Home തുടർകഥകൾ എല്ലാവരും കൂടി ആ പാവത്തിനെ ഒരു പാട് വേദനിപ്പിച്ചല്ലോ.. Part – 19

എല്ലാവരും കൂടി ആ പാവത്തിനെ ഒരു പാട് വേദനിപ്പിച്ചല്ലോ.. Part – 19

0

Part – 18 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : രജിഷ അജയ് ഘോഷ്

ദേവയാമി Part – 19

അരുന്ധതി ഋഷിയുടെ റൂമിലെത്തുമ്പോൾ
അവിടെയാകെ അലങ്കോലമായി കിടന്നിരുന്നു.കട്ടിലിൻ്റെ കോണിൽ തലയിൽ കൈയ്യും വച്ച് ഋഷി ഇരിക്കുന്നുണ്ട്. കണ്ടാൽ തന്നെ അറിയാം ആൾ മറ്റേതോ ലോകത്താണെന്ന്.

” ഋഷീ.. എന്താ മോനെ ഇങ്ങനൊക്കെ ” ഇടറിയ സ്വരത്തോടെ അരുന്ധതി ചോദിച്ചു.
അവൻ തലയുയർത്തി അവരെ നോക്കി. ആകണ്ണുകളിൽ ചോര പൊടിയുന്നത് പോലെ തോന്നി. ഒരു നിമിഷം അരുന്ധതിയുടെ അവനെ നോക്കാനാവാതെ തല കുനിഞ്ഞു പോയി.

” അമ്മയോടെനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.. ” അവൻ്റെ ശബ്ദം കനത്തിരുന്നു.അവർ ദയനീയമായവനെ നോക്കി.

“എനിക്കേറെ പ്രിയപ്പെട്ട പലതും ഇന്നെൻ്റെ ജീവിതത്തിൽ ഇല്ല .. പകരം മറ്റെന്തെല്ലാമോ അമ്മ എനിക്കായ് വച്ചുനീട്ടുന്നു. എന്തിനു വേണ്ടിയാണിത് എനിക്കൊന്നും മനസ്സിലാവുന്നില്ല .. എൻ്റെ ആമിയ്ക്ക് പകരം ആവില്ല ഒരിക്കലും സിതാര. എന്താണ് സംഭവിച്ചത് .. എനിക്കറിയണം..” അവൻ്റെ ഉറച്ച ശബ്ദം കേൾക്കവെ അരുന്ധതി പറഞ്ഞു. “ഋഷീ.. അമ്മയെന്നും മോൻ്റെ
നല്ലതിന്നു വേണ്ടി മാത്രമേ എന്തെങ്കിലും ചെയ്തിട്ടുള്ളൂ. നീ ആക്സിഡൻ്റായി ഹോസ്പിറ്റലിൽ കിടക്കുമ്പോഴാണ് കൃഷ്ണേട്ടൻ പറഞ്ഞിട്ട് ഞാനൊരു ജോത്സ്യനെ കണ്ടത്.ദേവയാമിയെ താലികെട്ടിയാൽ ആ ആൾക്ക് മരണം ഉറപ്പാണെന്ന് അയാൾ പറഞ്ഞു. ആ ജാതകദോഷം തന്നെയാണ് നിൻ്റെ അപകടത്തിൻ്റെ കാരണം. എല്ലാം അറിഞ്ഞ
പ്പോൾ ഈ ബന്ധം വേണ്ടെന്ന് വയ്ക്കാനെ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ.. ” അരുന്ധതി പറഞ്ഞു.

“ജാതകദോഷമാണത്രേ.. ലോറി ഡ്രൈവർ ഉറങ്ങിപ്പോയപ്പോൾ ഉണ്ടായ അപകടമാണത്. അതിന് അവളുടെ ജാതകദോഷമെന്ന് പറയാൻ അമ്മ ഏത് യുഗത്തിലാ ജീവിക്കുന്നത് .. ” ഋഷിയുടെ സ്വരത്തിൽ പുച്ഛം നിറഞ്ഞുനിന്നു.

