Home Shiju Achus Karna അച്ചുവേട്ടാ,എനിക്കെന്തെങ്കിലും പറ്റിയ നമ്മുടെ വാവയെ നോക്കിക്കോണേ….

അച്ചുവേട്ടാ,എനിക്കെന്തെങ്കിലും പറ്റിയ നമ്മുടെ വാവയെ നോക്കിക്കോണേ….

0

ലേബർ റൂമിലെ അത്ഭുതം

രചന : Shiju Achus Karnna

പ്രസവവേദനയോടെ അവളെ ലേബർ റൂമിലേക്ക് കയറ്റിയപ്പോൾ എന്റെ ഉള്ളൊന്നു വിങ്ങി.കൂടെ ഞാനും അകത്തേയ്ക്ക് കയറി.

അവളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാനന്ന് ലേബർ റൂമിൽ അവൾക്ക് വേണ്ടി കയറിയത്.എങ്കിലും അത് പൂർണ്ണമായ സത്യമല്ല.കാരണം ഞാൻ മനസ്സ് കൊണ്ടാഗ്രഹിച്ചിരുന്നു അവളുടെ കൂടെ അവിടെയുണ്ടാവാൻ .അവൾക്ക് ധൈര്യവും ആശ്വാസവും പകർന്നു നൽകിക്കൊണ്ട് അവളുടെ കൈകൾ എന്റെ കൈകളിൽ ചേർത്തു പിടിച്ചു നിൽക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.

“അച്ചുവേട്ടാ,എനിക്കെന്തെങ്കിലും പറ്റിയ നമ്മുടെ വാവയെ നോക്കിക്കോണേ”…ആ പ്രസവവേദനയിലും കൈകളിൽ മുറുകെ പിടിച്ചു കൊണ്ടവൾ പറഞ്ഞു…

“ഏയ് ഒന്നൂല്ല പൊന്നൂ,ഒന്നും ഉണ്ടാവില്ല.”.ആശ്വാസവാക്കുകൾക്ക് വേണ്ടി ഞാൻ ബുദ്ധിമുട്ടി.എങ്കിലും അത് അവളുടെ വേദനയെയും അവളുടെ കണ്ണുനീരിനും ഒരല്പമെങ്കിലും ശമനമുണ്ടാക്കാൻ കഴിഞ്ഞുവോയെന്നറിയില്ല.ഊർന്നു വന്ന കണ്ണുനീർ അവൾ കാണാതെയിരിക്കാൻ ഞാൻ ശ്രദ്ധിച്ചു..

ലേബർ റൂമിലേക്ക് കയറി.ഡോക്ടമാരും നഴ്‌സുമാരും ഓപ്പറേഷൻ ഡ്രെസ് അണിഞ്ഞു.ഞാനും.മാസ്കും ഡ്രെസും ധരിച്ചു അവളുടെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് അടുത്തു നിന്നും.

അവർ അവളുടെ കാലുകൾ അകറ്റി വെച്ചിരുന്നു.രക്തം വാർന്നു പോകുന്നു.അവൾ വേദന കൊണ്ടലറി.ആ അലർച്ച ഇടിമുഴക്കം പോലെയെന്റെ ചെവികളിൽ തുളച്ചു കയറി..

“പുഷ്,ഹാർഡ് ആയിട്ട് പുഷ് ചെയ്യൂ.നന്നായി ശ്രമിക്കൂ”…ഡോക്ടർമാർ അവളോട്‌ പറയുന്നുണ്ട്.അവളുടെ കഴിവിന്റെ പരമാവധി അവൾ ചെയ്യുന്നു.ആ തളർച്ചയിലും അവളുടെ കണ്ണുകളിൽ നിന്ന് വെള്ളം വരുന്നു.അതിനേക്കാൾ ഇരട്ടി ശക്തിയോടെ അവൾ തള്ളുന്നുണ്ടായിരുന്നു.എന്റെ കൈകളിൽ അവൾ അമർത്തി പിടിച്ചു.അവളുടെ നഖം എന്റെ കൈകളിലെ തൊലിയെ മുറിച്ചു.ആ വേദന ഒരല്പം സഹിക്കാൻ ഞാൻ വിഷമിച്ചപ്പോൾ ഞാൻ ആലോചിച്ചത് ഇതിലും ആയിരം മടങ്ങാണ് എന്റെ കേട്ട്യോൾ അനുഭവിക്കുന്നതെന്നു…

