Home തുടർകഥകൾ അന്നാദ്യമായി ഞാൻ ഏട്ടന്റെ ബൈക്കിൽ കയറി, ഗെയ്റ്റ് കടന്ന് റോഡിലേക്ക് ഇറങ്ങിയപ്പോൾ… Part – 4

അന്നാദ്യമായി ഞാൻ ഏട്ടന്റെ ബൈക്കിൽ കയറി, ഗെയ്റ്റ് കടന്ന് റോഡിലേക്ക് ഇറങ്ങിയപ്പോൾ… Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Anu Kalyani

🍁 വിയോമി 🍁  ഭാഗം നാല്

“അത് അവർ എന്തൊക്കെയോ ചോദിച്ചപ്പോൾ…….”
“ചോദിച്ചപ്പോൾ നീ എല്ലാത്തിനും ഉത്തരം കൊടുത്തല്ലേ…”
പേടി കാരണം ഞാൻ വിയർക്കാൻ തുടങ്ങിയിരുന്നു.

“ഒരുത്തി ഉണ്ടാക്കി വച്ച നാണക്കേട് പോരാഞ്ഞിട്ടാണൊ വേറെ ഒന്നിനെയും കൂടി കൂട്ടി വന്നത്?”
അമ്മാവന് അഭിമുഖമായി നിന്ന് സംസാരിക്കുന്ന അച്ചുവേട്ടനെ, വാതിൽപ്പടിയിൽ നിറഞ്ഞ കണ്ണുകളുമായി നോക്കുകയായിരുന്നു അമ്മായി.

“കള്ളും കഞ്ചാവും ആയി നടക്കുന്നവരോടെക്കെ കൂട്ട്കൂടണമെങ്കിൽ, അത് ഈ വീട്ടിൽ നിന്ന് കൊണ്ട് പറ്റില്ല, ഇവിടെ നിന്ന് ആരുടെയെങ്കിലും കൂടെ ഇറങ്ങി പോയാൽ ഇനി അതും കൂടി കേൾക്കാൻ ഇവിടെ ആർക്കും സൗകര്യമില്ല”.
പറഞ്ഞ് തീരും മുമ്പേ അമ്മായിയുടെ കൈ അച്ചു ഏട്ടന്റെ കവിളിൽ പതിഞ്ഞു.

“നിന്റെ പെങ്ങളെ പോലെ അല്ല എല്ലാവരും, പ്രത്യേകിച്ച് ദേ… ഇവൾ”
എന്നെ ചേർത്ത് പിടിച്ചു പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അടികൊണ്ട കവിളിൽ വിരലോടിച്ച് എന്നെ രൂക്ഷമായി നോക്കി ഏട്ടൻ അകത്തേക്ക് കയറി പോയി.
കണ്ണ് തുടച്ചു അമ്മായി അമ്മാവനെ നോക്കി, നിസ്സഹായതയോടെ അമ്മാവനും, അവർക്ക് എന്തോ പറയാനുണാടായിരുന്നു, അത് മനസ്സിലാക്കി ഞാനവിടെ നിന്നും മുറിയിലേക്ക് പോയി.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

“അച്ചു,അമ്മുവിനെ നീ ഓഫീസിൽ ആക്കിയാൽ മതി,ഇനി വഴിയിൽ ആരോടെങ്കിലും സംസാരിച്ചു എന്ന് പറഞ്ഞ് ഇവിടെ വന്ന് കുഴപ്പം ഉണ്ടാക്കാൻ നിൽക്കേണ്ട”.
രാവിലെ ഇറങ്ങാൻ നോക്കുമ്പോഴാണ് അമ്മായി അച്ചു ഏട്ടനോട് പറഞ്ഞത്.
“വേണ്ട അമ്മായി ഞാൻ നടന്നു പൊയ്ക്കോളാം”
“ഒറ്റയ്ക്ക് വരുന്നതും പോകുന്നതും കാണുന്നത് കൊണ്ടാണ് അവർ ശല്യം ചെയ്യുന്നത്, ചോദിക്കാനും പറയാനും ആളുണ്ടെന്ന് അറിയുമ്പോൾ എല്ലാം മാറും”.

