Home തുടർകഥകൾ ആ മറുപടിയിൽ എന്റെ കൂടെ എല്ലാവരും ഒരുപോലെ ഞെട്ടി.അമ്മായിയും അമ്മാവനും എന്നെ നോക്കി. അവരെ നോക്കാൻ...

ആ മറുപടിയിൽ എന്റെ കൂടെ എല്ലാവരും ഒരുപോലെ ഞെട്ടി.അമ്മായിയും അമ്മാവനും എന്നെ നോക്കി. അവരെ നോക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു… Part – 8

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Anu Kalyani

🍁 വിയോമി 🍁 ഭാഗം എട്ട്

“കഴിഞ്ഞ കാലത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എല്ലാവരും ദുഖിതരാണ് എന്റെ ബാല്യത്തിൽ മുത്തശ്ശിയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്നാൽ കൗമാരമായപ്പോൾ മുത്തശ്ശിയുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും ഒന്നും അനുസരിക്കാതെ ആയി. കൂട്ടുകാരുടെ വീട്ടിലൊക്കെ മുത്തശ്ശിമാരെ കാണുമ്പോൾ വല്ലാത്തൊരു നോവ് ആണ്,മുത്തശ്ശിയോട് കുറച്ചു കൂടി സ്നേഹം കാണിക്കാമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അതുപോലെ തന്നെയാണ് എല്ലാകാര്യങ്ങളും,കാലം കഴിയുമ്പോൾ നമ്മുടെ സന്തോഷം ആഗ്രഹിക്കുന്നവർ ഒക്കെ മൺമറഞ്ഞ് പോയിട്ടുണ്ടാകും”
മുറിയിലെത്തിയിട്ടും ഉറക്കം വന്നില്ല, വാക്കുകൾ ചെവിയിൽ മുഴങ്ങിക്കൊണ്ടെയിരുന്നു.

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
ദിവസങ്ങളുടെ കൂടെ ഏട്ടന്റെ പരിക്കും പൂർണ്ണമായി മാറിയിരിക്കുന്നു. മൗനത്താൽ മുദ്രിതമായ നിർമ്മലപ്രണയം,മിഴികളിലൂടെ ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹത്തിന്റെ വിത്തുകൾ മുളപ്പിച്ചു നടുന്ന സുന്ദരനിമിഷങ്ങൾ,ഈ ദിവസങ്ങളിലൂടെ സുന്ദരമായ, നിശബ്ദമായ പ്രണയകാവ്യം രചിക്കുകയായിരുന്നു നമ്മൾ, സ്വരങ്ങളില്ലാത്ത മിഥ്യയാകുന്ന പ്രണയത്തിന്റെ ഭാഷയിലൂടെ….
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

“മോളെ ഈ ഫോട്ടോ ഒന്ന് നോക്കിക്കേ,അച്ചുവിന് വേണ്ടി ബ്രോക്കർ കൊണ്ട് വന്ന ആലോചനയാ”
വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ അമ്മായി ഒരു ഫോട്ടോ എനിക്ക് തന്നു, മനസ്സിന് വല്ലാത്ത ഒരു ഭാരം പോലെ തോന്നി,അമ്മായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു പക്ഷേ എന്റെ മനസ്സ് വേറെ എവിടെയൊക്കെയോ ആയിരുന്നു.

“ഞാൻ ആരെയും കാണാൻ പോകില്ല, എന്നോട് ചോദിച്ചിട്ടാണോ തീരുമാനിച്ചത്”
അച്ചു ഏട്ടന്റെ ശബ്ദം കേട്ടാണ് താഴേക്ക് പോയത്,സംസാരിക്കുന്നതിനിടയിൽ എന്നെ കണ്ടപ്പോൾ സംസാരം നിർത്തി,ആ കണ്ണുകളിൽ അപ്പോൾ എന്നോടുള്ള യാചന ആയിരുന്നു.
“നീ ഇനി എന്ത് പറഞ്ഞാലും ശരിയാവില്ല, കുറേ നാളായി ഇങ്ങനെ ഒഴിഞ്ഞ് മാറി നടക്കുന്നു, നിനക്ക് ഒരു കൂട്ട് വേണ്ടെങ്കിലും ഞങ്ങൾക്ക് ഒരു കൂട്ട് വേണം,നീ ഇല്ലെങ്കിൽ വേണ്ട, ദാസേട്ടനും ഞാനും അമ്മൂം നാളെ ആ കുട്ടിയെ കാണാൻ പോകും”

