Home തുടർകഥകൾ എന്നാലും നിന്റെ എടുത്ത് ചാട്ടം കുറച്ച് കൂടുതലാണെന്ന് സമ്മതിക്കരുത്.. Part – 12

എന്നാലും നിന്റെ എടുത്ത് ചാട്ടം കുറച്ച് കൂടുതലാണെന്ന് സമ്മതിക്കരുത്.. Part – 12

0

Part – 11 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം ( ഭാഗം – 12 )

ഉണ്ണി ബൈക്കെടുത്ത് സുമേഷിന്റെ വീട്ടിലെത്തി , ഫൈസി പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു .

വേഗം വാ , അങ്ങേര് പോവാൻ റെഡിയായിട്ട് നിൽക്കാ , നീ വന്നുകൊണ്ടിരിക്കാന്ന് പറഞ്ഞ് തടഞ്ഞു നിർത്തിയിരിക്കുന്നതാ .
ഫൈസി ഉണ്ണിയെ വിളിച്ച് ധൃതിയിൽ അകത്തേക്ക് നടന്നു.
സുമേഷ് വാതിൽ പൂട്ടി പുറത്തിറങ്ങിയപ്പോഴാണ് ഫൈസിയെ കണ്ടത് .

അവൻ വന്നില്ലെ , എനിക്ക് അവിടെ പോയിട്ടും പണിയുള്ളതാ ..
സുമേഷ് വാച്ചിലെ സമയം നോക്കി കൊണ്ട് പറഞ്ഞു..

ആളെത്തിയിട്ടുണ്ട്..
പുറകിൽ വരുന്ന ഉണ്ണിയെ ചൂണ്ടി കാണിച്ചു..

ഉണ്ണി അടുത്തെത്തിയപ്പോൾ സുമേഷ് വീടിന്റെ ചാവി കയ്യിലേൽപ്പിച്ചു..

വാടകയ്ക്ക് കൊടുക്കാൻ താൽപര്യമുണ്ടായിട്ടല്ല , പിന്നെ നിനക്കാണെന്ന് പറഞ്ഞതു കൊണ്ട് തരുന്നതാ…

അതു പിന്നെ എനിക്കറിഞ്ഞൂടേ സുമേഷേട്ടാ , ഒന്നു കൊണ്ടും പേടിക്കേണ്ട ഒരു കുഴപ്പവുമുണ്ടാവില്ല , എനിക്ക് ഒരു മുറി മാത്രേ ശരിക്കും ആവശ്യമുള്ളൂ , ഏറിപ്പോയാൽ അടുക്കള കൂടി എടുക്കും…

ശരി , ഞാൻ വിളിക്കാം , നീ വാടക എനിക്ക് അക്കൗണ്ടിലിട്ടാൽ മതി ..

ഓക്കേ ..
ഉണ്ണി തലയാട്ടി..

സുമേഷ് കാറെടുത്ത് റോഡിലേക്കിറങ്ങി..
ചാവി കയ്യിലിട്ട് കറക്കി കൊണ്ടിരിക്കുന്ന ഉണ്ണിയെ കണ്ട് ഫൈസി അടുത്തേക്ക് ചെന്നു.

നിനക്കിതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ , വീട്ടിലെങ്ങാനും അടങ്ങിയിരുന്നാൽ പോരെ ..

നീ പറയുന്നത് കേട്ടാൽ തോന്നും ഞാനെല്ലാം വേണം വെച്ചിട്ട് ചെയ്യുന്ന പോലെയാണല്ലൊ , ഇതൊക്കെ പ്രതീക്ഷിക്കാതെ നടക്കുന്നതല്ലെ , മുൻകൂട്ടി ദൈവം വല്ല സൂചനയും തന്നിരുന്നെങ്കിൽ ഞാൻ സ്വന്തമായിട്ട് വീട് വെക്കുമായിരുന്നില്ലെ..
ഉണ്ണി ബാഗെടുക്കാൻ ബൈക്കിനരുകിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.. ഫൈസിയും കൂടെ കൂടി .

എന്നാലും നിന്റെ എടുത്ത് ചാട്ടം കുറച്ച് കൂടുതലാണെന്ന് സമ്മതിക്കരുത്..

നിന്റെ കൂടി ഉപദേശത്തിന്റെ കുറവെ ഉണ്ടായിരുന്നുള്ളൂ , സമാധാനമായി …

ഉണ്ണി ബാഗെടുത്ത് വീടിനുള്ളിലെ ഒരു മുറിയിൽ വെച്ച് പുറത്തേക്കിറങ്ങി ..

