Home Latest അവളുടെ ഈ സ്നേഹപരിലാളന കണ്ട് നെഞ്ച് പിടഞ്ഞു. ഈ സ്നേഹം ഇനി എത്രനാൾ…?

അവളുടെ ഈ സ്നേഹപരിലാളന കണ്ട് നെഞ്ച് പിടഞ്ഞു. ഈ സ്നേഹം ഇനി എത്രനാൾ…?

0

ഇനി എത്ര ദൂരം..?

“ഉണ്ണിയേട്ടാ ദാ ഇത് കണ്ടോ… ഈ ചക്കി ഇത് കഴിക്കുന്നില്ല. .. ”

നന്ദന ചക്കിയുടെ പിന്നാലെ ഓടുകയാണ്.
ഒരുകയ്യിൽ ഉരുളചോറുമായ്.
ചക്കി നന്ദനയ്ക്ക് പിടികൊടുക്കാതെ ഓടുകയാണ്.
ഓടുവിൽ തനിക്ക് ചുറ്റും ചിരിച്ച്കൊണ്ട് വട്ടംകറങ്ങാൻ തുടങ്ങി.
ഷേവ് ചെയ്തു കൊണ്ടിരുന്നതിനാൽ ബ്ലേഡ് ഒന്ന് പാളി .അല്പം മുറിഞ്ഞു.
നന്ദന ഇത് കണ്ടു വെപ്രാളത്തോടെ ഓടി വന്നു.

“എന്താ ഉണ്ണിയേട്ടാ ഇത് ..!ചോര വരണത് കണ്ടില്ലെ..?”തിരിഞ്ഞ് ചക്കിയോട്

” കണ്ടോപപ്പയുടെ മുഖത്ത് നിന്ന് ചോരവരണത്.
നീയാ ,മാറിയെ അസത്തെ… ”

ചക്കിയുടെമുഖം ഇരുണ്ടു. ആ കുഞ്ഞു മുഖത്ത്സങ്കടംവന്നു നിറഞ്ഞു ചിണുങ്ങി കൊണ്ട് സെറ്റിയിൽ പോയിരുന്നു.

“എന്താ നന്ദു .. അവൾ കുഞ്ഞല്ലെ…?”നന്ദനയെ ശാസിച്ചു.

അതൊന്നും ശ്രദ്ധിക്കാതെ ഡെറ്റോളും, പഞ്ഞിയുമായ് വന്നു നേഴ്സിന്റെ കരവിരുതോടെ ഡെറ്റോൾ പഞ്ഞിയിൽ മുക്കി രക്തം കിനിയുന്ന ഇടം തുടയ്ക്കാൻ തുടങ്ങി.

അവളുടെ ഈ സ്നേഹപരിലാളന കണ്ട് നെഞ്ച് പിടഞ്ഞു. ഈ സ്നേഹം ഇനി എത്രനാൾ…?
വിങ്ങിപ്പൊട്ടിയ ഹൃദയം കണ്ണുകളിലേയ്ക്ക് കണ്ണുനീർത്തുള്ളികളെ പറഞ്ഞയച്ചു.

“അയ്യെ.. എന്തിനാ എട്ടാ കരയുന്നെ…? ഇത് ചെറിയ ഒരു മുറിവാ…” നിഷ്ക്കളങ്കമായ വാക്കുകൾ കേട്ട് ഉള്ളിലെ നൊമ്പരത്തിൻ അണ പൊട്ടി കണ്ണുനീർ കരകവിഞ്ഞൊഴുകി.

“ചക്കി … ദാ ഇത് കണ്ടോ..? പപ്പാകരയുന്നു. വേഗം വാ.. ”

നന്ദനയെ ചേർത്ത് പിടിച്ച് ആ തിരുനെറ്റിയിൽ ഒരു ചുംബനം നൽകി. കണ്ണുനീർ അവളുടെ നെറ്റി നനച്ചു.

“ശ്ശോ എന്താ ഉണ്ണിയേട്ടാ വിട് .. മോള് നോക്കുന്നു…. ”

അവൾ കുതറി.
ഇത് കണ്ട് ചക്കികൈകൊട്ടിആർത്ത്ചിരിച്ചു.

“ശോ… “എന്തോ മറന്ന പോലെ നന്ദന വേഗം അടുക്കളയിലേയ്ക്ക് ഓടി.

നന്ദനരാത്രികളിൽ താനറിയാതെ എഴുന്നേൽക്കുന്നത് പതിവായിരുന്നു. ഒരു നാൾ കണ്ടു .വിയർത്ത് കുളിച്ച് ഇരിക്കുന്ന നന്ദനയെ

“എന്താ.. നന്ദു ഇത്..??”

” ഇത് പതിവാ ഉണ്ണിയേട്ടാ..” അവൾ നിസ്സാരമായ് പറഞ്ഞു.
അവൾ ധരിച്ചിരുന്ന നൈറ്റി വലുതായോ..? അതോനന്ദന ചെറുതായോ..?ഒരു സംശയം.

