Home തുടർകഥകൾ ചേച്ചി നിൽക്കുമ്പോൾ എങ്ങനെയാ അനിയൻ കെട്ടുന്നത്… Part – 1

ചേച്ചി നിൽക്കുമ്പോൾ എങ്ങനെയാ അനിയൻ കെട്ടുന്നത്… Part – 1

0

രചന : Anu Kalyani

വിയോമി   ഭാഗം ഒന്ന്

ജനൽ വരിയിലൂടെ നീങ്ങുന്ന ഉറുമ്പുകളിലൊന്ന് കൂട്ടം തെറ്റി വിരലിലേക്ക് കയറി, പതിയെ കൈ പിൻവലിച്ച് ദിശയറിയാതെ പായുന്ന അതിനെ സൂക്ഷിച്ചുനോക്കി

ഇരിക്കുകയായിരുന്നു.മുറിയ്ക്ക് പുറത്ത് ആരുടെയൊക്കെയോ പരിചയമില്ലാത്ത ശബ്ദം കേൾക്കാം.താഴെ ഒരുപാട് ആൾക്കാർ ഉണ്ടെന്ന് തോന്നുന്നു.റെഡിയായി താഴേക്ക് ഇറങ്ങി ചെല്ലാൻ പറഞ്ഞിട്ട് മണിക്കൂർ രണ്ട് ആയി, പലവട്ടം വാതിൽ വരെ പോയിട്ടും എന്തുകൊണ്ടോ പുറത്തേക്ക് പോകാൻ തോന്നിയില്ല.
“അമ്മൂ”

വാതിലിൽ ശക്തമായി അടിച്ചു കൊണ്ടുള്ള വിളി കേട്ടപ്പോൾ, സ്വപനത്തിലെന്നപോലെ ഒന്ന് ഞെട്ടി.ഏറെ സ്നേഹമുള്ള കൂടപ്പിറപ്പിന്റെ ശബ്ദം.ചെറിയ ഒരു പേടിയോടെ ചെന്ന് വാതിൽ തുറന്നു.
“എന്താ അപ്പൂ”

ആ മിഴികളിൽ വിരിയുന്ന വികാരം എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.എന്നെ മറികടന്ന് അകത്തേക്ക് കയറി കൈകൾ കൊണ്ട് മുഖം മറച്ച് തലകുനിച്ചു നിൽക്കുന്ന അവനെ ഞാൻ ഒരു കുറ്റവാളിയെ പോലെ നോക്കി.
“ആ ഡോറടച്ചേക്ക്”

തിരിച്ച് ഒന്നും ചോദിക്കാതെ തന്നെ ഞാൻ കതകടച്ചു.വീണ്ടും ആ ജനൽ കമ്പികൾ എന്നെ വിളിക്കുന്നുണ്ടായിരുന്നു.പുറത്ത് നിർത്തിയിട്ടിരിക്കുന്ന കാറിന് പിറകിൽ കുറച്ച് ചെറുപ്പക്കാർ കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു, എന്താണ് അവർ ചെയ്യുന്നത് എന്നറിയാൻ തല ചെരിച്ച് നോക്കി.പതിയെ അവർ പിറകിലോട്ട് നീങ്ങി നിന്നു.അവിടെ പതിച്ചിരുന്ന എന്റെ അപ്പുവിന്റെ ഫോട്ടോ കണ്ടപ്പോൾ അറിയാതെ തന്നെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
വിഷ്ണു weds മധുരിമ

ശബ്ദമില്ലാതെ ഞാനത് ഉരുവിട്ട് കൊണ്ടിരുന്നു.
“അമ്മൂ”
എന്താണെന്ന അർത്ഥത്തിൽ ഞാൻ തിരിഞ്ഞു നോക്കി.
“നീ എന്താ താഴേക്ക് വരാത്തത്?”.
എന്ത് പറയണമെന്ന് എനിക്ക് അറിയില്ലാമായിരുന്നു, എന്ത് പറഞ്ഞാലും വിശ്വസിക്കില്ല എന്നറിയാം.എന്റെ മൗനം കണ്ടിട്ടാവണം പതിയെ എഴുന്നേറ്റ് അരികിലേക്ക് വന്നു.

