Home തുടർകഥകൾ ഇത്രയ്ക്ക് സ്നേഹം ഉണ്ടായിട്ടും എങ്ങനെ ആണ് ഇവർ ഇത്രയും നാൾ അഭിനയിച്ചത്… Part – 9

ഇത്രയ്ക്ക് സ്നേഹം ഉണ്ടായിട്ടും എങ്ങനെ ആണ് ഇവർ ഇത്രയും നാൾ അഭിനയിച്ചത്… Part – 9

0

Part – 8  വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Anu Kalyani

വിയോമി ഭാഗം 9

രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെല്ലുമ്പോൾ പതിവിലും നേരത്തെ എല്ലാം ഒരുക്കുന്ന അമ്മായിയെ ആണ് കണ്ടത്, അമ്മാവനും ഉണ്ടായിരുന്നു കൂടെ.
“എന്താ അമ്മായി വിശേഷം……., എല്ലാം നേരത്തെ ഒരുക്കുന്നു…..”
എന്റെ ചോദ്യം കേട്ട് രണ്ടാളും എന്നെ തന്നെ അത്ഭുതത്തോടെ നോക്കി.
“എന്താ ഇങ്ങനെ നോക്കുന്നത്”
“ഇന്ന് അച്ചുവിന്റെ പിറന്നാൾ ആണ്”
എന്റെ മുഖത്തെ ആശ്ചര്യം കണ്ട് രണ്ടാളും ചിരിക്കാൻ തുടങ്ങി.
“മോൾക്ക് അറിയില്ലായിരുന്നോ”
“ഇല്ല, എന്നോട് ആരും ഒന്നും പറഞ്ഞില്ല”
ചെറിയ പരിഭവത്തോടെ ഞാൻ അത് പറഞ്ഞതും അമ്മാവൻ എന്റെ അരികിലേക്ക് വന്നു.

“അവന് ഈ പിറന്നാൾ ഒന്നും ആഘോഷിക്കുന്നത് ഇഷ്ടമല്ല, പക്ഷേ ഇഷ്ടമല്ലെന്നറിഞ്ഞിട്ടും അത് നമ്മൾ നന്നായി ആഘോഷിക്കാറുണ്ടായിരുന്നു,പാറു പോയതിൽ പിന്നെ ഞങ്ങൾ അതൊക്കെ നിർത്തി.പക്ഷെ ഇന്ന് നമ്മൾ വീണ്ടും പഴയതുപോലെ ആഘോഷിക്കാൻ തീരുമാനിച്ചു”
“ഉച്ചയ്ക്ക് പാറു വരും”
പതിവിൽ കൂടുതൽ സന്തോഷത്തോടെ അമ്മായി പറയുമ്പോൾ ആ കൺകോണിൽ ചെറിയ നീർത്തിളക്കം ഉണ്ടായിരുന്നു.

വൈകിട്ട് ഓഫീസിൽ നിന്നും തിരിച്ചെത്തുമ്പോൾ പാറുവും വിവേക് ഏട്ടനും മോളും എത്തിയിരുന്നു.എന്നെ ഗെയ്റ്റിന് പുറത്ത് ഇറക്കി വിട്ട്,അച്ചുഏട്ടൻ തിരക്ക് ഉണ്ടെന്ന് പറഞ്ഞ് എങ്ങോട്ടോ പോയി.

അച്ചു ഏട്ടൻ വീട്ടിലേക്ക് തിരിച്ച് എത്തുമ്പോഴേക്കും എല്ലാം ഒരുക്കി വച്ച്, ഏട്ടന് ഒരു സസ്പ്രൈസ് കൊടുക്കാൻ എല്ലാവരും തിരക്കിലാണ്.
പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ എല്ലാം റെഡി ആക്കി, എല്ലാവരും സെൻട്രൽഹാളിൽ നിന്നു.വാതിൽ തുറന്ന് അകത്തേക്ക് കയറിയതും ഹാപ്പി ബർത്ത്ഡേ എന്ന് എല്ലാവരും ഒരുമിച്ച് പറഞ്ഞു.
ആകെ മൊത്തം കിളി പോയ അവസ്ഥയിൽ നിൽക്കുന്ന അച്ചു ഏട്ടനെ കണ്ട് എനിക്ക് ചിരി പൊട്ടി.

