Home Latest ഇതിലും വലിയ അപമാനവും വേദനയും ഒക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്, അതൊക്കെ വച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല…...

ഇതിലും വലിയ അപമാനവും വേദനയും ഒക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്, അതൊക്കെ വച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല… Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Anu Kalyani

🍁 വിയോമി 🍁 ഭാഗം അഞ്ച്

“അച്ചു ഏട്ടനും പാറുവും തമ്മിൽ എന്താ പ്രശ്നം?”.

തിളയ്ക്കുന്ന എണ്ണയിൽ പഴം വറുക്കുകയായിരുന്നു അമ്മായി.
“അവന്റെ സ്ഥാനത്ത് ആരാണെങ്കിലും ഇങ്ങനെയേ ചെയ്യൂ…, അത്രയ്ക്കും വലിയ ദ്രോഹം ആണ് അവൾ ഞങ്ങളോട് ചെയ്തത്”.
“എന്ത് ദ്രോഹം”
വറുത്ത പഴം എനിക്ക് നേരെ നീട്ടി.
“രണ്ട് വർഷം മുമ്പ് ഈ വീട്ടിൽ ഒരു കല്യാണപന്തൽ ഉയർന്നിരുന്നു, പക്ഷേ കല്യാണത്തലേന്ന് അവൾ ഞങ്ങളെ ഒക്കെ വിഡ്ഢികളാക്കി വിവേകിന്റെ കൂടെ ഇറങ്ങി പോയി.
ഒരു വാക്ക് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ തന്നെ ആ കല്ല്യാണം നടത്തി കൊടുത്തേനെ,
മിണ്ടിയില്ല ഞങ്ങൾ ആരും, കുറേ നാൾ അവളോട്, പക്ഷേ മോള് ജനിച്ചപ്പോൾ…………”
അമ്മായി കരയുകയായിരുന്നു.സമാധാനിപ്പിക്കാൻ എന്നോണം ഞാൻ ആ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.
“അമ്മേ…”
വാതിൽ പടിയിൽ കൈ വച്ച് ഞങ്ങളെ നോക്കുന്ന ഏട്ടനെ അപ്പോഴാണ് ഞങ്ങൾ ശ്രദ്ധിച്ചത്.

“എനിക്ക് വിശക്കുന്നു, എന്തെങ്കിലും എടുത്ത് വയ്ക്ക്..”
എന്നെ നോക്കി ആയിരുന്നു പറഞ്ഞത്.ഞാൻ പെട്ടെന്ന് മുഖം തിരിച്ചു പുറത്തേക്ക് നോക്കി.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഉറക്കം വരാതെ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുമ്പോഴാണ് താഴെ വെളിച്ചം അണച്ചിട്ടില്ല എന്ന് ശ്രദ്ധിച്ചത്, താഴേക്ക് ഇറങ്ങിയപ്പോഴാണ് ചാരുകസേരയിൽ ഇരുന്ന് ഉറക്കം തൂങ്ങുന്ന അമ്മാവനെ കണ്ടത്.
“എന്ത് പറ്റി, എന്തിനാ ഇവിടെ വന്ന് ഇരിക്കുന്നെ?”.
“സമയം കുറേ ആയില്ലേ, അച്ചു വന്നില്ല,കിടന്നിട്ടാണെങ്കിൽ ഉറക്കവും വരുന്നില്ല”.
“ഏട്ടൻ എവിടെ പോയതാ.,..”.
“അറിയില്ല, പറഞ്ഞിട്ട് പോകുന്ന പതിവ് ഇല്ലല്ലോ”.
കാറ്റിന്റെ തണുപ്പിനൊപ്പം രാത്രിമുല്ലയുടെ മണവും നാസികയിലേക്ക് വന്നുകൊണ്ടിരുന്നു.