രണ്ട് നാൾ കഴിഞ്ഞ് ഛർദ്ദിക്കുന്നത് കണ്ടു..
അതിനും അവളുടെ ഒരുമറുപടി നനഞ്ഞചിരിയിൽ ഒതുക്കി.
അ സത്യം ഞെട്ടലോടെ മനസ്സിലായ്.അവൾ പകുതി ആയിരിക്കുന്നു. കവിളുകൾ ഒട്ടിയിരിക്കുന്നു. ഒരുതരം വിളർച്ച.

ഡോക്ടറെ കണ്ട് മടങ്ങുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു. നന്ദന തന്റെതോളിൽ ചാഞ്ഞ് കിടന്ന് മയങ്ങുന്നു.
റിസൾട്ടിന് രണ്ട് നാൾകഴിഞ്ഞ് വരാൻപറഞ്ഞതിൽ എന്തോ അസ്വഭാവികത തോന്നുന്നു.

രണ്ട് നാൾ കഴിഞ്ഞ് ഡോക്ടറെകാണാൻഎത്തി.
സുശീലൻ ഡോക്ടറോപ്പംവെറെയും രണ്ട് പേർ കൂടി ഉണ്ടായിരുന്നു.ഡോക്ടർ അല്പനേരം നിശബ്ദനായ് ഇരുന്നു.
എന്നിട്ട് തുടർന്നു.

“മിസ്റ്റർ ഉണ്ണി.. പറയാൻ വിഷമമുണ്ട്. എന്നാലും പറഞ്ഞെതീരു.”
ഒന്ന് നിർത്തിയിട്ട് തുടർന്നു.

“നന്ദനയ്ക്ക് ബ്ലഡ് ക്യാൻസർ ആണ് ഒരു പാട് വൈകിയിരിക്കുന്നു.”

ശിരസ്സിൽ ആരോചുറ്റിക കൊണ്ട് പ്രഹരിച്ച പോലെ.ഡോക്ടർ പിന്നെയുംഎന്തെല്ലാമോ പറയുന്നുണ്ടായിരുന്നു.
സ്തബദ്ധനായ് ഇരുന്നു. വിശ്വാസം വരുന്നില്ല.
ലോകം കീഴ്‌മേൽമറിഞ്ഞ പോലെ.

” ഡോക്ടർ, ഇനി റിസെൽട്ടെങ്ങാനും മാറിപ്പോയോ..???”
പ്രത്യാശയുടെഒരു തരി വെട്ടത്തിനായ് ഇരുട്ടിൽപരതി.
ഇല്ല അന്ധകാരം മാത്രം.
ഡോക്ടർ റിപ്പോർട്ട് തന്റെ നേരെ നീട്ടിക്കൊണ്ട് തുടർന്നു.

” നന്ദനയെ ഈ സത്യംഅറിയിക്കരുത്. ബാക്കിയുള്ള നാളുകൾ അവൾ സന്തോഷമായിരിക്കട്ടെ ഉണ്ണി… ” ഡോക്ടർ പറഞ്ഞു നിർത്തി.

ഒരു വിധം പുറത്ത് വന്നു. സിമന്റ് തൂണിൽ മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു.
എങ്ങിനെ സഹിക്കും?
എന്റെ നന്ദു എന്നെ വിട്ട് പോകുകയോ…?

ഒന്നിച്ച് കളിച്ച് വളർന്നവരായിരുന്നു ഞങ്ങൾ. എപ്പോഴെന്നറിയില്ല ആ ബന്ധംപ്രണയത്തിന് വഴിമാറി.വീട്ടുകാർ എതിർത്തിട്ടും ഒന്നും നോക്കാതെകൂടെ ഇറങ്ങി വന്നു.
ഇന്ന് വരെപൊന്ന് പോലെകാത്തു.
ഇനി….??

ഇത് വരെ അവളെ ഒന്നും അറിയിക്കാതെ കഴിച്ചു.
പിടിവിട്ട് പോകുന്ന അവസരങ്ങളിൽ ബാത്ത്റൂമിൽ കയറി വാതിലടച്ചിരുന്നു കരയും

“എന്താ പറ്റിയെ ഉണ്ണിയേട്ടാ ഈയിടെയായ് ബാത്ത് റൂമിൽ തന്നെയാണല്ലോ…?? ഡോക്ടറെ കാണണോ..??”
വേദന കലർന്ന ചിരി അവൾക്ക്സമ്മാനിച്ച് വേഗം അവിടെ നിന്ന് മാറിക്കളയും.
അല്‌പനേരത്തേയ്ക്ക് എങ്കിലും എല്ലാം മറക്കാൻമദ്യത്തിൽ അഭയം തേടി.
ലഹരി ഇറങ്ങുമ്പോൾ സങ്കടം കൂടും.
പുകവലിയും ,മദ്യവും സുഹൃത്തുക്കളായ് വേഗം മാറി.
ഇതെല്ലാം നന്ദന ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ വിലക്കിയിട്ടും എന്റെ മിത്രങ്ങളെ ഞാൻ കൈവിട്ടില്ല.

