Home Latest “ഓഹ്… ഈ പ്രാന്ത് ഇപ്പോഴുമുണ്ടോ..? അവളുടെ ഒരു സാഹിത്യം…

“ഓഹ്… ഈ പ്രാന്ത് ഇപ്പോഴുമുണ്ടോ..? അവളുടെ ഒരു സാഹിത്യം…

0

“അനൂ…. നീയെന്താ ഇവിടെ…?

“അതെന്താ എനിക്കിവിടെ വന്നൂടെ…?

“അല്ല.. എന്താ ഈ സമയത്ത്..? ആരെ കാത്ത് നിൽക്കുവാ…”

“ബീച്ചിൽ സാധാരണ എല്ലാരും എന്തിനാ വരുന്നെ….
കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന ഈ കടലും ഇടയ്ക്കിടെ കരയെ പുണരുന്ന തിരകളും.. ചുവപ്പ് പരവതാനി വിരിച്ച സൂര്യനും തുടങ്ങി എത്രയെത്ര കാഴ്ചകളുണ്ട്..”

“ഓഹ്… ഈ പ്രാന്ത് ഇപ്പോഴുമുണ്ടോ..? അവളുടെ ഒരു സാഹിത്യം.. കുറേ നാള് ഞാനും കേട്ടതല്ലേ.. ഇനിയെങ്കിലും നിർത്തിക്കൂടേ…?

“രാഹുലിനെ ഞാൻ വിളിച്ചോ എന്റെ സാഹിത്യം കേൾക്കാൻ… ഇല്ലല്ലോ…”

“കേൾക്കാൻ എനിക്കിപ്പോൾ സമയവുമില്ല ആഗ്രഹവുമില്ല.. നീ ഒഴിഞ്ഞു കിട്ടിയപ്പോൾ മുതലാണ് ജീവിതം എന്താണെന്നും ഭാര്യ എങ്ങനെ ആവണമെന്നും ഞാൻ അറിയുന്നത്.. ”

മറുപടി പറയാൻ എനിക്ക് വാക്കുകളുണ്ടായിരുന്നില്ല.. ഞാൻ മറക്കാൻ കൊതിക്കുന്ന ഒരുപിടി ഓർമ്മകൾ മാത്രമാണ് രാഹുലുമായിട്ടുള്ളത്. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലെ പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്.. ആദ്യമൊക്കെ വീട്ടിലുളളവർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും എന്റെ സന്തോഷത്തിനായി അവർ എല്ലാം സമ്മതിച്ചു തന്നു. പക്ഷേ രാഹുലിന്റെ അമ്മയ്ക്ക് എന്നോട് എപ്പോഴും ഒരു നീരസമുണ്ടായിരുന്നു. അത് കിട്ടുന്ന സാഹചര്യങ്ങളിലെല്ലാം അവർ പ്രകടിപ്പിച്ചു കൊണ്ടിരുന്നു..

“രാഹുൽ….”
“മ്മ്…..

” അമ്മയ്ക്ക് എന്നെ തീരെ ഇഷ്ടമല്ല.. ഇപ്പോൾ ഞാൻ എന്തു ചെയ്താലും കുറ്റമാ.. ഒരു കാരണവുമില്ലാതെ ശകാരിക്കും…”

“അവരൊക്കെ പഴയ ആളുകളല്ലേ അനൂ.. പെട്ടെന്ന് നിന്നെ അംഗീകാരിക്കാൻ ഒരു ബുദ്ധിമുട്ട് കാണും. കുറച്ചു നാളു കഴിയുമ്പോൾ ശരിയായിക്കോളും..”

” എന്നാലും അമ്മയുടെ ചില സമയത്തെ സംസാരം എനിക്ക് താങ്ങാവുന്നതിലപ്പുറമാണ്..”

” സാരമില്ലടീ.. അത് ഒരു കുഞ്ഞു വാവയെ ആ കൈയ്യിലേക്ക് വെച്ച് കൊടുക്കുമ്പോൾ മാറിക്കോളും..”

” അയ്യടാ… മോൻ ആളു കൊള്ളാല്ലോ..”