അല്ല ഇനിയെന്താ പ്ലാൻ ..?
ഫൈസി ഉണ്ണിയെ നോക്കി ചോദിച്ചു..

ഓഫീസിൽ പോകണം , കുറച്ച് ജോലി ബാക്കിയുണ്ട് ..

എന്നാൽ ശരി , വൈകുന്നേരം കാണാം.
ഫൈസി നടക്കാനൊരുങ്ങി..

അതേയ് ഒരു മിനിറ്റ് ..
ഉണ്ണി പുറകിൽ നിന്ന് വിളിച്ചു.
ഫൈസി തിരിഞ്ഞു നോക്കി..

ഞാൻ ഉച്ചയ്ക്ക് വീട്ടിലേക്ക് വരാം , റഷീദയോട് ബിരിയാണി ഉണ്ടാക്കാൻ പറ .

അങ്ങനെ നീയെന്റെ ബീവിയെ പണിയെടുപ്പിച്ച് ബിരിയാണി തിന്നണ്ട , വേണേൽ ഹോട്ടലിൽ നിന്ന് കഴിക്ക് ..

ഉണ്ണി ചിരിച്ചു..
അതൊക്കെ ഞാൻ വിളിച്ച് പറഞ്ഞോളാം.

ഉം ..ഉം.. കാണാം.
ഫൈസി നടന്നു..

ഉണ്ണി ബൈക്ക് സ്റ്റാർട്ട് ചെയ്യാനൊരുങ്ങിയപ്പോഴാണ് മൊബൈൽ റിങ്ങ് ചെയ്യാൻ തുടങ്ങിയത് , കയ്യിലെടുത്തു , പ്രിയ , അറ്റൻന്റ് ചെയ്ത് ചെവിയിൽ വെച്ചു..

ഹലോ …

ഇപ്പോൾ എവിടെയാ …?

കറക്ടായി പറഞ്ഞാൽ നടുറോഡിൽ …
ഉണ്ണി മറുപടി കൊടുത്തു.

തമാശിക്കാതെ കാര്യം പറ , ഇന്നലെ വരാ പറഞ്ഞിട്ടെന്താ വരാതിരുന്നത്..?

അത് ഇന്നലത്തെ കാലാവസ്ഥ വളരെ മോശമായിരുന്നു , ഇടിയും മിന്നലുമൊക്കെയായിട്ട് പുറത്തേക്കിറങ്ങാൻ തന്നെ പറ്റിയില്ല…

പ്രിയ കലിയോടെ ….
എനിക്ക് ദേഷ്യം വരുന്നുണ്ട് ,നിന്നോട് ആനയെന്ന് ചോദിച്ചാൽ ചേനയെന്ന് പറയല്ലെ …

ഉണ്ണി അവളെ തണുപ്പിച്ച് കൊണ്ട് …
സോറി , എന്തിനാ നീയിപ്പോൾ വിളിച്ചതെന്ന് പറയൂ ..

ഗായത്രി ചേച്ചിയുടെ പനി മാറിയോ , ഇനിയെന്നാ വരാന്ന് അറിയാൻ വേണ്ടിയിട്ട് വിളിച്ചതാ ..

അത് നിനക്ക് നേരിട്ട് വിളിച്ച് ചോദിച്ചു കൂടെ …

ചിലപ്പോൾ കിടക്കാണെങ്കിൽ ശല്യം ചെയ്യണ്ടല്ലൊ വിചാരിച്ചിട്ടാ ചേച്ചിയെ വിളിക്കാഞ്ഞേ , നിനക്ക് പറയാൻ സൗകര്യമുണ്ടെങ്കിൽ പറ ..
പ്രിയ ദേഷ്യത്തോടെ നിർത്താനൊരുങ്ങി..

ദേഷ്യപ്പെടല്ലെ , ഞാൻ കുറച്ച് കഴിഞ്ഞിട്ട് നേരിട്ട് വരാം..

എന്നാൽ വാ ..
പ്രിയ ഫോൺ കട്ടാക്കി…

ഉണ്ണി ബൈക്കെടുത്ത് ഹോസ്പിറ്റലിലേക്ക് തിരിച്ചു , പാർക്കിങ്ങിൽ വണ്ടി നിർത്തി മുകളിലേക്ക് നടന്നു , വരാന്തയിൽ ചിത്രയിരിക്കുന്നുണ്ടായിരുന്നു…

എന്താ ഉണ്ണി ഗായത്രിയുടെ പനി മാറിയില്ലെ..?
ഉണ്ണിയെ കണ്ട് ചിത്ര ചോദിച്ചു.

