Home തുടർകഥകൾ ചാടി എഴുന്നേറ്റ് എന്നെ മുറുകെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു പുറത്തേക്ക് ഇറങ്ങി ഓടി…

ചാടി എഴുന്നേറ്റ് എന്നെ മുറുകെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു പുറത്തേക്ക് ഇറങ്ങി ഓടി…

0

രചന : Anu Kalyani

“മോളേ,ആ ബേഗിന്റെ സിബ് അടയ്ക്ക്”

പുറത്തേക്ക് ചാടാൻ നോക്കുന്ന പുസ്തകം വലിച്ച് അകത്തേക്ക് കയറ്റി,പറഞ്ഞവനെ നോക്കി ദഹിപ്പിച്ച് ബസ്സ് സ്റ്റോപ്പിൽ കയറി ഇരുന്നു.

“കല്ലൂ, ഇവന്മാർക്ക് ഇന്ന് ഇളക്കം കുറച്ച് കൂടതലാണല്ലൊ”
അടുത്തിരുന്നവൾ ചെവിയിൽ വന്ന്പറഞ്ഞു.

കളർക്കോഴികളുടെ തൂവലുപോലുള്ള തലയും കയ്യിൽ എണ്ണിത്തീരാത്ത ചരടും കെട്ടി,എല്ലാ വനിതാ കോളേജിന് മുന്നിലും പാരമ്പര്യം കാത്തുസൂക്ഷിക്കാനായി വൈകുന്നേരങ്ങളിൽ തമ്പടിച്ച് നിൽക്കുന്ന ഗിരിരാജൻ കോഴികൾ.ഒന്നരമണിക്കൂർ കൂടുമ്പോൾ മാത്രം നാട്ടിലേക്ക് ബസ്സ് ഉള്ള ഞങ്ങൾ നാല് പേരായിരുന്നു അവരുടെ സ്ഥിരം ഇരകൾ.

സീനിയർ ചേച്ചിമാരുടെ റേഗിങ്ങും,ബോറൻ ക്ലാസ്സുകളും, വായ് നോക്കാൻ കൊള്ളാവുന്ന ഒരെണ്ണം പോലും ഇല്ലാത്ത സങ്കടത്തിലായിരുന്നു ഞങ്ങൾ.രണ്ടാവർഷക്കാരുടെയും മൂന്നാവർഷക്കാരുടെയും മുന്നിൽ ശരിക്ക് ഒന്ന് നടക്കാൻ പോലും കഴിയാത്ത അവസ്ഥ.
അങ്ങനെ ബോറൻ ഫസ്റ്റ് ഇയർ തള്ളി നീക്കുന്ന സമയം, അപ്പോഴാണ് മരുഭൂമിയിലെ മരുപ്പച്ച പോലെ അയാൾ വന്നത്.

കല്ലുകളെക്കാൾ കൂടുതൽ ബുള്ളറ്റൂകൾ നിറഞ്ഞ ഞങ്ങളുടെ ബസ്സ് സ്റ്റോപ്പിലേക്ക് അന്നാദ്യമായി ഒരു ഡ്യൂക്ക് വന്നു.ഗിരിരാജൻ കോഴികളിൽ നിന്നും വ്യത്യസ്തമായിരുന്നു ആള്, ഞങ്ങളുടെ നാല് പേരുടെയും കണ്ണുകൾ ഒരേപോലെ വിടർന്നു.പെൺകുട്ടികളെ ഒന്നും മൈൻഡ് ചെയ്യാതെ പ്ലസ് ടൂവിന് പഠിക്കുന്ന ആൺകുട്ടികളുടെ അടുത്തേക്ക് ചെന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

“ദേ നോക്കെടി ഒരു ഗ്ലാമറേട്ടൻ”
ചൂണ്ടുവിരൽ അയാൾക്ക് നേരെ നീട്ടി ഒരുത്തി പറഞ്ഞു.

“മായാനദിയിലെ മാത്തനെ പോലെ ഉണ്ടല്ലെ”
കണ്ണ് തള്ളി നിൽക്കുകയാണ് മറ്റൊരുത്തി.

