Home Abhijith Unnikrishnan സത്യത്തിൽ മരിച്ചു പോയി എന്നല്ല ഇവരെല്ലാവരും ചേർന്ന് കൊന്നുയെന്ന് പറയുന്നതാവും ശരി, ഒരു പാവം പെണ്ണായിരുന്നു…...

സത്യത്തിൽ മരിച്ചു പോയി എന്നല്ല ഇവരെല്ലാവരും ചേർന്ന് കൊന്നുയെന്ന് പറയുന്നതാവും ശരി, ഒരു പാവം പെണ്ണായിരുന്നു… Part -27

1

Part – 26 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം ( ഭാഗം -ഇരുപത്തിയേഴ്‌ )

” കഴിഞ്ഞ ഭാഗത്തിൽ നിർത്താൻ പോവുന്നു എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു , പേരില്ലാത്ത കുറച്ചുപേർ എന്നോട് എഴുത്ത് മോശമാണ്, കഥ വളരെ ബോറിങ്ങാണ് എന്നൊക്കെ പറഞ്ഞു, ശരി പാവങ്ങൾക്ക് സന്തോഷമായിക്കോട്ടെന്ന് വെച്ചിട്ട് കണ്ണ് തട്ടാതിരിക്കാൻ കോലം വെക്കില്ലേ അത് പോലെ എഴുതിയെന്നേയുള്ളൂ, സൗകര്യമുണ്ടെങ്കിൽ വായിച്ചാൽ മതിയെന്ന് എനിക്ക് തിരിച്ചു പറയാം, പക്ഷെ പറയുന്നില്ല ചിലവില്ലാത്ത പരിപാടിയല്ലേ വായിച്ചോട്ടെ ”

ഇനി ഈ പറഞ്ഞതെല്ലാം കളഞ്ഞിട്ട് എല്ലാവരും താഴെയുള്ളത് ശ്രദ്ധിച്ചു വായിക്കൂ…

——-/////——–//////—///////———/////–

അമ്മ അവിടെ നിൽക്ക്..

ഉണ്ണിയുടെ ശബ്ദം ഹാളിൽ അലയടിച്ചു, അമ്മ വാതിലിനരുകിൽ തിരിഞ്ഞു നിന്നു, ഉണ്ണി അമ്മയെ നോക്കി…

ഇതിനുള്ള സമാധാനം പറ…

ഞാനൊന്നും ചെയ്തില്ല..
അമ്മ തലതാഴ്ത്തി നിന്ന് ഉത്തരം നൽകി.

പിന്നെ ഇത് കാറ്റടിച്ചു വീണപ്പോൾ പറ്റിയതാവും, അമ്മക്കിത് പറയാൻ നാണമാവുന്നില്ലേ…

ഞാൻ ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിട്ട് ചെയ്തതല്ല, അവനൊന്ന് സംസാരിച്ചാൽ ശരിയാവുമെന്ന് പറഞ്ഞപ്പോൾ ഇങ്ങോട്ട് വിളിച്ചു അത്രേയുള്ളൂ..

അമ്മയുടെ കുറ്റസമ്മതം കേട്ടപ്പോൾ ഉണ്ണിക്ക് വീണ്ടും ദേഷ്യം വന്നു.
പെട്ടെന്ന് പറഞ്ഞ് കഴിഞ്ഞു ഇത്രേയുള്ളൂ, എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ നിങ്ങള് സമാധാനം പറയോ..

ഉണ്ണിയുടെ സംബോധന അമ്മയെ സങ്കടപെടുത്തി..
അമ്മയോടാ സംസാരിക്കുന്നതെന്ന് എന്റെ കുട്ടി ഇടക്ക് മറന്നുപോവുന്നുണ്ടോ..

അമ്മയായിരുന്നെങ്കിൽ മോശം മാത്രമല്ല നല്ലതും പറഞ്ഞു തരണമായിരുന്നു..