“എത്ര നിസ്സാരമായാണ് അമ്മയെല്ലാം അവസാനിപ്പിച്ചത്. ആമി എൻ്റെ വെറും പ്രണയം മാത്രമല്ല അമ്മേ.. എൻ്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം മറ്റാരെക്കാളും മനസ്സിലാക്കിയ പെൺകുട്ടിയാണവൾ.. ഒരു പക്ഷേ അമ്മയെക്കാൾ ഏറെ എന്നെ മനസ്സിലാക്കിയവൾ.” അത് പറയുമ്പോൾ അവൻ്റെ സ്വരം ഇടറിയിരുന്നു.

“മോനെ .. എല്ലാം ശരിയാണ്.. പക്ഷേ അവൾ സ്വയം അകന്നുപോയതാണ്, അവൾ കാരണം നിനക്കൊരു ആപത്തും വരരുത് എന്ന് പറഞ്ഞു കൊണ്ട് .. ഞാൻ പറയുന്നത് മോൻ കേൾക്കണം.. കഴിഞ്ഞത് കഴിഞ്ഞു .. ഈ വിവാഹം നടക്കണം, എല്ലാ തരത്തിലും നിനക്കു ചേരുന്ന കുട്ടിയാണ് സിതാര മോൾ”
അരുന്ധതി അവൻ്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ഋഷി പക്ഷെ .. ആ കൈ പിടിച്ചു മാറ്റി എന്നിട്ടു പറഞ്ഞു.

“ആർക്കു വേണ്ടിയും ഒന്നിനു വേണ്ടിയും ആമിയെ ഉപേക്ഷിക്കാൻ എനിക്കു കഴിയില്ല..
അമ്മ എന്നോടു ക്ഷമിക്കണം .. ”

” സ്വന്തം അമ്മയേക്കാൾ നമ്മുടെ അഭിമാനത്തെക്കാൾ വലുതാണവൾ അല്ലേ..” അരുന്ധതി അവൻ്റെ മുഖത്തേക്ക് നോക്കി. അവൻ പുറത്തേക്ക് കനപ്പിച്ച് നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

പാവം പെണ്ണ്.. ഒരു പാട് വിഷമിച്ചു കാണുമവൾ .ഒരു ദിവസം കൊണ്ട് താനിത്ര വിഷമിച്ചെങ്കിൽ ഇത്രയും നാളുകൾ അവൾ എങ്ങനെ സഹിച്ചു കാണും. കുറച്ചു സ്നേഹം
കുറഞ്ഞാൽ പോലും സഹിക്കില്ല എന്നവൾ പറഞ്ഞതോർത്തു.. ആമിയെ കാണാൻ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ട്.

“ഏട്ടാ..” റിതുവാണ്.

” ഉം.. ” അവൻ തലയുയർത്തി അവളെ നോക്കി.

“ഏട്ടത്തിയെ ഓർത്തിരിക്കുവാണോ?” അവൾ അവനരികിൽ ഇരുന്നു.

” അവൾ എത്ര സങ്കടപ്പെട്ടു കാണും എന്നോർത്തു പോയി ഞാൻ.. എല്ലാവരും കൂടി ആ പാവത്തിനെ ഒരു പാട്
വേദനിപ്പിച്ചല്ലോ.. “ഋഷി പറഞ്ഞു.

” ഹോസ്പിറ്റലിൽഏട്ടനെ കാണാൻ വന്നപ്പോൾ ഏട്ടത്തി വല്ലാത്ത അവസ്ഥയിലായിരുന്നു. ഏട്ടനും ബോധം വന്നശേഷം ഏട്ടത്തിയെ അറിയില്ലെന്നു പറഞ്ഞപ്പോൾ ഒരു തരം മരവിപ്പോടെയാണ് തിരിച്ചു പോയത്.. പിന്നീട് കുറച്ചു നാൾ മുൻപ് ടൗണിൽ വച്ച് കണ്ടിരുന്നു.” അവൾ പറഞ്ഞു നിർത്തി.