ഒന്നരമണിക്കൂർ കൂടുമ്പോൾ മാത്രം ബസ്സ് ഉള്ള ഞങ്ങൾക്ക് അന്ന് ആദ്യമായി ബസ്സ് മിസ്സായി.
ഗ്ലാമറേട്ടൻ പിന്നീട് അവിടത്തെ നിത്യ സന്ദർശകനായി,വായി നോക്കാനായി ഞങ്ങളും.
അടുത്തുള്ള സ്കൂൾ വിടുന്ന സമയത്താണ് ഗ്ലാമറേട്ടന്റെ വരവ്, തിരിച്ച് പോകുമ്പോൾ ഒരാൺകുട്ടിയും കൂടെ ഉണ്ടാകും.അത് അനിയനാണെന്ന് ഞങ്ങൾ ഊഹിച്ചു. ഗ്ലാമറേട്ടനോട് എങ്ങനെ എങ്കിലും മിണ്ടാനുള്ള കരുക്കൾ ഞങ്ങൾ നീക്കാൻ തുടങ്ങി, കൂട്ടത്തിലെ മൂത്ത കാട്ടുക്കോഴിയായ മേഘയുടേതായിരുന്നു മാസ്റ്റർ ബ്രെയിൻ.

ഗ്ലാമറേട്ടൻ സ്ഥിരമായി നിൽക്കാറുള്ള ഫേൻസി ഷോപ്പിൽ കയറാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.
“എടീ,എന്താ നിന്റെ മനസ്സിൽ, പറഞ്ഞിട്ട് അങ്ങോട്ടേക്ക് പോകാം”
പോകാൻ തുടങ്ങുമ്പോഴാണ് ദൃശ്യ മേഘയുടെ കയ്യിൽ പിടിച്ച് നിർത്തിയത്.

“ഇത് 500 രൂപയാണ്, നമ്മൾ അവിടെ ചെന്ന് 50രൂപയുടെ എന്തെങ്കിലും വാങ്ങുന്നു, കടക്കാരൻ ചില്ലറ ഇല്ലെന്ന് പറയുന്നു, ഞങ്ങൾ ഗ്ലാമറേട്ടനോട് ചില്ലറയ്ക്ക് ചോദിക്കുന്നു”
അവളുടെ ഒടുക്കത്തെ ബുദ്ധി വിശ്വാസിച്ച് ഞങ്ങൾ ഇറങ്ങി തിരിച്ചു.
കടയിൽ ചെന്ന് 50രൂപയുടെ സാധനം കൃത്യമായി വാങ്ങി.
“ചേട്ടാ എത്രയായി”
“50രൂപ”

“അയ്യോ ചേട്ടാ ചില്ലറ ഇല്ലല്ലോ,500രൂപയേ ഉള്ളൂ”
മേഘ അവളുടെ അഭിനയം തുടങ്ങി.
“എടീ നിങ്ങളുടെ കയ്യിൽ ഉണ്ടോ ചില്ലറ”
“അയ്യോ ഞങ്ങടെ കയ്യിൽ ഇല്ലല്ലോ”
പുറത്ത് നിൽക്കുന്ന ഗ്ലാമറേട്ടനെ ഇടയ്ക്കിടെ ഒളി കണ്ണിട്ട് നോക്കി കൊണ്ട് ഞങ്ങളും അഭിനയം തുടങ്ങി.

“അതിനെന്താ മോളേ എന്റെ കയ്യിൽ ചില്ലറ ഉണ്ട്”
കടക്കാരന്റെ വാക്കുകൾ ഇടിത്തീ പോലെ ചെവിയിൽ മുഴങ്ങി.
അവസാനം 450രൂപ കൃത്യമായി എണ്ണിത്തന്നിട്ട് കടക്കാരൻ ഞങ്ങളെ പറഞ്ഞുവിട്ടു.
പ്ലാൻ പൊളിഞ്ഞ വിഷമത്തിൽ എല്ലാവരും തുല്യ ദുഃഖിതരായിരുന്നു.
പിറ്റേന്ന് പുതിയ പ്ലാനുകൾ ഉണ്ടാക്കുന്ന ഗാഢമായ ചിന്തയിൽ ഇരിക്കുകയായിരുന്നു നമ്മൾ.

“എക്സ്ക്യൂസ് മീ”
ആ ബസ്സ് സ്റ്റോപ്പിൽ ഇത്രയും മാന്യമായി ഞങ്ങളെ വിളിച്ചതാരാണെന്ന് അറിയാനായി തിരിഞ്ഞു നോക്കിയതും എല്ലാവരും ഒരുപോലെ ഞെട്ടി എഴുന്നേറ്റു.
തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ മുന്നിൽ നിൽക്കുന്നു ഗ്ലാമറേട്ടൻ.
“Yes what you want”
അമൃത അവളുടെ ഒടുക്കത്തെ ജാഡ ഇറക്കാൻ തുടങ്ങി.

