Home തുടർകഥകൾ എന്നെ തിരിച്ചറിയാത്ത നാട്ടിൽ ആരുടെയും ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാതെ എനിക്ക് ജീവിക്കണം… Part – 2

എന്നെ തിരിച്ചറിയാത്ത നാട്ടിൽ ആരുടെയും ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാതെ എനിക്ക് ജീവിക്കണം… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

വിയോമി  ഭാഗം രണ്ട്

രചന : Anu Kalyani

ആ മിഴികളിലെ നിർവികാരത എനിക്ക് താങ്ങാൻ കഴിയുമായിരുന്നില്ല.
അപ്പു പുറത്ത് നിന്ന് ഫോൺ ചെയ്യുകയായിരുന്നു.ഞങ്ങൾ മൂന്ന് പേരും മധുവിന്റെ സംസാരം ആസ്വദിച്ചു ഇരുന്നു.വല്ലാത്ത ഒരു ആകർഷണം ആയിരുന്നു അവളുടെ വാക്കുകൾക്ക്.അപ്പുവിനെ കുറ്റം പറയാൻ പറ്റില്ല ആരാണെൻകിലും വീണുപോകും.

അകത്തേക്ക് വന്ന അപ്പുവിന്റെ മുഖത്ത് അത്ര തെളിച്ചം ഉണ്ടായിരുന്നില്ല.”അമ്മൂ, നിന്റെ ട്രാൻസ്ഫറിന്റെ കാര്യം ശരിയായിട്ടുണ്ട്,ഒന്നാം തീയതി തന്നെ ജോയിന്റ് ചെയ്യണം ഞാനൊഴികെ എല്ലാവരുടെയും മുഖത്ത് നിരാശ പടർന്നിരുന്നു.പക്ഷെ ഈ നാട്ടിൽ നിന്നും എനിക്ക് ഒരു മാറ്റം അത്യാവശ്യം ആയിരുന്നു, എന്നെ തിരിച്ചറിയാത്ത നാട്ടിൽ ആരുടെയും ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാതെ എനിക്ക് ജീവിക്കണം.

“അമ്മയുടെ വീടിന്റെ അടുത്തുള്ള ഹൈസ്കൂൾ ഇല്ലെ?അതിന്റെ മുന്നിൽ ആണ് ഓഫീസ്”.
തെല്ലു നേരത്തെ മൗനത്തിനു ശേഷം അവൻ ആരോടെന്നില്ലാതെ പറഞ്ഞു.അമ്മയ്ക്ക് അതൊരു ആശ്വാസം ആയിരുന്നു എന്നാൽ അച്ഛൻ ഒന്നും മിണ്ടിയില്ല.അതുവരെ കളിയും ചിരിയും നിറഞ്ഞുനിന്നിരുന്ണ

അല്ലെ ഉള്ളൂ, മറ്റന്നാൾ രാവിലെ തന്നെ പുറപ്പെട്ടോളൂ, ഒപ്പം നിങ്ങളുടെ വിരുന്നും കൂടി ആകാലോ”.

ഏറെ നേരത്തെ ചിന്തയ്ക്ക് ശേഷം അമ്മ അതും പറഞ്ഞ് മുറിയിലേക്ക് പോയി, പിന്നാലെ അച്ഛനും.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെല്ലുമ്പോൾ മധുവും ഉണ്ടായിരുന്നു അമ്മയെ സഹായിക്കാൻ,മരുമകൾ സൂപ്പറാണെന്ന് ഇടം കണ്ണിട്ട് അവളെ നോക്കി ആംഗ്യഭാഷയിൽ അമ്മ എന്നോട് പറഞ്ഞു.എല്ലാം കാര്യത്തിലും നല്ല കഴിവായിരുന്നു അവൾക്, എത്ര വേഗത്തിലാണെന്നൊ അവൾ ഓരോ ജോലിയും ചെയ്യുന്നത്.

“കണ്ട് പഠിക്ക് നിന്നെക്കാൾ മൂന്ന് വയസ് കുറവാണ് ഇവൾക്ക് എത്ര വേഗത്തിലാണ് ഇവളീ ജോലിയൊക്കെ തീർത്തത്. ഗ്ലാസ്സിലേക്ക് ചായ ഒഴിക്കുകയായിരുന്നു അമ്മ.

