Home Latest “ഓ ഇന്നത്തെ കാലത്ത് ഈ ക്യാൻസറിനൊന്നും ഒരു വിലയും ഇല്ലെടീ!

“ഓ ഇന്നത്തെ കാലത്ത് ഈ ക്യാൻസറിനൊന്നും ഒരു വിലയും ഇല്ലെടീ!

0

“ഓ ഇന്നത്തെ കാലത്ത് ഈ ക്യാൻസറിനൊന്നും ഒരു വിലയും ഇല്ലെടീ പനി തലവേദന എന്നൊക്കെ പറയുമ്പോലെ ചുമ്മാ പറഞ്ഞു നടക്കാം…
പോരാത്തതിന് കുറേ ചീഞ്ഞ ഓൺലൈൻ എഴുത്തുകാർ ക്യാൻസറിനെപ്പറ്റി എഴുതിയത് വായിച്ചു വായിച്ചു ഇപ്പൊ ക്യാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ ചിരി വരും.. ”

എന്ന് പറഞ്ഞ ശേഷം
“അനക്ക് ചിരി വരുന്നുണ്ടോ. ?”
എന്ന് ചോദിച്ച ഉടനേ അപ്പുറത്ത് നിന്നും പ്രതീക്ഷിച്ചതുപോലെത്തന്നെ വളപ്പൊട്ടുകൾ ചിതറുന്നതുപോലെ നല്ല മൊഞ്ചുള്ളൊരു ചിരി ഉയർന്നു കേട്ടു….
“പക്ഷേ… അനുഭവിക്കുന്നോർക്ക് ഇതൊന്നും അത്ര വല്യ തമാശ അല്ല ട്ടോ… ”
എന്നൊരു താക്കീതും വന്നു…
അതോടൊപ്പം
“ചില സമയത്ത് വേദനകൊണ്ട് പുളയുമ്പോൾ മരിച്ചു കിട്ടിയാൽ മതീന്ന് തോന്നും…
പോരാത്തതിന് ഇങ്ങക്കറിയൂലെ ന്റെ മുടി നല്ല പനങ്കുല പോലിരുന്നതാ ഇപ്പൊ ഒന്നായിട്ടും എലിവാല് പോലെ ആയി…
ഈ ക്യാൻസറു കണ്ടുപിടിച്ചോനെ ഒക്കെ വെടി വച്ചു കൊല്ലണം.. ”
എന്നുകൂടി കൂട്ടിച്ചേർത്തു ഓള് അപ്പുറത്തു നിന്നും ചിരിയെടാ ചിരി…
മ്മളാണെങ്കിൽ
“പെരുമ്പാമ്പിനെ ആണല്ലോ പടച്ചോനേ ” ചവിട്ടിപ്പോയത് എന്നോർത്ത് ചിരിക്കണോ കരയണോ എന്നറിയാത്ത വല്ലാത്തൊരു അവസ്ഥയിലായിപ്പോയി…
“മുടി ഫുൾ പൊയ്ക്കോട്ടേ ന്ന്‌… ഞമ്മക്ക് പുതിയ മോഡൽ ആക്കാം.. ഫുൾ ഫ്രീക്ക് ലുക്കാക്കിത്തരുന്ന കാര്യം ഞാനേറ്റു ”
എന്ന് പറഞ്ഞപ്പോൾ അപ്പുറത്ത് വീണ്ടും ചിരിയുടെ കുപ്പിവളകൾ കിലുങ്ങാൻ തുടങ്ങി….
“എനിക്ക് ഇങ്ങളെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം ന്താ ന്നറിയോ ”
എന്ന ഓളെ ചോദ്യം കേട്ടപ്പോൾ ഞാൻ നീട്ടി വളർത്തിയ താടിയിൽ ചെറുതായൊരു തടവ് തടവി ഒരു കള്ളച്ചിരി പാസാക്കി..
“ന്റെ താടി കണ്ടിട്ടല്ലേ… അല്ലേലും ന്റെ താടി നാട്ടിലൊക്കെ ഭയങ്കര ഫേമസ് ആണ് ”
എന്നങ്ങോട്ട് തള്ളി…
അത് കേട്ട ഉടനേ..
“ഇങ്ങളെ ഒരു ഒലക്കമ്മലെ താടി… ,
ങ്ങളെ ന്റെ കയ്യിൽ കിട്ടിയാൽ ആദ്യം തന്നെ ഞാനാ ചപ്രാച്ചി താടിക്ക് തീയിടും ന്നട്ടെ ഉള്ളൂ ബാക്കി കാര്യം ”
എന്നും പറഞ്ഞു ഓള് ഭദ്രകാളിയെപ്പോലെ ഉറഞ്ഞു തുള്ളി….
വേഗം വിഷയം മാറ്റിയില്ലെങ്കിൽ നാളത്തേക്ക് മ്മള് ആറ്റു നോറ്റു വളർത്തിയ താടി വടിക്കാൻ എങ്ങാനും ഓള് ആവശ്യപ്പെട്ടാൽ പെടും എന്ന് ഉറപ്പുള്ളതുകൊണ്ട്..
“പോന്നൂസേ… ഇയ്യ് ചൂടാവല്ലേ.. ഇനിക്കറിയൂല അത് എന്താണെന്ന് ഇയ്യെന്നെ പറഞ്ഞു താ ”
എന്ന് ലേശം അങ്ങോട്ട്‌ ഒലിപ്പിച്ചു ചോദിച്ച ശേഷം ഒരു മൂന്നാലു മുത്തും രണ്ടു കൊട്ട ചക്കരേയും ഒരു ലോഡ് ലബ്യുവും ഒക്കെക്കൂടി അങ്ങോട്ട്‌ ചാമ്പിയതോടെ ആള് തൽക്കാലത്തേക്ക് ഒന്ന് അടങ്ങി…
“ന്നാ ഞാൻ പറയട്ടെ ”
എന്ന് ഒരിക്കൽക്കൂടി അവൾ ചോദിച്ചപ്പോൾ
“ഉം.. നീ പറ മുത്തേ ”
എന്ന് പറഞ്ഞു ചെറിയൊരു പ്രോത്സാഹനം കൊടുത്തു…
“അത് പിന്നേ… നിക്ക് സൂക്കേട് ആണെന്ന് അറിഞ്ഞ ശേഷവും ന്നോട് തമാശ പറയാനും ന്നെ കളിയാക്കാനും ഒന്നും ഇങ്ങളൊഴികെ മറ്റാരും ധൈര്യപ്പെട്ടിട്ടില്ല.. അതെന്നെ ”
അത് പറയുമ്പോൾ ഓളുടെ തൊണ്ട ഒന്ന് ഇടറിയോ എന്നൊരു സംശയം…
അവിടെ കണ്ണ് നിറയുന്നത് ഇവിടെ ഖൽബിൽ അറിയാൻ പറ്റും..
അന്നേരം മനസ്സിന് വല്ലാത്തൊരു നീറ്റലാണ്…
“ഓ… അതാപ്പോ വല്യ കാര്യം… സത്യം പറഞ്ഞാൽ എനിക്ക് മരണവീട്ടിൽ പോയാൽ പോലും ചിരി വരും…
പോരാത്തതിന് മരിച്ച വീട്ടിൽ പോണ സമയത്ത് വായ് നോക്കാൻ പറ്റിയ വല്ല മൊഞ്ചത്തിമാരും അവിടെ ഉണ്ടാവണേ എന്നൊക്കെ പ്രാർത്ഥിച്ചിട്ടാണ് ഞാൻ പോവാറ് ”
പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അക്കിടി മനസ്സിലായത്…
അപ്പോഴേക്കും ഓള് ഫോൺ കട്ട് ചെയ്തുകളഞ്ഞു.. ദുഷ്ട..
പിന്നെയും ഒരു മൂന്നാലു വട്ടം വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല…
അവസാനം സ്വിച്ചോഫും ആക്കിയതോടെ മ്മള് കട്ടയും പടവും മടക്കി മെല്ലെ ഉറങ്ങാൻ കിടന്നു….