കേക്ക് മുറിച്ച് അമ്മായിക്കും അമ്മാവനും പാറുവിനും വിവേക് ഏട്ടനും കൊടുക്കുന്നതും, അവരുടെ സന്തോഷവും എല്ലാം ചുമരിൽ ചാരി നിന്ന് ഞാൻ നോക്കി.
ഒരു കഷണം കേക്ക് കയ്യിൽ എടുത്ത് എന്റെ അരികിലേക്ക് നടന്നു വരുന്ന അച്ചുവേട്ടനെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു, ചെറിയ കഷ്ണം കേക്ക് ഞാൻ തിരിച്ച് ഏട്ടന്റെ വായിൽ വച്ച് കൊടുക്കുമ്പോൾ ചെറുതായി എന്റെ കയ്യിൽ മുത്തി..
പെട്ടെന്ന് കൈ പിൻവലിക്കുമ്പോൾ കള്ളച്ചിരിയോടെ തിരിച്ച് നടന്ന് എല്ലാവരോടും സംസാരിക്കുകയായിരുന്നു.
ഇടയ്ക്ക് ആ കണ്ണുകൾ എന്നെ തേടി വന്നുകൊണ്ടിരുന്നു…..

കുറേ നാളുകൾക്ക് ശേഷമാണ് ആ വീട്ടിൽ എല്ലാവരും സന്തോഷത്തോടെ നിൽക്കുന്നത് എന്ന് അവരുടെ മുഖത്ത് നിന്നും മനസ്സിലാക്കാമായിരുന്നു.
അച്ചു ഏട്ടന്റെയും പാറുവിന്റെയും സ്നേഹപ്രകടനം കണ്ട് വിവേക് ഏട്ടൻ എന്റെ അരികിൽ വന്ന് ഇരുന്നു.
“ഇന്നലെ വരെ തമ്മിൽ കണ്ടാൽ അടികൂടുന്നവരാ…. ഇപ്പോൾ നോക്കിയേ എന്തൊരു സ്നേഹമാണ്”
“ഇത്രയ്ക്ക് സ്നേഹം ഉണ്ടായിട്ടും എങ്ങനെ ആണ് ഇവർ ഇത്രയും നാൾ അഭിനയിച്ചത്,
അല്ലെങ്കിൽ തന്നെ ഇവരെ ഒക്കെ വിട്ട് അവൾക്ക് എങ്ങനെയാണ് കല്ല്യാണത്തലേന്ന് ഇറങ്ങി പോകാൻ തോന്നിയത്”
അറിയാതെ ഞാൻ അത് പറഞ്ഞതും, എന്റെ വാക്കുകൾ കേട്ട് വിവേക് ഏട്ടൻ തലകുനിച്ച് ഇരുന്നു.
പറഞ്ഞു പോയതിനെക്കുറിച്ച് പിന്നീട് ആണ് എനിക്ക് ബോധം വന്നത്.
“അന്ന് അതൊന്നും ചിന്തിക്കാൻ ഉള്ള പക്വത ഇല്ലായിരുന്നു…. അതിനുമപ്പുറം പ്രണയം ഞങ്ങളെ വേറൊന്നും ചിന്തിക്കാൻ അനുവദിച്ചില്ല…
ചെറിയ നോവോടെ അത് പറയുമ്പോൾ ആ കൈയിൽ ഒന്നമർത്തി ഞാൻ ആശ്വസിപ്പിച്ചു.

രാത്രിയിൽ പാറുവും വിവേക് ഏട്ടനും ഇറങ്ങുമ്പോൾ അമ്മായിയുടെ മുഖത്ത് വിഷാദം നിഴലിച്ചിരുന്നു.ചിരിച്ചുകൊണ്ട് അമ്മാവൻ യാത്ര പറയുമ്പോഴും ആ നെഞ്ചിലെയും വേദന കണ്ണുകളിൽ കാണാനായിരുന്നു.പക്ഷെ അച്ചു ഏട്ടനെ അവിടെ ഒന്നും കണ്ടില്ല.
എല്ലാം കഴിഞ്ഞ് ഉറങ്ങാൻ പോകുന്നത് വരെ ഏട്ടനെ കണ്ടതേ ഇല്ല.
കോണിപ്പടികൾ കയറി മുറിയിലേക്ക് ചെന്നപ്പോൾ ജനൽ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കുകയായിരുന്നു ഏട്ടൻ.
“എന്താ പിറന്നാള് കാരനൊരു വിഷമം”
എന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
“നിനക്ക് അറിയാമോ അമ്മു,എത്ര നാളിന് ശേഷമാണെന്നൊ അമ്മയുടെയും അച്ഛന്റെയും ചിരിക്കുന്ന മുഖം കണ്ടത്.
പാറു…..അവൾ ഉണ്ടായിരുന്നപ്പോൾ സ്വർഗ്ഗം ആയിരുന്നു ഈ വീട്,അവൾ പോയതിൽ പിന്നെ……”

