Home Latest സായി ഏട്ടനോട് ഇപ്പോൾ എനിക്ക് പ്രേമം ഒന്നും ഇല്ല,ആ സ്ഥാനത്ത് മറ്റൊരാൾ വന്നുകഴിഞ്ഞു… Part –...

സായി ഏട്ടനോട് ഇപ്പോൾ എനിക്ക് പ്രേമം ഒന്നും ഇല്ല,ആ സ്ഥാനത്ത് മറ്റൊരാൾ വന്നുകഴിഞ്ഞു… Part – 10 (അവസാന ഭാഗം)

0

Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Anu Kalyani

വിയോമി ഭാഗം 10 ☘️അവസാന ഭാഗം☘️

കല്ല്യാണനിശ്ചയം തറവാട്ടിൽ വച്ച് വേണമെന്ന് അമ്മാവൻ നിർബന്ധമായിരുന്നു.നിശ്ചയത്തിന്റെ രണ്ട് ദിവസം മുമ്പ് തന്നെ അമ്മയും അപ്പുവും അച്ഛനും മധുവും എല്ലാവരും വന്നു, ഇതുവരെ കാണാത്ത സന്തോഷമായിരുന്നു അവരുടെ മുഖത്ത്.ഞാൻ കാരണം ചിരിക്കാൻ മറന്നുപോയവർ ഇന്ന് ഞാൻ കാരണം ചിരിക്കുന്നു.

കല്ല്യാണം മകരത്തിൽ നടത്താം എന്ന് എല്ലാവരും കൂടി തീരുമാനിച്ചു.എന്നാൽ അപ്രതീക്ഷിതമായി വന്ന ട്രാൻസ്ഫർ കാരണം ഒരു വർഷത്തേക്ക് നീട്ടേണ്ടി വന്നു.

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
ട്രാൻസ്ഫർ വലിയ വിഷമം ഉണ്ടാക്കിയിരുന്നു, ഒരു ദിവസം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത രീതിയിൽ ഞങ്ങളുടെ പ്രണയം വളർന്നിരുന്നു,
ഓഫീസുമായി വല്ലാത്ത ഒരു ബന്ധം ഉണ്ടായിരുന്നു, മുമ്പ് ജോലി ചെയ്തിരുന്ന എവിടെയും കിട്ടാത്ത ഒരു ബന്ധം.
എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ തുറന്ന ചിരിയോടെ കണ്ണുകൾ കൊണ്ട് യാത്ര പറയുകയായിരുന്നു ഏട്ടൻ.

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
പുതിയ ഓഫീസ്, പുതിയ നാട്, ഹോസ്റ്റൽ, ആളുകൾ പൊരുത്തപ്പെടാൻ കുറേ സമയം എടുത്തു, ഇടയ്ക്കിടെ ഉള്ള ഏട്ടന്റെ സന്ദർശനം വലിയ ആശ്വാസം ആയിരുന്നു, അവധി കിട്ടുമ്പോഴൊക്കെ പോയി കാണാൻ മനസ്സ് തുടിക്കുമെങ്കിലും വഴക്ക് ഭയന്ന് പോകാറില്ല.അസാന്നിദ്ധ്യത്തിൽ പോലും ആ സാന്നിധ്യം ഞാൻ അറിയാറുണ്ടായിരുന്നു.
ഹോസ്റ്റലിൽ എന്റെ റൂം മേറ്റ് ആയിരുന്നു മീര, എന്റെ എല്ലാ കാര്യങ്ങളും നന്നായി അറിയാവുന്ന കൂട്ടുകാരി, എന്നെ പോലെ തന്നെ അവളും വിരഹവേദനയിൽ ആയിരുന്നു,ഭർത്താവിനെ ആണെന്ന് മാത്രം.

ഒരു ദിവസം ഹോസ്റ്റലിൽ വച്ച് മീര തലകറങ്ങി വീണു, ഡോക്ടറുടെ നിർദേശപ്രകാരം ചെക്കപ്പ് ചെയ്ത് റിസൽട്ടിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സായി ഏട്ടനെ അവിടെ കണ്ടത്, എന്നെ കണ്ടതും മിഴികൾ ഒന്ന് വിടർന്നു, പതിയെ അരികിലേക്ക് വന്നു.

