Home തുടർകഥകൾ ഞാനാ….ഞാനാ….. കൊന്നത്, എന്റെ ഈ കൈകൊണ്ടാ കൊന്നത്… Part – 6

ഞാനാ….ഞാനാ….. കൊന്നത്, എന്റെ ഈ കൈകൊണ്ടാ കൊന്നത്… Part – 6

0

Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Anu Kalyani

🍁 വിയോമി 🍁 ഭാഗം ആറ്

അയാളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.ചുറ്റിലും ഇരുട്ട് നിറഞ്ഞു, ഫോട്ടോയിൽ മാത്രം മഞ്ഞ നിറത്തിലുള്ള പ്രകാശം പതിച്ചു.ചോരയുടെ രൂക്ഷഗന്ധം മൂക്കിലേക്ക് വന്നുകൊണ്ടിരുന്നു, രക്തത്തിൽ കുളിച്ച് ആ പെൺകുട്ടി എന്റെ നേരെ ചിരിയോടെ ഓടി വന്നു.ചോരപ്പറ്റിയ വെളുത്ത പൂക്കൾ നീട്ടിപിടിച്ചു.വലം കൈ കൊണ്ട് ആ പൂക്കൾ തട്ടി തെറിപ്പിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി ഓടി.മുറ്റത്തെ ഗെയ്റ്റ് കടന്ന് റോഡിലൂടെ വേഗത്തിൽ നടന്നു,

പിറകിൽ നിന്ന് പെട്ടെന്ന് കയ്യിൽ അച്ചു ഏട്ടന്റെ പിടി വീണു.
“എന്താ അമ്മു ഇത്,നീ എന്താ ഈ കാണിക്കുന്നെ”
“ഞാനാ….ഞാനാ….. കൊന്നത്, എന്റെ ഈ കൈകൊണ്ടാ കൊന്നത്”
“കൊല്ലാനോ? ആരെ? നീ എന്തൊക്കെയാ ഈ പറയുന്നത്…..”
“ആ കുട്ടിയെ…..ആ കുട്ടിയെ. കൊന്നത് ഞാനാ…”
കരഞ്ഞുകൊണ്ട് അച്ചു ഏട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു, ഏട്ടന്റെ ഷർട്ടിൽ പറ്റിയിട്ടുള്ള ചോര കയ്യിലേക്ക് പറ്റിയപ്പോൾ ശക്തമായി ഞാൻ ഏട്ടനെ പിറകോട്ട് തള്ളി.
“ചോര………”
“ചോരയൊ? എവിടെ?”.
“ഷർട്ടിൽ…..ചോര”
“അമ്മൂ, ഇത് ചോര അല്ല,നീ തട്ടി തെറിപ്പിച്ച ചായ എന്റെ ദേഹത്തേക്കാണ് വീണത്”
പിറകിലോട്ട് നീങ്ങി ഓടാൻ തുടങ്ങിയപ്പോൾ പിടിച്ചുനിർത്തിക്കൊണ്ട് ഏട്ടൻ പറഞ്ഞു.
“അല്ല ഇത് ചോരയാണ്, എന്നെ വിട്…..വിട്…”
ഏട്ടൻ എന്റെ കൈ രണ്ടും ബലമായി പിടിച്ചു.
കണ്ണുകളിൽ പതിയെ ഇരുട്ട് കയറി, കാലുകൾ തളർന്നിരുന്നു.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

കണ്ണ് തുറക്കാൻ കഴിയുന്നില്ല, തലയ്ക്ക് നല്ല ഭാരം പോലെ.കണ്ണ് തുറന്ന് ചുറ്റിലും നോക്കി,ഏതോ ആശുപത്രിയിൽ ആയിരുന്നു. എന്റെ കയ്യിൽ പിടിച്ച് ബെഡിലേക്ക് തലചായിച്ച് അമ്മ കിടക്കുന്നതാണ് കണ്ടത്, തൊട്ടടുത്ത് അമ്മായിയും ഉണ്ട്.
“അമ്മേ…….”
“മോളുണർന്നോ…”
തലയുയർത്തി അമ്മ എന്നെ നോക്കി.
“ഏടത്തി അവരോട് പറഞ്ഞേക്ക്”
“ആരോടാ… അമ്മേ”
“എല്ലാവരും വന്നിട്ടുണ്ട്,പുറത്തുണ്ട്”