വാക്കുകൾ കിട്ടാതെ നിൽക്കുന്ന ഏട്ടനെ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.
“അത് വിട്,, അതൊക്കെ കഴിഞ്ഞില്ലേ”
ആശ്വസിപ്പിക്കാൻ ഞാൻ പറഞ്ഞപ്പോൾ എന്നെ ആ നെഞ്ചിലേക്ക് പതിയെ ചേർത്ത് നിർത്തി.ആ നെഞ്ചിടിപ്പ് എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.പതിയെ അടർന്ന് മാറി തിരിച്ചു നടക്കാൻ തുടങ്ങിയതും പിറകിൽ ഉണ്ടായിരുന്ന കസേരയിലേക്ക് എന്നെയും വലിച്ച് ഇരുന്നു.
ആ മടിയിൽ എന്നെയും ഇരുത്തി കുറേ നേരം കണ്ണുകളിൽ നോക്കി.
“നീ എന്താ എനിക്ക് ഗിഫ്റ്റ് ഒന്നും തരാഞ്ഞത്”
“എനിക്ക് അറിയില്ലായിരുന്നു ഇന്ന് പിറന്നാൾ ആണെന്ന്”
“എന്തായാലും എനിക്ക് സമ്മാനം തന്നിട്ട് പോയാൽ മതി”
അതിനർത്ഥം മനസ്സിലായെങ്കിലും കൂർപ്പിച്ച് ഞാൻ നോക്കി.

പുരികം ഉയർത്തി ,മീശ പിരിച്ചുകൊണ്ട് മുഖത്തേക്ക് താഴ്ന്ന് വരുന്ന മുഖത്തെ ഞാൻ ഇടം കൈ കൊണ്ട് തടഞ്ഞു.
“ഞാൻ കേക്ക് തന്നില്ലേ, അത് ഒരു ഗിഫ്റ്റ് അല്ലേ”
“അതിന് മധുരം കുറവായിരുന്നു, കൂടുതൽ മധുരം ഞാൻ ഇവിട്ന്ന് എടുത്തോളാം”
എന്റെ ചുണ്ടുകളിൽ വലിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഒരു ചുംബനത്തെ സ്വീകരിക്കാൻ എന്നോണം ഞാൻ കണ്ണുകൾ മെല്ലെ അടച്ചു.
ഇടുപ്പിൽ അമർന്ന കൈകൾ പതിയെ ദിശതെറ്റാൻ തുടങ്ങിയതും ആ കൈകൾ ഞാൻ തടഞ്ഞു.

ചെറിയ പരിഭവത്തോടെ ഉള്ള ആ നോട്ടം കണ്ട് എനിക്ക് ചിരി വന്നു.
“ഇപ്പോൾ ഇത്രയും മതി, ബാക്കി ഒക്കെ കല്യാണം കഴിഞ്ഞിട്ട്”
പറഞ്ഞുകൊണ്ട് മടിയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചതും പിന്നെയും മടിയിലേക്ക് പിടിച്ച് ഇരുത്തി.
“നമുക്ക് ഇന്ന് ഇവിടെ ഇരിക്കാം”
“എനിക്കേ ഏട്ടനെ അത്ര വിശ്വാസം പോരാ…”
“ഞാൻ ഒന്നും ചെയ്യില്ലെടീ…. സത്യം”
പുഞ്ചിരിയോടെ ഞാൻ വീണ്ടും ആ നെഞ്ചിലേക്ക് തല ചായ്ച്ച് കിടന്നു.
ആ രാത്രി മുഴുവനും ഏട്ടൻ ആ കസേരയിലും ഞാൻ ഏട്ടന്റെ നെഞ്ചിലും കിടന്നു.