എല്ലാവരെയും തറപ്പിച്ച് നോക്കി പുറത്തേക്ക് പോയി.
വീണുടയുന്ന ചില്ല് കൂടാരം പോലെ മനസ്സ് ചിന്തകളാൽ ചിന്നിച്ചിതറി,തണുത്ത കാറ്റിൽ എന്നും ഉണ്ടാവാറുള്ള ചെമ്പകപ്പൂവിന്റെ മണത്തിൽ ഇന്ന് ഇത്തിരി നിരാശ കലർന്നിരുന്നു.
ഒരു പൂമ്പാറ്റയുടെ തിളക്കത്തോടെ വീണ്ടും സ്വപ്നം കാണാൻ തുടങ്ങിയ എന്റെ ഇതളുകൾ പിന്നെയും കൊഴിയുകയാണോ.
നഷ്ടമാകാൻ പോകുന്ന പ്രണയത്തെ ഓർത്ത് മുഖം അമർത്തി പിടിച്ച് ഞാൻ കരഞ്ഞു.

“അമ്മു”
ചെറിയ കുട്ടിയെ പോലെ നിഷ്കളങ്കമായിരുന്നു ആ ശബ്ദം.
“നീയും പോകുന്നുണ്ടോ നാളെ അമ്മയുടെ കൂടെ”
“അമ്മായി പറഞ്ഞിട്ടുണ്ട് കൂടെ ചെല്ലാൻ”
“എന്നിട്ട് കൂടെ ചെല്ലാൻ തീരുമാനിച്ചൊ?”.
ഒന്നും മിണ്ടിയില്ല തല കുനിഞ്ഞ് നിന്നു.തല കുനിച്ച് മുഖത്തേക്ക് നോക്കി.
“നിനക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ?”.
ഇല്ല എന്ന് തലകുലുക്കി.
“എനിക്ക് പറയാനുണ്ട്”

എന്റെ പൊയ്മുഖം പറിച്ചെറിയാൻ മാത്രം ശക്തി ഉണ്ടായിരുന്നു ആ സാമീപ്യത്തിന്.
“നിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയില്ല, പക്ഷേ എനിക്ക് നിന്നെ ഇഷ്ടമാണ്.നിനക്ക് എന്നെ ഇഷ്ടമാണെന്നെനിക്കറിയാം, പലപ്പോഴും എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ടുമുണ്ട്,ഇപ്പോൾ നീ കാണിക്കുന്ന അഭിനയം അത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല”.
എല്ലാം കേട്ടിട്ടും ഒന്നും പ്രതികരിക്കാതെ നിന്നു.
“നിനക്ക് ഒന്നും പറയാനില്ലെ അമ്മു”
അതൊരു യാചനയുടെ സ്വരമായിരുന്നു.
“ഏട്ടന് ഒരു ഭ്രാന്തിയുടെ ആവശ്യമില്ല, എനിക്ക് അതിനുള്ള യോഗ്യതയും ഇല്ല”
തിരിഞ്ഞുനടക്കാൻ തുടങ്ങിയ എന്നെ പിടിച്ചു വലിച്ച് മുന്നിൽ നിർത്തി.
“നിന്റെ യോഗ്യത തീരുമാനിക്കുന്നത് നീ ആണോ”
“ഏട്ടൻ എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല, അമ്മായിയും അമ്മാവനും ഞാൻ കാരണം വിഷമിക്കാൻ പാടില്ല”
മുറിയിൽ വച്ചിരുന്ന പുസ്തകങ്ങൾ തട്ടി താഴെയിട്ട് വാതിൽ ശക്തിയിൽ അടച്ച് പുറത്തേക്ക് ഇറങ്ങി പോയി.

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
“നല്ല കുട്ടി, എന്തൊരു ഭംഗിയാണ് കാണാൻ, വീട്ടുകാരും കൊള്ളം,ആ കുടുംബവുമായി ബന്ധം ഉണ്ടാവുക എന്നത് തന്നെ വലിയ ഭാഗ്യമാണ്”
അച്ചു ഏട്ടൻ കേൾക്കാൻ പാകത്തിന് അടുക്കളയിൽ നിന്ന് ഉറക്കെ പറയുകയാണ് അമ്മായി. ശബ്ദം കേട്ട് നോക്കിയപ്പോഴാണ്, പാത്രം താഴെ എറിഞ്ഞ് ദേഷ്യത്തിൽ പോകുന്നത് കണ്ടത്.
“അച്ചു, പെണ്ണിന്റെ വീട്ടുകാർ വിളിച്ചിട്ടുണ്ടായിരുന്നു,എന്താ പറയേണ്ടത്”
“അച്ഛനോട് ഞാൻ പറഞ്ഞോ അവിടേക്ക് പോകാൻ”
“പിന്നെ ഞങ്ങളെന്താ വേണ്ടത്,നീ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നത് മരിക്കുന്നത് വരെ കാണണോ”

