Home Latest വിവേകിന്റെ ആ ഒറ്റ ചോദ്യത്തിൽ താൻ ഭൂമി പിളർന്നു താഴേക്ക് പതിച്ചത് പോലെ!

വിവേകിന്റെ ആ ഒറ്റ ചോദ്യത്തിൽ താൻ ഭൂമി പിളർന്നു താഴേക്ക് പതിച്ചത് പോലെ!

0

“‘ പ്രെഗ്നന്റ് ആവാൻ ഞാൻ മാത്രം “വിചാരിച്ചാൽ പോരല്ലോ ദീപ്തി ?

വിവേകിന്റെ ആ ഒറ്റ ചോദ്യത്തിൽ താൻ ഭൂമി പിളർന്നു താഴേക്ക് പതിച്ചത് പോലെ ദീപ്തിക്കു തോന്നി .മൂന്നു വർഷം തീവ്രമായി പ്രണയിച്ചവൻ .അവൻ വിവാഹനിശ്ചയ വേളയിലിട്ട മോതിരം അവളെ ഒരു പാമ്പ് പോലെ ആഞ്ഞു കൊത്തി.

“” വേണ്ട എന്ന് എത്ര തവണ പറഞ്ഞു വിവേക് ?””അവളുടെ ശബ്ദം ഇടറി

“അതേ ഞാനും പറയുന്നുള്ളു ദീപ്തി ..ഇത് വേണ്ട .രണ്ടു മാസം കൂടി കഴിഞ്ഞാൽ ഞാൻ അമേരിക്കയ്ക്ക് പോകും .എന്റെ സ്വപ്നമാണത് ഈ പ്രൊജക്റ്റ് .ഇത് നമുക്കു വേണ്ട എന്ന് വെയ്ക്കാം .വിവാഹത്തിനിനി ഒരു വർഷം അല്ലെ ഉള്ളു ?നമുക്കിനിയും കുഞ്ഞുങ്ങളുണ്ടാകും ”

“‘ വിവാഹം വലിയ ആഡംബരം ആയി ഒന്നും വേണ്ട വിവേക് .ഒരു സാധാരണ ചടങ്ങു മതി അത് കഴിഞ്ഞു വിവേക് പൊക്കൊളു ”

വിവേക് ഒന്ന് ചിരിച്ചു

“അല്ലെങ്കിലേ അമ്മക്ക് പരാതിയാ നിന്നെ പോലെ ഒരു ദാരിദ്ര്യവാസി പെണ്ണിനെ കെട്ടുന്നതിന്..ഞാൻ ഒറ്റ മോനാ നിനക്ക് അറിയാമല്ലോ ?നീ ഈ പറയുന്നത് ഒന്നും നടക്കില്ല .നീ ഇത് അബോർട്ട് ചെയ്യ് ഞാനും കൂട്ട് വരാം”

ദീപ്തി അനങ്ങാതെ തറഞ്ഞു നിന്നു..എത്ര പെട്ടെന്നാണ് അനുരാഗലോലുപനായ കാമുകനിൽ നിന്നു അവൻ ക്രൂരനും സ്വാർത്ഥനും ആയ മനുഷ്യനിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത് ?

ഡോക്ടറുടെ മുന്നിലിരിക്കുമ്പോളും പരിശോധനകൾ നടത്തുമ്പോളും അവൾക്കു വേദനിക്കുന്നുണ്ടായിരുന്നില്ല .മനസ്സ് മരവിച്ചു പോയിരുന്നു .അവൻ തന്ന വേദനയേക്കാൾ വലുതല്ലായിരുന്നു ഒന്നും .

“നോക്ക് ഇയാൾ വളരെ വീക്ക് ആണ് .അബോർഷൻ പറ്റില്ല അപകടമാണ് ”
ഡോക്ടർ നിർമല പറഞ്ഞു

വിവേക് വേഗം എഴുനേറ്റ് വാതിൽ തുറന്നു പുറത്തേക്കു പോയി

“ഭർത്താവല്ല അല്ലെ ?’

“അല്ല വിവാഹ നിശ്ചയം കഴിഞ്ഞതാണ് ”

“പിന്നെന്തു പറ്റി?'”

അവൾ മഴനനഞ്ഞ ഒരു രാത്രിയെ കുറിച്ചോർത്തു.ഹോസ്റ്റലിൽ നിന്നു വിവേക് കൂട്ടി കൊണ്ട് വന്ന ഒരു രാത്രി .പൊടുന്നനെ പ്രഖ്യാപിച്ച ഹർത്താലിൽ ഒരു ഹോട്ടലിൽ കഴിച്ചു കൂട്ടേണ്ടി വന്ന ഒരു രാത്രി “വേണ്ടെന്നു എത്ര തവണ കെഞ്ചിയിട്ടും സ്നേഹചുംബനങ്ങളാൽ വിവേക് തന്നെ കീഴ്പ്പെടുത്തിയ ഒരു രാത്രി .

“കുട്ടി….. അയാൾ എത്ര നിര്ബന്ധിച്ചാലും സമ്മതിക്കരുത് .അബോർഷൻ റിസ്ക് ആണ് ” ഡോക്ടർ വീണ്ടും പറഞ്ഞു

ïഇല്ല ഡോക്ടർ എന്റെ കുഞ്ഞു വളരട്ടെ…വിവേക് പോകട്ടെ എനിക്കി കുഞ്ഞു മതി ” അവളുടെ കണ്ണു നിറഞ്ഞിരുന്നു

“വീട്ടിൽ പ്രശ്നങ്ങൾ ..?”