“നീ എന്താ ഇവിടെ?”.
“എന്റെ ഫ്രണ്ടിന്റെ കൂടെ വന്നതാണ്”
“സായി ഏട്ടൻ എന്താ ഇവിടെ”
“ശിവാനിയെ ഇവിടെ ആണ് കാണിക്കുന്നത്”
വലത് കൈ വയറ്റിൽ വച്ച് വീർത്ത വയറുമായി ശിവാനി ചിരിയോടെ അരികിൽ വന്നു.
“ചേച്ചി…. സുഖമല്ലേ, ആന്റി പറഞ്ഞിരുന്നു കല്ല്യാണക്കാര്യം”
മറുപടിയായി ഒന്ന് ചിരിച്ചു.
“ശിവാനി”
കുറച്ച് അപ്പുറത്ത് നിന്നും നേഴ്സ് വിളിച്ചു
“ഞാൻ പോയിട്ട് വരാം,നിങ്ങൾ സംസാരിക്ക്”

അടുത്തടുത്തുള്ള രണ്ട് കസേരയിൽ ഒന്നും സംസാരിക്കാതെ കുറേ സമയം ഇരുന്നു.മൗനത്തെ ഭേദിച്ച് ഞാൻ തന്നെ ചോദിച്ചു.
“ശിവാനിയ്ക്ക് ഇപ്പോൾ എത്ര മാസമായി”
“അഞ്ച്”
കയ്യിലെ ചാവി ചൂണ്ടുവിരലിലിട്ട് കറക്കി, താഴേക്ക് നോക്കി ഇരിക്കുകയാണ്.
“നിനക്ക് സുഖം അല്ലെ”
“അതേ,ഏട്ടനോ”

“കുറച്ച് നാൾ മുമ്പ് വരെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു,ശിവാനിയെ സ്നേഹിക്കാനോ നിന്നെ മറക്കാനോ കഴിയാത്ത അവസ്ഥ, പക്ഷേ അവൾ സ്നേഹം കൊണ്ട് എന്നെ തോൽപ്പിച്ചു കളഞ്ഞു,ഇപ്പോൾ അവളെ കാണാതെ ഒരു ദിവസം പോലും എനിക്ക് നിൽക്കാൻ കഴിയില്ല”

“ഞാനും, അപ്പുവിന്റെ കല്ല്യാണത്തിന്റെ അന്ന് ശിവാനി എന്നോട് കുറെ സംസാരിച്ചിരുന്നു, ശരിക്കും പറഞ്ഞാൻ ആ കുട്ടിയുടെ മനസ്സ് എത്ര വലുതാണെന്ന് ഞാൻ മനസ്സിലാക്കുന്നത് അന്നാണ്,അവളെ കിട്ടിയത് ഏട്ടന്റെ ഭാഗ്യം ആണ്”
“അമ്മു, ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”
“എന്താ”
“നിനക്ക് പൂർണമായിട്ടും എന്നെ മറക്കാൻ കഴിഞ്ഞിട്ടുണ്ടോ”
“ഇല്ല”

ഒരു നിമിഷം പോലും വേണ്ടി വന്നില്ല അതിന് ഉത്തരം കൊടുക്കാൻ, തലയുയർത്തി എന്നെ അത്ഭുതത്തോടെ നോക്കി, ചിലപ്പോൾ അങ്ങനെ പെട്ടെന്ന് ഒരു മറുപടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
“എത്രയൊക്കെ സന്തോഷത്തിൽ ആണെങ്കിലും എല്ലാം ദിവസവും ഏതെങ്കിലും ഒരു നിമിഷം സായി ഏട്ടന്റെ ഓർമ്മകൾ ഉണ്ടാകാറുണ്ട്,
എന്ന് കരുതി സായി ഏട്ടനോട് ഇപ്പോൾ എനിക്ക് പ്രേമം ഒന്നും ഇല്ല,ആ സ്ഥാനത്ത് മറ്റൊരാൾ വന്നുകഴിഞ്ഞു”.
“ഏട്ടാ ചെക്കപ്പ് കഴിഞ്ഞു”
അപ്പോഴേക്കും ശിവാനി വന്നിരുന്നു, യാത്ര പറഞ്ഞ് കാറിലേക്ക് കയറുമ്പോൾ പതിവ് പോലെ ചിരിയോടെ യാത്ര പറഞ്ഞു.

