Home തുടർകഥകൾ ഷ്യം അവൾ ഇറങ്ങി പോയതിനല്ല,വിവേകിനെ കുറിച്ച് ഒരു വാക്ക് പോലും പറയാതിരുന്നതിനാണ്, പറഞ്ഞിരുന്നെങ്കിൽ ഞാൻ… Part...

ഷ്യം അവൾ ഇറങ്ങി പോയതിനല്ല,വിവേകിനെ കുറിച്ച് ഒരു വാക്ക് പോലും പറയാതിരുന്നതിനാണ്, പറഞ്ഞിരുന്നെങ്കിൽ ഞാൻ… Part -7

0

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Anu Kalyani

🍁 വിയോമി 🍁 ഭാഗം ഏഴ്

“കുറച്ച് നേരത്തെ ഇറങ്ങിക്കോളൂ, പോകുന്ന വഴിക്ക് അമ്പലത്തിൽ കൂടി കയറണം”
രാവിലെ ഓഫീസിൽ ഇറങ്ങുമ്പോഴായിരുന്നു അമ്മായി പറഞ്ഞത്.
അമ്പലത്തിൽ നിന്ന് പ്രദിക്ഷണം വച്ച് കഴിഞ്ഞപ്പോൾ ആയിരുന്നു പാറുവിനെ കണ്ടത്, ചിരിച്ചുകൊണ്ട് അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.
“ചേച്ചി, അമ്മ വിളിച്ചപ്പോൾ പറഞ്ഞായിരുന്നു സുഖമില്ലെന്ന്, മാറിയോ”
“അതൊക്കെ മാറി പാറു”ഞങ്ങൾ സംസാരിക്കുന്നത് കണ്ട് മുഖം കനപ്പിച്ച് നിൽക്കുകയാണ് അച്ചു ഏട്ടൻ.

“ഏട്ടാ, ചേച്ചീടെ കയ്യിൽ കൊടുത്തുവിട്ട വളയും ഉടുപ്പും നന്നായിരുന്നു കേട്ടോ”
അവളുടെ പറച്ചിലിൽ ആകെ ചമ്മി നിൽക്കുകയായിരുന്നു ഏട്ടൻ.കുളപ്പടവിൽ ഇരുന്ന് ചെറിയ കല്ലുകൾ കുളത്തിൽ എറിയുമ്പോഴാണ് തൊട്ടടുത്ത് ഗാഢമായ ചിന്തയിൽ ഇരിക്കുന്ന ഏട്ടനെ ശ്രദ്ധിച്ചത്.
“എന്താ ഇങ്ങനെ ചിന്തിക്കാൻ”
“നീ എന്തിനാ ഞാനാണ് അതൊക്കെ വാങ്ങിയതെന്ന് പാറുവിനോട് പറഞ്ഞത്”
“ഞാനൊന്നും പറഞ്ഞില്ല,ചേട്ടന് ഇഷ്ടപ്പെടുന്ന ഡിസൈൻ ഒക്കെ അനിയത്തിയ്ക്ക് നന്നായി അറിയാം”
മറുപടിയായി ഒന്ന് ചിരിച്ചു.
“എന്തിനാ ഇങ്ങനെ അഭിനയിക്കുന്നത്, അവളോട് ക്ഷമിച്ചൂടെ”
“ദേഷ്യം അവൾ ഇറങ്ങി പോയതിനല്ല,വിവേകിനെ കുറിച്ച് ഒരു വാക്ക് പോലും പറയാതിരുന്നതിനാണ്, പറഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ നടത്തി കൊടുത്തേനെ”
മൗനം ആയിരുന്നു കുറേ സമയം, പരസ്പരം ഒന്നും പറയാതെ കുളത്തിലെ ആമ്പൽപ്പൂക്കളെയും നോക്കി ഇരുന്നു.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