ഗുളികയൊക്കെ കൊടുത്തിട്ടുണ്ട് , ചിലപ്പോൾ മാറിയിട്ടുണ്ടാവും…

അതെന്താ ചിലപ്പോൾ ..
വാതിലിനരുകിൽ നിന്ന് പ്രിയ എത്തി നോക്കി..

അത് നീയല്ലെ എഴുതി തന്നത് , അതുകൊണ്ട് പറഞ്ഞതാ .
ഉണ്ണി കളിയാക്കി.

അയ്യടാ കളിയാക്കുകയൊന്നും വേണ്ട , ഇവിടുത്തെ ഡോക്ടർക്ക് വരെ ഞാനാ പറഞ്ഞു കൊടുക്കുന്നത്..

അതു തന്നെയാ ആശുപത്രിയിൽ ഇത്രയും തിരക്ക്..
ഉണ്ണി വീണ്ടും കളിയാക്കി..

മതി… മതി… വന്ന കാര്യം പറ..

ചായ കുടിക്കാൻ പോവാം …
പ്രിയയെ നോക്കി കണ്ണടിച്ചു കൊണ്ട് ചോദിച്ചു.

പ്രിയ പുറത്തേക്കിറങ്ങി …
ചിത്ര ചേച്ചി ഡോക്ടർ വന്നിട്ട് പോയില്ലെ , ഞാൻ ഇവന്റെ കൂടെ കാന്റീനിൽ പൊയ്ക്കോട്ടെ ..

ചിത്ര ഉണ്ണിയെ നോക്കി..
പെട്ടെന്ന് ഡോക്ടറ് അന്വേഷിക്കുന്നതിനു മുന്നേ പോയിട്ട് വാ .

ഉണ്ണി താഴേക്കിറങ്ങാൻ തുടങ്ങി , പ്രിയ പിന്നാലെ നടന്നു..

നിൽക്ക് , എന്തിനാ ഇത്ര സ്പീഡ് , എനിക്ക് അർജന്റൊന്നുമില്ല..

ഉണ്ണി തിരിഞ്ഞു നിന്നു.
എനിക്ക് നല്ല അർജന്റുണ്ട് , സൈറ്റിലൊക്കെ പണി നടന്നോണ്ടിരിക്കുന്ന സമയമാ ..

പ്രിയ അടുത്തെത്തി..
ഓ… വലിയ ആള് … അവിടെ പോയിട്ട് പണിയെടുക്കാനൊന്നുമല്ലല്ലോ വെറുതെ വായ്നോക്കാനല്ലെ …

ഉണ്ണിയൊന്ന് ചിരിച്ചിട്ട് ഒപ്പം നടക്കാൻ തുടങ്ങി , കാന്റീനിലെത്തി…

നിനക്ക് ചായ മാത്രം മതിയൊ ..?
പ്രിയയെ നോക്കി കൊണ്ട് ചോദിച്ചു..

അതൊക്കെ ഞാൻ ഓർഡർ ചെയ്തോളാ , ആദ്യം നീ ഇന്നലെ പറയാമെന്ന് പറഞ്ഞത് പറ..

ഉണ്ണി മുന്നിലിരുന്ന ഗ്ലാസിലെ വെളളം കുടിച്ചിട്ട് പ്രിയയുടെ നേരെ തിരിഞ്ഞു , ആകാംക്ഷയോടെ തന്നെ നോക്കി കൊണ്ടിരിക്കുന്ന അവളോട് കാര്യങ്ങളൊക്കെ വിശദീകരിച്ചു , എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പ്രിയ ആകെ തളർന്നു..

ഇതെന്താ ഗായത്രി ചേച്ചി ഞങ്ങളോടൊന്നും പറയാതിരുന്നത്…?

ഞാനാ വേണ്ടാ പറഞ്ഞത് , പരിഹരിക്കാമെന്ന് വിചാരിച്ച് തുടങ്ങിയതാ , അതിങ്ങനെ കുഴിയിലാവുമെന്ന് വിചാരിച്ചില്ല…

പ്രിയ ഒഴുകാൻ തുടങ്ങിയിരുന്ന കണ്ണുനീർ തുടച്ചു ..
എന്നോടെങ്കിലും പറയായിരുന്നു..
പ്രിയ പരിഭവത്തോടെ പറഞ്ഞു..

പറയാമായിരുന്നു , പക്ഷേ കൂട്ടത്തിൽ സന്തോഷത്തോടെ ചിരിക്കുന്നത് നീ മാത്രമാ , നിന്നെ കൂടി വിഷമിപ്പിക്കണ്ട തോന്നി .