“താഴെ ചിലരൊക്കെ പറയുന്നുണ്ട് , ചേച്ചി നിൽക്കുമ്പോൾ എങ്ങനെയാ അനിയൻ കെട്ടുന്നതെന്ന്, എനിക്ക് വയ്യ അമ്മൂ, നിന്റെ നിർബന്ധം കൊണ്ടാണ് ഞാൻ ഇതിനു സമ്മതിച്ചത്”
മറുപടിയായി ഞാനൊന്ന് ചിരിച്ചു, അതുകണ്ട് ദയനീയമായൊരു നോട്ടമാണ് ഉണ്ടായത്.ആ നോട്ടത്തിൽ ഞാനത്രയും നേരം കെട്ടിയുയർത്തിയ കപടഭാവം തകരുമോ എന്ന ഭയമായിരുന്നു.ഏറെ സന്തോഷിക്കേണ്ട ആ ദിവസത്തിലും, വേദനയുടെ അഗ്നിപർവ്വതം ഉള്ളിൽ പൊട്ടി ഒഴുകുന്നുണ്ടായിരുന്നു.
“അപ്പൂ, നിനക്ക് വയസ്സ് 26 ആയേ ഉള്ളൂ, എന്നാൽ 19 വയസ്സിലെ പെൺകുട്ടികളെ കല്ല്യാണം കഴിപ്പിക്കുന്ന പാരബര്യമാണ് മധുവിന്റെ കുടുംബത്തിന്,25 വയസ്സ് വരെ ആ കുട്ടി അനുഭവിച്ച സമ്മർദ്ദം എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും, അല്ലെങ്കിൽ തന്നെ നീ ആർക്ക് വേണ്ടിയാ കാത്തിരിക്കുന്നത് എനിക്ക് വേണ്ടിയോ? എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അടഞ്ഞ അധ്യായമാണ്”.

“അമ്മൂ,അമ്മൂ വാതിൽ തുറക്ക്”
അമ്മയുടെ ശബ്ദം കേട്ട് ഞാനും അപ്പുവും ഒരു പോലെ തിരിഞ്ഞു നോക്കി.അകത്തേക്ക് കയറി വന്ന അമ്മ അപ്പുവിനെ ഒന്ന് നോക്കി,ഞങ്ങളുടെ സംസാരവിഷയം എന്താണെന്ന് അവന്റെ മുഖത്തുനിന്നു തന്നെ അമ്മയ്ക്ക് മനസ്സിലായിരുന്നു.

“നീ ഇവിടെ വന്നിരിക്കുകയാണോ, വേഗം വാ ഇപ്പോ ഇറങ്ങിയാലേ മുഹൂർത്തത്തിന് അരമണിക്കൂർ മുമ്പ് എന്കിലും എത്താൻ കഴിയൂ”ശേഷം നോട്ടം എന്റെ മുഖത്തേക്ക് ആയി, നിനക്കൊരു പൊട്ട് ഒക്കെ വെച്ചൂടെ അമ്മൂ എന്ന് പറഞ്ഞ് കണ്ണാടിയിൽ എന്നൊ ഒട്ടിച്ചുവച്ച ഒരു പൊട്ട് എന്റെ നെറ്റിയിൽ വച്ച് തന്നു.വേഗം വാ എന്ന് പറഞ്ഞ് അമ്മ ധൃതിയിൽ താഴേക്ക് ഇറങ്ങി, എന്റെ കയ്യിൽ പിടിച്ച് പിന്നാലെ അപ്പുവും.എന്നെ കാണുമ്പോൾ ആളുകളിലുണ്ടായ അടക്കം പറച്ചിൽ കേൾക്കുന്നുണ്ടായിരുന്നു,

എന്തുകൊണ്ടൊ ഒരുതരം ശ്യാസംമുട്ടൽ എനിക്ക് അവരുടെ ഇടയിൽ അനുഭവപ്പെട്ടു.ആർക്കും മുഖം കൊടുക്കാതെ കാറിൽ കയറി കൈകൾ കൊണ്ട് മുഖം മറച്ച് തലകുനിച്ചു ഇരുന്നു.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
കാർ ഒരു പഴയ തറവാടിന്റെ മുന്നിൽ ചെന്ന് നിർത്തി.പൂക്കളും പന്തലും കൊണ്ടലങ്കരിച്ച വീട് വളരെ ചെറുതായിരുന്നു.വയസ്സായ കുറച്ച് പേർ ഞങ്ങളെ സ്വീകരിക്കാനായി വന്നു.പരസ്പരം ഹാരമണിഞ നവദബതിമാരെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.തിരിച്ച് വീട്ടിലെത്തും വരെ ആരോടും മിണ്ടിയില്ല.