വൈകുന്നേരം കുറേ സമയം കഴിഞ്ഞിട്ടും ഏട്ടൻ വന്നില്ല, വരും എന്ന പ്രതീക്ഷയിൽ ഞാൻ ഓഫീസിന്റെ മുന്നിൽ തന്നെ നിന്നു.ചുറ്റും ഒരു ശൂന്യത അനുഭവപ്പെട്ടു.അച്ചു ഏട്ടന്റെ ഫോണിലേക്ക് പല തവണ വിളിച്ചിട്ടും എടുക്കുന്നൂണ്ടായിരുന്നില്ല.അവസാനം ഞാൻ വീട്ടിലേക്ക് നടക്കാൻ തുടങ്ങി.ആൽത്തറയും കടകളും ഒന്നും കടന്ന് പോയത് അറിഞ്ഞിരുന്നില്ല.വീട്ടിലേക്ക് ദൂരം കൂടിയത് പോലെ തോന്നി, എന്തെന്നില്ലാത്ത ഒരു ഭയം ഊറിക്കൂടുന്നുണ്ടായിരുന്നു. ഗെയ്റ്റ് തുറക്കുമ്പോൾ തന്നെ ഉച്ചത്തിൽ അമ്മായിയെ വിളിച്ചു, എന്റെ വെപ്രാളം കണ്ട് അമ്മായിയും അമ്മാവനും മുറ്റത്തേക്ക് ഇറങ്ങി വന്നു.

“എന്താ മോളെ, എന്തുപറ്റി”
“അച്ചു ഏട്ടൻ വന്നൊ?”
“ഇല്ല,അവൻ മോളെ കൂട്ടാൻ വന്നില്ലെ”
“അവൻ ഇങ്ങ് വരും, മോള് അതിന് ഇങ്ങനെ വിഷമിക്കേണ്ട, ചില ദിവസങ്ങളിൽ പാതിര ആയാലും എത്തില്ല, അത് അങ്ങനെ ഒരു ജന്മം”
അമ്മാവൻ അങ്ങനെ പറയുമ്പോഴും മനസ്സിന് ആശ്വാസം ഉണ്ടായിരുന്നില്ല.
“ഇല്ല അമ്മായി, എന്തോ… ഉണ്ട്….., അല്ലെങ്കിൽ ഉറപ്പായും എന്നെ കൂട്ടാൻ വരും, എനിക്ക് പേടിയാകുന്നു”
“മോള് വാ… നമുക്ക് അന്വേഷിക്കാം”
രാത്രി ആയിട്ടും ഏട്ടനെ കണ്ടില്ല,ഞങ്ങൾ മൂന്ന് പേരും കൈവരിയിൽ ഏട്ടനെയും നോക്കി ഇരുന്നു.അപ്പോഴായിരുന്നു മുറ്റത്തേക്ക് ഒരു കാർ വന്നത്, രണ്ട് പേർ ഏട്ടനെ ഇരുവശത്ത് നിന്നും താങ്ങിപിടിച്ചിട്ടുണ്ട്.
“അയ്യോ, മോനേ എന്തുപറ്റി”
അമ്മായി കരഞ്ഞുകൊണ്ട് മുറ്റത്തേക്ക് ഓടി, പിന്നാലെ അമ്മാവനും.

“ഏയ് ഒന്നുമില്ല ആന്റി, ചെറിയ ഒരു ആക്സിഡന്റ് ഒന്ന് വീണു, കാലിൽ ചെറിയ പരിക്ക് ഉണ്ട്, രണ്ടാഴ്ച വിശ്രമം വേണമെന്നാണ് ഡോക്ടർ പറഞ്ഞത്”
ഏട്ടനെ മുറിയിലാക്കി അവർ പോയി.
“അമ്മു,അപ്പോഴേ പറഞ്ഞതാണ് എന്തോ പറ്റിയിട്ടുണ്ടെന്ന്, ഞങ്ങളാണ് അത് കാര്യമാക്കാതെ നിന്നത്”
അമ്മായി പറയുമ്പോൾ ഏട്ടന്റെ കണ്ണുകൾ വിടരുന്നുണ്ടായിരുന്നു,അവ എന്നെ തിരയാൻ തുടങ്ങിയപ്പോൾ പതിയെ പുറത്തേക്ക് ഇറങ്ങി.
രാത്രിയിൽ ഏട്ടന്റെ മുറിയിൽ നിന്നും ശബ്ദം കേട്ട് ഞാൻ മുറിയിലേക്ക് ചെന്നു.താഴെ ഒരു ഗ്ലാസ് വീണ് കിടക്കുന്നുണ്ട്.
“എന്താ..”
“വെള്ളം കുടിക്കാൻ ഗ്ലാസ് എടുക്കാൻ നോക്കിയപ്പോൾ താഴെ വീണതാ…”
ഗ്ലാസ്സിലേക്ക് വെള്ളം ഒഴിച്ച് കൈയ്യിലേക്ക് കൊടുത്തു, കിടക്കയുടെ ഒരു വശത്തായി ഇരുന്നു.