രാവിലെ ഓഫീസിലേക്ക് പോകാനായി ഒരുങ്ങുമ്പോൾ ആണ്, കണ്ണാടിയിൽ പിറകിൽ വാതിലിൽ ചാരി നിന്ന് നോക്കുന്ന ഏട്ടനെ കണ്ടത്.
മെല്ലെ അരികിൽ വന്ന് നെറ്റിയിൽ ചെറിയ ഒരു പൊട്ട് തൊട്ടു തന്നു.

“ഓഹോ അപ്പോൾ ഇതാണല്ലേ രണ്ട് പേരുടെയും പരിപാടി”.
പിറകിൽ നിന്ന് പാറുവിന്റെ ശബ്ദം കേട്ട് രണ്ടാളും ഞെട്ടി അകന്നു.
“നീ എന്താ ഇത്ര രാവിലെ”
പുറത്തെ ചമ്മൽ ഒളിപ്പിച്ചുകൊണ്ട് ഏട്ടൻ ചോദിച്ചു.
“അമ്പലത്തിൽ പോയപ്പോൾ ഒന്ന് കയറിയിട്ട് പോകാം എന്ന് വിചാരിച്ചു”
“ആഹ്”
ഒന്നമർത്തി മൂളി ഏട്ടൻ പുറത്തേക്ക് പോയി.
ഏട്ടൻ പോയ ഭാഗത്തേക്ക് നോക്കി പാറു എനിക്ക് നേരെ തിരിഞ്ഞു.
“എന്തായിരുന്നു പരിപാടി”
“ഏയ് ഏട്ടൻ എനിക്ക് പൊട്ട് തൊട്ട് തന്നതാണ്”
“ഓഹ് ആയിക്കോട്ടെ, ഞാൻ വിശ്വസിച്ചേ”
ഒരീണത്തിൽ പറഞ്ഞുകൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങാനായി തിരിഞ്ഞതും വാതിലിൽ കൈ വച്ച് നോക്കി ദഹിപ്പിക്കുന്ന ഏട്ടനെ കണ്ടു.
“നിനക്ക് എന്താടീ അറിയേണ്ടത്”
അവളോടായി ചോദിച്ചതും കൈ തട്ടിമാറ്റി അവൾ പുറത്തേക്ക് ഓടി, പിന്നാലെ ഏട്ടനും.

“അമ്മൂ, സുഭദ്ര വിളിച്ചിരുന്നു…മോളെ വിളിച്ചിട്ട് കിട്ടിയില്ലെന്ന് പറഞ്ഞു”.
വൈകിട്ട് വീട്ടിൽ കയറുമ്പോഴാണ് അമ്മായി പറഞ്ഞത്.
“ആണോ, എന്തിനാ വിളിച്ചതെന്ന് പറഞ്ഞോ”
“ഉവ്വ്,ഏതോ ഒരു സായന്തിന്റെ അമ്മ മരിച്ചെന്നാണ് പറഞ്ഞത്”
അമ്മായിയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.സായി ഏട്ടനും ആയിട്ടുള്ള കല്ല്യാണം ഉറപ്പിക്കുന്നതിന് മുന്പ് തന്നെ അവരുമായി നല്ല ബന്ധം ഉണ്ടായിരുന്നു, കല്ല്യാണത്തിൽ നിന്നും പിന്മാറണമെന്ന് പറഞ്ഞപ്പോഴും അവരോട് ഒരിക്കൽ പോലും ദേഷ്യം തോന്നിയില്ല.