“എന്നിട്ടോ.. എന്തു പറഞ്ഞു അവൾ ” ഋഷി ആകാംക്ഷയോടെ ചോദിച്ചു.

” അത് .. ഏട്ടന് എല്ലാം ഓർമ വരുമ്പോൾ തീർച്ചയായും ഏട്ടത്തിയെ തേടി വരുമെന്ന് പറഞ്ഞപ്പോൾ.. “ബാക്കി പറയാൻ അവൾക്കൽപം വിഷമം തോന്നി.

” പറഞ്ഞപ്പോൾ.. ” ആകാംക്ഷയോടെ ഋഷി അവളുടെ മുഖത്തേക്ക് നോക്കി.

” ഏട്ടന് എന്നെങ്കിലും ഓർമ്മ വന്നാൽ ഒരിക്കലും ഏട്ടത്തിയെ തേടി പോവരുത് എന്നും, ഏട്ടനെ കണ്ടാൽ ഏട്ടത്തിക്ക് വിഷമം കൂടുമെന്നും പറയാൻ പറഞ്ഞു. ഇനി ഏട്ടൻ്റെ കൂടെ ഒരു ജീവിതമില്ലെന്നു പറഞ്ഞു കണ്ണും നിറച്ചാണ് പോയത്.” പറഞ്ഞു നിർത്തവെ
റിതുവിൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു.
ഋഷി തരിച്ചിരുന്നു. സീതാലക്ഷ്മിക്കൊപ്പമാണ് ആമിയെന്ന് റിതുവിൽ നിന്നും അറിഞ്ഞു. അവളെ തേടി പോവാതിരിക്കാൻ തനിക്കെങ്ങനെ കഴിയും..

അവളില്ലാതെ തന്നിക്കൊരു ജീവിതമില്ല എന്നു പറയണം.. അവളെ കൈപിടിച്ച് കൂടെ കൊണ്ടുവരണം. എന്നും അവൾക്കൊപ്പം ജീവിക്കണം .. അത് ഉറച്ചാണ് ഋഷി ഉറങ്ങാൻ കിടന്നത്.

രാവിലെ അരുന്ധതി ഉണർന്ന് ഹാളിലെത്തി. ഋഷിയുടെ റൂമിൻ്റെ വാതിൽ അടയ്ക്കുന്ന ശബ്ദം കേട്ടാണ് മുകളിലേക്ക് നോക്കിയത്. ഋഷി എവിടെയോ പോകാനയി റെഡിയായി താഴേക്കിറങ്ങി വന്നു.

” ഇത്ര രാവിലെ നീയെവിടേക്കാ.. ” അരുന്ധതി അമ്പരപ്പോടെ ചോദിച്ചു.

“ചെന്നൈയിലേക്ക് എൻ്റെ ആമിയെ കാണാൻ .. അവളെഎനിക്കൊപ്പം കൊണ്ടുവരാൻ ” ഋഷി ഉറച്ച വാക്കുകളോടെ മറുപടി കൊടുത്തു.

” ഋഷീ.. എന്നെ തോൽപിക്കാനുള്ള പുറപ്പാടാണോ.. ഞാനതിനു സമ്മതിക്കില്ല.. ”
അരുന്ധതി അവൻ്റെ മുൻപിലേക്ക് വന്നു.

” ആരെയും തോൽപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല. സ്വയം തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാണ് ഈ യാത്ര.. സ്നേഹത്തിൻ്റെ കണക്കു പറഞ്ഞ് ഇത്തവണ അമ്മയ്ക്ക് എന്നെ തടയാനാവില്ല.. ഇതെൻ്റെ ഉറച്ച തീരുമാനമാണ്. ” ഋഷിയുടെ വാക്കുകൾക്ക് മൂർച്ച കൂടി.

” നിൻ്റെ ജീവന് വേണ്ടി ഈ വിവാഹത്തിൽ നിന്നും മാറിയ ദേവയാമി നിൻ്റെ ഒപ്പം വരുമെന്ന് തോന്നുന്നുണ്ടോ?” അരുന്ധതി വെല്ലുവിളിയോടെ ചോദിച്ചു.