അമ്മ കരയാൻ തുടങ്ങി, അമൃത ഉണ്ണിയെയൊന്ന് നോക്കി അമ്മയുടെ അരികിലേക്ക് ചെന്നു..
അമ്മായി വീട്ടിൽ പൊയ്ക്കോളൂ, ഉണ്ണിയേട്ടന്റെ ദേഷ്യം മാറട്ടെ…

അതെന്താ അവന് എന്നോട് മാത്രം ദേഷ്യം, അവന്റെ ജീവിതം നശിക്കാൻ കാരണം ഞാനാണോ, അവൻ നന്നായി കാണാനേ ഞാനാഗ്രഹിച്ചിട്ടുള്ളൂ…
അമ്മ മുഖം തുടച്ച് കൊണ്ട് പറഞ്ഞു..

ഉണ്ണി എഴുന്നേറ്റ് നിന്നു..
നന്നായി കാണാനോ… എന്നിട്ട് ഞാനിപ്പോൾ എവിടെയാ നിൽക്കുന്നതെന്നു കൂടി അമ്മ പറ, ഈ പ്രശ്നം ഇത്ര ദൂരമെത്തിയിട്ടുണ്ടെങ്കിൽ അത് അമ്മ ഒരാള് കാരണം മാത്രമാണ്..

അതേടാ ഞാനാ കാരണം നിങ്ങളൊക്കെ ചെയ്യുന്നതിന് അല്ലെങ്കിലും അവസാനം പഴി കേൾക്കേണ്ടത് ഞാനാണല്ലോ…

അപ്പോൾ അമ്മക്ക് ഏട്ടൻ ചെയ്തത് തെറ്റാണെന്ന് ഇപ്പോഴും നല്ല ബോധ്യമുണ്ട്..

അമ്മ ഉണ്ണിയെയൊന്ന് നോക്കിയിട്ട് പുറത്തേക്കിറങ്ങി പോയി, അമൃത ഗായത്രിയുടെ അരികിലിരുന്നു..

എന്താ ചേച്ചി ശരിക്കുമുള്ള പ്രശ്നം..

ഗായത്രി അവളെ ചേർത്തുപിടിച്ചു, ഇതുവരെ നടന്നതൊക്കെ അവളോട് വിവരിച്ചു കൊടുത്തു, അമൃത എഴുന്നേറ്റ് ഉണ്ണിയെ നോക്കി..

ഉണ്ണിയേട്ടാ ഞാൻ വീട്ടിൽ പൊയ്ക്കോട്ടേ..

പെട്ടെന്നെന്താ അങ്ങനെ തോന്നാൻ..

എനിക്ക് ഒരു മാതിരി വല്ലായ്മ ഇനിയും ഇരുന്നാൽ വണ്ടിയോടിച്ച് പോവാൻ പറ്റില്ല, ഞാൻ രാവിലെ വരാം..

ഉം..
ഉണ്ണിയൊന്ന് മൂളി.

അമൃത കണ്ണ് തുടച്ച് പുറത്തേക്കിറങ്ങാൻ നിന്നു, ഒരു നിമിഷം തിരിഞ്ഞ് ഗായത്രിയെ നോക്കി..

ചേച്ചിക്ക് ഭാഗ്യമുണ്ട്, എന്റെ സുമിത്ര ചേച്ചിക്ക് ഇല്ലാതെ പോയത്, നിങ്ങൾക്ക് നല്ലത് വരട്ടെ..

അതും പറഞ്ഞ് അമൃത ഇറങ്ങി.
അവൾ പോയപ്പോൾ ഗായത്രി ഉണ്ണിയോട്..
ആരാ സുമിത്ര..

ഉണ്ണി പെട്ടെന്ന് ഉറക്കത്തിൽ നിന്നെന്ന പോലെ ഞെട്ടിയുണർന്നു..
ഉം.. അത് ഞങ്ങളുടെ ചേച്ചിയായിരുന്നു..

ആയിരുന്നെന്ന് പറയുമ്പോൾ…
ഗായത്രി സംശയത്തോടെ ചോദിച്ചു..

