Home Latest പാവം അമ്മയില്ലാതെ വളർന്ന കുട്ടിയാണ്…

പാവം അമ്മയില്ലാതെ വളർന്ന കുട്ടിയാണ്…

0

അച്ചുവിന്റെ അമ്മ

അച്ഛാ കഴിഞ്ഞില്ലേ ഇതുവരെ. ദേണ്ടെ ബാക്കിയുള്ള എല്ലാവരും പോയല്ലോ..
അച്ചുമോളുടെ പരിഭവം കേട്ടപ്പോഴാണ് ഞാൻ കംപ്യുട്ടറിലെ സ്‌ക്രീനിൽ നിന്നും തലയുയർത്തി ചുറ്റിലും നോക്കിയത്, ശരിയാണ് കൂടെയുള്ള എല്ലാവരുടേയും തലക്കുമീതെയുള്ള ചെറുവെട്ടമണഞ്ഞിരിക്കുന്നു, ഞാൻ കയ്യിൽ കെട്ടിയ പഴയ വാച്ചിലേക്കൊന്ന് നോക്കി. ദൈവമേ ഏഴുമണി കഴിഞ്ഞിരിക്കുന്നല്ലോ. ജോലിയിൽ മുഴികിയതിൽ പിന്നെ സമയം പോയതും ചുറ്റും നടന്നതൊന്നും ഞാനറിഞ്ഞിരുന്നില്ല.

ഞാൻ അച്ചുവിനെയൊന്ന് നോക്കി. പാവം അമ്മയില്ലാതെ വളർന്ന കുട്ടിയാണ്. ഇവളെ എനിക്ക് തന്നതിനുപിന്നാലെയാണ് ദേവി എന്നെവിട്ടുപോകുന്നത്. പിന്നീട് പുനർവിവാഹത്തിന് പലരും നിർബന്ധിച്ചിരുന്നെങ്കിലും അച്ചുവിനെ ഓർത്തു വേണ്ടെന്നുവക്കുകയായിരുന്നു.

ഇന്നേക്ക് അച്ചുവിന് പതിനഞ്ചു വയസ്സ് പൂർത്തിയാകുന്നു..
അതിന്റെ സന്തോഷം പങ്കുവെക്കാനാണ് ഇന്ന് സ്കൂളിൽ നിന്നും നേരെ ഓഫിസിലേക്ക് വരാൻ വറഞ്ഞത്. അവർക്കിഷ്ടമുള്ള ഭക്ഷണവും, കടൽ കാണലും പിന്നെ ഒരു സിനിമയും അങ്ങനെ ഒത്തിരി പ്രതീക്ഷയോടെയാണ് അവൾ ഇവിടേക്ക് വന്നത്. അവളെ ഇഷ്ടങ്ങൾ കോർത്തിണക്കികൊണ്ടുള്ള ചെറിയ ഒരു ജന്മദിനാഘോഷം. പക്ഷെ എന്റെ ജോലിത്തിരക്കിൽ എല്ലാം താളംതെറ്റി. ഇനി ഏതായാലും കടലുകാണലും പാർക്കിൽ പോകലും ഒന്നും നടക്കില്ല. അതവൾക്കും അറിയാം അതിന്റെ പരിഭവം അവളുടെ മുഖത്തുണ്ട്.

