Home തുടർകഥകൾ ഒരു പുച്ഛത്തോടെ ഉള്ള നോട്ടമാണ് അച്ചൂ ഏട്ടനിൽ നിന്നും ഉണ്ടായത്.അതിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ...

ഒരു പുച്ഛത്തോടെ ഉള്ള നോട്ടമാണ് അച്ചൂ ഏട്ടനിൽ നിന്നും ഉണ്ടായത്.അതിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല… Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

🍁 വിയോമി 🍁  ഭാഗം മൂന്ന്

രചന : Anu Kalyani

“പുതിയ ഓഫീസിലെ ആദ്യത്തെ ദിവസമല്ലെ,വൈകി ഇറങ്ങേണ്ട”.

ചൂട് പാറുന്ന കല്ലിൽ ദോശമാവ് ഒഴിക്കുകയായിരുന്നു അമ്മായി.

“ഇതൊക്കെ ഞാൻ ചെയ്തോളാം, മോള് പോയി കുളിച്ച് റെഡിയാവാൻ നോക്ക്”.

എന്റെ കയ്യിൽ ഉള്ള തവി വാങ്ങിക്കൊണ്ട് പറഞ്ഞു.
രാവിലെ തീൻ മേശയിൽ എല്ലാവരും ഏകദേശം ഭക്ഷണം കഴിച്ചു കഴിയാറായപ്പോഴാണ് അച്ചുവേട്ടനായി ഒഴിച്ച് വച്ചിരുന്ന കസേര ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധിച്ചത്.കോണിപ്പടികളിൾ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഇറങ്ങി വരുന്ന അച്ചുവേട്ടനെ കണ്ടത്.വലിയ ശബ്ദത്തോടെ കസേര വലിച്ചിട്ട് മുന്നിലായി ഇരുന്നു.പലപ്പോഴും എന്റെ കണ്ണുകൾ ദിശ തെറ്റുന്നുണ്ടായിരുന്നു,ആ കണ്ണുകളും.കണ്ണുകൾ പരസ്പരം  ഉടക്കിയപ്പോൾ രണ്ടു പേരും നോട്ടം മാറ്റി.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

അമ്മാവന്റെ കൂടെ ഓഫീസിലേക്ക് ഇറങ്ങി.മൺപാതയ്ക്ക് ഇരുവശത്തായും ഉള്ള വയലിൽ , വരമ്പിനോളം  വളർന്നു നിൽക്കുന്ന നെൽചെടികൾ കാറ്റിന് ആവേശം നിറച്ച് ആടുന്നുണ്ടായിരുന്നു.

“എങ്ങോട്ടേക്കാ…. ദാസേട്ടാ…..”

വഴിയിലൂടെ പോകുന്ന ഒരാൾ അമ്മാവനോടായി ചോദിച്ചു.

“ഒന്ന് ഇവിടെ കൃഷി ഓഫീസ് വരെ”

“അല്ല,ഇതാരാ..”
എന്നെ നോക്കിയായിരുന്നു ചോദിച്ചത്

“സുഭദ്രേടെ മോളാ…. എന്റെ മരുമോള്…..”
എന്നെ ചേർത്തി നിർത്തി ചിരിയോടെ ആണ് പറഞ്ഞത്.
“ഇവിടത്തെ പുതിയ കൃഷി ഓഫീസറാ….”

“ആണോ, ഞാൻ കുറച്ച് വാഴക്കന്നിനു വേണ്ടി ഓഫീസിൽ കയറി ഇറങ്ങി നടക്കാൻ തുടങ്ങിയിട്ട് നാളുകൾ ആയി.ഇനി ഇപ്പോ മോള് ഇല്ലെ ശരിയാക്കി തരാൻ”.

കൃഷി ഓഫീസർമാർക്ക് ഒക്കെ ഇവർ ഇത്രയും ബഹുമാനം തരുന്നത് കണ്ട് അതിശയം തോന്നി.നാടിന്റെ ഭംഗി പോലെ,അതേ നിഷ്കളങ്കമായ നാട്ടുകാർ.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

ഓഫീസിന്റെ മുന്നിൽ വരെ വന്നിരുന്നു അമ്മാവൻ.