“നമ്മള് നമ്മുടെ അച്ഛനും അമ്മയ്ക്കും കൊടുക്കുന്ന സ്നേഹം ആണ് നമ്മുടെ മക്കൾ നമുക്ക് തരുന്നത് എന്ന് പണ്ടുള്ളവർ പറയുന്നത് കുറേ ഒക്കെ ശരിയാ……
ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.
ഞാനും നിന്റെ അമ്മയും, മരിക്കുന്നത് വരെ അച്ഛനും അമ്മയ്ക്കും സമാധാനം കൊടുത്തിട്ടില്ല.ഇപ്പോൾ  ഞാനും അവളും അനുഭവിക്കുന്നതും അതേ സമാധാനമില്ലായ്മ ആണ്”.
പറഞ്ഞു തീരുമ്പോഴേക്കും ബൈക്കിന്റെ ശബ്ദം കേട്ടു.
“അവൻ വരുന്നുണ്ടെന്ന് തോന്നുന്നു,വാ നമുക്ക് അകത്തേക്ക് പോകാം”.

മുറിയിൽ എത്തിയപ്പോൾ ആണ് ഫോൺ താഴെ വച്ച് മറന്നത് ഓർമ്മ വന്നത്,ഇറയത്തെ കൈവരിയിൽ നിന്ന് ഫോൺ എടുക്കുമ്പോൾ പിറകിൽ കാലൊച്ച കേട്ടു.തിരിഞ്ഞുനോക്കിയില്ല ഞാൻ.
“അമ്മു, സോറി…,ഞാൻ ….. അപ്പോഴത്തെ ദേഷ്യത്തിൽ….. പെട്ടെന്ന്…. ചെയ്തുപോയ താണ്”.
“അത് കുഴപ്പമില്ല, ഇതിലും വലിയ അപമാനവും വേദനയും ഒക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്, അതൊക്കെ വച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല”.
അതും പറഞ്ഞ് തിരിഞ്ഞുനടക്കാൻ തുടങ്ങിയ എന്നെ ഏട്ടൻ പിടിച്ചു നിർത്തി.
കൈവിരലുകൾ നീര് വന്ന കവിളിൽ പതിയെ തലോടി.
ഇന്നലകളിലേക്ക് ,കടിഞ്ഞാൺ ഇല്ലാതെ പായുന്ന മനസ്സിനെ പിടിച്ചുനിർത്താൻ ആ കണ്ണുകൾക്ക് പ്രത്യേക കഴിവ് ഉണ്ടായിരുന്നു.
വിരലുകൾ മെല്ലെമെല്ലെ ചുണ്ടിലെ പൊട്ടലിൽ എത്തി.
ആ ചെറിയ മിഴികളിലെ കനത്ത ഗൗരവം, പലതും പറയാതെ പറയുകയായിരുന്നു.
കൈ തട്ടിമാറ്റിയപ്പോൾ എന്തോ ഓർത്ത് എന്റെ തോളിൽ വച്ചിരുന്ന കൈ മാറ്റി.അകത്തേക്ക് കയറി, പടിയിൽ നിന്ന് വെറുതെ തിരിഞ്ഞു നോക്കി, കണ്ണുകൾ എന്നിൽ തന്നെ ആയിരുന്നു,കൂടെ ചുണ്ടിൽ ഒരു പുഞ്ചിരിയും.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

രാവിലെ പോകാൻ ഒരുങ്ങുമ്പോൾ ആണ് വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്.
“വേഗം വാ, ഞാൻ താഴെ ഉണ്ടാകും”.
ഏട്ടൻ ആയിരുന്നു.
“എന്താ”
“ഒരുമിച്ചു പോകാം, ഞാൻ താഴെ നിൽക്കും”.
ആ മാറ്റം വിശ്വാസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.സന്തോഷവും അതിലുപരി സംരക്ഷണവും ഏട്ടനിൽ നിന്നും കിട്ടുന്നുണ്ടായിരുന്നു.

വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ കണ്ടത് പുറത്ത് കാത്തുനിൽക്കുന്ന ഏട്ടനെ ആണ്.ആൽത്തറയിൽ ഇരിക്കുന്നവർ ഏട്ടനെയും എന്നെയും രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.എനിക്ക് ചെറിയ പേടി തോന്നി,കുറേ ദൂരത്ത് എത്തിയപ്പോൾ ഏട്ടൻ ബൈക്ക് നിർത്തി.
“നീ എന്തിനാ അവരെ ഇങ്ങനെ പേടിക്കുന്നത്”.
“അറിയില്ല, എനിക്ക് എന്തോ കുറച്ച് നാളായി പരിചയമില്ലാത്ത ആൾക്കാരെ കാണുമ്പോൾ വല്ലാത്തൊരു ഭയം ആണ്”.
“എന്നെ കാണുമ്പോഴും ഉണ്ടായിരുന്നോ?”.
ചെറിയ ആകാംക്ഷ ഉണ്ടായിരുന്നു മുഖത്ത്.
“ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഇല്ല,ഈ പുറത്ത് കാണിക്കുന്ന ദേഷ്യവും ഗൗരവവും ഒന്നും ഉള്ളിൽ ഇല്ലെന്ന് എനിക്കറിയാം”.
ബൈക്ക് മുമ്പോട്ടേക്ക് നീങ്ങുമ്പോൾ ചെറിയ ചിരി കൂടി ഉണ്ടായിരുന്നു മുഖത്ത്.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

“അമ്മൂ,ഒരുങ്ങിയില്ലെ,”
“ദേ വന്നു,അമ്മായി”
മോളുടെ ചോറൂണിന് പോകാൻ ഒരുങ്ങുകയായിരുന്നു എല്ലാവരും.ഒരുങ്ങി വാതിൽ തുറക്കുമ്പോഴാണ് പുറത്ത് അച്ചു ഏട്ടനെ കണ്ടത്.
ചെറിയ ഒരു ചമ്മൽ ഉണ്ടായിരുന്നു മുഖത്ത്.കയ്യിൽ ഉണ്ടായിരുന്ന കവർ എനിക്ക് നേരെ നീട്ടി.
“എന്താ ഇത്”.
“ഇത്….. ഇത് ഒരു ചെറിയ വളയാണ്, പിന്നെ ഒരു കുട്ടിയുടുപ്പും”.
“അല്ല, ഇത് എനിക്ക് എന്തിനാണെന്നാണ് ചോദിച്ചത്”.
പറയാൻ വാക്കൊന്നും കിട്ടാതെ കിടന്ന് തപ്പുന്നത് കണ്ടപ്പോൾ ചിരിപൊട്ടി.
“ഇത് പാറുവിന് കൊടുക്കണം, ഞാൻ വാങ്ങിയതാണെന്ന് പറയേണ്ട”.
“ഇത്രയ്ക്ക് സ്നേഹം ഉണ്ടെങ്കിൽ, ഏട്ടന് തന്നെ കൊടുത്താൽ പോരെ”.
“അതൊന്നും ശരിയാവില്ല,അവരെ കാണുമ്പോൾ എനിക്ക് ദേഷ്യം വരും, പിന്നെ ആകെ കുഴപ്പാകും”.
“ആയിക്കോട്ടെ, ഞാൻ കൊടുത്തോളാം”
താഴേക്ക് ഇറങ്ങുമ്പോൾ വീണ്ടും വിളി വന്നു.
“അമ്മൂ, പിന്നെ…. മോളുടെ കുറച്ച് ഫോട്ടോസും എടുത്തോളൂ”.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

“ഇത്,അച്ചു ഏട്ടൻ വാങ്ങിയതാണൊ?”.
ഏട്ടൻ തന്ന വള നോക്കിക്കൊണ്ട് പാറു ചോദിച്ചത്.
“ഏയ് അല്ല,എന്തെ അങ്ങനെ ചോദിക്കാൻ”.
“ചേച്ചി, എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞെ”.
“അല്ല പാറു, ഇത് ഞാൻ വാങ്ങിയതാണ്”.
പാറു അവളുടെ കൈയിൽ ഇട്ടിട്ടുള്ള വള അഴിച്ചു, എന്നിട്ട് കുട്ടിവളയുടെ അടുത്ത് വച്ചു,
“ഇത് രണ്ടും ഒന്ന് നോക്കിക്കേ”.
ആ രണ്ട് വളകളും ഒരേ ഡിസൈനിൽ ഉള്ളതായിരുന്നു.എനിക്ക് അത്ഭുതം തോന്നി.ഉള്ളിൽ ഇത്രയും സ്നേഹം ഉണ്ടായിട്ടാണൊ നേരിൽ കാണുമ്പോൾ ഇവർ അടികൂടുന്നത്.
“എനിക്കറിയാം ചേച്ചി, ഏട്ടന് എന്നെ വെറുക്കാൻ ഒന്നും കഴീയില്ല, ഇപ്പോ ഈ കാണിക്കുന്നത് ഒക്കെ നല്ല ഒന്നാന്തരം അഭിനയം അല്ലെ?”.
ആ മുഖത്ത് എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