” വരും.. എൻ്റെ കൂടെ വരും .. ഇല്ലെങ്കിൽ അമ്മ പറയുന്നതുപോലെ ഞാൻ ചെയ്യും.. ” ഋഷി വെല്ലുവിളി സ്വീകരിച്ചു. അവരെ ഒന്നുകൂടി നോക്കിയിട്ട് അവൻ ഇറങ്ങി.

റിതു കോളേജിൽ പോയി സർട്ടിഫിക്കറ്റുകൾ എല്ലാം വാങ്ങി ഇറങ്ങിയപ്പോഴാണ് എതിരെ വരുന്ന സിതാരയെ കണ്ടത്.ഏട്ടൻ്റെ സങ്കടം നിറഞ്ഞ മുഖമാണ് മനസ്സിൽ നിറയെ അതു കൊണ്ടു തന്നെ അവളെ കണ്ടപ്പോൾ ദേഷ്യം ഇരച്ചുകയറി. അവൾക്ക് മുഖം കൊടുക്കാതെ മുൻപോട്ടു നീങ്ങിയപ്പോൾ “റിതൂ.. ” എന്നു സിതാര വിളിച്ചു.

” ഉം.. എന്താ ..” റിതു അവളെ നോക്കി ചോദിച്ചു.

“നിയെന്താ .. ഒന്നും മിണ്ടാതെ പോവുന്നത് .. ”
സിതാര അവൾക്കരികിലേക്ക് വന്നു.

“എന്തു മിണ്ടാൻ.. നിൻ്റെ ആഗ്രഹമൊക്കെ നടക്കാൻ പോകുകയാണല്ലോ.. പാവം എൻ്റെ ഏട്ടൻ .. “റിതു ദേഷ്യം മറച്ചു വച്ചില്ല.

“റിതൂ.. നീയിങ്ങനെയൊന്നും പറയരുത്.. ഋഷിയേട്ടനെ ഒരിക്കൽ ഏറെ ഇഷ്ടമായിരുന്നു എനിക്ക്. പക്ഷേ..
ഋഷിയേട്ടന് മറ്റൊരാളെയാണ് ഇഷ്ടമെന്നറിഞ്ഞപ്പോൾ വേദനയോടെ ആണെങ്കിലും എല്ലാം മറന്നിരുന്നു.. ഞാൻ .. ”
സിതാരയുടെ ശബ്ദം ഇടറിയിരുന്നു.

“പിന്നെ ഇപ്പോൾ ഈ വിവാഹത്തിനു നിൻ്റെ അച്ഛൻ തിരക്കുകൂട്ടുന്നതോ? അല്ലെങ്കിൽ നിനക്കു പറയാമായിരുന്നില്ലേ ഇഷ്ടമല്ല എന്ന് ..

“റിതു ചോദിച്ചു.

” അത് .. ഡാഡി .. ” സിതാര നിന്നു വിയർത്തു. റിതുവിനോട് എല്ലാം പറഞ്ഞാൽ അവളത് അരുന്ധതി ആൻ്റിയോട് പറയും.
ആൻ്റിയെങ്ങാനും ഡാഡിയോട് ചോദിച്ചാൽ പിന്നെ ഡാഡി തന്നെ ശരിയാക്കും..

“നീയെന്താ .. ഒന്നും പറയാത്തത് ?” റിതുവിൻ്റെ ചോദ്യം കേട്ടാണ് സിതാര ചിന്തയിൽ നിന്നും ഉണർന്നത്.

“ഡാഡിക്ക് എന്നേക്കാൾ വലുത് മറ്റു പലതുമാണെന്ന് വളരെ വൈകിയാണ് ഞാനറിഞ്ഞത്.. ശരി .. ഞാൻ പോവട്ടെ..” സിതാരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ പോവുന്നത് നോക്കി നിന്ന റിതുവിന്
എന്തോ അത്ഭുതംതോന്നി. സിതാരയെ എപ്പോഴും ഒരു തരം അഹംഭാവത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. ഇതാദ്യമായാണ് ഇത്തരമൊരു ഭാവം. എന്തായാലും അമ്മയോടു പറയണമെന്നു റിതു കരുതി.