അന്നാദ്യമായി ഞാൻ ഏട്ടന്റെ ബൈക്കിൽ കയറി, ഗെയ്റ്റ് കടന്ന് റോഡിലേക്ക് ഇറങ്ങിയപ്പോൾ പിറകിൽ നിന്നും ആരോ വിളിക്കുന്നത് പോലെ തോന്നി.
“അശ്വഘോഷാ”
അശ്വഘോഷനൊ, അതാരാ..സംശയിച്ചിരിക്കുമ്പോഴേക്കും ഏട്ടൻ ബൈക്ക് നിർത്തി.
“എന്താ”
“എന്റെ ലോണിന്റെ കാര്യം എന്തായി”
“അത് ശരിയായിട്ടുണ്ട്, കുറച്ച് കഴിഞ്ഞ് ബാങ്കിലോട്ട് വാ..”
ഈശ്വരാ ഈ കണ്ടാമൃഗത്തിന്റെ പേരാണൊ അശ്വഘോഷൻ.
“അച്ചു ഏട്ടന്റെ പേര് അശ്വഘോഷൻ എന്നാണൊ?”.
അരുതാത്തത് എന്തോ ചോദിച്ചത് പോലെ എന്നെ ഒന്ന് നോക്കി.
“എന്തെയ് ഈ പേര് ഇതുവരെ കേട്ടിട്ടില്ലെ?”.

“ബുദ്ധചരിതം എഴുതിയ അശ്വഘോഷനെ പറ്റി മാത്രമെ ഞാൻ കേട്ടിട്ടുള്ളൂ”.

“എന്തായാലും അർഥം അറിയാത്ത പേരൊന്നും അല്ല”.
എന്റെ വായ അടപ്പിക്കാൻ പാകത്തിന് പറഞ്ഞ് ബൈക്ക് സ്റ്റാർട്ട് ആക്കി.
അന്നത്തെ ദിവസം വല്ലാത്ത ഒരു സന്തോഷം ആയിരുന്നു.എല്ലാ കാര്യത്തിലും ഒരു ഊർജ്ജം കിട്ടിയത് പോലെ.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

വൈകുന്നേരം പതിവ് പോലെ വീട്ടിലേക്ക് നടന്നു.പതിവിന് വിപരീതമായി ഇന്ന് ആൽത്തറയിൽ രണ്ട് പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിൽ ഒരാൾ പുതിയതാണേന്ന് തോന്നുന്നു.അവിടെ നിന്നും, നോക്കിയാൽ കാണുന്ന ദൂരത്തിൽ അച്ചുവേട്ടൻ ആരോടൊ സംസാരിക്കുന്നുണ്ട്.
ചിരിച്ചാലും തിരിച്ചു ചിരിക്കില്ലല്ലോ, അതുകൊണ്ട് മുഖത്തേക്ക് നോക്കാനേ നിന്നില്ല.
മരച്ചുവട്ടിൽ എത്തിയതും പുതിയ ആള് എന്റെ മുന്നിൽ വന്നു നിന്നു.
“നീ ആണോ പുതിയ ഓഫീസറ്…. കൃഷി ഓഫീസർ എന്ന് പറഞ്ഞപ്പോൾ കുറച്ചൂടെ വയസ്സായ ആളെ ആണ് പ്രതീക്ഷിച്ചത്.”
മാറി നടക്കാൻ തുനിഞ്ഞ എന്റെ കയ്യിൽ അയാൾ കയറി പിടിച്ചു.
“ഇങ്ങനെ ആണോ മോളെ ഷാൾ ഇടുന്നത്”
കഴുത്തിന് ചുറ്റി നിന്ന ഷാൾ അയാൾ വലിച്ച് താഴ്ത്തി.
തള്ളി മാറ്റിക്കൊണ്ട് നടന്നു മാറുമ്പോൾ ഞാൻ കരഞ്ഞ് തുടങ്ങിയിരുന്നു.ബൈക്കിന്റെ ശബ്ദം അടുത്തേക്ക് വന്നു.എനിക്ക് കുറുകെ ബൈക്ക് നിർത്തി.അച്ചു ഏട്ടൻ ഇറങ്ങി വന്നു.എന്നെ കൊല്ലാനുള്ള ദേഷ്യം ആ മുഖത്ത് ഉണ്ടായിരുന്നു.
നിമിഷനേരം കൊണ്ട് ഏട്ടന്റെ കൈപ്പത്തി എന്റെ കവിളിൽ പതിഞ്ഞു.അടിയുടെ ശക്തിയിൽ പിറകോട്ട് നീങ്ങിയതും കയ്യിൽ ബലമായി പിടിച്ച് മരച്ചുവട്ടിലേക്ക് നടന്നു.
എന്റെ ദേഹത്ത് തൊട്ടവന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി.തടുക്കാൻ വന്ന കൂടെ ഉണ്ടായവനെ പിടിച്ച് തള്ളിയിട്ടു.പിടിയുടെ ശക്തിയിൽ എന്റെ കൈ വേദനിക്കുന്നുണ്ടായിരുന്നു.
നെഞ്ച് തടവി എഴുന്നേറ്റ് വന്ന അവന്റെ കോളറിൽ പിടിച്ച് എന്റെ മുന്നിൽ നിർത്തി.