ഗായത്രി ചേച്ചി ഇത്രയ്ക്ക് പാവമായിരുന്നോ , അല്ലെങ്കിലും ഇങ്ങനെയൊക്കെ സംഭവിച്ചാൽ ആരാ തകർന്ന് പോകാത്തതല്ലെ ..

ഉണ്ണി പ്രിയയെ നോക്കി ചിരിച്ചു..
നല്ല സ്മാർട്ട് തന്നെയാ അതിൽ സംശയമൊന്നുമില്ല , അല്ലെങ്കിൽ ഒറ്റപ്പെടുത്തിയപ്പോഴെ ആത്മഹത്യ ചെയ്തിട്ടുണ്ടാവും..

പ്രിയ നേരെയിരുന്നു..
അവിടെ എത്തിയിട്ട് നിന്നെ വിളിച്ചോ …?

ഇല്ല , ഞാൻ വൈകുന്നേരം വിളിക്കാച്ചിട്ടാ .

ടേബിളിലേക്ക് ചായ വന്നു..

നിനക്ക് വല്ലതും വേണമെങ്കിൽ വാങ്ങിക്കോ…
പ്രിയ ഒന്നും മിണ്ടാത്തത് കണ്ട് ഉണ്ണി പറഞ്ഞു..

എനിക്ക് ഒന്നും വേണ്ട , വല്ലാത്തൊരു ഫീൽ …

നല്ല ആള് , നിന്നോട് തന്നെ പറയുകയും വേണം …
പ്രിയയുടെ ഇരിപ്പ് കണ്ട് ഉണ്ണി കളിയാക്കി.

നിനക്കൊക്കെ എങ്ങനെയാ സമാധാനത്തോടെ ഇരിക്കാൻ കഴിയുന്നത്…?

പ്രിയയുടെ വാക്കുകൾ ഉണ്ണിയുടെ മനസ്സിൽ തട്ടി …

ദുഷ്ടൻ , ആ വാക്കെനിക്ക് നല്ലോം ചേരുന്നുണ്ടല്ലെ , എല്ലാവരുടെ കണ്ണിലും ഞാനാ കുറ്റക്കാരൻ , ഒറ്റപെടലെന്താണെന്ന് നല്ലപോലെ അറിയുന്നത് കൊണ്ടാ സഹായിക്കാൻ പോയത് , ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ നിന്ന് പുറത്ത് വീട്ടിൽ നിന്ന് പുറത്ത് , മുഴുവനായി പറഞ്ഞാൽ ആരുമല്ലാതായി…

ഉണ്ണി പറയുന്നത് കേട്ട് പ്രിയ എഴുന്നേറ്റ് അരികിലേക്കിരുന്നു..

ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല , ഗായത്രി ചേച്ചിയ്ക്ക് ഇനിയിപ്പോൾ വീട്ടിലെന്തായിരിക്കുമെന്ന് ആലോചിച്ചിട്ട് ടെൻഷനിൽ പറഞ്ഞു പോയതാ …

ഉണ്ണി അവളെ നോക്കി..
ഞാനും ആലോചിക്കുന്നുണ്ട് പറ്റുമെങ്കിൽ നാളെ ഒന്ന് അവിടം വരെ പോയി നോക്കണം ..

ഉം … അച്ഛൻ കുറച്ച് ദേഷ്യക്കാരനാണെന്ന് ഗായത്രി ചേച്ചി പറയുന്നത് കേട്ടിട്ടുണ്ട് , എന്ത് കാര്യമുണ്ടെങ്കിലും അമ്മയോടാ വഴക്കുണ്ടാക്കാന്നൊക്കെ .

എന്നോടും പറഞ്ഞു അച്ഛനെ പേടിയുള്ള കാര്യം..

ഉണ്ണി ഇനിയെന്ത് ചെയ്യാനാ ആലോചിക്കുന്നത് .?
പ്രിയ സംശയത്തോടെ ചോദിച്ചു..

ഞാൻ ഒന്നും മനസ്സിൽ കണ്ടിട്ടില്ല , എന്നാലും ആദ്യം ഏടത്തിയമ്മയുടെ വീട്ടിൽ പറഞ്ഞ് ശരിയാക്കണം , അതിനു ശേഷമെ അടുത്തത് തീരുമാനിക്കാൻ പറ്റൂ.

നീ നോക്കിയിട്ട് ചെയ്യ് , എന്തെങ്കിലും സഹായം വേണമെങ്കിൽ പറഞ്ഞാൽ മതി , അല്ല നീയെവിടെയാ ഇപ്പോൾ താമസിക്കുന്നത്…?