രാവിലെ എണീറ്റ ഉടനേ ഫേസൂക്കിൽ നോക്കിയെങ്കിലും പതിവുപോലെ ഓളെ മെസേജ് ഇല്ല…
ഇങ്ങോട്ടില്ലെങ്കിലും അങ്ങോട്ട്‌ അയക്കുക എന്നതാണല്ലോ ഒരു യാഥാസ്ഥിതിക കാമുകന്റെ കർത്തവ്യം…
“മോളൂസേ… മരണവീട്ടിൽ പോയി വായ്നോക്കുന്ന കാര്യം അത് ഞാൻ ചുമ്മാ തള്ളിയതാണ്…
അല്ലേലും ആരെങ്കിലും മരണവീട്ടിൽ ഒക്കെ പോയി വായ്നോക്കുമോ..
ഇനീപ്പൊ അങ്ങനെ നോക്കീട്ടുണ്ടെങ്കിലും അത് ഈ അടുത്ത കാലത്തൊന്നും അല്ല.. കുറേ പണ്ടാണ്.. ഇപ്പൊ ഞാൻ നല്ല കുട്ടിയാണ്.. സത്യം.. ”
എന്നൊക്കെ പറഞ്ഞു നല്ലൊരു മെസേജ് തട്ടിയ ശേഷം..
പതിവുപോലെ കണ്ണാടിക്ക് മുന്നിൽ പോയി നിന്ന് ബനിയൻ അഴിച്ചു സിക്‌സ്പാക്ക് വന്നോ എന്ന് നല്ലോണം പരിശോദിച്ചു..
എന്നത്തേയും പോലെ സിക്സ്പാക്കിന്റെ പൊടി പോലും കാണാനില്ല..
ആകെ മൊത്തം ഒരു റൈസ്പാക്ക് പോലെയാണ് കിടക്കുന്നത്…
ന്താ ലേ…
തൽക്കാലം അതിലൊന്നും പതറാതെ പല്ല് തേക്കാൻ ഉള്ള മടി കാരണം ഇച്ചിരി കോൾഗേറ്റ് വായിലാക്കി വെള്ളം കൂട്ടി നന്നായി കുപ്ലിച്ച ശേഷം തുപ്പിക്കളഞ്ഞിട്ടു മുഖം കഴുകി നനഞ്ഞ കൈകൊണ്ട് മുടി നല്ലോണം ഒന്ന് സ്പൈക്ക് ആക്കി വച്ചു മ്മളെ പതിവ് പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കി നേരെ തീന്മേശയിലേക്ക് നടന്നു…