“ഇതൊക്കെ എന്നും കണ്ടാൽ മതി പുതുപ്പെണ്ണ് പുരപ്പുറം തൂക്കുമെന്നാണ്.ഒരീണത്തിൽ ഞാനത് പറഞ്ഞതും അമ്മ എന്നെ തുറിച്ചു നോക്കി ചെറിയ പരിഭവത്തോടെ ഉള്ള മധുവിന്റെ നോട്ടം കണ്ട് എനിക്ക് ചിരി വന്നു പിന്നാലെ മധുവും ചിരിക്കാൻ തുടങ്ങി.ഏറെ കാലത്തിന് ശേഷമുള്ള എന്റെ തുറന്ന ചിരി കണ്ട് അമ്മയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.ചിരിച്ചുക്കൊണ്ട് തിരിയുമ്പോൾ അച്ഛൻ ഞങ്ങളെ നോക്കി നിൽക്കുന്നതാണ് കണ്ടത്.ഞങ്ങളെ ഒന്ന് കൂടി നോക്കി അച്ഛൻ തിരിച്ചു പോയി.
അടുക്കള ഭാഗത്തുള്ള ചെറിയ സ്ഥലത്ത് എന്റെ വക കുറച്ച് കൃഷിയുണ്ടായിരുന്നു. കല്ല്യാണത്തിന്റെ തിരക്ക് കാരണം കുറച്ച് നാളായി ശ്രദ്ധിക്കാന് കഴിയുന്നുണ്ടായിരുന്നില്ല.എന്റെ പയർ ചെടിയുടെ ഇലകൾ ചെറുതായി പുഴു തിന്ന് തുടങ്ങിയിരുന്നു.ഒരു താങ്ങിനെന്നോണം അത് തൊട്ടടുത്ത മതിലിലേക്ക് തിരി വച്ചിരിക്കുന്നു.

“നാട്ടുകാരെ മുഴുവന് കൃഷി ചെയ്യാൻ പഠിപ്പിക്കുന്നവളാ.. ആ പയറിനൊരു പന്തലിട്ടു കൊടുക്കാൻ അവൾക് സമയമില്ല”എന്നെ ഒന്ന് ആക്കി ക്കൊണ്ട് അമ്മ പറഞ്ഞു.അപ്പോൾ തോന്നിയ ഒരു വാശി പുറത്തു അരികിലായി ഉള്ള ഒരു ഏണി എടുത്ത് ശീമക്കൊന്നയിൽ ചാരിവച്ച് ഏണീമേൽ വലിഞ്ഞു കയറി അതിന്റെ കൊമ്പുകൾ താഴേക്ക് വെട്ടിയിട്ടു.വീണ കൊമ്പുകൾ എടുത്ത് ചെടിയുടെ അടുത്തായി കുഴിച്ചിട്ട ശേഷം ഒരു വിജയഭാവത്തോടെ അമ്മയെ നോക്കി.അമ്മ എന്നെ അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

“എല്ലാം എടുത്തിട്ടില്ലെ, ഒടുക്കം അത് മറന്നൂ ഇത് മറന്നൂ എന്നൊന്നും പറഞ്ഞേക്കരുത്”
എന്റെ പേക്ക് ചെയ്തു വച്ച ബേഗെടുത്ത് താഴെ ഇറക്കി വയ്ക്കുക ആയിരുന്നു അമ്മ.
“അമ്മ വരുന്നില്ലേ?”.മടിച്ചുകൊണ്ടാണ് ചോദിച്ചത്.
“ഇല്ല ഞാനും അച്ഛനും പിന്നെ വന്നോളാം”
കാറിന്റെ പിൻസീറ്റിൽ കയറി ഇരുന്നു.അച്ഛനെ ഒന്ന് നോക്കി, എന്റെ നോട്ടത്തിനായി കാത്തിരുന്നത് പോലെ എന്റെ അരികിലേക്ക് വന്നു തലയിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു.

“സന്തോഷത്തോടെ ഇരിക്കണം, എല്ലാം മറക്കാൻ ശ്രമിക്കണം.അവിടെ നിന്നാൽ മോൾക്ക് അതിന് കഴിയും”ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, എന്റെയും.അച്ഛൻ എന്നെ ആദ്യമായിട്ടാണ് മോളേന്ന് വിളിച്ചത്, അതുവരെ ഇല്ലാതിരുന്ന ഒരു നോവ് എന്നെ പൊതിഞ്ഞു നിൽക്കുന്നത് പോലെ തോന്നി.കാറ് മുന്നോട്ടേക്ക് നീങ്ങുന്തോറും പേരറിയാത്ത ഒരു വികാരം മൊട്ടിടുന്നുണ്ടായിരുന്നു.
യാത്രയുടെ ഇടയിൽ ഒരു തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുകയായിരുന്നു നമ്മൾ.