“വൈകുന്നേരം എന്നെ വിളിച്ചാൽ മതി, ഞാൻ കൂട്ടാൻ വരാം”.

“വേണ്ട അമ്മാവാ.. ഞാൻ ഒറ്റയ്ക്ക് വന്നോളാം, വഴി ഒക്കെ മനസ്സിലായല്ലൊ”.

ചിരിയോടെ എന്റെ തലയിൽ തട്ടി തിരിഞ്ഞു നടന്നു.

ഓഫീസിന്റെ ഉള്ളിൽ എന്നെ സ്വീകരിക്കാൻ മാലയും ബൊക്കയും ആയി റെഡി ആയി നിന്നിരുന്നു എല്ലാവരും.
ഞാനടക്കം അഞ്ച് സ്റ്റാഫ് ഉണ്ടായിരുന്നു അവിടെ.
സംശയ നിവാരണത്തിനും ആവശ്യങ്ങൾക്കുമായി ഒരുപാട് ആൾക്കാർ വന്നു പോകുന്നുണ്ടായിരുന്നു.മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്ത് പേരിന് പോലും ആരും വരാറില്ലായിരുന്നു.

വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാണ് ഓഫീസിൽ നിന്ന് ഇറങ്ങിയത്.
രാവിലെ വന്ന വഴിയിലൂടെ തന്നെ തിരിച്ചു നടന്നു.സ്കൂൾ വിട്ട് കുറച്ച് സമയം ആയെങ്കിലും ഒന്ന് രണ്ട് കുട്ടികൾ അങ്ങിങ്ങായി റോഡിൽ ഉണ്ടായിരുന്നു.
ഏകദേശം ഇരുപത് മിനിറ്റ് ദൈർഘ്യമുണ്ട് വീട്ടിലേക്ക്.
കുറച്ച് മുന്നോട്ട് പോയപ്പോൾ ആണ് വയൽക്കരയിൽ ആൽമരത്തിന്റെ ചുവട്ടിൽ കുറേ ചെറുപ്പക്കാർ ഇരിക്കുന്നത് കണ്ടത്.അവർ വഴി പോകുന്നവരെ കളിയാക്കുകയും പാട്ട് പാടുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.അവരുടെ അരികിലേക്ക് ഏത്തുംന്തോറും പേടി കാരണം ചെറുതായി വിയർക്കാൻ തുടങ്ങി.അവരെ മറികടന്ന് മുന്നോട്ട് എത്തിയതും ഒരുത്തൻ എന്റെ മുന്നിൽ വന്നു നിന്നു.

“നീ ഏതാടീ , ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ”

എന്നെ ഒന്ന് ഉഴിഞ്ഞുകൊണ്ട്, വല്ലാത്ത ഒരു ഭാവത്തിൽ പറഞ്ഞു.മറുപടി ഒന്നും പറയാതെ അവനിൽ നിന്ന് കുറച്ച് നീങ്ങി ഞാൻ മുമ്പോട്ട് നടന്നു.പിറകിൽ നിന്നും പരിഹാസത്തോടെ ഉള്ള ചിരിയും പാട്ടും കേൾക്കുന്നുണ്ട്.എന്റെ നിസ്സഹായതയുടെ അടയാളമെന്നപോലെ ഉപ്പുജലം കവിളുകളെ നനയിച്ചിരുന്നു.നിലയ്ക്കാതെ വീശുന്ന തണുത്ത കാറ്റിൽ,ഭാരമില്ലാത്ത അപ്പൂപ്പൻ താടി പോലെ വഴുതി നീങ്ങുകയായിരുന്നു ഞാൻ.

പരിചയമുള്ള ബൈക്കിന്റെ ശബ്ദം അടുത്തേക്ക് വരുന്നത് പോലെ തോന്നി.മുന്നിലേക്ക് പോയ ബൈക്ക് നടന്ന് പോകുന്ന രണ്ട് ചെറുപ്പക്കാരുടെ അരികിലേക്ക് ചേർത്ത് നിർത്തുകയും അവരോട് സംസാരിക്കുകയുമായിരുന്നു.അത് അച്ചുവേട്ടനാണ്.കയ്യിൽ പിടിച്ചിരുന്ന തുണികൊണ്ട് കണ്ണ് തുടച്ചു. അരികിൽ എത്തിയപ്പോൾ ഞാൻ അങ്ങോട്ടേക്ക് നോക്കി ചിരിച്ചു, ഗൗരവം വിട്ട് മാറാത്ത ആ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.