അവളെയും കൂട്ടി അവിടുന്ന് പെട്ടെന്നിറങ്ങി. അടുത്തുള്ള ഷോപ്പിൽ കയറി ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുത്തു.
അവളുടെ പേര്‌ഴുതിയ ഒരു കേക്കും പാർസൽവാങ്ങി ബസ്സിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് അച്ചുവിന്റെ ചോദ്യം. അച്ഛാ നമുക്ക് ഇവിടുന്ന് വീടുവരെ നടന്നാലോ എന്ന്..
ഞാനൊന്ന് ഞെട്ടിയോ.. ഞെട്ടി കാരണം വീടിനടുത്തുള്ള സ്കൂളിലേക്ക് പോകാൻ പോലും സ്കൂൾ ബസിനെ ആശ്രയിക്കുന്നപെണ്ണാണ് ഇവൾ. അപ്പോഴാണ് അഞ്ചെട്ടു കിലോമീറ്റെർ അകലെയുള്ള വീട്ടിലേക്ക് നടക്കാമോ എന്ന് അതും ഈ രാത്രിയിൽ..
അകത്തെ ഞെട്ടൽ പുറത്തുകാണിക്കാതെ ഞാൻ അവളെ നോക്കിയൊന്ന് ചിരിച്ചു.
അല്ലമോളെ അതുവേണോ.. രാത്രിയല്ലേ.
അതിനെന്താ അച്ഛനില്ലേ കൂടെ. അതുമല്ല എനിക്ക് അച്ഛനോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യവും പറയാനുണ്ട്
ഹേ പ്രധാനപ്പെട്ട കാര്യമോ. അതെന്താ..

അതൊക്കെ പോകുന്ന വഴിക്ക് പറയാം അച്ഛൻ വന്നേ.. അവളെന്റെ കയ്യിൽ പിടിച്ചു വലിക്കാൻ തുങ്ങി.
മാനത്തമ്പിളി മിഴിതുറന്നിരിക്കുന്നു. എങ്ങും നീലവെളിച്ചം. കൂടെ സ്ട്രീറ്റ് ലൈറ്റുമുണ്ട്.

അച്ഛാ ഞാനൊരു കാര്യം ചോദിച്ചാൽ അച്ഛൻ സത്യം പറയോ.. എന്റെ കയ്യിൽ തൂങ്ങി തുള്ളി തുള്ളി നടക്കുന്ന അവൾ എന്റെ കൈവിട്ട് എന്റെ മുന്നിലേക്ക് കയറിനിന്നു ചോദിച്ചു.
അതെന്താ നീ അങ്ങനെ ചോദിച്ചേ ഞാൻ നിന്നോട് എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ.
അതില്ല അതോണ്ട് ഇതിലും കള്ളം പറയരുത്.
ആടി നീ കാര്യം പറ.

ഉം അച്ഛന് എന്നെയാണോ അതോ അമ്മയെ ആണോ കൂടുതലിഷ്ടം..
അവളുടെ ചോദ്യം കേട്ട് എന്തുത്തരം പറയും എന്നറിയാതെ ഞാൻ ഒരുനിമിഷം പകച്ചു..
ഉം.. പറ ആരെയാ കൂടുതൽ ഇഷ്ടം..? അവൾ അറിയാൻ തിടുക്കം കാട്ടി
അത്.. അത് നിന്നെ തന്നെ,
അയ്യടാ അത് പുളു..
ഒരു ദിവസ്സം അച്ഛൻ എന്നേക്കാൾ കൂടുതൽ ഓർക്കുന്നത് അമ്മയെ അല്ലെ. അപ്പൊ അമ്മയോടാണ് എന്നേക്കാൾ ഇഷ്ടം.
അത് നമ്മുടെ കൂടെ ‘അമ്മ ഇല്ലാത്തോണ്ടല്ലേ.. നീ എപ്പോഴും അച്ഛനടുത്തുണ്ടാവുമ്പോൾ ഞാൻ എന്തിനാ നിന്നെ ഓർക്കുന്നെ..
അല്ല മോൾക്ക് ആരെയാ കൂടുതലിഷ്ടം. എന്നെയോ അമ്മയെയോ.
അത് പറയില്ല..
അതെന്താ.
അതൊക്കെയുണ്ട്. പിന്നെ അച്ഛാ അമ്മയെ കാണാൻ എങ്ങനാരുന്നു, സുന്ദരി ആയിരുന്ന..?
പിന്നെ എന്റെ മോളെപ്പോലെതന്നെ ആയിരുന്നു അമ്മയും.. ഞാൻ അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു.. ദാ നോക്ക് ആ അമ്പിളിയെ കണ്ടോ നീ. അതിനോളം അഴകായിരുന്നു അമ്മക്ക്.. അവൾ മേലോട്ടുനോക്കി ചിരിച്ചു. പിന്നെ നീ ആ നക്ഷത്രങ്ങളെ കണ്ടോ, ഇവിടുന്ന് പോകുന്നവരൊക്കെ നാളെ അവിടെയെത്തും. അവിടെ ഒരു കുഞ്ഞുനക്ഷത്രമായി അമ്മയും ഉണ്ടാവും. നമ്മളെയും നമ്മൾ പറയുന്നതും എല്ലാം അമ്മക്ക് കാണാനൊക്കും. നിറഞ്ഞുവന്ന കണ്ണുനീർ അവൾ കാണാതെ ഞാൻ തുടച്ചു.