“ചേച്ചി,എന്താ അച്ഛനും അമ്മയും വരാതിരുന്നത്”
മധുവിന്റെ സംസാരം കേട്ട് അപ്പു എന്നെ നോക്കി ചിരിച്ചു, അങ്ങനെ ഒരു ചോദ്യം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.
“അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹം ആയിരുന്നു, അമ്മയുടെ വാശിപ്പുറത്ത്, മറ്റ് വഴികളൊന്നും ഇല്ലാതെ ആയപ്പോഴാണ് മുത്തശ്ശിയും മുത്തച്ഛനും കല്ല്യാണം നടത്തി കൊടുത്തത്,ബന്ധുക്കൾക്കൊ വീട്ടുകാർക്കൊ ഇഷ്ടമില്ലാതെ നടത്തിയത് ആയത് കൊണ്ട് അച്ഛന് പലപ്പോഴും അമ്മവീട്ടിൽ നിന്ന് അവഗണന നേരിടേണ്ടി വന്നിരുന്നു. മുത്തശ്ശി മരിക്കുന്നത് വരെ എല്ലാ ഓണത്തിനും ഞങ്ങൾ പോകാറുണ്ടായിരുന്നു, ഇപ്പോ ഏകദേശം പതിനൊന്ന് വർഷമായി കാണും അങ്ങോട്ടേക്ക് പോയിട്ട്”.
“അവിടെ ആരൊക്കെ ഉണ്ട്?”.

“അമ്മാവനും അമ്മായിയും”
“വേറെ ആരും ഇല്ലെ? മക്കൾ ഒന്നും?”.
“ഒരു മകനും മകളും ഉണ്ടെന്ന് തോന്നുന്നു, സത്യം പറഞ്ഞാൽ അവരുടെ പേര് പോലും അറിയില്ല”
“മതി വാ കഥയൊക്കെ പിന്നെ പറയാം”
ഞങ്ങളുടെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി കടയിൽ ഏൽപ്പിച്ച് അപ്പു മുന്നിൽ നടന്നു.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

മൺപാതയിലൂടെ കാർ നീങ്ങി ഒരു വലിയ തറവാടിന്റെ മുന്നിൽ ചെന്ന് നിർത്തി.വളരെ കുറച്ച് ഓർമ്മകൾ മാത്രമാണ് ആ വീടിനെ കുറിച്ചുള്ളത്.ഞങ്ങളെ കണ്ട് അമ്മായി മുറ്റത്തേക്ക് ഇറങ്ങി, എന്റെ അരികിലേക്ക് വന്നു തലയിൽ ഒന്ന് തലോടി കൊണ്ട് പുറത്തേക്ക് ഇറങ്ങി വരുന്ന അമ്മാവനെ നോക്കി ചിരിച്ചു.
“കയറി വാ മക്കളെ”

അമ്മാവൻ ലഗേജ് എടുത്ത് അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു.
ഉച്ചഭക്ഷണം കഴിഞ്ഞ് പുറപ്പെടാൻ ഇറങ്ങുകയായിരുന്നു അപ്പുവും മധുവും.എന്നെ ഒന്ന് നോക്കി അപ്പു കാറിൽ കയറി, മധുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.എല്ലാവരോടും യാത്ര പറഞ്ഞ് അവർ അവിടെ നിന്നും ഇറങ്ങി.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
പൂമുഖത്ത് നിലവിളക്ക് കൊളുത്തി ജപിക്കുന്ന അമ്മായിയും ചാരുകസേരയിൽ ഇരുന്ന് അത് ആസ്വദിക്കുന്ന അമ്മാവനും എനിക്ക് ഒരത്ഭുതം ആയിരുന്നു.

മഴ പെയ്ത് തോർന്ന കർക്കിടക മാസത്തിൽ വീശുന്ന കാറ്റിന് ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു, നനഞ്ഞു നിൽക്കുന്ന മരങ്ങളും ചെടികളും പൂക്കളും ഇലകളും അസ്തമയ സൂര്യന്റെ നേർത്ത വെളിച്ചത്തിൽ തിളങ്ങി.ശ്യേത നിറത്തിലുള്ള മുല്ലമൊട്ടുകൾ വള്ളിയിൽ തൂങ്ങി നിൽക്കുന്നത് കണ്ണിന് കുളിർമ ആവോളം തന്നിരുന്നു.