നിലാവുള്ള രാത്രിയിൽ, നക്ഷത്രങ്ങളെയും നോക്കി ഉമ്മറത്തെ കൈവരിയിൽ ഇരിക്കുകയായിരുന്നു.
“ഈ നക്ഷത്രങ്ങളും ചന്ദ്രനും,പകലോന്നും എല്ലാം നിന്നിൽ തന്നെയാണ് ഉള്ളത്,വിയോമി”. ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
“സാഹിത്യം ആണൊ?”.
അച്ചു ഏട്ടൻ ചിരിച്ചുകൊണ്ട് കൈവരിയിൽ ഇരുന്നു.
“അർത്ഥമില്ലാത്ത നിന്റെ പേരിന്റെ അർത്ഥം ആണിത്”.
ഒന്നും മനസ്സിലാവാതെ ഉള്ള എന്റെ ഇരിപ്പ് കണ്ട് ഏട്ടൻ പൊട്ടിച്ചിരിച്ചു.
“തന്റെ പേരിന്റെ അർത്ഥം ആടോ ഞാൻ പറഞ്ഞത്, വിയോമി എന്നാൽ ആകാശം എന്നാണ് അർത്ഥം”.
“ശരിക്കും”.
വിശ്വാസം വരാതെ ഉള്ള എന്റെ ചോദ്യം കേട്ട് ചുമലിൽ ഒന്ന് അമർത്തി പിടിച്ചു,അതെ എന്ന് തലയാട്ടി.സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയാൻ തുടങ്ങി.ഇത്രയും നാൾ ഞാൻ അന്വേഷിച്ചിട്ടും കണ്ടുപിടിക്കാൻ ആവാത്ത അർത്ഥം,ഇപ്പോൾ എനിക്ക് തരുന്ന ആനന്ദം ചെറുതൊന്നുമല്ലായിരുന്നു.
“എവിടെ നിന്നാണ് കിട്ടിയത്”
“അതൊക്കെ കിട്ടി, സത്യം പറഞ്ഞാൽ നിന്റെ പേര് അറിഞ്ഞപ്പോൾ തൊട്ടുള്ള അന്വേഷണം ആണ്, ഇന്നാണ് ഫലം ഉണ്ടായത്, എന്നാലും തന്റെ അച്ഛനെ സമ്മതിക്കണം,എവിട്ന്ന് കിട്ടി ഈ പേര്”.
“എന്തായാലും സ്വഭാവവും ആയിട്ട് ബന്ധമില്ലാത്ത പേരൊന്നും അല്ല, എന്റെ മനസ്സ് ആകാശം പോലെ വിശാലമാണ്”.
“അർത്ഥം പോലും അറിയാതെ ഇരുന്നതാ…. ഇപ്പോ കണ്ടുപിടിച്ച് കൊടുത്തപ്പോൾ ആളെ കളിയാക്കുന്നു, ഞാൻ പോകുവാ…”
കൈവരിയിൽ നിന്നും എഴുന്നേറ്റ് അകത്തേക്ക് പോകുന്നതിന് മുമ്പ് തിരിഞ്ഞു നോക്കി.
“ഉറങ്ങാൻ ആയില്ലെ?”.
“ഇല്ല, നക്ഷത്രങ്ങളും ചന്ദ്രനെയും ഒക്കെ ഉറക്കി കിടത്തിയിട്ട് ഞാൻ ഉറങ്ങിക്കോളാം”
വീണ്ടും നടന്നു പോയപ്പോൾ ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
“അതേ thanks”
കൈ കൊണ്ട് ശരി എന്നർത്ഥത്തിൽ കാണിച്ചുകൊണ്ട് അകത്തേക്ക് കയറി.
മനസ്സ് നിറയെ ആനന്ദം ആയിരുന്നു,കാലചക്രത്തിന്റെ ഗതിയിൽ മാറി മാറി വരുന്ന എന്റെ സന്തോഷവും സങ്കടങ്ങളും സന്തോഷത്തിൽ മാത്രം നിന്നിരുന്നെങ്കിൽ………….
🌼🌼🌼  🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