അല്ല നിനക്കെന്തൊ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞില്ലായിരുന്നോ.. എന്താ കാര്യം.
അത്.. അച്ഛനോട് മുമ്പൊരിക്കൽ ഞാൻ പറഞ്ഞില്ലായിരുന്നോ എന്റെ ഒരു ടീച്ചറെ കുറിച്.. ദീപടീച്ചർ. ഓർക്കുന്നുണ്ടോ..
ആ അവര്..?
അവർക്കെന്നെ ഭയങ്കര ഇഷ്ടാണ്, എല്ലാരേയും ടീച്ചർ പെരുവിളിക്കുമ്പോൾ എന്നെമാത്രം മോളെ എന്നാ വിളിക്കുന്നെ.
അതിന്.
അതിന് ഞാൻ… ഞാൻ അവരെ അമ്മാ എന്ന് വിളിച്ചോട്ടെ.. അവൾ വിക്കി വിക്കി പറഞ്ഞതുകേട്ടപ്പോൾ എന്റെ ഹൃദയത്തിലൂടെ ഒരു കൊളളിയാൻ മിന്നി.
അത് പുറത്തുകാണിക്കാതെ പതിയെ ഞാൻ അവളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.
മോളെ ആ ടീച്ചർക്ക് ആരോരുമില്ലന്നല്ലേ നീ പറഞ്ഞത്. അതുകൊണ്ട് എല്ലാവരുടെയും മുന്നിൽ വെച്ചോണ്ട് മോളവരെ ‘അമ്മ എന്നൊക്കെ വിളിച്ചാൽ ആളുകൾ പലതും പറഞ്ഞുണ്ടാക്കും.അവസാനം അത് നിന്റെ ടീച്ചറെയും അവരുടെ ജോലിയെയും അച്ഛനെയും ഒക്കെ ബാധിക്കുന്ന വലിയ പ്രശ്നമാവും. അവര് നിന്നെ മോളെ എന്നുവിളിക്കുന്നത് സ്‌നേഹംകൊണ്ടാണ്. ഞാൻ നിന്റെ കൂട്ടുകാരികളെയൊക്കെ മോളെ എന്നല്ലേ വിളിക്കുന്നത് അതുപോലെ. അതുകൊണ്ട് മോള് അവരെ ടീച്ചർ എന്നുതന്നെ വിളിച്ചാൽ മതി.