കഴിച്ചുകൊണ്ടിരിക്കുന്നതിനിടക്ക്
“അല്ലുമ്മാ… ഇങ്ങക്ക് അസ്‌നയെ അറിയൂലെ.. “..
എന്ന് ചോദിച്ചപ്പോൾ ഉമ്മ രണ്ടു കഷ്ണം പുട്ടെടുത്ത് പാത്രത്തിലേക്ക് ഇട്ടു തന്നിട്ട്
“ഏത് അസ്ന… അനക്ക് കുറേ അസ്നമാർ ഉണ്ടല്ലോ.. അതിൽ ഏതാ ”
എന്ന് തിരിച്ചൊരു ചോദ്യം…
ആ ചോദ്യത്തിന്റെ പവറിൽ പുട്ട് അണ്ണാക്കിൽ ചെന്ന് ചെറുതായൊന്നു കുരുങ്ങി.
കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വരുന്നത് കണ്ടപ്പോൾ തന്നെ ഉമ്മാക്ക് കാര്യം പിടികിട്ടിയെന്നു തോന്നുന്നു…
മൂപ്പത്തി വേഗം ഒരു ഗ്ലാസ്‌ വെള്ളം എടുത്ത് കുടിക്കാൻ തന്നിട്ട് നൈസായിട്ട് ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്ന് പറഞ്ഞപോലെ മൂർദ്ധാവിൽ നല്ല കനത്തിൽ രണ്ട് അടിയും തന്നു..
“ആ ക്യാൻസറുള്ള കുട്ടി ആണോ. ? ”
പുറം തടവിത്തരുന്നതിനിടക്ക് മൂപ്പത്തി ചോദിക്കുന്നുണ്ടായിരുന്നു….
“അല്ലാന്ന് ഓളെ ഞമ്മക്ക് ഇങ്ങോട്ട് എടുത്താലോ ”
അത് കേട്ടപ്പോഴേക്കും ഉമ്മാന്റെ മുഖം ചെറുതായൊന്നു വാടി….
“ഇയ്യ് ആ കുട്ടിക്ക് വെറുതേ വേണ്ടാത്ത ആഗ്രഹങ്ങളൊന്നും കൊടുക്കണ്ട ട്ടോ മാന്വോ”
എന്നൊരു താക്കീതും തന്നു…
പുട്ട് തൊണ്ടയിൽ കുടുങ്ങാതിരിക്കാൻ
ഒരു ഗ്ലാസ്‌ വെള്ളം കൂടി അകത്താക്കിയിട്ട്
ഉമ്മാനെ മെല്ലെ ഏറുകണ്ണിട്ടു നോക്കി ഒരു ഇളിഞ്ഞ ചിരിയും പാസാക്കി..
“ചെറുതായിട്ട് പറ്റിപ്പോയി മ്മാ.. കണ്ട്രോള് ചെയ്യാൻ പറ്റീല ”
എന്ന് പറഞ്ഞ ഉടനേ ഉമ്മ
“ലാ ഹൗലു വലാ ഖുവ്വത്തു ഇല്ലാ ബില്ലാ ” ന്നും പറഞ്ഞു തലേൽ കൈവച്ചു.. പണ്ടത്തെ സിനിമയിൽ തിലകൻ ഒക്കെ പറയുന്നതുപോലെ കണ്ണൊക്കെ ചുവപ്പിച്ചു പുരികം വിറപ്പിച്ചുകൊണ്ട്
“ഇറങ്ങിപ്പോടാ ന്റെ പൊരെന്നും ”
എന്ന് പറഞ്ഞു ഒരൊറ്റ ആട്ടായിരുന്നു…
ഉമ്മ എന്താ ഉദ്ദേശിച്ചത് എന്ന് പെട്ടെന്ന് പിടികിട്ടിയത് കൊണ്ട് കൈച്ചിലായി..
അല്ലേൽ ഉമ്മ പറയുന്നതും കേട്ട് ഇറങ്ങിയിരുന്നേൽ പെട്ടു പോയേനെ…