റിതു വീട്ടിലെത്തുമ്പോൾ അരുന്ധതി ഹാളിൽ ഇരിപ്പുണ്ട്. മുഖത്താകെ ദേഷ്യമോ ഭയമോ എന്നറിയാത്ത വികാരമാണ്. അമ്മയെ ഇങ്ങനെ കണാറില്ലല്ലോ .. എന്നവൾ ഓർത്തു.
അവൾ വന്നതൊന്നും അരുന്ധതി അറിഞ്ഞമട്ടില്ല ..

“അമ്മേ.. “റിതു
വിളിച്ചപ്പോഴാണ് അരുന്ധതി പെട്ടന്ന് ചിന്തയിൽ നിന്നും ഉണർന്നത്.

“ആ.. നീ വന്നോ.. പോയ കാര്യമൊക്കെ ഓകെയായോ?” അവർ തിരക്കി.

“ആ.. എല്ലാം കിട്ടി. പിന്നെ.. ” അവൾ നിർത്തി.

“പിന്നെന്താ.. ” അവർ ചോദിച്ചു.

“ഞാനിന്ന് സിതാരയെ കണ്ടിരുന്നു.. അമ്മ അവളോട് സംസാരിക്കാറുണ്ടോ?”റിതു ചോദിച്ചു.

” ഉണ്ടല്ലോ.. നീയെന്താ അങ്ങനെ ചോദിച്ചത് .”
അരുന്ധതി അവളെ നോക്കി.

“എനിക്കെന്തോ .. അവൾക്കീ വിവാഹത്തിന് താത്പര്യമില്ലാത്തതുപോലെ തോന്നി.. അങ്കിൾ നിർബന്ധിച്ചതാണെങ്കിലോ.. “റിതു സംശയം പറഞ്ഞു.

“ഏയ്.. അങ്ങനെ വരില്ല.. കൃഷ്ണേട്ടൻ എന്തിനാ അവളെ നിർബന്ധിക്കുന്നത്.? ആദ്യമേ ഋഷിയെ ഇഷ്ടമായിരുന്നു
സിതാരക്ക്.. അത് കൊണ്ട് അങ്ങനെ വരാൻ വഴിയില്ല.. നിനക്കതിന് ആദ്യമേ അവളെ കണ്ടു കൂടല്ലോ പിന്നെയങ്ങനെയൊക്കെ തോന്നും.” അരുന്ധതി പറഞ്ഞു.

“ആഹാ.. ഇതിപ്പൊ വാദി പ്രതി ആയോ.. വല്ലാത്ത കഷ്ടം തന്നെ ” എന്നും പറഞ്ഞ് റിതു റൂമിലേക്ക് പോയി.

✨✨✨✨✨✨✨✨✨✨✨✨✨✨✨

അടുത്തയാഴ്ച്ച വിശാൽ തിരികെ വരും എന്ന് ഐഷു പറയുന്നത് കേട്ടപ്പോൾ ദേവയ്ക്ക് നല്ല ടെൻഷൻ തോന്നി. സീതാ മാഡത്തിനോട് എല്ലാം തുറന്നു പറഞ്ഞതാണ്.. മാഡം വിശാലിനോട് പറഞ്ഞു കാണുമോ?
അവസാനമായി അവൻ പറഞ്ഞിട്ടു പോയത് ഓർക്കുമ്പോൾ പേടി തോന്നി. ഹൊ.. ഇതെന്തൊരു പരീക്ഷണമാണ്.
അന്നു ക്ലാസ് കഴിഞ്ഞ് വരുമ്പോൾ കനിയാണ് പറഞ്ഞത് ..

