൻ ആരുടെയോ കൂടെ ഒളിച്ചോടി ”

പൊട്ടി കരഞ്ഞു കൊണ്ട് അമ്മ അതു പറയുമ്പോൾ ഇനി എന്ത് ചെയ്യും എന്നുള്ള വേവലാതി മാത്രമായിരുന്നു എന്റെ മനസ്സിൽ. ആകെ ഉള്ള മോളുടെ കല്യാണം മുടങ്ങിയ അച്ഛന്റെ മനപ്രയാസo അമ്മുവിന് കണ്ടുനിൽകാനായില്ല.

“സാരമില്ല, അച്ഛാ… നിങ്ങളിങ്ങനെ വിഷമിക്കാതെ,. ”

അപ്പോളാണ് അമ്പല കമ്മിറ്റി പ്രസിഡണ്ട്‌ സുഭദ്രാമ്മയെയും കൂട്ടി അങ്ങോട്ടേക്ക് വന്നത്. അച്ഛനെയും അമ്മയെയും അവർ വിളിച്ചുകൊണ്ടു പോയി എന്തൊക്കെയോ സംസാരിച്ചു… അവരുടെ അട്ത്ത നിന്ന് വന്ന അച്ഛൻ അമ്മുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു

” മോളെ, നിശ്ചയിച്ച മുഹൂർത്തത്തിൽ മോളുടെ കല്യാണം അച്ഛൻ നടത്തും.. മോൾ എതിരൊന്നും പറയരുത്. ”

അച്ഛൻ പറഞ്ഞതിനോട് അമ്മു തലയാട്ടി.
അഗ്നി സാക്ഷിയായി സർവ്വ ദൈവങ്ങളെയും മനസ്സിൽ കരുതി സുഭദ്രയുടെ മകൻ ദേവൻ അമ്മുവിന്റെ കഴുത്തിൽ താലിചാർത്തി അവന്റെ ഭാര്യയാക്കി.

കല്യാണ ബഹളങ്ങൾ എല്ലാം ഒഴിഞ്ഞു ദേവന്റെ വീട് ശാന്തമായി. ആദ്യരാത്രി മുറിക്കുള്ളിലേക്ക് അമ്മുവിനെ ദേവന്റെ അനിയത്തി കൊണ്ടാക്കുമ്പോളും അമ്മുവിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായികൊണ്ടിരുന്നു..

താൻ ഏറെ നാളായി അറിയുന്ന ആളാണ് ദേവേട്ടൻ. ചെറുപ്പം തൊട്ട് നല്ല കൂട്ടുമാണ്. 5 വർഷം മുൻപ് ദേവേട്ടൻ പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ തനത് നിരസിച്ചു. അതിൽ പിന്നേ പരസപരം കാണുന്നതും സംസാരിക്കുന്നതൊക്കെ വിരളം ആയിരുന്നു. അങ്ങനെ ഉള്ള ഒരാളുടെ ഭാര്യയാണ് താനിന്ന്.അന്ന് നോ പറഞ്ഞതിന്റെ ദേഷ്യം തന്നോട് ഉണ്ടാകുമോ എന്ന ഭയം ആയിരുന്നു അമ്മുവിന്.

വാതിൽ തുറന്നു മുറിക്കുള്ളിൽ കയറിയപ്പോൾ ദേവൻ കട്ടിലിൽ എന്തോ ആലോചിച് ഇരിക്കുന്നതാണ് അമ്മു കണ്ടത്.

” ദേവേട്ടാ… ” വിറച്ചു കൊണ്ട് അമ്മു വിളിച്ചു.

” അമ്മു… താൻ വാ.. ഇരിക്ക്. ”

ഇരിക്കാൻ മടിച്ചു നിന്ന അമ്മുവിനെ ദേവൻ പിടിച്ചു തനിക്കരികിൽ ഇരുത്തി.