“അയ്യേ… അതല്ല ഉമ്മാ… ചെറിയ മോഹങ്ങളൊക്കെ കൊടുത്തുപോയി ”
എന്ന് പറഞ്ഞപ്പോൾ ആണ് മൂപ്പത്തിക്ക് ആശ്വാസമായത്…
“നിക്ക് കുഴപ്പൊന്നും ഇല്ല… ഇയ്യ് കൊണ്ടുവന്നോ..
പക്ഷേ അതല്ല പ്രശ്നം..
ഓൾക്ക് മരുന്ന് വാങ്ങിക്കൊടുക്കാനും ആസ്പത്രിയിൽ കൊണ്ടോവാനും ഒക്കെ അന്റെ കയ്യിൽ കായുണ്ടോ ”
എന്ന് ഉമ്മ ചോദിച്ചപ്പോൾ ആണ് മേലോട്ട് നോക്കിയത്…
“അതൊക്കെ ണ്ടായിക്കോളും മ്മാ ”
എന്ന് പറഞ്ഞപ്പോൾ..
“ണ്ടാവും ണ്ടാവും… അന്നോട് ഇവിടുത്തെ കക്കൂസിനു ഒരു നല്ല വാതില് വാങ്ങി വച്ചു തരാൻ പറഞ്ഞിട്ട് കാലമെത്രയായി കുരുപ്പേ ”
എന്നൊരു ചോദ്യമായിരുന്നു…
അത് കേട്ട ഉടനേ
“ആനക്കാര്യത്തിനിടക്കാണോ ഇമ്മാ ഇങ്ങളെ ചേനക്കാര്യം… ഇങ്ങക്ക് ഇവിടുത്തെ പൊട്ടിപ്പൊളിഞ്ഞ കക്കൂസാണോ വലുത് അതോ ഞാനാണോ വലുത് ”
എന്നങ്ങോട്ട് കാച്ചി… അതോടെ ഉമ്മ സൈലന്റായി….
“അല്ല.. ഇതിപ്പൊ ഓൾക്കല്ല സൂക്കേട് ഇങ്ങക്കാണ് ക്യാൻസറു വന്നതെങ്കിൽ മ്മള് എന്ത് ചെയ്യും ഉമ്മാ ”
എന്ന് ചോദിച്ച ഉടനേ തന്നെ മൂപ്പത്തി കരിനാക്ക് തട്ടാതിരിക്കാൻ നീട്ടി നാല് തുപ്പും തുപ്പി…
നേരെ അടുക്കളയിലേക്ക് ഓടി രക്ഷപ്പെട്ടു…
അവിടെ ചെന്നിട്ട്
“ഇയ്യ് ധൈര്യായിട്ട് ഓളെ ഇങ്ങോട്ട് കൊണ്ടോന്നോ.. അല്ലേലും ഈ സൂക്കേടൊക്കെ പടച്ചോൻ തരുന്നതല്ലേ.. പടച്ചോൻ തന്നെ അതിനുള്ള വഴിയും കാണിച്ചു തരും ”
എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു…
“ആയിക്കോട്ടെ മ്മാ ”
എന്ന് പറഞ്ഞ ഉടനേ..
“പെണ്ണ് കെട്ടുന്നതിന് മുമ്പ് ആ കക്കൂസിന്റെ വാതില് നന്നാക്കിയില്ലേൽ അന്റെ മെഡുലാ ഒബ്ലാംഗേറ്റ ഞമ്മള് അടിച്ചു പൊളിക്കും.. നോക്കിക്കോ ”
എന്നുകൂടി മൂപ്പത്തി കൂട്ടിച്ചേർത്തു…
അല്ലേലും ഉമ്മ ഞമ്മളെ ഉമ്മ അല്ലേ…
മൂപ്പത്തിക്ക് ഇപ്പോളും ക്യാൻസറിനേക്കാൾ വലുത് കക്കൂസിന്റെ വാതിലാണ് പോലും…
ന്താ ലേ ചെയ്യാ

മൊഞ്ചുള്ള ക്യാൻസർ | Saleel Bin Qasim

LEAVE A REPLY

Please enter your comment!
Please enter your name here