അവളുടെ മുഖം വാടി. പിന്നെ ഒന്നും മിണ്ടാതെയായി. വീടെത്തിയതും അവൾ കയറിക്കിടന്നു.
പാവം എന്റെ കുട്ടി ഒരിക്കൽപോലും ‘അമ്മ എന്നൊന്ന് വിളിക്കാൻ അനുവദിക്കാതെ വിധി അവളോട് ക്രൂരത കാട്ടി. ഓർത്തപ്പോൾ മനസ്സ് നൊമ്പരക്കടലായി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

പതിയെ എഴുനേറ്റ് അച്ചുവിന്റെ മുറിയിലേക്കു നടന്നു. അവൾ ഇറങ്ങിയിരിക്കുന്നു, അവളെ പുതപ്പിച്ചു തിരിഞ്ഞു നടക്കുമ്പോഴാണ് ഞാൻ തുറന്നിട്ടിരിക്കുന്ന അവളുടെ ഡയറി കാണുന്നത്.. അതിലിങ്ങനെ എഴുതിയിരിക്കുന്നു

അച്ഛൻ എനിക്ക് ജീവനാ.. എന്നാലും ഒരിക്കൽ പോലും കാണാത്ത അമ്മയെയാണ് എനിക്ക് കൂടുതൽ ഇഷ്ടം,
കൂട്ടുകാരികളെല്ലാം അമ്മയുടെ കൂടെ സ്കൂളിലേക്ക് കൈപിടിച്ചുവരുമ്പോൾ ഒത്തിരി സങ്കടം തോന്നാറുണ്ട്, അവർക്ക് ചോർ വാരിക്കൊടുക്കുന്ന കഥകളൊക്കെ പറയുമ്പോൾ എത്ര കൊതിച്ചിട്ടുണ്ടെന്നോ ഒരിക്കെലെങ്കിലും ഒരു ഉരുള മാത്രം എനിക്കും കിട്ടിയിരുന്നെങ്കിലെന്ന്. ടീച്ചറമ്മയെ എനിക്കിഷ്ടമാ, അവർക്കെന്നെയും ഇഷ്ടാണ് പിന്നെ എന്താ അമ്മെ എന്നുവിളിക്കുന്നതിന്.. അച്ഛനെനിക്കെല്ലാം വാങ്ങിത്തരാറുണ്ട് എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുതരാറുണ്ട് പിന്നെ എന്താ ഒരമ്മയെ മാത്രം തരാത്തെ..

അവസാന വരികളത്രയും അവളുടെ കണ്ണീരുവീണ് മങ്ങിയിരുന്നു.
ഒഴുകിവന്ന കണ്ണീരിനെ തുടച്ചുമാറ്റി ഞാൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി. മനസ്സിൽ ചില തീരുമാനങ്ങളെടുത്തിരുന്നു.
രാവിലെ വൈകിയാണ് ഉണർന്നത്. അച്ചുമോൾക്കുള്ള ഭക്ഷണം ഒരുക്കാനൊന്നും കഴിഞ്ഞില്ല.
സ്കൂളിലേക്ക് പോകാനൊരുങ്ങിനിൽക്കുന്ന അവളോട് ഞാൻ പറഞ്ഞു. മോളെ ഇന്നലെ വൈകി കിടന്നപ്പോൾ ഉണരാൻ അല്പം നേരം വൈകി. ഭക്ഷണം ഇന്ന് നമുക്ക്പുറത്തൂന്ന് കഴിക്കാം.
വേണ്ട അച്ഛാ ഞാൻ അമ്മയുടെ..
അല്ല ദീപടീച്ചറുടെ കൂടെയിരുന്ന് പങ്കിട്ടുകഴിച്ചോളാം. ഇതും പറഞ്ഞു എനിക്ക് മുഖം തരാതെ അവളിറങ്ങി നടന്നു.

സ്കൂളിന്റെ മുന്നിൽ ബസ്സിറങ്ങിയപ്പോൾ അറിയാദി ഞാൻ പോയി മറഞ്ഞ എന്റെ കലാലയ ജീവിതം നേരിൽ കണ്ടു. ആ ചുറ്റുമതിലുള്ളിൽ എങ്ങും കുട്ടികളുടെ കലപില ശബ്ദം കേൾക്കാം. ഞാൻ നേരെ ഓഫീസ് മുറിയുടെ അടുത്തേക്ക് ചെന്നു. പുറത്തുനിൽക്കുന്ന എന്നെ കണ്ട് അവിടുത്തെ ഒരു സാർ വന്ന് എന്നോട് കാര്യം തിരക്കി.