ഉണ്ണി അവൾക്ക് നേരെ മുഖം തിരിച്ചു..
മരിച്ചു പോയി..

എങ്ങനെ…?

ഉണ്ണി ഓർമകളിലേക്ക് പോയി..
സത്യത്തിൽ മരിച്ചു പോയി എന്നല്ല ഇവരെല്ലാവരും ചേർന്ന് കൊന്നുയെന്ന് പറയുന്നതാവും ശരി, ഒരു പാവം പെണ്ണായിരുന്നു, ചെറുപ്പത്തിൽ ഞാനടക്കമുള്ള വീട്ടിലെ കുട്ടിപട്ടാളങ്ങളെയൊക്കെ മേച്ചുകൊണ്ട് നടന്നിരുന്നൊരു കുറുമ്പി…

ഗായത്രി ഉണ്ണിയെ ഉറ്റുനോക്കികൊണ്ടിരുന്നു…

എനിക്ക് അമൃതയുടെ അച്ഛനല്ലാതെ വേറെയൊരു അമ്മാവനും കൂടിയുണ്ട്, ആളൊരു മുഴുകുടിയനാ, അങ്ങേർക്ക് മൂന്ന് മക്കൾ, മൂത്തത് രണ്ടും ആൺകുട്ടികളും അവർക്ക് ഇളയതായി ഒരു പെൺകുട്ടിയും, അവരുടെ അമ്മ കഷ്ടപെട്ടാണ് വീടൊക്കെ നോക്കിയിരുന്നത്, പക്ഷെ അവരുടെയൊക്കെ നിർഭാഗ്യം അമ്മായിക്ക് കുറച്ച് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു, അത് പതുക്കെ കൂടി തുടങ്ങി, അയല്പക്കത്തുള്ളവർക്കൊക്കെ ശല്യമായി തുടങ്ങിയപ്പോൾ എല്ലാവരും കുറ്റം പറഞ്ഞുകൊണ്ടിരുന്നു, അതും വൈകുന്നേരം കുടിച്ചു വരുന്ന അമ്മാവനോട്, രാത്രിയിൽ ആ പാവത്തിന് കിട്ടുന്ന തല്ലിന് കണക്കില്ലായിരുന്നു, തല്ലിയാൽ ഭ്രാന്ത് മാറുമെന്ന അമ്മാവന്റെ വിശ്വാസം പക്ഷെ അമ്മായിയെ നാൾക്ക് നാൾ തളർത്തി, പിന്നെ പിന്നെ അതിനെ കെട്ടിയിടാൻ തുടങ്ങി, ചേച്ചിയൊഴികെ ആരും അതിന്റെ അടുത്തേക്ക് പോലും പോവാൻ കൂട്ടാക്കിയില്ല, അതിനെ കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയുമെല്ലാം ചെയ്തൊരു കുട്ടിയെ പോലെ ചേച്ചി കൊണ്ടുനടന്നു,

ഒരുദിവസം ചേച്ചി സ്കൂളിൽ നിന്ന് വരുമ്പോൾ വീടിന് പുറത്ത് നിറയെ ആൾക്കാരുണ്ടായിരുന്നു, ബാഗ് പുറത്തിട്ട് അകത്തേക്കോടിയപ്പോൾ കണ്ടത് ജീവനറ്റ് കിടക്കുന്ന അമ്മയെയായിരുന്നു, എല്ലാവരും ഭ്രാന്ത് മൂത്ത് മരിച്ചതാണെന്ന് പറഞ്ഞപ്പോഴും ചേച്ചി വിശ്വസിച്ചില്ല കാരണം അടുത്ത് നിൽക്കുന്ന അച്ഛനെ അവൾക്ക് നല്ലപോലെ അറിയായിരുന്നു, പിന്നീട് വീട്ടിലെ എല്ലാവരും അവരവരുടെ കാര്യങ്ങൾ മാത്രം നോക്കി മാറി നടക്കാൻ തുടങ്ങി, തീർത്തും ഒറ്റയായൊരു പതിനേഴുകാരിക്ക് അത് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല, എന്റെ അച്ഛൻ അമ്മയുടെ വാക്കുകളൊക്കെ തള്ളി ഫീസൊക്കെ അടച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു.