“ഇനി നിന്റെ മനസ്സിൽ വേറെ എന്തെങ്കിലും ഉണ്ടോ, ഉണ്ടെങ്കിൽ പറയ്”
അമ്മായിയുടെ ചോദ്യത്തിന് ഉത്തരം എന്നോണം നോട്ടം എന്നിലേക്കായി.
“എനിക്ക് അമ്മുവിനെ ഇഷ്ടമാണ്, അവൾക്ക് എന്നെയും”
ആ മറുപടിയിൽ എന്റെ കൂടെ എല്ലാവരും ഒരുപോലെ ഞെട്ടി.അമ്മായിയും അമ്മാവനും എന്നെ നോക്കി.അവരെ നോക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു.
“നേരാണോ മോളെ”
“അമ്മായി.,…. അത്.. ഞാൻ…”
“മോളെ മരുമകളായി സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷേ ഉള്ളൂ”
അങ്ങനെ ഒരു തീരുമാനം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.അച്ചു ഏട്ടന്റെ മുഖത്ത് ഇതുവരെ കാണാത്ത സന്തോഷമായിരുന്നു, എനിക്കും.

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
അമ്മാവൻ കല്ല്യാണക്കാര്യം വീട്ടിൽ പറഞ്ഞു.അച്ഛനും അമ്മയ്ക്കും അത് കുറച്ചൊന്നുമല്ല സന്തോഷം കൊടുത്തത്,അപ്പുവിന് ആയിരുന്നു കൂടുതൽ സന്തോഷം.

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
അമ്മായി തന്നുവിട്ട ചായ ഏട്ടന് കൊടുക്കാനായി മുറിയിലേക്ക് ചെന്നു, ഗാഢമായ വായനയിൽ ആയത് കൊണ്ട് ശല്യം ചെയ്യാതെ ചായ അവിടെ വച്ച് പുറത്തേക്ക് ഇറങ്ങാനായി നടന്നു.
“എന്താ ഇത്”
വാക്കുകൾക്ക് നല്ല ഗൗരവമായിരുന്നു.
“ചായ”
“ഞാൻ പറഞ്ഞോ എനിക്ക് ഇപ്പോൾ ചായ വേണംന്ന്”
“അമ്മായി തന്ന് വിട്ടതാണ്”
“എനിക്ക് ചായ തരാനുള്ള യോഗ്യത ഒന്നും നിനക്കില്ല, എടുത്തോണ്ട് പോ…”
തിരിച്ച് ഒന്നും പറയാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു, ചായയും എടുത്ത് പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപ് തന്നെ കയ്യിൽ പിടി വീണിരുന്നു.
“പോകാൻ പറഞ്ഞാൽ ഉടനെ അങ്ങ് പോകും അല്ലേ….”
“ഏട്ടനല്ലെ പോകാൻ പറഞ്ഞത്”

“നീ എന്താ യോഗ്യതയുടെ കാര്യം അച്ഛനോടും അമ്മയോടും പറയാതിരുന്നത്”
“അത്…… ഞാൻ…..”
“അത് നീ….. ബാക്കി പറയ്”
ചോദ്യങ്ങളുടെ കൂടെ മുഖവും അടുത്തേക്ക് വരുന്നുണ്ടായിരുന്നു.കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ,കുസൃതിച്ചിരിയോടെ എന്നിലേക്ക് കൂടുതൽ അടുക്കുമ്പോൾ, എന്റെ കണ്ണുകളിലെ പരിഭ്രമം മറക്കാൻ ഞാൻ തത്രപ്പെടുമ്പോൾ , കുറുമ്പ് നിറഞ്ഞ കണ്ണുകൾ എന്നോട് പറയുകയായിരുന്നു, അത് എന്റെ പ്രാണനാണെന്ന്.നിമിഷങ്ങൾക്കുള്ളിൽ അധരങ്ങൾ തമ്മിൽ അലിഞ്ഞു ചേർന്നു,ദീർഘചുംബനത്തിന്റെ ആലസ്യത്തിൽ തള്ളി മാറ്റിക്കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോഴും ചുണ്ടിൽ അതേ ചിരി മായാതെ ഉണ്ടായിരുന്നു.