ഒരു നാൾ ..
” ഉണ്ണിയേട്ടാ .. എനിക്കൊരു കാര്യം പറയാനുണ്ട്.. ”
പതിവില്ലാത്തമുഖവുര.
” പറയു നന്ദു.. ” അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
” ഉണ്ണിയേട്ടാ എനിക്ക് ക്യാൻസർ ആണ്.. ” ഞാൻ ഞെട്ടി.
അന്നാണ് കുറെ നാളുകൾക്ക് ശേഷം അവളുടെ മുഖത്തേയ്ക്ക് നോക്കുന്നത്. അ മുഖം വീണ്ടും ഒട്ടിയിരുന്നു.കവിളെല്ലുകൾ പുറത്ത് കാണാം. അവൾ തുടർന്നു.

“ഇനി അധികനാൾ ഞാൻ കാണില്ല ഉണ്ണിയേട്ടാ. ബാക്കിയുള്ള നാളെങ്കിലും എനിക്ക് ഉണ്ണിയേട്ടന്റെ നന്ദുവായ് ജീവിക്കണം. ഇനി കുടിക്കല്ലെ ഉണ്ണിയേട്ടാ.. പ്ലീസ്..”

ആദ്യമായ് അവളുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. ഇത് വരെ ഉള്ളിലൊതുക്കിയ ദു:ഖങ്ങൾ കണ്ണീരായ് ഒഴുകി ഇറങ്ങി അത് കണ്ട് അവളും കരഞ്ഞു. ചക്കി എല്ലാം കണ്ട് ഒന്നും മനസ്സിലാകാതെ മിഴിച്ച്നിന്നു.

പിന്നെ ഞാൻ കുടിച്ചില്ല. എന്റെ മിത്രങ്ങളെ പടിക്ക് പുറത്താക്കി.എന്നാലും ആ സത്യം ഇവൾ എങ്ങനെ അറിഞ്ഞു.?
നന്ദുവാകട്ടെ ഒന്നും സംഭവിക്കാത്തപോലെ പഴയ കളിയും ,ചിരിയുമായ് സന്തോഷവതിയായ് കാണപ്പെട്ടു.
ഈ അവസാന നാളുകളിൽ നന്ദുവിന്റെ ഉണ്ണിമാത്രമായ്കഴിഞ്ഞു.

ചക്കിയുടെ മുടി ചീവി ഒരുക്കിയിരുന്ന നന്ദനയെനോക്കി ഇരിക്കുകയായിരുന്നു. നന്ദനയുടെ പഴയ കോലമെ അല്ല ആകെമാറിയിരിക്കുന്നു. എന്റെ പാതി.എന്നിൽ നിന്നകലാൻ ഒരുങ്ങുന്നു.
അത് നോക്കിയിരിക്കെ അറിയാതെ കണ്ണു നനഞ്ഞു.
നന്ദന അത് കണ്ടു.
അവൾ എഴുന്നേറ്റുനിന്നു. കൈകൾ രണ്ടുംഎളിയിൽ കുത്തി നിന്നുകൊണ്ട്.

“എന്റെ ഉണ്ണിയേട്ടൻ ഇത്ര മണ്ടനായ് പോയല്ലോ.. ”

ഒന്നും മനസ്സിലാകാതെ ഞാൻ അവളെ നോക്കി.

“ഉണ്ണിയേട്ടാ ഞാനൊരു തമാശ പറഞ്ഞതല്ലെ- എനിക്ക് ക്യാൻസർ ആണെന്ന് ”
ഞാൻ വീണ്ടുംഞെട്ടി. എന്റെ അടുത്ത് വന്ന് തലമുടിയിൽ വിരലോടിച്ച് കൊണ്ടവൾ തുടർന്നു.

” ഉണ്ണിയേട്ടന്റെ നശിച്ച കള്ളുകുടിനിർത്താൻ വേണ്ടി ഞാനൊരു നുണ പറഞ്ഞതല്ലെ. എന്നോട് ക്ഷമിക്കു.
ഞാൻ അങ്ങനെഅത്രപെട്ടെന്ന് ഒന്നും എന്റെ ഉണ്ണിയേട്ടനെ വിട്ട് പോകില്ലാട്ടോ…”

അവൾ ചേർന്ന് നിന്നു കൊണ്ട് പറഞ്ഞു.

ഹൃദയം നിലച്ച പോലെ ആയ്..എന്റെ കണ്ണുകളിൽ നിന്നും പൊഴിഞ്ഞത് കണ്ണുനീർ ആയിരുന്നില്ല. ചുട് രക്തമായിരുന്നു.

ശുഭം.
രചന : Nizar vh

LEAVE A REPLY

Please enter your comment!
Please enter your name here