” എന്താടീ നിനക്ക് പിടിച്ചില്ലേ…?

“ഇല്ല….”

“ഓഹ്.. എന്നാൽ പോ… എന്നോട് മിണ്ടണ്ടാ…”

“ഞാൻ വെറുതെ പറഞ്ഞതല്ലേ മാഷേ… പിണങ്ങല്ലേ..”

രാഹുലുമായിട്ടുള്ള ഒരു ചെറിയ പിണക്കം പോലും എനിക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല.. എല്ലാവരുടെയും കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ഞാൻ മറന്നത് രാഹുലിന്റെ നെഞ്ചോട് ചേർന്ന് കിടന്ന നിമിഷങ്ങളിലായിരുന്നു…

എല്ലാരുടേയും പിണക്കം മാറ്റാൻ ഞങ്ങൾക്കിടയിലേക്ക് ഒരാള് വരുന്നെന്നറിഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. രാഹുല് പറഞ്ഞ പോലെ അമ്മയുടെ നീരസം ചെറുതായിട്ട് കുറഞ്ഞു വരുന്നുണ്ടായിരുന്നു.
പക്ഷേ ആ സന്തോഷമെല്ലാം വളരെ വേഗത്തിൽ ദൈവം തിരിച്ച് എടുക്കുമെന്ന് ഞാൻ നിനച്ചില്ല. രാഹുലിനൊപ്പമുള്ള അന്നത്തെ യാത്രയിൽ എനിക്ക് ഒരിക്കലും തിരിച്ചു കിട്ടാനാവാത്ത വിധം പലതും നഷ്ടപ്പെട്ടു.

ചെറിയൊരു അശ്രദ്ധയിൽ കാറിന്റെ നിയന്ത്രണം പോയപ്പോൾ എന്നിൽ നിന്നും അകന്നത് ഒരു കുഞ്ഞു ജിവന്റെ തുടിപ്പായിരുന്നു. എനിക്കും രാഹുലിനും കാര്യമായി ഒന്നും സംഭവിച്ചില്ലെങ്കിലും ഞങ്ങളുടെ കുഞ്ഞുവാവയുടെ നഷ്ടം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
ഇനി ഒരു അമ്മ ആകാനുള്ള സാധ്യത എന്നിൽ കുറവാണെന്നു കൂടി അറിഞ്ഞപ്പോ ഞാൻ ആകെ തകർന്നു പോയി..

ചേർത്ത് പിടിക്കേണ്ട കൈകൾ എന്നെ അകറ്റി നിർത്തി. രാഹുലിനോടുമുള്ള എന്റെ വിശ്വാസത്തിൽ വിള്ളലേറ്റു തുടങ്ങിയപ്പോൾ മറ്റാരോടും പറയാതെ ഒന്നുറക്കെ കരയാൻ പോലും പറ്റാത്ത ഞാൻ സ്വയം ഉരുകി. അമ്മയ്ക്ക് പുതിയൊരു കാരണം കൂടി കിട്ടിയതോടെ എന്നെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പതിയെ പതിയെയുള്ള രാഹുലിന്റെ മാറ്റം എന്നെ ആ വീട്ടിൽ തികച്ചും ഒറ്റപ്പെടുത്തി.. തെറ്റൊന്നും ചെയ്യാതെ തന്നെ ഞാൻ തെറ്റുകാരിയായി..

അച്ഛനാവാനുള്ള ആഗ്രഹം അവനിൽ തീവ്രമായിരുന്നു എന്നെനിക്കറിയാം. എങ്കിലും ഞാനുമായുള്ള ബന്ധം വളരെ എളുപ്പത്തിൽ മുറിച്ചു മാറ്റാൻ അവനു സാധിക്കുമെന്ന് കരുതിയില്ല. ഒരു വാക്ക് പോലും പറയാതെ എന്നിൽ ഒരു ദയയും തോന്നാതെ തന്നെ തനിച്ചാക്കി രാഹുല് പോകുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞില്ല.. കരയാനും ഞാൻ മറന്ന് തുടങ്ങിയിരുന്നു എന്നതായിരുന്നു സത്യം.