അച്ഛനും അമ്മാവനും അപ്പൂവും മധുവും എല്ലാവരും ഉണ്ടായിരുന്നു.
“എങ്ങനെ ഉണ്ട് ഇപ്പോൾ?”
“കുഴപ്പമില്ല അമ്മാവാ”
“ഞാൻ നമ്മുടെ ഡോക്ടറെ വിളിച്ചിരുന്നു, പേടിക്കാൻ ഒന്നും ഇല്ല, പെട്ടെന്ന് ഉണ്ടായ ഷോക്കാണ്, മരുന്നിന്റെ ആവശ്യം ഒന്നും ഇല്ല എന്നാണ് പറഞ്ഞത്”
പറഞ്ഞുകൊണ്ട് അച്ഛൻ അരികിലേക്ക് വന്നു.
അച്ചു ഏട്ടൻ അവിടെ ഒന്നും ഇല്ലായിരുന്നു, ആരോടെങ്കിലും ചോദിക്കണം എന്ന് ഉണ്ടായിരുന്നു, പക്ഷേ എന്തോ ചോദിച്ചില്ല.
ഞാനും അപ്പുവും മധുവും കുറേ നേരം സംസാരിച്ചു.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

“അമ്മു, കുറച്ച് ദിവസം വീട്ടിൽ വന്ന് നിക്കട്ടെ”
“അത് വേണ്ട സുഭദ്രെ, അവിടെ വന്നാൽ ആ മുറിയിൽ വാതിലും അടച്ചിട്ട് ഇരിക്കും, ഇവിടെത്തന്നെ നിൽക്കട്ടെ, ഇവിടുന്ന് ആകുമ്പോൾ ഓഫീസിലൊക്കേ പോയി നല്ല മാറ്റം വരും”

“അപ്പച്ചി”
“അച്ചു,നീ എവിടെ ആയിരുന്നു,അമ്മു ഉണർന്നിട്ടുണ്ട്”
“ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു,
അപ്പച്ചി , എന്താ അമ്മുവിന്റെ പ്രശ്നം,ആ കുട്ടിയെ…അവളാണൊ…”

“നീ വാ നമുക്ക് കുറച്ച് മാറി നിന്ന് സംസാരിക്കാം”.
അവർ രണ്ടുപേരും ആശുപത്രിയുടെ പുറത്തുള്ള ഒരു മരച്ചുവട്ടിൽ നിന്നു.

“നല്ല മഴയുള്ള ദിവസം ആയിരുന്നു, അന്നാണ് ആ സ്കൂൾ കുട്ടി മരിച്ചത്, ശ്രദ്ധിക്കാതെ റോഡ് ക്രോസ് ചെയ്യുമ്പോൾ ആയിരുന്നു അമ്മുവിന്റെ കാർ ആ കുട്ടിയെ ഇടിച്ചത്.ചോരയിൽ കുളിച്ചു കിടന്ന ആ കുട്ടിയെ അവൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതും.
CCTV  ദൃശ്യങ്ങളിൽ കുട്ടിയുടെ ഭാഗത്താണ് തെറ്റെന്ന് മനസ്സിലായി.അതുകൊണ്ട് തന്നെ കേസ് ഒന്നും ഉണ്ടായില്ല.പക്ഷേ എന്റെ മോള് വല്ലാത്ത ഒരവസ്ഥയിലായിരുന്നു.ഒരു ദിവസം ഹോസ്പിറ്റലിൽ വച്ച് ആ കുട്ടിയുടെ അമ്മയെ കണ്ടു. ആത്മഹത്യയ്ക്ക് ശ്രമിച്ചതായിരുന്നു.അതും കൂടി ആയപ്പോൾ അവള് ആകെ തകർന്നു പോയി.മുറിയിൽ തന്നെ ഇരിപ്പായി അവൾ.ആരോടും മിണ്ടാതെ ഒന്നിനോടും പ്രതികരിക്കാതെ, അവസാനം ഭ്രാന്തിന്റെ വക്കിലെത്തിയപ്പോൾ  ഞങ്ങളവളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി.കുറെ ദിവസത്തെ ആശുപത്രിവാസം മരുന്നും ചികിത്സയും ഒക്കെ ആയി അവളിൽ നല്ല മാറ്റമുണ്ടായി.
താൻ കാരണമാണ് ആ കുട്ടി മരിച്ചത് എന്ന തെറ്റിദ്ധാരണ അതായിരുന്നു എല്ലാത്തിനും കാരണം.ഇപ്പോൾ വീണ്ടും ആ ഫോട്ടോ കണ്ടപ്പോൾ…”
“അപ്പച്ചി, ആൾക്കാർ ഒക്കെ ശ്രദ്ധിക്കുന്നു, കരയല്ലേ,വാ നമുക്ക് അകത്തേക്ക് പോകാം”.