ഞാൻ ഇവിടെ എട്ടാം ക്‌ളാസിൽ പഠിക്കുന്ന അശ്വതിയുടെ അച്ഛനാണ്.
എനിക്ക് അവളെ ടീച്ചറെ ഒന്ന് കാണണമായിരുന്നു. ദീപ ടീച്ചറെ.
സാർ ഇരുന്നോളു. ഞാൻ ടീച്ചറെ വിളിച്ചു വരാം. ഇതും പറഞ്ഞവർ അകത്തേക്ക് പോയി.

ഏറെ നേരം കാത്തിരിക്കേണ്ടി വന്നില്ല. ദീപടീച്ചർ വന്നു.
അധികം പഴയതല്ലാത്ത ഒരു സാരിയാണ് വേഷം.
ആരാ..
ഞാൻ അശ്വതിയുടെ അച്ഛനാണ്. അവരുടെ മുഖം വിടർന്നു.
ആഹാ അച്ചുമോളുടെ അച്ഛൻ. അല്ലെ.
എപ്പോഴും പറയാറുണ്ട് അവൾ സ്നേഹനിധിയായ
ഈ അച്ഛനെ കുറിച്ച്. എന്തിനാ വന്നേ.. അവളെ വിളിക്കണോ..
വേണ്ട. എനിക്ക് ടീച്ചറോട് ഒരു കാര്യം പറയാനുണ്ടായിരുന്നു..
അത്.. ഞാനൊന്ന് സാറിനോട് പറഞ്ഞിട്ട് വരാം. അവർ അകത്തേക്കുചെന്ന് സാറിനോട് അനുമതി വാങ്ങി തിരികെ വന്നു.
സ്കൂൾ മരത്തിലെ പൂന്തോട്ടത്തിനടുത്തുള്ള തണല്മരത്തിനു താഴെ ഞങ്ങൾ ചെന്നിരുന്നു. എന്താ.

ടീച്ചറെ അച്ചുമോളുടെ ജനനത്തോടെയാണ് അവളെ ‘അമ്മ മരിക്കുന്നത്. പിന്നെ അവളുടെ അമ്മയും അച്ഛനുമെല്ലാം ഞാനാണ്, പക്ഷെ ഒരച്ഛൻ എത്രതന്നെയായാലും അമ്മക്ക് പകരമാവില്ലല്ലോ..
ഇതാ ഇത് അവളുടെ ഡയറി ആണ്. കയ്യിലുള്ള അച്ചുവിന്റെ ഡയറി ഞാൻ അവർക്കു നീട്ടി.
ഇതിൽ എഴുതിയതത്രയും നിങ്ങളെ കുറിച്ചാണ്. ഒരു ടീച്ചറിനപ്പുറം നിങ്ങളവൾക്ക് ഒരമ്മകൂടെയാണ്.. അത് നിങ്ങൾ മറ്റുകുട്ടികളേക്കാൾ അവളോട് കാണിക്കുന്ന സ്നേഹക്കൂടുതൽ കൊണ്ടുമാത്രമാണ് അതുകൊണ്ട്. ഒന്നുകിൽ അവളോട് അധികം സ്നേഹം കാണിച്ചു അവളെ കൊതിപ്പിക്കാതിരിക്കുക.
അല്ലെങ്കിൽ.. അല്ലെങ്കിൽ അവളുടെ അമ്മയായി ഞങ്ങടെ കൊച്ചുകുടുംബത്തിലേക്ക് വരുക.
നിങ്ങളാരാണെന്നോ നിങളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നോ എനിക്കറിയണ്ട. അവൾക്ക് നിങ്ങളെ ഇഷ്ടമാണെങ്കിൽ എനിക്കും നിങ്ങളെ ഇഷ്ടമാണ്. തീരെ പ്രതീക്ഷിക്കാത്തത് കേട്ടതുകൊണ്ടാണെന്നു തോന്നുന്നു ഒരു അമ്പരപ്പോടെ അവരെന്നെത്തന്നെ നോക്കുന്നത്.
പെട്ടന്നൊരു മറുപടി വേണ്ട. നല്ലവണം ആലോചിച്ചതിനുശേഷം ഒരു തീരുമാനം പറഞ്ഞാൽ മതി. പിന്നെ നമ്മൾ തമ്മിൽ കണ്ടതും നിങ്ങളീ ഡയറി വായിച്ചതും അച്ചുവറിയണ്ട.