ആരോടും മിണ്ടാതെ ഒരു മുറിയിൽ ഒതുങ്ങി കൂടുമ്പോഴും എന്റെ അച്ഛൻ എനിക്ക് കാവൽ നിന്നു.. ആ മടിയിൽ കിടന്നു പൊട്ടികരഞ്ഞു.. ജീവിതത്തിൽ ഞാൻ തോറ്റുപോയെന്നു പറഞ്ഞപ്പോൾ
“ഇനിയുള്ള നിന്റെ വിജയങ്ങളിൽ നീ ഒരിക്കലും അഹങ്കരിക്കില്ല മോളെ… അതിനു വേണ്ടി ഒരു തോൽവി അനിവാര്യമാണെന്ന് ” പറഞ്ഞെനിക്ക് അച്ഛൻ ധൈര്യം തന്നു.

അവിടെ നിന്നു ഞാൻ എന്നെ കണ്ടെത്തുകയായിരുന്നു. ഒരുപാട് എഴുതി.. വിഷമങ്ങളിൽ അക്ഷരങ്ങളെ കൂട്ടുപിടിച്ചു.. എന്റെ ജീവിതത്തെക്കുറിച്ചും എന്നിലെ സത്യങ്ങളെക്കുറിച്ചും ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു..

“ടീ…. നീ ഏത് സ്വപ്ന ലോകത്താ..? ഞാൻ ചോദിച്ചതു കേട്ടില്ലേ.. ആർക്കു വേണ്ടി കാത്തു നിൽക്കുവാ നീ ഇവിടെ…?

ഓർമ്മകളുടെ തിരമാലകൾ എന്നിൽ ആഞ്ഞടിക്കുവായിരുന്നു.. രാഹുലിന്റെ ശബ്ദം എന്നെ ഉണർത്തി.. വെറുപ്പായിരുന്നില്ല ഒരിക്കലും അവനോട്.. പകരം പ്രാർത്ഥിച്ചിട്ടേയുള്ളൂ അവന്റെ ആഗ്രഹം പോലെ നല്ലൊരു ജീവിതവും കുഞ്ഞിനെയും കിട്ടാൻ.. മറുപടി നൽകാതെ ഞാൻ അവനെ കുറച്ചു നേരം കൂടി നോക്കി നിന്നു..

“അമ്മേ…
വാ.. നമുക്ക് കളിക്കാം. അച്ഛനെനിക്ക് ബോള് വാങ്ങി തന്നല്ലോ… ഇങ്ങു വന്നേ..”

എന്റെ കൈയ്യിൽ പിടിച്ച് വലിക്കുന്ന മൂന്ന് വയസ്സുകാരിയെ ഇമവെട്ടാതെ രാഹുല് നോക്കുന്നുണ്ടായിരുന്നു..

” ഏത് ഓർഫണേജിൽ നിന്നെടുത്തതാ ഇതിനെ…?

വളരെ പുച്ഛത്തോടെയുള്ള അവന്റെ ചോദ്യത്തിൽ ആദ്യം എനിക്ക് ദേഷ്യം തോന്നിയെങ്കിലും അവന്റെ ചിന്താഗതി ഇത്രയ്ക്ക് അധപ്പതിച്ചല്ലോ എന്നോർത്ത് ഞാൻ സഹതപിച്ചു.

” ഏത് ഓർഫണേജിൽ നിന്നായാലും നിനക്കെന്താ രാഹുൽ.. നിന്നെ അല്ലല്ലോ അവൾ അച്ഛാന്നു വിളിക്കുന്നത്.. എന്റെ പൊന്നു മോളാണ്.. എന്റെ ജീവന്റെ പാതി..”

നിറഞ്ഞ മിഴികളോടെ അവളെ എടുത്ത് എന്റെ നെഞ്ചോട് ചേർത്തു.

“അമ്മേ… എന്നെ താഴെ നിർത്ത്.. കുഞ്ഞു വാവയ്ക്ക് വേദനിക്കൂല്ലേ..? അച്ഛൻ പറഞ്ഞല്ലോ അമ്മ ഇപ്പൊ മോളെ എടുക്കാൻ പാടില്ലാന്നു..”