“അടിക്ക്”
മനസ്സിലാകാത്തത് പോലെ ഞാൻ മുഖത്തേക്ക് നോക്കി”.

“അടിക്കാൻ”
അമ്പരന്നുള്ള എന്റെ നിൽപ്പ് കണ്ട് ആ കൈപ്പത്തിയിൽ എന്റെ കൈ ചേർത്ത്  പിടിച്ച് അവന്റെ കവിളിൽ ആഞ്ഞ് തല്ലി.
ചുറ്റിലും ആൾക്കാർ കൂടിയിരുന്നു.അതൊന്നും ഗൗനിക്കാതെ എന്റെ കൈയ്യും പിടിച്ച് ഏട്ടൻ നടന്നു.
ദേഷ്യത്തിന്റെ തീവ്രത ബൈക്കിന്റെ സ്പീഡിലൂടെ മനസ്സിലാക്കാമായിരുന്നു. കയ്യിലും കവിളിലും ഏട്ടന്റെ കൈവിരലുകളുടെ പാട് ഉണ്ട്, ചുണ്ട് ചെറുതായി പൊട്ടിയിരുന്നു.

വീട്ടിലേക്ക് എത്തുമ്പോൾ പുറത്ത് ആരും ഉണ്ടായിരുന്നില്ല, അതുവരെ പിടിച്ച് വച്ചിരുന്ന സങ്കടം അപ്പോഴേക്കും അണപൊട്ടിയൊഴുകാൻ തുടങ്ങി.
കോണിപ്പടി കയറി ഓടുമ്പോൾ അമ്മായി പിറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു.ബൈക്കിന്റെ ശബ്ദം അകന്ന് പോകുന്നുണ്ടായിരുന്നു.

“അവൻ ഇങ്ങ് വരട്ടെ, ഞാൻ കൊടുക്കുന്നുണ്ട്”.
വീങ്ങി നിന്ന കവിളിൽ ചൂട് പിടിക്കുകയായിരുന്നു അമ്മായി.

രാത്രി ഏറെ വൈകിയിട്ടും അച്ചൂ ഏട്ടൻ എത്തിയിട്ടുണ്ടായിരുന്നില്ല.
ചുണ്ടിലെ നീറ്റൽ കാരണം ചൂടുള്ള കഞ്ഞി ഊതി കുടിക്കുമ്പോഴാണ്, പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടത്.

“അച്ചു, എന്തെങ്കിലും ഉണ്ടെങ്കിൽ നിനക്ക് അത് ഇവിടെ വന്ന് സംസാരിച്ചാൽ പോരെ, അല്ലാതെ നടുറോഡിൽ വച്ച് തല്ലുണ്ടാക്കുകയാണോ വേണ്ടത്.
ആ കുട്ടിയെ ഇങ്ങനെ തല്ലാൻ മാത്രം എന്ത് തെറ്റാണ് അവൾ ചെയ്തത്.
നിനക്ക് ഒക്കെ ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ നിന്നും രക്ഷപ്പെട്ട് വന്നതാ അവൾ,അന്നവൾ അനുഭവിച്ചതിന്റെ കാൽഭാഗം പോലും നീ ഇതുവരെ അനുമവിച്ചിട്ടുണ്ടാകില്ല.
ഞങ്ങൾ ഇവിടെ ചിരിച്ചും കളിച്ചും അഭിനയിക്കുന്നത് അവളെ സന്തോഷിപ്പിക്കാൻ വേണ്ടിയാ…
അല്ലാതെ നിങ്ങൾ ഒക്കെ സന്തോഷിക്കാൻ എന്താ തന്നിട്ടുള്ളത്”.
അമ്മാവന്റെ ശബ്ദം അശരീരി പോലെ കേട്ടു. നഷ്ടങ്ങളുടെ കരിന്തിരി കത്തിച്ച് പോയ പഴയ ദിവസങ്ങൾ, വേദനയുടെയും അപമാനത്തിന്റെയും  ആഴം കൂട്ടിയും കുറച്ചും കഴിച്ചുകൂട്ടിയ ഒരു വർഷം വീണ്ടും ഓർമ്മിപ്പിക്കുകയായിരുന്നു അമ്മാവന്റെ വാക്കുകളിലൂടെ.
അച്ചൂ ഏട്ടൻ അകത്തേക്ക് കയറി, എന്നെ നോക്കുന്നുണ്ടായിരുന്നു, അടുത്തേക്ക് വരുന്നത് കണ്ട് ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.