തൊട്ടടുത്തായുള്ള കടയിൽ രാവിലെ കണ്ട ചേട്ടനെ കണ്ടു.അത് ചെറിയ ഒരു ആശ്വാസം ആയിരുന്നു.പിന്നീട് അങ്ങോട്ടേക്ക് നടക്കാൻ ധൈര്യം കിട്ടിയത് പോലെ തോന്നി.

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

ഓഫീസും സ്റ്റാഫും ഒക്കെ ആയി പെട്ടെന്ന് തന്നെ നല്ല കൂട്ടായി.ദിവസവും കാണുന്ന വഴി യാത്രക്കാരും വിത്തുകൾക്ക് വേണ്ടി വരുന്ന പുതിയ കർഷകരും,എപ്പോഴും കാണുന്ന ശല്യക്കാരും, അവരുടെ പരിഹാസങ്ങളും എല്ലാത്തിനും ഉപരി ഹരിദാസൻ മാഷിന്റെ മരുമകൾ എന്ന നിലയിലും നാട്ടുകാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ടായിരുന്നു.

ഒരു ഞായറാഴ്ച അമ്മാവന്റെ കൂടെ ചാരുകസേരയിൽ ഇരിക്കുമ്പോഴാണ് പരിചയക്കാരനായ ആരോ വീട്ടിലേക്ക് വന്നത്.ഞാൻ ഇരുന്നിരുന്ന കസേര അയാൾക്ക് നേരെ വച്ച് അമ്മാവന്റെ പിറകിലായി നിന്നു.

“ഇതാരാ…മാഷെ”
ചൂണ്ടുവിരൽ എനിക്ക് നേരെ നീട്ടി അയാൾ ചോദിച്ചു.

“സുഭദ്രേടെ മോളാ… ഇവിടെ കൃഷി ഓഫീസറായി ജോലി ചെയ്യുകയാണ്”
“ആണോ, പുതിയ ഓഫീസർ വന്നിട്ടുണ്ടെന്ന് പറയുന്ന കേട്ടിരുന്നു.”

“അല്ല, നമ്മുടെ അച്ചു എവിടെ?”.

“മോളെ,അവനെ വിളിച്ചിട്ട് വാ…”
ചെറിയ പരിഭ്രമത്തോടെ ആണ് അച്ചുവേട്ടന്റെ മുറിയിലേക്ക് പോയത്, വന്നിട്ട് ഇത്രയും ദിവസം ആയെങ്കിലും ഇതുവരെ തമ്മിൽ സംസാരിച്ചിട്ടില്ല.
കോണിപ്പടികൾ കയറി മുറിയുടെ വാതിൽ ഇരുവശത്തേക്കായി തുറന്നു.
ജനലിന് അഭിമുഖമായി ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു ഏട്ടൻ.

“അച്ചു ഏട്ടാ”
വിളി കേട്ടിട്ടും അനക്കമില്ലാതെ കുറച്ച് സമയം ഇരുന്നു.
തിരിഞ്ഞു നോക്കിയ കണ്ണുകളിൽ ചെറിയ നീർത്തിളക്കം ഉണ്ടായിരുന്നു.എന്താണെന്ന അർത്ഥത്തിൽ പുരികം പൊക്കി.

“അമ്മാവൻ വിളിക്കുന്നു, താഴെ ആരോ വന്നിട്ടുണ്ട്”.

“നീ പൊയ്ക്കോ, ഞാൻ വന്നേക്കാം”.
ആ മുഖത്ത് അപ്പോൾ അതുവരെ ഞാൻ കാണാത്ത ഒരു ഭാവമായിരുന്നു.