“ഇത് ഇച്ചിരി കോംപ്ലിക്കേറ്റഡ് ആണ്.സിസേറിയൻ ആവും ഈയൊരു അവസ്ഥയിൽ ….”…
ഡോക്ടർ വാക്കുകൾ മുഴുവിപ്പിക്കാതെ പറഞ്ഞു…ഞാൻ നിസ്സഹായമായ അവസ്ഥയോടെ അവളെ നോക്കി…

“പൊന്നോ,നമുക്കത് പോരെ…”..

അവൾ വേദന കടിച്ചമർത്തി അലറി..
“വേണ്ടാ,സിസേറിയൻ വേണ്ട..എന്റെ കുഞ്ഞിനെ വലിച്ചു കീറണ്ട”…. അവൾ പൊട്ടി കരഞ്ഞു..

“കുഞ്ഞേ നീ ഇങ്ങനെ കരയല്ലേ,നല്ലതിന് വേണ്ടിയല്ലേ”???

“വേണ്ട.സിസേറിയൻ വേണ്ട…”.അവൾ അപ്പോഴും ആ ഉറച്ച തീരുമാനത്തിൽ നിന്നത് എന്നെ അത്ഭുതപ്പെടുത്തി.അതും അങ്ങനെയൊരു സാഹചര്യത്തിൽ ആ നിർണ്ണായകമായ സമയത്ത്.എനിക്കവൾ ഒരത്ഭുതമായിരുന്നു..

വേദന കടിച്ചമർത്തി അവൾ തള്ളി അമർത്തി കൊണ്ടിരുന്നു

“പുഷ്,പുഷ്,പുഷ്”……….ഡോക്ടർമാർ പറഞ്ഞു.നേഴ്‌സ് അവളെ സഹായിക്കുന്നുണ്ട്.അവർ അവളുടെ ശരീരത്തിൽ പിടിച്ചിരുന്നു.

“കുഞ്ഞിന്റെ തല പുറത്തേയ്ക്ക്. വരുന്നുണ്ട്”….

അത് കേട്ടതും പെട്ടെന്നൊരു ആശ്വാസം പോലെ തോന്നി.

ദൈവമേ ആർക്കും ആപത്ത് ഉണ്ടാവല്ലേ.ഞാൻ അവളുടെ കൈകൾ പിടിച്ചു കൊണ്ട് പ്രാർത്ഥിച്ചു.അവൾ അലറി അലറി വിളിച്ചു കൊണ്ടിരുന്നു.കൈകളിൽ മുറുക്കി പിടിച്ചു.അതിന്റെ കരുത്തു കൂടി.

“ഇല്ല പൊന്നോ,ഒന്നൂല്ല”…എത്രയൊക്കെ ഞാൻ ഒളിപ്പിച്ചു വെയ്ക്കാൻ ശ്രമിച്ചുവെങ്കിലും എന്റെ കണ്ണുകൾ എന്നെ ചതിച്ചു.ഊർന്നിറങ്ങിയാ കണ്ണുനീർ അവളുടെ കവിളിൽ പതിച്ചു.ധൈര്യം അവൾക്ക് നൽകേണ്ട നേരത്ത് എനിക്ക് അതിനു കഴിഞ്ഞില്ല.എന്റെ കണ്ണുനീർ കണ്ടു കൊണ്ടാവണം അവൾ അവളുടെ സർവ്വവേദനകളും കടിച്ചു പിടിച്ചു.