“നിനക്ക് എങ്ങനെ മനസ്സിലായി, എനിക്ക് എന്തോ പറ്റിയിട്ടുണ്ടെന്ന്”
“അറിയില്ല, അങ്ങനെ തോന്നി”
“നിന്റെ അടുത്തേക്ക് വരികയായിരുന്നു, പെട്ടെന്ന് സ്ലിപ് ആയി പോയി”
ചിരിച്ചുകൊണ്ട് മറുപടി കൊടുത്ത്, പുറത്തേക്ക് നോക്കാൻ തുടങ്ങിയപ്പോൾ കണ്ണുകൾ ആ പഴയ മഞ്ചാടി കുരുകളിൽ ഉടക്കി.ആദ്യം കണ്ടത് മുതൽ, ഉറങ്ങുമ്പോഴും ഉണരുമ്പോഴും മനസ്സിൽ പതിഞ്ഞു പോയ നിറം, ചുവന്ന നിറത്തിൽ പൊതിഞ്ഞ നിഷ്കളങ്കമായ വിത്ത്.ചിലപ്പോൾ നിലാവിന്റെ അല്ലെങ്കിൽ മിന്നിമിനുങ്ങിന്റെ വെളിച്ചത്തിൽ വർണ്ണ വിസ്മയം തീർക്കുന്ന അവ ഏകാന്തതയുടെ ചില്ല് കൂട്ടിൽ രമിക്കുകയാണ്. ആ ചില്ലിൽ എന്നെ കാണാം, ചിലപ്പോൾ എന്റെ പ്രതിബിംബം ആയിരിക്കണം അതിലെ ഏകാന്തത.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഏട്ടൻ കൂടെയില്ലാത്ത യാത്ര മടുപ്പിക്കുന്നുണ്ടായിരുന്നു.ഓരോ പകലും പെട്ടെന്ന് തീരാൻ മനസ്സ് വെപ്രാളം കാണിക്കുന്നുണ്ടായിരുന്നു.രാത്രിസംസാരങ്ങളും പുസ്തകങ്ങളും,പേരറിയാത്ത ഒരു സന്തോഷം ആയിരുന്നു പലപ്പോഴും.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
“ആന്റീ”
“അല്ല ഇതാരാ മീനാക്ഷിയൊ?, മോള് എപ്പോഴാണ് വന്നത്”
“ഒരാഴ്ച കഴിഞ്ഞു വന്നിട്ട്,അച്ഛു ഏട്ടന് എന്താ പറ്റിയത്,അമ്മ പറഞ്ഞു സുഖമില്ലെന്ന്”
“ബൈക്കീന്ന് വീണതാ, മുകളിൽ ഉണ്ട്”
“ഞാൻ പോയി കണ്ടിട്ട് വരാം”

വൈകിട്ട് വീട്ടിൽ എത്തി മുറിയിലേക്ക് പോകുമ്പോഴാണ്, പരിചയം ഉള്ള ശബ്ദം ഏട്ടന്റെ മുറിയിൽ നിന്നും കേട്ടത്, വാതിൽക്കൽ ചെന്ന് നിന്നു,ഏട്ടനെ നോക്കി ഇരിക്കുന്നത് കൊണ്ട് ആളുടെ മുഖം വ്യക്തമല്ല, അകത്തേക്ക് കയറുമ്പോൾ തിരിഞ്ഞു നോക്കി,
“മീനാക്ഷി”
“വിയോമി”
അവൾ എഴുന്നേറ്റ് അരികിലേക്ക് വന്ന് കെട്ടിപ്പിടിച്ചു.
“എത്ര നാളായി കണ്ടിട്ട്, അല്ല നീ എന്താ ഇവിടെ”
“ഇത് അമ്മയുടെ വീടാണ്, ഇവിടത്തെ ഓഫീസിൽ ആണ് ഇപ്പോൾ ജോലി”
ഞങ്ങളുടെ സംസാരം ശ്രദ്ധിക്കുകയായിരുന്നു ഏട്ടൻ.എന്റെ തോളിലുടെ കൈയിട്ട് ഏട്ടനോടായി അവൾ പറഞ്ഞു.
“കേട്ടോ അച്ഛു ഏട്ടാ,ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ് കോളേജിൽ, പിന്നെ ഇപ്പോഴാ കാണുന്നത്”
“അല്ല നിങ്ങൾ തമ്മിൽ എങ്ങനെയാണ് പരിചയം”
“ഞങ്ങൾ കളിക്കൂട്ടുകാർ ആയിരുന്നു, വലുതായപ്പോൾ ഇങ്ങനെ വല്ലപ്പോഴും മാത്രം കാണുന്നു”
“എടീ നിന്റെ കല്ല്യാണം കഴിഞ്ഞോ?,നമ്മുടെ സീനിയർ കാമുകൻ ഇപ്പോൾ എന്ത് ചെയ്യുന്നു”

അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും മറുപടി എന്തെന്ന് അറിയില്ലായിരുന്നു.എന്റെ മൗനം കണ്ടിട്ടാവണം അവൾ തന്നെ പറഞ്ഞു തുടങ്ങി.
“തീ പാറുന്ന പ്രേമം ആയിരുന്നു രണ്ടും തമ്മിൽ, എല്ലാർക്കും അസൂയ ആയിരുന്നു ഇവരോട്…….ഡീ കല്ല്യാണത്തിന് ഉറപ്പായും വിളിക്കണം”.
മനസ്സിൽ പലതും പറയുന്നുണ്ടെങ്കിലും പുറത്തേക്ക് ഒന്നും വന്നില്ല.ഒന്നും അറിയാതെ അവൾ തിരിച്ചുപോകുമ്പോൾ, അവളുടെ ചോദ്യത്തിനുള്ള മറുപടിയും കാത്ത് നിൽക്കുകയാണ് അച്ചു ഏട്ടൻ.
“ആരാണ് ആ കാമുകൻ”

“സായി ഏട്ടൻ,സായന്ത് എന്നാണ് പേര്, ഞങ്ങളുടെ സീനിയർ ആയിരുന്നു കോളേജിൽ, എന്ന് മുതലാണ് തമ്മിൽ അങ്ങനെ ഒരു പ്രണയം തുടങ്ങിയതെന്ന് അറിയില്ല.കോഴ്സ് കഴിഞ്ഞ് ഞാൻ നാട്ടിൽ ജോലിക്ക് ശ്രമിക്കുമ്പോൾ ഏട്ടൻ അവിടെത്തന്നെ റിസർച്ച് ചെയ്യാൻ തുടങ്ങി.ഞങ്ങളുടെ കല്ല്യാണം ഉറപ്പിച്ചതിന്റെ പിറ്റേന്ന് ആയിരുന്നു ആ ആക്സിഡന്റ് ഉണ്ടായത്.ഒരു ഭ്രാന്തിയെ മരുമകൾ ആക്കാൻ താല്പര്യം ഇല്ലെന്ന് സായിഏട്ടന്റെ അച്ഛനും അമ്മയും വന്ന് പറഞ്ഞു.എന്നെ മാത്രമേ വിവാഹം ചെയ്യൂ എന്ന വാശീയിൽ ആയിരുന്നു ഏട്ടൻ,ആ അമ്മയുടെ ആവശ്യം അംഗീകരിക്കാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല, എന്റെ വിസമ്മതം സായിഏട്ടനെ കുറച്ചൊന്നുമല്ല തളർത്തിയത്.എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് ചോദിച്ചാൽ ഉത്തരം എനിക്ക് അറിയില്ല.അന്നത്തെ ഒരു മാനസികാവസ്ഥയിൽ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു”.
പറഞ്ഞുതീരുമ്പോഴേക്കും താഴെ നിന്നും അമ്മായിയുടെ വിളി വന്നു.ആ കണ്ണുകൾ എന്നിൽ ആയിരുന്നു അതറിയാമായിട്ടും ഞാൻ അങ്ങോട്ടേക്ക് നോക്കിയില്ല.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഏട്ടന്റെ പരിക്ക് കുറേശ്ശെ ആയി മാറിവരികയാണ്.
“അമ്മു, മുകളിൽ വച്ചിട്ടുള്ള ആ പുസ്തകം ഇങ്ങെടുത്തെ”
പതിവ് രാത്രിസംസാരത്തിനിടയിൽ ആയിരുന്നു ഞങ്ങൾ.മുകളിൽ വച്ചിരിക്കുന്ന എം ടിയുടെ’കാലം’ എന്ന പുസ്തകം എടുത്ത് കൈയിൽ കൊടുത്തു.
“വായിച്ചിട്ടുണ്ടോ…”പുസ്തകം വാങ്ങിക്കൊണ്ട് ചോദിച്ചു.
“ഉവ്വ്,കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ കഥ…,സേതുവും സുമിത്രയും തങ്കമണിയും എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങൾ”