“എന്റെ പേര് ജസ്റ്റിൻ, എന്റെ ഒരു കസിൻ ഇവിടെ പഠിക്കുന്നുണ്ട്, ഇത് ഒന്ന് അവൾക്ക് കൊടുക്കാമോ?”.
“ഏതാണ് ഡിപ്പാർട്ട്മെന്റ്”
ഗൗരവം തുളുമ്പുകയാണ് മേഘയുടെ വാക്കുകൾക്ക്.

“അവൾ ഫസ്റ്റ് ബിഎസ് സി ഫിസിക്സ് ആണ്”
അന്നാദ്യമായി ഫിസിക്സ് എടുത്തതിന് എനിക്ക് ഉപകാരം ഉണ്ടായി,
“ഇങ്ങ് തന്നേക്ക് ഞാൻ ഫിസിക്സ് ആണ് ”
കെമിസ്ട്രി എടുക്കാൻ തീരുമാനിച്ച എന്നെ കൊണ്ട് ഫിസിക്സ് എടുപ്പിച്ച അച്ഛനോട് മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട്,പറഞ്ഞ് തീരുന്നതിന് മുമ്പ് കവറ് ഞാൻ പിടിച്ച് വാങ്ങി. മൂന്ന് പേരും എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്.
“അല്ല, എന്താണ് കസിന്റെ പേര്”
“ആൻമരിയ ഗോവിയാസ്”
ഈശ്വരാ അവളോ, ക്ലാസ്സിലെ ഏറ്റവും വലിയ അഹങ്കാരി, ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കരണംപൊട്ടിക്കുന്ന കട്ടകലിപ്പത്തി.
എന്റെ മുഖഭാവം കണ്ട് എല്ലാ അവളുമാരും ഊറി ഊറി ചിരിക്കുന്നുണ്ട്.പെട്ടു പോയല്ലോ എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ.

പിറ്റേന്ന് രണ്ടും കല്പിച്ച് ഞാൻ ആൻമരിയയുടെ അടുത്തേക്ക് പോയി.ക്ലാസ്സിൽ ഒന്നും അധികം അവൾ ഉണ്ടാകാറില്ല.അവളെ കാണാനായി ആദ്യമായി ഞാൻ ലൈബ്രറിയിൽ കാല് കുത്തി.അവള് ഏതോ എടുത്താൽ പൊങ്ങാത്ത പുസ്തകം വായിക്കുകയാണ്.എന്തുംവരട്ടെ എന്ന് വിചാരിച്ച് ഞാൻ അങ്ങ് തുടങ്ങി.
“അതേ ആൻമരിയ…”
“എന്താ…”
ഈശ്വരാ ഈ സാധനം കടിക്കുഓ,വായന തടസ്സപ്പെടുത്തിയ ദേഷ്യത്തിൽ കടിച്ച് കീറാനെന്നോണം എന്നെ നോക്കി.
“ഇത് നിനക്ക് തരാൻ ഗ്ലാമറേട്ടൻ. അല്ല ജസ്റ്റിൻ ചേട്ടൻ തന്നതാണ്”
വിക്കി വിറച്ച് കവറ് കൈയിൽ കൊടുത്തു.

ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്കകൂട്ടാൻ കൊടുത്ത പോലെ അവള് അത് ആക്രാന്തത്തോടെ വാങ്ങി.
ചാടി എഴുന്നേറ്റ് എന്നെ മുറുകെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു പുറത്തേക്ക് ഇറങ്ങി ഓടി.
ഒന്നും മനസ്സിലാവാതെ കിളി പോയ അവസ്ഥ ആയിരുന്നു.
ഗ്ലാമറേട്ടൻ കാണുമ്പോഴൊക്കെ ചിരിക്കാൻ തുടങ്ങി.