റിസപ്ഷന് വേണ്ടി അപ്പു വാങ്ങി തന്ന ഡ്രെസ്സും ഇട്ട് അവന്റെ നിർബന്ധം പ്രകാരം കുറച്ച് ഫോട്ടോസും എടുത്ത് അകത്തേക്ക് ഉൾവലിയാൻ പോകുമ്പോഴാണ് മുന്നിൽ എന്നെ തന്നെ നോക്കി നിൽക്കുന്ന, ഒരു കാലത്ത് എന്റെ എല്ലാമായിരുന്ന ആ രൂപം കണ്ടത്.ചിരി മാത്രം നിറഞ്ഞു നിന്നിരുന്ന മുഖത്ത് പക്ഷേ ഗൗരവം ആയിരുന്നു,ആ ഗൗരവത്തിന് പിറകിൽ ഉണ്ടായിരുന്ന സ്നേഹം എനിക്ക് മാത്രം കാണാനായിരുന്നു.ഒരു ചാറ്റൽമഴയായി എന്റെ അരികിൽ വന്ന് പ്രണയത്തിന്റെ പേമാരിയായി എന്നിൽ പെയ്ത് ഒടുക്കം ശക്തമായ ഒരു കാറ്റിനാൽ എന്നിൽ നിന്നും അകന്നു പോയ സ്നേഹത്തിന്റെ തൂവൽ മേഘം.

ഉള്ളിൽ ഒരു വലിയ കനൽ എരിയീന്നുണ്ടായിരുന്നുവെന്കിലും പുറമെ ഞാനൊന്ന് ചിരിച്ചു.ഒരു വരണ്ട ചിരി എനിക്കായി തിരിച്ചു തന്നു.നെറ്റിയിൽ സിന്ദൂരവും കയ്യിൽ ഒരു കവറുമായി സായന്തേട്ടന്റെ ഇടത് വശത്തായി നിൽക്കുന്ന പെൺകുട്ടിയും എന്നെ നോക്കി ചിരിച്ചു.രണ്ടു പേരും കൂടി നേരെ വധൂവരന്മാരുടെ അടുത്തേക്കാണ് പോയത്. ഒരു കണക്കിന് തമ്മിൽ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.പഴയ ഓർമ്മകളെ ഒക്കെ വേരോടെ പിഴുതെറിയാൻ ഒരു പാഴ്ശ്രമം നടത്തിവരികയാണ് ഞാൻ.

ചുറ്റിലുമുണ്ടായ ആൾക്കാരുടെ സാമീപ്യവും നോട്ടവും എന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു, രക്ഷപ്പെടാനായി മുറിയിലേക്ക് പോകാൻ ഞാനൊരു ശ്രമം നടത്തി പക്ഷേ അച്ഛൻ അത് കൈയോടെ പിടികൂടി.ആളൊഴിഞ്ഞ ഒരു കോണിൽ കസേരയിൽ പോയി ഇരുന്നു.ബലൂണുകൾ എറിഞ്ഞു കളിക്കുന്ന ചെറിയ കുട്ടികളെയും നോക്കി ഏറെ നേരം ഇരുന്നു.

“ചേച്ചി എന്താ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നെ”എനിക്ക് മുന്നിലായി ഇരുന്നു കൊണ്ട് ശിവാനി ചോദിച്ചു.
എന്തോ ആ മുഖവും സിന്ദൂരവും താലിയും മെല്ലാം ഉള്ളിന്റെ ഉള്ളിൽ ഒരു നോവ് തരുന്നുണ്ടായിരുന്നു. ഒരു കാലത്ത് ഞാനേറ്റവും ആഗ്രഹിച്ച സ്ഥാനത്താണ് ഇന്നവൾ ഇരിക്കുന്നത്.
“എനിക്ക് കുറച്ച് നാളായി ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം”

ഞാനൊരു ചിരിയോടെ ആണ് പറഞ്ഞത് എന്നാൽ അവൾ തെളിച്ചമില്ലാതെ ചിരിച്ച്, കുറച്ചകലെയായി കൂട്ടുകാരുമൊത്ത് ചിരിച്ച് കളിക്കുന്ന സായന്തേട്ടനെ തന്നെ നോക്കുക ആയിരുന്നു.ശിവാനിയുടെ കണ്ണിൽ തെളിനീർ വരുന്നത് ഞാൻ കണ്ടു.തെല്ല് നേരത്തെ മൗനത്തിനു ശേഷം ശിവാനി തന്നെ പറഞ്ഞു തുടങ്ങി.

“സായിയേട്ടന്റെ ചിരിക്കുന്ന മുഖം ഞാനാദ്യമായിട്ടാണ് കാണുന്നത്”
എന്തോ ഒരു അത്ഭുതത്തോടെയാണ് ഞാനത് കേട്ടത് ആ മുഖത്ത് ദേഷ്യമോ ഗൗരവമോ ഞാൻ മുന്പ് കാണാറില്ലായിരുന്നു. എന്റെ നോട്ടം കണ്ട് ചിരിച്ചുകൊണ്ടവൾ തുടർന്നു.