രണ്ട് വർഷങ്ങൾ കടന്നുപോയി, ഒരു ദിവസം വീട്ടിൽ നല്ല പ്രശ്നം, ഞങ്ങളുടെ കൂടെ ഇരിക്കുന്നതിനിടയിൽ അമ്മാവന്മാർ ചേച്ചിയെ വലിച്ചു കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ടു, കാര്യം മനസ്സിലാവാതെ ചുറ്റിലും നോക്കികൊണ്ടിരുന്ന ഞങ്ങൾക്ക് അതെന്താണെന്ന് പിടുത്തം കിട്ടിയത് അച്ഛൻ തർക്കിക്കുന്നത് കണ്ടപ്പോഴാണ്, എവിടുന്നും കിട്ടാതിരുന്ന സ്നേഹം ആ പാവത്തിന് കൂടെ പഠിക്കുന്നൊരു പയ്യൻ കൊടുത്തപ്പോൾ അത് ഇവർക്ക് മാനക്കേടായി തോന്നിയത്രേ, ഒളിച്ചോടിയാലോ പേടിച്ച് പൂട്ടിയിട്ടു.

അതിലും വലിയ പാപം അത് ജീവനോടെ ആ മുറിയിലുണ്ടെന്ന കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ലെന്നതാണ്, നാട്ടുകാരോടൊക്കെ അതിന് അമ്മയുടെ ഭ്രാന്ത് പകർന്നതാണെന്ന് പറഞ്ഞു പരത്തി, എന്റെ അച്ഛൻ ആവുന്നത് നോക്കിയിട്ടും കാര്യമുണ്ടായിരുന്നില്ല, ഇത്രയൊക്കെ ദുഷ്ടനാണെന്ന് പറയുന്ന എന്റെ ഏട്ടനുണ്ടല്ലോ അവനും ഞാനും സ്കൂൾ വിട്ട് വന്നിട്ട് ആ ജനലിലൂടെ കൊടുക്കുന്നൊരു പിടി ചോറായിരുന്നു അതിന് ആകെ കിട്ടിയിരുന്നത്, അന്ന് വൈകുന്നേരം ചോറ് കൊടുക്കാൻ പോയ ഞങ്ങൾ കണ്ടത് ചേച്ചിയുടെ ജീവനില്ലാത്ത ശരീരമായിരുന്നു, ഒരുപാട് നിലവിളിച്ചു, എല്ലാവരും ഓടിവന്ന് അതിനെ പുറത്തേക്കെടുത്തപ്പോൾ ഉണങ്ങി ചുരുണ്ടൊരു കുഞ്ഞു ശരീരം മാത്രം..

ഉണ്ണിയൊന്ന് നിർത്തി..
എനിക്ക് നല്ല ഓർമയുണ്ട്, തലേദിവസം ചോറ് നീട്ടിയപ്പോഴും ജനലിലൂടെ ചിരിച്ചുകൊണ്ടൊരു മുഖം, ഉണ്ണി കഴിച്ചോന്നൊരു ചോദ്യം ചോദിക്കും ഇപ്പോഴുമുണ്ട് എന്റെ കാതിൽ…

ഉണ്ണി താങ്ങാനാവാതെ വിങ്ങി..
പിന്നീട് ഞാൻ അതേ ജനലും മുഖവും കാണുന്നത് ഏടത്തിയമ്മയുടെ വീട്ടിലാ, എപ്പോൾ ഞാൻ വരുമ്പോഴും ജനലിലൂടെ നോക്കി ചിരിക്കുന്ന ഏടത്തിയമ്മയെ കാണുമ്പോഴൊക്കെ എനിക്ക് സുമിത്ര ചേച്ചിയെ ഓർമ വരും, ഞാനുള്ളപ്പോൾ ഇനിയൊരു ജീവൻ പോവരുതേയെന്ന പ്രാർത്ഥന മനസ്സിലുള്ളത് കൊണ്ടാ മരിച്ചാലും വേണ്ടില്ലെന്ന് വെച്ചിട്ട് ഏടത്തിയമ്മയുടെ കൂടെ നിൽക്കുന്നത്..