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
കല്ല്യാണം അടുത്ത് എത്തിയിരുന്നു, ലീവ് എടുത്ത് വീട്ടിലേക്കു പോകുമ്പോൾ മീരയെയും ഓഫീസിലെ സ്റ്റാഫിനെയും കല്ല്യാണത്തിന് വിളിക്കാൻ മറന്നില്ല.

വീണ്ടും എന്റെ വീട്ടിൽ കല്ല്യാണപന്തൽ ഉയർന്നു, ആരെയും ഭയക്കാതെ, ആരുടെയും ചോദ്യങ്ങളെ പേടിക്കാതെ ധൈര്യമായി തന്നെ എല്ലാവരെയും നേരിട്ടു.

അച്ചു ഏട്ടന്റെ കൈ പിടിച്ച്,ആ വീടിന്റെ മരുമകളായി വീണ്ടും ഞാൻ തറവാട്ടിലേക്ക് കയറി,പാറുവും വിവേക് ഏട്ടനും ഞങ്ങൾക്ക് ഇരുവശത്തും ഉണ്ടായിരുന്നു.
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആയിരുന്നു മനസ്സിൽ.

രാത്രിയിൽ ചില്ല് കൂട്ടിലെ മഞ്ചാടി കുരുകൾ നോക്കി നിന്നു, എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു,തറവാട്ടിലേക്ക് വന്നതും, പ്രണയവും,കല്ല്യാണവും എല്ലാം.എപ്പോഴാണ് അച്ചു ഏട്ടനോട് എനിക്ക് പ്രണയം തോന്നി തുടങ്ങിയത്,എന്നിൽ തിരിച്ചറിയാത്ത പലതും ഏട്ടനിലൂടെ അറിയാൻ തുടങ്ങിയപ്പോഴോ?.
ചിന്തകളിൽ മുഴുകിയിരുന്ന് ഏട്ടൻ മുറിയിൽ വന്നത് പോലും അറിഞ്ഞില്ല, പിറകിലൂടെ വയറിൽ ചുറ്റി തോളിൽ താടി വച്ച്, എന്റെ കൂടെ മഞ്ചാടി മണികളെ നോക്കി.
“വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാ…എന്താണ് ഇതിൽ ഇത്ര നോക്കാനുള്ളത്”.
“ഈ ചില്ല് കൂട്ടിലെ മഞ്ചാടി മണികളിൽ ഒന്ന് ഞാനും മറ്റൊന്ന് ഏട്ടനും ആണ്,”
പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു.
“ഏട്ടാ, പ്രണയത്തെ ഏറ്റവും അധികം ചേർത്ത് വയ്ക്കുന്നത് പ്രകൃതിയോടാണെന്ന്
പറയുന്നത് ശരിയാണോ”
“എന്താ അങ്ങനെ ചോദിക്കാൻ”
“ഒന്നൂല, വെറുതെ…….ഏട്ടാ, ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ”
“എന്താ, ചോദിച്ചോ”
“എപ്പോഴാണ് ഏട്ടന് എന്നോട് സ്നേഹം തോന്നി തുടങ്ങിയത്”
ഒന്ന് ചിരിച്ചു, എന്റെ തോളിൽ പിടിച്ച് ജനലിന്റെ അടുത്തേക്ക് നടന്നു, പുറത്തേക്ക് നോക്കി.
“ഏറ്റവും സുന്ദരമായ ആഗ്രഹങ്ങൾ ഉണ്ടാകുന്നത് കുട്ടികാലത്ത് ആണ്,ആ മാവിൻ ചോട്ടിൽ ഇരുന്ന് ചെറുപ്പത്തിൽ നമ്മൾ ഒരുമിച്ച് കളിച്ചത് നിനക്ക് ഓർമ്മയുണ്ടോ”
ഇല്ല എന്ന് തലയാട്ടി.