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തുന്നത് വരെ ഞാൻ ഏട്ടനെ കണ്ടില്ല.അച്ഛനും അമ്മയും അപ്പുവും മധുവും എല്ലാവരും തിരിച്ചുപോയിരുന്നു.
മനസ്സ് വീണ്ടും ഏകാന്തത ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു.അതിഥിയായി വന്നതായിരുന്നോ എന്റെ ആനന്ദം,അവ വീണ്ടും അവരുടെ ആകാശത്തേക്ക് പറന്ന് അകലുകയാണോ…………

ആകാശങ്ങളിൽ നിന്ന് ആകാശങ്ങളിലേക്ക്, ചിറകുകൾ ഇല്ലാതെ എത്രനാൾ അവയ്ക്ക് പറക്കാൻ കഴിയും.എത്തിപ്പെടാത്തിടങ്ങളിൽ ഉറങ്ങുന്ന ഒരാളിൽ നിക്ഷിപ്തമാണ് എന്റെ ഉന്മാദം, ജീവിച്ചിരുന്നപ്പോൾ കണ്ടിട്ടില്ലാത്ത, മരണത്തിന് ശേഷം കൂടുതൽ അറിഞ്ഞവൾ, എന്റെ കയ്യിൽ കിടന്ന് അവസാനമായി തുടിച്ചവൾ………..
കഴിയില്ല, സ്വന്തം മനസ്സാക്ഷിക്ക് മേൽ മണ്ണ് വാരിയിട്ട് സന്തോഷം അഭിനയിക്കാൻ ഇനിയും എനിക്ക് കഴിയില്ല……
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

കോണിപ്പടിയിലെ കാലൊച്ച ഹൃദയമിടിപ്പ് കൂട്ടാൻ തുടങ്ങി.ചാരിയിരുന്ന വാതിലിൽ കണ്ണ് തറഞ്ഞു നിന്നു.ഇരുവശത്തേക്കായി പതിയെ തുറന്ന് അകത്തേക്ക് കയറി, നനഞ്ഞ മിഴികളിൽ സഹതാപം ആണെന്ന് തോന്നുന്നു, കണ്ണുകൾ കൊണ്ട് വാക്കുകൾ ഉച്ചരിക്കുമ്പോൾ അവ ആത്മാവിന്റെ ആഴത്തിൽ ശക്തമായൊരിടം സൃഷ്ടിക്കുകയായിരുന്നു.വാക്കുകൾക്ക് സ്ഥാനം നഷ്ടപ്പെട്ട നിമിഷം, അല്ലെങ്കിലും മിഴികൾക്ക് ഭാഷയുടെ ആവശ്യം ഇല്ലല്ലോ.
മൗനത്തിനു വിരാമമിട്ട്    ഞാൻ തന്നെ പറഞ്ഞു തുടങ്ങി.

“എവിടെ ആയിരുന്നു,കണ്ടതേ ഇല്ലല്ലോ”.
“അവിടെത്തന്നെ ഉണ്ടായിരുന്നു, അടുത്തേക്ക് വന്നില്ലെന്നേ ഉള്ളൂ”
“പേടിച്ചായിരുന്നോ അന്ന്”
“ആഹ്, കുറച്ച്, എനിക്ക് ഒന്നും അറിയില്ലായിരുന്നു, അപ്പച്ചി പറഞ്ഞപ്പോഴാണ് എല്ലാം അറിഞ്ഞത്”
“വീണ്ടും അവളുടെ മുഖം കണ്ടപ്പോൾ…..
മരിക്കുന്നത് മുമ്പ് ഒരിക്കൽ പോലും ഞാനവളെ കണ്ടിട്ടില്ല, പിന്നീട് പത്രത്തിലും ടിവിയിലും, പുറത്തിറങ്ങിയാൽ കാണുന്ന ഫ്ളക്സുകളിൽ പോലും അവളായിരുന്നു.സ്കൂളിലെ ടോപ്പർ, നാഷണൽ ലവൽ ഗെയിംസിലെ ഗോൾഡ് മെഡൽ ജേതാവ്.
ഞാൻ കാരണം പൊഴിഞ്ഞു പോയ ജീവിതം.എല്ലാത്തിനും ഉപരി അവളുടെ അമ്മയുടെ ആത്മഹത്യ ശ്രമം.അവരുടെ അരികിൽ നിന്നും കരയുന്ന ആ കുട്ടിയുടെ അച്ഛൻ,ഞാനായിട്ട് നശിപ്പിച്ച മൂന്ന് ജീവിതങ്ങൾ,എല്ലാംകൂടി ആയപ്പോൾ എനിക്ക് നിയന്ത്രിക്കാനായില്ല എന്റെ മനസ്സിനെ… ”
പറഞ്ഞു തീരുമ്പോൾ കരഞ്ഞ് പോയിരുന്നു.