നടുമുറിയിൽ നിന്നും എന്റെ ബേഗുകൾ എടുത്ത് കോണിപ്പടികൾ കയറി,മരം കൊണ്ടുണ്ടാക്കിയ തടിയിൽ നിന്നും പാദത്തിനനുസരിച്ച് ശബ്ദം ഉണ്ടാവുന്നുണ്ടായിരുന്നു.മുകളിൽ പണ്ട് അമ്മ ഉപയോഗിച്ച മുറി എനിക്കായി വൃത്തിയാക്കി വെച്ചിട്ടുണ്ടെന്ന് അമ്മായി പറഞ്ഞിരുന്നു.ആദ്യം കണ്ട മുറിയിലേക്ക് കടന്നുചെന്നു, നിറയെ പുസ്തകങ്ങൾ ഉള്ള മുറി ആകെ അലസമായി ഇട്ടിരിക്കുന്നു.താഴെ നിന്നും ഒരു ബൈക്കിന്റെ ശബ്ദം കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കി,ആരോ അകത്തേക്ക് കയറുന്നത് ഒരു മിന്നായം പോലെ കണ്ടു.പെട്ടെന്നായിരുന്നു കറന്റ് പോയത്, ഇരുട്ടിൽ തപ്പി പുറത്തേക്ക് ഇറങ്ങാൻ നോക്കുമ്പോഴാണ് ജനലിൽ തൂക്കിയിട്ടിരിക്കുന്ന മൂന്ന് ഫിലമെന്റ് ബൾബുകൾ കണ്ടത്, മഞ്ചാടി കുരുകൾ നിറച്ച് വച്ചിരുന്ന അവ പുറത്ത നേർത്ത നിലാവിൽ തിളങ്ങുന്നുണ്ടായിരുന്നു.കണ്ണുകൾ പിൻവലിക്കാനാവാതെ ഭംഗി ആസ്വദിച്ച് അവിടെ തന്നെ നിന്നു.

ആരോ കോണിപ്പടികൾ കയറി വരുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി പുറത്തേക്ക് ഇറങ്ങാനായി വാതിലിനടുത്തേക്ക് നടന്നതും അകത്തേക്ക് കയറി ആരോ വാതിൽ അടച്ചു, പെട്ടെന്ന് ഉള്ള നീക്കത്തിൽ പിറകോട്ട് നീങ്ങിയതും അട്ടിയായി വച്ചിരുന്ന പുസ്തകത്തിൽ കൈ തട്ടി അവ താഴേക്ക് വീണു.

“ആരാ അത്?”
ഗാംഭീര്യമുള്ള ഒരു പുരുഷ ശബ്ദത്തിനോടൊപ്പം വിയർപ്പിന്റെ ഗന്ധവും മുറിയാകെ പടർന്നിരുന്നു.ചുവടുകൾ പിറകോട്ട് വയ്ക്കുന്നതിനനുസരിച്ച് നെഞ്ചിടിപ്പും കൂടി കൂടി വന്നു,ആ ഗന്ധവും അടുത്തേക്ക് വരുന്നുണ്ടായിരുന്നു.

ആശ്വാസം എന്നോണം പെട്ടെന്ന് കറന്റ് വന്നു.നീട്ടി വളർത്തിയ മുടിയും താടിയും,നെറ്റിയിലേക്ക് വീണ് കിടക്കുന്ന കുറുനിരകൾ, അലസത നിറഞ്ഞു നിൽക്കുന്ന മുഖം.എന്നെ അത്ഭുതത്തോടെ നോക്കിയ ശേഷം കിടക്കയിൽ വച്ചിരുന്ന എന്റെ ബേഗിലേക്ക് നോക്കി.

“ആരാടീ നീ”
ഒരലർച്ചയോടെ ആണ് ചോദിച്ചത്.
“ഞാ….. ഞാൻ……..അമ്മായി പറഞ്ഞിട്ട്….”
വിക്കി വിക്കി പറഞ്ഞു തുടങ്ങും മുമ്പ് എന്റെ ബേഗെടുത്ത് പുറത്തേക്ക് എറിഞ്ഞു.തിരിച്ച് വന്ന് എന്റെ കയ്യിൽ പിടിച്ച് വലിച്ച് പുറത്തേക്ക് ഇറക്കിയതും അമ്മായി മുകളിലേക്ക് കയറി വന്നു.
“അച്ചൂ, നീ എന്താ ഈ കാണിക്കുന്നെ”
“ആരാ ഇത്,ഇവളെന്തിനാ എന്റെ മുറിയിൽ കയറിയത്”
“ഇത് അമ്മുവാണ്, സുഭദ്ര അപ്പച്ചിയുടെ മകൾ, അവളറിയാതെ കയറിയതായിരിക്കും”
എന്നെ ഒന്ന് നോക്കി അകത്തേക്ക് കയറി കതകടച്ചു.

“അതാരാ.. അമ്മായി?”
“നിനക്ക് ഓർമ്മയില്ലെ അച്ചുവേട്ടനെ, എന്റെ മോനാ……. ഒരു പ്രത്യേക സ്വഭാവമാ…”
“മോളുടെ മുറി അപ്പുറത്ത് ആണ്”
അമ്മായി കാണിച്ചു തന്ന മുറിയിൽ കയറി വാതിലടച്ചു.ജനലിലൂടെ പുറത്തേക്ക് നോക്കി.ആ മഞ്ചാടി കുരുകൾ ആയിരുന്നു മനസ്സ് നിറയെ.

🌻🏵️തുടരും…….🏵️🌻
🥀അനു കല്ല്യാണി 🥀

LEAVE A REPLY

Please enter your comment!
Please enter your name here