കൈയ്യിൽ നിന്നിറങ്ങി അവളെന്റെ വയറിൽ പതിയെ തൊട്ടുകൊണ്ട് പറഞ്ഞു.

” ശരി എന്റെ കാന്താരീ… ഞാൻ എടുക്കുന്നില്ലേ.. എന്ത്യേ നിന്റെ പുന്നാര അച്ഛൻ..?

പറഞ്ഞു തീരുന്നതിനു മുന്നേ അവൾ ഓടി ചെന്ന് അരുണേട്ടനെ കെട്ടിപിടിച്ചു. ഈ ജീവിതകാലം മുഴുവൻ എന്നെ സ്നേഹിക്കാനും തളർന്നു പോകുമ്പോൾ താങ്ങി നിർത്താനും അച്ഛൻ ഏൽപ്പിച്ച കൈകൾ. എല്ലാ കുറവുകൾ അറിഞ്ഞും എന്റെ എഴുത്തിനെ സ്നേഹിച്ചും സ്വന്തം ജീവിതത്തിലേക്ക് എന്നെ ക്ഷണിച്ച ഒരു പാവം മനുഷ്യൻ..

ആ മനസ്സിന്റെ നന്മ കൊണ്ടാവാം ദൈവം പോലും വിധിക്കു മുന്നിൽ ഒന്നു കണ്ണടച്ചു കൊണ്ട് അമ്മയാകാനുള്ള ഭാഗ്യം എനിക്കും നൽകിയത്..
രാഹുലിനോട് എല്ലാം പറഞ്ഞ് നിർത്തുമ്പോൾ ഒരുപാട് സന്തോഷത്തോടെ അന്നെന്റെ കണ്ണുകൾ നിറഞ്ഞു..

“അനൂ… നമുക്ക് പോകാം.. നേരം കുറെ ആയില്ലേ..?

“ആഹ്.. പോകാം അരുണേട്ടാ…”

രാഹുലിനെ ഒന്നു തിരിഞ്ഞു പോലും നോക്കാതെ ആ കടൽ തീരത്തിന്റെ അവസാനം തേടി ഞാൻ അരുണേട്ടന്റെയും മോളുടേയും ഒപ്പം നടന്നു..

ഒരു കുഞ്ഞു തിരമാല എന്റെ കാലിൽ തട്ടിയപ്പോൾ ഏട്ടന്റെ വിരലിൽ ഞാൻ മുറുകെ പിടിച്ചു. അതൊരിക്കലും തിരയെ പേടിച്ചിട്ടായിരുന്നില്ല. എനിക്ക് എല്ലാം അറിയാമെന്ന ഭാവത്തിൽ ആ കൈകൾ എന്നെ ഒന്നു കൂടി ചേർത്തു പിടിക്കുമ്പോൾ തിര ഒഴിഞ്ഞ കടലുപോലെ എന്റെ മനസ്സ് ശാന്തമായിരുന്നു…

[ കൈപ്പിടിയിൽ ഉണ്ടായിരുന്ന ചിലതൊക്കെ ഒരിക്കൽ കൈയെത്താത്ത ഉയരത്തിൽ എത്തുമ്പോഴാണ് പലർക്കും നഷ്ടപ്പെടുത്തിയതിന്റെ വില മനസ്സിലാവുന്നത്.. ഒന്നിന്റെയും പേരിൽ ആരെയും തനിച്ചാക്കാനോ കുറ്റപ്പെടുത്താനോ ശ്രമിക്കരുത്.. അതോർത്ത് പിന്നീട് നമ്മൾ ഒരുപാട് ഖേദിക്കും.. കാരണം, തളർന്ന്‌ പോയ മനസ്സുകളുടെ തിരിച്ച് വരവ് ഒരുപക്ഷേ നമ്മൾ വിചാരിക്കുന്നതിലും ശക്തമാണ്…]

*****

Written By Kavitha Thirumeni

 

LEAVE A REPLY

Please enter your comment!
Please enter your name here