” ദേവാ.. ഉന്നൈ പാർക യാരോ വന്തത്..”
എന്നെ കാണാനോ? എങ്കിൽ പിന്നെയത്
ആദിയേട്ടൻ തന്നെയാവും.. അന്നു നാട്ടിൽ നിന്നും ഒരുമിച്ച് വന്നതാണ് .കാണാൻ തിടുക്കം തോന്നി അവൾക്ക്. വരാന്തയിലൂടെ ഓടി ഗേറ്റ് തുറന്ന് ഔട്ട് ഹൗസിലേക്ക് ഒരു പാച്ചിലായിരുന്നു.
ദൂരെ നിന്നെ കണ്ടു… കരിനീല ഷർട്ടും നീലക്കര മുണ്ടും ഉടുത്ത് പുറത്തേക്ക് നോക്കി ചെരിഞ്ഞു നിൽക്കുന്ന ആളെ .. ഒരു നിമിഷം ദേവയുടെ കാലുകൾ നിശ്ചലമായി.. ഹൃദയം വല്ലാതെ പിടയ്ക്കുന്നത് പോലെ .. കണ്ണുകൾ എന്തിനെന്നറിയാതെ പെയ്തു തുടങ്ങിയിരിക്കുന്നു ..

മാഷ്… ശബ്ദം പുറത്തേക്ക് വന്നില്ല .. ഓടിച്ചെന്ന് ആ നെഞ്ചിലേക്ക് വീഴാൻ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ട്. കണ്ണുകൾ ഇറുകെയടച്ചു.. മനസ്സിനെ നിയന്ത്രിച്ചു.. പതിയെ കാലടി എടുത്തു വച്ചു.
കാൽ പെരുമാറ്റം കേട്ടതും ഋഷി പെട്ടന്ന് തിരിഞ്ഞു നോക്കി.അവളെക്കണ്ടതും അവൻ്റെ ചുണ്ടിൽ ആശ്വസത്തിൻ്റെ ചിരി വിടർന്നു. കണ്ണുകൾ നിറഞ്ഞു .അവൾ അടുത്തെത്തുന്നത് വരെ നോക്കി നിന്നു അവൻ..

അവളും കാണുകയായിരുന്നു അവനെ .. അവസാനമായി ഹോസ്പിറ്റലിൽ വച്ച് കണ്ടപ്പോൾ തലയെല്ലാം മൊട്ടയടിച്ചിരുന്നു ,ഇപ്പോൾ മുടിയെല്ലാം വന്നിരിക്കുന്നു.. പഴയതുപോലെ കുറ്റിതാടിയെല്ലാം കാണാം.. ആ കണ്ണുകളിലെ പ്രണയം താങ്ങാനാവാതെ തല കുനിച്ചു അവൾ.കൈകുമ്പിള്ളിൽ അവളുടെ മുഖം കോരിയെടുത്തു കൊണ്ടവൻ വിളിച്ചു..
“ആമീ … ” ആ ശബ്ദം തൻ്റെ ഹൃദയം കൊണ്ടവൾ കേട്ടു .

” ഒരുപാടു വേദനിപ്പിച്ചു നിന്നെ ഞാൻ .. ഒന്നും അറിഞ്ഞില്ല.. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും സമ്മതിക്കില്ലായിരുന്നു .. ” അത് പറയുമ്പോഴും അവളുടെ മുഖം അവൻ്റെ കൈക്കുമ്പിളിൽ തന്നെയായിരുന്നൂ..
അവളുടെ മാഷെ.. എന്നുള്ള വിളിക്കായ് അവൻ കാതോർത്തു..
പെട്ടന്ന് ദേവഎന്തോ ഓർത്തതുപോലെ അവനിൽ നിന്നും അകന്നു മാറി ..

“എന്തിനാ വന്നത്.. വരരുതായിരുന്നൂ.. ” അവളതു പറയവെ തൻ്റെ ഹൃദയത്തിൽ നിന്നും രക്തം പൊടിയുന്നത് പോലെ തോന്നി അവന്.

തുടരും’🥰

LEAVE A REPLY

Please enter your comment!
Please enter your name here