പിറ്റേന്ന് ഞാൻ ലീവെടുത്തു.കയ്യിലെ തിണർപ്പ് ചുവന്നു വന്നിട്ടുണ്ട്.
അച്ചു ഏട്ടന് പിന്നെ ഞാൻ മുഖം കൊടുത്തില്ല.

ഉച്ചഭക്ഷണം കഴിഞ്ഞ് ഉമ്മറത്ത് ഇരിക്കുമ്പോഴാണ് മുറ്റത്ത് ഒരു കാറ് വന്ന് നിന്നത്. കൈക്കുഞ്ഞുമായി ഒരു പെൺകുട്ടിയും, ഡ്രൈവിങ് സീറ്റിൽ നിന്ന് ഒരു ചെറുപ്പക്കാരനും ഇറങ്ങി.
“പാറൂ”
അമ്മായി വിളിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി കുട്ടിയെ കയ്യിൽ എടുത്ത് തുരുതുരാ ഉമ്മ വച്ചു.കൂടെ ഉണ്ടായിരുന്ന ആളെ അമ്മാവൻ അകത്തേക്ക് വിളിച്ചു.
“അമ്മു ഏച്ചി, ഇന്ന് പോയില്ലേ”
എന്റെ നോട്ടം കണ്ട് ഒന്ന് ചിരിച്ചു.
“അമ്മ പറഞ്ഞിട്ടുണ്ട് ചേച്ചിയെ കുറിച്ച്”
അത് അമ്മായിയുടെ മകൾ ആണ്, പാർവതി.
“അച്ഛാ, മോളുടെ ചോറൂണ് ആണ് മറ്റന്നാൾ, ക്ഷണിക്കാൻ വന്നതാണ് ഞങ്ങൾ”
വരും എന്ന അർത്ഥത്തിൽ അമ്മാവൻ അവളുടെ കൈയിൽ പിടിച്ചു.
പാർവതിയുടെ ഭർത്താവ് വിവേക് നല്ല സംസാരപ്രിയനായിരുന്നു. ഞങ്ങൾ പെട്ടെന്ന് കൂട്ടായി.
പുറപ്പെടാനായി അവർ മുറ്റത്തേക്ക് ഇറങ്ങുമ്പോഴാണ് അച്ചൂ ഏട്ടൻ വന്നത്.
അവരെ കണ്ടതിന്റെ അനിഷ്ടം ആ മുഖത്ത് ഉണ്ടായിരുന്നു.
“ഏട്ടാ മറ്റന്നാൾ മോളുടെ ചോറൂണ് ആണ്, വരണം”.
ഒന്നും മിണ്ടാതെ മുഖം തിരിച്ചു കളഞ്ഞു ഏട്ടൻ.
“ഏട്ടാ മോളെ കാണണ്ടെ”
പ്രതികരണം ഒന്നും ഇല്ലാതായപ്പോൾ പാറു തന്റെ കയ്യിൽ ഉറങ്ങി കിടക്കുന്ന കുട്ടിയെ ഏട്ടന് നേരെ നീട്ടി.
“വിളിക്കേണ്ടവരെ ഒക്കെ വിളിച്ചെങ്കിൽ ഒന്ന് ഇറങ്ങി പോകാനോ?”.
മുഖത്തടിച്ചത് പോലെ ഉള്ള പറച്ചിലിൽ എല്ലാവരും ഒരുപോലെ ഞെട്ടി.
“എനിക്ക് തോന്നുമ്പോൾ മാത്രമേ ഞാൻ പോകൂ, ഇത് എന്റെയും കൂടി വീടാണ്”
അടിക്കാൻ ഓങ്ങിയ അച്ചു ഏട്ടന്റെ കൈ അപ്പോഴേക്കും വിവേക് ഏട്ടൻ തടഞ്ഞു.
“ഇവൾ ഇപ്പോൾ എന്റെ ഭാര്യയാ, എന്റെ കൺ മുന്നിൽ വന്ന് ഇവളെ അടിക്കാൻ ഞാൻ സമ്മതിക്കില്ല”.
“ഈ വീട്ടിൽ ഇവളെന്റെ പെങ്ങളാ… ഭാര്യയും ഭർത്താവും ഒക്കെ ഈ പടിക്ക് പുറത്ത് ”

പാറുവിന്റെ കയ്യിൽ പിടിച്ച്  വിവേക് ഏട്ടൻ കാറിന്റെ അടുത്തേക്ക് നടന്നു. പെട്ടെന്ന് പാറു തിരിഞ്ഞു നോക്കി.ആ കണ്ണുകൾ കലങ്ങിയിരുന്നു.

🏵️🌻 തുടരും….🌻🏵️
🌾അനു കല്ല്യാണി 🌾

LEAVE A REPLY

Please enter your comment!
Please enter your name here