“എനിക്ക് അച്ഛനും അമ്മയും ഇല്ല ഡോക്ടർ .ഒരു അപകടത്തിൽ മൂന്നു വര്ഷം മുന്നേ അവരെന്നെ വിട്ടു പോയി ..എന്റ്റെ മുത്തശ്ശി ഉണ്ട് കൂടെ .മുത്തശ്ശിയെ ഞാൻ പറഞ്ഞു മനസിലാക്കാം ”

അവളുടെ മുഖത്ത് ഒരു കാഠിന്യം നിറഞ്ഞു .ഡോക്ടർ നിർ്മലക്കു ആ നിമിഷം അവളോട് ഒരു ബഹുമാനം തോന്നി ..ചില സമയങ്ങളിൽ തീരുമാനം സ്വയം എടുക്കേണ്ടതുണ്ട്‌ ..ചില തെറ്റുകൾ അതിനെ തെറ്റുകൾ എന്ന് പറയാമോ ?ചില ശരികൾ പിന്നീട് തെറ്റുകൾ ആവും ചില തെറ്റുകൾ പിന്നീട് ശരികളും .ആത്യന്തികമായി തെറ്റും ശരിയും ഇല്ല .അല്ലെങ്കിൽ അത് മനുഷ്യന്റെ കാഴ്ചയുടെ കുഴപ്പം ആണ്

വിവേകിന്റെ യാത്രക്കുള്ള ഒരുക്കങ്ങൾ പൂർണമായിരുന്നു.അവന്റ ഉള്ളിൽ എത്ര ശ്രമിച്ചിട്ടും ദീപ്തിയുടെ ഓർമ്മകൾ മായാതെ നിന്നു .ദീർഘനാളത്തെ ആഗ്രഹം ഒരു വശത്ത്. മറുവശത്തു അവൾ .

“നമുക്ക് മറ്റൊരു ഡോക്ടറെ കാണാം ദീപ്തി .പ്ളീസ് അവന്റെ ശബ്ദം ദുര്ബലമായിരുന്നു .അവളെ മരണത്തിലേക്കതു എത്തിക്കുമോ എന്ന പേടിയും അവനുണ്ടായിരുന്നു .എന്നാലും താൻ വിചാരിച്ചതു നടക്കണം എന്ന മനുഷ്യന്റെ സ്വതസിദ്ധമായ വാശി അവനെ അവളിലേക്ക്‌ നിര്ബന്ധവും ചെലുത്താൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു .

ദീപ്തി വിവേകിന്റെ കൈവെള്ളയിലേക്കു മോതിരം വെച്ച് കൊടുത്തു

“എനിക്ക് വിവേകിനെ വേണ്ട ”
അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു

ഇനിയൊരിക്കലും ഒന്നിനും വേണ്ടി വിവേക് എന്റെ മുന്നിൽ വരരുത് ..”

വിവേക് ഒരു പതർച്ചയോടെ കൈ നീട്ടി ആ മുഖത്ത് തൊട്ടു

” ദീപു ”

“എന്നെ തൊടരുത് “‘ “നിങ്ങള്ക്ക് ഈ ജന്മത്തിൽ തരേണ്ടത് എല്ലാം ഞാൻ തന്നു .എന്റ്റെ മനസ്സ് ,എന്റെ ശരീരം, എന്റെ സ്നേഹം ..ഇനി വരരുത് …”

അവൾ നടന്നകലുന്നത് കണ്ണീരിന്റെ കനത്ത മറയിലൂടെ വിവേക് നോക്കി നിന്നു

ചില നിമിഷങ്ങൾ അങ്ങനെയാണ് .കണ്ണീരിന്റെ നനവ് പുരണ്ട വേർപിരിയലുകൾ .ശരിതെറ്റുകൾ നിർവചിക്കാനാവാതെ മനുഷ്യൻ നിസ്സഹായനായി പകച്ചു നിന്നു പോകും .സ്നേഹത്തിനെക്കാൾ മുകളിൽ സ്വാര്ഥതാല്പര്യങ്ങൾ വരുമ്പോൾ തെറ്റു ജയിക്കും ശരി തോൽക്കും . എങ്കിലും നന്മയുടെ നേർത്ത കിരണങ്ങൾ ഉള്ളിലുള്ള മനുഷ്യൻ ആ പ്രതിസന്ധിയെ വളരെ വേഗം മറികടക്കും .പ്രണയിച്ച പെണ്ണിന്റെ ഉടലിന്റെ ചൂടിനേക്കാളും അവളില്ലാതെ ജീവിക്കാനാവില്ല എന്ന തോന്നലിൽ നന്മയുള്ള പുരുഷൻ അവൾക്കു മുന്നിൽ കീഴടങ്ങും .തന്റെ സ്വപ്നങ്ങളെല്ലാം മറന്നു അവളെ നെഞ്ചോടു ചേർക്കും

ദീപ്തിയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ വിവേകിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു .എത്രയധികം താനവളെ വേദനിപ്പിച്ചു എന്നോർത്തിട്ട് ..എന്നിട്ടും അവൾ തന്നോട് ക്ഷമിച്ചു എന്നോർത്തിട്ട്.ദീപ്തി ആ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു .

പ്രണയത്തിന്റെ നീർച്ചാലുകൾ അവസാനിക്കുന്ന സമുദ്രമാണ് മനുഷ്യമനസ്സ് .പ്രണയം സത്യമുള്ളതു തന്നെയെങ്കിൽ ലോകത്തു ഒന്നിനും അതിനെ തോൽപ്പിക്കാനാവില്ല .പ്രണയം ക്ഷമയും സഹനവുമാകുമെങ്കിൽ പ്രണയത്തോളം ശക്തി മറ്റൊന്നിനുമില്ല തന്നെ ..

രചന : അമ്മു സന്തോഷ്

LEAVE A REPLY

Please enter your comment!
Please enter your name here