“എന്താടോ.. തനിക്ക് പേടിയാണോ എന്നെ? ”

“ഏയ്… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. ”

” എന്താണ്.. തനിക് എന്നോട് എന്തും തുറന്ന് പറയാം. താൻ ധൈര്യായിട്ട് പറ ”

” അതു. ദേവേട്ടാ… എനിക്ക് ഏട്ടനെ ഇഷ്ടമില്ലാഞ്ഞിട്ട് അല്ല അന്ന് ഞാൻ നോ പറഞ്ഞത്. എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം അച്ഛനേം അമ്മയേം ആണ്‌.. അവർക്ക് നമ്മുടെ ബന്ധം ഇഷ്ടപെടാതിരുന്നാൽ പിന്നെ.. എനിക്ക് അവരെ വേദനിപ്പിക്കാൻ വയ്യാത്തത് കൊണ്ടാണ്. അല്ലാതെ ഏട്ടനെ ഇഷ്ടമല്ലാഞ്ഞിട്ടല്ല. ഏട്ടൻ എന്നോട് ക്ഷമിക്കണം. ”

“നമ്മുടെ വിവാഹം ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായതാണ്. തനിക്കു നിശ്ചയിച്ച വിവാഹം മുടങ്ങിയതിൽ വിഷമം ഉണ്ടോ? ”

“ഏയ്… ഒരിക്കലും ഇല്ല… ഈ വിവാഹം മുടങ്ങാൻ ഞാൻ ആഗ്രഹിച്ചതാണ്.. പക്ഷെ ഇന്ന് എന്റെ വിവാഹം നടക്കും എന്ന് പ്രതീക്ഷിച്ചില്ല. ”

“താനെന്തൊക്കെയാ അമ്മു പറയുന്നേ? ”

“എന്റെ അമ്മായിയുടെ മകൻ രാഹുലിനെ എനിക്ക് തീരെ ഇഷ്ടമല്ല. അവനില്ലാത്ത ദുശീലങ്ങൾ ഒന്നും തന്നെ ഇല്ല. ഒരുപാട് പെൺകുട്ടികളെ അവൻ പറ്റിച്ചിട്ടുണ്ട്. ഒരുപാട് തവണ അവൻ എന്നെ ഉപദ്രവിക്കാൻ നോക്കി. ഒരുദിവസം അവന്റെ മുഖത്തടിച്ചു ഞാൻ. അതിന്റെ പ്രതികാരം വീട്ടാനാണ് അവൻ അവന്റെ അമ്മ വഴി കല്യാണാലോചന നടത്തിയത്. അമ്മായിയുടെ മകൻ ആയത് കൊണ്ടും അഛന്റെ മുന്നിൽ അവനെന്നും നല്ല കുട്ടി ആയതുകൊണ്ടും എന്റെ എതിർപ്പ് വില പോയില്ല… ഇന്ന് അവനുമായിട്ട് എന്റെ കല്യാണം നടന്നിരുന്നതെങ്കിൽ നാളെ എന്നെ അവൻ കൊന്നേനെ. ”

എല്ലാം അതിശയത്തോടെ കേട്ട് കൊണ്ടിരിക്കുകയായിരുന്നു ദേവൻ.