അതേ അവൾ എന്നെ പിന്നെയും പിന്നെയും അതിശയിപ്പിക്കുവാണ്…

പെട്ടെന്ന് നീണ്ടൊരു അലർച്ചയോടെ അവളുടെ ശരീരം വിറച്ചു ഉയർന്നു പൊങ്ങി.കൈകൾ ശക്തിയായി അമർത്തി പിടിച്ചിരുന്നു.രക്തവും മാംസവും വാർന്നിറങ്ങി പോകുന്നതാണ് ഞാൻ കണ്ടത്…അപ്പോഴേയ്ക്കും ഒരു കുഞ്ഞിന്റെ കരച്ചിലും ഞാൻ കേട്ടു…

രക്തത്തിലും മലത്തിലും കുളിച്ചിറങ്ങിയ പോലെ വന്ന എന്റെ കുഞ്ഞിനെ ഞാൻ കണ്ടു.പൊക്കിൾ കൊടി വേർപെടുത്തി നേഴ്‌സ് അവളെ എടുത്തു..

“പെണ്കുഞ്ഞാണ് “ഒരു പുഞ്ചിരിയോടെ നേഴ്‌സത് പറഞ്ഞു.ശേഷം കുഞ്ഞിനെ ഒരു ടവലിൽ പൊതിഞ്ഞു

“ലോകത്തിലെ ഏറ്റവും മധുരമായ ആ ശബ്ദം ഞാൻ കേട്ടു.”…..

അപ്പോഴേയ്ക്കും അവൾ ക്ഷീണിച്ചു.അവളുടെ കൈകൾ അയഞ്ഞു.എന്റെ കൈകളിൽ നിന്ന് അവളുടെ കൈകൾ വിട്ടു പോയി….ഞാനൊന്ന് ഞെട്ടി…

“ഡോക്ടർ…….”…..ഞാൻ അലറി..എന്റെ പേടി ഉൾബോധ മനസ്സിൽ തോന്നിയത് കൊണ്ടാവും അവൾ പതിയെ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ട്….

അടഞ്ഞ ശബ്ദത്തോടെ അവൾ പറഞ്ഞു
“എനിക്ക് ഒന്നൂല്ലേട്ടാ”…..

എന്റെ സർവ്വ നിയന്ത്രണങ്ങളും വിട്ടു ഞാൻ കരഞ്ഞു.അവളെ ചേർത്തു പിടിച്ചു കൈകളിൽ പിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു…അപ്പോഴേയ്ക്കും ശരീരത്തിലെ രക്തവും മലവും വൃത്തിയാക്കിയ ശേഷം ഒരു വെള്ള ടവലിൽ പൊതിഞ്ഞ എന്റെ മാലാഖ കുട്ടിയെയും കൊണ്ട് നേഴ്‌സ് വന്നു.ഞാനവളെ എന്റെ കൈകളിൽ ഏറ്റുവാങ്ങി.യാതൊന്നും അറിയാതെ അവൾ ആ ചെറിയ വായിൽ കരയുന്നു.

അവൾക്ക് കാണാൻ വേണ്ടി കുഞ്ഞിനെ ഞാൻ താഴ്ത്തി.സന്തോഷം കൊണ്ടവൾ കരയുകയായിരുന്നു.അവളുടെ എല്ലാ വേദനയും ആ ഒരൊറ്റ നോട്ടത്തിൽ പോയത് കണ്ടപ്പോൾ അവൾ എനിക്ക് പിന്നെയും അത്ഭുതമായി ഒരുപക്ഷേ ലോകത്ത് ഒരു മരുന്നിനും നൽകാൻ കഴിയാത്ത ഒരു മരുന്നായിരുക്കും എല്ലാ അമ്മമാർക്കും ഈ ഒരൊറ്റ കാഴ്ച..

എന്ത് കൊണ്ടോ ഞാൻ കരഞ്ഞു.അവൾ അനുഭവിച്ച ആ വേദന നേരിട്ട് കണ്ടപ്പോൾ ഞാനറിഞ്ഞു ആ വേദനയുടെ ആഴമെത്രയെന്നു.എനിക്കത് മനസ്സിലാക്കാൻ കഴിഞ്ഞു.

ജീവൻ കൊടുത്തു ജീവൻ നൽകുക..എനിക്ക് ഇന്നും അത്ഭുതമാണ്……

(പോരായ്മകൾ ക്ഷമിക്കുക)
കഥയും കഥാപാത്രങ്ങളും സാങ്കല്പികം..

ഷിജു അച്ചൂസ് കർണ്ണ

LEAVE A REPLY

Please enter your comment!
Please enter your name here