നേരെ അടുക്കളയിലേക്ക് പോയി,ചായ എടുത്ത് അയാൾക്ക് കൊടുത്തു.ഉമ്മറത്തെ കൈവരിയിൽ തൂണിൽ തല ചാരി വച്ച് പുറത്തേക്ക് നോക്കി ഇരിക്കുകയാണ് അച്ചു ഏട്ടൻ.

“ഇവൾക്ക് സുഭദ്രയുടെ അതേ കണ്ണുകളാണ്”
ചായ എടുത്തുകൊണ്ട് അയാൾ പറഞ്ഞു.

“പക്ഷേ, അവളുടെ വാശിയും ധൈര്യവും ഒന്നും കിട്ടിയിട്ടില്ല കേട്ടോ”
അമ്മാവൻ പറഞ്ഞു കൊണ്ട് എന്നെ ചേർത്ത് പിടിച്ചിരുന്നു.

ഇതൊന്നും ശ്രദ്ധിക്കാതെ അതേ ഇരിപ്പിലാണ് ഏട്ടൻ.

“എന്താ മോളുടെ പേര്”.

അതറിയാനായി ,അയാൾക്ക് ഒപ്പം ആ കണ്ണുകളും എന്റെ മുഖത്തേക്ക് ആയിരുന്നു.

“വിയോമി”

“വിയോമി യോ?, അതെന്താ അങ്ങനെ ഒരു പേര്”.

“റഷ്യൻ പേരാണ്, അച്ഛൻ അവിടെ ആയിരുന്നു കുറച്ച് കാലം”

“വിയോമി,എന്നാൽ എന്താണ്”

“സത്യം പറഞ്ഞാൽ അറിയില്ല, അച്ഛനോട് ചോദിക്കുമ്പോഴൊക്കെ കണ്ടുപിടിക്കാൻ പറയും, എനിക്ക് ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല”

“അത് കൊള്ളാമല്ലോ”

ചിരിയോടെ അയാൾ ചായ കുടിക്കാൻ തുടങ്ങി.
ഒരു പുച്ഛത്തോടെ ഉള്ള നോട്ടമാണ് അച്ചൂ ഏട്ടനിൽ നിന്നും ഉണ്ടായത്.അതിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

“ചെണ്ടയുടെ ശബ്ദം കേൾക്കുന്നുണ്ട്, വേഗം ആ വിളക്ക് എടുത്തിട്ട് വാ”.
രാവിലെ മുതൽ അമ്മായി നല്ല തിരക്കിലാണ്, ചെറുപ്പത്തിൽ അമ്മ ഒരുപാട് പറഞ്ഞ് കേട്ടിട്ടുള്ള ‘ആടി-വേടനെ’ സ്വീകരിക്കാൻ ഉള്ള വെപ്രാളത്തിലാണ് ആള്.
ആദ്യമായി കാണുന്നതിലുള്ള സന്തോഷത്തിൽ ഞാനും.

കുട്ടികളുടെ ബഹളവും ഒക്കെ അങ്ങ് ദൂരെ നിന്ന് കേൾക്കുന്നുണ്ട്.വയൽ വരമ്പിലെ നനവുള്ള പുൽനാമ്പുകളീലൂടെ കുടയും ചൂടി നടന്നു വരുന്ന കുട്ടിവേടനെ നോക്കി നിന്നു.മുഖത്തും ദേഹത്തും ചായം പൂശി തിളങ്ങുന്ന കിരീടവും വർണ്ണപ്പൊലിമയാർന്ന ആഭരണങ്ങളും ധരിച്ച് മുതിർന്ന കാരണവർക്കൊപ്പം വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ മുറ്റത്തേക്ക് കയറി വന്നു.ചെണ്ടയുടെ പെരുക്കിനനുസരിച്ച് വേടൻപ്പാട്ടിന്റെ താളവും മുറുകി, അതിനനുസരിച്ച് കുഞ്ഞു വേടൻ ചുവട് വച്ചു.
രണ്ട് പാത്രത്തിലായി കലക്കി വച്ചിരിക്കുന്ന ചുവപ്പും കറുപ്പും നിറത്തിലുള്ള ഗുരുസി……
ഞങ്ങളുടെ തലവഴി ഉഴിഞ്ഞ ശേഷം ചുവന്ന വെള്ളം വീടിന്റെ തെക്ക് ഭാഗത്തും, കറുപ്പ് വെള്ളം വടക്ക് ഭാഗത്തുമായി ഒഴിച്ചു.എല്ലാവർക്കും അനുഗ്രഹം ചൊരിഞ്ഞ് ദക്ഷിണയും, അരിയും നെല്ലും വാങ്ങി വീട്ടിൽ നിന്നും ഇറങ്ങി.