ഗായത്രി ഉണ്ണിയുടെ അരികിലേക്ക് ഇറങ്ങിയിരുന്നു…
അമൃത പറഞ്ഞത് ശരിയാ നീയെന്റെ ഭാഗ്യം തന്നെയാ, നിന്നോളം മനസ്സ് ഇവിടെ ആർക്കുമില്ല…

അവൾ ഉണ്ണിയുടെ കണ്ണ് തുടച്ചു..
ഞാൻ തോൽക്കുന്നത് ഉണ്ണിക്ക് ഇഷ്ടമല്ലെങ്കിൽ ഇപ്പോൾ മുതൽ എടത്തിയമ്മ ജയിക്കാൻ വേണ്ടി എന്തിനും തയ്യാറാ..

ഉണ്ണി ഗായത്രിയുടെ കണ്ണുകളിലേക്ക് നോക്കി..
തെറ്റൊന്നും ചെയ്യാതെ നമ്മള് കരയേണ്ട ആവശ്യമില്ല എടത്തിയമ്മ, നമ്മള് രണ്ടാളും ജയിക്കാൻ വേണ്ടിയാ ഇത് തുടങ്ങിയതെങ്കിൽ അവസാനം വരെയും അങ്ങനെ തന്നെയായിരിക്കും, കാരണം ഏടത്തിയമ്മയോളം ഇപ്പോൾ ഞാനാരെയും സ്നേഹിക്കുന്നില്ല..

ഗായത്രി ഉണ്ണിയെ കെട്ടിപിടിച്ച് കരഞ്ഞു..
എനിക്കൊരു അനിയനുണ്ടായിരുന്നെങ്കിൽ ഇങ്ങനെ എന്റെ കൂടെ നിൽക്കുമായിരുന്നോന്നു പോലും അറിയില്ല, എനിക്ക് ജീവനുള്ള കാലത്തോളം എന്റെ മനസ്സ് മുഴുവൻ നീ തന്നെയായിരിക്കും എന്റെ കൂടെപ്പിറപ്പ്..

ഉണ്ണി സങ്കടത്തിനിടയിലും ഒന്ന് ചിരിച്ചു..
എടത്തിയമ്മ എനിക്ക് ചായ കിട്ടിയില്ല.

ഗായത്രി പിടുത്തം വിട്ട് ഉണ്ണിയെ നോക്കി.
എന്റെ ഉണ്ണികുട്ടന് ചായ തരാലോ..

അവൾ ബുദ്ധിമുട്ടി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ഉണ്ണി സഹായിച്ചു..

ഏടത്തിയമ്മക്ക് ഹോസ്പിറ്റലിൽ പോവണോ..?

എന്തിന്, ഇപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ല, മുഖത്തെ പാടൊക്കെ രാവിലെയാവുമ്പോഴേക്കും പൊയ്ക്കോളും..

ഉണ്ണി അരികിലേക്ക് ചെന്നു..
അപ്പോൾ നെഞ്ച് വേദനയോ..?

ഇപ്പോൾ ഒരു വേദനയുമില്ല, ഞാൻ നിനക്ക് ചായയുണ്ടാക്കിയിട്ട് ഒന്ന് കുളിച്ചിട്ട് വരാം അപ്പോൾ തന്നെ ഉഷാറായിക്കോളും..

ഉണ്ണി ഗായത്രിയുടെ കൂടെ അടുക്കളയിലേക്ക് നടന്നു..

ഞാൻ സാഹയിക്കണോ…?

ഉണ്ണിയുടെ ചോദ്യം കേട്ട് ഗായത്രി അവനെ നോക്കി..
എന്തിന് ഒരു ചായ വെക്കാൻ അത്രക്ക് പണിയൊന്നുമില്ലല്ലോ..