“അമ്മൂ,അവൾ മരിച്ചത് നിന്റെ കുറ്റം കൊണ്ടല്ല,നീ നശിപ്പിച്ചത് അവരുടെ ജീവിതവും അല്ല, നിന്റെ തന്നെ ജീവിതം ആണ്”.
പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ലായിരുന്നു.
“അനന്യമോൾക്ക് പകരം അവർക്ക് ദൈവം മറ്റൊരു കുട്ടിയെ കൊടുത്തു.പഴയതൊക്കെ മറന്ന് അവർ ജീവിക്കാൻ തുടങ്ങി,
നീയോ? ചെയ്യാത്ത തെറ്റിന്റെ പഴി സ്വയം ഏറ്റെടുത്ത് ജീവിതം ഇങ്ങനെ നശിപ്പിക്കുന്നു.
ചിന്തിച്ച് നോക്കൂ,ആരുടെ ജീവിതം ആരാണ് നശിപ്പിച്ചതെന്ന്”.
പറഞ്ഞുകൊണ്ട് ഏട്ടൻ മുറി വിട്ട് പോയപ്പോൾ, ഉള്ളിൽ വലിയ ഒരു ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കാൻ ഉള്ള ശ്രമം ആയിരുന്നു.

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
“കുറച്ച് നേരത്തെ ഇറങ്ങിക്കോളൂ, പോകുന്ന വഴിക്ക് അമ്പലത്തിൽ കൂടി കയറണം”
രാവിലെ ഓഫീസിൽ ഇറങ്ങുമ്പോഴായിരുന്നു അമ്മായി പറഞ്ഞത്.

അമ്പലത്തിൽ നിന്ന് പ്രദിക്ഷണം വച്ച് കഴിഞ്ഞപ്പോൾ ആയിരുന്നു പാറുവിനെ കണ്ടത്.ചിരിച്ചുകൊണ്ടവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.
“ചേച്ചി,അമ്മ വിളിച്ചപ്പോൾ പറഞ്ഞായിരുന്നു,സുഖമില്ലെന്ന്,മാറിയോ”
“അതൊക്കെ മാറി പാറു”
ഞങ്ങൾ സംസാരിക്കുന്നത് കണ്ട് മുഖം കനപ്പിച്ച് നിൽക്കുകയാണ് അച്ചു ഏട്ടൻ.
“ചേട്ടാ , ചേച്ചീടെ കയ്യിൽ കൊടുത്തുവിട്ട വളയും ഉടുപ്പും നന്നായിരുന്നു കേട്ടോ…”
അവളുടെ പറച്ചിലിൽ ആകെ ചമ്മി നിൽക്കുകയായിരുന്നു ഏട്ടൻ.
കുളപ്പടവിൽ ഇരുന്ന് ചെറിയ കല്ലുകൾ കുളത്തിൽ എറിയുമ്പോഴാണ്, തൊട്ടടുത്ത് ഗാഢമായ ചിന്തയിൽ ഇരിക്കുന്ന ഏട്ടനെ ശ്രദ്ധിച്ചത്.

“എന്താ ഇങ്ങനെ ചിന്തിക്കാൻ..”
“നീ എന്തിനാ, ഞാനാണ് അതൊക്കെ വാങ്ങിയതെന്ന് പാറുവിനോട് പറഞ്ഞത്”
“ഞാനൊന്നും പറഞ്ഞില്ല, ചേട്ടന് ഇഷ്ടപ്പെടുന്ന ഡിസൈൻ ഒക്കെ അനിയത്തിയ്ക്ക് നന്നായി അറിയാം”
മറുപടിയായി ഒന്ന് ചിരിച്ചു.
“എന്തിനാ ഇങ്ങനെ അഭിനയിക്കുന്നത്, അവളോട് ക്ഷമിച്ചൂടെ”
“ദേഷ്യം അവൾ ഇറങ്ങി പോയതിനല്ല, ഒരിക്കൽ പോലും എന്നോട് വിവേകിനെ കുറിച്ച് പറയാതിരുന്നതിനാണ്, പറഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ നടത്തി കൊടുത്തേനെ..”
മൗനം ആയിരുന്നു കുറേ സമയം, പരസ്പരം ഒന്നും പറയാതെ കുളത്തിലെ ആമ്പൽപ്പൂക്കളെയും നോക്കി ഇരുന്നു….

🏵️🌻 തുടരും…..🌻🏵️
🌾അനു കല്ല്യാണി 🌾

LEAVE A REPLY

Please enter your comment!
Please enter your name here