“അമ്മു, എനിക്ക് ഒരു സ്ഥലം വരെ പോകണം,നീ വരുന്നോ”.
വൈകിട്ട് വീട്ടിലേക്ക് മടങ്ങാൻ നോക്കുമ്പോഴായിരുന്നു അച്ചു ഏട്ടൻ ചോദിച്ചത്.
“എങ്ങോട്ടാണ്”
“ഒരു ഫ്രണ്ടിനെ കാണാനാ…., ആള് ഗൾഫിൽ ആയിരുന്നു, അടുത്താഴ്ച തിരിച്ചു പോകും.തിരക്ക് കാരണം ഇതുവരെ പോകാൻ പറ്റിയില്ല”.
“ഞാൻ വരാം, എനിക്ക് കുഴപ്പമൊന്നുമില്ല”.
ചെങ്കല്ല് കൊണ്ടുണ്ടാക്കിയ ഒരു നാലുകെട്ടിന്റെ മുന്നിൽ ആണ് ബൈക്ക് നിർത്തിയത്.ശബ്ദം കേട്ട് മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ പുറത്തേക്ക് വന്നു.
“ഇപ്പൊഴാണൊ നിനക്ക് വരാൻ തോന്നിയത്”.
അയാൾ അച്ചു ഏട്ടന്റെ തോളിൽ കൈ വച്ച് പറഞ്ഞു.
“തിരക്കായി പോയി, കുറച്ച് ദിവസം മുമ്പ് വരണം എന്നു വിചാരിച്ചതായിലുന്നു”.
“അല്ല, ഇതാരാ, ഇനി നീ ഞാനറിയാതെ കല്ല്യാണം കഴിച്ചോ”.
“എന്റെ അപ്പച്ചീടെ മോളാ..”
“രണ്ടാളും വാ”
ഞങ്ങൾ മൂന്ന് പേരും കുറേ സമയം സംസാരിച്ചിരുന്നു.അയാളുടെ അമ്മ എന്നെയും കൂട്ടി അടുക്കളയിലേക്ക് പോയി.വാ തോരാതെ സംസാരിച്ചു തുടങ്ങി.ഇടയ്ക്ക് തമാശയും ചിരിയും ഒക്കെ ആയി പെട്ടെന്ന് സമയം പോയി.സെൻട്രൽഹാളിലേക്ക് ചെല്ലുമ്പോൾ ആണ് ഫ്രെയിം ചെയ്ത് മാലയിട്ട് വച്ചിരുന്ന ആ ഫോട്ടോ കണ്ടത്.ഉള്ളിൽ നിന്ന് ഒരാളൽ ആയിരുന്നു, ചുറ്റിലും ഇരുട്ട് നിറഞ്ഞത് പോലെ,അച്ചു ഏട്ടന്റെ അരികിൽ ചെന്നിരുന്നു.നേരെ മുന്നിൽ ആ ഫോട്ടോ ആയിരുന്നു.
“ഏതാ ഈ കുട്ടി”
ഫോട്ടോയിലേക്ക് ചൂണ്ടി ഏട്ടൻ അയാളോടായി ചോദിച്ചു.
“ചേച്ചിയുടെ മോളാ…. ഒന്നരവർഷം മുമ്പ് ഒരു ആക്സിഡന്റീൽ…….”
അയാളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

🏵️🌻 തുടരും……🌻🏵️

🌾അനു കല്ല്യാണി 🌾

LEAVE A REPLY

Please enter your comment!
Please enter your name here