പുതിയ അനുഭവം മനസ്സിന് ഏറെ കുളിർമ തന്നിരുന്നു.കൂടുതൽ അറിയാനുള്ള ആഗ്രഹം ഉണ്ടായിരുന്നു.ചാരുകസേരയിൽ ഇരുന്നു കൊണ്ട് അമ്മാവൻ പറഞ്ഞു തുടങ്ങി.

“മഴ തിമിർത്തു പെയ്യുന്ന കർക്കിടകത്തിൽ ആധിയും വ്യാധിയും അകറ്റാൻ ചെണ്ടയുടെയും മണികിലുക്കത്തിന്റെയും അകമ്പടിയോടെ വരുന്ന വേടൻ.വീടുകളിലെ ദുരിതം മാറ്റാൻ, മനസ്സിൽ ആശ്വാസം പകരുവാൻ എത്തുന്ന വേടനെ കത്തിച്ചു വെച്ച നിലവിളക്കും നിറനാഴിയുമായി എല്ലാവരും കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.,എന്നാൽ ഇന്ന് അതൊക്കെ മാറി.വളരെ ചുരുക്കം ഗ്രാമങ്ങളിൽ മാത്രം പ്രചാരത്തിലുള്ള ഒരു ആചാരം ആണ് ഇന്ന് ഇത്.”

കണ്ണട അഴിച്ച് കണ്ണ് ഒന്ന് അമർത്തി കണ്ണടച്ച് കിടന്നു.അന്യമാകുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും പഴമയുടെ ഗന്ധം മറക്കാത്ത ഇവരെ പോലെ ഉള്ളവർക്ക് എത്രമാത്രം വേദന നൽകുന്നുണ്ടടെന്ന് ആ മുഖത്ത് നിന്നും മനസ്സിലാക്കാം.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

“അവളെവിടെ”
ഇറയത്തേക്ക് കയറി അച്ചു ഏട്ടൻ അലറുകയായിരുന്നു.ശബ്ദം കേട്ട് ഞാൻ പുറത്തിറങ്ങി.എന്നെ ദേഷ്യത്തോടെ നോക്കി അരികിൽ വന്നു.ദേഷ്യം കൊണ്ട് മുഖം ചുവന്നിരുന്നു.ചെറിയ ഒരു ഭയത്തോടെ ഞാൻ അനങ്ങാതെ നിന്നു.
“എന്താടാ…നീ എന്തിനാ ഇവളെ ഇങ്ങനെ നോക്കുന്നത്”.
അമ്മാവൻ എന്റെ അരികിലേക്ക് വന്നു.
“നീ ഇന്നലെ ആ കവലയിൽ ഇരിക്കുന്ന ചെക്കന്മാരോട് സംസാരിച്ചിരുന്നോ?”.

എന്ത് പറയണം എന്നറിയാതെ ഞാൻ തല കുനിഞ്ഞ് ഇരുന്നു.
“ചോദിച്ചത് കേട്ടില്ലേ”.
ഉയർന്ന ശബ്ദത്തിൽ ഞാൻ വിറച്ചു പോയി.

“അത്…അവർ എന്തൊക്കെയോ ചോദിച്ചപ്പോൾ”
“ചോദിച്ചപ്പോൾ, നീ എല്ലാത്തിനും ഉത്തരം കൊടുത്തല്ലേ”.
പേടി കാരണം വിയർക്കാൻ തുടങ്ങിയ എന്നെ അപ്പോഴേക്കും അമ്മായിചേർത്ത് നിർത്തി.
🌻🏵️ തുടരും…..🏵️🌻

.  🥀അനു കല്ല്യാണി 🥀

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here