“എന്നെ ആദ്യം കണ്ടപ്പോൾ തന്നെ ചേച്ചിയെകു റിച്ചാണ് ഏട്ടൻ പറഞ്ഞത് , മറക്കാൻ കുറച്ച് സമയം വേണമെന്ന് പറഞ്ഞു, കഴിഞ്ഞ ആറു മാസമായിട്ടും ചേച്ചിയെ മറക്കാൻ ഏട്ടന് കഴിഞ്ഞിട്ടില്ല, എന്നോടല്ലെന്കിൽ പോലും ചിരിക്കുന്ന മുഖം കാണാൻ കഴിഞ്ഞല്ലോ സന്തോഷായി”

അടർന്നു വീഴുന്ന തുള്ളികൾ തുടച്ച് കൊണ്ടവർ പറയുമ്പോൾ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.ഒരിക്കലും പരസ്പരം മറക്കാൻ കഴിയുന്ന ബന്ധമായിരുന്നില്ല ഞങ്ങളുടേത്, സാഹചര്യങ്ങൾ വിലങ്ങ് തടി ആയപ്പോഴും എന്നെ സ്വീകരിക്കാൻ പൂർണ്ണ മനസ്സ് കാണിച്ച ആളാണ് അദ്ദേഹം.എന്റെ നിസ്സഹായത നിറഞ്ഞ ഇരുപ്പ് കണ്ട് കവിളിൽ ഒന്ന് തട്ടി അതേ ചിരിയോടെ അവൾ സായിയേട്ടന്റെ അരികിലേക്ക് നടന്നു.എല്ലാവരോടും യാത്ര പറഞ്ഞ് കാറിലേക്ക് കയറുബോൾ സായിയേട്ടന്റെ കണ്ണുകൾ എന്നെ തേടി എത്തിയിരുന്നു.കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല കാരണം അങ്ങനെ അഭിനയിച്ചാലും മറ്റാരേക്കാളും നന്നായി എന്നെ മനസ്സിലാക്കാൻ കഴിവുള്ള ആളാണ് അത്.കാർ കണ്ണിൽ നിന്നും മറയുന്നത് വരെ അവിടെ തന്നെ നിന്നു.മനസ്സിൽ മുഴുവൻ ശിവാനിയുടെ വാക്കുകളായിരുന്നു.പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. കണ്ണുകളൊക്കെ നിറയുന്നുണ്ടായിരുന്നു.മുറിയിലേക്ക് ഓടുംബോൾ ആരൊക്കെയോ പിറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു.കതകടച്ച് കുറേ നേരം ഇരുന്നു കരഞ്ഞു.ഓർമ്മകൾ കണ്ണുനീരിന് ശക്തി കൂട്ടിയത് പോലെ എത്രയൊക്കെ നിയന്ത്രിച്ചിട്ടും അവ ഒഴുകി കൊണ്ടിരുന്നു.കരഞ്ഞ് തളർന്ന് അറിയാതെ മയങ്ങി പോയി.അമ്മയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്.

എന്റെ കോലം കണ്ട് അമ്മയുടെ മുഖം മാറുന്നത് ഞാന് ശ്രദ്ധിച്ചിരുന്നു.കാരണം എന്താണെന്ന് ചോദിക്കാതെ തന്നെ അമ്മയ്ക്ക് അറിയാം അതുകൊണ്ട് തന്നെ ഒന്നും ചോദിക്കാതെ താഴേക്ക് വരാൻ പറഞ്ഞിട്ട് അമ്മ പോയി.ആൾക്കാരൊക്കെ പോയിരുന്നു.താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ മധുവും അച്ഛനും എന്തോ സംസാരിക്കുകയായിരുന്നു . എനിക്ക് ചെറുതായിട്ട് ഒരു അസൂയ തോന്നി, എന്നോടൊ അപ്പുവിനോടൊ അച്ഛൻ അധികം സംസാരിക്കാറില്ലായിരുന്നു.എന്നെ കണ്ട് മധു എന്റെ അരികിലേക്ക് വന്നു, അച്ഛൻ എന്നെ നോക്കുന്നുണ്ടായിരുന്നു, അതറിയാമായിട്ടും ഞാൻ അങ്ങോട്ടേക്ക് നോക്കിയില്ല ,ആ കണ്ണുകളിലെ നിർവികാരത എനിക്ക് താങ്ങാൻ കഴിയുമായിരുന്നില്ല.

തുടരും…..
അനു കല്ല്യാണി

LEAVE A REPLY

Please enter your comment!
Please enter your name here