“പോകണോ അവരെ കാണാൻ”
എന്റെ ചിന്തകൾക്ക് തടസ്സം നിന്നുകൊണ്ട് ഏട്ടൻ ചോദിച്ചു.
“ഞാൻ എങ്ങനെയാ…… അവിടെ…”
“നന്നായി ചിന്തിക്കു, ഇനി ഒരിക്കലും അവരെ കാണാൻ നിനക്ക് കഴിയില്ല,ഇപ്പോൾ മാത്രമേ അങ്ങനെ ഒരു അവസരം ഉള്ളൂ”
ഏട്ടന്റെ വാക്കുകൾ ശരി ആണെന്ന് തോന്നി.
ഏട്ടന്റെ കൂടെ സായി ഏട്ടന്റെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ വല്ലാത്ത ഒരു വികാരം എന്നെ പൊതിയുന്നുണ്ടായിരുന്നു.
വെള്ളപുതച്ച ആ ശരീരത്തിലേക്ക് ഒരു തവണ മാത്രമേ നോക്കിയുള്ളൂ,
ഒരു കോണിൽ ഇരുന്ന് കരയുന്ന ശിവാനിയെ കണ്ടു, കലങ്ങിയ കണ്ണുകളുമായി ഒരു കൈ കൊണ്ട് മുഖം മറച്ചിരിക്കുന്ന സായി ഏട്ടനെ കണ്ടപ്പോൾ, പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.
എത്രയൊക്കെ മറക്കാൻ ശ്രമിക്കുമ്പോഴും,ആ കണ്ണുകൾ നിറയുമ്പോൾ അറിയാതെ എന്റെ ഹൃദയവും നോവുന്നുണ്ടായിരുന്നു.

വീട്ടിൽ എത്തിയിട്ടും മരണവീട്ടിൽ നിന്ന് മനസ് മുക്തമായില്ല.ഉറക്കത്തിലും ആ വീടും രംഗങ്ങളും വന്നുകൊണ്ടെയിരുന്നു.

“ഇനിയും നീട്ടിക്കൊണ്ട് പോകുന്നതിലർത്ഥം ഇല്ല, പെട്ടെന്ന് തന്നെ കല്ല്യാണം നിശ്ചയിക്കണം”
അമ്മാവൻ അമ്മായിയോട് പറയുമ്പോൾ തിളങ്ങുന്ന കണ്ണുകളോടെ ഞാൻ ഏട്ടനെ നോക്കി, ഒരു ഭാവ വ്യത്യാസവും ഇല്ലാതെ മുറ്റത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു ആള്, അല്ലെങ്കിലും ഒറ്റയ്ക്ക് കിട്ടുമ്പോൾ മാത്രം ആണ് തമ്മിൽ സംസാരിക്കുന്നത് പോലും, കൂടെ വേറെ ആരെങ്കിലും ഉണ്ടെങ്കിൽ കണ്ട ഭാവം പോലും നടിക്കില്ല.

കല്ല്യാണം നിശ്ചയത്തിന്റെ തീയതി ഒക്കെ തീരുമാനിച്ചിരുന്നു,എന്നാൽ ഒരു തടസം പോലെ പെട്ടെന്ന് എനിക്ക് ട്രാൻസ്ഫർ കിട്ടി.
എല്ലാവരുടെയും വിട്ട് പോകുന്നതിനുള്ള വിഷമം എന്നെ കുറേ ദിവസം മുമ്പ് തന്നെ അലട്ടാൻ തുടങ്ങി.

“എന്താണ് എന്റെ പ്രിയതമയ്ക്ക് ഇത്ര വിഷമം”
പുറകിലൂടെ കൈയ്യിട്ട് ഏട്ടൻ ചോദിച്ചു.
“എല്ലാവരുടെയും വിട്ട് പോകുന്നതിന്റെ ചെറിയ വിഷമം”
തോളിൽ പിടിച്ചു എന്നെ ഏട്ടന് അഭിമുഖമായി നിർത്തി.
“ചിലപ്പോൾ ഇത് ഒരു നിമിത്തം ആയിരിക്കും അമ്മൂ, കുറേ നാൾ അകന്ന് കഴിഞ്ഞിട്ട് അടുക്കുന്നതിനും ഒരു പ്രത്യേക സുഖമാണ്”

ആ വാക്കുകൾ എനിക്ക് തന്ന സന്തോഷം ചെറുതൊന്നുമല്ല, അല്ലെങ്കിലും ഏട്ടന്റെ സാമീപ്യം പോലും എനിക്ക് ഒരു ഊർജ്ജം ആയിരുന്നു.

തുടരും……….

ഒരു പാർട്ടോടുകൂടി വിയോമി അവസാനിക്കുകയാണ്…………….

LEAVE A REPLY

Please enter your comment!
Please enter your name here