എന്നാലും എടത്തിയമ്മ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ…

ഗായത്രി ഉണ്ണിയുടെ കൈപിടിച്ചു..
ഒരു ബുദ്ധിമുട്ടുമില്ല, നീ പോയി അവിടെയിരിക്ക്, ഞാൻ ചായയെടുത്തിട്ട് വരാം..

ഉണ്ണി പുറത്തേക്കിറങ്ങി ഹാളിലെ സോഫയിൽ വന്നിരുന്നു, കുറച്ച് കഴിഞ്ഞപ്പോൾ ഗായത്രി ചായയുമായി വന്നു, ഉണ്ണി അത് വാങ്ങി കുടിക്കാൻ തുടങ്ങി..

എടത്തിയമ്മക്ക് വേണമെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടുപോവാട്ടോ, നല്ലോം വേദനയുണ്ടെങ്കിൽ പറയണം..

ഉണ്ണി പറയുന്നത് കേട്ട് ഗായത്രിയൊന്ന് നെഞ്ചിൽ തൊട്ട് നോക്കി..
ഏയ് ഇത് കുഴപ്പമൊന്നുമില്ല ഞാൻ പറഞ്ഞപോലെ രാവിലേക്ക് ശരിയായിക്കോളും….

ഉം…കുഴപ്പമില്ല കുഴപ്പമില്ലാന്ന് പറഞ്ഞ് രാത്രിയിൽ പണിയുണ്ടാക്കരുത്…

ഒന്നുമുണ്ടാവില്ല നീ സമാധാനമായിട്ടിരിക്ക്.
ഗായത്രി ഉണ്ണിയെ ആശ്വസിപ്പിച്ചു..

കുഴപ്പമില്ലാന്ന് ഉറപ്പാണോ…
ഉണ്ണി ഗായത്രിയെ നോക്കി..

പിന്നെന്താ 100 ശതമാനം.

രാവിലെ വീടുപണി തുടങ്ങിയിരുന്നു എടത്തിയമ്മ അറിഞ്ഞോ, ഞാൻ പറയാനും വിട്ടു.

പക്ഷെ ഞാൻ അറിഞ്ഞു..

എങ്ങനെ…?
ഉണ്ണി സംശയത്തോടെ ചോദിച്ചു..

വന്നവര് പറഞ്ഞു..

എന്നിട്ട് ഏടത്തിയമ്മയെന്താ അവരെ ക്ഷണിക്കാതിരുന്നത്, ഇനി നമ്മള് അത്ര ദൂരം പോവണ്ടേ…

ക്ഷണിക്കണമെങ്കിൽ പോയല്ലേ പറ്റൂ..
ഗായത്രിയും തിരിച്ചു ചോദിച്ചു.

എന്നാൽ എടത്തിയമ്മ കുളിച്ചിട്ട് വാ നമ്മുക്ക് രണ്ടാൾക്കും കൂടി പോയി ആദ്യത്തെ ക്ഷണം കൊടുത്തിട്ട് വരാം.

ഇപ്പോൾ വരാം ഒരു അഞ്ച് മിനിറ്റ്.

ഗായത്രി മുറിയിലേക്ക് പോയി, കുറച്ചു നേരത്തിനു ശേഷം പുറത്തേക്ക് വന്നു, ഗായത്രിയെ കണ്ട് ഉണ്ണി മിഴിച്ചിരുന്നു..

ഇതെപ്പോൾ വാങ്ങിയതാ..

ഇത് ഇന്ന് വരുന്ന വഴിക്ക് വാങ്ങി..

സൂപ്പറായിട്ടുണ്ട്..

ഗായത്രിയൊന്ന് ചിരിച്ചു..
ആദ്യത്തെ ക്ഷണമല്ലേ കളറായിക്കോട്ടെ.

( തുടരും )

©️Abhijith’s Pen

1 COMMENT

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വേഗം പോസ്റ്റ് ചെയ്യൂ.

LEAVE A REPLY

Please enter your comment!
Please enter your name here