“എനിക്ക് ഇഷ്ടം സുമിത്രയെയാണ്,ഒരു തരത്തിലുള്ള ആത്മീയ്ക്ക് പിന്നിൽ കഴിയുന്ന സുമിത്രയെ, വർഷങ്ങൾക്ക് ശേഷം കാണാൻ വന്ന സേതുവിനോട് അവർ പറയുന്ന ഒരു വാചകം ഉണ്ട്,’സേതൂന്ന് എന്നും ഒരാളോട് മാത്രേ ഇഷ്ടുള്ളൂ,സേതൂനോട് മാത്രം’,ജീവിതത്തിന്റെ സന്തോഷങ്ങൾ സ്വപ്നം കണ്ട്കൊണ്ടിരിക്കെ കാലത്തിന്റെ ചുഴിയിൽ പെട്ടുപൊയ ജീവിതം, അതാണ് സുമീത്ര”.
അച്ചു ഏട്ടന്റെ വാക്കുകൾ എന്തൊക്കെയോ ഓർമ്മിപ്പിക്കുകയായിരുന്നു.
“പക്ഷേ എനിക്ക് ഇഷ്ടം സുമിത്രയെ അല്ല അച്ചു ഏട്ടാ….”
“പിന്നെ.. ആരെയാണ്”
“എനിക്ക് ഇഷ്ടം വിമലയെ ആണ്,’മഞ്ഞി’ലെ വിമലയെ,കാത്തിരിപ്പിന് അവസാനമില്ലെന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന വിമലയെ, ഓർമ്മകളിലൂടെ ജീവിച്ചു കൊണ്ട് കാത്തിരുന്ന വിമലയെ”
“അമ്മു, നീയും അതേ കാത്തിരിപ്പിലാണൊ?”
“എല്ലാവരും കാത്തിരിക്കുകയല്ലേ, ചിലർ പ്രിയപ്പെട്ടവരെ, ചിലർ വിട്ട് പോയവരെ മറ്റുചിലർ മരണത്തെ”

“നഷ്ടമായതിനെ കാത്തിരിക്കുന്നത് വിവരമില്ലായ്മ ആണ്,നഷ്ടപ്പെടുത്തിയതിനെ കാത്തിരിക്കുന്നത് വിഡ്ഢിത്തവും”
ഏട്ടന്റെ ആ വാക്കുകൾ എന്റെ കണ്ണ് ഈറനണിയിച്ചിരുന്നു.
“കഴിഞ്ഞകാലത്തെ കുറച്ച് ചിന്തിക്കുമ്പോൾ എല്ലാവരും ദുഖിതരാണ്, എന്റെ ബാല്യത്തിൽ മുത്തശ്ശിയേ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു,എന്നാൽ കൗമാരമായപ്പോൾ മുത്തശ്ശിയുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും ഒന്നും ഇഷ്ടമല്ലാതായി.കൂട്ടുകാരുടെ ഒക്കെ വീട്ടിൽ മുത്തശ്ശിമാരെ കാണുമ്പോൾ വല്ലാത്തൊരു നോവ് ആണ്,മുത്തശ്ശിയോട് കുറച്ചു കൂടി സ്നേഹം കാണിക്ക്മായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അതുപോലെ തന്നെ ആണ് എല്ലാകാര്യങ്ങളും, കാലം കഴിയുമ്പോൾ നമ്മുടെ സന്തോഷം ആഗ്രഹിക്കുന്നവർ ഒക്കെ മൺമറഞ്ഞ് പോയിട്ടുണ്ടാകും.
മുറിയിൽ ചെന്നീട്ടും ഉറക്കം വന്നില്ല, വാക്കുകൾ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു.

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here