” അമ്മു.. ഞാൻ നിനക്ക് ഒരു കഥ പറഞ്ഞു തരട്ടെ. ഒരിക്കൽ ഒരു ചെറുപ്പക്കാരൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടു. അവളോടുള്ള അവന്റെ ഇഷ്ടം പറഞ്ഞപ്പോൾ അതു അവൾ സ്വീകരിച്ചില്ല. ആദ്യം അവനു സങ്കടം തോന്നിയെങ്കിലും അവളെ മറക്കാനോ വെറുക്കണോ അവന് കഴിഞ്ഞില്ല. കാലങ്ങൾ കഴിയും തോറും അവന്റെ ഇഷ്ടവും വളർന്നു . ഒടുവിൽ അവളുടെ കല്യാണം ഉറച്ചപ്പോൾ തൊട്ട് ഒരിക്കലും അവളെ വിട്ടു കൊടുക്കാൻ അവന്റെ മനസ്സ് സമ്മതിച്ചില്ല. അങ്ങനെ കല്യാണത്തിന് വരുന്ന വഴി ചെക്കനെ അവന്റെ കൂട്ടുകാരുടെ സഹായത്തോടെ തത്കാലത്തേക്ക് മാറ്റി. കല്യാണ ചെറുക്കൻ ഒളിച്ചോടി എന്ന് സുഹൃത്തുക്കൾ മുഖേന പെണ്ണിന്റെ വീട്ടിൽ അറിയിച്ചു.. തന്റെ സുഹൃത്തിന്റെ അച്ഛൻ കൂടിയായ അമ്പല കമ്മിറ്റി പ്രസിഡൻ്റ്റെ സഹായത്തോടെ അവളുടെ മാതാപിതാക്കളുടെ പൂർണ്ണ സമ്മദത്തോടെ അവൻ അവളുടെ കഴുത്തിൽ താലിചാർത്തി അവളെ സ്വന്തമാക്കി. ”

കഥകേട്ട് ഒരു നിമിഷത്തേക്ക് അമ്മു അവനെ തന്നെ നോക്കി നിന്നു.

” ദേവേട്ടാ… അപ്പോൾ ഏട്ടൻ ആയിരുന്നോ? ”

“അതേടാ.. ഞാൻ തന്നെ ആണ്‌ അവനെ മാറ്റിയതും കല്യാണം മുടക്കിയതും ഒക്കെ… നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല. ഇഷ്ടല്ല എന്ന് നീ പറഞ്ഞപ്പോളും നിന്റെ കണ്ണിൽ എന്നോടുള്ള പ്രണയം ഞാൻ കണ്ടിരുന്നു. ”

ഒരുപൊട്ടിക്കരച്ചിലോടെ അമ്മു ദേവന്റെ നെഞ്ചിലേക് വീണു.

“ചെയ്തത് ശരിയായ മാർഗം അല്ലെന്ന് അറിയാം… തെറ്റാണ് ചെയ്തത് എന്ന കുറ്റബോധവും എല്ലാം അറിഞ്ഞാൽ നീ എങ്ങനെ പ്രതികരിക്കും എന്ന പേടിയും ഉണ്ടായിരുന്നു.. പക്ഷേ, അവനിങ്ങനെ ഒരുത്തൻ ആണെന്ന് നീ പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ഞാൻ ചെയ്തത് തീർത്തും ശരിയായിരുന്നു എന്ന് . ”

അമ്മുവിന്റെ മുഖം കൈകളിൽ എടുത്ത് കൊണ്ട് ദേവൻ പറഞ്ഞു.

” ഇനി കരയരുത്. നിന്റെ കണ്ണീർ ചുട്ടപൊള്ളിക്കുന്നത് എന്റെ ഹൃദയത്തെ ആണ്… ഏത് പ്രതിസന്ധിയിലും നിനക്ക് ഞാനുണ്ടാകും കൂട്ടിന് ”

ഇത്രയും പറഞ്ഞു കൊണ്ട് ദേവന്റെ അധരങ്ങൾ അമ്മുവിന്റെ നെറുകയിൽ പതിഞ്ഞു.. അതു സ്വീകരിച്ചെന്ന പോൽ അവളുടെ കണ്ണുകൾ രണ്ടും അടഞ്ഞു.. പൂർണ ചന്ദ്രൻ മേഘങ്ങൾക്കിടയിലേക്ക് ഒളിച്ചു.. മഴ ആർത്തലച്ചു ഭൂമിയിലേക്ക് പെയ്തിറങ്ങുമ്പോൾ ദേവന്റെ പ്രണയം അമ്മുവിലേക്ക് ആഴ്ന്നിറങ്ങി.

ശുഭം

#സുഹൈല സിദ്ധീഖ്

LEAVE A REPLY

Please enter your comment!
Please enter your name here