“കാലങ്ങൾക്ക് ശേഷം നിന്നെ കണ്ടപ്പോൾ ആ പഴയ തന്റേടം ഒന്നും ഇല്ലായിരുന്നു, നിന്റെ കണ്ണിലെ നിർവികാരത അതാണ് എന്നെ ആകർഷിച്ചത്”
ഒന്ന് നിർത്തി, വീണ്ടും തുടർന്നു.
“നീ ഓസ്കാർ വൈൽഡ് എന്ന് കേട്ടിട്ടുണ്ടോ, അദ്ദേഹത്തിന്റെ ഒരു വാചകം ഉണ്ട്,’കയ്പേറിയ പരീക്ഷണങ്ങളായി നമുക്ക് തോന്നുന്ന കാര്യങ്ങൾ പലപ്പോഴും വേഷം മാറി എത്തുന്ന അനുഗ്രഹങ്ങളായിരിക്കും’, എന്റെ ജീവിതത്തിൽ അത് നീ ആണ്,വിയോമി”
“ഏട്ടാ എനിക്ക് ഇപ്പോൾ എന്താ ഓർമ്മ വരുന്നത് എന്ന് അറിയോ”
“എന്താ, ഒരു കുസൃതി ചിരിയോടെ ചോദിച്ചു.
“ഒരു പാട്ട്”
“ആഹാ കൃഷി ഓഫീസർ പാട്ട് ഒക്കെ പാടുമോ, എന്നാ ഒന്ന് പാടിക്കെ”
“പാടില്ല, പക്ഷേ പറയാം”
“ആയിക്കോട്ടെ, എന്നാ പറയ്”

“ഈ തെന്നലും തിങ്കളും പൂക്കളും
നീയും ഈ രാവും എന്നും കൂടെയുണ്ടെങ്കിൽ
ഈ പൂങ്കുലയിൽ പാട്ടിലെ ഈണവും
നീയുമീ നോവും എന്നുമെൻ ,
കൂട്ടിനുണ്ടെങ്കിൽ………..”

പാടി കഴിയുമ്പോഴേക്കും ആ കൈകൾ എന്നെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചിരുന്നു.

മഹാത് വചനങ്ങൾ അക്ഷരങ്ങൾ കൊണ്ട് അധ്യാപകർ പഠിപ്പിക്കുമ്പോൾ, അനുഭവം കൊണ്ട് പഠിപ്പിക്കാൻ ജീവിതത്തിൽ ചിലർ വരും,അമ്മയിലൂടെ,അച്ഛനിലൂടെ,സായി ഏട്ടനിലൂടെ,അനന്യമോളിലൂടെ, ഒടുക്കം അച്ചൂ ഏട്ടനിലൂടെയും.
മനോഹരമായ രാവിന്റെ തണുത്ത കാറ്റിൽ ആ നെഞ്ചിൽ തല ചായ്ച്ച് ആകാശത്തേക്ക് നോക്കി, നക്ഷത്രങ്ങൾക്കും ചന്ദ്രനും ഇന്ന് ഭംഗി കൂടിയത് പോലെ………..

🌺 അവസാനിച്ചു…..🌺

അധികം നീട്ടി ബോറാക്കുന്നില്ല.
ഇത് എന്റെ ആദ്യത്തെ പരീക്ഷണം ആയിരുന്നു, അതിന്റെ പൊരുത്തക്കേടുകൾ ഒരുപാട് ഉണ്ടെന്ന് തോന്നുന്നു.
എങ്കിൽ പോലും നിങ്ങൾ എനിക്ക് തന്ന ചെറിയ ലൈക്കും കമന്റും തുടർന്ന് എഴുതാനുള്ള ഊർജ്ജം തന്നെയായിരുന്നു.
എല്ലാവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു……
സ്വന്തം

🌾അനു കല്ല്യാണി 🌾

LEAVE A REPLY

Please enter your comment!
Please enter your name here