ഒരു ദിവസം പതിവുപോലെ ബസ്സ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് നമ്മുടെ പിങ്ക് പോലീസിന്റെ കാർ ചീറിപ്പാഞ്ഞു വന്നത്, ഗിരിരാജൻ കോഴികളൊക്കെ ജീവനും കൊണ്ടോടി, ഗ്ലാമറേട്ടൻ മാത്രം ഉരുക്ക് പോലെ നിന്നു.
അവർ നേരെ ഗ്ലാമറേട്ടന്റെ അടുത്തേക്ക് പോയി.എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.പിന്നാലെ എക്സൈസ് വകുപ്പിന്റെ വണ്ടി വന്നു, പിന്നെ കുറേ ആൾക്കാർ ഒക്കെ കൂടാൻ തുടങ്ങി, അവസാനം നമ്മളെ ഗ്ലാമറേട്ടനെ അവരങ്ങ് കൊണ്ടുപോയി.
പിറ്റേന്ന് രാവിലെ പത്രത്തിന്റെ ഫസ്റ്റ് പേജിലെ താഴെയുള്ള കോളത്തിൽ ഗ്ലാമറേട്ടന്റെ നല്ല ഗ്ലാമർ ഫോട്ടോ വന്നു.
“വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിന്റെ കണ്ണി പിടിയിൽ”

ചത്തപോലെ അന്ന് നമ്മൾ ബസ്സ് സ്റ്റോപ്പിലേക്ക് പോയി.ഗിരിരാജൻ കോഴികളുടെ കമന്റടിയും കേട്ട് ഗ്ലാമറേട്ടൻ നിൽക്കാറുള്ള ഫാൻസി കടയുടെ വരാന്തയിലേക്ക് നോക്കി.
“ഇതിലും വലുത് എന്തോ വരാതിരുന്നതാ……”
ശ്വാസം വലിച്ച് വിട്ടുകൊണ്ട് മേഘ പറഞ്ഞു.
“ശരിയാണ്…. പോലീസ് പിടിച്ചത് നന്നായി, ഇല്ലേൽ നമ്മളും പെട്ടേനെ”
ദൃശ്യ ആണ്.
“അയ്യോ, അന്ന് ഞാൻ ആൻമരിയയ്ക്ക് കൊടുത്തത് കഞ്ചാവ് ആയിരുന്നോ”
“ആയിരിക്കും,സൂക്ഷിച്ചോ മോളെ”
ആൻമരിയെ അന്വേഷിച്ച് നടന്നപ്പോൾ ആണ് അറിഞ്ഞത്,അവൾ ടിസി വാങ്ങി സ്ഥലം വിട്ടെന്ന്.

ഗ്ലാമറേട്ടനെ പതിയെ നമ്മൾ മറന്ന് തുടങ്ങി, പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് ഗിരിരാജൻ കോഴികളെ വച്ച് ആശ്വസിച്ചു.

ഡിഗ്രി കഴിഞ്ഞ് പിജിയുടെ അഡ്മിഷൻ വേണ്ടി അക്ഷയ സെന്ററുകളിലും യൂണിവേഴ്സിറ്റിയിലും ഒക്കെ കയറി ഇറങ്ങുകയായിരുന്നു,
വീടിനടുത്തുള്ള അക്ഷയ സെന്ററിൽ മുഴുവൻ സ്കൂൾ കുട്ടികളുടെ തിരക്കായിരുന്നു.ആപ്ലിക്കേഷൻ ഒക്കെ കൊടുത്ത് എല്ലാവരുടെയും തള്ളി മാറ്റിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി ശ്വാസം വലിച്ച് വിടുമ്പോഴാണ് കേട്ട് മറന്ന ഒരു ശബ്ദം കേട്ടത്.
“Excuse me, പേന ഉണ്ടോ”
തിരിഞ്ഞു നോക്കിയപ്പോൾ ഷോക്കടിച്ചത് പോലെ തോന്നി.

ഈശ്വരാ ഗ്ലാമറേട്ടൻ…ഇങ്ങേർക്ക് എന്നെ ഓർമ്മ ഉണ്ടാവല്ലേന്ന് പ്രാർത്ഥിച്ച് കയ്യിലുള്ള പേന കൊടുത്തു.
“തന്നെ ഞാനെവിടെയോ…”
നെറ്റിയിൽ വിരലോടിച്ചുകൊണ്ട് ചിന്തിക്കുകയാണ് ആള്.
കാണാൻ വഴിയില്ല,എന്ന് പറഞ്ഞ് പേന തിരിച്ച് വാങ്ങാതെ പുറത്തേക്ക് ഇറങ്ങി.തിരിഞ്ഞു നടക്കുമ്പോൾ
കൂടി നിന്നിരുന്ന പെൺകുട്ടികൾ പറയുന്ന കേൾക്കുന്നുണ്ടായിരുന്നു.
“ദേ നോക്കെടീ….. ഒരു ഗ്ലാമറേട്ടൻ….”
💠💠💠

NB- അനുഭവങ്ങൾ പാളിച്ചകൾ 😇😇😇

LEAVE A REPLY

Please enter your comment!
Please enter your name here