വീടിനടുത്ത് തന്നെ , കൂട്ടുകാരന്റെ വീട് കിട്ടി .

ചായ കുടിച്ച് ഇരുവരും പുറത്തേക്കിറങ്ങി .

ശരി ഉണ്ണി , ഞാൻ പറ്റുമെങ്കിൽ നാളെ വീട്ടിലേക്ക് വരാം …

ഉണ്ണി അത്ഭുതത്തോടെ …
ഇതെന്താ പെട്ടെന്ന് ..?

എന്തോ , എനിക്ക് തോന്നി…
പ്രിയ ചിരിച്ചിട്ട് അകത്തേക്ക് നടന്നു..

ഉണ്ണി ബൈക്കെടുത്ത് പുറത്തേക്കിറങ്ങി , സൈറ്റിലൂടെ കുറച്ച് നേരം കറങ്ങി തിരിഞ്ഞ് ഉച്ചയ്ക്ക് ഫൈസിയുടെ വീട്ടിലെത്തി , ബൈക്കിന്റെ ശബ്ദം കേട്ട് റഷീദ പുറത്തേക്കിറങ്ങി വന്നു..

പടച്ചോനെ ആരിത് മുതലാളിയോ …
റഷീദ ഉണ്ണിയെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..

ബൈക്ക് സ്റ്റാന്റിട്ട് അകത്തേക്ക് നടന്നു.
ബിരിയാണി റെഡിയായോ …?

എന്ത് ബിരിയാണി , പഴയ ചോറുള്ളത് തരും ..
ഫൈസി ജനലിൽ കൂടെ നോക്കി മറുപടി പറഞ്ഞു..

അതെങ്കിൽ അത് , രാവിലെയോ ഒന്നും കഴിച്ചില്ല , ഉച്ചയ്ക്കും പട്ടിണി കിടക്കാൻ വയ്യ..

റഷീദ ടേബിളിനടിയിലെ കസേര നീക്കി വെച്ചു കൊണ്ട് ….
ഇങ്ങളിരിക്ക് , ഞാൻ കഴിക്കാനെടുക്കാം..

ഉണ്ണി പ്ലേറ്റ് നിവർത്തി വെച്ചു , റഷീദ വിളമ്പി കൊടുക്കാൻ തുടങ്ങി…

രാത്രിയിലേക്കെന്താ വേണ്ടത്…?
റഷീദ ചോദിച്ചു..

ഫൈസി എത്തി നോക്കി..
ഇതെന്താ ഹോട്ടലോ ..

നീയൊന്ന് കഴിക്കാൻ സമ്മതിക്കോ പ്ലീസ് …
ഉണ്ണി കഴിക്കുന്നതിനിടയിൽ പറഞ്ഞു..

ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങി , പോകാൻ തുടങ്ങിയപ്പോൾ ഫൈസി ഉമ്മറത്തു നിന്ന് ….

നേരത്തെ വന്നാലെ കഴിക്കാൻ തരുള്ളുട്ടോ …

പോടാ അവിടുന്ന് ..
ഉണ്ണി ചിരിച്ചിട്ട് ജോലി സ്ഥലത്തേക്ക് പോയി …
ആ ദിവസം അങ്ങനെ കടന്നുപോയി…

പിറ്റേ ദിവസം രാവിലെ ഓഫീസിൽ ജോലി നോക്കി കൊണ്ടിരിക്കുകയായിരുന്നു ഉണ്ണി ,
സെക്യൂരിറ്റി ചേട്ടൻ അകത്തേക്ക് കയറി ഉണ്ണിയ്ക്കരികിലേക്ക് നടന്നു വന്നു , അടുത്തെത്തിയപ്പോൾ ….

ഉണ്ണിയെ കാണാൻ ഒരാൾ പുറത്ത് നിൽക്കുന്നുണ്ട്….

എന്നെ കാണാനോ , ആരാണെന്ന് വല്ലോം പറഞ്ഞോ…?

ഒരു പെൺകുട്ടിയാ , പേര് അജ്ഞലിയെന്നോ മറ്റോ ആണ് പറഞ്ഞത്…
സെക്യൂരിറ്റി ഓർമ്മയിൽ നിന്നെന്ന പോലെ പറഞ്ഞു..

ഉണ്ണി കസേരയിൽ നിന്നെഴുന്നേറ്റ് ഓടി , വാതിൽ തുറന്ന് പുറത്തേക്ക് നോക്കി , അവളെ കണ്ട് ഉണ്ണി വിളിച്ചു ….

പൊന്നൂ….

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here