തിരിഞ്ഞു നടക്കാനൊരുങ്ങിയ എന്നെ പിന്നിൽ നിന്നും അവർ വിളിച്ചു നിർത്തി.
നോക്കു ഞാനും ഭർത്താവും മകളും അടങ്ങുന്ന കൊച്ചുകുടുംബമായിരുന്നു എന്റേത്. പിണക്കങ്ങളും ഇണക്കങ്ങളും നിറഞ്ഞു നിന്ന സന്തുഷ്ട കുടുംബം. പക്ഷെ കഴിഞ്ഞ വര്ഷം ഒരു അപകടത്തിൽ അദ്ദേഹവും മോളും.. വാക്കുകൾ പൂർത്തിയാക്കാതെ അവർ വിതുമ്പി.
അച്ചു എന്റെ മോളുടെ അതേപകർപ്പാണ് കാണാൻ. അതുകൊണ്ടാണ്. മറ്റുകുട്ടികളോട് തോന്നാത്ത ഒരിഷ്ടം അവളോട് തോന്നിയത്. പക്ഷെ എല്ലാം മറന്ന് പുതിയൊരു ജീവിതം.. ഇല്ല എനിക്ക് അതിന് കഴിയില്ല.

ടീച്ചറെ ഇതെല്ലം ദൈവനിശ്ചയമാണ്. പ്രസവത്തോടെയുള്ള ദേവിയുടെ മരണം, നിങ്ങളുടെ ഭർത്താവിന്റെയും മകളുടെയും മരണം, അച്ചുവിനോട് ടീച്ചർക്ക് തോന്നുന്ന ഇഷ്ടം.. ദൈവവിധി ഇങ്ങനെയൊക്കെ ആവും. ഭാര്യ ഭർത്താവായി കഴിയാൻ വേണ്ടിയല്ല എന്റെ അച്ചുവിന്റെ അമ്മയായിട്ടാണ് ഞാൻ ടീച്ചറെ വിളിക്കുന്നത്. അവളുടെ ഇഷ്ടം നടത്തിക്കൊടുക്കാൻ വേണ്ടി..

എനിക്ക് സമ്മതമാണ്. അച്ചുവിന്റെ അമ്മയാവാൻ. പേരിനാണെങ്കിലും നിങ്ങളുടെ ഭാര്യയാവൻ..
ചോദിക്കാനും പറയാനും എനിക്ക് വേറെ ആരുമില്ല. അനാഥയാണ്.
ഞാൻ അവരുടെ കൈ മുറുകെ പിടിച്ചു പതുക്കെ പറഞ്ഞു
ഇനി അനാഥയല്ല. ഇപ്പൊ ഒരു ഭർത്താവുണ്ട് ഒരു മകളുമുണ്ട്…
മരിച്ചുപോയ അവരുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കൾ ഒരു ചെറുതെന്നലായ് വന്ന അവരെ അനുഗ്രഹിക്കുന്നുണ്ടായിരുന്നു അപ്പോൾ…

രചന : ഉനൈസ്‌

LEAVE A REPLY

Please enter your comment!
Please enter your name here