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
ഉമ്മറത്ത് കൈവരിയിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു എല്ലാവരും.അപ്പോഴാണ് മുറ്റത്ത് വിവേക് ഏട്ടന്റെ കാർ വന്നത്, കൂടെ പാറു ഇല്ല, ആളുടെ മുഖത്ത് പരിഭ്രമം ആയിരുന്നു.അച്ചു ഏട്ടൻ പതിവ് പോലെ മുഖം കറുപ്പിച്ച് കൈവരിയിൽ നിന്ന് എഴുന്നേറ്റു.
“പാറു ഇങ്ങോട്ട് വന്നിരുന്നോ?”.
ആ ചോദ്യത്തിൽ ആകെ പരിഭ്രമം ആയിരുന്നു.അകത്തേക്ക് കയറാൻ തുടങ്ങിയ അച്ചു ഏട്ടൻ ചോദിച്ചത് കേട്ട് പുറത്തേക്ക് ഇറങ്ങി.
“ഇല്ല എന്താ മോനെ”
“കുട്ടിയെ വീട്ടിലാക്കി,രാവിലെ വീട്ടീന്ന് ഇറങ്ങിയതാണ്, വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നില്ല, എവിടെ പോയിന്ന് ഒരു പിടിയുമില്ല”
കേട്ടപാടെ അച്ചു ഏട്ടൻ വിവേക് ഏട്ടന്റെ അരികിലേക്ക് ചെന്നു.
“എവിടെ പോകും എന്നാണ് പറഞ്ഞത്”
“ടൗണിൽ പോകണം എന്ന് പറഞ്ഞിട്ടാണ് പോയത്”
“വാ നമുക്ക് നോക്കാം”

രണ്ട് പേരും ഒരുമിച്ച് അന്വേഷിക്കാനായി ഇറങ്ങി.
രാത്രി ആയിട്ടും അവരെ കണ്ടില്ല,അമ്മായി കരഞ്ഞ് തളർന്ന് ഇരിപ്പാണ്.കാറിന്റെ ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് ഇറങ്ങി, പാറു ഉണ്ടായിരുന്നു കാറിൽ,മൂന്നാളുടെയും മുഖം വീർപ്പിച്ച് വച്ചിട്ടുണ്ട്, പാറു കാറിൽ നിന്നും ഇറങ്ങി കൈവരിയിൽ വന്നിരുന്നു,അച്ചു ഏട്ടൻ ഒന്നും മിണ്ടാതെ ഇറയത്തെ കസേരയിൽ ഇരുന്നു, വിവേക് ഏട്ടന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിട്ടുണ്ട്.
“എവിടെ ആയിരുന്നു മോളെ നീ, പേടിപ്പിച്ചു കളഞ്ഞല്ലോ ഞങ്ങളെ”.
“പണ്ട് മുതലേ ഉള്ള ശീലമാണല്ലൊ, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആരോടും ഒന്നും പറയാതെ ഇറങ്ങി പോകുന്നത്, കെട്ടി ഒരു കൊച്ച് ആയിട്ടും അമ്മേടെ മോളുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല”
അച്ചു ഏട്ടന്റെ സംസാരം കേട്ട് എല്ലാവരുടെയും കണ്ണുകൾ വിവേക് ഏട്ടന്റെ നേരെ ആയി.

“എന്താ വിവേക് ഉണ്ടായത്”
“അച്ഛാ, ഇന്നലെ ചെറിയ ഒരു വഴക്ക് ഉണ്ടായി,പക്ഷേ അതിന് വീട് വിട്ട് ഇറങ്ങി പോകും എന്നൊന്നും വിചാരിച്ചില്ല”
അമ്മാവന്റെ കൈ അപ്പോഴേക്കും പാറുവിന്റെ കവിളിൽ പതിഞ്ഞു,
“നിനക്ക് ഇത് ഞാൻ പണ്ടേ തരേണ്ടതായിരുന്നു”
“ഇങ്ങോട്ട് വരാമെന്നാണ് വിചാരിച്ചത്, എന്നെ ഇവിടെ പലർക്കും ഇഷ്ടമല്ലല്ലോ, അതാണ് വരാതിരുന്നത്”
പാറു അച്ചു ഏട്ടന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു
“ഏട്ടന് ഇപ്പോഴും എന്നോട് ദേഷ്യമാണോ”
മറുപടി ഒന്നും ഇല്ലാതായപ്പോൾ അവൾ എഴുന്നേറ്റു.മുറ്റത്തേക്ക് ഇറങ്ങി അവൾ ഏട്ടനെ ഒന്നുകൂടി നോക്കി,കൈ രണ്ടും വിടർത്തി ചിരിച്ച് നിൽക്കുന്ന ഏട്ടന്റെ അടുത്തേക്ക് അവൾ ഓടി നെഞ്ചിലേക്ക് വീണ് കരഞ്ഞു.എല്ലാവരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.എല്ലാം കലങ്ങി തെളിഞ്ഞ സന്തോഷത്തിൽ ആയിരുന്നു അമ്മായിയും അമ്മാവനും.

🌻🏵️ തുടരും…..🏵️🌻

🌾അനു കല്ല്യാണി 🌾

LEAVE A REPLY

Please enter your comment!
Please enter your name here